വിജയകുമാരിമാരുടേതാകരുത്,
വിപിൻ വിജയന്മാരുടേതാകണം
കാമ്പസ്

കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനുനേരെ വകുപ്പധ്യക്ഷയായ ഡോ. വിജയകുമാരി നടത്തിയ ഹീനമായ ജാതി അധിക്ഷേപത്തെക്കുറിച്ചും അധികാര ദുർവിനിയോഗത്തെക്കുറിച്ചും എഴുതുന്നു, കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ഗവേഷകനായ അതുൽ മോഹൻ.

2025 ഒക്ടോബർ 15ന് രാവിലെ കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനും, ഗവേഷക യൂണിയനും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പസ് കാർണിവലിൽ, മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അതിജീവന ചരിത്രം രചിച്ച പ്രഭാഹരൻ കെ. മൂന്നാറിന്റെ ‘മലങ്കാട്' എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച നടക്കുകയായിരുന്നു. ഈ സമയത്താണ് ക്ലിഫ് ഹാളിൽ സംസ്‌കൃത വിഭാഗത്തിലെ ഗവേഷകനായ വിപിൻ വിജയന്റെ ഓപ്പൺ ഡിഫൻസും നടന്നത്. സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ബി.എ, എം.എ, ബി.എഡ്, എം.എഡ്,. എം.ഫിൽ ബിരുദങ്ങൾ നേടിയ ആളാണ് വിപിൻ വിജയൻ. സാധാരണ നിലയിൽ ഓപ്പൺ ഡിഫൻസ് നടക്കുമ്പോൾ, ഗവേഷകൻ തന്റെ നീണ്ട കാലത്തെ അക്കാദമിക അന്വേഷണത്തിൽ കണ്ടെത്തിയ വിഷയങ്ങൾ അവതരിപ്പിക്കുകയും, ഇവർ തയ്യാറാക്കിയ ഗവേഷണപ്രബന്ധം വൈസ് ചാൻസലർ തെരെഞ്ഞെടുക്കുന്ന വിദഗ്ധരായ മൂന്ന് പ്രൊഫസർമാർ വിലയിരുത്തി, അതിൽ ഒരാൾ ചെയർ ആയി വന്ന് പൊതുവായ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുകയും, പ്രസ്തുത പഠനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഗവേഷകരുടെ ഭാഗത്തുനിന്ന് മറുപടി തേടുകയുമാണ് പതിവ്.

ഇന്ത്യയിൽ മാത്രമല്ല ലോകത്തുള്ള എല്ലാ സർവകലാശാലകളിലും സംസ്കൃത ഭാഷയിലുള്ള ബഹുഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലീഷിലാണ്.

ഓപ്പൺ ഡിഫൻസുകളിൽ നേരിട്ടും, ഓൺലൈൻ ആയും പങ്കെടുക്കുന്നവർക്കും ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ട്. എന്നാൽ ഒരു ഓപ്പൺ ഡിഫൻസിനുശേഷം, ഗവേഷണം നടത്തിയ വ്യക്തിക്ക് ഡോക്ടറേറ്റ് ബിരുദം അവാർഡ് ചെയ്യണമോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം അതിന്റെ ചെയർ ആയി വരുന്ന അധ്യാപകർക്കായിരിക്കും. ഗൈഡിനോ വകുപ്പ് മേധാവിക്കോ മറ്റാർക്കെങ്കിലുമോ ആ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ല. സാധാരണ നിലയിൽ പ്രീ -സബ്മിഷൻ ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ തങ്ങളുടെ ഗവേഷണവിഷയവും, ഗവേഷണരീതികളും, ഉപയോഗിച്ച സൈദ്ധാന്തികതകളും, പ്രധാന കണ്ടെത്തലുകളും അവതരിപ്പിച്ചും, ഗവേഷണപ്രബന്ധം വിദഗ്ദസമിതി വിലയിരുത്തി അംഗീകാരം നൽകിയും വരുന്ന ഒരാൾക്ക് ഓപ്പൺ ഡിഫൻസ്‌ ഘട്ടത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടാകാറില്ല. പ്രത്യേകിച്ച് കേരളത്തിലെ സർവകലാശാലകളിൽ.

