ഫോട്ടോ : സ്വാതി ലക്ഷ്മി വിക്രം

വിഷയം പിടിയില്ലാത്ത വിദ്യാർഥികൾ
​ റിസർച്ച്​ പേപ്പറില്ലാത്ത അധ്യാപകർ

സർവകലാശാലാ ഗവേഷണം എന്ന അഭ്യാസം

കേരള യൂണിവേഴ്​സിറ്റിയിലെ ഗവേഷണ രംഗത്തുള്ള സാ​ങ്കേതികവും ഭരണപരവും അക്കാദമികവുമായ പ്രശ്​നങ്ങൾ​ ഗവേഷണ വിദ്യാർഥികൾ വെബ്​സീനിലുടെ പങ്കുവെച്ചിരുന്നു. ഇതിനനുബന്ധമായി, കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങളുടെ അടിസ്​ഥാന പ്രശ്​നങ്ങൾ പരിശോധിക്കുന്നു. ഗവേഷണ​ മേഖലയിലെ വിദഗ്​ധർ പ്രശ്​നങ്ങൾ വിലയിരുത്തുന്നു.


ന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ സർവകലാശാലകളിൽ ഗവേഷണ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒട്ടനവധി പരാതികളാണ് ഉയരുന്നത്. സർവകലാശാലകളിലെ ഉദ്യോഗസ്ഥ പ്രമുഖർ ചുവപ്പുനാടയെ കുറ്റം പറഞ്ഞ് വിദ്യാർഥികളെ നെട്ടോട്ടമോടിക്കുന്ന അനുഭവങ്ങൾ കേരള യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതാനും ഗവേഷകർ പങ്കുവച്ചത് ട്രൂകോപ്പി വെബ്സീൻ പുറത്തുവിട്ടിരുന്നു. ജാതിയുടെ പേരിൽ വിദ്യാർഥികൾ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ എം.ജി. യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ദീപ പി. മോഹന്റെ സമരത്തിലൂടെ കേരളം കണ്ടതാണ്. അതുപോലെ എത്രയെത്ര കഥകളാണ് പുറത്തുവന്നിരിക്കുന്നത്.

ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയും മറ്റ് ദലിത് വിദ്യാർഥികളും നേരിട്ട പീഡനങ്ങളുടെ വാർത്തകൾ പുറത്തുവന്നത് 2016 ജനുവരി 17-ന് അദ്ദേഹം ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു. അംബേദ്കർ സ്റ്റുഡൻറ്​സ്​ അസോസിയേഷനുമായി ബന്ധമുള്ള അഞ്ച് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും സർവകലാശാലാ കാമ്പസിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വെമുലയുടെ ആത്മഹത്യ. സർവകലാശാലയിലെ ദലിത്​ വിവേചനങ്ങളോടുള്ള പ്രതിഷേധമെന്ന നിലയ്​ക്കായിരുന്നു ഈ ജീവത്യാഗം. സർവകലാശാല അധികൃതരുടെ സംഘപരിവാർ വിധേയത്വത്തെ എതിർത്തതിനായിരുന്നു രോഹിത് വെമുല ഉൾപ്പെടെ അഞ്ചുപേരെ പുറത്താക്കിയത്. യാക്കോബ് മേമന്റെ വധശിക്ഷയെ എതിർത്തെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹോസ്റ്റലിൽ നിന്നുള്ള പുറത്താക്കൽ.

ദീപ പി. മോഹൻ എന്ന ഗവേഷണ വിദ്യാർഥിയുടെ നിരാഹാരസമരം എം.ജി. സർവകലാശാലയിലെ ഗവേഷണ മേഖലയിലെ പ്രശ്​നങ്ങൾ പുറത്തുകൊണ്ടുവന്നു
ദീപ പി. മോഹൻ എന്ന ഗവേഷണ വിദ്യാർഥിയുടെ നിരാഹാരസമരം എം.ജി. സർവകലാശാലയിലെ ഗവേഷണ മേഖലയിലെ പ്രശ്​നങ്ങൾ പുറത്തുകൊണ്ടുവന്നു

പ്രതിഷേധങ്ങളെത്തുടർന്ന് ഉത്തരവ് പിൻവലിച്ചെങ്കിലും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. നേതൃത്വത്തിൽ നിന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന്​ നിർദേശം വന്നു. വിദ്യാർഥികളെ പുറത്താക്കിക്കൊണ്ടുള്ള സർവകലാശാലാ നിർദേശത്തിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തുന്നതിനിടെയായിരുന്നു എ.എസ്.എ.യുടെ സജീവ പ്രവർത്തകനായ രോഹിത് വെമുല ജീവനൊടുക്കിയത്. ഹൈദരാബാദ് സർവകലാശാലയിൽ ദലിത് വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിലും വെമുലയുടെ ആത്മഹത്യയിലും പ്രതിഷേധിച്ച് വൈസ് ചാൻസിലർ അപ്പാ റാവുവിൽ നിന്ന്​ പിഎച്ച്ഡി സ്വീകരിക്കാൻ രോഹിത് വെമുലയ്ക്കൊപ്പം പുറത്താക്കപ്പെട്ട വിദ്യാർഥികളിലൊരാളായ ശുങ്കണ്ണ വെൽപ്പുല വിസമ്മതിച്ചതും അന്ന് വാർത്തയായിരുന്നു. 2016 ഒക്ടോബർ രണ്ടിന് നടന്ന ചടങ്ങിൽ പി.വി.സി. വിപിൻ ശ്രീവാസ്തവയാണ് അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

പുതിയ ആശയങ്ങളോട് മുഖംതിരിച്ചുനിൽക്കുന്ന ഒരുപാട് അധ്യാപകരുണ്ട്. അത് ഗവേഷണ രംഗത്തിന്റെ വലിയ തകരാറാണ്. ചില അധ്യാപകർക്കെങ്കിലും വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ച് പിടിയില്ലെന്ന് തുറന്നുപറയാൻ മടിയാണ്.

