അങ്കണവാടികളിലേക്ക്
വരാത്ത നമ്മുടെ കുട്ടികൾ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിൽ അങ്കണവാടികളിലേക്കുവരുന്ന കുട്ടികളുടെ എണ്ണം തുടർച്ചയായി കുറയുകയാണ്. ജനനനിരക്കിലുണ്ടായ ഇടിവ് മാത്രമല്ല പ്രശ്നം. സർക്കാർ സ്കൂളുകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രീ-പ്രൈമറി വിഭാഗങ്ങൾ വ്യാപകമായി ആരംഭിച്ചതോടെ മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളെപ്പോലും നേരിട്ട് LKG, UKG ക്ലാസുകളിലേക്ക് അയക്കുകയാണ്. ഇത് ശൈശവകാലസംരക്ഷണത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് എഴുതുന്നു, മനോജ് വി.​ കൊടുങ്ങല്ലൂർ.

പൊതുവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, ശൈശവകാല സംരക്ഷണവും പ്രാരംഭ വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) നേരിടുന്ന പ്രതിസന്ധി വേണ്ടത്ര ശ്രദ്ധ നേടുന്നില്ല.

ഇന്ത്യയിൽ ശൈശവകാല സംരക്ഷണത്തിനും വികസനത്തിനുമായി 1975-ൽ ആരംഭിച്ച സംയോജിത ശിശുവികസന സേവന പദ്ധതിയായ ഐ സി ഡി എസ് (Integrated Child Development Services - ICDS) ലോകത്തിലെ ഏറ്റവും വലിയ മാതൃ-ശിശുക്ഷേമ പദ്ധതികളിലൊന്നാണ്. ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനകേന്ദ്രങ്ങളാണ് അങ്കണവാടികൾ.

സംസ്ഥാനത്ത് 30,000-ലധികം അങ്കണവാടി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആറു വയസ്സിൽ താഴെയുള്ളവർ, കൗമാരക്കാരികൾ എന്നിവർക്കായി പോഷകാഹാരം, ആരോഗ്യ പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ ബോധവത്കരണം, പ്രീ-സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാക്കുന്നു. സംസ്ഥാന വനിത -ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഈ സംവിധാനത്തിൻ്റ സേവനങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും ലഭ്യമാണ്.

ഇന്ത്യയിൽ ശൈശവകാല സംരക്ഷണത്തിനും വികസനത്തിനുമായി 1975-ൽ ആരംഭിച്ച സംയോജിത ശിശുവികസന സേവന പദ്ധതിയായ ഐ.സി.ഡി.എസ്  ലോകത്തിലെ ഏറ്റവും വലിയ മാതൃ-ശിശുക്ഷേമ പദ്ധതികളിലൊന്നാണ്.
ഇന്ത്യയിൽ ശൈശവകാല സംരക്ഷണത്തിനും വികസനത്തിനുമായി 1975-ൽ ആരംഭിച്ച സംയോജിത ശിശുവികസന സേവന പദ്ധതിയായ ഐ.സി.ഡി.എസ് ലോകത്തിലെ ഏറ്റവും വലിയ മാതൃ-ശിശുക്ഷേമ പദ്ധതികളിലൊന്നാണ്.

2024-25 കാലത്ത്, കേരളത്തിൽ ഒമ്പതു ലക്ഷത്തിലധികം പേർ വിവിധ ഐ സി ഡി എസ് സേവനങ്ങളുടെ ഗുണഭോക്താക്കളായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കേരളം ആരോഗ്യ- വിദ്യാഭ്യാസ സൂചികകളിൽ രാജ്യത്ത് മുൻനിരയിലാണെങ്കിലും ശിശു പോഷകാഹാര മേഖലയിലെ വെല്ലുവിളികൾ പൂർണമായും അവസാനിച്ചിട്ടില്ല.

ദേശീയ കുടുംബാരോഗ്യ സർവേയായ NFHS-5 (2019-21) പ്രകാരം കേരളത്തിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 23% പേർ വളർച്ചാമുരടിപ്പും (Stunting), 16% ക്ഷയാവസ്ഥയും (Wasting) നേരിടുന്നവരാണ്. കുട്ടികളിലെ അനീമിയയും ഇപ്പോഴും ആശങ്കാജനകമാണ്. ആരോഗ്യ സൂചികകളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും ഇത്തരം വെല്ലുവിളികൾ നിലനിൽക്കുമ്പോൾ അങ്കണവാടികളുടെ പ്രസക്തി എത്രത്തോളമാണെന്ന് മനസ്സിലാക്കാം.

എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അങ്കണവാടികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന തുടർച്ചയായ കുറവാണ്. കേരളത്തിലെ ജനനനിരക്കിലുണ്ടായ ഇടിവ് ഒരു പ്രധാന കാരണമാണെങ്കിലും അതുമാത്രമല്ല പ്രശ്നം. സർക്കാർ സ്കൂളുകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രീ-പ്രൈമറി വിഭാഗങ്ങൾ വ്യാപകമായി ആരംഭിച്ചതോടെ മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളെപ്പോലും നേരിട്ട് LKG, UKG ക്ലാസുകളിലേക്ക് അയക്കുന്ന പ്രവണത വർധിച്ചു. സ്വകാര്യ കിന്റർഗാർട്ടനുകളുടെ ശക്തമായ പരസ്യ പ്രചാരണവും ഇംഗ്ലീഷ് മീഡിയം പഠനത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കകളും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. പൊതുവിദ്യാലയങ്ങളും വിദ്യാർത്ഥി പ്രവേശനം വർധിപ്പിക്കുന്നതിനായി പ്രീ- പ്രൈമറി വിഭാഗങ്ങൾ ആരംഭിച്ചതോടെ അങ്കണവാടികൾ കുട്ടികളെ നഷ്ടപ്പെടുത്താൻ തുടങ്ങി.

