കേരളത്തിലെ പെൺകുട്ടികളുടെ കരിയർ ചോയ്സിൽ നഴ്സിങ് മുന്നിൽ- ‘പ്രഥം’ റിപ്പോർട്ട്

സംസ്ഥാനത്തെ 99.5 % ശതമാനം കുട്ടികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണെന്ന് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ട്.

കേരളത്തിലെ പെൺകുട്ടികളിൽ കൂടുതൽ പേരും കരിയറായി തിരഞ്ഞെടുക്കുന്നത് നഴ്സിങ്ങ് മേഖല. 33.3 ശതമാനത്തോളം പെൺകുട്ടികൾ ഈ മേഖല തിരഞ്ഞെടുക്കുന്നു. 14.5 ശതമാനം ഡോക്ടറാവാനും 5 ശതമാനം അധ്യാപകരാകാനും ആഗ്രഹിക്കുന്നു.

ആൺകുട്ടികളിൽ 14 ശതമാനത്തോളം എഞ്ചിനീയറിങ്ങ് മേഖലയിലേക്ക് കടന്നപ്പോൾ 8.6 ശതമാനം നഴ്സിങ് തിരഞ്ഞെടുത്തു.
എൻ.ജി.ഒ യായ പ്രഥം ഫൗണ്ടേഷന്റെ ആനുവൽ സ്റ്റാറ്റസ് ഓഫ് എഡുക്കേഷൻ റിപ്പോർട്ട് 2023-ലാണ് ഈ വിവരം.

കേരളത്തിൽ ആൺ- പെൺ വ്യത്യാസമില്ലാതെ എല്ലാവരും ജോലി നേടാൻ ആഗ്രഹമുള്ളവരാണെന്നും പഠനം പറയുന്നു. എന്നാൽ ആൺകുട്ടികളിൽ 21.1 % പേർക്കും പെൺകുട്ടികളിൽ 13.2 % പേർക്കും എന്തായി തീരണമെന്ന കാര്യത്തിൽ ധാരണയോ വ്യക്തതയോ ഇല്ല.

Photo credit :ASER

99.5 % ശതമാനം കുട്ടികളും
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു

ഇന്ത്യയിൽ രണ്ടാം ക്ലാസ് നിലവാരത്തിലുള്ള പാഠപുസ്തകങ്ങൾ വായിക്കാൻ പകുതിയിൽ പേർക്കും അറിയില്ലെന്നിരിക്കെ കേരളത്തിൽ 84.5 % കുട്ടികൾക്കും ഇത് വായിക്കാനുള്ള കഴിവുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 60 ശതമാനത്തോളം കുട്ടികൾക്ക് അടിസ്ഥാന ഹരണമറിയാം. ഇതും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

സംസ്ഥാനത്തെ 99.5 % ശതമാനം കുട്ടികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. അവരിൽ 84% പേരാണ് പഠനവുമായി ബന്ധപ്പെട്ട ഓൺലൈൻ ആക്റ്റിവിറ്റികളിൽ ഏർപ്പെടുന്നത്. ബാക്കി 15 % ഫോൺ ഉപയോഗിക്കുന്നത് സമൂഹമാധ്യമങ്ങൾ നോക്കാനും മറ്റ് ആവശ്യത്തിനുമാണ്. 91 ശതമാനം കുട്ടികൾക്കും പഠനാവശ്യത്തിന് ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഇല്ല. സ്വന്തമായി കമ്പ്യൂട്ടറുള്ള 9 ശതമാനത്തിൽ 15 ശതമാനം പേർക്കും കമ്പ്യൂട്ടർ ഉപയോഗിക്കാനറിയില്ല എന്നും റിപ്പോർട്ട് പറയുന്നു.