ഈയിലെ, ദീപ പി. മോഹൻ എന്ന ഗവേഷണ വിദ്യാർഥി നടത്തിയ നിരാഹാര സമരം എം.ജി. സർവകലാശാലയിലെ ഗവേഷണ മേഖലയിലെ പ്രശ്​നങ്ങൾ പുറത്തുകൊണ്ടുവന്നു. റിസർച്ച് ഗൈഡിന്റെ പീഡനങ്ങളായിരുന്നു ദീപയുടെ സമരത്തിലേയ്ക്കും പിന്നീട് സർക്കാർ നടപടികളിലേക്കും നയിച്ചത്. നാനോ സയൻസിൽ ഗവേഷകയായ തന്നെ​ വകുപ്പ് മേധാവി നന്ദകുമാർ കളരിക്കൽ ജാതി അധിക്ഷേപം നടത്തിയെന്നും സ്റ്റഡി മെറ്റീരിയലുകളും ലാബ് സൗകര്യവും അനുവദിക്കുന്നില്ലെന്നുമായിരുന്നു ദീപയുടെ പരാതി. ഹോസ്റ്റൽ സൗകര്യവും ഫെലോഷിപ്പും അനുവദിക്കാത്തതും വിവാദമായി. ഇതുമൂലം ദീപയുടെ ഗവേഷണ കാലാവധി വൈകുകയും ചെയ്തു. സമരത്തിനൊടുവിൽ ദീപയ്ക്ക് എല്ലാ ഗവേഷണ മെറ്റീരിയലുകളും കൃത്യസമയത്ത് ലഭ്യമാക്കാനും ഗവേഷണം തുടരാനുമുള്ള സാഹചര്യമൊരുക്കി. ഫീസ് കൂടാതെ ഗവേഷണ കാലാവധി ദീർഘിപ്പിക്കാനും മുടങ്ങിയ ഫെലോഷിപ്പ് അനുവദിക്കാനും തീരുമാനമായി. ദലിത് വിദ്യാർഥികൾ സർവകലാശാല കാമ്പസുകളിൽ നേരിടേണ്ടിവരുന്ന ജാതി- ലൈംഗിക അധിക്ഷേപങ്ങളെക്കുറിച്ചാണ് ദീപ ശബ്ദമുയർത്തിയത്. മിടുക്കരായ വിദ്യാർഥികൾ ഇത്തരത്തിൽ അവഗണന നേരിട്ട് ഗവേഷണം അവസാനിപ്പിക്കേണ്ടി വരുമ്പോൾ, ഇവിടെ പൂർത്തിയാക്കപ്പെടുന്ന പല ഗവേഷണങ്ങളും നിലവാരമില്ലാത്തവയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരം ഗവേഷണങ്ങൾ എന്ത് പ്രയോജനമാണ് സമൂഹത്തിന് ചെയ്യുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

രോഹിത് വെമുല
രോഹിത് വെമുല

ഗവേഷണം കൊണ്ട്​ എന്തു പ്രയോജനം?

എന്താണ്​ കേരളത്തിലെ സർവകലാശാലകളിൽ ഗവേഷണ മേഖലയെ ബാധിച്ചിരിക്കുന്ന പ്രശ്​നങ്ങൾ?
അന്വേഷണബുദ്ധിയും വായനയും കാഴ്ചപ്പാടുമുള്ള ഒരുപാട് വിദ്യാർഥികൾ യൂണിവേഴ്സിറ്റികളിലുണ്ടെന്ന് എം.ജി. യൂണിവേഴ്സിറ്റി ഐ.ആർ. വിഭാഗത്തിൽ റിസർച്ച് ഗൈഡും അധ്യാപകനുമായ എം.വി. ബിജുലാൽ ചൂണ്ടിക്കാട്ടുന്നു. ഒരു ഗവേഷണ വിദ്യാർഥിക്ക് ഗുണനിലവാരമുള്ള വിഷയം കണ്ടെത്താനാകാത്തതിന്റെ പ്രധാന കാരണം ബിരുദ - ബിരുദാനന്തര ബിരുദ തലങ്ങളിലെ ഒന്നാംവർഷ അധ്യാപനം ആണ്. എന്താണ് ഗവേഷണമെന്നും എന്തിനാണ് ഗവേഷണമെന്നുമുള്ള അടിസ്ഥാനധാരണ ഇല്ല. അതിനുള്ള പേപ്പറുകളൊക്കെയുണ്ടെങ്കിലും ആരും അത് പഠിപ്പിക്കുന്നില്ല.
രണ്ടാമത്തെ കാരണം, പുതിയ ആശയങ്ങളോട് മുഖംതിരിച്ചുനിൽക്കുന്ന ഒരുപാട് അധ്യാപകരുണ്ട്. അത് നമ്മുടെ ഗവേഷണ രംഗത്തിന്റെ വലിയ തകരാറാണ്. ചില അധ്യാപകർക്കെങ്കിലും വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ച് പിടിയില്ലെന്ന് തുറന്നുപറയാൻ മടിയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും സമർപ്പിക്കപ്പെട്ട ഗവേഷണപ്രബന്ധങ്ങളുടെ മൂല്യപരമായ വിലയിരുത്തലുണ്ടാകേണ്ടത് ആവശ്യമാണ്. പിന്നീട് വരുന്ന കുട്ടികളും ഇതുതന്നെയാണ് കണ്ട് പഠിക്കുന്നത്.

ചില വിഷയങ്ങൾ പഠിച്ചിട്ടെന്താണ് കാര്യമെന്ന് ഒരു സാമൂഹികശാസ്ത്ര അധ്യാപകൻ ചോദിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം പഠിപ്പിക്കാൻ യോഗ്യനല്ല എന്നാണർഥം.

