വിദ്യാർത്ഥികൾ
സർവകലാശാലകളിൽ
എന്തു പഠിക്കുന്നു?
ചില AI പ്രതിസന്ധികൾ

‘‘സർവകലാശാലകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യം അവ വ്യവസായത്തിനാവശ്യമായ യോഗ്യതകൾ നല്കുന്നുണ്ടോ, AI-യിൽ അദ്ധ്യാപകർക്കു പ്രാവീണ്യം ഉണ്ടോ എന്നൊന്നുമല്ല. മനുഷ്യന്റെ ബൗദ്ധികവികസനം എന്ന അടിസ്ഥാന ലക്ഷ്യത്തിൽ ഉന്നതവിദ്യാഭ്യാസം അടിയുറച്ചുനിൽക്കുന്നുണ്ടോ എന്നതാണ്’’- പ്രൊഫ. അഞ്ജന കരുമത്തിൽ എഴുതുന്നു.

ബൗദ്ധികവികാസത്തിന്റെ സൂചനയായിട്ടാണ് സമൂഹം യൂണിവേഴ്സിറ്റി ബിരുദത്തെ കണക്കാക്കുന്നത്. എങ്കിലും, സർവ്വകലാശാലകൾ അവകാശപ്പെടുന്നതിലും വളരെ കുറച്ചുമാത്രമേ പല ബിരുദ വിദ്യാർത്ഥികളും പഠിക്കുന്നുള്ളൂ എന്ന് വിദ്യാഭ്യാസ ഗവേഷകർ സൂചിപ്പിക്കുന്നു.

സമൂഹത്തിൽ സർവ്വകലാശാലകൾക്കുള്ള പങ്കിനെക്കുറിച്ചുള്ള സംവാദങ്ങളിൽ പ്രസിദ്ധമായ പഠനമാണ് 'Academically adrift'. 2005- നും 2009- നും ഇടയിൽ അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞരായ റിച്ചാർഡ് അരും, ജോസിപ റോക്സ എന്നിവർ നടത്തിയ ഒരു ദീർഘകാല പഠനമായിരുന്നു. 24 സർവ്വകലാശാലകളിലായി 2300-ൽ അധികം ബിരുദ വിദ്യാർത്ഥികളെ നിരീക്ഷിച്ചപ്പോൾ, രണ്ട് വർഷത്തെ കോളേജ് വിദ്യാഭ്യാസത്തിനുശേഷവും 45% പേർക്ക് വിമർശനാത്മക ചിന്തയിൽ (critical thinking) കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് അവർ കണ്ടെത്തി. ഈ സംഘത്തിന്റെ തുടർന്നുള്ള വിശകലനങ്ങൾ സൂചിപ്പിച്ചത്, നാലു വർഷത്തിനു ശേഷവും ഉയർന്നതലത്തിലുള്ള വൈജ്ഞാനിക കഴിവുകളിലെ നേട്ടങ്ങൾ മിതമായിരുന്നു എന്നാണ്. ലിബറൽ ആർട്സ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള 2006-ലെ വാബാഷ് നാഷണൽ പഠനം സമാനമായ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം കണ്ടെത്തലുകൾ സൂചിപ്പിക്കുന്ന പ്രവണത ഇതാണ്: ബിരുദപഠനത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് ബൗദ്ധികവികാസം ഉണ്ടാകുന്നുണ്ട്, പക്ഷേ ആ നേട്ടങ്ങളുടെ വ്യാപ്തി പലപ്പോഴും സമൂഹം അനുമാനിക്കുന്നതിലും ചെറുതാണ്.

ബൗദ്ധികവികാസം ഉറപ്പുവരുത്തുന്നതിനുപകരം പരീക്ഷകൾ എങ്ങനെയും കടന്നുകൂടാനായി രൂപകൽപ്പന ചെയ്ത ഒരു വ്യവസ്ഥയുടെ പങ്കാളികളായി അധ്യാപകരും വിദ്യാർത്ഥികളും മാറുന്നു.

