പട്ടിണിക്കും അക്കാദമിക സമ്മർദങ്ങൾക്കും ഇടയിലെ ഗവേഷണ വിദ്യാർഥി

ഗവേഷണ വിദ്യാർത്ഥിക്ക്​ സ്വതന്ത്രമായി തന്റെ അക്കാദമിക ശേഷി വിനിയോഗിക്കണമെകിൽ അടിസ്ഥാനപരമായി താമസം, ഭക്ഷണം, യാത്ര എന്നിവക്കും മറ്റു ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകാനും സാമ്പത്തിക പിന്തുണ ആവശ്യമാണ്. ഇവയുടെ അഭാവം എങ്ങനെ അക്കാദമിക അന്തരീക്ഷത്തെ പിന്നിലാക്കുന്നു? അത് എങ്ങനെ ഒരു ഗവേഷക സമൂഹത്തെയാകെ ദോഷകരമായി ബാധിക്കുന്നു? മഹാത്മാഗാന്ധി സർവകലാശാലയിലെ സ്​കൂൾ ഓഫ്​ സോഷ്യൽ സയൻസസിൽ ഗവേഷണ വിദ്യാർഥിയായിരുന്ന അരുൺ കെ.എൽ എഴുതുന്നു.

രു അക്കാദമിക സമൂഹത്തിന്റെ കാര്യക്ഷമത എങ്ങനെ രൂപപ്പെടുന്നു, പരിവർത്തനത്തിന്​ വിധേയമാകുന്നു എന്നീ കാര്യങ്ങൾ അന്വേഷിക്കുകയാണ്​ ഈ എഴുത്തിലൂടെ. പൊതുവെ സാമൂഹ്യശാസ്​ത്രപഠനക്കാർ പിന്തുടരുന്ന പ്രതിഫലന സമൂഹപഠന രീതി എന്നോ റിഫ്ലെക്​സീവ്​ സോഷ്യോളജിക്കൽ അപ്രോച്ച്​ എന്നോ ഇതിനെ വ്യാഖ്യാനിക്കാം.

അക്കാദമിക സമൂഹങ്ങൾ എത്രത്തോളം കാര്യക്ഷമമായി തീരണം എന്നത് ആ അക്കാദമിക സമൂഹങ്ങളിൽ നിന്നുതന്നെ​ ഉയർന്നുവരേണ്ട വിഷയമാണ്​. പ്രത്യേകം പഠനരീതികൾ അവലംബിച്ചില്ലെങ്കിലും എഴുത്തുകൾ, അതിനെ രൂപപ്പെടുത്തിയ ജീവിതസാഹചര്യങ്ങളോടും സാമ്പത്തിക ചുറ്റുപാടുകളോടും കടപ്പെട്ടിരിക്കുന്നു. ഗവേഷണ വിദ്യാർഥിക്കൂട്ടങ്ങൾ, അവരുടെ പലതരം അവസ്​ഥകൾ, അതിന്​ നിമിത്തമായ സാഹചര്യങ്ങൾ എല്ലാം സ്വന്തം അനുഭവങ്ങളിലൂടെ കൂട്ടിവായിക്കുമ്പോൾ സാമ്പത്തിക ചുറ്റുപാടുകളും അടിസ്ഥാനസൗകര്യങ്ങളും എങ്ങനെ അക്കാദമികാന്തരീക്ഷത്തെ പിന്നിലാക്കുന്നു എന്നും അത് എങ്ങനെ ഒരു ഗവേഷക സമൂഹത്തെയാകെ ദോഷകരമായി ബാധിക്കുന്നു എന്നതുമാണ് ഇവിടെ ചർച്ചാവിഷയം.

അക്കാദമികാന്തരീക്ഷം പിന്നിൽ

ട്രെയിനിൽ യാത്ര ചെയ്യുമ്പോഴും, ആളുകളുമായി സംസാരിക്കുമ്പോഴും, വെറുതെ റോഡിലൂടെയും തിരക്കേറിയ മാർക്കറ്റിലൂടെയുമെല്ലാം നടക്കുമ്പോഴും കാണുന്ന കാഴ്ചകളിൽ പലതും റിഫ്ലക്റ്റീവ് നോട്ട് എന്ന കമ്പ്യൂട്ടറിന്റെ ഫോൾഡറിൽ എഴുതിച്ചേർക്കും. അങ്ങനെ രൂപപ്പെട്ട ചില കാര്യങ്ങളാണ്​അവതരിപ്പിക്കുന്നത്.

അക്ഷരങ്ങൾ എഴുതാൻ തുടങ്ങുന്നതിനുമുമ്പുതന്നെ നമ്മൾ ഓരോരുത്തരും പഠിക്കാനും തുടങ്ങുന്നു. പഠനം എന്ന പ്രക്രിയയ്ക്ക് നമ്മൾ മാനസിക- ശാരീരിക ആരോഗ്യത്തോടെ ഇരിക്കുന്ന കാലത്തോളം തുടർച്ചയുണ്ടാകും. ഒരു ഭൂപ്രദേശത്ത് താമസിച്ചുവളർന്നുവരുന്ന ഒരു കൂട്ടം ആളുകൾക്ക് അവരുടേതായ ഭാഷയും, സംസ്‌കാരരീതികളും കാണാം. ഇതിലുപരി അവർക്ക് അവരുടേതായ ജീവിതരീതികളുമുണ്ടാകും. ദേശീയതാ സങ്കൽപ്പം ഒരു ദേശം എന്നോ, വലുപ്പവ്യത്യാസത്തിന്റെയും ഭാഷയിലും ജീവിതരീതിയിലുമുള്ള വിഭിന്നതയുടെയും അടിസ്​ഥാനത്തിൽ വിവിധ സാമൂഹിക ക്രമങ്ങളിൽ പോലുമുള്ളവരെ രാജ്യം എന്നോ ഉള്ള സങ്കൽപ്പങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്. നമ്മൾ ഇന്ന് ജീവിക്കുന്ന, പരിഷ്‌കൃതമെന്ന്​ വിശേഷിപ്പിക്കാവുന്ന മാനവിക സംസ്‌കാരത്തിലേക്കുള്ള എത്തിപ്പെടൽ മറ്റനേകം സാമൂഹിക പരിവർത്തനങ്ങളുടെ കൂടി ഫലമാണ്​. സാമൂഹിക പരിവർത്തനം എന്ന ആശയം തന്നെ വ്യക്തമാക്കുന്നത് മാറ്റം എന്നാണല്ലോ. അതുകൊണ്ടുതന്നെ അത് നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന്​ വിഭിന്നവുമായിരിക്കും.