ദേശീയ വിദ്യാഭ്യാസനയത്തിലെ വൈരുദ്ധ്യങ്ങൾ

പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയെ സ്കൂൾ വിദ്യാഭ്യാസത്തിന് തയ്യാറാക്കുക എന്നതാണ്. എന്നാൽ അങ്കണവാടിയുടെ ലക്ഷ്യം അതിനേക്കാൾ വിശാലമാണ്. പോഷകാഹാരം, ആരോഗ്യ നിരീക്ഷണം, രോഗപ്രതിരോധം, മാനസിക-സാമൂഹിക വികസനം, കുടുംബക്ഷേമം, മാതൃസംരക്ഷണം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര ശിശുക്ഷേമ സംവിധാനമാണ് അങ്കണവാടി. അതിനാൽ കുട്ടികൾ അങ്കണവാടികളിൽ നിന്ന് മാറിപ്പോകുന്നത് ഒരു വിദ്യാഭ്യാസ പ്രശ്നം മാത്രമല്ല; പൊതുജനാരോഗ്യത്തിന്റെയും പോഷകസുരക്ഷയുടെയും പ്രശ്നമാണ്.

ദേശീയ കുടുംബാരോഗ്യ സർവേയായ NFHS-5 (2019-21) പ്രകാരം കേരളത്തിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 23% പേർ വളർച്ചാമുരടിപ്പും (Stunting), 16% ക്ഷയാവസ്ഥയും (Wasting) നേരിടുന്നവരാണ്.
ദേശീയ കുടുംബാരോഗ്യ സർവേയായ NFHS-5 (2019-21) പ്രകാരം കേരളത്തിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 23% പേർ വളർച്ചാമുരടിപ്പും (Stunting), 16% ക്ഷയാവസ്ഥയും (Wasting) നേരിടുന്നവരാണ്.

ദേശീയ വിദ്യാഭ്യാസനയം 2020 ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്ന പുതിയ നിർദ്ദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. മൂന്ന് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി 'ഫൗണ്ടേഷൻ സ്റ്റേജ്' എന്ന പുതിയ വിദ്യാഭ്യാസ ഘടനയാണ് ഈ നയം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നു വർഷത്തെ പ്രീ-സ്കൂൾ വിദ്യാഭ്യാസം ഉൾക്കൊള്ളുന്ന 'ബാൽവാടിക' സംവിധാനം രൂപീകരിക്കണമെന്നാണ് നിർദ്ദേശം.

നിലവിലുള്ള അങ്കണവാടികൾക്ക് ഈ ഘടനയിൽ എന്തു സ്ഥാനമാണ് നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. അങ്കണവാടികളെ ബാൽവാടികകളാക്കി മാറ്റുമോ, അതോ സ്കൂളുകൾക്ക് കീഴിൽ പുതിയ പ്രീ-സ്കൂൾ കേന്ദ്രങ്ങൾ രൂപീകരിക്കുമോ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ലാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നു.

ഈ സാഹചര്യത്തിൽ, നിരവധി വിദ്യാഭ്യാസ വിദഗ്ധരും ശിശുവികസന ഗവേഷകരും മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം പ്രായാധിഷ്ഠിത ഉത്തരവാദിത്തവിഭജനം നടപ്പിലാക്കുക എന്നതാണ്. രണ്ട് മുതൽ നാല് വയസ്സ് വരെ പ്രായമുള്ളവരെ അങ്കണവാടികളിലും നാല് മുതൽ അഞ്ച് വയസ്സ് വരെയുള്ളവരെ LKG യിലും അഞ്ച് മുതൽ ആറ് വയസ്സ് വരെയുള്ളവരെ UKG യിലും ഉൾപ്പെടുത്തുന്ന മാതൃകയാണ് പലരും ശുപാർശ ചെയ്യുന്നത്. ഇതിലൂടെ കുട്ടികൾക്ക് പ്രായാനുസൃതമായ സേവനങ്ങൾ ഉറപ്പാക്കാനും അങ്കണവാടികളുടെ പോഷക- ആരോഗ്യ സേവനങ്ങൾ സംരക്ഷിക്കാനും കഴിയും.

അങ്കണവാടികളുടെ മറ്റൊരു പ്രത്യേകത, അവ കുട്ടികൾക്കു മാത്രമല്ല സ്ത്രീകൾക്കും സേവനം നൽകുന്നു എന്നതാണ്.
അങ്കണവാടികളുടെ മറ്റൊരു പ്രത്യേകത, അവ കുട്ടികൾക്കു മാത്രമല്ല സ്ത്രീകൾക്കും സേവനം നൽകുന്നു എന്നതാണ്.

അങ്കണവാടികളുടെ മറ്റൊരു പ്രത്യേകത, അവ കുട്ടികൾക്കു മാത്രമല്ല സ്ത്രീകൾക്കും സേവനം നൽകുന്നു എന്നതാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആരോഗ്യപരിരക്ഷ, പോഷകാഹാരസഹായം, കൗൺസലിംഗ്, ആദ്യ ആയിരം ദിവസങ്ങളിലെ ശിശുപരിപാലന മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ അങ്കണവാടികളിലൂടെ ലഭിക്കുന്നു. കുട്ടികളുടെ എണ്ണം കുറയുകയും അങ്കണവാടികൾ ദുർബലമാകുകയും ചെയ്താൽ സ്ത്രീകളുമായി ബന്ധപ്പെട്ട ഈ സേവനങ്ങളെയും ബാധിക്കും. അതിനാൽ അങ്കണവാടികളുടെ ഭാവി ശിശുക്ഷേമത്തിന്റെ മാത്രം വിഷയമല്ല; സ്ത്രീക്ഷേമത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും വിഷയമായി മാറുന്നു.

വേണം, സമഗ്ര നയം

ലോകത്തെ പല രാജ്യങ്ങളും ഇന്ന് പ്രാരംഭ ശിശുവികസന മേഖലയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്. കാരണം, ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും പിന്നീട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽക്ഷമത എന്നിവയിൽ പലമടങ്ങ് നേട്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരും വിദ്യാഭ്യാസ - ആരോഗ്യ ഗവേഷകരും വിലയിരുത്തുന്നത്. കേരളം പൊതുവിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ശൈശവ വിദ്യാഭ്യാസരംഗത്തും നിലനിർത്തണമെങ്കിൽ അങ്കണവാടികളുടെയും പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന്റെയും പങ്ക് വ്യക്തമായി നിർവചിക്കുന്ന സമഗ്ര നയം അനിവാര്യമാണ്. അതിനായി വിദ്യാഭ്യാസ വകുപ്പും വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി പ്രവർത്തിക്കണം.