അതുപോലെ, ഏതെങ്കിലും പ്രസാധക സ്ഥാപനത്തിന് പണം കൊടുത്ത് തട്ടിപ്പിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന രീതിയുമുണ്ട്​. ഇന്റർനാഷണൽ പബ്ലിക്കേഷൻ റിലേറ്റഡ് സോഷ്യൽ കാപിറ്റൽ ഉണ്ടാക്കുന്നതിന് സ്വീകരിക്കുന്ന വ്യാജ നടപടികളുടെ ഭാഗമായി അക്കാദമിക് രംഗം ഒരുപാട് അധഃപതിച്ചിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം ചർച്ചയുണ്ടാകണം. ഡിഗ്രി തലത്തിൽ സാമൂഹികശാസ്ത്ര ഗവേഷണം അപ്രധാനമാക്കുന്ന രീതിയാണ് ഇവിടെയുള്ളത്. പല കോളേജുകളിലും അസൈൻമെൻറ്​ എഴുതുക എന്നുപറഞ്ഞാൽ, ഒരു ഫെയർ കോപ്പി എഴുതിയുണ്ടാക്കുക എന്നത് മാത്രമാണ്. അത് വളരെ തെറ്റാണ്. ഡോക്ടറൽ കമ്മിറ്റികളിൽ അധ്യാപകർ പറയുന്ന വിജ്ഞാനവിരുദ്ധ കമന്റുകളും തെറ്റാണ്. ചില വിഷയങ്ങൾ പഠിച്ചിട്ടെന്താണ് കാര്യമെന്ന് ഒരു സാമൂഹികശാസ്ത്ര അധ്യാപകൻ ചോദിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം പഠിപ്പിക്കാൻ യോഗ്യനല്ല എന്നാണർഥം. ഏതൊരു വിഷയവും പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമാണ് വിദ്യാഭ്യാസം. പരിമിതമായ രീതിയിൽ സ്‌കോളർഷിപ്പിനെ ഒതുക്കുന്നതും കുട്ടികളെ അപമാനിക്കുന്ന രീതിയിൽ വർത്തമാനം പറയുന്നതും തെറ്റാണ്. നാല് പണ്ഡിതന്മാരെയാണ് കഴിഞ്ഞ 150 വർഷമായി പഠിച്ചുകൊണ്ടിരിക്കുന്നത്. ഇതും തെറ്റാണ്.

ഫോട്ടോ : മുഹമ്മദ് ഫാസിൽ
ഫോട്ടോ : മുഹമ്മദ് ഫാസിൽ

ഇവിടെ നടക്കുന്ന ഗവേഷണങ്ങൾ സമൂഹത്തിന് എത്രമാത്രം ഗുണം ചെയ്തുവെന്ന് ചോദിക്കുമ്പോൾ രണ്ട് പ്രശ്നങ്ങളുണ്ട്. നമ്മളുണ്ടാക്കുന്ന അറിവ് എത്രത്തോളം സാമൂഹിക പ്രസക്തിയുള്ളതാണെന്ന്​ ഗവേഷണത്തിന്റെ ഭാഗമായി തന്നെ വാദിച്ച് വിലയിരുത്തേണ്ടതുണ്ട്. അതൊരു വിലയിരുത്തൽ ഘടകമായി വരണം. ഒരു സിനോപ്സിസ് വച്ച് അഞ്ചുവർഷത്തേക്ക് ഗവേഷണം ചെയ്യുന്ന രീതി കൊണ്ടാണ് പലപ്പോഴും പ്രശ്നമാകുന്നത്. രണ്ടാം വർഷവും മൂന്നാം വർഷവും സിനോപ്സിസ് റിവൈസ് ചെയ്യണം. അപ്പോൾ ഗവേഷണം ആനുകാലികമാക്കാനാകും. ആ ഒരു ഘടനാപരമായ പ്രശ്നം ഇന്ന് ഗവേഷണങ്ങളിലുണ്ട്. ഗവേഷണം തുടങ്ങുന്നത് പോലെയായിരിക്കില്ല അത് തുടരുമ്പോൾ. ഓപ്പണായ ഗവേഷണ ചർച്ചകളിലൂടെയേ ഇത് പരിഹരിക്കപ്പെടൂ. അത് ഡിഗ്രി തലത്തിൽ തന്നെയുണ്ടാകേണ്ടതാണ്; ബിജുലാൽ കൂട്ടിച്ചേർത്തു.

സ്ത്രീകൾ, പാർശ്വവൽകരിക്കപ്പെട്ടവർ, ദലിതർ, ആദിവാസികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ളവർക്ക് വിജ്ഞാന ഉൽപ്പാദനം ലഭ്യമാക്കണം.