ഭാഷാ വ്യാകരണങ്ങൾ ശാസ്ത്രീയമായി പഠിക്കാതെ തന്നെ ഒരാൾക്ക് മാതൃഭാഷാ പ്രയോഗങ്ങൾ സുഗമമായി ചർച്ച ചെയ്യാൻ കഴിയും. ഒരുപക്ഷെ ആ വ്യക്തിക്ക് ​ആ ഭാഷ എഴുതാൻ പോലും കഴിയണമെന്നില്ല. ആ വ്യക്തി ഉൾപ്പെടുന്ന സമൂഹത്തിന്റെ നിരന്തര പദപ്രയോഗങ്ങളിലൂടെ ആർജിച്ചെടുത്ത ഭാഷാസമ്പത്ത് കാരണമാണ് അതെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്നാൽ ആ വ്യക്തി എത്തിച്ചേരുന്ന വിവിധ അന്തരീക്ഷങ്ങളിൽ നിന്നും ഇടങ്ങളിൽ നിന്നും അയാൾക്ക് / അവൾക്ക്​ ആ ഭാഷയുടെ വിവിധ തലങ്ങൾ മനസ്സിലാക്കാൻ സാധിക്കും. അതോടൊപ്പം, ആ വ്യക്തിയുടെ കാഴ്ചയും, കാഴ്ചപ്പാടുകളും പരിവർത്തനത്തിന് വിധേയമാകുകയും​ ചെയ്യും.

മഹാത്മാഗാന്ധി സർവ്വകലാശാല
മഹാത്മാഗാന്ധി സർവ്വകലാശാല

ഒരു കുന്നിൻചെരിവിൽ നിന്നുത്ഭവിച്ച വെള്ളത്തിന് അതിന്റെ ഒഴുക്കിനും, പ്രതിഫലനത്തിനും, ഭൂപ്രകൃതിയിലുണ്ടാകുന്ന വ്യത്യാസത്തിനും അനുസരിച്ച് മാറ്റം വരും. ചിലപ്പോൾ ആ യാത്ര ആസ്വാദ്യവും എന്നാൽ മറ്റൊരിക്കൽ അനാസ്വാദ്യവും ആയെന്നുവരാം. മലയിടുക്കിലും, ഇടനാടിലും, തീരപ്രദേശത്തും ആ വെള്ളത്തിന് വിവിധ സ്വഭാവങ്ങളും, ഭാഷയും കാണാം. ഇന്ത്യ എന്ന രാജ്യത്ത്, കേരളം എന്ന സംസ്ഥാനത്ത് തന്നെ വിവിധ ജില്ലകളിൽ, ഗ്രാമ-നഗര വ്യത്യാസങ്ങളോടെ ഔപചാരിക വിദ്യാഭ്യാസം നേടി മുന്നോട്ടുപോകുന്ന വിദ്യാർത്ഥികളെക്കുറിച്ചും അവരുടെ അവസ്ഥാന്തരങ്ങളെക്കുറിച്ചുമാണ് പറയാനുദ്ദേശിക്കുന്നത്​. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ വിവിധ തലങ്ങളും ചവിട്ടുപടികളും കടന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തിച്ചേരുന്ന ഒരുപറ്റം വിദ്യാർത്ഥികളെക്കുറിച്ചും, അവിടെ അവരുടെ അവസ്ഥകളെക്കുറിച്ചും അതിലുപരി അതിജീവനസമരങ്ങളെയും കുറിച്ചുള്ള ഒരു സൂക്ഷമനിരീക്ഷണം നടത്തുക എന്ന ഉദ്ദേശ്യവും ഇതിനുപുറകിലുണ്ട്​.

ഈ വ്യാഖ്യാനത്തിലുടനീളം സെൽഫ്​ റിഫ്ലക്​സീവ്​ ആയ സമീപനമാണ്​വിഷയം പഠിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഞാൻ, എന്ന ഈ എഴുത്തുകാരന്റെ ഭാഷയും, വ്യാകരണവും, വിഷയവും ഒരു സാമൂഹികസൃഷ്ടിയും, സാമൂഹിക കാഴ്ചപ്പാടും ആണെന്നും, അതിലുപരി "ഞാൻ' തന്നെ സാമൂഹിക സൃഷ്ടിയാണെന്നും ഉള്ളത് പ്രാഥമിക വസ്തുതയായി കാണാം.

ബാല്യം, കൗമാരം, യൗവ്വനം മുതലായ വളർച്ചാഘട്ടങ്ങളിൽ ഒരേസമയം സാമൂഹികാവസ്ഥകളോടും, അക്കാദമിക തലങ്ങളിലെ പരിവർത്തനങ്ങളോടും ഇടപെട്ടാണ്​ ഏതൊരു വിദ്യാർത്ഥിയും കടന്നുപോകുന്നത്. അവർ നേരിടുന്ന സമ്മർദ്ദങ്ങളും, ആശ്വാസങ്ങളും, പ്രതീക്ഷകളും, പ്രതീക്ഷയില്ലായ്മയും, തീർച്ചയില്ലായ്മയും, അനിശ്ചിതത്വങ്ങളും എല്ലാം ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തുമ്പോൾ വെല്ലുവിളി സൃഷ്​ടിക്കും.