ഓപ്പൺ ഡിഫൻസ് നടക്കുന്ന ഘട്ടത്തിൽ ചെയർപേഴ്സൺ ആയി പങ്കെടുക്കുന്ന അധ്യാപകനെ / അധ്യാപികയെ പരിചയപ്പെടുത്തുക, ഓപ്പൺ ഡിഫൻസുമായി ബന്ധപ്പെട്ട ചടങ്ങുകൾ വിശദീകരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ മാത്രമാണ് ഡിപ്പാർട്ട്മെന്റ് മേധാവിയെ സംബന്ധിച്ച് ഉള്ളത്. സാങ്കേതികമായി പറഞ്ഞാൽ ഒരു നിരീക്ഷകൻ / നിരീക്ഷക (Observer) മാത്രമാണിവർ. അല്ലാതെ ഓപ്പൺ ഡിഫൻസ്‌ വിജയകരമായി പൂർത്തിയാക്കിയ ഗവേഷകരുടെ പിഎച്ച്ഡി പ്രബന്ധത്തിൽ മാറ്റം വരുത്താൻ ഇവർക്ക് നിർദ്ദേശിക്കാനാകില്ല. തിസീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിയോജിപ്പുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ പ്രീ സബ്മിഷൻ വേളയിൽ ഇവർക്ക് ഉന്നയിക്കാവുന്നതാണ്. വിപിൻ വിജയന്റെ പ്രീ സബ്മിഷനിൽ ഇത്തരം യാതൊരു നിർദ്ദേശവും ഡോ. വിജയകുമാരി നൽകിയിരുന്നില്ല.

ഡോ. സി.എൻ. വിജയകുമാരി, ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ. വിപിൻ വിജയന്റെ പിഎച്ച്. ഡി തിസീസുമായി ബന്ധപ്പെട്ട് വിയോജിപ്പുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ പ്രീ സബ്മിഷൻ വേളയിൽ ഡോ. വിജയകുമാരിയ്ക്ക് ഉന്നയിക്കാമായിരുന്നു. ഇത്തരം യാതൊരു നിർദ്ദേശവും അവർ നൽകിയിരുന്നില്ല.
ഡോ. സി.എൻ. വിജയകുമാരി, ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ. വിപിൻ വിജയന്റെ പിഎച്ച്. ഡി തിസീസുമായി ബന്ധപ്പെട്ട് വിയോജിപ്പുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ പ്രീ സബ്മിഷൻ വേളയിൽ ഡോ. വിജയകുമാരിയ്ക്ക് ഉന്നയിക്കാമായിരുന്നു. ഇത്തരം യാതൊരു നിർദ്ദേശവും അവർ നൽകിയിരുന്നില്ല.

‘എക്സ്ടേണൽ എക്‌സാമിനർക്കും മറ്റ് അദ്ധ്യാപകർക്കും ഓപ്പൺ ഡിഫൻസിലുണ്ടായ പൂർണ തൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ ഇത് Ph.D ഡിഗ്രിക്കായി ശുപാർശ ചെയ്യുന്നു’ എന്ന് വിപിൻ വിജയന്റെ ബോർഡ്‌ ഓഫ് എക്സാമിനേഴ്സിന്റെ ചെയർപേഴ്സണായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ തെരെഞ്ഞെടുത്ത അലഹബാദ് സർവ്വകലാശാലയിലെ പ്രൊഫസറായ ഡോ. അനിൽ പ്രതാപ് ഗിരി പ്രഖ്യാപിച്ചതിനുശേഷം ഡീൻ ആയ വിജയകുമാരി ഇടപെടാൻ തുടങ്ങി. തുടർന്ന് ഇവർ സർവകലാശാലാ ചട്ടങ്ങൾ മറികടന്ന് ചെയർപേഴ്സന്റെ മൈക്ക് തട്ടിപ്പറിച്ച് പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടതാണ്. അക്കാദമിക് മര്യാദകളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ഡീൻ നടത്തിയ ഇടപെടൽ ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. അതോ സംഘ്പരിവാർ അനുഭാവിയായ ചാൻസലറുടെയും വൈസ് ചാൻസലറുടെയും നോമിനിയായി സർവകലാശാലയിൽ ഡീൻഷിപ്പ് പദവി നേടി കെട്ടിയിറക്കപ്പെട്ട പ്രൊഫ. വിജയകുമാരിക്ക് ഈ മര്യാദകൾ ഒന്നും ബാധകമല്ലെന്നാണോ?

