വിപിൻ വിജയനും
കലാലയങ്ങളുടെ
കാസ്റ്റ് കാപ്പിറ്റലും

സർവകലാശാലകളുടെ അകത്തളങ്ങൾ എപ്രകാരമാണ് ജാതീയതയെ സ്ഥാപനവൽക്കരിക്കുന്നത് എന്ന പരിശോധന- ഡോ. ശ്രീജ എസ്. എഴുതുന്നു.

റിവുത്പാദനത്തിന്റെ കേന്ദ്രങ്ങളായ സർവകലാശാലകളുടെ ലക്‌ഷ്യം വൈജ്ഞാനിക സമൂഹനിർമ്മിതി മാത്രമല്ല, സമത്വത്തിലും ജനാധിപത്യബോധത്തിലും അടിയുറച്ച ഭാവിതലമുറയെ രൂപപ്പെടുത്തുക എന്നതു കൂടിയാണ്. മതനിരപേക്ഷതയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമൊക്കെ ഭരണഘടനാപരമായ ഉറപ്പുകൾ വാഗ്ദാനം ചെയ്യപ്പെടുമ്പോഴും നമ്മുടെ സർവകലാശാലകളിൽ നിന്ന് വരുന്ന ജാതിവിവേചനത്തെക്കുറിച്ചുള്ള വാർത്തകൾ, കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി എന്ന സാമൂഹ്യഘടനയെ സ്ഥാപനവൽക്കരിക്കുന്നതിന്റെ തെളിവുകളാണ്. ഈ തരത്തിൽ അക്കാദമിക് തലങ്ങളിൽ ജാതി പ്രവർത്തിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരള സർവ്വകലാശാലയിലെ സംസ്കൃതവിഭാഗത്തിൽ വിപിൻ വിജയൻ എന്ന വിദ്യാർഥി നേരിട്ടത്. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ സർവകലാശാലകളുടെ അകത്തളങ്ങൾ എപ്രകാരമാണ് ജാതീയതയെ സ്ഥാപനവൽക്കരിക്കുന്നത് എന്നത് പരിശോധിക്കാം.

ജാതിയുടെ
സ്ഥാപനവൽക്കരണം

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതീയമായ സമീപനങ്ങളും അവകാശ നിഷേധങ്ങളും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയുടെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന ഘടനാത്മകമായ യാഥാർഥ്യങ്ങളാണ്. ഈ സ്ഥാപനങ്ങളിലെ അക്കാദമിക് ഇടപെടലുകൾ, വരേണ്യ സാംസ്കാരികാധിപത്യ പ്രവണതകൾ, അധ്യാപക നിയമനങ്ങൾ, വിദ്യാർഥി പ്രവേശനം, വിദ്യാർഥി- അധ്യാപക ബന്ധങ്ങൾ തുടങ്ങിയ എല്ലായിടങ്ങളിലും ജാതി അദൃശ്യമായി പുനരാവിഷ്കരിക്കപ്പെടുന്നുണ്ട്.

വർത്തമാനകാല അക്കാദമിക് പരിസരങ്ങളിൽ ജാതി മൂന്ന് പ്രധാന തലങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഒന്ന്, സ്ഥാപനത്തിന്റെ അധികാരഘടനയിലൂടെ ജാതി പ്രവർത്തിക്കുന്നു. അതായത്, അധ്യാപക നിയമനങ്ങൾ, ഉദ്യോഗസ്ഥതലങ്ങളിൽ ഭരണസംവിധാനത്തെ ജാതിമേൽക്കോയ്മയ്ക്കനുസരിച്ച് രൂപപ്പെടുത്തിയെടുക്കൽ, ജാത്യാടിസ്ഥാനത്തിൽ അക്കാദമിക് പ്രിവിലേജുകൾ അനുവദിക്കൽ എന്നിവയിലൂടെയൊക്കെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജാതി സ്ഥാപനവൽക്കരിക്കപ്പെടുന്നു. (1-2).

രണ്ടാമത്തേത്, സാംസ്കാരിക ഇടപെടലുകളിലൂടെയുള്ളതാണ്. ക്ലാസ് മുറിയിലും പുറത്തും ജാതി അടിസ്ഥാനപ്പെടുത്തിയുള്ള പെരുമാറ്റരീതികൾ, ഹോസ്റ്റലുകളിലും മറ്റു പൊതുവിടങ്ങളിലും ജാതിയുടെ അടിസ്ഥാനത്തിൽ ദലിത് വിദ്യാർഥികൾ നേരിടുന്ന അപരവൽക്കരണം, ഇവിടെയൊക്കെ ഒളിഞ്ഞിരിക്കുന്ന ഘടകവും ജാതി തന്നെയാണ് (3-5).

