ഭിന്നശേഷിയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെത്തിച്ച് അവിടെ അവര്‍ക്ക് അനുയോജ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുന്ന രീതിയെയാണ് മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ എന്നു പറയുന്നത്. സംസ്ഥാനത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിന് 2022- 23 വര്‍ഷത്തിലെ പദ്ധതിയില്‍ മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ എന്ന പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയില്‍ നിന്നും രണ്ട് ബി ആര്‍ സികളിലായി 6 സ്‌കൂളുകള്‍ എന്ന തോതില്‍ സംസ്ഥാനത്ത് ആകെ 84 സ്‌കൂളുകളെയാണ് മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ ആയി മാറ്റുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് സംസ്ഥാനത്തെ 84 സ്‌കൂളുകള്‍ സമഗ്ര ശിക്ഷ കേരള ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്‌കൂളുകള്‍ കാഴ്ച, കേള്‍വി, മറ്റ് പരിമിതികളുള്ള എല്ലാ കുട്ടികള്‍ക്കും വേണ്ടി ഒരോ തിരഞ്ഞെടുത്ത സ്‌കൂളുകളിലും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഒരു വലിയ ക്ലാസില്‍ വളരെ കുറഞ്ഞ ഭിന്നശേഷിക്കാര്‍ സാധാരണക്കാരായ മറ്റു കുട്ടികളോടൊപ്പം പഠിക്കുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാനോ അവരെ മനസ്സിലാക്കാനോ അവര്‍ക്ക് പാഠഭാഗങ്ങള്‍ പകര്‍ന്നു നൽകാനോ ഉള്ള യാതൊരു സംവിധാനവും നമ്മുടെ ക്ലാസ് മുറികളിലോ അധ്യാപന പരിശീലനത്തിലോ ഇല്ല.
പാർശ്വവൽക്കരിക്കപ്പെടുന്ന ഭിന്നശേഷിക്കാർ
ഒറ്റനോട്ടത്തില്‍ മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ നല്ല ആശയമാണെങ്കിലും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ നിലവിലുള്ള പ്രത്യേക സ്‌കൂളുകള്‍ (ടpecial School) കാലക്രമത്തില്‍ കാലഹരണപ്പെട്ടുപോയി പകരം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്‍ക്ലൂസീവ് സ്‌കൂളുകളായി നമ്മുടെ വിദ്യാഭ്യാസരീതി മാറും എന്നാണ് കാണേണ്ടത്. പ്രത്യേക സ്‌കൂളുകള്‍ വേണമോ അതോ സംയോജിത വിദ്യാഭ്യാസം പോരേ എന്നുള്ള ചര്‍ച്ചകള്‍ പലയിടങ്ങളിലായി എത്രയോ കാലമായി നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ പരിഹാരമായാണ് മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ കൊണ്ടുവരുന്നത് എങ്കില്‍ വളരെ ശ്രദ്ധിച്ചും സൂക്ഷ്മതയോടെയും മാത്രമേ അത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പാടുള്ളൂ.
കാരണം, ഒറ്റനോട്ടത്തില്‍, ഭിന്നശേഷിക്കാര്‍ക്കുവേണ്ടി അല്ലെങ്കില്‍ അവരെ ഭിന്നശേഷിക്കാരായി നിലനിര്‍ത്താന്‍ വേണ്ടി മാത്രം പ്രത്യേക സ്‌കൂളുകള്‍ നടത്തേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമായി തോന്നുമെങ്കിലും വൈകല്യങ്ങളെ വൈകല്യങ്ങളായി കണ്ട് അവര്‍ക്കനുയോജ്യമായ വിദ്യാഭ്യാസ സംവിധാനം പ്രത്യേക സ്‌കൂളുകളിലൂടെ മാത്രമല്ലേ കഴിയൂ എന്നുള്ളതും ആലോചിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം എന്നത് കഴിവുള്ളവർക്ക് അറിവും നൈപുണിയും കരസ്ഥമാക്കി ജീവിത വിജയത്തിലേക്ക് എത്തിക്കുന്നത് മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബുദ്ധിപരവും ശാരീരികപരവും മാനസികവുമായ കഴിവുകളിലും കാഴ്ച, കേള്‍വി തുടങ്ങിയ ശേഷികളിലും പരിമിതികളുള്ളവരെയും മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ജനസംഖ്യയില്‍ 10 ശതമാനത്തിന് താഴെ വരുന്ന ഒരു വലിയ വിഭാഗത്തെ മുഖ്യധാരയിലെത്തിച്ച് പരമാവധി സ്വതന്ത്രരും നിര്‍ഭയരുമാക്കി മാറ്റാനുള്ള പ്രവര്‍ത്തനം കൂടിയാണ് ആധുനിക ലോകം വിദ്യാഭ്യാസത്തിന്റെ പുരോഗതിയിലെ പ്രധാന സൂചകമായി കാണുന്നത്.
എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും ഇപ്പോഴും ഇത്തരം കുട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു തന്നെ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യം വികലാംഗര്‍ എന്ന് ഇവരെ വിളിച്ചിരുന്നെങ്കില്‍ പിന്നീട് ടെര്‍മിനോളജികള്‍ മാറിയതല്ലാതെ വരുന്നതല്ലാതെ (അംഗപരിമിതര്‍, വെല്ലുവിളി നേരിടുന്നവര്‍, ഭിന്നശേഷിക്കാര്‍, വ്യത്യസ്ത ശേഷിയുള്ളവര്‍, ദിവ്യാംഗര്‍ ) പ്രകടമായി ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയോ പരിഹാര മാര്‍ഗങ്ങളെയോ ശാസ്ത്രീയവും സൂക്ഷ്മവുമായി ഒരു ഏകമാനക സംവിധാനത്തിലൂടെ ഗവേഷണത്തിനോ പഠനത്തിനോ കേരളം വിധേയമാക്കിയിട്ടുണ്ടോ എന്നത് സംശയകരമാണ്. ചെറിയ പഠനങ്ങളും മറ്റും ചില എന്‍ ജി ഒകളും എസ് സി ഇ ആര്‍ ടി യും ചില കമീഷനുകളും മറ്റും നടത്തിയിട്ടുണ്ട് എന്നതിലുപരി ഇത്തരം കുട്ടികളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും കൈകാര്യം ചെയ്ത് അവരെ ഭാവിയില്‍ പരമാവധി സ്വതന്ത്രരും നിര്‍ഭയരുമായി, ഓരോരുത്തരുടെയും കഴിവിനും നൈപുണിക്കും അനുസരിച്ച് എത്തിക്കാനുള്ള വിദ്യാഭ്യാസ സമ്പ്രദായം, ദേശീയ- അന്തർദേശീയ തലത്തിൽ തന്നെ ഒരിടത്തും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഭിന്നശേഷി സ്‌കൂളുകള്‍ക്ക് ഒരു അധ്യാപകന് പരമാവധി അഞ്ചു കുട്ടികള്‍ എന്ന റേഷ്യോ നിലനില്‍ക്കുമ്പോള്‍ ഒരു ടീച്ചര്‍ക്ക് മൊത്തം കുട്ടികളുടെ എണ്ണം 40 ആണ് നിലവിലുള്ളത്. ഈ അവസ്ഥയിൽ, ഇത്തരം കുട്ടികളെ പഠിപ്പിക്കാനും മുഖ്യധാരയിലെത്തിക്കാനും സാമൂഹ്യവല്‍ക്കരിക്കാനും എത്രമാത്രം കഴിയും എന്നത് ആലോചിക്കേണ്ടതാണ്.
വിദ്യാഭ്യാസ അവകാശ നിയമങ്ങളും പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി നിയമങ്ങളും ധാരാളം കാര്യങ്ങള്‍ പറയുന്നെങ്കിലും അതൊക്കെ പരിഗണനാര്‍ഹമായും ദയാപരമായും മാറുന്നുവെന്നുമാത്രം. അത്തരം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു മാത്രമേ വിദ്യാഭ്യാസം നടപ്പിലാക്കാവൂ, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്നുതന്നെയാണ് നാം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതെല്ലാം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാം കൊട്ടിഘോഷിക്കുന്ന സംയോജിത വിദ്യാഭ്യാസത്തിന്റെ അവസ്ഥ വെളിവാക്കുന്നു. ഭിന്നശേഷി സംവരണത്തിന്റെ സമീപകാല സുപ്രീംകോടതി വിധിയെ സ്ഥാപനങ്ങള്‍ഇപ്പോഴും എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത് എന്നതും പരിഗണനാർഹമാണ്.