വിജ്ഞാന ഉൽപാദനം ദുർബലരെയും ലക്ഷ്യമാക്കിയാകണം

അതേസമയം, ഇന്ത്യൻ സാഹചര്യങ്ങളിൽ വിജ്ഞാന ഉൽപ്പാദനം നടക്കേണ്ടത് സമൂഹത്തിലെ ദുർബല വിഭാഗങ്ങളെക്കൂടി ലക്ഷ്യമാക്കിയാകണമെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം അധ്യാപകൻ ഡോ. കെ.എസ്. മാധവൻ ചൂണ്ടിക്കാട്ടുന്നത്​. ഇൻസ്റ്റിറ്റ്യൂഷനൽ അക്കാദമിക് റിസർച്ച് എന്നുപറയുന്നത് ഏതെങ്കിലും യൂണിവേഴ്സിറ്റികളിലോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലോ വിജ്ഞാന ഉൽപ്പാദനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്രിയയാണ്. ഈ വിജ്ഞാന ഉൽപ്പാദനം ശാസ്ത്രസാങ്കേതിക രംഗത്തും ഭാഷാ മാനവിക സാമൂഹികശാസ്ത്ര രംഗത്തും നടക്കുന്നുണ്ട്. അതത് മേഖലകളിലെ ജ്ഞാനം ഉൽപ്പാദിപ്പിക്കുകയെന്നതാണ് ഗവേഷണത്തിന്റെ മൗലിക ലക്ഷ്യം. നവീനമായിരിക്കണം അത്. അതുപോലെ തന്നെ ആഗോളതലത്തിൽ മത്സര സ്വഭാവമുള്ളതുമായിരിക്കണം. ഇന്ത്യ പോലുള്ള രാജ്യത്ത്, ഇവിടുത്തെ സവിശേഷമായ ആവശ്യങ്ങളെ മുൻനിർത്തി, സെക്യുലർ- ഡെമോക്രാറ്റിക് രാജ്യമെന്ന നിലയിൽ എല്ലാ ഗവേഷണ ഉദ്ദേശ്യത്തിനും രണ്ട് തലമുണ്ട്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യമാണ് അതിലൊന്ന്. രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ജനാധിപത്യപരമായ വികസനത്തെ മുൻനിർത്തി മുന്നോട്ടുനയിക്കുന്ന വിജ്ഞാന ഉൽപ്പാദന പ്രക്രിയയായിരിക്കണം നടക്കേണ്ടത്.
രണ്ടാമത്തെ തലത്തിൽ ഒരു ജനാധിപത്യ രാജ്യമെന്ന രീതിയിൽ വിജ്ഞാന ഉൽപ്പാദനത്തിന് രണ്ടുതരം സംഭവങ്ങളാണുള്ളത്. ഒന്ന്, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ചില മൂല്യങ്ങളുമായി സംവദിക്കുന്നതായിരിക്കണം അത്. ഇന്ത്യയിൽ വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ മതവിശ്വാസങ്ങളുള്ള, വിവിധ സംസ്‌കാരങ്ങളിലുള്ള മനുഷ്യരുണ്ട്. അവരെ കൂടി ഉൾപ്പെടുത്തുന്നതാകണം ഈ വിജ്ഞാന ഉൽപ്പാദനം. സ്ത്രീകൾ, പാർശ്വവൽകരിക്കപ്പെട്ടവർ, ദലിതർ, ആദിവാസികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ളവർക്ക് ഈ വിജ്ഞാന ഉൽപ്പാദനം ലഭ്യമാക്കണം. അപ്പോഴാണ്, ‘ഇഗാലിറ്റേറിയൻ നോഷനി’ലുള്ള ഉന്നത വിദ്യാഭ്യാസമാകുന്നത്. ഉന്നത വിദ്യാഭ്യാസത്തിലാണ് വിജ്ഞാന ഉൽപ്പാദനം നടക്കുന്നത്. ബാക്കിയെല്ലാത്തിലും ഉൽപ്പാദിപ്പിക്കപ്പെട്ട വിജ്ഞാനം താഴേത്തട്ടിലേയ്ക്ക് പകർന്നുനൽകുകയാണ് ചെയ്യുന്നത്.

റീഡ് ഫോർ റവല്യൂഷൻ എന്ന ആശയവുമായി ജാമിയയിലെ നടപ്പാതയിൽ പൊതുജനങ്ങൾക്കു വായിക്കാനായി പുസ്തകങ്ങൾ നിരത്തി പ്രതീകമായി നടത്തിയ സമരം.
റീഡ് ഫോർ റവല്യൂഷൻ എന്ന ആശയവുമായി ജാമിയയിലെ നടപ്പാതയിൽ പൊതുജനങ്ങൾക്കു വായിക്കാനായി പുസ്തകങ്ങൾ നിരത്തി പ്രതീകമായി നടത്തിയ സമരം.

ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ചാണ് യൂണിവേഴ്സിറ്റികളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഗവേഷണം നടക്കുന്നത്. എന്നാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ അതൊരു വരേണ്യ സ്വഭാവമുള്ളതായി മാറാനും പാടില്ല. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസം, പ്രത്യേകിച്ച്​ ഗവേഷണം, ഇൻക്ലൂസീവ് ആകണമെന്ന് പറയുന്നത്. വിജ്ഞാന ഉൽപ്പാദനപ്രക്രിയയിൽ എല്ലാവർക്കും തുല്യപ്രാതിനിധ്യവും പ്രാപ്യതയും കിട്ടുന്ന രീതിയിലാണെങ്കിൽ മാത്രമേ ജനാധിപത്യസ്വഭാവം കൈവരുകയുള്ളൂ. ജനാധിപത്യപരമായില്ലെങ്കിൽ വിജ്ഞാന ഉൽപ്പാദനം കേന്ദ്രീകൃതസ്വഭാവത്തിലേയ്ക്കും വരേണ്യ സ്വഭാവത്തിലേയ്ക്കും പോകാൻ സാധ്യതയുണ്ട്. ജനാധിപത്യപരമായി തന്നെയാവണം ഈ രാജ്യത്തെ ഉന്നത വിദ്യാഭ്യാസവും അതിന്റെ ഭാഗമായി നിൽക്കുന്ന വിജ്ഞാന ഉൽപ്പാദനവും. അത് ഉറപ്പുവരുത്താൻ വിജ്ഞാന ഉൽപ്പാദനം നടക്കുന്ന കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിയന്ത്രണത്തിലുള്ള സർവകലാശാലകളിൽ എല്ലാ മനുഷ്യർക്കും തുല്യത ലഭിക്കേണ്ടതുണ്ട്.

ഡോ. കെ.എസ്. മാധവൻ
ഡോ. കെ.എസ്. മാധവൻ

രണ്ടാമതായി, വിജ്ഞാനോൽപ്പാദന പ്രക്രിയ ധാർമികമായ ഒന്നാകണം. നിങ്ങളുൽപ്പാദിപ്പിക്കുന്ന ജ്ഞാനം ആർക്കുവേണ്ടിയാണെന്നതാണ് അവിടെ ചിന്തിക്കേണ്ടത്. ഭരണകൂടത്തിന്റെ ആധിപത്യത്തിനുവേണ്ടിയാണോ അല്ലെങ്കിൽ ഏകീകൃതവും കേന്ദ്രീകൃതവുമായ ഏകാധിപത്യസ്വഭാവമുള്ള ഭരണകൂടത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയാണോ ഗവേഷണം ചെയ്യേണ്ടത് എന്നാണ് ചിന്തിക്കേണ്ടത്. ഫാസിസ്റ്റ് കാലഘട്ടത്തിൽ അതിനെ ന്യായീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിജ്ഞാന ഉൽപ്പാദനം നടന്നിരുന്നത്.
ജനാധിപത്യത്തിന് എതിരായ വിജ്ഞാനം ഉൽപ്പാദിപ്പിച്ചിട്ട് എന്താണ് കാര്യം? ഭരണകൂടത്തിന് ആവശ്യം അവരെ ന്യായീകരിക്കുന്ന വിജ്ഞാനം ഉൽപ്പാദിപ്പിക്കുകയെന്നതായിരിക്കും. പക്ഷെ അതിൽ ധാർമികതയില്ല. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു രാജാവിന്റെ ഭരണം നല്ലതാണെന്ന് സ്ഥാപിക്കുന്ന ഗവേഷണം ഉൽപ്പാദിപ്പിക്കുന്ന ബോധം രാജഭരണമാണ് നല്ലതെന്നായിരിക്കും.

സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ അടിസ്ഥാനപരമായി ഈ പ്രദേശത്തിന്റെ ബഹുമുഖവും വൈവിധ്യവുമായ പ്രശ്നങ്ങളെ അർഹിക്കുന്ന തലത്തിൽ പരിഗണിക്കുന്നതാണോയെന്ന് സംശയമാണ്.

ഇവിടുത്തെ ഗവേഷണങ്ങളിൽ പരിചിതമായത് ക്വാളിറ്റേറ്റീവ് റിസർച്ച് ആണ്. പക്ഷെ ക്വാളിറ്റി അളക്കാനുള്ള മാനദണ്ഡങ്ങൾ പലപ്പോഴും ക്വാണ്ടിറ്റേറ്റീവ് ആണ്. എത്ര പേപ്പറുകൾ, എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയ എണ്ണങ്ങളെ അടിസ്ഥാനമാക്കിയാണ് അത് അളക്കുന്നത്. സാമൂഹിക വിഷയങ്ങളിലായാലും സാഹിത്യത്തിലായാലും ശാസ്ത്രത്തിലായാലും ഗുണപരമായ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ അടിസ്ഥാനപരമായി ഈ പ്രദേശത്തിന്റെ ബഹുമുഖവും വൈവിധ്യവുമായ പ്രശ്നങ്ങളെ അർഹിക്കുന്ന തലത്തിൽ പരിഗണിക്കുന്നതാണോയെന്ന് സംശയമാണ്. അത് പരിശോധിക്കുമ്പോൾ ഈ ഗവേഷണങ്ങൾ പലതും ഗുണകരമല്ലെന്ന് പറയേണ്ടിവരുന്നു. സാഹിത്യത്തിൽ കുറെക്കാലം നടന്നത് വരേണ്യരായ വലിയ എഴുത്തുകാരെ ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങളാണ്. സമൂഹത്തിന് ഗുണകരമായ വിധത്തിൽ ഗവേഷണം മാറണമെങ്കിൽ പുറംതള്ളപ്പെട്ടവരുടെ ജീവിതവും ഭാഷയും അവരുടെ ആവിഷ്‌കാരങ്ങളുമെല്ലാം ഗവേഷണവിഷയമാകേണ്ടതുണ്ട്.- ഡോ. മാധവൻ വ്യക്തമാക്കി.

പണ്ട്​ ടൈപ്പിനുപോകുന്നപോലെ ഇപ്പോൾ ഗവേഷണത്തിന്​...

കേരളത്തിലെ സർവകലാശാലകളിൽ ഗവേഷണങ്ങൾ അതിന്റെ ഫലം ഉൽപ്പാദിപ്പിക്കുന്നില്ലെന്നാണ് എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകൻ ഡോ. അജു കെ. നാരായണന്റെ അഭിപ്രായം. ഗവേഷണമെന്നത് ഒരു ഫാഷനായി മാറിയതാണ് അതിന് കാരണമെന്നും ലക്ഷ്യബോധമില്ലാതെയാണ് പലരും ഗവേഷണത്തിനിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പിഎച്ച്.ഡി. പോലുള്ള കോഴ്സുകളാണ് ഒരു സർവകലാശാലയുടെ കാതൽ എന്നുപറയുന്നത്. ഗവേഷണമാണ് ഒരു സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഏക പ്രക്രിയ. 2022-ലേയ്ക്ക് കേരളം എത്തിയത് ഇവിടെ ആളുകൾ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ്- ശാസ്ത്രമേഖലയിലായാലും സാമൂഹികപ്രവർത്തന മേഖലയിലായാലും സാഹിത്യപ്രവർത്തന മേഖലയിലായാലും. ഗവേഷണമെന്നത് സർവകലാശാലയ്ക്കകത്ത് നടക്കുന്ന പ്രബന്ധരചനയായി മാത്രം കാണണമെന്നില്ല. ഗവേഷണബുദ്ധിയോടെ പ്രവർത്തിക്കുന്ന ഏത് പ്രവർത്തനത്തെയും വിശാല അർഥത്തിൽ ഗവേഷണം എന്നുവിളിക്കാം. ആ അർഥത്തിൽ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെയാണ് വലിയ ഗവേഷകർ എന്ന് ഞാൻ പറയും. നിലനിൽക്കുന്ന ജ്ഞാനവ്യവസ്ഥയെ സൂക്ഷിച്ച് നോക്കുകയും ആ ജ്ഞാനവ്യവസ്ഥയ്ക്കകത്ത് പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോൾ അതിനെ തിരുത്തി പുതിയ വിജ്ഞാനം ഉൽപ്പാദിപ്പിക്കുന്നതിന്റെ പേരാണ് ഗവേഷണമെന്നത്.