കേരളത്തിലെ കുട്ടികളിൽ സ്മാർട് ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കാണിക്കുന്ന പട്ടിക (ASER report)

മലയാളം വായിക്കാനറിയുന്നവരുടെ എണ്ണം കുറഞ്ഞു

60 ശതമാനത്തോളം കുട്ടികളാണ് 10 വയസ്സ് വരെയുള്ള കാറ്റഗറിയിൽ സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്നത്. 15 വയസുവരെയുള്ളവരിൽ ഇത് 70 ശതമാനത്തോളമായി ഉയരുന്നുണ്ട്. 2018- ൽ സർക്കാർ സ്കൂളുകളിൽ അഡ്മിഷൻ നേടിയത് 48 ശതമാനം പേരായിരുന്നുവെങ്കിൽ 2023- ലേക്കെത്തിയപ്പോൾ 64 ശതമാനമായി ഉയർന്നു. എന്നാൽ, മലയാളം വായിക്കാനറിയുന്നവരുടെ എണ്ണം 2018- ലെ 73 ശതമാനത്തിൽ നിന്ന് 2023-ൽ 61 ശതമാനമായി കുറഞ്ഞു. ഗണിതനൈപുണ്യത്തിലും സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിൽ പത്ത് ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ, ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാക്കുന്ന കുട്ടികളുടെ എണ്ണത്തിൽ സർക്കാർ, സർക്കാരിത സ്കൂളുകളിൽ 5% വർധനവുണ്ടായി.

വിവിധ വയസ്സ് കാറ്റഗറിയിൽ മലയാളം വായിക്കാനറിയാവുന്നവരുടെ കണക്ക് (ASER report)

കോവിഡ് ബ്രേക്കിനുശേഷം ആദ്യമായാണ് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡുക്കേഷൻ റിപ്പോർട്ട് വരുന്നത്. രാജ്യത്ത് സ്കൂൾ വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ പങ്കാളിത്തതിൽ വൻ വർധനവ് കാണിക്കുമ്പോഴും പഠന നിലവാരം കുത്തനെ ഇടിയുന്നതായി റിപ്പോർട്ട് പറയുന്നു. സർക്കാർ സ്കൂളുകളിൽ അഡ്മിഷനുകൾ കൂടുന്നതും, കുട്ടികളുടെയും അധ്യാപകരുടെയും അറ്റൻഡൻസിലെ വർധനവും, പെൺകുട്ടികളുടെ എണ്ണത്തിലുണ്ടായ കുതിപ്പുമടക്കം, പുരോഗമനപരമായ പല മാറ്റങ്ങളുമുണ്ടായെങ്കിലും അത് പഠനനിലവാരമുയർത്താൻ സഹായിച്ചിട്ടില്ല എന്ന് റിപ്പോർട്ടിലുണ്ട്.

പ്രാദേശിക ഭാഷയിലുള്ള പ്രാഥമിക വായനയും അടിസ്ഥാന ഗണിതവും അറിയാത്തവരാണ് രാജ്യത്തെ ഭൂരിഭാഗം കുട്ടികളും. പ്രൈമറിക്കും സെക്കൻഡറിക്കും ശേഷം വലിയ രീതിയിൽ കൊഴിഞ്ഞു പോക്കുണ്ടാകുന്നു.

സർക്കാർ സ്കൂളുകളിൽ അഡ്മിഷനുകൾ കൂടുന്നത് കാണിക്കുന്ന ഗ്രാഫ് (ASER report)

സ്കെയിൽ വച്ച് നീളവും വീതിയും
അളക്കാനറിയാത്ത കുട്ടികൾ

രാജ്യത്തെ 14-18 പ്രായക്കാരിൽ നാലിൽ ഒരാൾക്ക്, മൊത്തം വിദ്യാർത്ഥികളുടെ 25 %-നും, രണ്ടാം ക്ലാസ് നിലവാരമുള്ള പാഠഭാഗങ്ങൾ പോലും മനസ്സിലാക്കാൻ കഴിയുന്നില്ല. 42.7 % പേർക്ക് ഇംഗ്ലീഷ് വാക്കുകൾ പറയാനറിയില്ല. നാലാം ക്ലാസിലെ പകുതിയോളം കുട്ടികൾക്ക് പ്രാഥമിക ഹരണം പോലുമറിയില്ല. രണ്ടക്ക സംഖ്യയെ മറ്റൊരു സംഖ്യ കൊണ്ട് ഹരിക്കുന്നതിനെയാണ് പ്രാഥമിക ഹരണമാക്കി നിശ്ചയിച്ചിട്ടുള്ളത്.