സർവകലാശാലയിലെ സംസ്‌കൃതം ഡിപ്പാർട്മെന്റിൽ നടന്ന ആദ്യത്തെ ഓപ്പൺ ഡിഫൻസ്‌ ആയിരുന്നില്ല വിപിൻ വിജയന്റേത്. മുൻപും നിരവധി ഗവേഷകർ തിസീസ് അവതരിപ്പിച്ച് സംസ്‌കൃതത്തിൽ പിഎച്ച്ഡി ബിരുദം നേടിയിട്ടുണ്ട്. വിജയകുമാരിയുടെ മാർഗനിർദേശത്തിൽ തന്നെ ഡോക്ടറേറ്റ് നേടിയവരും നിരവധിയാണ്. ഇവർ എല്ലാവരും പ്രബന്ധം തയ്യാറാക്കിയത് സംസ്‌കൃതത്തിലാണോ? അല്ല എന്നത് സുവ്യക്തമാണ്. ഏറ്റവുമൊടുവിൽ വിജയകുമാരിക്കുകീഴിൽ പിഎച്ച്ഡി നേടിയ വ്യക്തി പോലും ഇംഗ്ലീഷിലാണ് തിസീസ് എഴുതിയിട്ടുള്ളത്. ഓപ്പൺ വൈവയിൽ ചോദിച്ച ചോദ്യങ്ങൾക്ക് ആ ഗവേഷക സുഹൃത്തും ഇംഗ്ലീഷിലാണ് മറുപടി നൽകിയിട്ടുള്ളതും. അതൊരു മോശം കാര്യമല്ല. ഇന്ത്യയിൽ മാത്രമല്ല ലോകത്തുള്ള എല്ലാ സർവകലാശാലകളിലും സംസ്കൃത ഭാഷയിലുള്ള ബഹുഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലീഷിലാണ്. പ്രമുഖ സംസ്കൃതപണ്ഡിതരും ഗവേഷകരുമായ പ്രൊഫ. അലക്സിസ് സാന്റേഴ്സൺ, ഡോ. ഡൊമനിക് ഗുഡാൾ, പ്രൊഫ. ദിവാകർ ആചാര്യ എന്നിവരുടെയെല്ലാം സംസ്കൃത ഗവേഷണ പ്രബന്ധങ്ങൾ ഇംഗ്ലീഷിലാണ്.

ഈ വസ്തുതകൾ നിലനിൽക്കെയാണ് സംസ്‌കൃതത്തിൽ തിസീസ് എഴുതിയില്ലെന്നും, മറുപടി നൽകിയില്ലെന്നും ആരോപിച്ച് ഓപ്പൺ ഡിഫൻസ്‌ വേളയിൽ വിജയകുമാരി ഇടപെട്ടത്. താൻ മാർഗനിർദ്ദേശിയായി ഗവേഷണം നടത്തിയ ആളോടു പോലും തോന്നാത്ത ഈ 'അക്കാദമിക് ആത്മാർത്ഥത' വിപിൻ വിജയനോട്‌ ഇവർക്ക് തോന്നിയെങ്കിൽ അതിന്റെ കാരണമെന്തെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ മനസ്സിലായില്ലെങ്കിൽ കാര്യവട്ടം ക്യാമ്പസിലെ ഓറിയന്റൽ ഡിപ്പാർട്ട്മെന്റുകളിൽ ഗവേഷണം നടത്തുന്നവരോട് ഒന്ന് ചോദിച്ച് നോക്കിയാൽ മതിയാകും.

വിജയകുമാരിക്കു കീഴിൽ ഗവേഷണം നടത്തിയ ഒരു ദലിത്‌ പെൺകുട്ടി ഇവരുടെ അധിക്ഷേപം സഹിക്കവയ്യാതെ സർവ്വകലാശാലക്ക് പരാതി നൽകി മറ്റൊരാൾക്ക്‌ കീഴിൽ ഗവേഷണം നടത്തേണ്ടിവന്നു. പിന്നീട് HoD എന്ന നിലയിൽ ഇവരുടെ ഫെലോഷിപ്പിൽ ഒപ്പിട്ട് നൽകാൻ പോലും വിജയകുമാരി തയ്യാറായിട്ടില്ല.