Photo: Roshni, Circle News
Photo: Roshni, Circle News

കേരളത്തിൽ നടന്ന നവോത്ഥാന പ്രവർത്തനം ഗംഭീരമായ റിസർച്ച് ആയിരുന്നു. കാരണം, ജാതിവ്യവസ്ഥ പോലുള്ള സാമൂഹികഘടനയ്ക്കകകത്ത് പ്രശ്നമുണ്ടെന്ന് തോന്നുന്നത് റിസർച്ച് പ്രോബ്ലം ആണ്. അതിനെ പരിഹരിക്കാനാവശ്യമായ ആശയങ്ങൾ മുമ്പോട്ടുവയ്ക്കുമ്പോൾ അത് തീസിസ് ആകുന്നു. ആ അർഥത്തിൽ അരുവിപ്പുറത്തെ പ്രതിഷ്ഠ ഒന്നാന്തരമൊരു തീസിസ് ആണ്. മിശ്രഭോജനം എന്ന കർമപരിപാടി വലിയൊരു തീസിസ് ആണ്. അതേപോലെ, അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം വലിയൊരു തീസിസ് ആണ്. ഇതൊക്കെയാണ് കേരളത്തിലെ ഗവേഷണത്തിന്റെ മഹത് മാതൃകകൾ. പക്ഷേ സർവകലാശാലകളിലേയ്ക്ക് വരുമ്പോൾ ഇങ്ങനെയുള്ള എന്ത് ഫലമാണ് നമ്മുടെ തീസിസുകൾ ഉൽപ്പാദിപ്പിക്കുന്നതെന്ന് ചോദിക്കേണ്ടിവരും. അങ്ങനെയുള്ള യാതൊരു സദ്ഫലവും പൊതുവെ കാണുന്നില്ല. എന്നാൽ സയൻസിന്റെയും മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും ഹിസ്റ്ററിയുടെയും സിനിമാപഠനത്തിന്റെയുമൊക്കെ മേഖലയിൽ ചെറിയ ചെറിയ വെളിച്ചങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന കാര്യം മറന്നുംകൂടാ.

ഡോ. അജു കെ. നാരായണൻ
ഡോ. അജു കെ. നാരായണൻ

‘‘കേരളത്തിലെ പല സർവകലാശാലകളിൽ നിന്ന്​ കുട്ടികൾ വിളിക്കാറുണ്ട്. അവർ ചോദിക്കുന്നതുതന്നെ ഗവേഷണത്തിന് ഒരു വിഷയം പറഞ്ഞുകൊടുക്കാമോയെന്നാണ്.’’

ഇന്ന് ഗവേഷണം ഫാഷനായി മാറിയിരിക്കുകയാണ്. പത്തോ ഇരുപതോ വർഷം മുമ്പ് ഗവേഷണത്തിൽ താൽപര്യമുള്ള ആളുകൾ മാത്രമായിരുന്നു ഈ മേഖലയിലേയ്ക്ക് വന്നിരുന്നത്. ഇപ്പോൾ എം.എ. കഴിഞ്ഞാൽ എം.ഫിൽ, അതുകഴിഞ്ഞാൽ പിഎച്ച്.ഡിയ്ക്ക് പോകുകയാണ് എന്നുപറയുന്ന ശീലം തുടങ്ങിയിരിക്കുന്നു. എല്ലാവരും ഗവേഷണത്തിലേയ്ക്ക് വരുന്നത് പോസിറ്റീവായ കാര്യമാണ്, ജനാധിപത്യപരമായ കാര്യമാണ്. പക്ഷേ ഗവേഷണ തൽപരരല്ലാത്തവരും ഇത് ചെയ്യാൻ വിധിക്കപ്പെടുന്നു എന്ന ദുര്യോഗം കൂടി ഇന്നത്തെ അക്കാദമിക് ഘടനക്കുണ്ട്. മുട്ടത്തുവർക്കിയുടെ നോവലിൽ, പത്താം ക്ലാസ് കഴിഞ്ഞാൽ ടൈപ്പിന് പോകുകയെന്ന് പറയുന്നതുപോലെ ഇപ്പോൾ പി.ജി. കഴിഞ്ഞാൽ ഗവേഷണത്തിന് പോകുകയാണ്. എന്ത് വിഷയത്തെക്കുറിച്ചാണ് ഗവേഷണം ചെയ്യുന്നതെന്നുകൂടി അവർക്കറിയില്ല. സിനിമാ പഠനം, ഫോക്​ലോർ പഠനം, സാഹിത്യ പഠനം, സാംസ്‌കാരിക പഠനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ കേരളത്തിലെ പല സർവകലാശാലകളിൽ നിന്ന്​ കുട്ടികൾ വിളിക്കാറുണ്ട്. അവർ ചോദിക്കുന്നതുതന്നെ ഗവേഷണത്തിന് ഒരു വിഷയം പറഞ്ഞുകൊടുക്കാമോയെന്നാണ്. എന്താണ് ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് അവർക്ക് ധാരണ പോലുമില്ല. അതും പിഎച്ച്ഡി.യ്ക്ക് അപേക്ഷ ക്ഷണിക്കുന്ന സമയത്തായിരിക്കും ഈ ആവശ്യം ഉന്നയിച്ചുള്ള ഫോണുകൾ വരുന്നത്. റിസർച്ച് പ്രോബ്ലം എന്താണെന്ന് കണ്ടെത്താതെയാണ് അവർ റിസർച്ചിന് ഇറങ്ങുന്നത്. ഇതാണ് കേരളത്തിലെ ഗവേഷണങ്ങളുടെ പൊതുസ്വഭാവം.

സാഹിത്യത്തിൽ കുറെക്കാലം നടന്നത് വരേണ്യരായ വലിയ എഴുത്തുകാരെ ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങളാണ്. സമൂഹത്തിന് ഗുണകരമായ വിധത്തിൽ ഗവേഷണം മാറണമെങ്കിൽ പുറംതള്ളപ്പെട്ടവരുടെ ജീവിതവും ഭാഷയും അവരുടെ ആവിഷ്‌കാരങ്ങളുമെല്ലാം ഗവേഷണവിഷയമാകേണ്ടതുണ്ട് / Phoro : Jamia News
സാഹിത്യത്തിൽ കുറെക്കാലം നടന്നത് വരേണ്യരായ വലിയ എഴുത്തുകാരെ ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങളാണ്. സമൂഹത്തിന് ഗുണകരമായ വിധത്തിൽ ഗവേഷണം മാറണമെങ്കിൽ പുറംതള്ളപ്പെട്ടവരുടെ ജീവിതവും ഭാഷയും അവരുടെ ആവിഷ്‌കാരങ്ങളുമെല്ലാം ഗവേഷണവിഷയമാകേണ്ടതുണ്ട് / Phoro : Jamia News