ഈ ആശങ്ക അമേരിക്കയിൽ മാത്രം ഒതുങ്ങുന്നില്ല. OECD-യുടെ 2022-ലെ ആഗോള റിപ്പോർട്ടിൽ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് ആധുനിക തൊഴിൽ വിപണികൾ ആവശ്യപ്പെടുന്ന കഴിവുകൾ ദീർഘകാലാടിസ്ഥാനത്തിൽ വികസപ്പിക്കുവാൻ കഴിയുമോ എന്ന ആശങ്ക ഉയർത്തിക്കാട്ടുന്നു. വിമർശനാത്മകചിന്ത, പ്രശ്‌നപരിഹാരം, വിശകലനപരമായ യുക്തിസഹീകരണം, ആശയവിനിമയം എന്നിവയുൾപ്പെടെയുള്ള കഴിവുകൾക്ക് ആഗോള വിജ്ഞാനസമ്പദ്‌വ്യവസ്ഥയിലെ തൊഴിലുടമകൾ കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. എന്നിട്ടും, യൂണിവേഴ്സിറ്റികൾ നൽകുന്ന യോഗ്യതകളും ബിരുദധാരികൾക്ക് യഥാർത്ഥത്തിലുള്ള കഴിവുകളും തമ്മിൽ വർദ്ധിച്ചുവരുന്ന വിടവ് OECD ശ്രദ്ധിക്കുന്നു. കൂടാതെ, സർവ്വകലാശാലകൾ നൽകുന്ന യോഗ്യതാപത്രങ്ങൾ ഈ കഴിവുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു എന്ന കാര്യത്തിൽ തൊഴിലുടമകൾക്ക് വിശ്വാസം കുറയുന്നതായും പറയുന്നു.

സമകാലിക സർവ്വകലാശാലകളുടെ സാംസ്കാരികമായ ചുറ്റുപാടുകളിലേക്ക് ശ്രദ്ധ നൽകിയാൽ മാത്രമേ ഇതിനുള്ള കാരണങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ. ഒരു കാരണം, സർവകലാശാലയുടെ വർദ്ധിച്ചുവരുന്ന ഉദ്യോഗസ്ഥഭരണസംവിധാനമാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, വൻതോതിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാവുന്നതരത്തിൽ രൂപകൽപ്പന ചെയ്ത കോഴ്സുകളെയും ഓഡിറ്റ് ചട്ടക്കൂടുകളെയും അടിസ്ഥാനമാക്കിയാണ് അധ്യാപനം കൂടുതലായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘Killing Thinking’ എന്ന പുസ്തകത്തിന്റെ രചയിതാവായ എമെരിറ്റസ് പ്രൊഫസർ മേരി ഇവാൻസ് വിശ്വസിക്കുന്നത്, അത്തരം സംവിധാനങ്ങൾ അധ്യാപനത്തെ യന്ത്രവൽകൃതമായ അനുസരണയിലേക്ക് ചുരുക്കുന്നു എന്നും, ബൗദ്ധികമായ അന്വേഷണത്തിന് വളരെ കുറഞ്ഞ ഇടം മാത്രമേ അവശേഷിപ്പിക്കുന്നുള്ളൂ എന്നുമാണ്.

അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞരായ റിച്ചാർഡ് അരും, ജോസിപ റോക്സയും.  24 സർവ്വകലാശാലകളിലായി 2300-ൽ അധികം ബിരുദ വിദ്യാർത്ഥികളെ നിരീക്ഷിച്ചപ്പോൾ, രണ്ട് വർഷത്തെ കോളേജ് വിദ്യാഭ്യാസത്തിനുശേഷവും 45% പേർക്ക് വിമർശനാത്മക ചിന്തയിൽ (critical thinking) കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് അവർ കണ്ടെത്തി.
അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞരായ റിച്ചാർഡ് അരും, ജോസിപ റോക്സയും. 24 സർവ്വകലാശാലകളിലായി 2300-ൽ അധികം ബിരുദ വിദ്യാർത്ഥികളെ നിരീക്ഷിച്ചപ്പോൾ, രണ്ട് വർഷത്തെ കോളേജ് വിദ്യാഭ്യാസത്തിനുശേഷവും 45% പേർക്ക് വിമർശനാത്മക ചിന്തയിൽ (critical thinking) കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് അവർ കണ്ടെത്തി.

