ബ്ലെൻഡഡ് ലേണിംഗ്: ക്ലാസ് മുറികൾക്കുമേലും ഭരണകൂട നിരീക്ഷണമോ?

കോവിഡ് പ്രതിസന്ധിയുടെ രണ്ടാം വേവിൽ കോർപ്പറേറ്റുകളും, ടെക്‌നോക്രാറ്റുകളും, ആപ്പ് വ്യവസായികളും ഉയർത്തുന്ന പുതിയ വാദം ബ്ലൻഡഡ് ലേണിംഗാണ്. യു.ജി.സി. ഡോക്യുമെന്റിലെ 75% ക്ലാസ്‌റൂം പഠനവും 25% ഓൺലൈൻ പഠനവുമെന്നതിൽ നിന്ന് യു.ജി.സിയുടെ പുതിയ സമീപനരേഖയിൽ 60% മുഖാമുഖ പഠനവും 40% ഓൺലൈൻ പഠനവും എന്നതിലേക്കും ഭാവിയിൽ ഓൺലൈൻ പഠനം മാത്രമായും മാറുന്നതിലേക്കാണ് ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പോക്ക്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഷോഷന്ന സുബോഫ് സർവയലൻസ് ക്യാപിറ്റലിസം എന്ന പുസ്തകത്തിൽ ഡിജിറ്റൽ സങ്കേതങ്ങൾ വിദ്യാഭ്യാസപ്രക്രിയയിൽ അവതരിപ്പിക്കുന്ന രണ്ടു തരം ദ്വന്ദ്വങ്ങളെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷകനും (watchers) നിരീക്ഷണത്തിന് വിധേയനാകു ന്നവനും (watched). നിരീക്ഷകർ വൻതോതിലുള്ള ഡിജിറ്റൽ മൂലധനം കയ്യാളുന്നവരും, അദ്യശ്യരും, അജ്ഞാതരും ആരോടും പ്രതിബദ്ധത ഇല്ലാത്തതുമായ (Invisible, Unknown, Unaccountable) പ്രതീതി യഥാർത്ഥ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ നിരീക്ഷണത്തിന് വിധേയരാകുന്നവരാകട്ടെ അവരുടെ ഐഡന്റിറ്റിയും, വിസിബിലിറ്റിയും കമ്മിറ്റ്‌മെന്റും പല തരത്തിൽ തെളിയിക്കേണ്ടതുണ്ട്.

മേൽ നിരീക്ഷണ മുതലാളിമാരിൽനിന്ന് (Surveillance Capitalist) സ്വകാര്യതയോ, നിരീക്ഷണമോ, ശിക്ഷാ നടപടികളോ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാനാവാത്ത ദുർബലതകളിലാണ് watched നിലകൊള്ളുന്നത്. വിദ്യാഭ്യാസപ്രകിയയിലെ ഡിജിറ്റൽ പുതുമാതൃകകളും, ബ്ലൻഡഡ് രീതികളും, കോർപ്പറേറ്റധിഷ്ഠിത ആപ്പുകളും, വെർച്വൽ യൂണിവേഴ്‌സിറ്റികളും പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ പോകുന്ന അസ്വസ്ഥതകളും, അസമത്വങ്ങളും, അരികുവത്ക്കരണവും, സംഘർഷങ്ങളുമായിരിക്കും സർവിയലൻസ് ക്യാപിറ്റലിസ്റ്റുകാലത്തെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്താൻ പോകുന്നത്.

ഈയൊരു സാഹചര്യത്തിൽ വേണം ഉന്നതവിദ്യാഭ്യാസമേഖലയുടെ പുനഃസംഘാടനത്തിനെന്ന പേരിൽ യു.ജി.സി. തയ്യാറാക്കിയ "ബ്ലെൻഡഡ് മോഡ് ഓഫ് ലേണിംഗ് & ടീച്ചിംഗ്' എന്ന കൺസപ്റ്റ് നോട്ടിനെ സമീപിക്കേണ്ടത്. യു.ജി.സി.യുടെ 547-ാമത് മീറ്റിംഗിന്റെ നിർദ്ദേശങ്ങളായി പുറത്തിറക്കിയ ഈ രേഖ വരാൻ പോകുന്ന വ്യത്യസ്ത രൂപങ്ങളിലുള്ള ബ്ലെൻഡഡ്/ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതികളുടെയെല്ലാം ദിശാസൂചകമാണ്. കോവിഡ് പ്രതിസന്ധി ഭരണകൂടങ്ങൾക്കു നൽകിയ അമിതാധികാരത്തിന്റെയും, പൗരസ്വാതന്ത്ര്യനിഷേധത്തിന്റെയും ഇരുണ്ട വഴികളിലൂടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് സമാനമായി യു.ജി.സി. രേഖയും കടന്നുവരുന്നത്.

എതിർപ്പിന്റെ പത്തു കാരണങ്ങൾ

ലോകത്തും രാജ്യത്തും നിലനിൽക്കുന്ന സാമൂഹ്യ പരിതോവസ്ഥകളിൽനിന്നു മാറി ബ്ലൻഡഡ് ലേണിംഗെന്നല്ല ഒരു വിദ്യാഭ്യാസപ്രവർത്തനത്തെയും കാണാനാവില്ല. എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സൂക്ഷ്മാർത്ഥത്തിൽ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ തന്നെയാണ്. അത്തരത്തിൽ പരിശോധിക്കുമ്പോൾ യു.ജി.സി.ഡോക്യുമെൻറ്​ ഉണ്ടാക്കാൻ പോവുന്ന സമീപകാല- ഭാവി പ്രത്യാഘാതങ്ങളെ ഒരു ഇംപാക്ട് അസസ്‌മെൻറ്​ അനാലിസിസിനു വിധേയമാക്കേണ്ടതുണ്ട്.