  • അങ്കണവാടികളുടെ പ്രവർത്തനമികവ് വർധിപ്പിക്കുക.

  • പ്രീ-സ്കൂൾ പഠന സാമഗ്രികൾ മെച്ചപ്പെടുത്തുക, പരിശീലനം ശക്തിപ്പെടുത്തുക, ഡിജിറ്റൽ പഠനസഹായങ്ങൾ ലഭ്യമാക്കുക.

  • പ്രായപരിധി സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക.

  • അങ്കണവാടികളുടെ ഭാവിപങ്ക് വ്യക്തമാക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.

കേരളത്തിന്റെ ഭാവി ക്ലാസ് മുറികളിൽ മാത്രമല്ല, അങ്കണവാടികളിലും രൂപപ്പെടുന്നതാണെന്ന് തിരിച്ചറിയേണ്ട സമയമാണിത്. കുട്ടികളുടെ സമഗ്ര വളർച്ചയും ആരോഗ്യ സുരക്ഷയും വിദ്യാഭ്യാസ അവകാശവും ഒരുപോലെ ഉറപ്പാക്കുന്ന ഏകീകൃത നയമാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. അങ്കണവാടികളും പ്രീ- സ്കൂൾ വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം പുനഃക്രമീകരിക്കുകയും പരസ്പര പൂരക സംവിധാനങ്ങളായി അവയെ വികസിപ്പിക്കുകയും ചെയ്യുന്ന അടിയന്തര സർക്കാർ നയം കേരളത്തിന്റെ ശൈശവ വിദ്യാഭ്യാസഭാവിയെ നിർണയിക്കുന്ന ചരിത്രപരമായ ഇടപെടലായിരിക്കും.

ചില അവകാശ സമരങ്ങൾ

ഇന്ത്യയിലെ അങ്കണവാടി സംവിധാനം ഒരു ക്ഷേമപദ്ധതി മാത്രമല്ല; കുട്ടികളുടെ ജീവിക്കാനുള്ള അവകാശം, പോഷകാഹാര അവകാശം, ആരോഗ്യ അവകാശം, വിദ്യാഭ്യാസ അവകാശം എന്നിവ ഉറപ്പാക്കാനുള്ള വലിയ സാമൂഹിക ഇടപെടൽ കൂടിയാണ്. ഇന്ന് രാജ്യത്ത് ഏകദേശം 13.9 ലക്ഷം അങ്കണവാടി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ നിലയിലേക്ക് സംവിധാനം വളർന്നത് ദീർഘകാലത്തെ സാമൂഹിക പ്രക്ഷോഭങ്ങളുടെയും അതിനെ തുടർന്നുണ്ടായ ഭരണ ഇടപെടലുകളുടെയും ഫലമായാണ്. 2004 മുതൽ 2009 വരെയുള്ള ഒന്നാം യു പി എ സർക്കാരിന്റെ പൊതു മിനിമം പരിപാടി (കോമൺ മിനിമം പ്രോഗ്രാം- CMP) അങ്കണവാടി സംവിധാനത്തിന്റെ വികാസത്തിൽ നിർണായക വഴിത്തിരിവായി മാറിയത് ചരിത്രം.

ലോകത്തെ പല രാജ്യങ്ങളും ഇന്ന് പ്രാരംഭ ശിശുവികസന മേഖലയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്.
ലോകത്തെ പല രാജ്യങ്ങളും ഇന്ന് പ്രാരംഭ ശിശുവികസന മേഖലയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്.

1975-ൽ ആരംഭിച്ച ICDS പദ്ധതി 33 വികസന ബ്ലോക്കുകളിലാണ് നടപ്പാക്കിയത്. 2000- ൻ്റെ തുടക്കംവരെ മഹാഭൂരിപക്ഷം ഗ്രാമങ്ങളിലേക്കും ദരിദ്ര ജനവിഭാഗങ്ങളിലേക്കും അങ്കണവാടി സേവനങ്ങൾക്ക് എത്തിച്ചേരാനായില്ല. നിരവധി ആദിവാസി മേഖലകളും പട്ടികജാതി ഉന്നതികളും നഗരചേരികളും പദ്ധതിക്ക് പുറത്തായിരുന്നു.

അന്താരാഷ്ട്രതലത്തിൽ രൂപപ്പെട്ട കുട്ടികളുടെ അവകാശ പ്രസ്ഥാനം, ഇതേ തുടർന്ന് നടന്ന ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശ കൺവെൻഷൻ (Child Right Convenction- CRC) എന്നിവയിൽ ഇന്ത്യയ്ക്ക് ഭാഗമാകേണ്ടിവന്നു. എന്നാൽ, CRC പ്രഖ്യാപനങ്ങൾ ഭരണകൂടങ്ങൾ നടപ്പിലാക്കാത്തതിനെതിരായും ആ നാളുകളിൽ രാജ്യത്തുണ്ടായ കർഷക ആത്മഹത്യകളുടെയും പട്ടിണിമരണങ്ങളുടെയും പശ്ചാത്തലത്തിലും, 2001-ൽ രാജസ്ഥാനിൽ 'Right to Food Campaign' എന്ന പ്രക്ഷോഭം ആരംഭിച്ചു. ഈ പ്രചാരണ പ്രവർത്തനങ്ങൾ വിശപ്പിനും പോഷകാഹാരക്കുറവിനുമെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമായി പിന്നീട് മാറി. ദേശീയ- പ്രാദേശിക തലങ്ങളിൽ നിരവധി പ്രതിഷേധ പരിപാടികളും കൺവെൻഷനുകളും പൊതുയോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു.