ക്യാമ്പസിൽ എംഫിൽ ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിൽ തന്നെ അന്നത്തെ ഗൈഡ് ആയിരുന്ന വിജയകുമാരിയിൽ നിന്ന് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ വിപിന് നേരിടേണ്ടിവന്നിട്ടുണ്ട്. തനിക്കുകീഴിൽ പഠനം നടത്തുന്ന ഒരു വിദ്യാർത്ഥിക്ക് അർഹതപ്പെട്ട ബിരുദം കിട്ടാതിരിക്കാൻ ഒരധ്യാപിക ശ്രമിക്കുക എന്നത് കേരളത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. എന്നാൽ ഇവിടെ അതും സംഭവിച്ചു. 'ഉന്നതകുല ജാതരല്ലാത്തവരും' ഇതര മതത്തിൽ പെട്ടവരുമായ വിദ്യാർത്ഥികളോടും, സഹപ്രവർത്തകരോടും ഇവർ വെച്ചുപുലർത്തുന്ന വികലമായ വേർതിരിവിന്റെ നേരിട്ടുള്ള രക്തസാക്ഷിയായിരുന്നു വിപിൻ വിജയൻ. ഒടുവിൽ മറ്റൊരു വഴിയും ഇല്ലാതിരുന്നതുകൊണ്ടും, തന്റെ സ്‌കോളർ ആയതിനാൽ എംഫിൽ വെച്ചില്ലെങ്കിൽ അത് തന്റെ കൂടി അക്കാദമിക് പ്രിവിലേജിനെ ബാധിക്കും എന്നുള്ളതുകൊണ്ടും മാത്രമാണ് വിപിൻ വിജയന് ഇവർക്ക് കീഴിൽ ഏറെ ബുദ്ധിമുട്ടിയെങ്കിലും എംഫിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്. പിന്നീട് PhD അഡ്മിഷന് അപേക്ഷിച്ച് ഇന്റർവ്യൂവിൽ എത്തിയപ്പോൾ ആ ഡോക്ടറൽ കമ്മിറ്റിയിലുണ്ടായിരുന്ന മുഴുവൻ അധ്യാപകരും വിപിന് അഡ്മിഷൻ നൽകാം എന്ന നിലപാട് എടുത്തപ്പോൾ, ഈ യുവാവിന് അഡ്മിഷൻ നൽകരുതെന്ന് പറഞ്ഞ് പരാതി കൊടുത്ത് ഒരു വർഷത്തോളം അഡ്മിഷൻ വൈകിപ്പിച്ചു. ഇത്രയും നീണ്ടകാലത്തെ അധ്യാപന പരിചയമുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് തന്റെ ഒരു വിദ്യാർത്ഥിയോട് ഇങ്ങനെ ക്രൂരമായി പെരുമാറാൻ കഴിയുക?. പിന്നീട് അന്നത്തെ സിൻഡിക്കേറ്റും, വി.സി ആയിരുന്ന പ്രൊഫ. മഹാദേവൻപിള്ളയും എടുത്ത ശക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് വിപിന് പിഎച്ച്ഡി അഡ്മിഷൻ ലഭിച്ചത്. ഇന്നത്തെ വി.സിക്ക് അക്കാദമിക താൽപര്യം മാത്രം മുൻനിർത്തി ഇത്തരം ധീരമായ നിലപാടുകൾ എടുക്കാൻ കഴിയാതെ വരുന്നിടത്താണ് വിജയകുമാരിയെ പോലുള്ളവരെ സഹിക്കേണ്ട ഗതികേട് ക്യാമ്പസിലെ മറ്റ് അധ്യാപകർക്കും വിദ്യാർത്ഥി - ഗവേഷക സമൂഹത്തിനും ഉണ്ടായിട്ടുള്ളത്.