കേരള ജനതയുടെ മാനവിക വികസന സൂചികകകൾ (Human Development Index) മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്​താൽ, ഏറെ മെച്ചപ്പെട്ടതായി കാണുന്നു. സാമൂഹികമായും, ആരോഗ്യപരമായും, വിദ്യാഭ്യാസപരമായും ഇത് മുന്നിലാണ്. ഈ സൂചികകകൾ പലതും നമ്മുടെ പ്രാഥമികാവശ്യങ്ങളുടെ സാക്ഷാത്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസരംഗത്തേയ്ക്കുള്ള രൂപപ്പെടുത്തലിൽ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉണ്ടാകേണ്ട പങ്കിന്റെ അഭാവം തുറന്നുകാണിക്കുമ്പോൾ നമ്മുടെ അക്കാദമികാന്തരീക്ഷവും, നിലവാരവും എത്രയോ പിന്നിലാണ് എന്ന് പറയാതെ വയ്യ.

ഗവേഷക വിദ്യാർഥികളുടെ വെല്ലുവിളികൾ

ഉന്നത വിദ്യാഭ്യാസരംഗത്ത്​ എത്തിച്ചേരുന്ന വിദ്യാർത്ഥി, അത് ഏതു വിഷയമാണെങ്കിലും, മറ്റുള്ളവരെ അപേക്ഷിച്ച് മുന്നോട്ടുപോകാൻ ധൈര്യം കാണിച്ചവരാണെന്നുപറയാം. സ്‌കൂൾതലം കഴിഞ്ഞ്​ ഹയർ സെക്കണ്ടറി തലവും പിന്നിട്ട് അവരവരുടെ പ്രധാന വിഷയത്തിൽ ഡിഗ്രിയും തുടർന്ന് പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞ്​ വീണ്ടും ഗവേഷണ പഠനങ്ങളിലേയ്ക്ക് പ്രവേശിക്കുന്നവർ എപ്പോഴും കേട്ടിരിക്കാവുന്ന ചോദ്യം, പെട്ടെന്ന് ജോലിസാധ്യതയുള്ള കോഴ്സ് പഠിച്ചാൽ പോരേ എന്നാണ്. യൂണിവേഴ്‌സിറ്റി തലത്തിൽ പൊതുവേ അറിവ് നേടുക അല്ലെങ്കിൽ കൂടുതൽ വ്യക്തത വരുത്തുക എന്ന താല്പര്യത്തോടെയാകും ബഹുഭൂരിപക്ഷം ഗവേഷക വിദ്യാർത്ഥികളും അവരവരുടെ വിഷയങ്ങൾ എടുക്കുന്നത്. എന്നാൽ, ഇതിൽത്തന്നെ ഒരു വിഭാഗം അക്കാദമിക് പെർഫോമൻസ് ഇൻഡക്‌സ് (API) കൂട്ടുന്നതിനും, തുടർന്ന് ജോലിസാധ്യത വർധിപ്പിക്കുന്നതിനുമുള്ള മാർഗമായി ഇതിനെ കാണുന്നു. അധ്യാപക തൊഴിലിൽ താല്പര്യമില്ലാത്തവരും ഗവേഷണ വിദ്യാർത്ഥികളിലുണ്ടാകും.

കൂടുതൽ പഠിക്കുക എന്ന ആഗ്രഹം എല്ലാവർക്കുമുണ്ടായതിന്റെ ഫലമായാണ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞശേഷവും ഒരു വിദ്യാർത്ഥി മുന്നോട്ടുപോകുന്നത്. കൂടാതെ കോളേജ് അദ്ധ്യാപകരായവർ തൊഴിൽ പ്രൊമോഷൻ എന്ന ആവശ്യം മുന്നിൽ കണ്ട്​ പിഎച്ച്​.ഡി മുതലായ കോഴ്‌സുകൾ ചെയ്യുന്നത് പതിവായിട്ടുണ്ട്​. ഇങ്ങനെ പല തരം ഗവേഷണവിദ്യാർത്ഥികളെ കാണാം. തന്റെ കരിയർ എന്ന മായികലോകത്ത് കാര്യമായ മുന്നൊരുക്കം നടത്താത്തവരും അവരുടെ മുന്നോട്ടുള്ള യാത്രയെ തുടർന്ന് ഗവേഷണ പഠനങ്ങളിൽ എത്തിച്ചേരാറുണ്ട്.

ഉന്നത ഗവേഷണ പഠന മേഖലയിൽ എത്തിച്ചേരുന്ന ഓരോ വിദ്യാർത്ഥിയും സ്വന്തം സാമൂഹിക തലങ്ങളിൽ നിന്നുകൊണ്ട് അവരുടേതായ വെല്ലുവിളികൾ നേരിടാറുണ്ട്. ഗവേഷണ പഠനം പൂർത്തിയാക്കി നിശ്ചിത സമയത്ത്​സമർപ്പിക്കുന്നതിൽ, ഓരോ വിദ്യാർത്ഥിയുടെയും അതുവരെയുള്ള അക്കാദമിക രൂപപ്പെടുത്തലുകൾ പ്രധാനപ്പെട്ട ഒന്നാണ്. ഇതിലുപരി, അവരവരുടെ സാമൂഹികാന്തരീക്ഷം അനുസരിച്ച് അവർക്കുണ്ടാകുന്ന പിന്തുണയും. ഇത്​അവരുടെ പഠനം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്നതും ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്​.