ബൗദ്ധികവികാസം ഉറപ്പുവരുത്തുന്നതിനുപകരം പരീക്ഷകൾ എങ്ങനെയും കടന്നുകൂടാനായി രൂപകൽപ്പന ചെയ്ത ഒരു വ്യവസ്ഥയുടെ പങ്കാളികളായി അധ്യാപകരും വിദ്യാർത്ഥികളും മാറുന്നു. അതേസമയം, സർവ്വകലാശാലകൾ 'Employable skills' പോലുള്ള വ്യാവസായിക പദപ്രയോഗങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്. തൊഴിൽക്ഷമതയ്ക്കായി പരിശ്രമിക്കുന്നത് പ്രായോഗികമായി തോന്നാമെങ്കിലും, വിഷയാതിഷ്ഠിതമായ വിദ്യാഭ്യാസത്തെ ഉപരിപ്ലവമായ കഴിവുകളായി ചുരുക്കുന്നത് ബിരുദപഠനത്തെ പൊള്ളയാക്കുന്നു. ഇവിടെയാണ് വിമർശനാത്മക ചിന്ത വളർത്തുന്ന ബൗദ്ധികവികാസം നഷ്ടപ്പെടുന്നത്.

രണ്ടാമതായി, ഉന്നത വിദ്യാഭ്യാസത്തിന്റെ വികാസം സർവ്വകലാശാലകളെ ഘടനാപരമായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ യുവാക്കളെ സർവ്വകലാശാലകളിലേക്ക് അയക്കാൻ സർക്കാരുകൾ പ്രേരിപ്പിക്കുമ്പോൾ ഇവ വികസിക്കുന്നു. പക്ഷേ, പലപ്പോഴും ഇവർക്കാവശ്യമായ അദ്ധ്യാപനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളിൽ തുല്യമായ നിക്ഷേപം ഉണ്ടായിട്ടില്ല. അദ്ധ്യാപകരുടെ കരിയറുകൾ ഗവേഷണ ഫലങ്ങൾ, ഗ്രാന്റുകൾ, സ്ഥാപനത്തിന്റെ റാങ്കിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ അദ്ധ്യാപനത്തിന്റെ നിലവാരത്തിനും വിദ്യാർത്ഥികളുടെ ബൗദ്ധിക വികാസത്തിനും പ്രാധാന്യം കുറയുന്നു.

ചിന്തിച്ചുചെയ്യേണ്ട ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്ന ടൂളുകളുടെ വ്യാപകമായ ലഭ്യത അക്കാദമിക് പ്രയത്നം കുറയ്ക്കുന്നതിനുള്ള പ്രവണതകളെ തീവ്രമാക്കും.

ഉന്നത വിദ്യാഭ്യാസം ഉപഭോക്തൃ അധിഷ്ഠിത മാതൃകകൾ കൂടുതലായി സ്വീകരിക്കുന്നു എന്നത് മറ്റൊരു കാരണമാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ക്ലയന്റുകളായി കണക്കാക്കി വിദ്യാഭ്യാസത്തോടൊപ്പം ഒരു വിശാലമായ കാമ്പസ് അനുഭവം തന്നെയാണ് കോളേജുകൾ ലക്ഷ്യമിടുന്നത്. ബ്രാൻഡിംഗ്, ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ തുടങ്ങിയവ നല്കി വിദ്യാർത്ഥികളുടെ സംതൃപ്തിക്കായി സർവകലാശാലകൾ മത്സരിക്കുന്നു. ഇതനുസരിച്ചു വിദ്യാർത്ഥികളുടെ പഠനതാല്പര്യത്തിലും ഗണ്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്: സമയ വിനിയോഗത്തെക്കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത് സമകാലിക ബിരുദ വിദ്യാർത്ഥികൾ മുൻകാല വിദ്യാർത്ഥികളെ അപേക്ഷിച്ച് പഠനത്തിനായി വളരെ കുറഞ്ഞ സമയം ചെലവഴിക്കുന്നു എന്നാണ്. യോഗ്യത നേടുന്നതിനുള്ള ശ്രമം ബൗദ്ധിക വൈദഗ്ദ്ധ്യം നേടുന്നതിനുള്ള ശ്രമത്തെ പിന്തള്ളുന്ന ഒരു സ്ഥിതിയാണ് ഫലം.