പൊതുവിദ്യാലയത്തിലെത്തുന്ന
ഭിന്നശേഷിക്കാർ
ഭിന്നശേഷിക്കാര്‍ക്ക് പൊതുവിദ്യാലയങ്ങള്‍ പോരേ, പ്രത്യേക സ്‌കൂളുകള്‍ വേണമോ എന്നത് ദീര്‍ഘകാലമായി നാം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ആദ്യകാലങ്ങളില്‍ സ്‌കൂള്‍ ഫോര്‍ ഹാന്‍ഡിക്കേറ്റ് എന്ന രീതിയില്‍ വികലാംഗര്‍ക്ക് പ്രത്യേക സ്‌കൂള്‍ സംവിധാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തരം സംവിധാനത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഈ വിഭാഗം ഒറ്റപ്പെട്ടുതന്നെ നില്‍ക്കും എന്ന് പല വിദ്യാഭ്യാസ വിചക്ഷണന്മാരും അഭിപ്രായപ്പെടുകയും അത്തരം അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ സംയോജിത വിദ്യാഭ്യാസ രീതിയാണ് ഉചിതം എന്ന കോൺസെപ്റ്റ് സ്വീകരിക്കപ്പെടുകയും അത് സ്‌കൂളുകള്‍ നടപ്പിലാക്കുകയും ചെയ്തു. സങ്കടകരമെന്നു പറയട്ടെ, അപ്പോഴും സാമൂഹ്യവല്‍ക്കരിക്കുന്നതിലൂടെ അവര്‍ മുഖ്യധാരയിലെത്തുമെന്ന് പറയുന്ന ബാഹ്യമായ തത്വമല്ലാതെ വലിയ പഠനങ്ങള്‍ ഒന്നും നടന്നിരുന്നില്ല. പിന്നീട് ഇന്‍ക്ലൂസീവ് വിദ്യാഭ്യാസത്തിലേക്ക് അത് എത്തി. ഇന്ന് സര്‍വ്വശിക്ഷാ അഭിയാനും വിദ്യാഭ്യാസ വകുപ്പും ധാരാളം സഹായങ്ങളും സംവിധാനങ്ങളും ഇന്‍ക്ലൂസീവ് വിദ്യാഭ്യാസത്തിന് നല്‍കിവരുന്നു. എന്നാല്‍ വൈകല്യത്തെ വൈകല്യമായി കാണാതെ സമൂഹത്തില്‍ ഇടപെടാനും സാമൂഹ്യ ജ്ഞാനം ഉള്‍ക്കൊണ്ട് സമൂഹത്തില്‍ മുന്നേറാനാവണമെന്നുമുള്ള കാഴ്ചപ്പാടോടെ മാത്രം പൊതുവിദ്യാലയങ്ങളില്‍ അവരെയെത്തിച്ചാല്‍ വലിയ അളവോളം ഇത്തരം കുട്ടികൾ പഠനവിമുഖരും ഒറ്റപ്പെടുന്ന മാനസികാവസ്ഥയുള്ളവരുമായി മാറും എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം, ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക സ്‌കൂളുകള്‍ വേണ്ട, അവരും മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാവട്ടെ എന്നതാണ്. എന്നാല്‍, ഒരു വലിയ ക്ലാസില്‍ വളരെ കുറഞ്ഞ ഭിന്നശേഷിക്കാര്‍ സാധാരണക്കാരായ മറ്റു കുട്ടികളോടൊപ്പം പഠിക്കുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാനോ അവരെ മനസ്സിലാക്കാനോ അവര്‍ക്ക് പാഠഭാഗങ്ങള്‍ പകര്‍ന്നു നൽകാനോ ഉള്ള യാതൊരു സംവിധാനവും നമ്മുടെ ക്ലാസ് മുറികളിലോ അധ്യാപന പരിശീലനത്തിലോ ഇല്ലാത്ത അവസ്ഥയില്‍ ഇത്തരം സാമൂഹ്യവല്‍ക്കരണം എന്ത് നേട്ടമാണുണ്ടാക്കുക, എന്ത് ലക്ഷ്യമാണ് കൈവരിക്കുക എന്നത് ഓര്‍ക്കേണ്ടതുണ്ട്.