സംസ്‌കൃതം ഡിപ്പാർട്ട്മെന്റ് മേധാവിയായി ഇരുന്ന് ഡിപ്പാർട്ട്മെന്റിനെയും ഓറിയന്റൽ ഡീൻ ആയിരുന്ന് മലയാളം, ഹിന്ദി, തമിഴ്, അറബിക്, കേരള സ്റ്റഡീസ്, ലിംഗിസ്റ്റിക്സ്, മാനുസ്ക്രിപ്റ്റ്സ് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനങ്ങളെ മുഴുവനും നശിപ്പിക്കുന്ന പണിയാണ് ഇവർ ഇപ്പോൾ നടത്തുന്നത്. ഇതെങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക?.

അവർണരും ദലിതരുമൊന്നും സംസ്കൃതം പഠിച്ച് സർവകലാശാലയിലോ, കോളേജുകളിലോ അധ്യാപകരാവാൻ പാടില്ല എന്ന സവർണ ഗൂഢാലോചനയുടെ ഭാഗമാണ് വിപിനെതിരായ കുത്സിത പ്രവർത്തനങ്ങൾ.
അവർണരും ദലിതരുമൊന്നും സംസ്കൃതം പഠിച്ച് സർവകലാശാലയിലോ, കോളേജുകളിലോ അധ്യാപകരാവാൻ പാടില്ല എന്ന സവർണ ഗൂഢാലോചനയുടെ ഭാഗമാണ് വിപിനെതിരായ കുത്സിത പ്രവർത്തനങ്ങൾ.

വിജയകുമാരിക്കു കീഴിൽ ഗവേഷണം നടത്തിയ ഒരു ദലിത്‌ പെൺകുട്ടി ഇവരുടെ അധിക്ഷേപം സഹിക്കവയ്യാതെ സർവ്വകലാശാലക്ക് പരാതി നൽകി മറ്റൊരാൾക്ക്‌ കീഴിൽ ഗവേഷണം നടത്തേണ്ടിവന്നു. പിന്നീട് HoD എന്ന നിലയിൽ ഇവരുടെ ഫെലോഷിപ്പിൽ ഒപ്പിട്ട് നൽകാൻ പോലും വിജയകുമാരി തയ്യാറായിട്ടില്ല. ഫെല്ലോഷിപ്പ് അപേക്ഷയിൽ ഇവർ ഒപ്പിടാത്തതിനാൽ മാസങ്ങളോളം ഫെല്ലോഷിപ്പ് മുടങ്ങിയ ഗവേഷകരും നിരവധിയാണ്. രാവിലെയും വൈകീട്ടും ഗവേഷകർ ഒരു മിനുട്ട് അറ്റൻഡൻസ് ഒപ്പിടാൻ വൈകിയാൽ അന്ന് അവധി മാർക്ക് ചെയ്യുന്നതും വിജയകുമാരിയുടെ പതിവാണ്. ഇത്തരത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഗവേഷകരെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അതൊക്കെ ചെയ്യാൻ യാതൊരു മടിയും ഇല്ലാത്തവരാണ് ഇവർ. മാത്രമല്ല, ഗവേഷകർ ഇരുന്ന മുറി തട്ടിയെടുത്ത് സ്വന്തം മുറിയാക്കിമാറ്റി ഗവേഷകരുടെ ഇരിപ്പിടം പോലും ഇവർ ഇല്ലാതാക്കി. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളോട്, താൻ പി.എസ്.സി അഭിമുഖങ്ങളിൽ വിദഗ്ദ്ധയായി പോകുന്ന ആളാണെന്നും തന്നെ ചോദ്യം ചെയ്താൽ പി.എസ്.സി ക്ക് മാർക്ക് കുറക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ വിഷയത്തിൽ ഗവേഷകർ പരാതി നൽകിയിരുന്നു. ഡീൻ എന്ന നിലയിൽ ഇവർ പങ്കെടുക്കാത്തതിനാൽ മലയാളത്തിൽ ഒരു ഗവേഷകയുടെ പ്രീ സബ്മിഷൻ മുടങ്ങുന്ന സാഹചര്യം വരെയുണ്ടായി. ഇതുമായി ബന്ധപ്പെട്ട പരാതിയും മലയാളം ഡിപ്പാർട്ട്മെന്റിൽ നിന്നും നൽകിയിട്ടുണ്ട്. ഗവേഷക യൂണിയനും ഈ വിഷയങ്ങളിലെല്ലാം പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും, പരാതി പ്രളയങ്ങളുണ്ടായിട്ടും സ്വാഭാവികമായും വിജയകുമാരിയുടെ ഉറ്റസുഹൃത്തായ വൈസ് ചാൻസലർ ഇവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