കോവിഡ് പ്രതിസന്ധി ഭരണകൂടങ്ങൾക്കു നൽകിയ അമിതാധികാരത്തിന്റെയും, പൗരസ്വാതന്ത്ര്യനിഷേധത്തിന്റെയും ഇരുണ്ട വഴികളിലൂടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് സമാനമായി യു.ജി.സി. രേഖയും കടന്നുവരുന്നത്.

വിദ്യാഭ്യാസപ്രശ്‌നങ്ങളുടെ സാങ്കേതിക പരിഹാരം

ബ്ലൻഡഡ് അഥവാ ഹൈബ്രിഡ് ലേണിംഗ് എന്ന ആശയം ഒട്ടും പുതിയതല്ല. ലോക ബാങ്കും, ഒ.ഇ.സി.ഡി.യുമെല്ലാം വളരെ മുമ്പുതന്നെ വിവിധ ഡോക്യുമെന്റുകളിലൂടെ ബ്ലൻഡഡ് ലേണിംഗ് സംബന്ധമായ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ ഫലമായ അധ്യയന നഷ്ടത്തിന്റെ മറയിലാണ് അത് ഇന്ത്യയിലുൾപ്പെടെ നടപ്പിലാക്കുന്നതെന്നു മാത്രം. യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, സാമ്പത്തികത്തകർച്ച എന്നിങ്ങനെയുള്ള സന്ദിഗ്ധ ഘട്ടങ്ങളിൽ വളരെ മുന്നേ തന്നെ നടപ്പിലാക്കാനായി കരുതിവച്ചിരുന്ന ജനവിരുദ്ധനയങ്ങളും നടപടികളും ലോകമെങ്ങും ഭരണകൂടങ്ങൾ പുറത്തെടുക്കാറുണ്ട്. ഇത്തരമൊരു ആഗോളധനകാര്യ താൽപര്യം കോവിഡ് പ്രതിസന്ധിയുടെ മറയിൽ ലോകമെങ്ങും നടപ്പാക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസ പ്രക്രിയയിൽ ഈ അജണ്ട പ്രവർത്തിക്കുന്നത് ഇ-വിദ്യാഭ്യാസ പദ്ധതികളുടെയും, ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും, ഹൈബ്രിഡ്- ബ്ലെൻഡഡ്- ഫ്‌ളിപ്ഡ് ലേണിംഗ് സമീപനങ്ങളുടെയും രൂപത്തിലാണ്. വിദ്യാഭ്യാസത്തിലെ സങ്കീർണമായ സാമൂഹ്യ- സാമ്പത്തിക- മനഃശാസ്ത്ര- ബോധനശാസ്ത്ര പ്രശ്‌നങ്ങളെല്ലാം സാങ്കേതികതയിലൂടെ പരിഹരിക്കാമെന്ന കേവല യുക്തിയാണ് ഇതിന്റെ വക്താക്കൾ അവതരിപ്പിക്കുന്നത്.

സാമൂഹിക- രാഷ്ട്രീയ പ്രവണതകളെ സാങ്കേതിക പ്രശ്‌നങ്ങളാക്കി ചുരുക്കി പരിഹാരത്തിനുള്ള ചുമതല ടെക്‌നോക്രാറ്റുകളെ ഏൽപ്പിക്കുന്ന രീതി പരിഷ്‌കൃത സമൂഹങ്ങളിൽ നിലനിൽക്കുന്നുവെന്ന മാർക്‌സിയൻ വിദ്യാഭ്യാസചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ ഹെബർമാസിന്റെ നിരീക്ഷണം കോവിഡ് പ്രതിസന്ധിയ്ക്കിടയിൽ കേരളത്തിലുൾപ്പെടെ നാം കണ്ടതാണ്. ‘പ്രശ്‌നങ്ങളെ സാങ്കേതിക പ്രശ്‌നങ്ങളാക്കി മാറ്റി സാങ്കേതികപരിഹാരമാർഗങ്ങൾ ആവശ്യമാക്കിത്തീർക്കുക വഴി, സാമൂഹിക സ്ഥാപനങ്ങളുടെ നിയന്ത്രണം സാങ്കേതികവിദഗ്ധരെ ഏൽപ്പിക്കാൻ കഴിയുന്നു. ഇത്തരത്തിൽ ഭരണവർഗത്തിന് ജനങ്ങളെ കൂടുതൽ കൂടുതൽ അരാഷ്ട്രീയവത്ക്കരിക്കാൻ കഴിയുന്നു എന്നതാണ് ഹെബർമാസിന്റെ നിലപാട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമെന്നത് കമ്പ്യൂട്ടറിലൂടെ നിർവചിക്കപ്പെടുന്ന സാങ്കേതികപ്രശ്‌നമാക്കി മാറ്റിയെടുക്കുമ്പോൾ വിദ്യാഭ്യാസമേഖലയിൽ സമൂഹ പ്രവർത്തനത്തിനുള്ള സാധ്യതയെ പ്രതിരോധിക്കാനും ഭരണവർഗത്തിനു കഴിയുന്നു.' (മാർക്‌സിയൻ വിദ്യാഭ്യാസ ദർശനം - ഡോ: രവിശങ്കർ എസ് നായർ)

വിപണിയുടെ പ്രലോഭനവും യാഥാർത്ഥ്യവും

കോവിഡ് പ്രതിസന്ധിയുടെ രണ്ടാം വേവിൽ കോർപ്പറേറ്റുകളും, ടെക്‌നോക്രാറ്റുകളും, ആപ്പ് വ്യവസായികളും ഉയർത്തുന്ന പുതിയ വാദം ബ്ലൻഡഡ് ലേണിംഗാണ്. 2020ലെ യു.ജി.സി. ഡോക്യുമെന്റിലെ 75% ക്ലാസ്‌റൂം പഠനവും 25% ഓൺലൈൻ പഠനവുമെന്നതിൽ നിന്ന് യു.ജി.സിയുടെ പുതിയ സമീപനരേഖയിൽ 60% മുഖാമുഖ പഠനവും 40% ഓൺലൈൻ പഠനവും എന്നതിലേക്കും ഭാവിയിൽ ഓൺലൈൻ പഠനം മാത്രമായും മാറുന്നതിലേക്കാണ് ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പോക്ക്.