മറ്റൊരു പ്രധാന പ്രശ്‌നം; ഇത്തരം കുട്ടികളെയും അവരുടെ ശേഷിക്കുറവിനെയും കൃത്യമായി നിര്‍ണയിക്കാന്‍ ഇന്‍ക്ലൂസീവ് വിദ്യാഭ്യാസ രീതി കൊണ്ട് കഴിയില്ല എന്നതാണ്. ഇന്റര്‍വെന്‍ഷന്‍ അഥവാ കുഞ്ഞുനാളിലെ തകരാറുകള്‍ കണ്ടുപിടിച്ച് അതിനുള്ള തെറാപ്പിയോ ചികിത്സയോ പരിശീലനങ്ങളോ കൃത്യമായി ലഭിക്കുമ്പോള്‍ മാത്രമേ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. വൈകിയുള്ള കണ്ടെത്തല്‍, പ്രത്യേകിച്ച് അഞ്ച് വയസ്സിന് ശേഷം ഇവരുടെ പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയാണ് ചെയ്യുക. ‘ഗോള്‍ഡന്‍ഏജ്’ എന്ന് പറയുന്നത് അഞ്ച് വയസ്സിനുള്ളിലാണ് എന്നാണ് ശാസ്ത്രീയമായി കണക്കാക്കുന്നത്. എന്നാല്‍ 5 വയസ്സിലാണ് കുട്ടികളെ സാധാരണ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത് എന്ന് പറയുമ്പോള്‍ ഇവരുടെ ഗോള്‍ഡന്‍ ഏജ് കഴിയും എന്നര്‍ത്ഥം.
സ്വതന്ത്രമായ ആശയവിനിമയം കുട്ടികളില്‍ സാധ്യമാവണം. അവരെ അവരുടെ വൈകല്യങ്ങളെ ഉള്‍ക്കൊണ്ട്, പരിമിതികള്‍ മനസ്സിലാക്കി അവ നേരിടുവാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും നല്‍കേണ്ടതുണ്ട്. ഇതിന് ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ മതിയാവണമെന്നില്ല. കാരണം ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ എന്തൊക്കെ പറഞ്ഞാലും അനുകമ്പ അഥവാ സഹതാപം എന്നീ രണ്ട് തട്ടില്‍ കേന്ദ്രീകരിച്ചിരിക്കും.
മാത്രമല്ല, ഭിന്നശേഷി സ്‌കൂളുകള്‍ക്ക് ഒരു അധ്യാപകന് പരമാവധി അഞ്ചു കുട്ടികള്‍ എന്ന റേഷ്യോ നിലനില്‍ക്കുമ്പോള്‍ ഒരു ടീച്ചര്‍ക്ക് (ഭിന്നശേഷിക്കാരുള്‍പ്പെടെ) മൊത്തം കുട്ടികളുടെ എണ്ണം 40 ആണ് നിലവിലുള്ളത്. ഈ അവസ്ഥയിൽ, ഇത്തരം കുട്ടികളെ പഠിപ്പിക്കാനും മുഖ്യധാരയിലെത്തിക്കാനും സാമൂഹ്യവല്‍ക്കരിക്കാനും എത്രമാത്രം കഴിയും എന്നത് ആലോചിക്കേണ്ടതാണ്. പി.ഡബ്ല്യു.ഡി ആക്ടും ആര്‍.പി.ഡബ്ല്യു ആക്ട്- 2011 പ്രകാരവും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 21 വിഭാഗം കുട്ടികളുണ്ട് എന്നാണ് കണക്കാക്കുന്നത്. ഒരു അധ്യാപകനും ഒരു കുട്ടിയും എന്ന തലത്തിലാണ് ആര്‍.പി.ഡബ്ല്യു ആക്ട് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻക്ലൂസീവ് സ്‌കൂളുകള്‍ എല്ലാറ്റിനും പരിഹാരം എന്ന ധാരണ ഒരു നിലക്കും യോജിച്ചതല്ല. സ്വതന്ത്രമായ ആശയവിനിമയം കുട്ടികളില്‍ സാധ്യമാവണം. അവരെ അവരുടെ വൈകല്യങ്ങളെ ഉള്‍ക്കൊണ്ട്, പരിമിതികള്‍മനസ്സിലാക്കി അവ നേരിടുവാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും നല്‍കേണ്ടതുണ്ട്. ഇതിന് ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ മതിയാവണമെന്നില്ല. കാരണം ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ എന്തൊക്കെ പറഞ്ഞാലും അനുകമ്പ അഥവാ സഹതാപം എന്നീ രണ്ട് തട്ടില്‍ കേന്ദ്രീകരിച്ചിരിക്കും. ഭിന്നശേഷിക്കാരായ ഓരോ കുട്ടിക്കും അവരുടെ ഒരു കള്‍ച്ചര്‍ ഉണ്ട്. ഉദാഹരണത്തിന് കേള്‍വി പരിമിതിയുള്ള കുട്ടികളുടെ ‘ഡെഫ് കൾച്ചര്‍’ എന്നത് ആഗോളവ്യാപകമായി വിലയിരുത്തപ്പെടുന്ന ഒന്നാണ്. പ്രത്യേക ആശയവിനിമയം, കൂട്ടായ്മ എന്നിവയൊക്കെ ഇവർക്കിടയിലുണ്ട്. അതൊക്കെ ഒഴിവാക്കി അത്തരം പരിമിതികളെ അതിജീവിക്കുവാന്‍ സാധാരണ കുട്ടികളോടൊപ്പം പഠിപ്പിച്ചാല്‍ മതി എന്നുപറയുമ്പോള്‍ ഫലത്തില്‍ ഇവര്‍ ഒറ്റപ്പെടുന്ന അവസ്ഥ തന്നെയാണ് ഉണ്ടാവുക.