അങ്കണവാടികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, കെട്ടിടങ്ങളുടെ അപര്യാപ്തത, പ്രവർത്തകരുടെ അധിക ജോലിഭാരം, സേവന ഗുണനിലവാര വ്യത്യാസങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി ചരിത്രപരമായ ഇടപെടൽ നടത്തി. 2001 നവംബർ 28-ലെ ഉത്തരവിലും തുടർന്ന് 2004, 2006 വർഷങ്ങളിലെ ഉത്തരവുകളിലും ICDS പദ്ധതി സർവ്വസാർവത്രികം (Universal) ആക്കണമെന്നും എല്ലാ കുട്ടികൾക്കും അങ്കണവാടി സേവനങ്ങൾ ലഭ്യമാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പ്രത്യേകിച്ച് രാജ്യത്ത് 14 ലക്ഷം അങ്കണവാടി കേന്ദ്രങ്ങളെങ്കിലും സ്ഥാപിക്കണമെന്നുമുള്ള നിർദ്ദേശം ഈ കാലഘട്ടത്തിലാണ് ഉയർന്നുവന്നത്.

'Right to Food Campaign' പ്രക്ഷോഭങ്ങൾ സജീവമായ കാലത്ത്, 2004-ൽ അധികാരത്തിലെത്തിയ UPA സർക്കാർ പുറത്തിറക്കിയ കോമൺ മിനിമം പ്രോഗ്രാമിൽ ICDS സാർവ്വത്രികമാക്കുമെന്ന് പ്രഖ്യാപിച്ചു. സ്പീക്കർ അടക്കം 65-ൽ പരം അംഗങ്ങൾ ആ നാളുകളിൽ ഇടതുപക്ഷത്തിന് ലോകസഭയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ UPA സർക്കാരിൻ്റെ പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും കൃത്യമായ 'രാഷ്ട്രീയം' കടന്നുവന്നതിന്റെ ചരിത്രവും നമുക്ക് മനസ്സിലാക്കാൻ കഴിയും. അങ്കണവാടികളുടെ സർവ്വത്രീകരണം ഭരണപരമായ തീരുമാനം മാത്രമായിരുന്നില്ല, അത് കുട്ടികളുടെ അവകാശങ്ങളെ വികസനനയത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവന്ന വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു.

ഒന്നാം യു പി എ കാലഘട്ടത്തിലെ വിപുലീകരണമാണ് ഐ സി ഡി എസ് പദ്ധതിയെ യഥാർത്ഥ അർത്ഥത്തിൽ ദേശീയ ശൃംഖലയാക്കി മാറ്റിയത്.
ഒന്നാം യു പി എ കാലഘട്ടത്തിലെ വിപുലീകരണമാണ് ഐ സി ഡി എസ് പദ്ധതിയെ യഥാർത്ഥ അർത്ഥത്തിൽ ദേശീയ ശൃംഖലയാക്കി മാറ്റിയത്.

UPA സർക്കാരിന്റെ ആദ്യ അഞ്ചുവർഷത്തിൽ, അങ്കണവാടി വികസനത്തിന് വലിയ സാമ്പത്തിക പിന്തുണ ഭരണകൂടം നൽകി. 2005-06, 2006-07, 2008-09 എന്നീ മൂന്ന് ഘട്ടങ്ങളിലായി രാജ്യവ്യാപക ഐ സി ഡി എസ് വികസന പരിപാടികൾ നടപ്പാക്കി. ഇതിന്റെ ഭാഗമായി ആ നാളുകളിൽ 466 പുതിയ ഐ സി ഡി എസ് പ്രോജക്ടുകൾ അനുവദിച്ചു. 1.88 ലക്ഷം പുതിയ അങ്കണവാടികൾ ആദ്യഘട്ടത്തിൽ അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ 1.06 ലക്ഷം അങ്കണവാടികളും 25,943 മിനി അങ്കണവാടികളും അനുവദിച്ചു.

രാജ്യത്താകെ 14 ലക്ഷം അങ്കണവാടി / മിനി അങ്കണവാടി കേന്ദ്രങ്ങൾ എന്ന ലക്ഷ്യം മുന്നിൽവെച്ച് ഈ പദ്ധതി വ്യാപിപ്പിച്ചു. ഒന്നാം യു പി എ കാലഘട്ടത്തിലെ വിപുലീകരണമാണ് ഐ സി ഡി എസ് പദ്ധതിയെ യഥാർത്ഥ അർത്ഥത്തിൽ ദേശീയ ശൃംഖലയാക്കി മാറ്റിയത്.

കണക്കിലെ വളർച്ചയും രാഷ്ട്രീയവും

ICDS പദ്ധതിയുടെ വളർച്ച
(രാജ്യത്തെ അങ്കണവാടി കേന്ദ്രങ്ങളുടെ ഏകദേശ എണ്ണം):

1975: 33 പ്രോജക്ടുകൾ (അങ്കണവാടികളുടെ എണ്ണം ലഭ്യമല്ല).
1985: 20,000-ൽ താഴെ അങ്കണവാടികൾ.
1990: ഏകദേശം രണ്ടു ലക്ഷം അങ്കണവാടികൾ.
2000: ഏകദേശം 5.5 ലക്ഷം.
2004: 6 - 7 ലക്ഷം അങ്കണവാടികൾ.
2009: 12 ലക്ഷത്തിലധികം.
2010: 13.7 ലക്ഷം.

നിലവിൽ ഏകദേശം 13.9 ലക്ഷം അങ്കണവാടികൾ രാജ്യത്താകെയുണ്ടെന്ന് കണക്കാക്കുന്നു (2010- നു ശേഷം എണ്ണത്തിൽ വലിയ വർധനവില്ല എന്നതും ചരിത്രം).

ഈ വളർച്ചയിലെ ഏറ്റവും വേഗതയേറിയ ഘട്ടം 2004-2009 കാലഘട്ടമാണ്. ഈ വികസനം ദേശീയനയത്തിന്റെ ഭാഗമായി മാത്രം സംഭവിച്ചതാണെന്ന് കാണാൻ കഴിയില്ല. അതിന് ശക്തമായ അന്താരാഷ്ട്ര അവകാശ പശ്ചാത്തലവുമുണ്ട്.

1989 നവംബർ 20-ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച കുട്ടികളുടെ അവകാശ കൺവെൻഷൻ (UN Convention on the Rights of the Child – UNCRC) ലോകത്ത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ ഉടമ്പടിയാണ്. കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം, ആരോഗ്യ അവകാശം, പോഷകാഹാര അവകാശം, വിദ്യാഭ്യാസ അവകാശം, സംരക്ഷണ അവകാശം, പങ്കാളിത്ത അവകാശം എന്നിവ ഉറപ്പാക്കുകയാണ് ഈ കൺവെൻഷന്റെ ലക്ഷ്യം.