ഹെബർമാസ്

ഇന്ത്യയുടെ വിദ്യാഭ്യാസമേഖല ഏറെ സാധ്യതകളുള്ള മികച്ച ഒരു ഡിജിറ്റൽ വിപണിയാണ് എന്ന തിരിച്ചറിവാണ് കോർപ്പറേറ്റുകളെ പൊതു-ഉന്നതവിദ്യാഭ്യാസ മേഖലയിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകം. സ്‌കൂളുകളും, കോളേജുകളും, യൂണിവേഴ്‌സിറ്റികളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാമുൾപ്പെട്ട വൻമാർക്കറ്റാണത്. രണ്ടായിരത്തിലെ അംബാനി-ബിർള റിപ്പോർട്ട് അതിന്റെ ലിറ്റ്മസ് പേപ്പറായിരുന്നു. അന്നവർ പറഞ്ഞത് വിദ്യാഭ്യാസം ഒരു നോൺമെരിറ്റ് ഗുഡായതിനാൽ അതിനെ ഉടനടി മാർക്കറ്റുമായി കൂട്ടിയിണക്കി മെരിറ്റ് ഗുഡാക്കി മാറ്റണമെന്നാണ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയവും സമാനമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. “While promoting digital learning and education the importance of face to face in person learning is fully recognized. Accordingly effective models of blended learning will be identified for appropriate replication for different subjects”. എന്നാൽ കോവിഡ് പ്രതിസന്ധി ഡിജിറ്റൽ ഇന്ത്യയുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് സാമൂഹ്യചിന്തകർ നിരീക്ഷിക്കുന്നുണ്ട്. യു.എൻ. ഡവലപ്പ്‌മെൻറ്​ പ്രോഗ്രാമിന്റെ 2019-ലെ മാനവശേഷി വികസനറിപ്പോർട്ട് വിദ്യാഭ്യാസവും ആരോഗ്യവും പോലെ ഡിജിറ്റൽ സാങ്കേതികവിദ്യയും വ്യക്തിയുടെ അവകാശമാണെന്നു വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റൽ സാങ്കേതികതയുടെ കുറവും അറിവില്ലായ്മയും ജനതയെ പിന്നാക്കാവസ്ഥയിലേക്കു നയിക്കുമെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു. ശക്തമായ സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഡിജിറ്റൽ പാർട്ടിഷൻ രൂക്ഷമായ അക്കാദമിക പ്രതിസന്ധിയും അധ്യയനനഷ്ടവും സൃഷ്ടിച്ചു കഴിഞ്ഞു. ഉപകരണങ്ങളുടെ ലഭ്യത, ഉപയോഗിക്കാനുള്ള കഴിവ്, വേഗത, കണക്ടിവിറ്റി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെല്ലാം രാജ്യം എവിടെ നിൽക്കുന്നുവെന്നും ഇക്കാര്യങ്ങളിലെ യാഥാർത്ഥ്യമെന്തെന്നും തുറന്നുകാട്ടപ്പെട്ടു. മധ്യവർഗ-മെട്രോ കേന്ദ്രിത ടെക്‌നോക്രാറ്റുകളും ബുദ്ധിജീവികളും ആഘോഷിക്കുന്നതല്ല ഡിജിറ്റൽ ഇന്ത്യയിലെ അടിസ്ഥാനതലത്തിലെ യാഥാർത്ഥ്യങ്ങളെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞ കാലം കൂടിയാണിത്.

ഭരണകൂട സർവയലൻസ്

ക്ലാസ് മുറികൾക്കുമേൽ ഭരണകൂട നിരീക്ഷണവും, നിയന്ത്രണവും, ഏകീകൃത വ്യവസ്ഥകളും കർക്കശമാക്കാനുള്ള ഉപാധിയായി ബ്ലെൻഡഡ് ലേണിംഗ് മാറാനിടയുണ്ട്. അക്കാദമിക ഇടങ്ങളിലേക്ക് അരിച്ചെത്തുന്ന ടോട്ടാലിറ്റേറിയൻ സർവയലിൻസിന്റെ അടിച്ചമർത്തൽ രീതികൾ കലാലയങ്ങളുടെ അക്കാദമിക സ്വാതന്ത്ര്യമെന്ന അടിസ്ഥാന ആശയത്തെത്തന്നെ അപകടപ്പെടുത്തിയേക്കും. ഓരോ വാക്കും മറ്റാരോ നിരീക്ഷിക്കപ്പെടുന്നതും ഒരു പക്ഷേ കുറ്റകൃത്യമായി മാറുന്നതും ജനാധിപത്യ സംവാദ സാധ്യതകളെയൊന്നാകെ കൊട്ടിയടച്ചു കളഞ്ഞേക്കാം. കാസർകോഡ് കേന്ദ്രസർവകലാശാലയിലെ ഗിൽബർട്ട് സെബാസ്റ്റ്യൻ എന്ന പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ഓൺലൈൻ വിദ്യാഭ്യാസ രീതിയുടെ സർവയലിൻസിന്റെ ഇരയായി മാറിയത് അടുത്തിടെയാണ്. പൊളിറ്റിക്കൽ സയൻസ് ക്ലാസ് റൂമിൽ എന്നല്ല, ഏതു ക്ലാസ് മുറിയിൽ നിന്നും ഉയർന്നു വരേണ്ട വ്യത്യസ്ത അഭിപ്രായങ്ങളിലേക്കും ചിന്തകളിലേക്കും സംവാദാത്മകമായി ഒരധ്യാപകൻ/അധ്യാപിക ചോദ്യമുന്നയിക്കുന്നത് അച്ചടക്കനടപടി നേരിടേണ്ട കുറ്റമായി മാറുന്നത് നമ്മുടെ ജനാധിപത്യത്തെ പ്രാകൃത ഭരണ വ്യവസ്ഥയാക്കി മാറ്റും.

ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ

നിലവിലുള്ള രാഷ്ട്രീയ-സാമൂഹ്യഘടനയെ നിലനിർത്താനുള്ള ഉപാധിയാണ് വിദ്യാഭ്യാസമെങ്കിലും, ചിലപ്പോഴെല്ലാം ക്ലാസ്​മുറികൾ നിരന്തരമായ ചോദ്യങ്ങളുടെയും സംവാദങ്ങളുടെയും ജൈവിക ജനാധിപത്യ ഇടമായി മാറാറുണ്ട്. വിയറ്റ്‌നാം-ഇറാഖ് അധിനിവേശത്തിനെതിരെ, യു.എസിലെ യൂണിവേഴ്‌സിറ്റികളും, അടിയന്തരാവസ്ഥാ- പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ ഇന്ത്യയിലെ കാമ്പസുകളും ഉയർത്തിയ പ്രതിരോധം അതാതിടങ്ങളിലെ ഭരണകൂടങ്ങളെ ഒട്ടൊന്നുമല്ല വിറളി പിടിപ്പിച്ചത്. ഫിലിപ്പൈൻസിലെയും, കമ്പോഡിയയിലെയും, തായ്‌ലൻഡിലെയും ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും നടത്തുന്ന പ്രതിഷേധങ്ങളും, പ്രക്ഷോഭങ്ങളും ഇപ്പോഴും തുടരുകയാണ്. നിലനിൽക്കുന്ന പാഠ്യപദ്ധതിയും, സിലബസും, ബോധന സമീപനങ്ങളുമുയർത്തുന്ന ചോദ്യങ്ങളെ ഒതുക്കാനുള്ള എളുപ്പ വഴി ക്യാമ്പസുകളെ അരാഷ്ട്രീയവൽക്കരിക്കുകയെന്നതും സർവയലൻസ് ശക്തമാക്കുകയെന്നതുമാണെന്ന് ഭരണകൂടം തിരിച്ചറിയുന്നുണ്ട്.

അധ്യാപകർ ആവശ്യമില്ല

വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ പരാജയത്തിന്റെയും, ഗുണനിലവാരമില്ലായ്മയുടേയും പ്രധാന കാരണക്കാരായി ലോക ബാങ്ക് ഉൾപ്പെടെയുള്ള രാജ്യാന്തര ധനകാര്യ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത് അധ്യാപകരെയാണ്. ഒരു ഭാഗത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി അധ്യാപകരെ പ്രതിഷ്ഠിക്കുകയും മറുഭാഗത്ത് വിദ്യാഭ്യാസ ഗുണനിലവാരമില്ലായ്മയുടേയും, കൊഴിഞ്ഞുപോക്കിന്റെയും കാരണക്കാരായി അധ്യാപകരെ ചിത്രീകരിക്കുകയും ചെയ്യുന്ന രീതിയെ ലോകത്തെ അധ്യാപകരുടെ പൊതുവേദിയായ എഡ്യൂക്കേഷൻ ഇന്റർനാഷണൽ (EI) World Banks double speak on education and teachers എന്ന രേഖയിലൂടെ തുറന്നുകാട്ടുന്നുണ്ട്.

ഇന്ത്യയിൽ NEP 2020 അവതരിപ്പിച്ച സ്‌കൂൾ കോംപ്ലക്‌സുകളും ടെന്വർ ട്രാക്ക് സിസ്റ്റവും പൊതുവിദ്യാഭ്യാസത്തിലെ വിഭവവിനിമയ നിയന്ത്രണവും, അധ്യാപക തസ്തികകളുടെ ഇല്ലാതാക്കലും ലക്ഷ്യമിട്ടായിരുന്നു. സമാനമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബ്ലെൻഡഡ് ലേണിംഗ് എന്ന മിശ്ര പഠനരീതി ആത്യന്തികമായി അധ്യാപകരുടെ എണ്ണം വെട്ടിക്കുറയ്ക്കപ്പെടുന്നതിലേക്കാണ് ചെന്നെത്തുക. Traditional face to face class rooms, Traditional Learning methods, Traditional styles എന്നിങ്ങനെ നിലവിലുള്ള ക്ലാസ് റൂം രീതികളെ പഴഞ്ചനും പരമ്പരാഗതവു മായി വിശേഷിപ്പിക്കുന്നതിലൂടെ അധ്യാപകത്വത്തെയാണ് യു.ജി.സി. ഡോക്യുമെന്റ് നിരാകരിക്കുന്നത്. പലപ്പോഴും പുതിയ ഒരു പരിഷ്‌ക്കാരം കൊണ്ടുവരാനുള്ള തന്ത്രപരമായ വഴി നിലവിലുള്ളതിനെ പരമ്പരാഗതമെന്നും, അറു പഴഞ്ചനെന്നും വിശേഷിപ്പിക്കലാണ്. കേരളത്തിൽ DPEP എന്ന വിദ്യാഭ്യാസ പദ്ധതി അവതരിച്ചതും ഇതേ വിധത്തിൽ നിലവിലുണ്ടായിരുന്ന പഠനരീതിയെ ഏകാധിപത്യപരമെന്നും പഴഞ്ചനെന്നും വിശേഷിപ്പിച്ചായിരുന്നുവെന്നത് ഇപ്പോൾ ഓർക്കാൻ കൗതുകമുള്ള കാര്യമാണ്. അധ്യാപകരിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കാനെന്ന വ്യാജേന അടിസ്ഥാന സൗകര്യവികസനവും, പുതിയ കോഴ്‌സുകളും, അധ്യാപക നിയമനങ്ങളും ഇല്ലാതാക്കുകയെന്ന അറുപിന്തിരിപ്പൻ മുതലാളിത്ത അജണ്ടയാണ് ബ്ലെൻഡഡ് ലേണിംഗിന്റെ ഭാഗമായി നടക്കാൻ പോകുന്നത്.