പിന്നെ പ്രോബ്ലം കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയൊക്കെ കഴിഞ്ഞ് ഗവേഷണത്തിന് അനുമതി കിട്ടിക്കഴിയുമ്പോൾ പിന്നത്തെ ചോദ്യം ഗവേഷണത്തിന് രണ്ട് തിയറി പറഞ്ഞുകൊടുക്കാമോയെന്നായിരിക്കും. കുറെ വർഷമായി നിരന്തരം ഞാൻ കേൾക്കുന്ന കാര്യമാണ്. ഇതൊക്കെയാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഇപ്പോഴത്തെ ഗവേഷണങ്ങളുടെ പോക്ക്. കേരളത്തിലെ സർവകലാശാലകളിലെ തിസീസുകൾ പരിശോധിക്കുന്ന ഒരാളാണ് ഞാൻ. ചില തിസീസുകൾ തിരുത്തിയെഴുതേണ്ടിവന്ന ദൗർഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. സത്യത്തിൽ ആ തിസീസ് നിരാകരിക്കേണ്ടതാണ്. പക്ഷെ ഒരു വിദ്യാർഥിയുടെ അഞ്ചുവർഷത്തെ അധ്വാനത്തെ യോഗ്യതയില്ലെന്ന ഒറ്റ എഴുത്തിൽ അവഗണിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവരുന്നത്. അതുകൊണ്ട് പരിഷ്‌കരിച്ച് സമർപ്പിക്കാൻ നിർദ്ദേശിക്കും. ഇതൊക്കെ കാണിക്കുന്നത് ഗവേഷണം അതിന്റെ ധർമം നിർവ്വഹിക്കുന്നില്ലെന്നാണ്. പത്രമെടുത്ത് നോക്കിയാൽ ഓരോ യൂണിവേഴ്സിറ്റികളിൽ നിന്നും പിഎച്ച്ഡി കിട്ടിയവരുടെ ഫോട്ടോകൾ ചരമക്കോളം പോലെ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. ഇവരുണ്ടാക്കിയ തിസീസുകൾ കൊണ്ട് നാട്ടുകാർക്ക് എന്ത് പ്രയോജനമെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് പറയേണ്ടിവരും. ചില തിസീസുകൾ റഫറൻസിന് പരിശോധിക്കുമ്പോൾ കണ്ടിട്ടുള്ളത് പഴയ തിസീസുകളിൽ നിന്ന് പലയിടങ്ങളിൽ നിന്ന് വെട്ടിക്കൂട്ടിയെടുത്തിരിക്കുന്നതാണ്- ഡോ. അജു കെ. നാരായണൻ ചൂണ്ടിക്കാട്ടി.

ദലിത്​ - ആദിവാസി ഗ​വേഷകർക്ക്​ വൻ കടമ്പകൾ

കേരളത്തിൽ ദലിത്- ആദിവാസി വിഭാഗങ്ങളിലെ ഗവേഷകർക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗവേഷകൻ നാരായണൻ എം. ശങ്കരൻ പറയുന്നു. കേരളത്തിലെ ഗവേഷണങ്ങളിൽ ഔദ്യോഗിക പ്രക്രിയകൾ പലപ്പോഴും വിലങ്ങുതടിയാകാറുള്ളതായി കേട്ടിട്ടുണ്ട്. ഗൈഡിനെ കണ്ടെത്തി അദ്ദേഹത്തിന്റെ അനുമതി വാങ്ങിയ ശേഷം സർവകലാശാലയ്ക്ക് കത്ത് നൽകണം. അത്തരത്തിൽ ധാരാളം സമയം നഷ്ടപ്പെടുന്നുണ്ട്. എന്നാൽ കേന്ദ്ര യൂണിവേഴ്സിറ്റികളിൽ ചെയ്യുമ്പോൾ അതിന്റെയൊന്നും ആവശ്യം വരുന്നില്ല. അഡ്മിഷൻ ലഭിച്ചുകഴിയുമ്പോൾ സർവകലാശാല തന്നെ ഒരു ഗൈഡിനെ അനുവദിക്കും. കേരളത്തിൽ ഇതിന് ഏകദേശം ഒന്ന് ഒന്നര വർഷത്തോളം ഈ പ്രക്രിയയ്ക്ക് തന്നെ എടുക്കുന്നു. ദലിത്- ആദിവാസി ഗവേഷകരെ സംബന്ധിച്ച്​ ഈ പ്രക്രിയ വൻ കടമ്പയാണ്. ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികളെ ഗൈഡ് ചെയ്യാൻ മറ്റ് അധ്യാപകർ എത്രത്തോളം താൽപര്യം കാണിക്കുമെന്നതും സംശയമാണ്. അഥവാ, തയ്യാറായാൽ തന്നെ അവർ തെരഞ്ഞെടുത്ത വിഷയത്തിൽ തന്നെ അവർക്ക് വർക്ക് ചെയ്യാൻ പറ്റാറില്ല. കുറെക്കുട്ടികൾ അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഗൈഡിന്റെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുത്ത വിഷയം മാറ്റേണ്ടി വരുന്നതിനെക്കുറിച്ചാണ് അവർ പറഞ്ഞിട്ടുള്ളത്. ആദിവാസി- ദലിത് കുട്ടികളെ സംബന്ധിച്ച് ഫെലോഷിപ്പ് നിർണായക ഘടകമാണ്. എന്നാൽ ഗവേഷണത്തിന് അനുമതി കിട്ടാനുള്ള കാലതാമസം ഫെലോഷിപ്പിന്റെ കാര്യത്തിലും സംഭവിക്കുമ്പോൾ അവരുടെ വർക്ക് ചെയ്യാനുള്ള അന്തരീക്ഷത്തെ ബാധിക്കാറുണ്ട്. എന്നാൽ ദലിത് ഗവേഷകരുടെ ഗവേഷണങ്ങൾ ആ വിഭാഗത്തിന്റെ ഉയർച്ചയ്ക്ക് കാരണമാകുമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നാരായണൻ എം. ശങ്കരൻ
നാരായണൻ എം. ശങ്കരൻ

കേരളത്തിനുപുറത്ത് റിസർച്ച് ഗൈഡുകൾ ഏറെ യോഗ്യതയുള്ളവരാണ്. അതുകൊണ്ടുതന്നെ അവർ ഗവേഷകരുടെ ഗവേഷണത്തിൽ ഫോളോ അപ്പുകൾ നടത്തും. ആ ഫോളോ അപ്പ് കേരളത്തിൽ കാര്യമായി നടക്കുന്നില്ല. തിസീസ് എങ്ങനെ സമർപ്പിക്കണമെന്ന് അറിയാത്തവർ വരെ ഇവിടെ ഗവേഷണം ചെയ്യുന്നുണ്ട്.