എം ജി യൂണിവേഴ്‌സിറ്റിയുടെ കാര്യം എടുക്കുകയാണെങ്കിൽ എം ഫിൽ പോലുള്ള കോഴ്‌സുകൾക്ക് ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഗവേഷണ വിദ്യാർത്ഥികൾ ഗവേഷണ പഠനം പൂർത്തിയാക്കുന്നതിന് ഏറെ പ്രശ്‌നങ്ങൾ നേരിടാറുണ്ട്. എന്നാൽ ഇതേ വിദ്യാർത്ഥികൾക്ക് സീറ്റ് റിസർവേഷനുണ്ടായെന്നുവരാം. ഫെല്ലോഷിപ്പ് തുക സ്വീകരിക്കുന്ന വിദ്യാർത്ഥികൾ അക്കാദമികമായ ഉപയോഗത്തിനുള്ള സാധന സാമഗ്രികൾ വാങ്ങാൻ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് അവരുടെ നിലനിൽപ്പിനും അക്കാദമിക് സ്വാതന്ത്ര്യത്തിനുമുള്ള ശേഷി നൽകുന്നു. പഠനച്ചെലവിന്​ ഫെല്ലോഷിപ്പ് ഇല്ലാതെവരുന്ന ഒരു വിദ്യാർത്ഥി തന്റെ സാമൂഹിക- സാമ്പത്തിക ക്രമങ്ങൾക്കനുസരിച്ച് കാറ്ററിംഗ് സർവീസ് മുതൽ, പ്രൊജക്റ്റ് ഫെല്ലോ, ഗസ്റ്റ് അധ്യാപകർ തുടങ്ങിയ തൊഴിലുകളും കണ്ടെത്താറുണ്ട്.

ഏതൊരു വിദ്യാർത്ഥിയുടെയും ഗാർഹികാന്തരീക്ഷവും, സാമൂഹികാന്തരീക്ഷവും വിദ്യാഭ്യാസപ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിൽ ഏറെ പ്രധാനം, സാമ്പത്തികാവസ്ഥ തന്നെയാണ്. ഏതൊരു വിദ്യാർത്ഥിയ്ക്കും ഉയർന്നുപറക്കാൻ ചിറക്​ നൽകുന്നത് അവരുടെ സാമൂഹിക- സാമ്പത്തിക അവസ്ഥ തന്നെയാണ്. ഏറെ ദൂരം പറന്നുകഴിയുമ്പോൾ ചിറകുകൾ തളരാതിരിക്കാൻ നല്ല സാമ്പത്തികാവസ്ഥ സഹായകരമാകും. ഏതു സാമൂഹിക- സാമ്പത്തിക ക്രമത്തിലും വളർന്നുവരുന്ന വിദ്യാർത്ഥി അവരുടെ ആഗ്രഹമനുസരിച്ച്​ സ്വയം പൊരുത്തപ്പെടലുകൾ നടത്തി മുന്നേറുന്നത് പലപ്പോഴും അവരവരുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായാണ്​.

സാമ്പത്തികമായി പിന്നാക്കാവസ്​ഥയിലുള്ള വിദ്യാർഥികൾ നേരിടുന്ന സമ്മർദ്ദം പ്രധാനമായും വിഭവമില്ലായ്മയിൽനിന്നാണ്. സാമൂഹികമായി പരിശോധിച്ചാൽ ഗാർഹികാന്തരീക്ഷം, ഓരോ വിഭാഗങ്ങൾക്കും വ്യത്യസ്തമായിരിക്കും. ഇതെല്ലാം കൂടിചേർന്നാണ് ഒരു വിദ്യാർഥിസമൂഹത്തിന്റെ കഴിവും അക്കാദമിക സ്വാതന്ത്രവും നിർണ്ണയിക്കപ്പെടുന്നത്. പല സാമൂഹിക തട്ടുകളിൽ നിൽക്കുന്ന വിദ്യാർത്ഥികളെ മാർക്കുകൊണ്ടും ഗ്രേഡുകൊണ്ടും അളന്നുവിടുന്ന അക്കാദമിക സംവിധാനങ്ങൾ പോലും ഉച്ചനീചത്വങ്ങൾക്ക് വഴിയൊരുക്കുന്നു. സ്‌കൂളുകളും കോളേജുകളും ഗ്രേഡുയർത്താനുള്ള മത്സരത്തിൽ സാമ്പത്തികമായും സാമൂഹികമായും കഴിവില്ലാത്ത വിദ്യാർത്ഥികൾക്ക് എത്ര അക്കാദമിക പിന്തുണ കൊടുക്കുന്നുണ്ട് എന്നത്​സൂക്ഷ്മനിരീക്ഷണം നടത്തേണ്ട ഒന്നാണ്.

സാമ്പത്തികം എന്ന മൂലധനം

അക്കാദമികരംഗത്ത് ഒരു ഗവേഷണ വിദ്യാർത്ഥിയുടെ മുന്നോട്ടു പോകലിനുള്ള കഴിവ് തീരുമാനിക്കുന്നത് ഗവേഷണ മികവോ, പഠനവിഷയങ്ങളിലെ ആത്മാർത്ഥ സമീപനമോ മാത്രം അടിസ്​ഥാനമാക്കിയല്ല. ഇക്കാര്യത്തിൽ, അവരുടെ സാമ്പത്തിക കഴിവ് നിർണ്ണായകമാണ്​. അതോടൊപ്പം, ചേർത്തുവായിക്കേണ്ട ഒന്നാണ് സാമൂഹിക സാഹചര്യങ്ങളും. ഇതുരണ്ടും ചേർന്നാണ് അക്കാദമിക കഴിവിന് പിന്തുണ നൽകുന്നത്. സാംസ്‌കാരിക മൂലധനം എന്ന സംജ്ഞയും പ്രാവർത്തികമാകാറുണ്ട്. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ നിൽക്കുന്നവരെ പരിശോധിച്ചാൽ അവരിൽ ഭൂരിഭാഗവും സാമൂഹികമായി ഉയർന്ന നിലയിൽ വളർന്നു വന്നവരാണെന്നുകാണാം.