14-18 പ്രായക്കാരിൽ 80 % ലേറെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗത്തിനും അടിസ്ഥാന നിലവാരമില്ല. 2018- ൽ നടത്തിയ പഠനത്തിൽ 76.6 % കുട്ടികൾക്ക് അടിസ്ഥാന ക്ലാസുകളിലെ (രണ്ടാം ക്ലാസ്സിലെയോ/മൂന്നാം ക്ലാസിലേയോ) പാഠഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു. 2021- ലെ പഠനത്തിലും നേരിയ വർധനവുണ്ടായിരുന്നു. 2023 -ൽ പത്ത് ശതമാനത്തിലധികം വർധനവ് ദേശീയ വിദ്യാഭ്യാസമന്ത്രാലയം പ്രതീക്ഷിച്ചിടത്ത് 73% ശതമാനമായി കുറയുകയാണ് ചെയ്തത്. എന്നാൽ അടിസ്ഥാന ഹരണമറിയുന്ന കുട്ടികളുടെ എണ്ണത്തിൽ നേരിയ പുരോഗതിയുണ്ട്. 39.5 % എന്നത് 43.3 % ശതമാനമായി. രാജ്യത്ത് പകുതിയിലധികം കുട്ടികൾക്കും സ്കെയ്ൽ വെച്ച് നീളവും വീതിയും അളക്കാനറിയില്ലയെന്ന വസ്തുതയും ഈ റിപ്പോർട്ട് തുറന്നു കാട്ടുന്നു.

പഠനത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ പെൺകുട്ടികൾ വലിയ വിവേചനം അനുഭവിക്കുന്നതായി റിപ്പോർട്ടിലുണ്ട്

പഠനമുപേക്ഷിക്കുന്നവരുടെ
എണ്ണം കൂടുന്നു

പഠനം നിർത്തിപ്പോകുന്നവരുടെ എണ്ണവും കൂടി. 14 വയസ്സിന് മുമ്പേ 3.9 % ശതമാനം പേർ പഠനം ഉപേക്ഷിക്കുന്നു. പിന്നീടങ്ങോട്ട് പ്രായം കൂടുംതോറും പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീത വർധനവുണ്ട്. 14 വയസ്സിലെത്തുമ്പോൾ 10.9 % ആയും 18 വയസ്സിലെത്തുമ്പോൾ 32.6 % മായും അത് മാറുന്നു. കൂടുതൽ കുട്ടികളും സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് പഠനം ഉപേക്ഷിക്കുന്നത്. പഠിക്കുന്ന കുട്ടികളിൽ 33 %​പേരും സ്കൂൾ സമയം കഴിഞ്ഞ് ജോലിക്ക് പോകുന്നവരാണ്. എന്നാൽ തൊഴിലധിഷ്ഠിതപഠനം നടത്തുന്നവർ വെറും 5 % വും.

സ്വകാര്യ ട്യൂഷനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം 2018- ലെ 26% ൽ നിന്ന് 2023-ൽ 30.5% ആയി ഉയർന്നു. പ്രൈമറി സ്കൂളുകളിൽ 90 % വും, അപ്പർ പ്രൈമറി ക്ലാസുകളിൽ 84 % വും കുട്ടികൾക്ക് ടെക്സ്റ്റ് ബുക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി തലത്തിൽ ആൺകുട്ടികളും പെൺകുട്ടികളും കൂടുതൽ ആശ്രയിക്കുന്നത് ആർട്സ് വിഷയങ്ങളെയാണ്. യഥാക്രമം 49.7, 60.5 ശതമാനം വീതം. ആൺകുട്ടികളിൽ 36.3 ശതമാനം ശാസ്ത്ര വിഷയങ്ങളും 10.7 ശതമാനം കൊമേഴ്സ് വിഷയങ്ങളും തിരഞ്ഞെടുക്കുന്നു. പെൺകുട്ടികളിൽ 28.1 ശതമാനം ശാസ്ത്ര വിഷയങ്ങളും 8.4% കൊമേഴ്സ് വിഷയങ്ങളും തിരഞ്ഞെടുക്കുന്നു. ഹയർസെക്കൻഡറി കഴിഞ്ഞ് കൂടുതൽ കുട്ടികളും തിരഞ്ഞെടുക്കുന്നത് ആർട്സ് വിഷയങ്ങളാണ്.