ജനറേറ്റീവ് AI ഈ വെല്ലുവിളികൾക്ക് ഒരു പുതിയ മാനം നൽകുന്നു. നിമിഷങ്ങൾക്കുള്ളിൽ ഉപന്യാസങ്ങൾ, സംഗ്രഹങ്ങൾ, വിശകലനങ്ങൾ എന്നിവ തയ്യാറാക്കാൻ കഴിവുള്ള ഉപകരണങ്ങൾക്ക് അക്കാദമിക് ജോലിയെ മാറ്റിമറിക്കാൻ കഴിയും. ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമ്പോൾ അത്തരം സാങ്കേതികവിദ്യകൾ പുതിയതരം അന്വേഷണങ്ങളെ സാധ്യമാക്കുന്നു. എന്നാൽ, അന്ധമായി ഇവയെ ആശ്രയിക്കുമ്പോൾ, വിദ്യാർത്ഥികളുടെ ബൗദ്ധിക പ്രയത്‌നത്തെ ഇവ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. യൂണിവേഴ്സിറ്റി അദ്ധ്യാപകരെ ഉൾകൊള്ളിച്ചു അടുത്തിടെ നടത്തിയ ഒരു സർവേയിൽ, പ്രതികരിച്ച 90% പേരും AI ടൂളുകൾ വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷി കുറയ്ക്കുമെന്നും ഓട്ടോമേഷനിലുള്ള അമിതമായ ആശ്രയം പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ട് ചെയ്തു.

ജനറേറ്റീവ് AI ഈ വെല്ലുവിളികൾക്ക് ഒരു പുതിയ മാനം നൽകുന്നു. നിമിഷങ്ങൾക്കുള്ളിൽ ഉപന്യാസങ്ങൾ, സംഗ്രഹങ്ങൾ, വിശകലനങ്ങൾ എന്നിവ തയ്യാറാക്കാൻ കഴിവുള്ള ഉപകരണങ്ങൾക്ക് അക്കാദമിക് ജോലിയെ മാറ്റിമറിക്കാൻ കഴിയും.
ജനറേറ്റീവ് AI ഈ വെല്ലുവിളികൾക്ക് ഒരു പുതിയ മാനം നൽകുന്നു. നിമിഷങ്ങൾക്കുള്ളിൽ ഉപന്യാസങ്ങൾ, സംഗ്രഹങ്ങൾ, വിശകലനങ്ങൾ എന്നിവ തയ്യാറാക്കാൻ കഴിവുള്ള ഉപകരണങ്ങൾക്ക് അക്കാദമിക് ജോലിയെ മാറ്റിമറിക്കാൻ കഴിയും.

യൂണിവേഴ്സിറ്റികൾ പഠനത്തോടുള്ള വിദ്യാർത്ഥികളുടെ താല്പര്യം നിലനിർത്താൻ പാടുപെടുന്ന ഈ സാഹചര്യത്തിൽ, ചിന്തിച്ചുചെയ്യേണ്ട ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്ന ടൂളുകളുടെ വ്യാപകമായ ലഭ്യത അക്കാദമിക് പ്രയത്നം കുറയ്ക്കുന്നതിനുള്ള പ്രവണതകളെ തീവ്രമാക്കും. “സുഖം തേടുന്നവന് അറിവ് നേടാൻ കഴിയില്ല; അറിവ് തേടുന്നവൻ സുഖം ഉപേക്ഷിക്കണം” എന്ന ചാണക്യന്റെ ആപ്തവാക്യം ഇവിടെ പ്രസക്‌തമാകുന്നു.

പഠനമികവിന്റെ ഒരു നിർണായക ഘടകമാണ് വിഷയത്തിന്റെ കാഠിന്യം. ഗണ്യമായ വായനയും എഴുത്തും ആവശ്യമുള്ള കോഴ്‌സുകൾ വിദ്യാർത്ഥികളുടെ വിമർശനാത്മകചിന്തയിൽ ശക്തമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ, അദ്ധ്യാപകരുമായി വിഷയത്തെക്കുറിച്ചുള്ള സംവാദങ്ങൾ, കട്ടിയേറിയ അസൈൻമെന്റുകൾ, ക്ലാസ് റൂം ചുറ്റുപാടുകൾ എന്നിവ വിഷയത്തിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കാൻ ആവശ്യമാണ്. സമകാലിക സർവകലാശാലാ സമ്പ്രദായങ്ങളിൽ പലതും എതിർദിശയിലാണ് നീങ്ങുന്നത്: കർശനമായ പഠനത്തെ നിലനിർത്തുന്ന സാഹചര്യങ്ങളെക്കാൾ ഭരണപരമായ നിലവാരം, യോഗ്യതാ ഉത്പാദനം, ഗവേഷണ മാനദണ്ഡങ്ങൾ എന്നിവയ്ക്ക് സർവ്വകലാശാലകൾ മുൻഗണന നൽകുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ബൗദ്ധിക ദൗത്യം പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, സർവകലാശാലകൾ അദ്ധ്യാപനത്തെ രൂപപ്പെടുത്തുന്ന ഘടനകളെയും പ്രോത്സാഹനങ്ങളെയും കുറിച്ച് നാം പുനർവിചിന്തനം നടത്തണം. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർവകലാശാലകൾക്ക് ആരംഭിക്കാവുന്ന മൂന്ന് വഴികൾ താഴെ പറയുന്നു.

  • വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത വിഷയങ്ങളിൽ അറിവിന്റെ കാഠിന്യവും കേന്ദ്രസ്ഥാനവും പുനഃസ്ഥാപിക്കുന്നതാണ് ആദ്യപടി. നിർദ്ദിഷ്‌ട മേഖലകളിലെ വിജ്ഞാനം, സംവാദങ്ങൾ, രീതികൾ എന്നിവയുമായുള്ള നിരന്തരമായ ഇടപെഴകലിലൂടെയാണ് വിമർശനാത്മക ചിന്ത വളർത്തിയെടുക്കുന്നത്. പാഠ്യപദ്ധതികൾ ബൗദ്ധികമായ ആഴത്തിൽ നിന്ന് വേർപെടുത്തി പൊതുവായ ഉപരിപ്ലവകഴിവുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് യഥാർത്ഥ പാണ്ഡിത്യവുമായി ബന്ധപ്പെട്ട വിശകലനശേഷി വികസിപ്പിക്കാനാവാതെ വരുന്നു. അച്ചടക്കത്തോടെയുള്ള പഠനത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുകയും, അതേസമയം പാഠ്യേതര പ്രവർത്തനങ്ങളെയും ചെറിയ തോതിലുള്ള ഇന്റർ ഡിസിപ്ലിനറി പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്, വിമർശനാത്മക ചിന്തയെ വളർത്തുന്ന രീതികളിൽ സങ്കീർണ്ണമായ വാദങ്ങൾ രൂപീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും.

  • പഠനത്തിന്റെ അന്തിമ ഉൽപ്പന്നത്തെ മാത്രം വിലയിരുത്തുന്നതിനുപകരം, ബൗദ്ധിക പ്രക്രിയയെ വിലയിരുത്തുന്ന രീതിയിൽ മൂല്യനിർണ്ണയത്തെ പുനർവിചിന്തനം ചെയ്യുക എന്നതാണ്. പൂർത്തിയാക്കിയ പ്രബന്ധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത അസൈൻമെന്റുകൾ AI ടൂളുകളിലൂടെയുള്ള ഓട്ടോമേഷന് പ്രത്യേകിച്ചും ഇരയാകാൻ സാധ്യതയുണ്ട്. ഇതിന് മറുപടിയായി, കോഴ്‌സിന് സമാന്തരമായി മൂല്യനിർണ്ണയം പുനർരൂപകൽപ്പന ചെയ്യണമെന്നും പ്രൊപ്പോസൽ സമർപ്പണങ്ങൾ, വ്യാഖ്യാനിച്ച ഡ്രാഫ്റ്റുകൾ, ലോഗുകൾ, പ്രതിഫലനാത്മക വ്യാഖ്യാനങ്ങൾ തുടങ്ങിയ ഘട്ടങ്ങൾ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു. ഈ ഇടക്കാല ഘടകങ്ങൾ വിദ്യാർത്ഥികളെ അവരുടെ ചിന്താപ്രക്രിയ പ്രകടമാക്കാൻ നിർബന്ധിക്കുന്നു. ഔട്ട്‌പുട്ടിൽ നിന്ന് പ്രക്രിയാപരമായ വികസനത്തിലേക്ക് ഊന്നൽ മാറ്റുന്നതിലൂടെ, അധ്യാപകർക്ക് പഠനം മികച്ച രീതിയിൽ വിലയിരുത്താനും വിദ്യാർത്ഥികൾ AI-യിൽനിന്നു ചിന്തകൾ കടമെടുക്കാനുള്ള പ്രവണത കുറയ്ക്കാനും കഴിയും.