ഇപ്പോൾ തന്നെ സാമൂഹ്യ ശാസ്ത്ര - ഭാഷാ വിഷയങ്ങളും, പ്രയുക്ത ശാസ്ത്ര വിഷയങ്ങളും നേരിടുന്ന പ്രതിസന്ധി ബ്ലെൻഡഡ് ലേണിംഗിലൂടെ അധികരിക്കുമെന്നുറപ്പാണ് A College is a Canteen with some Rooms attached എന്നു പുതിയ കാലത്ത് പറയുന്നതു പോലെ ഇതൊരു കഫറ്റേരിയൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ സംസ്ഥാപനത്തിനുള്ള സാധ്യതയാണ്. അധ്യാപകരിൽനിന്ന് മിനിമം ഗൈഡൻസ് മതിയെന്നും കോച്ചോ, ഫെസിലിറ്റേറ്ററോ ആയി നിന്നാൽ മതിയെന്നും യു.ജി.സി. രേഖ പറയുന്നുണ്ട്. ഇതൊരു പുതിയ കാര്യമല്ല. സ്‌കൂൾ ക്ലാസുകളിൽ പരീക്ഷിച്ച കൺസ്ട്രക്ടിവിസ്റ്റ് സമീപനത്തിന്റെ തന്നെ മറ്റൊരു പതിപ്പാണ്. ചുരുങ്ങിയ നിർദ്ദേശങ്ങൾ മാത്രം നൽകി കുട്ടികളെ അറിവിലേക്കു നയിക്കുന്ന സഹായിയായ അധ്യാപകൻ എന്ന ആശയത്തിന്റെ പരിമിതികളും അക്കാദമിക വിരുദ്ധതയും NCF 2005 എന്ന ഡോക്യുമെന്റിനെ മുൻനിർത്തി ഇർഫാൻ ഹബീബും, നസിം സെയ്ദിയും, അർജുൻദേവുമെല്ലാം വളരെ മുമ്പുതന്നെ വെളിവാക്കിയതാണ്. Cognitive Load, why minimal guidance during instruction doesn't work, Why Johny can't read, why don't children like Schools എന്നീ പുസ്തകങ്ങൾ രാജ്യാന്തര തലത്തിലും വിദ്യാർഥി സ്വയം അറിവു നിർമിക്കുന്നുവെന്നതിലെ മനശാസ്ത്ര-ബോധനശാസ്ത്ര പരിമിതികൾ പ്രതിപാദിക്കുന്നുണ്ട്. അധ്യാപകർ ക്ലാസ്‌റൂമുകളിൽ തുറന്നിടുന്ന വൈവിധ്യത്തിന്റെ ആഘോഷ സാധ്യതകളെയും ചോദ്യങ്ങളെയും ഇല്ലാതാക്കുകയെന്നതും NEP 2020 ഉം UGC കൺസപ്ട് നോട്ടും ബ്ലെൻഡഡ് ലേണിംഗിനു വേണ്ടി ഒരേ ഭാഷ സംസാരിക്കുന്നതിനു കാരണമാണ്.

വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കാം

ജി.ഡി.പി.യുടെ 6% വിദ്യാഭ്യാസത്തിനു ചെലവഴിക്കണമെന്ന നിർദ്ദേശത്തിന് കോത്താരി കമ്മീഷൻ റിപ്പോർട്ടിന്റെ പഴക്കമുണ്ട്. തുടർന്ന് വിവിധ കമ്മിറ്റികളും റിപോർട്ടുകളും ആചാരംപോലെ ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. NEP 2020 ഉം 6% വിദ്യാഭ്യാസ വിഹിതത്തെക്കുറിച്ച് വാചാലമാവുന്നുണ്ട്. 2014-15 മുതൽ 2020-21 വരെയുള്ള കേന്ദ്രഗവൺമെന്റിന്റെ വിദ്യാഭ്യാസവിഹിതം പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വിഹിതം നീക്കിവെച്ച 2019-20 ലാണ്. അതുപോലും കേവലം 3.1% മാത്രമായിരുന്നു എന്നറിയുമ്പോഴാണ് വിദ്യാഭ്യാസത്തോടുള്ള നമ്മുടെ ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ നിലപാടുരാഹിത്യം ബോധ്യപ്പെടുന്നത്. ഈ പിൻമാറ്റം ഒട്ടും യാദൃച്ഛികമല്ല. സ്‌കൂൾ വിദ്യാഭ്യാസം, സർവശിക്ഷാ അഭിയാൻ, ഉന്നതവിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നിവയുടെയെല്ലം ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ്.

ഒരു രാജ്യം, ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന് വിളിച്ചു കൂവുന്നവരാണ് ഡിജിറ്റൽ - ഇ ലേണിംഗ് ബജറ്റ് 2019 - 20-ൽ 604 കോടിയായിരുന്നത് 2020-21 ൽ 469 കോടിയായി വെട്ടിക്കുറച്ചത്. കഴിഞ്ഞ നാലഞ്ചു വർഷമായി ഉന്നത വിദ്യാഭ്യാസ മേഖലയുടെ ബജറ്റ് വിഹിതവും കുറയ്ക്കപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലായ്മയും, പര്യാപ്തമായ അധ്യാപകരുടെ കുറവും, ഉയർന്ന അധ്യാപക-വിദ്യാർഥി അനുപാതവും, ഗവേഷണ പഠന-സൗകര്യങ്ങളുടെ അപര്യാപ്തതയും, അക്കാദമിക സ്വതന്ത്ര്യമില്ലായ്മയും ഉൾപ്പെടെ നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങൾ ബ്ലെൻഡഡ് ലേണിംഗ് രീതിയിലൂടെ അധികരിക്കുമെ ന്നുറപ്പാണ്. വിദ്യാഭ്യാസം സ്വകാര്യ ഡിജിറ്റൽ കണ്ടന്റ് പ്രൊവൈഡർമാർക്കും, ലേണിംഗ് ആപ്പുകൾക്കും, ഡിജിറ്റൽ കോർപ്പറേറ്റുകൾക്കും, വെർച്വൽ യൂണിവേഴ്‌സിറ്റികൾക്കും വിട്ടുകൊടുത്ത് ഭരണകൂടത്തിന് പ്രജകൾക്ക് വിദ്യാഭ്യാസം നൽകാനുള്ള സാമ്പത്തികബാധ്യതകൾ സൗകര്യപൂർവ്വം കൈയ്യൊഴിയാം.