1992 ഡിസംബർ 11-ന് ഇന്ത്യ ഈ കൺവെൻഷൻ അംഗീകരിക്കുന്നു, അതോടെ കുട്ടികളുടെ വികസനത്തിനും സംരക്ഷണത്തിനും ആവശ്യമായ നയങ്ങളും സ്ഥാപനങ്ങളും രൂപപ്പെടുത്താനുള്ള അന്താരാഷ്ട്ര ബാധ്യത രാജ്യത്തിന് എടുക്കേണ്ടിവന്നു.

UNCRC-യുടെ പ്രധാന തത്വങ്ങൾ നാലാണ്:

  • വിവേചനമില്ലായ്മ (Non-discrimination).

  • കുട്ടിയുടെ താൽപര്യസംരക്ഷണം (Best Interests of the Child).

  • ജീവിക്കാനും വികസിക്കാനുമുള്ള അവകാശം (Right to Survival and Development).

  • കുട്ടിയുടെ അഭിപ്രായം കേൾക്കാനുള്ള അവകാശം (Participation Rights).

ഈ തത്വങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രായോഗിക സംവിധാനമാണ് അങ്കണവാടികൾ.

അവകാശാധിഷ്ഠിത
സമീപനത്തിലേക്കുള്ള മാറ്റം

മുമ്പ് കുട്ടികളുടെ ക്ഷേമത്തെ ദാനധർമ്മത്തിന്റെയോ സാമൂഹിക സഹായത്തിന്റെയോ ഭാഗമായി കണ്ടിരുന്നുവെങ്കിൽ, 2000-കളോടെ അത് അവകാശമായി പരിഗണിക്കപ്പെടാൻ തുടങ്ങി. ഈ മാറ്റത്തിന്റെ ഫലമായാണ് ഐ സി ഡി എസ് സർവസാർവത്രികമാക്കൽ. UNCRC പ്രഖ്യാപനങ്ങളുടെ തുടർച്ചയും അത് നടപ്പിലാക്കി കിട്ടുന്നതിന് സംഘടിപ്പിക്കപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും ഭാഗമായി പ്രധാന നിയമനിർമാണങ്ങളുണ്ടായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA - 2005), വിദ്യാഭ്യാസ അവകാശ നിയമം (RTE 2009), ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA-2013) എന്നിവ ഉദാഹരണം.

മുമ്പ് കുട്ടികളുടെ ക്ഷേമത്തെ ദാനധർമ്മത്തിന്റെയോ സാമൂഹിക സഹായത്തിന്റെയോ ഭാഗമായി കണ്ടിരുന്നുവെങ്കിൽ, 2000-കളോടെ അത് അവകാശമായി പരിഗണിക്കപ്പെടാൻ തുടങ്ങി. ഈ മാറ്റത്തിന്റെ ഫലമായാണ് ഐ സി ഡി എസ് സർവസാർവത്രികമാക്കൽ.
മുമ്പ് കുട്ടികളുടെ ക്ഷേമത്തെ ദാനധർമ്മത്തിന്റെയോ സാമൂഹിക സഹായത്തിന്റെയോ ഭാഗമായി കണ്ടിരുന്നുവെങ്കിൽ, 2000-കളോടെ അത് അവകാശമായി പരിഗണിക്കപ്പെടാൻ തുടങ്ങി. ഈ മാറ്റത്തിന്റെ ഫലമായാണ് ഐ സി ഡി എസ് സർവസാർവത്രികമാക്കൽ.

ഒന്നാം UPA സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച ഭക്ഷ്യസുരക്ഷാനിയമമാണ് 2013ൽ ദേശീയ ഭക്ഷ്യസുരക്ഷാനിയമമായി മാറിയത്. ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം 'ശൈശവകാല സംരക്ഷണവും വിദ്യാഭ്യാസവും' സംബന്ധിച്ച ദേശീയ നയങ്ങളും രൂപപ്പെട്ടു.

ഇക്കാര്യത്തിൽ, സോണിയഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി (NAC), അന്തരിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ആനി രാജ, സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായ ജീൻ ഡ്രേസ്, സാമൂഹ്യപ്രവർത്തകരായ അരുണ റോയ്, കവിതാ ശ്രീവാസ്തവ, റൈറ്റ് ടു ഫുഡ് ക്യാമ്പയിൻ, സുപ്രീംകോടതിയുടെ PUCL Vs Union of India കേസ് തുടങ്ങിയവയെല്ലാം വലിയ പങ്കാണ് നിർവ്വഹിച്ചത്.

ICDS സംബന്ധിച്ച പഠനങ്ങളും നിരീക്ഷണങ്ങളും

ICDS പദ്ധതിയുടെ സ്വാധീനവും പരിമിതികളും വിലയിരുത്തുന്ന നിരവധി ദേശീയ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2001-ൽ എം. സി. നായരും സംഘവും Indian Journal of Pediatrics-ൽ പ്രസിദ്ധീകരിച്ച പഠനമാണ് ഒന്ന്. പോഷകാഹാരം, ആരോഗ്യ സേവനങ്ങൾ, പ്രീ-സ്കൂൾ വിദ്യാഭ്യാസം എന്നിവയെ ഒരുമിപ്പിക്കുന്ന ഏകീകൃത മാതൃകയാണ് പദ്ധതിയുടെ പ്രധാന ശക്തിയെന്ന് ഈ പഠനം ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനങ്ങൾ തമ്മിലുള്ള ധനസഹായത്തിലും സേവന ഗുണനിലവാരത്തിലും നിലനിൽക്കുന്ന അസമത്വം പ്രധാന വെല്ലുവിളിയായും പഠനം രേഖപ്പെടുത്തി.