സയൻസിലും, സാമൂഹികശാസ്ത്രത്തിലുമുള്ള യൂണിവേഴ്‌സിറ്റി തലത്തിലെ അധ്യാപകരുടെ നിര അതുതന്നെയാണ് കാണിക്കുന്നത്​. നല്ല ഭാഷ ഉണ്ടാകാനും, വായിക്കാനും, എഴുതാനും, വായിക്കുന്നത് മനസ്സിലാക്കുന്നതിനും എല്ലാമുള്ള സാംസ്‌കാരിക മൂലധനം പരമ്പരാഗതമായി തങ്ങളുടെ കുടുംബത്തിൽ നിന്നോ, സമൂഹത്തിൽ നിന്നോ ലഭിക്കാറുണ്ട്. ഇത്തരം പരിവർത്തനങ്ങളിലൂടെ വളർന്നുവന്ന വിദ്യാർത്ഥിയെ സംബന്ധിച്ച്​ കാര്യഗ്രഹണവും പ്രയോഗവും അക്കാദമികതലത്തിൽ മുന്നോട്ടുപോകാൻ സഹായിക്കാറുണ്ട്. എന്നാൽ ഇത്തരം കഴിവുകൾ ആർജ്ജിച്ചെടുക്കാൻ നിലവിലെ വ്യവസ്ഥിതിയിലൂടെ പരിശ്രമിച്ചു മുന്നേറുന്നവരുമുണ്ട്. മേൽപ്പറഞ്ഞ കഴിവുകൾ അക്കാദമികമായ കഴിവിനെ ബാധിക്കുന്നുണ്ട്. ഇതിൽ സാമ്പത്തിക കഴിവില്ലായ്മയാണ് പലരെയും പുറകോട്ട് വലിക്കുന്നത്. മേൽപ്പറഞ്ഞ കഴിവുകളുടെ അഭാവം ഗവേഷണ വിദ്യാർത്ഥിയെ അവരുടെ പഠനങ്ങളിൽനിന്ന്​ പുറകോട്ട്​ വലിക്കും. ഇതിനു പരിഹാരം കണ്ടെത്താൻ അക്കാദമിക സംവിധാനത്തിലെ വ്യവസ്ഥിതികൾക്ക് കഴിയും.

യു.ജി.സി നെറ്റോ ജെ.ആർ.എഫ് യോ ഉള്ളവർമാത്രം ഗവേഷണ പഠനത്തിൽ ഏർപ്പെട്ടാൽമതി എന്ന്​ ഈയിടെ ഒരു യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നെറ്റ് പരീക്ഷയോ ജെ.ആർ.എഫോ ഗവേഷണ പഠനത്തിന്റെ യഥാർത്ഥ മാനദണ്ഡമല്ല. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ അവസ്ഥയും ഈ വിഷയങ്ങളിൽ വ്യത്യസ്​തമാണ്​. സയൻസ് ആയാലും സാമൂഹികശാസ്ത്ര വിഷയങ്ങളായാലും സ്ഥിതിഗതി ഒന്നുതന്നെയാണ്.

ഗൈഡുമാരുടെ അദൃശ്യലോകം

ഇനി, ചർച്ച ചെയ്യേണ്ടത് ഗൈഡുകളെക്കുറിച്ചാണ്​, അതായത്​, അവർ അവരുടേതായ ഒരു അദൃശ്യലോകം ഉണ്ടാക്കുന്നതിന്​ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച്​. ഗൈഡുമാർക്ക്​ ജീവിക്കാൻ ശമ്പളം കിട്ടുന്നുണ്ട് എങ്കിലും വിദ്യാർത്ഥികളെ സംബന്ധിച്ച്​ പലർക്കും ജീവിതസമരം തന്നെയാണ്. കൃത്യമായ സമീപനങ്ങളോടെ ഗവേഷണലേർപ്പെടുന്നവർക്കുപോലും അത് വിചാരിക്കുന്നപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തത് അവരുടെ ശേഷിക്ക്​ സ്വതന്ത്രമായി വിഹരിക്കാനാകാത്തതുകൊണ്ടാണ്​. പ്രഗല്ഭരായ സർവ്വകലാശാലാ അദ്ധ്യാപകർ നൽകുന്ന വ്യത്യസ്​തമായ അക്കാദമിക് സമീപനങ്ങളും, മാർഗദർശനങ്ങളും മറ്റും കോളേജുതലത്തിൽ നിന്നു്​കിട്ടാനിടയില്ല. എന്നാൽ ഗവേഷണ പഠനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് വിദ്യാർത്ഥിയുടെ ശേഷി അഥവാ കഴിവ് നിർണയിക്കുന്നത്​, സാമ്പത്തികം എന്ന ഘടകമാണ്​.

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ, വിദ്യാർത്ഥികൾ സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ ഗവേഷണത്തിന് ഒരു വിഷയം കണ്ടെത്തുന്നതുമുതൽ സങ്കീർണ്ണതകൾ ആരംഭിക്കുകയായി. തിരഞ്ഞെടുത്ത വിഷയത്തിൽ പ്രാഥമിക വായന നടത്തി സൈദ്ധാന്തിക സമീപനങ്ങളോടെ അടിത്തറയുള്ള പഠനമായി മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരുടെ​ അക്കാദമിക ശേഷി രൂപപ്പെടുത്തുന്നതിൽ, അധ്യാപക തലത്തിലല്ലാതെ വിദ്യാലയം ശരിയായ ഒരു പഠനസമീപനം കൈക്കൊള്ളാറില്ല. അതായത്​, വിദ്യാലയത്തിലെ വിദ്യാർത്ഥികളെ മൊത്തമായി രൂപപ്പെടുത്തുന്നതിന് പലപ്പോഴും സാധിക്കാറില്ല. ഒരുപക്ഷെ മറ്റു സർവ്വകലാശാലകകളിലും ഇതേ അവസ്ഥ തന്നെയാകും. മഹാത്മാഗാന്ധി യുണിവേസിറ്റിയിലെ മറ്റു ഡിപ്പാർട്ടുമെന്റുകളിൽ സോഷ്യൽ സയൻസ് വിദ്യാലയത്തിലേതുപോലെ എം എഫിൽ തീസിസ് സമർപ്പിക്കാനാകാതെ കൊഴിഞ്ഞുപോകുന്ന എത്ര വിദ്യാർത്ഥികളു​ണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