ലോകത്തില്‍ എല്ലായിടത്തും സ്‌പെഷ്യല്‍ സ്‌കൂളുകളുണ്ട്. ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് പകരമല്ല. മറിച്ച് വളരെ ചെറിയ പരിമിതികളുള്ള കുട്ടികളെ ഇന്‍ക്ലൂസീവ് സ്‌കൂളുകളിലേക്കും വലിയ പരിമിതികളുള്ള കുട്ടികളെ സ്‌പെഷല്‍ സ്‌കൂളിലേക്കും മാറ്റി അവരെ പ്രത്യേകം പരിഗണിക്കുന്ന തരത്തില്‍ തന്നെ മുന്നോട്ടു പോകേണ്ടതാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി തുടങ്ങേണ്ടതല്ല മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ഇത്തരം കുട്ടികള്‍ ജയിക്കുന്നുണ്ടല്ലോ എന്ന മാനദണ്ഡം എടുത്തു കൊണ്ട് ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍ വിജയമാണ് എന്ന തരത്തിലേക്ക് വരാന്‍ പാടില്ല. സ്‌പെഷ്യല്‍ സ്‌കൂളില്‍ കൊടുക്കുന്ന സംവിധാനം എന്തൊക്കെ പറഞ്ഞാലും ഇത്തരം സ്‌കൂളുകളില്‍ കൊടുക്കാന്‍ കഴിയില്ല.
മോഡല്‍ സ്‌കൂള്‍ തുടങ്ങുമ്പോള്‍ സ്‌പെഷല്‍ സ്‌കൂളിലെ സംവിധാനങ്ങള്‍ ഏർപ്പെടുത്തുകയും എല്ലാ അധ്യാപകരെയും നിര്‍ബന്ധിത പരിശീലനത്തിന് വിധേയമാക്കുകയും ചെയ്യും എന്നാണ് അവകാശപ്പെടുന്നത്. ഇത്തരം പരിശീലനങ്ങള്‍ ഓണ്‍ലൈന്‍ പരിശീലങ്ങളായി മാറാനുമിടയുണ്ട്. അമേരിക്ക ഉള്‍പ്പടെ പല വിദേശ രാജ്യങ്ങളും നടത്തിയ ഗവേഷണഫലം സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ക്ക് ആത്മവിശ്വാസം കൂടുന്നു എന്നതാണ്. അതുകൊണ്ടുതന്നെയാണ് അത്തരം വികസിത രാജ്യങ്ങളില്‍ ഇപ്പോഴും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ നിലനിര്‍ത്തിപോരുന്നത്. കാരണം, അവിടെ അവര്‍ക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുന്നു. ഒറ്റപ്പെടലിൽനിന്ന് ഒഴിവാകുന്നു. ഒരു സമൂഹം എന്ന നിലയ്ക്ക് ഭാവിയില്‍ അവര്‍ പൊതുസമൂഹത്തിന്റെ ഭാഗമാകുമ്പോഴും അവരുടെ കള്‍ച്ചറില്‍ നിന്നുകൊണ്ട് മുന്നേറാന്‍ കഴിയുകയും ചെയ്യുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘടനകളില്‍ മിക്കവയും സൂചിപ്പിക്കുന്നത് ഇപ്പോഴും ഇത്തരം കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ ശ്രവണസഹായി പോലെയുള്ള പല ഉപകരണങ്ങളും പൂര്‍ണതോതില്‍കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നില്ല. ഹോസ്റ്റല്‍ ഗ്രാന്‍ഡ് തന്നെ വളരെ തുച്ഛമാണ്. ഇതിനിടയിലാണ് 84 സ്‌കൂളുകള്‍ മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂളുകളായി മാറാൻ പോകുന്നത്. അതുകൊണ്ടുതന്നെ, ഏറെ കരുതലും പഠന- ഗവേഷണങ്ങളും നടത്തി മാത്രമേ ഈയൊരു സംവിധാനത്തിലേക്ക് എത്താൻ പാടുള്ളൂ. വിശേഷണങ്ങൾ മാറുന്നതുകൊണ്ട് അടിസ്ഥാന വെല്ലുവിളികള്‍ നേരിടാൻ കഴിയണമെന്നില്ല. ഓരോ കുട്ടിക്കും വേണ്ടത് അവരെ മനസ്സിലാക്കിയും അവര്‍ക്കുതകുന്നതും അവരുടെ ശേഷികള്‍ തിരിച്ചറിഞ്ഞും അവരെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയുന്ന പഠനബോധന പ്രക്രിയയാണ്.
സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം അപ്രോച്ച് പേപ്പറില്‍ ഒരിടത്തും വ്യത്യസ്ത ശേഷികളുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്കു നല്‍കേണ്ട പ്രത്യേക പരിശീലനത്തെക്കുറിച്ചോ പ്രത്യേക സ്‌കൂളുകളെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല.
നിശ്ശബ്ദമാകുന്ന
സംസ്ഥാന കരിക്കുലം
ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രത്യേക വിദ്യാഭ്യാസത്തിന്റെ പ്രസക്തി പ്രതിപാദിക്കുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യഭ്യാസം എല്ലാവര്‍ക്കും ലഭിക്കേണ്ടതിന്റെ പ്രസക്തി സൂചിപ്പിക്കുന്നിടങ്ങളിൽ, ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ട അജണ്ടകളില്‍ സംയോജിത വിദ്യാഭ്യാസം നടപ്പിലാക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്കുതകുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി സജ്ജീകരിക്കേണ്ടതിന്റെ പ്രസക്തി കൃത്യമായി എടുത്തുപറയുന്നുണ്ട്. കൂടാതെ, അവര്‍ക്കുവേണ്ട പ്രത്യേക പഠന പ്രവര്‍ത്തനങ്ങൾ ഉൾക്കൊള്ളേണ്ടതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. വ്യത്യസ്ത ശേഷികളുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്കു നല്‍കേണ്ട പ്രത്യേക പരിശീലനം നിര്‍ബന്ധമാക്കുവാനും നിര്‍ദേശമുണ്ട്.
എന്നാല്‍, സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം അപ്രോച്ച് പേപ്പറില്‍ ഒരിടത്തും ഇത്തരം നിര്‍ദേശങ്ങളോ പ്രത്യേക സ്‌കൂളുകളെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. 25 മേഖലകളായി മിക്ക വിഷയങ്ങളും പരാമര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ശേഷികളുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നല്‍കാന്‍ എന്തൊക്കെ ചെയ്യണമെന്ന് കാണുന്നില്ല. പൂര്‍ണ വൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ പ്രത്യേക സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും പരാമര്‍ശമില്ല. സംയോജിത വിദ്യാഭ്യാസത്തിലൂടെ എല്ലാവരെയും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനും അധ്യാപക പരിശീലനം കൊടുക്കുന്നതിനെ പറ്റിയും പറയുകയല്ലാതെ അത് പ്രവര്‍ത്തികമാക്കുമ്പോള്‍ അരികുവല്‍ക്കരിച്ചുപോകുന്ന വ്യത്യസ്ത ശേഷികളുള്ളവരെ എങ്ങനെ പഠിപ്പിക്കാം എന്ന് പ്രതിപാദിക്കുന്നില്ല.
25- തരം വൈകല്യങ്ങളെ മനസ്സിലാക്കി അവക്ക് പ്രത്യേക പരിഗണനയും ശാസ്ത്രീയമായ പരിഹാരങ്ങളും പകര്‍ന്നു നല്‍കാന്‍ സംയോജിത വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്നില്ലെന്നും അതിന് പ്രത്യേക സ്‌കൂളുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇപ്പോഴും നയത്തിലൊന്നും പരാമര്‍ശിക്കാത്തത് കൗതുകകരമാരായി തോന്നുന്നു.