വിജയകുമാരിയെ പോലുള്ള അധ്യാപകർ ഇന്നും നമ്മുടെ ക്യാമ്പസുകളിലുണ്ട് എന്നതും, അർഹരായ മറ്റ് പലരെയും മറികടന്ന് ഇവരെപ്പോലുള്ളവർ അക്കാദമിക സംവിധാനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നു എന്നതും നമ്മുടെ ഗവേഷണ - വൈജ്ഞാനിക മേഖലയുടെ ഗതികേട് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

ഓപ്പൺ ഡിഫൻസിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പങ്കെടുത്തവർ ചോദിച്ച പ്രധാന ചോദ്യങ്ങൾക്കെല്ലാം വിപിൻ വിജയൻ മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ പേരിന്റെ മുന്നിൽ ഇന്ന് 'ഡോക്ടർ' എന്ന് വെയ്ക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിനുകാരണം അദ്ദേഹത്തിന്റെ ജാതി മാത്രമാണ്. വിജയകുമാരിയെ പോലുള്ള അധ്യാപകർ ഇന്നും നമ്മുടെ ക്യാമ്പസുകളിലുണ്ട് എന്നതും, അർഹരായ മറ്റ് പലരെയും മറികടന്ന് ഇവരെപ്പോലുള്ളവർ അക്കാദമിക സംവിധാനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നു എന്നതും നമ്മുടെ ഗവേഷണ - വൈജ്ഞാനിക മേഖലയുടെ ഗതികേട് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

ഡോ. ടി.എസ് ശ്യാംകുമാർ എഴുതിയതുപോലെ, "ഇത് കേവലം വിജയകുമാരിക്ക് വിപിൻ വിജയൻ എന്ന വ്യക്തിയോടുള്ള കേവലവൈരത്തിന്റെ പുറത്തുണ്ടായ ഒരു സംഭവമല്ല. മറിച്ച് രാഷ്ട്രീയ ബ്രാഹ്മണ്യം ഉന്നത വിദ്യാഭ്യാസത്തെ പിടിമുറുക്കുന്നത്തിന്റെ ഉത്തമ ദർശനമാണ്". അവർണരും ദലിതരുമൊന്നും സംസ്കൃതം പഠിച്ച് സർവകലാശാലയിലോ, കോളേജുകളിലോ അധ്യാപകരാവാൻ പാടില്ല എന്ന സവർണ ഗൂഢാലോചനയുടെ ഭാഗമാണ് വിപിനെതിരായ കുത്സിത പ്രവർത്തനങ്ങൾ. എന്നാൽ അതിനെ ആ അർത്ഥത്തിൽ മനസ്സിലാക്കാനോ, വിപിൻ വിജയൻ എന്ന ഇരയാക്കപ്പെട്ട മനുഷ്യന് നൽകേണ്ട മാനസിക - രാഷ്ട്രീയ പിന്തുണ നൽകാനോ നമ്മുടെ മാധ്യമങ്ങളോ, സ്വയംപ്രഖ്യാപിത ബുദ്ധിജീവി സമൂഹമോ, സർവകലാശാലകളെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഉത്തമൻമ്മാരോ തയ്യാറായിരുന്നില്ല. അവരുടെ മുന്നിൽ വിപിൻ വിജയൻ ഇന്നും എസ്എഫ്ഐക്കാരൻ മാത്രമാണ്. സംസ്‌കൃതം അറിയാത്തവനാണ്.