ആവശ്യത്തിന് ഗൈഡുമാരായ അദ്ധ്യാപകരില്ലാത്തത്​ പ്രശ്​നം രൂക്ഷമാക്കുന്നു. വിരമിച്ചവർക്കുപകരം അദ്ധ്യാപകരെ നിയമിക്കാത്തത്​ ഒരു വിഷമപ്രശ്‌നമാണ്​. അതുകൊണ്ടുതന്നെ ഒരു ഗൈഡിന്റെ കീഴിൽ നിരവധി എം ഫിൽ വിദ്യാർത്ഥികളും പിഎച്ച്​.ഡി വിദ്യാർത്ഥികളും വരുന്നതും പ്രശ്‌നകരമായിരുന്നു. പിന്നീടാണ് റിട്ടയർ ചെയ്തവർക്ക് ഗവേഷകരെ ഗൈഡ് ചെയ്യാൻ കഴിയില്ല എന്നതും, എടുക്കാവുന്ന കുട്ടികളുടെ എണ്ണത്തിൽ പരിമിതിയും വന്നത്.

വിശപ്പ്​ എന്ന അടിസ്​ഥാന പ്രശ്​നം

ഗവേഷണ വിദ്യാർത്ഥിക്ക്​ സ്വതന്ത്രമായി തന്റെ അക്കാദമിക ശേഷി വിനിയോഗിക്കണമെകിൽ അടിസ്ഥാനപരമായി താമസം, ഭക്ഷണം, യാത്ര എന്നിവക്കും മറ്റു ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകാനും സാമ്പത്തിക പിന്തുണ ആവശ്യമാണ്. എന്നാൽ, കോഴ്‌സിനോടനുബന്ധിച്ച്​ ഹോസ്റ്റൽ സൗകര്യം നല്കാൻ പോലും സർവ്വകലാശാലയ്ക്ക് കഴിഞ്ഞിരുന്നില്ല. ഡിപ്പാർട്ടുമെന്റും, സർവ്വകലാശാല കാമ്പസും രണ്ടു വ്യത്യസ്​ത ഇടങ്ങളിൽ ആയിരുന്നു. അതുകൊണ്ട്​ ഒരു അക്കാദമിക് കമ്യൂണിറ്റി രൂപപ്പെടുന്നതിന്​ ഇത്​ പ്രതിബന്ധമുണ്ടാക്കി. കോഴ്സ് വർക്ക് കഴിഞ്ഞശേഷവും ഹോസ്റ്റൽ സൗകര്യം ലഭിക്കാതെ വരുന്നത് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ എം ഫിൽ ഗവേഷക വിദ്യാർത്ഥികളെ സംബന്ധിച്ച് തികഞ്ഞ വെല്ലുവിളിയായിരുന്നു. പിന്നെ ചെയ്യാറുള്ള ഒരു കാര്യം നേരത്തെ ഹോസ്റ്റൽ മുറി കിട്ടിയവർക്കൊപ്പം താമസിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഒരാൾക്ക് കിടക്കാൻ മാത്രമുള്ള മുറികളിൽ ഒന്നോ രണ്ടോ സുഹൃത്തുക്കൾ ഒരുമിച്ചു താമസിക്കാറുണ്ട്. യാതൊരു ഫെല്ലോഷിപ്പും കിട്ടാത്തവർ, നിലനിൽപിന്​ മറ്റു ജോലി ചെയ്യേണ്ടിവരുന്നത്​, ഗവേഷണ പഠനങ്ങളിൽ മുഴുകാനുള്ള അവരുടെ സാധ്യത ഇല്ലാതാക്കുന്നു. ഇത്​അക്കാദമിക തലത്തിൽ അതിസമ്മർദ്ദങ്ങൾക്കിടയാക്കുന്നു.

എം. ജി യൂണിവേഴ്‌സിറ്റിയിൽ ഡിപ്പാർട്ടുമെൻറ്​ വ്യത്യാസമില്ലാതെ, വിദ്യാർത്ഥികൾക്ക് ആശ്രയം ആകുന്ന ‘സ്ഥാപനം’ ആണ്​ ബേബിച്ചന്റെ വീട്. ബേബിച്ചന്റെ വീട്ടിൽ നിന്നാണ് ഫെല്ലോഷിപ്പ് വാങ്ങി അതിജീവിക്കുന്നവരും മറ്റു ജോലികൾ ചെയ്ത്​ മുന്നോട്ടുപോകുന്നവരും ഭക്ഷണം കഴിച്ചു മുന്നോട്ടുപോകുന്നത്. വിശപ്പ് ഒരു അടിസ്ഥാന പ്രശ്നം​ തന്നെയാണ്. സാമൂഹ്യ ശാസ്ത്രവിദ്യാലയത്തിൽ വന്നതുകൊണ്ട് പട്ടിണി കിടന്നു ശീലിച്ച ധാരാളം പേരുണ്ട്. കാരണം അവിടെ കാന്റീൻ സൗകര്യം ഇല്ലായിരുന്നു. അടുത്തെങ്ങും അന്ന് ഹോട്ടലും ഇല്ലായിരുന്നു. അവിടെ ആകെയുണ്ടായിരുന്നത് സാബുച്ചേട്ടന്റെ കടയാണ്. അവിടെ രാവിലെ ദോശയും അപ്പവും ഗ്രീൻപീസ് തോണ്ടുകറിയുമാണ്. കറി സൗജന്യമായിരുന്നു എന്ന് പറയണം. ഉച്ചഭക്ഷണത്തിന്​ പൊതുവെ വകയില്ല. കട്ടൻ ചായ മാത്രമായിരിക്കും പലർക്കും ആശ്രയം. പട്ടിണി കിടക്കാനും അത് ശീലമാക്കാനും അവിടെ കുറേ പേർക്ക്​സാധിച്ചിരുന്നു. ഉച്ചയ്ക്ക് ദിവസവും വീട്ടിൽ പോയി വരുന്ന എബിനെ പോലെ യുള്ളവരും, നെൽസണും എല്ലാം ഒരു ചോറുപൊതി കൂടുതൽ കൊണ്ടുവരും. എല്ലാവരും ഒരുമിച്ചിരുന്ന്​ ഒരിലയിൽ നിന്ന്​ ഭക്ഷണം കഴിച്ചിരുന്നു. വിശപ്പിന്റെ വില അറിയാവുന്ന ഒരുപറ്റം ആളുകൾ.