സാമ്പത്തിക ശാസ്ത്രജ്ഞരായ വാണി ബൊറൂവ, ദിലീപ് ദിവാകർ, നിധി സഭർവാൾ എന്നിവർ Indian Institute of Dalit Studies-നുവേണ്ടി (IIDS) 2012- 2013 കാലത്ത് നടത്തിയ പഠനത്തിൽ, ICDS സേവനങ്ങൾ പട്ടികജാതി, പട്ടികവർഗ്ഗം, ദരിദ്ര കുടുംബങ്ങൾ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിലേക്ക് ഗണ്യമായി എത്തിച്ചേരുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും, എല്ലാ പ്രദേശങ്ങളിലും ഒരേ നിലവാരത്തിലുള്ള ഉൾക്കൊള്ളലും (Inclusion) സേവനലഭ്യതയും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചു.

മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അങ്കണവാടികൾക്ക് ഇപ്പോഴും കൂടുതൽ കുട്ടികൾക്ക് സേവനം നൽകാനുള്ള സാഹചര്യമുള്ളപ്പോൾ കുടിയേറ്റവും ജനസംഖ്യാ വാർധക്യവും കുറഞ്ഞ ജനനനിരക്കും കാരണം പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ കുട്ടികളുടെ എണ്ണവും അതുവഴി അങ്കണവാടി ഗുണഭോക്താക്കളുടെ എണ്ണവും തുടർച്ചയായി കുറയുകയാണ്

2020-ൽ നിതി ആയോഗ് പ്രസിദ്ധീകരിച്ച Evaluation of ICDS Scheme of India റിപ്പോർട്ടും പദ്ധതിയുടെ വ്യാപ്തിയും പ്രാധാന്യവും അംഗീകരിച്ച്, നിരവധി അങ്കണവാടികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, കെട്ടിടങ്ങളുടെ അപര്യാപ്തത, പ്രവർത്തകരുടെ അധിക ജോലിഭാരം, സേവന ഗുണനിലവാര വ്യത്യാസങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

അങ്കണവാടി സംവിധാനത്തെ ബാധിക്കുന്ന പുതിയ സാമൂഹിക- വിദ്യാഭ്യാസ പ്രവണതകളിലേക്കും ഈ റിപ്പോർട്ട് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

2021-ൽ പ്രസിദ്ധീകരിച്ച 'The Functions of Integrated Child Development Services (ICDS): An Assessment of Existing Policy and Practice in Odisha' എന്ന ഗവേഷണ പ്രബന്ധം, ഒഡീഷയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഗ്രാമീണ ദരിദ്ര കുടുംബങ്ങൾക്ക് ഐ സി ഡി എസ് സേവനങ്ങൾ ഇന്നും നിർണായകമാണെന്ന് വിലയിരുത്തിയ പഠനം, കെട്ടിട സൗകര്യം, പഠനസാമഗ്രികൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഏകോപനം എന്നിവയിൽ ഗണ്യമായ മെച്ചപ്പെടുത്തൽ അനിവാര്യമാണെന്ന് കണ്ടെത്തി.

2025-ൽ Evaluation and Program Planning ജേണലിൽ പ്രസിദ്ധീകരിച്ച ദേശീയ പഠനം (NFHS 2019-21 ഡാറ്റ അടിസ്ഥാനമാക്കി) ഇന്ത്യയിലെ ഏകദേശം 49% കുട്ടികൾ അങ്കണവാടികളിലെ പ്രീ-സ്കൂൾ സേവനങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് കണ്ടെത്തിയത് ആശങ്കാജനകമായിരുന്നു.
2025-ൽ Evaluation and Program Planning ജേണലിൽ പ്രസിദ്ധീകരിച്ച ദേശീയ പഠനം (NFHS 2019-21 ഡാറ്റ അടിസ്ഥാനമാക്കി) ഇന്ത്യയിലെ ഏകദേശം 49% കുട്ടികൾ അങ്കണവാടികളിലെ പ്രീ-സ്കൂൾ സേവനങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് കണ്ടെത്തിയത് ആശങ്കാജനകമായിരുന്നു.

2025-ൽ Evaluation and Program Planning ജേണലിൽ പ്രസിദ്ധീകരിച്ച ദേശീയ പഠനം (NFHS 2019-21 ഡാറ്റ അടിസ്ഥാനമാക്കി) ഇന്ത്യയിലെ ഏകദേശം 49% കുട്ടികൾ അങ്കണവാടികളിലെ പ്രീ-സ്കൂൾ സേവനങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് കണ്ടെത്തിയത് ആശങ്കാജനകമായിരുന്നു. സംസ്ഥാനങ്ങൾക്കിടയിൽ പദ്ധതി നടത്തിപ്പിൽ വലിയ വ്യത്യാസം നിലനിൽക്കുന്നതായും ഉത്തർപ്രദേശിൽ ഈ നിരക്ക് 79 ശതമാനമായപ്പോൾ ആന്ധ്രാപ്രദേശിൽ 13 ശതമാനം മാത്രമായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി, സാമൂഹിക വിഭാഗങ്ങൾ തുടങ്ങിയ ഘടകങ്ങൾ കുട്ടികളുടെ പ്രവേശനത്തെ ഗണ്യമായി സ്വാധീനിക്കുന്നതായും ഇവർ കണ്ടെത്തി.

2025-ൽ ജോസ് ചാത്തുകുളവും മാനസി ജോസഫും പ്രസിദ്ധീകരിച്ച 'Nurturing Young: Fifty Years of ICDS in India' പഠനം, 50 വർഷം പിന്നിട്ടിട്ടും ഇന്ത്യയിലെ പോഷകാഹാര- ശിശുവികസന മേഖലകളിലെ ഏറ്റവും വലിയ പൊതുപദ്ധതിയായി ഐ സി ഡി എസ് തുടരുകയാണെന്ന് വിലയിരുത്തുന്നു. എന്നാൽ സ്വകാര്യ പ്രീ-സ്കൂൾ മേഖലയിലെ വളർച്ച, ജനനനിരക്കിലെ ഇടിവ്, നഗരവൽക്കരണം, 2020-ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന പുതിയ ഘടനകൾ തുടങ്ങിയവ അങ്കണവാടി സംവിധാനത്തെ പുനഃസംഘടിപ്പിക്കുകയും ഗുണനിലവാരപരമായി നവീകരിക്കുകയും ചെയ്യേണ്ട പുതിയ സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഈ പഠനം നിരീക്ഷിക്കുന്നു.