പഠനത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ പെൺകുട്ടികൾ വലിയ വിവേചനം അനുഭവിക്കുന്നതായും പഠനം പറയുന്നു. 43.7 % ആൺകുട്ടികൾ ഇത് ഉപയോഗിക്കുമ്പോൾ പെൺകുട്ടികൾ 19.8 % മാത്രമാണ്. സ്മാർട്ട് ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ആൺകുട്ടികൾക്ക് ലഭ്യമാകുന്നതുപോലെ പെൺകുട്ടികൾക്ക് ലഭ്യമാകുന്നില്ല.

രാജ്യത്തെ കുട്ടികളിൽ സ്ട്രീമുകൾ തിരിച്ചുള്ള കണക്കുകൾ (ASER report)

റിപ്പോർട്ട് മുന്നോട്ടു വെക്കുന്ന മാർഗനിർദേശങ്ങൾ

  1. കേന്ദ്ര-സംസ്ഥാന-തദ്ദേശ ഭരണകൂടങ്ങൾ സ്കൂളുകൾക്ക് അനുവദിച്ച ഗ്രാൻഡുകൾ എത്രമാത്രം കൈമാറപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്തുക.

  2. സ്കൂളുകളിലെ അടിസ്ഥാന വികസനമടക്കമുള്ള കാര്യങ്ങൾ കുട്ടികളുടെ വിദ്യഭ്യാസനിലവാരം ഉയർത്തുന്നുണ്ടോ എന്ന് പരിശോധിക്കുക.

  3. ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ നടന്ന വർഷമാണ് 2022-2023. 98 ശതമാനത്തോളം പേരാണ് പ്രൈമറിയിൽ അഡ്മിഷനെടുത്തത്. എന്നാൽ അത് വിദ്യാഭ്യാസ നിലവാരം ഉയർത്തിയില്ല എന്നത് പരിഹരിക്കപ്പെടണം.

  4. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവുമെല്ലാം രക്ഷിതാക്കൾ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റിച്ചേർത്താൻ കാരണമായിട്ടുണ്ട്. എന്നാൽ സർക്കാർ സ്കൂളുകളുടെ നിലവാരം കെട്ടിട നിർമ്മാണത്തിലോ കൂടുതൽ ക്ലാസ് റൂമുകൾ ഉണ്ടാക്കുന്നതിനോ അപ്പുറം വികസിച്ചിട്ടില്ല. സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തിയുള്ള പി.പി. പി പദ്ധതികൾ ആവിഷ്കരിക്കണം.

  5. 1976 മുതലുള്ള വിഷയങ്ങൾ സമകാലിക വിഷയങ്ങളായി പരിഗണിച്ച് ഈ വിഷയങ്ങളെ പുനരുജജീവിപ്പിക്കാൻ ആവശ്യമായ മാനുഷിക സാമ്പത്തിക മൂലധനം കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകണം.

  6. രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തിയിട്ടുള്ള കമ്യൂണിറ്റി ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കണം. പഠനത്തിലും പരിചരണത്തിലുമുണ്ടാകുന്ന മാതാപിതാക്കളുടെ ശ്രദ്ധ കുട്ടികളുടെ പഠനനിലവാരത്തെയും സ്വഭാവരൂപീകരണത്തെയും സ്വാധീനിക്കും.