വിപിൻ വിജയന്റെ എം.ഫിൽ പ്രബന്ധത്തിൽ ഡോ. സി. എൻ. വിജയകുമാരി  ഒപ്പിട്ട ഭാഗം. തന്റെ സ്‌കോളർ ആയതിനാൽ എംഫിൽ വെച്ചില്ലെങ്കിൽ അത് തന്റെ കൂടി അക്കാദമിക് പ്രിവിലേജിനെ ബാധിക്കും എന്നുള്ളതുകൊണ്ടും മാത്രമാണ് വിപിൻ വിജയന് ഇവർക്ക് കീഴിൽ ഏറെ ബുദ്ധിമുട്ടിയെങ്കിലും എംഫിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.
വിപിൻ വിജയന്റെ എം.ഫിൽ പ്രബന്ധത്തിൽ ഡോ. സി. എൻ. വിജയകുമാരി ഒപ്പിട്ട ഭാഗം. തന്റെ സ്‌കോളർ ആയതിനാൽ എംഫിൽ വെച്ചില്ലെങ്കിൽ അത് തന്റെ കൂടി അക്കാദമിക് പ്രിവിലേജിനെ ബാധിക്കും എന്നുള്ളതുകൊണ്ടും മാത്രമാണ് വിപിൻ വിജയന് ഇവർക്ക് കീഴിൽ ഏറെ ബുദ്ധിമുട്ടിയെങ്കിലും എംഫിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.

പത്താം ക്ലാസിനപ്പുറം വിദ്യാഭ്യാസമില്ലാത്ത, കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായ വിപിൻ പ്രതിസന്ധികളിൽ നിന്ന് പൊരുതിക്കയറി എം.എയും, എംഫില്ലും നേടിയിട്ടും സംസ്‌കൃതം അറിയാത്തവനായി ചിത്രീകരിക്കപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണ്?. ഓപ്പൺ ഡിഫൻസ് കഴിഞ്ഞ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ Ph.D ശുപാർശയിൽ ഒപ്പിടണമെന്ന് അപേക്ഷിക്കാൻ പോയ വിപിനോട്‌ മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് ഈ അധ്യാപിക പറഞ്ഞത്; ‘‘നിന്നെപ്പോലുള്ള പുലയരും സംവരണം വാങ്ങി വന്നവരുമാണ് സംസ്‌കൃതത്തെ മലിനപ്പെടുത്തുന്നത്. ഈ മുറി വെള്ളം തളിച്ച് ശുദ്ധീകരിക്കണം" എന്നാണ്. ഇത്തരത്തിൽ ശരീരത്തിലും, മനസ്സിലും ജാതി പേറി നടക്കുകയും, പരസ്യമായി ജാതിഅധിക്ഷേപം നടത്തുകയും ചെയ്യുന്ന ഇവരെയൊക്കെ കർശന നിയമ നടപടികൾക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം, ശിരസ്സിലേറ്റി നടത്താൻ എങ്ങനെയാണ് മനുഷ്യരായവർക്ക് കഴിയുക. എന്ത് രാഷ്ട്രീയത്തിന്റെ പേരിലായാലും വിപിൻ വിജയനെതിരെ ഇവർ നടത്തുന്ന കള്ളചാപ്പകുത്തലുകൾ ഇല്ലാതാക്കുന്നത് ഒരു വ്യക്തിയെ അല്ലെന്നും, അത് സാമൂഹികമായും, രാഷ്ട്രീയമായും നമ്മൾ നടത്തിയ അതിജീവന പോരാട്ടങ്ങളെ മുഴുവൻ റദ്ദ് ചെയ്യലാണെന്നും ഇവർ തിരിച്ചറിയണം. കൂലിപ്പണിക്കാരന്റെ മകന്റെ ഒന്നാമത്തെ സാധ്യത കൂലിപ്പണിക്കാരൻ ആകുക എന്നത് മാത്രമാണെന്ന വികലയുക്തി ഇനിയെങ്കിലും നാം പൊളിച്ചുകളയണം. നമ്മുടെ പ്രബുദ്ധമായ അക്കാദമിക പരിസ്ഥിതിയെ തകർക്കാനാണ് രാഷ്ട്രീയ ഹിന്ദുത്വം പ്രവർത്തിക്കുന്നത്. അധ്യാപകരെല്ലാം വിശുദ്ധദൈവങ്ങളല്ല. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിക്കുകയും, പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കുകയും, തടയേണ്ടത് തടയുകയും ചെയ്തില്ലെങ്കിൽ വലിയ വിപത്തുകളാകും നാളെ നമ്മെ തേടിയെത്തുക.


Summary: Athul Mohan writes about caste discrimination against Kerala University Sanskrit PhD student Vipin Vijayan.


അതുൽ മോഹൻ

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ കമ്മ്യൂണിക്കേഷൻ & ജേർണലിസം വിഭാഗത്തിൽ ഗവേഷകൻ.

Comments