ബേബിച്ചന്റെ വീട്​

ഇനി ബേബിച്ചന്റെ വീട്ടിലേയ്ക്ക് തിരിച്ചുവരാം. ബേബിച്ചന്റെ വീടുതന്നെയാണ് കട. ബേബിച്ചന്റെ വീട്ടിൽ നിന്ന്​ കാശുകൊടുത്തും അല്ലാതെയും ഭക്ഷണം കഴിക്കാം. അതിന്​ അവിടെ ഒരു കണക്കു പുസ്തകമുണ്ട്​. വിദ്യാർഥികൾ എന്താണോ കഴിച്ചത് എന്ന് അവരവർ തന്നെ അതിൽ എഴുതിയിടും. ഓരോരുത്തർക്കും അവരവരുടേതായ പേജ് കാണും. ഈ ബുക്കിൽ പേര് ചേർക്കുന്നതിന് യൂണിവേഴ്‌സിറ്റി മെസിലെ പോലെ പ്രത്യേകം ഡെപ്പോസിറ്റ് തുകയൊന്നും വേണ്ട. യൂണിവേഴ്‌സിറ്റിയിൽ എന്തെങ്കിലും പഠിക്കുന്നവരായാൽ മതി. ലാഗ് ചെയ്ത്​ പഠിക്കുന്നവരായാലും പ്രശ്​നമില്ല. കയ്യിൽ കാശില്ലാത്ത വിദ്യാർത്ഥികളെ സംബന്ധിച്ച്​ ഇതൊരനുഗ്രഹം തന്നൊയണ്​. ബേബിച്ചേട്ടനെ എല്ലാവരും ബേബിച്ചൻ എന്നാണ് വിളിക്കുന്നത്, അത് പാരമ്പര്യമായി തലമുറകൾ കൈമാറിവരുന്നു. ഇന്നും ബേബിച്ചൻ വിളിയ്ക്ക് മാറ്റമില്ല. അത് തുടരുന്നുണ്ട്. കഥയിൽ അൽപം കാര്യമായോ കാര്യത്തിൽ അൽപം കഥയായോ ഇതിനെ വ്യാഖ്യാനിക്കാം.

ഗവേഷണ പ്രബന്ധം ഉപേക്ഷിച്ചു പോകുന്നവർ

തിരിച്ച് ഗവേഷണ പഠനത്തിലേയ്ക്ക് വരുമ്പോൾ, തലമുറകളായി സാമൂഹ്യശാസ്ത്ര വിദ്യാലയത്തിൽ ഗവേഷണത്തിന്റെ മെല്ലെപോക്ക് പുതുമയല്ലാതായിരിക്കുന്നു. യൂണിവേഴ്‌സിറ്റി സെക്ഷനിൽ കയറിച്ചെല്ലുമ്പോൾ അവരുടെ ആക്ഷേപവും കേൾക്കാറുണ്ട്; ‘‘നിങ്ങൾക്കുമാത്രം എന്താണ് പ്രത്യേകത? മറ്റു ഡിപ്പാർട്ടുമെൻറുകാർ വർക്ക് സമയത്തിന് വയ്ക്കുന്നുണ്ടല്ലോ’’ എന്നായിരിക്കും ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യം. ശരാശരി കണക്കനുസരിച്ച്, എം ഫിൽ ഗവേഷണപഠനം പൂർത്തിയാക്കി സമർപ്പിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലഘട്ടം രണ്ടു വർഷമാണ്​. ഇതിൽ ആദ്യ ആറു മാസം കോഴ്സ് വർക്ക് ആണ്. തന്റെ പ്രബന്ധം രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കി സമർപ്പിക്കുക എന്നത് ഒരു എം ഫിൽ വിദ്യാർത്ഥിയെ സംബന്ധിച്ച് 2012 - 2017 കാലഘട്ടത്തിൽ അസാധ്യമായിരുന്നു എന്നുതോന്നിയിട്ടുണ്ട്. ഇടക്കുവച്ച് പ്രബന്ധം ഉപേക്ഷിച്ചുപോയവർ നിരവധിയാണ്​. 2011 ലെ അഡ്മിഷനിൽ അഞ്ചുപേർ പ്രബന്ധം ചെയ്യാൻ കഴിയാതെ കോഴ്സ് ഉപേക്ഷിച്ചുപോയിട്ടുണ്ട്. 14 പേരുടെ ബാച്ചായിരുന്നു അത്. ഇതിൽ നാഗാലാന്റിൽനിന്ന്​ എസ്‌തേർ എന്ന വിദ്യാർത്ഥിനിയും ഉണ്ടായിരുന്നു. അവർ രണ്ടു വർഷം കൊണ്ട് പഠനം സമർപ്പിച്ചിരുന്നു. പിന്നെ അജയനും ഏതാണ്ട് ആ കാലയളവിൽ പ്രബന്ധം വച്ചിരുന്നു. ഇവരുടെ ഗൈഡ് ഡോ. ഗിരീഷ്‌കുമാർ ആയിരുന്നു. ഒരുവർഷം കൂടി എക്സ്റ്റൻഷൻ എടുത്ത് പ്രബന്ധം വെച്ചവരാണ് ഭൂരിഭാഗവും. എന്നാൽ നാലും അഞ്ചും വർഷംകൊണ്ട് എം ഫിൽ പ്രബന്ധം സമർപ്പിച്ച്​ കോഴ്‌സ് പൂർത്തിയാക്കിയവരുമുണ്ട്. അതിന്റെ റെക്കോർഡ് എന്റെ പേരിൽ തന്നെയാകും എന്നുതോന്നുന്നു, അഞ്ചു വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കിയതിന്. അതിന്​ യൂണിവേഴ്‌സിറ്റിയുടെ ദയാദാക്ഷിണ്യം കിട്ടിയിരുന്നു. 5000 രൂപ മാത്രം അടച്ച് പ്രബന്ധം വൈകി സമർപ്പിക്കുന്നതിന് യൂണിവേഴ്‌സിറ്റി അനുമതി തന്നത് വലിയ കാര്യം തന്നെയായിരുന്നു എന്നെ സംബന്ധിച്ച്. 2016 ഡിസംബർ 28ന്​ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതേമാസം തന്നെ പ്രബന്ധം ഡിപ്പാർട്ടുമെന്റിൽ കൊടുക്കാനായി. പ്രൊജക്റ്റ് വൈവ നടന്നത് 2017 മെയ്​ അഞ്ചിനാണ്​. അങ്ങനെ ഒരു നീണ്ട യാത്ര അവിടെ അവസാനിച്ചിരുന്നു. ഈ തീയതികൾ ഓർമയിൽ അങ്ങനെ കിടന്നതാണ്. ഡിപ്പാർട്‌മെന്റിൽ പ്രബന്ധം വൈകി സമർപ്പിക്കുന്നത് പൊതുവെ സാധാരണമായിരുന്നു. പിഎച്ച്.ഡി പ്രബന്ധത്തിന്റെ കാര്യമാണ്​ എങ്കിൽ 8 - 9 വർഷം വരെയൊക്കെ നീണ്ടുപോയവരുണ്ട്. കൂടാതെ അത് സമർപ്പിക്കാൻ സാധിക്കാതെ പോയവരുമുണ്ട്. പ്രബന്ധം സമർപ്പിച്ചു എക്​സ്​റ്റേണൽ വാലുവേഷനും കഴിഞ്ഞ്, വൈവയും കഴിഞ്ഞുവരുമ്പോൾ വിദ്യാർത്ഥികളിൽ പലർക്കും ഒളിമ്പിക്‌സ് മെഡൽ നേടിയശേഷമുള്ള ശൂന്യത അനുഭവപ്പെടുന്നതിൽ അസ്വാഭാവികതയില്ല.