ഐ സി ഡി എസും കേരളവും

കേരളത്തിന്റെ സാമൂഹിക വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ പൊതുജനാരോഗ്യ സംവിധാനത്തിനൊപ്പം അങ്കണവാടികളുടെ പങ്കും പ്രത്യേകമായി വിലയിരുത്തപ്പെടുന്നു. ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും പോഷകാഹാരസുരക്ഷ ഉറപ്പാക്കുന്നതിലും പ്രതിരോധ കുത്തിവയ്പ്പ് വ്യാപിപ്പിക്കുന്നതിലും പ്രാരംഭ ബാല്യകാല വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും ഈ സംവിധാനം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

കേരളത്തിലെ അങ്കണവാടിശൃംഖല രാജ്യത്തെ മികച്ച സംവിധാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
കേരളത്തിലെ അങ്കണവാടിശൃംഖല രാജ്യത്തെ മികച്ച സംവിധാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ നിലനിൽക്കുന്നു.

ഇന്ന് സംസ്ഥാനത്ത് 258 ഐ സി ഡി എസ് പ്രോജക്ടുകളും 33,115 അങ്കണവാടികേന്ദ്രങ്ങളും (2024-2025) പ്രവർത്തിക്കുന്നുണ്ടെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ കണക്ക്. കേരളത്തിലെ അങ്കണവാടിശൃംഖല രാജ്യത്തെ മികച്ച സംവിധാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ നിലനിൽക്കുന്നു.

സാമൂഹ്യനീതി വകുപ്പിന്റെ കണക്കു പ്രകാരം:

  • പ്രവർത്തിക്കുന്ന അങ്കണവാടികൾ: 33,115.

  • സ്വന്തമായി കെട്ടിടമുള്ളവ: 18,253.

  • ശൗചാലയമുള്ളവ: 20,837.

  • വൈദ്യുതിയുള്ളവ: 24,404.

  • പാചകവാതക സൗകര്യമുള്ളവ: 19,975.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന പദ്ധതി ഫണ്ടിൽ നിന്ന് 1,500 പുതിയ അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിച്ചതായും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

2024-25 സാമ്പത്തിക അവലോകന കണക്കുകൾ പ്രകാരം കേരളത്തിലെ അഞ്ച് ജില്ലകളിലെ ഐ സി ഡി എസ് പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം താഴെ ചേർക്കുന്നു.

  • മലപ്പുറം: 1.86 ലക്ഷം ഗുണഭോക്താക്കൾ.

  • കോഴിക്കോട്: 86,525.

  • തിരുവനന്തപുരം: 80,947.

  • തൃശൂർ: 80,326.

  • എറണാകുളം: 75,047.

എന്നാൽ 3–6 വയസ് പ്രായമുള്ള പ്രീ-സ്കൂൾ ഗുണഭോക്താക്കൾ മാത്രം സംസ്ഥാനതലത്തിൽ ഏകദേശം 2.6 ലക്ഷത്തിലധികം വരും.

അഞ്ചാം National Family Health Survey (NFHS- 2019-21) പ്രകാരം:

  • പൂർണ പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ച കുട്ടികൾ : 89% നുമുകളിൽ.

  • സ്ഥാപന പ്രസവങ്ങൾ: ഏകദേശം 99%.

  • ശിശുമരണനിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

  • മാതൃ ആരോഗ്യസേവന ഉപയോഗം രാജ്യശരാശരിയേക്കാൾ ഏറെ ഉയർന്നത്.

ഈ നേട്ടങ്ങളിൽ പൊതുജനാരോഗ്യ സംവിധാനത്തിനൊപ്പം അങ്കണവാടി ശൃംഖലയും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.

എൻറോൾമെന്റിലെ ഇടിവ് എന്തുകൊണ്ട്?

കേരളത്തിലെ അങ്കണവാടികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, കുട്ടികളുടെ എണ്ണത്തിലെ കുറവാണ്. 1960-കളിൽ കേരളത്തിലെ ആകെ ജനനനിരക്ക് (Total Fertility Rate - TFR) ഒരു സ്ത്രീക്ക് ആറിലധികം കുട്ടികളായിരുന്നെങ്കിൽ ഇന്ന് അത് വളരെ ഇടിഞ്ഞു. 0–6 വയസ് പ്രായമുള്ളവരുടെ ജനസംഖ്യയും ഗണ്യമായി കുറഞ്ഞു. 2001-നും 2011-നും ഇടയിൽ വയനാട് ജില്ലയിൽ മാത്രം 0–6 വയസ് പ്രായമുള്ള കുട്ടികളുടെ എണ്ണം 1.04 ലക്ഷത്തിൽ നിന്ന് 92,324 ആയി കുറഞ്ഞു; ആകെ ജനസംഖ്യയിൽ കുട്ടികളുടെ വിഹിതം 13.3 ശതമാനത്തിൽ നിന്ന് 11.3 ശതമാനമായി ചുരുങ്ങി.

ഇതിന്റെ പ്രതിഫലനം ഐ സി ഡി എസ് ഗുണഭോക്താക്കളുടെ എണ്ണത്തിലും പ്രകടമാണ്. 2024–25-ലെ കണക്കു പ്രകാരം മലപ്പുറം ജില്ലയിൽ 3–6 വയസ്സുള്ള പ്രീ-സ്കൂൾ ഗുണഭോക്താക്കൾ 53,185 പേരും കുട്ടികളുടെ എണ്ണം 60,136 പേരുമാണ്. പത്തനംതിട്ടയിൽ 3–6 വയസ്സുള്ള പ്രീ-സ്കൂൾ ഗുണഭോക്താക്കൾ 5,166 പേരും കുട്ടികളുടെ എണ്ണം 9,822 ഉം മാത്രമാണ്. കോട്ടയത്ത് 9,996 പ്രീ-സ്കൂൾ ഗുണഭോക്താക്കളും വയനാട്ടിൽ 8,565 പേരുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ ജനനനിരക്കിലെ ഇടിവ്, സ്വകാര്യ പ്രീ-സ്കൂളുകളുടെ വളർച്ച, ഡിജിറ്റൈസേഷൻ, സാമ്പത്തിക സമ്മർദ്ദങ്ങൾ തുടങ്ങിയ പുതിയ സാഹചര്യങ്ങൾ അങ്കണവാടി സംവിധാനത്തെ പുനർനിർവചിക്കാൻ നിർബന്ധിതമാക്കുന്നു.
കേരളത്തിലെ ജനനനിരക്കിലെ ഇടിവ്, സ്വകാര്യ പ്രീ-സ്കൂളുകളുടെ വളർച്ച, ഡിജിറ്റൈസേഷൻ, സാമ്പത്തിക സമ്മർദ്ദങ്ങൾ തുടങ്ങിയ പുതിയ സാഹചര്യങ്ങൾ അങ്കണവാടി സംവിധാനത്തെ പുനർനിർവചിക്കാൻ നിർബന്ധിതമാക്കുന്നു.