  7. സ്പോർട്സ്- ആർട്സ് ഇനങ്ങളിൽ ഓരോ കുട്ടികൾക്കും പരിശീലനം നൽകി, പഠനത്തിന് പിന്തുണ നൽകുന്ന സപ്പോർട്ടിങ്ങ് സംവിധാനങ്ങളായി അവയെ മാറ്റണം.

  8. ഗ്രൂപ്പ് സ്റ്റഡിക്കും റഫറൻസിനും മികച്ച ഉന്നത സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനങ്ങൾക്ക് തയ്യാറെടുക്കാനും സൗകര്യമുള്ള പബ്ലിക് ലൈബ്രറികൾ ഓരോ ഗ്രാമങ്ങളിലും തുടങ്ങണം.

  9. സ്മാർട്ട് ടി.വി, അധ്യാപകർക്കുള്ള മൈക്കുകൾ, സൌണ്ട് ബോക്സ് തുടങ്ങിയവ എല്ലാ സ്കൂളുകളിലും വേണം.

  10. എല്ലാ അധ്യാപകരും ഗാഡ്‌ജെറ്റുകളുടെ ഉപയോഗത്തിൽ പരിശീലനം നേടിയിരിക്കണം.

  11. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഒരാഴ്ച്ചയിൽ നിശ്ചിത മണിക്കൂർ മാറ്റിവെക്കണം.

  12. കേന്ദ്ര- സംസ്ഥാന വിഹിതങ്ങളുടെ പേരിൽ മുടങ്ങിക്കിടക്കുന്ന പ്രൈമറിതലം മുതൽ ഗവേഷണം വരെയുള്ള സ്കോളർഷിപ്പ് പ്രശ്നങ്ങൾ പരിഹരിക്കണം.

ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ട്

എന്താണ് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ട് ?

2005- മുതൽ പ്രഥം ഫൗണ്ടേഷൻ റിപ്പോർട്ട് പുറത്തിറക്കുന്നുണ്ട്. രാജ്യത്തെ ഗ്രാമീണമേഖലയിലെ സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരത്തെ കുറിച്ചുള്ള അവലോകനമാണിത്.
മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് പ്രധാനമായും പഠനം നടത്തുന്നത്.
5-16 വയസ്സ് വരെയുള്ള ഗ്രാമീണ പ്രദേശങ്ങളിലെ കുട്ടികളുടെ അടിസ്ഥാന വായനാശേഷിയും ഹരിക്കൽ പോലെയുള്ള ഗണിത നൈപുണ്യവും അളക്കുന്നതാണ് ഒന്ന്.
14-18 വയസ്സുവരെയുള്ള, ‘ബിയോണ്ട് ബേസിസ്‘ (beyond basis) എന്ന് പേര് നൽകിയ രണ്ടാം കാറ്റഗറിയിൽ ആ പ്രായത്തിലുള്ള കുട്ടികളുടെ അറിവുകളെയും അനുഭവങ്ങളെയും അഭിലാഷങ്ങളെയും കുറിച്ചുള്ള പഠനമാണ്.
4-8 വയസ്സ് വരെയുള്ള മൂന്നാം കാറ്റഗറി കുട്ടികളിൽ വാക്കുകളും സംഖ്യകളും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട പഠനമാണ്. ‘ഏർലി ഇയേഴ്സ് സ്റ്റഡി’യെന്നാണ് ഇതറിയപ്പെടുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ നിന്നാണ് വിവരം ശേഖരിക്കുക. 26 സംസ്ഥാനങ്ങളിലെ 28 ജില്ലകളിലെ 1664 ഗ്രാമങ്ങളിലെ 30,074 വീടുകളിൽ നിന്നുള്ള 34,745 കുട്ടികളെയാണ് സർവ്വെയുടെ ഭാഗമായി ഇത്തവണ പഠനവിധേയമാക്കിയത്. കേരളത്തിൽ നിന്ന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, യു.ജി മേഖലകളിൽ നിന്ന് വിവരശേഖരണം നടത്തി.

Comments