    ഇതിനായി AI എങ്ങനെ വിമർശനാത്മകമായി ഉപയോഗിക്കണമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കണം; കാരണം അതിന്റെ ഉപയോഗം നിരോധിക്കുന്നത് ഇപ്പോൾ അസാധ്യം തന്നെയാണ്. സർവ്വകലാശാലകൾ പ്രധാന പാഠ്യപദ്ധതികളിൽ AI സാക്ഷരത ഉൾപ്പെടുത്തണം; ഇതിൽ ഫല പരിശോധന, ഉത്തരവാദിത്തമുള്ള ഉപയോഗം, നൈതികപരമായ പരിഗണനകൾ എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നല്കുകയും വേണം. ഇത്തരം സാങ്കേതികവിദ്യകളുടെ കഴിവുകളും ബലഹീനതകളും വിദ്യാർത്ഥികൾക്ക് മനസ്സിലാകുമ്പോൾ, അവർ AI-യെ സ്വന്തം വിശകലനപരമായ യുക്തിക്ക് പകരമായി കാണുന്നതിനുപകരം ഒരു ഉപകരണമായി കാണാൻ പഠിക്കും.

  • വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത വളർത്താൻ സർവകലാശാലകൾ ലക്ഷ്യമിടുന്നുവെങ്കിൽ, അദ്ധ്യാപകർക്കുള്ള സ്ഥാപനപരമായ മുൻഗണനകൾ ഈ ലക്ഷ്യവുമായി വിന്യസിക്കണം. നിയമനത്തിലും പ്രൊമോഷൻ തീരുമാനങ്ങളിലും അധ്യാപന മികവ് അംഗീകരിക്കുന്നതും, വിദ്യാർത്ഥികളുടെ ബൗദ്ധിക വികസനം ഒരു പ്രാഥമിക ദൗത്യമായി കണക്കാക്കുന്നതും ഇതിൽ ഉൾപ്പെടാം. എളുപ്പത്തിൽ ഓട്ടോമേറ്റ് ചെയ്യാൻ കഴിയാത്ത അധ്യാപന രീതികൾ ശക്തിപ്പെടുത്തണം; ഉദാഹരണത്തിന്, സെമിനാറുകൾ, വാക്കാലുള്ള പരീക്ഷകൾ, ക്ലാസ്സിലെ അസൈൻമെന്റുകൾ എന്നിവ വിദ്യാർത്ഥികൾക്ക് തത്സമയം അവരുടെ യുക്തി വ്യക്തമാക്കാൻ ആവശ്യപ്പെടുന്നു. ഈ ഫോർമാറ്റുകൾ ഓട്ടോമേറ്റഡ് പ്രതികരണങ്ങളെ ആശ്രയിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ആശയങ്ങളുമായി സജീവമായി ഇടപെടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പഠനത്തിന്റെ അന്തിമ ഉൽപ്പന്നത്തെ മാത്രം വിലയിരുത്തുന്നതിനുപകരം, ബൗദ്ധിക പ്രക്രിയയെ വിലയിരുത്തുന്ന രീതിയിൽ മൂല്യനിർണ്ണയത്തെ പുനർവിചിന്തനം ചെയ്യുക എന്നതാണ്.
പഠനത്തിന്റെ അന്തിമ ഉൽപ്പന്നത്തെ മാത്രം വിലയിരുത്തുന്നതിനുപകരം, ബൗദ്ധിക പ്രക്രിയയെ വിലയിരുത്തുന്ന രീതിയിൽ മൂല്യനിർണ്ണയത്തെ പുനർവിചിന്തനം ചെയ്യുക എന്നതാണ്.

പുസ്തകജ്ഞാനം കൈമാറാൻ മാത്രമല്ല, വിവേകവും വിമർശനാത്മക ചിന്തയും വളർത്തുന്നതിനാണ് സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസം ആഗോളതലത്തിൽ വികസിക്കുമ്പോൾ, ഈ ദൗത്യം ഏറെ പ്രാധാന്യമർഹിക്കുന്നു. സർവകലാശാലകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യം അവ വ്യവസായത്തിനാവശ്യമായ യോഗ്യതകൾ നല്കുന്നുണ്ടോ, AI-യിൽ അദ്ധ്യാപകർക്കു പ്രാവീണ്യം ഉണ്ടോ എന്നൊന്നുമല്ല. മനുഷ്യന്റെ ബൗദ്ധികവികസനം എന്ന അടിസ്ഥാന ലക്ഷ്യത്തിൽ ഉന്നതവിദ്യാഭ്യാസം അടിയുറച്ചുനിൽക്കുന്നുണ്ടോ എന്നതാണ്.

(കാഴ്ചപ്പാടുകൾ വ്യക്തിപരം).

Comments