ജനനനിരക്ക് താരതമ്യേന ഉയർന്ന നിലയിൽ തുടരുകയും യുവ ജനസംഖ്യ കൂടുതലായിരിക്കുകയും ചെയ്യുന്ന മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അങ്കണവാടികൾക്ക് ഇപ്പോഴും കൂടുതൽ കുട്ടികൾക്ക് സേവനം നൽകാനുള്ള സാഹചര്യമുള്ളപ്പോൾ കുടിയേറ്റവും ജനസംഖ്യാ വാർധക്യവും കുറഞ്ഞ ജനനനിരക്കും കാരണം പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ കുട്ടികളുടെ എണ്ണവും അതുവഴി അങ്കണവാടി ഗുണഭോക്താക്കളുടെ എണ്ണവും തുടർച്ചയായി കുറയുകയാണ് (കണക്കുകൾ : Kerala Data Portal / DataHub Kerala & Economic Review 2026).

സ്വകാര്യ പ്രീ-സ്കൂൾ വളർച്ച
സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ

1990-കൾക്കുശേഷം കേരളത്തിൽ സ്വകാര്യ കിൻഡർഗാർട്ടൻ, മോണ്ടിസോറി, പ്ലേ സ്കൂൾ മേഖല വേഗത്തിൽ വളർന്നു. നഗരമേഖലകളിൽ മധ്യവർഗ്ഗ കുടുംബങ്ങൾ കുട്ടികളെ സ്വകാര്യ LKG-UKG സ്ഥാപനങ്ങളിലേക്ക് കൂടുതലായി അയയ്ക്കാൻ തുടങ്ങി. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തോടുള്ള ആകർഷണം, സ്വകാര്യ സ്ഥാപനങ്ങളുടെ മാർക്കറ്റിംഗ്, തൊഴിൽ ചെയ്യുന്ന മാതാപിതാക്കളുടെ വർധനവ് എന്നിവയാണ് പ്രധാന കാരണങ്ങൾ.

ഏറ്റവും പുതിയ Annual Status of Education Report (ASER 2024) പ്രകാരം ഇന്ത്യയിൽ 3-5 വയസ് പ്രായമുള്ള കുട്ടികളുടെ പ്രീ-സ്കൂൾ എൻറോൾമെന്റ് വർധിച്ചിട്ടുണ്ടെങ്കിലും അതിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് ഗണ്യമായി വർധിക്കുന്ന പ്രവണതയും കാണുന്നു

NFHS അടിസ്ഥാനമാക്കിയ Evaluation and Program Planning ജേണലിൽ പ്രസിദ്ധീകരിച്ച 2025-ലെ പഠനം, ഇന്ത്യയിലെ ഏകദേശം 49 ശതമാനം കുട്ടികൾ അങ്കണവാടി പ്രീ-സ്കൂൾ സേവനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. മാതാപിതാക്കളുടെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, സാമൂഹിക പശ്ചാത്തലം എന്നിവ പ്രവേശനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് പഠനം ചൂണ്ടിക്കാട്ടി.

ഡിജിറ്റൈസേഷനും
പുതിയ വെല്ലുവിളികളും

POSHAN Abhiyaan, Poshan Tracker തുടങ്ങിയ പദ്ധതികളിലൂടെ അങ്കണവാടികൾ കൂടുതൽ ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കുട്ടികളുടെ ഉയരം, ഭാരം, പോഷകാവസ്ഥ, ഗർഭിണികളുടെ ആരോഗ്യവിവരങ്ങൾ എന്നിവ ഇപ്പോൾ സ്മാർട്ട്ഫോൺ അധിഷ്ഠിത സംവിധാനങ്ങളിലൂടെ രേഖപ്പെടുത്തുന്നു. എന്നാൽ ഡിജിറ്റൽ സംവിധാനങ്ങൾ ചിലപ്പോൾ സാങ്കേതിക ബുദ്ധിമുട്ടുകളും ഒഴിവാക്കലുകളും സൃഷ്ടിക്കുന്നുവെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

കേരളത്തിലെ ജനനനിരക്കിലെ ഇടിവ്, സ്വകാര്യ പ്രീ-സ്കൂളുകളുടെ വളർച്ച, ഡിജിറ്റൈസേഷൻ, സാമ്പത്തിക സമ്മർദ്ദങ്ങൾ തുടങ്ങിയ പുതിയ സാഹചര്യങ്ങൾ അങ്കണവാടി സംവിധാനത്തെ പുനർനിർവചിക്കാൻ നിർബന്ധിതമാക്കുന്നു. ഭാവിയിൽ അങ്കണവാടികളെ കൂടുതൽ ഗുണമേന്മയുള്ള പ്രാരംഭ ബാല്യകാല വികസന കേന്ദ്രങ്ങളാക്കി മാറ്റുക എന്നതായിരിക്കും കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. കൃത്യമായ രാഷ്ട്രീയ നിലപാടുകളും നയപരമായ തീരുമാനങ്ങളും വഴി മാത്രമേ കേരളത്തിലെ മാതൃ- ശിശു ആരോഗ്യവും ശൈശവകാല വികാസവുമായി ബന്ധപ്പെട്ട ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂ.


Summary: The number of children attending Anganwadis in Kerala has been steadily declining over the past decade, Manoj V Kodungallur writes.


മനോജ്​ വി. കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ - ദേശീയ റിവ്യൂ മിഷൻ - മോണിറ്ററിങ്ങ് കമ്മിറ്റിയിലേക്ക് സുപ്രീം കോടതി നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗം.

Comments