സാമൂഹ്യനീതിയുടെ നിരാകരണം

2020ലെ ഓക്‌സ്ഫാം (Oxfam) റിപ്പോർട്ടിൽ രാജ്യത്തിന്റെ 74% സമ്പത്തും 10% വരുന്ന സമ്പന്നർ കൈയ്യടക്കി വച്ചിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. ടെക്‌നോക്യാപിറ്റലിസത്തിന്റെ പ്രൊഡക്ടായ നോളജ് ഇക്കോണമിയും നിയന്ത്രിക്കുന്നത് ഇതേ വരേണ്യന്യൂനപക്ഷമാണ്. അറിവിന്റെ കമ്മോഡിഫിക്കേഷനാണ് ഇതിലൂടെ സംഭവിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസനയവും ഉറപ്പിക്കാൻ ശ്രമിക്കുന്നത് അറിവിനു മേലുള്ള ഇതേ ആധിപത്യത്തെത്തന്നെയാന്നെന്നത് വിദ്യാഭ്യാസത്തിൽ സൃഷ്ടിക്കുന്ന നീതിരാഹിത്യവും അവസര സമത്വമില്ലായ്മയും വലിയൊരു വിഭാഗത്തെ മാർജിനലൈസ്ഡാക്കുന്നു. ഇത് വിദ്യാഭ്യാസത്തിലെ ഇൻക്ലൂഷൻ എന്ന സങ്കല്പത്തിനു വിരുദ്ധമാണ്. കേന്ദ്രഗവൺമെന്റിനു കീഴിലുള്ള നാഷണൽ സാമ്പിൾ ഓർഗനൈസേഷന്റെ 75വേ റൗണ്ട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിൽ വലിയ ഡിജിറ്റൽ പാർട്ടീഷൻ നിലനിൽക്കുന്നുവെന്നാണ്. നഗരം / ഗ്രാമം, മുന്നാക്ക മേഖലകൾ / പിന്നാക്ക പ്രദേശങ്ങൾ, ഗോത്രമേഖലകൾ/മുഖ്യധാരാ സമൂഹങ്ങൾ, പണമുള്ളവർ / പാവപ്പെട്ടവർ, സ്ത്രീ/പുരുഷൻ എന്നിങ്ങനെ അത് പ്രകടമാവുന്നു. ഇതിന്റെ വ്യത്യസ്ത മാനിഫെസ്റ്റേഷനുകൾ കുട്ടികളിലും സംഭവിക്കുന്നുണ്ട്.

"സമൂഹത്തിലെ മറ്റ് അസമത്വങ്ങളുമായി ബന്ധമില്ലാത്ത ഭൗതിക-നൈതിക സംവിധാനങ്ങളുമായി ബന്ധ മില്ലാതെ സംഭവിക്കുന്ന ഒന്നല്ല ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും പ്രചാരവും. ആക്‌സസ് എന്നത് കേവലമായ ഒരു സാങ്കേതിക പ്രശ്‌നമല്ല. മൂലധനവും, സാമൂഹിക മൂലധനവും അമർത്യസെൻ മുന്നോട്ടുവച്ച ആശയങ്ങളായ കേപ്പബിലിറ്റി, എൻടിറ്റിമെന്റ് എന്ന സങ്കല്പനങ്ങളുമെല്ലാം ചേർത്തു വെച്ചു കൊണ്ടു വേണം ഇക്കാര്യം ചർച്ച ചെയ്യേണ്ടത്.’ (ടി.ടി. ശ്രീകുമാർ - ഉന്നത വിദ്യാഭ്യാസവും ഡിജിറ്റൽ വിഭജനവും- ട്രൂ കോപ്പി തിങ്ക്) പുതിയ യു.ജി.സി. നയരേഖ നിർദ്ദേശിക്കുന്ന നാൽപത് ശതമാനം ഓൺലൈൻ പഠനരീതികൾ ഇപ്പോൾത്തന്നെ വിദ്യാഭ്യാസ ക്രമത്തിന്റെ അരികുകളിൽ നിൽക്കുന്ന ആദിവാസി- പ്രാക്തനഗോത്ര വിഭാഗങ്ങൾ, ദളിതുകൾ, മതന്യൂനപക്ഷകൾ, വിദൂര ഗ്രാമങ്ങളിലെയും മലയോര മേഖലകളിലെയും വിദ്യാർഥികൾ എന്നിവരെയെല്ലാം സാമൂഹ്യനീതി നിരാകരണത്തിന്റെ പടുകുഴികളിലേക്ക് തള്ളിയിടുമെന്നതുറപ്പാണ്. ചെലവേറിയ ഓപ്പൺ സ്‌കൂൾ സമ്പ്രദായത്തിലും വിദൂര വിദ്യാഭ്യാസ രീതികളിലും SEDG (Socio-Economically Disadvantaged Group - NEP 2020) വിഭാഗങ്ങൾക്കുള്ള സ്പെഷൽ എഡ്യൂക്കേഷൻ സോണിലും അവർ അഭയം തേടേണ്ടിവരും. മിശ്രപഠന രീതി ആ നിലയിൽ തന്ത്രപരമായ എക്‌സ്‌ക്ലൂഷനാണ്.

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന യു.എസ്. മോഡൽ

There will be no hard separation among curricular, extra-curricular, or co-curricular areas among arts, humanities and sciences or between vocational or academic streams. വിദ്യാർത്ഥിയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയെന്ന പേരിൽ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവച്ച ഈ സമീപനമാണ് യു.ജി.സി. കൺസപ്ട് നോട്ടിൽ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന പേരിൽ കടന്നുവന്നിട്ടുള്ളത്. എന്തും പാഠ്യപദ്ധതിയായി മാറുമ്പോൾ പ്രാചീന ഭാരതകേന്ദ്രീകൃത മിത്തുകളും, ജ്യോതിഷവും , യോഗയും, വേദിക് മാത്തമാറ്റിക്‌സുമെല്ലാം ക്രെഡിറ്റുകളിലേക്ക് യഥേഷ്ടം കടന്നുവരും. യോഗി ആദിത്യ നാഥിന്റെ ഹഠയോഗവും, രാംദേവിന്റെ യോഗചികിത്സാ രഹസ്യവും, ഉത്തർപ്രദേശ്, മീററ്റ് യൂണിവേഴ്‌സിറ്റി യുടെ ഫിലോസഫി പേപ്പറിലേക്ക് കടന്നുവന്നതുപോലെയാകുമത്. എവിടെ നിന്നും എങ്ങനെയും ഏതു മോഡിലും നേടുന്ന ക്രെഡിറ്റുകൾ അക്കാദമികപഠനമായി പരിഗണിക്കുന്ന രീതിയാണിത്. വിദ്യാർഥി കേന്ദ്രീകൃതവും അഭിരുചികൾക്കിണങ്ങുന്നതും വഴക്കമുള്ളതുമെന്ന പേരിൽ അവതരിപ്പിക്കുന്ന സ്വയം നിയന്ത്രിത പഠനസമീപനമാണിത്. പുറമെയ്ക്ക് ആകർഷകമെന്നു തോന്നുമെങ്കിലും പാഠ്യപദ്ധതി ലക്ഷ്യങ്ങളിലെ വ്യക്തത-കൃത്യതയില്ലായ്മകളും, പഠനം ഉറപ്പാക്കാൻ നിഷ്‌കർഷിക്കാത്തതും, വിഷയ കേന്ദ്രീകൃത പഠനമില്ലായ്മയും ഇതിനെ ഒരു ലെയ്‌സേഫെയർ സമീപനമാക്കി മാറ്റാനിടയുണ്ട്. കൊളീജിയറ്റ് തലത്തിൽ നടപ്പിലാക്കിയ ചോയ്‌സ് ബേയ്‌സ്ഡ് സെമസ്റ്റർ സിസ്റ്റത്തിന്റെ ഫലപ്രാപ്തിപോലും സംശയാസ്പദമായിരിക്കെ, പുതിയ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC) ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്.

അനൗപചാരിക വിദ്യാഭ്യാസ സമീപനങ്ങളെ ഔപചാരിക വിദ്യാഭ്യാസത്തോടു കൂട്ടിച്ചേർത്ത തിന്റെ പ്രശ്‌നങ്ങൾ കേരളത്തിലുൾപ്പെടെ, DPEP കാലഘട്ടത്തിനുശേഷം ഏറെ പ്രതിസന്ധികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽനിന്ന് പൊതുവിദ്യാഭ്യാസം കരകയറി വരുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ യു.ജി.സി. രേഖ തെങ്ങിലും കവുങ്ങിലും ഒരേപോലെ കയറാനാകുമെന്ന പേരിൽ പുതിയ ഇൻഫോർമൽ, യു.എസ്. മോഡൽ തളപ്പുമായി വന്നിരിക്കുന്നത്. ഇഷ്ടമുള്ള കോഴ്‌സ്, അക്കാദമികമോ, സ്‌കില്ലോ ആവട്ടെ, ഇഷ്ടമുള്ളയിടത്തു നിന്നു വാങ്ങി, ഇഷ്ടമുള്ള അധ്യാപകരെ തെരഞ്ഞെടുത്ത്, ഇഷ്ടമുള്ള സമയത്ത്, ഓപ്പൺ ബുക്‌സ് പരീക്ഷയെഴുതി പാസാവുന്ന ABC രീതിയിൽ വിദ്യാർത്ഥികളുടെ ഇഷ്ടവും താൽപര്യവും തീരുമാനിക്കുന്നത് മിക്കപ്പോഴും മാർക്കറ്റ് ആയിരിക്കുമെന്നു മാത്രം.

പഠനഫലകേന്ദ്രീകൃതം

പഠനപ്രക്രിയയെ അളക്കാവുന്നതും, നിരീക്ഷിക്കാവുന്നതും, പ്രകടനങ്ങളിലൂടെ തിരിച്ചറിയാവുന്നതുമാക്കി മാറ്റുന്ന പഠനഫലകേന്ദ്രീകൃതരീതി യു.ജി.സി. 2018-ൽ തയാറാക്കിയ ലേണിംഗ് ഔട്ട് കം ബേയ്‌സ്ഡ് ഫ്രെയിംവർക്കിൽ അവതരിപ്പിച്ചുകഴിഞ്ഞതാണ്. ഉന്നതവിദ്യാഭ്യാസമേഖലയുടെ സാമൂഹ്യ- സാംസ്‌കാരിക- വൈകാരിക -ബോധനശാസ്ത്ര സമീപനങ്ങളെയാകെ ഏകമുഖമായി പരിവർത്തിപ്പിച്ച ഔട്ട് കം ബേയ്ഡ് രീതി കാമ്പസുകളെ അരാഷ്ട്രീയതയുടെയും സംവാദവിരുദ്ധതയുടെയും ഇടങ്ങളാക്കി മാറ്റിയിട്ടുണ്ട്. പ്രതീക്ഷിത പഠനഫലം ഉറപ്പു വരുത്താൻ കഴിയാത്ത അധ്യാപകരും സ്ഥാപനങ്ങളും നോട്ടപ്പുള്ളികളായി മാറുന്ന സാഹചര്യവുമുണ്ട്.