അളവുകോൽ വേണം, മാനസിക സമ്മർദം അളക്കാനും

ഈ കാലമത്രയും നിരവധി ഗവേഷണ പഠനങ്ങളുടെ നേരിട്ടും അല്ലാതെയും ഭാഗമാവാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കൂലിയെഴുത്തുതൊഴിലാളിയായി മുന്നോട്ടുപോകുന്നവന് ചിലപ്പോൾ വർഗബോധം വരും. അങ്ങനെ സൗജന്യസേവനവും നടത്തിവരുന്നു. എഴുത്തുകൾക്ക് പലപ്പോഴും പ്രതിഫലന സ്വഭാവം വന്നതിന്​, സാമൂഹികശാസ്ത്ര വിദ്യാലയത്തിലെ സഹവാസം ഏറെ ഗുണം ചെയ്തിട്ടുണ്ട്.

അവരുടേതായ ഇടവും (space), ശേഷിയും (Capability) സ്വാതന്ത്ര്യവും (freedom) വളർത്തിയെടുത്തെങ്കിൽ മാത്രമേ ഓ​രോ വിദ്യാർഥിക്കും ഗവേഷണ പഠനം പൂർത്തിയാക്കാൻ സാധിക്കൂ. അതിന് ഗവേഷണപഠന സഹായിയായ ഗൈഡിന്റെ കാര്യമായ ഇടപെടലും പിന്തുണയും ആവശ്യമാണ്. അതില്ലാതെ വരുന്ന വിദ്യാർത്ഥിയെ സംബന്ധിച്ച് ഒറ്റയാൾ പട നയിക്കാൻ എപ്പോഴും കഴിഞ്ഞെന്നുവരില്ല. ഈ പോരാട്ടങ്ങളിൽ ഗവേഷണ വിദ്യാർത്ഥി നേരിടുന്ന മാനസിക സമ്മർദങ്ങൾ അക്കാദമികപരമായും, സാമൂഹികപരമായുമുള്ളതാണ്. ഗവേഷണ പഠനത്തിന്റെ അവസാനം, ഈ സമ്മർദ്ദങ്ങൾ അളക്കാനുള്ള അളവുകോലും കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നല്ലതുതന്നെ. പ്രതിസന്ധികൾ നേരിടാനുള്ളതാണ്, ഒളിച്ചോടാനുള്ളതല്ല എന്ന് ഓരോ ഗവേഷണവിദ്യാർഥിയും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.


Summary: ഗവേഷണ വിദ്യാർത്ഥിക്ക്​ സ്വതന്ത്രമായി തന്റെ അക്കാദമിക ശേഷി വിനിയോഗിക്കണമെകിൽ അടിസ്ഥാനപരമായി താമസം, ഭക്ഷണം, യാത്ര എന്നിവക്കും മറ്റു ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകാനും സാമ്പത്തിക പിന്തുണ ആവശ്യമാണ്. ഇവയുടെ അഭാവം എങ്ങനെ അക്കാദമിക അന്തരീക്ഷത്തെ പിന്നിലാക്കുന്നു? അത് എങ്ങനെ ഒരു ഗവേഷക സമൂഹത്തെയാകെ ദോഷകരമായി ബാധിക്കുന്നു? മഹാത്മാഗാന്ധി സർവകലാശാലയിലെ സ്​കൂൾ ഓഫ്​ സോഷ്യൽ സയൻസസിൽ ഗവേഷണ വിദ്യാർഥിയായിരുന്ന അരുൺ കെ.എൽ എഴുതുന്നു.


Comments