കഴിവില്ലാത്ത റിസർച്ച്​ ഗൈഡുകൾ

കേരളത്തിലെ ഗവേഷണങ്ങളുടെ പ്രധാന പ്രശ്നം അധ്യാപകരുടെ കഴിവില്ലായ്​മയാണെന്ന്​ എം.ജി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ നിന്ന്​ ഗവേഷണം പൂർത്തിയാക്കിയ ബോബൻ ഇറാനിമോസ് പറയുന്നു. ഒരു റിസർച്ച് പേപ്പർ പോലുമില്ലാത്ത അധ്യാപകർ ഇവിടെയുണ്ട്. സോഷ്യൽ സയൻസിലൊക്കെ ഇംപാക്ട് കുറഞ്ഞ ഒന്നോ രണ്ടോ റിസർച്ച് പേപ്പറുകൾ തട്ടിക്കൂട്ടിയ അധ്യാപകരുണ്ട്. അധ്യാപകർ കഴിവില്ലാത്തവരാകുമ്പോൾ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പി.ജി തീസിസ് മുതൽ പിഎച്ച്ഡി തിസീസ് വരെ നിലവാരമില്ലാത്തവയായി മാറും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലൊക്കെ ഫൈനൽ തിസീസിന് മുമ്പായി നാല് ജേണലുകളിൽ ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കണമെന്നുണ്ട്. എന്നാൽ എം.ജിയിലോ മറ്റുള്ള സർവകലാശാലകളിലോ അതില്ല. കേരളത്തിനുപുറത്ത് റിസർച്ച് ഗൈഡുകൾ ഏറെ യോഗ്യതയുള്ളവരാണ്. അതുകൊണ്ടുതന്നെ അവർ ഗവേഷകരുടെ ഗവേഷണത്തിൽ ഫോളോ അപ്പുകൾ നടത്തും. ആ ഫോളോ അപ്പ് കേരളത്തിൽ കാര്യമായി നടക്കുന്നില്ല. തിസീസ് എങ്ങനെ സമർപ്പിക്കണമെന്ന് അറിയാത്തവർ വരെ ഇവിടെ ഗവേഷണം ചെയ്യുന്നുണ്ട്. സ്പൈറൽ ബൈൻഡിംഗ് ചെയ്ത് തീസിസ് സമർപ്പിച്ചവരെ ഞാൻ കണ്ടിട്ടുണ്ട്. ബൈൻഡിംഗിന്റെ പശ പോലും ഉണങ്ങാതെ തിസീസ് വയ്ക്കുന്നവരും ഇവിടെയുണ്ട്. പക്ഷെ ഇത് കുട്ടികളുടെ പ്രശ്നമായി എനിക്ക് തോന്നുന്നില്ല. ഞാൻ മനസ്സിലാക്കുന്നത് കഴിവുള്ള അധ്യാപകരില്ലാത്തതാണ്. ഗവേഷണം കഴിഞ്ഞ് പത്ത് വർഷത്തിലേറെയായിട്ടും ജോലി കിട്ടാത്തവർ ഇവിടെയുണ്ടാകുന്നതും അതിനാലാണ്. മറ്റുള്ളവരെക്കൊണ്ട് ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി സ്വന്തം പേരിൽ സമർപ്പിക്കുന്ന ചില അധ്യാപകരെ കണ്ടിട്ടുണ്ട്. അവരുടെ ആവശ്യം ജോലി സ്ഥിരപ്പെടുത്തുക എന്നതാണെന്നും ബോബൻ ചൂണ്ടിക്കാട്ടുന്നു.

 കേരളത്തിനുപുറത്ത് റിസർച്ച് ഗൈഡുകൾ ഏറെ യോഗ്യതയുള്ളവരാണ്. അതുകൊണ്ടുതന്നെ അവർ ഗവേഷകരുടെ ഗവേഷണത്തിൽ ഫോളോ അപ്പുകൾ നടത്തും. ആ ഫോളോ അപ്പ് കേരളത്തിൽ കാര്യമായി നടക്കുന്നില്ല. / Photo : Jamia News
കേരളത്തിനുപുറത്ത് റിസർച്ച് ഗൈഡുകൾ ഏറെ യോഗ്യതയുള്ളവരാണ്. അതുകൊണ്ടുതന്നെ അവർ ഗവേഷകരുടെ ഗവേഷണത്തിൽ ഫോളോ അപ്പുകൾ നടത്തും. ആ ഫോളോ അപ്പ് കേരളത്തിൽ കാര്യമായി നടക്കുന്നില്ല. / Photo : Jamia News

നമ്മുടെ സർവകലാശാലകളിലും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടക്കുന്ന ഗവേഷണങ്ങൾ ലക്ഷ്യബോധമുള്ളവയാക്കുകയാണ് ഇത്തരം പരാതികൾ പരിഹരിക്കാനുള്ള മാർഗം. പേരിനുമുന്നിൽ ഒരു ഡോക്ടർ എഴുതിച്ചേർക്കാനും അതിലൂടെ ജോലി സ്ഥിരത നേടാനും മാത്രമുള്ള ഉപാധിയായി ഗവേഷണത്തെ കാണാതിരിക്കുമ്പോൾ സമൂഹത്തിന് ഗുണകരമായ പഠനങ്ങൾ ഇവിടെ സാധ്യമാകുകയും അത് സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. ഇന്ന് നടക്കുന്ന ഗവേഷണങ്ങൾ മികവുറ്റതാകുമ്പോഴാണ് നാളെ അത് സമൂഹത്തിന് ഗുണം ചെയ്യുന്നത്. ഗുണനിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങൾ ഭാവിയിലും കൂടുതൽ ഗുണനിലവാരമുള്ള ഗവേഷണങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇന്നത്തെ ഗവേഷകർ നാളത്തെ ഗവേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടവർ കൂടിയാണെന്നും ഓർക്കേണ്ടതാണ്​.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments