പാലക്കാട് വിക്റ്റോറിയ കോളേജ്

വെള്ള പൂശിയ വിക്ടോറിയയിലെ ചുമരുകൾ
പലനിറങ്ങളിൽ സംസാരിച്ചു തുടങ്ങിയിരിക്കുന്നു

അടച്ചുപൂട്ടൽ അവസാനിപ്പിച്ച്​ കലാലയങ്ങൾ തുറന്നതോടെ എല്ലാ അർഥത്തിലും കാമ്പസുകൾ അതിന്റെ ജീവൻ തിരിച്ചുപിടിച്ചുവോ? അങ്ങനെയല്ല സംഭവിച്ചത് എന്ന് സൂക്ഷിച്ചുനോക്കിയാൽ മനസിലാവും. ഒരു അധ്യാപികയുടെ കാമ്പസ്​ അനുഭവം

വണ്മെൻറ്​ വിക്ടോറിയ കോളേജിന്റെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന വിനീതാ ഗാർഡനിലെ ആലിൻചുവട്ടിലേക്ക് കടന്നുചെല്ലുന്നത് ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നും കൂട്ടംകൂടിയും പെൺകുട്ടികൾ മാത്രമായുള്ള സംഘങ്ങളായും സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെക്കുന്നതും കാണാൻ വേണ്ടി തന്നെയാണ്. കാരണം വിക്ടോറിയയുടെ സ്പന്ദനം ക്ലാസ് മുറികളിലല്ല, മറിച്ച്​ അത് വിനീതാ ഗാർഡനിലും, ആഘോഷത്തിമിർപ്പിന്റെ മെക്‌സിക്കോയിലും, ഹോസ്റ്റലിനോടുചേർന്നുള്ള ‘കാരണവന്മാർ' വാഴുന്ന തറവാട് മുക്കിലും, മുത്തശ്ശി മരത്തണലിലും, കാന്റീനിലും, ഗ്രൗണ്ടിലും, ബാസ്‌കറ്റ് ബോൾ കോർട്ടിലും, അധികമാരും കടന്നുചെല്ലാത്ത ബൊളീവിയയിലും, equity wall നു സമീപത്തെ സെൽഫികളിലും, ക്ലോക്ക് ടവറിലും തന്നെയാണ്.

അതെ, വിക്ടോറിയയിൽ ഒരു ബൊളീവിയ ഉണ്ട്, മെക്‌സിക്കോയും. അധികൃതർക്കും പുറമേയുള്ളവർക്കും ഒരുപക്ഷെ അതെല്ലാം പൊട്ടിപ്പൊളിഞ്ഞ്​ വീഴാറായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളായിരിക്കാം. പക്ഷെ ഇന്നത്തെ വിക്ടോറിയയിലെ വിദ്യാർഥികൾക്ക് ഇതെല്ലാം ചേർന്നതാണ് വിക്ടോറിയ. ഇത്തരം ഇടങ്ങളിൽ കൂട്ടുകാരുമൊത്ത്​ ചെലവഴിക്കുന്ന സമയവും ചർച്ചകളും സംവാദങ്ങളും തന്നെയാണ് അവരെ സംബന്ധിച്ച് അവരുടെ കാമ്പസ് കാലം നിർവചിക്കുന്നത്. ഇതിനെല്ലാം പൂട്ടിട്ടാണ് കോവിഡ് ലോക്ക്ഡൗൺ കടന്നുവന്നത്.

പല വീടിന്റെ അകങ്ങളിലും പുതുതലമുറ ശ്വാസം മുട്ടുന്നുവെന്ന് പല വിദ്യാർഥികളും പറയുമ്പോൾ അത് കുടുംബങ്ങളിലെ തകർച്ചകൊണ്ടോ മറ്റോ അല്ല, മറിച്ച്​ പുതുതലമുറ പ്രതീക്ഷിക്കുന്ന സ്വാതന്ത്ര്യബോധം കുടുംബബന്ധങ്ങളിൽ സാധ്യമാവാത്തതുകൊണ്ടാവാം.

മനുഷ്യർ, പ്രത്യേകിച്ച് യൗവനാരംഭത്തിലുള്ളവർ, തമ്മിലുള്ള ഇടപെടലുകൾക്കാണ് കോവിഡ് തുരങ്കംവെച്ചത്. അതെത്രമാത്രം ഭീകരമായി അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ബാധിച്ചുവെന്നത് സംശയമില്ലാത്ത കാര്യമാണ്. പല വീടിന്റെ അകങ്ങളിലും പുതുതലമുറ ശ്വാസം മുട്ടുന്നുവെന്ന് പല വിദ്യാർഥികളും പറയുമ്പോൾ അത് കുടുംബങ്ങളിലെ തകർച്ചകൊണ്ടോ മറ്റോ അല്ല, മറിച്ച്​ പുതുതലമുറ പ്രതീക്ഷിക്കുന്ന സ്വാതന്ത്ര്യബോധം കുടുംബബന്ധങ്ങളിൽ സാധ്യമാവാത്തതുകൊണ്ടാവാം. സുഹൃത്ബന്ധങ്ങളിൽ അവർക്ക് ലഭിക്കുന്ന ആശ്വാസവും സ്വാതന്ത്ര്യവും സന്തോഷവും അതിലൂടെ ലഭിക്കുന്ന ഊർജവും ഒന്ന് വേറെ തന്നെയാണ്. അത് വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്ന്​, മൊബൈൽ സ്‌ക്രീനിൽ നാലുവശങ്ങളിൽ ഒതുക്കിനിർത്തി നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല എന്ന തിരിച്ചറിവ് അധ്യാപകരിലും വിദ്യാർഥികളിലും ഉണ്ട്.

കോവിഡ് കാരണം ലോകം മുഴുവൻ അടച്ചുപൂട്ടലിലേയ്ക്ക് നീങ്ങിയപ്പോൾ കലാലയങ്ങളുടെയും സ്പന്ദനവും നിലച്ചു. പല അവസാനവർഷ വിദ്യാർഥികൾക്കും അവരുടെ കാമ്പസ് ജീവിതത്തിലെ ഒരേട് കീറിക്കളഞ്ഞത് ഇനി തുന്നിച്ചേർക്കാൻ പറ്റാത്ത ഒരോർമയായി നിലനിൽക്കുന്നു. കോവിഡിന്റെ ഭീതിയിൽ നിന്ന്​ രണ്ടാം തരംഗവും അതിജീവിച്ച്​ ലോകം മുന്നോട്ടുനീങ്ങിയപ്പോൾ കലാലയങ്ങളെ വീണ്ടും സജീവമാക്കി വിദ്യാർഥികൾ കടന്നുവരികയുണ്ടായി. ‘നാക്​’ വിസിറ്റിനുവേണ്ടി വെള്ളപൂശിയ വിക്ടോറിയയിലെ ചുമരുകൾ ഇപ്പോൾ പലനിറങ്ങളിൽ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. പക്ഷെ കാമ്പസുകൾ പഴയ താളത്തിലേയ്ക്ക് തിരിച്ചു ചെന്നുവോ, അതോ പുതിയ താളത്തിലേയ്ക്ക് മെല്ലെ ചുവടുമാറ്റം നടത്തിയോ?

വിക്ടോറിയ കോളേജിലെ വിനീതാ ഗാർഡൻ

കോവിഡ് വന്നശേഷം അധ്യയനത്തെ ഓൺലൈൻ എന്നും കാലങ്ങളായി നടന്നുവരുന്ന സമ്പ്രദായത്തെ ഓഫ്​ലൈൻ എന്നും നമ്മൾ വിശേഷിപ്പിക്കാൻ തുടങ്ങിയത് തികച്ചും രസകരം തന്നെ. ഓൺലൈൻ കാലഘട്ടത്തിനുശേഷം വിദ്യാർഥികളെ ക്ലാസ് മുറികളിൽ ഇരുത്തുകയെന്നത് ശ്രമകരമായിരിക്കും എന്ന അറിവോടുകൂടിയാണ് ഞാൻ ക്ലാസുകളിലേയ്ക്ക് കയറിച്ചെല്ലുന്നത്. അവരവരുടെ സ്വകാര്യ ഇടങ്ങളിൽ ഇരുന്ന്​ ക്ലാസ്​ കേൾക്കാം എന്ന സൗകര്യം ഓൺലൈൻ ക്ലാസുകൾക്കുണ്ടെങ്കിലും വിദ്യാർഥികളോട് ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും കോളേജിൽ വരുന്നതുതന്നെയാണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലായി. ചെറിയൊരു ന്യൂനപക്ഷം മാത്രം പഠനത്തോടൊപ്പം വരുമാനം ഉണ്ടാക്കാവുന്ന ചെറിയ തൊഴിലുകൾ ചെയ്യാമെന്നതും, വീടിന്റെ സ്വകാര്യതയിലിരുന്ന്​ മറ്റു വിനോദങ്ങളിൽ ഏർപ്പെടാമെന്നതും ഒരു ഗുണമായി പറയുകയുണ്ടായി. പലവിധ കരകൗശലവിദ്യകൾ പഠിച്ചെടുക്കുകയും കുറേക്കൂടി വിശാലമായ അർഥത്തിൽ വിദ്യാഭ്യാസത്തെ സമീപിക്കുവാനും ഈ കോവിഡ് കാലം പ്രയോജനപ്പെട്ടു എന്നും പറഞ്ഞ വിദ്യാർഥികളുണ്ട്. അതുവരെ നിലനിന്നുപോന്നിരുന്ന തികച്ചും യാന്ത്രികവും വിരസവുമായ ജീവിതത്തെ വ്യത്യസ്തമായ ഒരു കോണിലൂടെ നോക്കിക്കാണുവാൻ കോവിഡ് കാലം കുറെയേറെ പേരെ പഠിപ്പിച്ചു.

കോളേജുകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ട് പരിപാടികൾ ശുഷ്‌കിക്കുകയും പലപ്പോഴും ക്ലാസുകൾ മാത്രമായി ചുരുങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്

അടച്ചുപൂട്ടൽ അവസാനിപ്പിച്ച്​ കലാലയങ്ങൾ തുറന്നതോടെ എല്ലാവരും കരുതിയത് എല്ലാ അർഥത്തിലും കാമ്പസുകൾ അതിന്റെ ജീവൻ തിരിച്ചുപിടിച്ചു എന്നാണ്. പക്ഷെ അങ്ങനെയല്ല സംഭവിച്ചത് എന്ന് സൂക്ഷിച്ചുനോക്കിയാൽ മനസിലാവും. രണ്ടുവർഷങ്ങളായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ തിരഞ്ഞെടുപ്പ് നടന്നിട്ട്. കേൾക്കുമ്പോൾ തിരഞ്ഞെടുപ്പല്ലേ, അതിത്ര വലിയ പ്രശ്‌നമാണോ എന്നുതോന്നാം. പക്ഷേ ആണ്. തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയാണ് ഏതൊരു കലാലയത്തിന്റെയും പഠനേതര പ്രവർത്തനങ്ങളല്ലാം നടന്നുപോവുന്നത്. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മാത്രമേ കാമ്പസുകൾ ഒന്ന് ഇളകിമറിഞ്ഞു പ്രചാരണം നടക്കുകയും, വിദ്യാർഥികളുടെ കൂട്ടത്തിൽ നേതൃപാടവം ഉള്ളവർ രംഗത്തുവരികയും സ്ഥാനാർഥികൾ ആവുകയും ചെയ്യുകയുള്ളൂ. എല്ലാ ക്ലാസുകളിലും കയറിയിറങ്ങി പ്രചാരണപരിപാടികൾ ആസൂത്രണം ചെയ്യുമ്പോഴാണ് ഓരോ കോളേജിന്റെയും ആവശ്യങ്ങൾ വിദ്യാർഥികളുടെ ഭാഗത്തുനിന്നു ചിന്തിക്കാനും മനസിലാക്കാനുമുള്ള വേദി കൂടിയായി തീരുന്നത്. ഏതൊരു കോളേജിന്റെയും നിത്യപ്രവർത്തനങ്ങളുടെ ഭാഗം കൂടി ആവേണ്ടവരാണ് യൂണിയൻ ഭാരവാഹികൾ. അതാണ് തിരഞ്ഞെടുപ്പ് ഇല്ലാതാവുക വഴി റദ്ദുചെയ്യപ്പെട്ടത്. ചില കോളേജുകളിൽ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥി രാഷ്ട്രീയ സംഘടനകൾ ഏറ്റെടുത്തതായി കാണാം. പക്ഷെ അത് പൂർണ അർഥത്തിൽ ജനായത്തമല്ലാത്തതുമാണെന്ന് ശ്രദ്ധിച്ചുനോക്കിയാൽ മനസിലാവും.

മാത്രവുമല്ല, കോളേജുകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ട് പരിപാടികൾ ശുഷ്‌കിക്കുകയും പലപ്പോഴും ക്ലാസുകൾ മാത്രമായി ചുരുങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇതിലേയ്ക്ക് നയിച്ചത് തീർച്ചയായും കോവിഡ് മൂലമുണ്ടായ അടച്ചിടലിൽ മാറ്റിവെക്കേണ്ടിവന്ന യൂണിവേഴ്‌സിറ്റി പരീക്ഷകൾ തുടർച്ചയായി നടത്തേണ്ടി വന്നതുതന്നെയാണ്. ഇത് കോളേജുകളുടെ ജീവനും സത്തും ചോർത്തിക്കളയുന്നതായിരുന്നു.

വിദ്യാർഥികൾക്കിടയിൽ മനുഷ്യബന്ധങ്ങൾക്കും ഏറെ പ്രസക്തിയുള്ളതുകൊണ്ടാണ് കോവിഡ് കാരണം വിഷാദത്തിലേയ്ക്കുപോയ അനവധി ആളുകളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ കൂടി കോളേജുകളും മറ്റും തുറന്നുപ്രവർത്തിക്കണം എന്നുവേണം മനസിലാക്കുവാൻ. പഠനത്തോടൊപ്പം പഠനേതര പ്രവൃത്തികളും കൂടി ചേർന്നതാണല്ലോ വിദ്യാഭ്യാസത്തിന്റെ ആദർശലക്ഷ്യം. അത് തീർത്തും നിരാകരിച്ച്​ രണ്ടാമത്തെ ബാച്ചുകളാണ് കടന്നുപോകുന്നത്. പഠനവും പരീക്ഷയും മാത്രമായി ചുരുങ്ങിപ്പോയ കാമ്പസ് കാലം.

ചില അധ്യാപകർക്കെങ്കിലും തിരിച്ചുവരവ് എല്ലാ അർഥത്തിലുമായിരുന്നു.
നീണ്ട കാലയളവിനുശേഷമുള്ള മനുഷ്യസമ്പർക്കത്തിൽ സന്തോഷം അനുഭവിച്ചവരാണ് ഇക്കൂട്ടർ. ഓൺലൈനിലൂടെ നിത്യവും മൊബൈൽ സ്‌ക്രീനിനോട് സംസാരിച്ചും സംവദിച്ചും മടുപ്പനുഭവിച്ചവർ തിരികെ ക്ലാസ് മുറികളിലെത്തിയപ്പോൾ വിദ്യാർഥികളെ കണ്ടു സംസാരിക്കുമ്പോഴും ചർച്ചകളിൽ ഏർപ്പെട്ടപ്പോഴും മൊത്തത്തിൽ റിഫ്രഷ് ചെയ്ത അവസ്ഥ. പക്ഷെ വിദ്യാർഥികൾ ഇ
പ്രകാരമല്ല കാര്യങ്ങളെ കണ്ടത് എന്നുവേണം മനസ്സിലാക്കാൻ. അവരെ സംബന്ധിച്ച്​, ക്ലാസ്​ ഓൺലൈനായും നടക്കുന്നതുകൊണ്ട് മനുഷ്യരുമായുള്ള അതായത് സുഹൃത്തുക്കളുമായുള്ള മുഖാമുഖ ഇടപെടലുകൾ അവരുടെ മുൻഗണനയായി വന്നതിൽ തെറ്റുപറയാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഒരു മണിക്കൂർ നീളുന്ന അധ്യാപകരുടെ ക്ലാസുകളോട് ചെറിയ നീരസത്തോടെയല്ലാതെ ഇരിക്കാൻ അവർക്ക് സാധിച്ചിട്ടില്ല.

വിദ്യാർഥികൾ തന്നെ സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾക്ക്​ ഇനിയൊരു കോളേജ് തല തെരഞ്ഞെടുപ്പും യൂണിവേഴ്‌സിറ്റിതല തെരഞ്ഞെടുപ്പും നടത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും. കലോത്സവങ്ങൾ അനാവശ്യമെന്നു വാദിക്കുന്നവരുടെ എണ്ണവും കൂടിവരുന്നത് തികച്ചും അപലപനീയം തന്നെ

അതുമാത്രമല്ല, നേരത്തെ സൂചിപ്പിച്ച പോലെ അവരവരുടെ സൗകര്യത്തിന് പഠിച്ചിരുന്ന വ്യക്തികൾ അധ്യാപകരും ഉന്നതാധികാരികളും തീരുമാനിച്ച ടൈംടേബിളിലേയ്ക്ക് സ്വയം ഒതുങ്ങുവാൻ ശ്രമിച്ചപ്പോൾ ഒന്നിലേറെ വർഷമായി ആസ്വദിച്ചുവന്നിരുന്ന കുറെയേറെ വിനോദങ്ങളിൽ നിന്നും നേരമ്പോക്കുകളിൽ നിന്നും നിർബന്ധിതമായി ക്ലാസിലിരിക്കേണ്ട അവസ്ഥയും വന്നുചേർന്നു. ചില വിദ്യാർഥികളെ ഒരുപരിധി വരെ കോവിഡ് മടിയന്മാരാക്കുകയും ചെയ്തിട്ടുണ്ടെന്ന്​വിദ്യാർഥികൾ തന്നെ സമ്മതിക്കുന്നു. ഇത് ചെറുതല്ലാത്ത പ്രശ്‌നങ്ങളാണ് വിദ്യാർഥികളിലും അധ്യാപകരിലും വിദ്യാർഥി -അധ്യാപക ബന്ധങ്ങളിലും ഉണ്ടാക്കിയത്. ഒരു മണിക്കൂർ നീളുന്ന ക്ലാസുകൾ മുഴുവനായി ശ്രദ്ധയോടെ ഇരിക്കാൻ പറ്റുന്നില്ല എന്നു മാത്രമല്ല, പെട്ടെന്നുതന്നെ മടുക്കുകയും ശ്രദ്ധ ചിതറിപ്പോകുന്നതും കാണാൻ സാധിക്കും. കോവിഡിനുമുൻപ് വിദ്യാർഥികൾ നാലോ അഞ്ചോ വയസ്സിൽ തുടങ്ങുന്ന സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽക്കുതന്നെ മണിക്കൂറുകൾ ക്ലാസ് മുറികളിൽ അധ്യാപകരുടെ ശിക്ഷണത്തിൽ സ്ഥിരതയോടെ തുടർന്നുപോന്ന ദിനചര്യയാണ് കോവിഡ് മൂലമുള്ള അടച്ചുപൂട്ടലിലേക്ക് നീങ്ങിയപ്പോൾ നഷ്ടപ്പെട്ടത്. അത് തിരിച്ചുപിടിക്കാൻ പ്രയാസപ്പെടുന്ന വിദ്യാർഥികളെ നമ്മൾ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു. പക്ഷെ യൂണിവേഴ്‌സിറ്റി പരീക്ഷകൾ ഡമോക്ലീസിന്റെ വാൾ പോലെ മുകളിൽ തൂങ്ങിയാടുന്നതുകൊണ്ട് ഇത്തരം വികാരവിചാരങ്ങൾക്കൊന്നും സമയമോ സാവകാശമോ കൊടുക്കാനാവാതെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുക എന്ന ദൗത്യം മാത്രമായി ചുരുങ്ങി അധ്യാപനവും.

വിക്ടോറിയ കോളേജി മെക്സിക്കോ

നിലവിലെ ഡിഗ്രി വിദ്യാർഥികളിൽ ആർക്കും ആർട്‌സ് ഫെസ്റ്റിവലിൽ പങ്കെടുക്കുവാനോ മത്സരിക്കുവാനോ കഴിഞ്ഞില്ല എന്നതും ഏറെ ദുഃഖകരം തന്നെ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോവിഡിനുമുൻപും കലോത്സവങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല എന്നത് യാഥാർഥ്യമാണ്. സെമസ്റ്റർ സമ്പ്രദായം നിലവിൽ വന്നശേഷം അക്കാദമിക് കലണ്ടർ ആകെ താറുമാറായതുകൊണ്ട് പലപ്പോഴും കലോത്സവങ്ങളോട് യൂണിവേഴ്സിറ്റിക്ക് ചിറ്റമ്മനയമായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അതുകൊണ്ടാണല്ലോ ഏപ്രിലിലും മേയിലുമൊക്കെ ഇന്റർസോൺ കലോത്സവങ്ങൾ നടത്തിയിരുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന ഒരാൾക്ക്​ ഈ കാലയളവിൽ നടത്തുന്ന കലോത്സവങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചാൽ പോലും ഗ്രേസ് മാർക്ക് ലഭിക്കാതെ കോളേജ് വിട്ടുപോവേണ്ടി വരുന്നത് ഇതുകൊണ്ടാണല്ലോ. അത്ര പ്രാധാന്യമേ യൂണിവേഴ്‌സിറ്റിക്ക് ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നുള്ളൂ. അതിന്​ ആക്കം കൂട്ടിക്കൊണ്ടാണ് കോവിഡ് കടന്നുവന്നത്. 2019-20, 2020-21, 2021-22 വർഷങ്ങളിലെ കലോത്സവങ്ങൾ മുടങ്ങിയതിലൂടെ ഒരു അധ്യായമാണ് അടഞ്ഞുപോയത്, തുടർച്ചയാണ് ഇല്ലാതായത്. സ്‌കൂൾ കലോത്സവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി വിദ്യാർഥികൾ തന്നെ സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾക്ക്​ ഇനിയൊരു കോളേജ് തല തെരഞ്ഞെടുപ്പും യൂണിവേഴ്‌സിറ്റിതല തെരഞ്ഞെടുപ്പും നടത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും. കലോത്സവങ്ങൾ അനാവശ്യമെന്നു വാദിക്കുന്നവരുടെ എണ്ണവും കൂടിവരുന്നത് തികച്ചും അപലപനീയം തന്നെ. അത്തരം വാദഗതികൾക്ക് അനുകൂലമായൊരു സാഹചര്യവും ഇന്ന് കോവിഡ് കാരണം നിലവിൽവന്നു എന്നതും ഉത്കണ്ഠയുണ്ടാക്കുന്നതാണ്.

വിക്റ്റോറിയ കോളേജ് ക്യാംപസ്

ഓൺലൈൻ ക്ലാസുകൾ ഇഷ്ടപ്പെട്ടുതുടങ്ങിയ അധ്യാപകരുമുണ്ട് എന്റെ സഹപ്രവർത്തകരിൽ. ഇക്കൂട്ടർക്ക് സമരങ്ങളില്ലാതെ, വിദ്യാർഥികളുടെ ഇടക്കിടെയുള്ള പരിപാടികളുടെ തടസ്സമോ ശല്യമോ ഇല്ലാതെ കൃത്യമായി അധ്യയനം നടന്നുപോകുന്നു എന്നതാണ് ആശ്വാസം. പക്ഷെ വിദ്യാർഥികളിൽ പലരും പറഞ്ഞത് ഇതിന്റെ മറ്റൊരു വശമാണ്- അവർക്ക് വിദ്യാഭ്യാസചരിത്രത്തിൽ ആദ്യമായി അധ്യാപകരെ മ്യൂട്ട്​ ചെയ്യാനുള്ള സൗകര്യം ഓൺലൈൻ ക്ലാസുകൾ വഴി ലഭ്യമായി.
സ്‌ക്രീൻ ഓഫ് ആക്കിവെച്ച്​ അദൃശ്യരായിരുന്ന്​, ക്ലാസ്​ കേൾക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു. ഇതുവരെ constant surveillance ൽ നടന്നിരുന്ന പഠനരീതിയെ അപ്പാടെ പൊളിച്ചെഴുതുകയാണിവിടെ. വിദ്യാർഥികളെ സംബന്ധിച്ച് വീടുകളിലും കോളേജുകളിലും legitimate ആയി ഫോൺ ഉപയോഗിക്കാനുള്ള അവസരമായി കൂടി ഓൺലൈൻ കാലഘട്ടം മാറി. പക്ഷെ ഇതൊന്നും നേരിട്ടുള്ള ഇടപെടലുകൾക്ക് ബദലല്ല എന്ന തിരിച്ചറിവും മഹാഭൂരിപക്ഷം വരുന്ന വിദ്യാർഥികൾക്കുണ്ട്.

പ്രണയവും, പ്രണയഭംഗവും, സുഹൃത്തുക്കളും, ലാത്തിയടിയും, സമരവും, സംഘടനാ പ്രവർത്തനങ്ങളും, സമ്മേളനങ്ങളും, ചെറിയ വഴക്കുകളും, ചുമരെഴുത്തും, ചുമർചിത്രങ്ങളും, മത്സരങ്ങളും, ആഘോഷങ്ങളും എല്ലാം കൂടി അധ്യയനത്തിനോടൊപ്പം ചേർന്നതാണ് കലാലയജീവിതവും അവിടെ നിന്നു ആർജിക്കുന്ന വിദ്യാഭ്യാസവും. ലോക്ക്ഡൗണിനുശേഷമുള്ള കോളേജുകൾക്ക്​പുതുജീവൻ കൈവരിക്കാനും പുതുതാളത്തിലേക്ക് ജൈവികമായി എത്തിച്ചേരാനും ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഷീബ കെ.

പാലക്കാട്​ ഗവ. വിക്​ടോറിയ കോളേജിൽ അസോസിയേറ്റ്​ പ്രൊഫസർ.

Comments