"വിദ്യാഭ്യാസത്തിൽ നാം കൊട്ടിഘോഷിക്കപ്പെടുന്ന അക്കാദമിക സ്വാതന്ത്ര്യം എന്ന സങ്കൽപ്പം ഏറ്റവും പ്രകടമായിരുന്നത് പാഠ്യപദ്ധതി നിർമാണത്തിലും ബോധനരീതിയിലും വിദ്യാർഥികളുടെ പഠനഫലങ്ങൾ വിലയിരുത്തുന്നതിലും ആയിരുന്നു. എന്നാൽ ഔട്ട് കം ബേസ്ഡ് വിദ്യാഭ്യാസം എന്ന സങ്കൽപത്തോടു കൂടി ഒരു അധ്യാപകന്റെ അക്കാദമിക് സ്വാതന്ത്ര്യം കൂട്ടിലടയ്ക്കപ്പെടുകയാണ്. കാരണം പ്രോഗ്രാം ഔട്ട്കമ്മും, കോഴ്‌സ് ഔട്ട്കമ്മും എല്ലാം തന്നെ കേന്ദ്രീകൃതമായി നിർണയിക്കപ്പെട്ട അധ്യാപകരുടെ കൈകളിലേക്ക് പാഠ്യപദ്ധതിയുടെ രൂപത്തിൽ ഇറങ്ങിവരും. ഇവയിൽനിന്ന് വ്യതിചലിച്ച് സ്വതന്ത്രബോധനരീതി കൈവരിക്കുകയും മൂല്യനിർണയ പ്രകിയ നടപ്പിലാക്കുകയും ചെയ്യുന്നതുവഴി ഔട്ട് കം എന്ന സങ്കൽപ്പത്തിൽ നിന്ന് അധ്യാപകർ അകന്നു പോകുന്ന അവസ്ഥയുണ്ടാകുന്നു. ഈ ചെയ്യുന്നത് തീർത്തും ആത്മഹത്യാപരമായ പ്രവണതയായി മാറും' (അമൃത് ജി കുമാർ - വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം). ഔട്ട്കം ബേസ്ഡ് രീതി ബ്ലൻഡഡ് ലേണിംഗിന്റെ ഭാഗമായി മാറുന്നതോടെ ഇവയെല്ലാം ഡിജിറ്റൽ റെക്കോർഡുകളായി മാറുകയും അധ്യാപരെ നിയന്ത്രിക്കുന്നതിനും, ശിക്ഷിക്കുന്നതിനും ഭരണകൂടസർവയലൻസിനും സാധ്യതയേറുകയും ചെയ്യുന്നു.

ബ്ലൻഡഡ് ലേണിംഗിൽ ഇൻക്ലൂഷനുണ്ടോ?

പഠന പ്രശ്‌നങ്ങൾ, ലേണിംഗ് ഡിസ്‌ലെക്‌സിയ, ഗ്രാഫിയ, കാൽക്കുലിയ പോലുള്ളവ, ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസ്ഓർഡറുകൾ, എ.ഡി.എച്ച്.ഡി, കാഴ്ച - കേൾവി പ്രശ്‌നങ്ങളുള്ളവർ എന്നിങ്ങനെ വ്യത്യസ്തതരം പഠന പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥികളുടെ പഠനം ഓൺലൈനിൽ എങ്ങനെയാണെന്നതിനെ സംബന്ധിച്ചുള്ള വിദ്യാഭ്യാസവ്യവസ്ഥയുടെ കാഴ്ചപ്പാടെന്താണ്? മിശ്രപഠന രീതിയുമായി ബന്ധപ്പെട്ട് ഇത്തരം വിഭാഗത്തിൽപ്പെടുന്നവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ ഫലപ്രദമായ രീതികൾ കോവിഡ് പ്രതിസന്ധിയുടെ രണ്ടാം വേവിലും ആവിഷ്‌ക്കരിച്ചു കാണുന്നില്ല. ഇത് വിദ്യാഭ്യാസത്തിലെ ഇൻക്ലൂഷൻ എന്ന ആശയത്തെ കടപുഴക്കും.

ഫലപ്രാപ്തി പഠനം നടത്തിയിട്ടില്ല

വിദ്യാഭ്യാസ മേഖലയിലെ ഏതൊരു പരിഷ്‌ക്കാരവും നടപ്പിലാക്കേണ്ടത് ഒരു പൈലറ്റ് സ്റ്റഡിയിലൂടെയോ, ഇംപാക്ട് അസസ്‌മെന്റ് സ്റ്റഡിയിലൂടെയോ ആവണമെന്നത് ഇന്ത്യയിൽ, പൊതുവേ നടക്കാറില്ല. ലക്ഷക്കണക്കിന് കുട്ടികളെയാകെ വിദ്യാഭ്യാസപരീക്ഷണങ്ങൾക്കു വിട്ടുകൊടുക്കുന്ന രീതി അക്കാദമിക വിരുദ്ധമാണ്. കഴിഞ്ഞ ഒരു വർഷം നടന്ന ഓൺലൈൻ പഠനപ്രക്രിയയുടെ സമഗ്രവും, ശാസ്ത്രീയവുമായ വിലയിരുത്തൽ നടത്താതെയാണ് കേന്ദ്രസ്ഥാപനങ്ങൾ ബ്ലെൻഡഡ് ലേണിംഗെന്ന പുതിയ ആശയ വുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസമെന്നത് സൂക്ഷ്മമായ സാമൂഹിക-സാംസ്‌കാരിക- വൈകാരിക ഘടകങ്ങളുൾപ്പെട്ട പ്രക്രിയയാണെന്നിരിക്കെ, അതിന്റെ ഘടനയിലും സമീപനത്തിലും പ്രയോഗത്തിലും വരുത്തുന്ന മാറ്റങ്ങൾ ജനാധിപത്യപരവും, സംവാദാത്മകവും, നീതിയുക്തവുമായിരിക്കണം.

Comments