മൂന്നാമതായി, അറിവുത്പാദനത്തിന്റെ വരേണ്യ ജ്ഞാനശാസ്ത്രപരമായ ഘടനകളിലൂടെ ജാതി പ്രവർത്തിക്കുന്നു. അത് പാഠ്യപദ്ധതികളിൽ ബ്രാഹ്മണ്യ ജ്ഞാനശാസ്ത്രങ്ങളുടെ ആധിപത്യം നിലനിർത്തികൊണ്ട് ദലിത്- ആദിവാസി വിജ്ഞാനപരമ്പരകൾ പൂർണമായി ഒഴിവാക്കുന്നു. തുടർന്ന് പാഠ്യപദ്ധതികളിൽ ‘ഇന്ത്യൻ ജ്ഞാനശാസ്ത്രം’ എന്ന പേരിൽ വരേണ്യ ഹിന്ദുത്വ ജ്ഞാനക്രമങ്ങളെ കേന്ദ്രീകരിക്കുന്ന നിലവിലെ ശ്രമങ്ങൾ, ബ്രാഹ്മണിക വിജ്ഞാനപരമ്പരകളെ ‘ദേശീയ’ വിജ്ഞാനമായി സാധൂകരിക്കുകയും, അതിനെതിരെ നിലകൊള്ളുന്ന വിജ്ഞാനങ്ങളെ അരികുവൽക്കരിക്കുകയും ചെയ്യുന്നു (6-7). അതിലൂടെ ജാതി എന്നത് എലീറ്റ് ഹിന്ദുത്വ ജാതികളാണെന്നും മറ്റെല്ലാ ജാതികളും സാമൂഹ്യഘടനയിലെ ഏറ്റവും താഴെത്തട്ടിലുള്ളവയാണെന്നും ന്യൂനവൽക്കരിക്കപ്പെട്ടവയാണെന്നുമുള്ള ബോധം സൃഷ്ടിച്ചെടുക്കാൻ വ്യവസ്ഥിതി ശ്രമിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതീയമായ സമീപനങ്ങളും അവകാശ നിഷേധങ്ങളും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയുടെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന ഘടനാത്മകമായ യാഥാർഥ്യങ്ങളാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതീയമായ സമീപനങ്ങളും അവകാശ നിഷേധങ്ങളും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയുടെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന ഘടനാത്മകമായ യാഥാർഥ്യങ്ങളാണ്.

SC/ST വിദ്യാർത്ഥികളുടെ പ്രവേശനവും പ്രാതിനിധ്യവും:
AISHE കണക്കിലെ യാഥാർഥ്യം

പട്ടികജാതി- പട്ടിക വർഗ്ഗ (SC /ST ) വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസവും പ്രാതിനിധ്യവും ഉറപ്പാക്കുക എന്നത് ഇന്ത്യൻ സമൂഹത്തിലെ ഗോത്രവിദ്യാർത്ഥികളുടെയും അവരുടെ സമൂഹങ്ങളുടെയും വികസനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നാണ്. അതിനാൽ, ഗോത്ര വിദ്യാർത്ഥികളുടെ സംവരണവും പ്രാതിനിധ്യവും ഭരണഘടനാപരമായ വ്യവസ്ഥകൾ മാത്രമല്ല, ഇന്ത്യൻ അക്കാദമിക രംഗത്തെ വിമർശനാത്മക വിജ്ഞാന ഉൽപ്പാദനത്തെ ത്വരിതപ്പെടുത്തുന്നതിന് അത്യാവശ്യമായ ഘടകവുമാണ്.

എന്നാൽ, 2021- 2022 ലെ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേയുടെ (All India Survey on Higher Education- AISHE) റിപ്പോർട്ട് അനുസരിച്ച്, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥിപ്രവേശനങ്ങളിൽ SC വിദ്യാർത്ഥികളുടെ മൊത്ത പ്രവേശന അനുപാതം (GER) 15.3 %- വും ST വിദ്യാർത്ഥികളുടേത് 6.3%-വും മാത്രമാണ്. അതായത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ SC- ST വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വളരെ കുറവാണ് (8).

ജാതിവിവേചനം:
രോഹിത് വെമുല മുതൽ
വിപിൻ വിജയൻ വരെ

ഇന്ത്യൻ ഭരണഘടനയിൽ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽപ്പെട്ടവരുടെ സംരക്ഷണത്തിന് നിരവധി സംരക്ഷണ മാർഗനിർദേശങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിതരും ആദിവാസികളും വിവേചനവും ഒഴിവാക്കലും തുടർന്നും നേരിടുന്നു. അക്കാദമിക് കരിയറിന്റെ തുടക്കം മുതൽ ദലിത് വിദ്യാർഥികൾ ‘ഗ്രാൻറ് കിട്ടുന്ന കുട്ടികൾ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവരാണ്. അധ്യാപകർ പോലും ഗ്രാന്റ് ഉള്ള കുട്ടിയാണോ എന്നത് വിദ്യാർഥികളെ വിവേചിച്ചറിയാൻ ഉപയോഗിക്കുന്ന സൂചകമായി മാറിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സർവ്വകലാശാലകളിലേക്കും മറ്റു ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലേക്കും എത്തുമ്പോൾ ഈ വിവേചനം കൂടുതൽ ദൃശ്യമാകുന്നു. മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കടക്കുന്ന ഈ വിദ്യാർഥികൾ എലീറ്റ് ക്ലാസ്സിനോട് കിടപിടിക്കാനാവാതെ പലപ്പോഴും സിസ്റ്റത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു. ഇതു മാത്രമല്ല, നാലുവർഷമായി ഈ വിദ്യാർഥികൾക്ക് ലഭിക്കേണ്ട SC/ST ഫെലോഷിപ്പുകൾ, OBC സ്കോളർഷിപ്പുകൾ, ഇ ഗ്രാന്റുകൾ തുടങ്ങിയവ മുടങ്ങിക്കിടക്കുന്നു. പലപ്പോഴും ഇ ഗ്രാന്റ് പരിധിയിൽ പെട്ട വിദ്യാർഥികളാണെങ്കിൽ കൂടി മുൻ‌കൂർ ഫീസ് അടച്ചുമാത്രമേ പരീക്ഷ എഴുതാനുള്ള അനുവാദം പോലും ലഭിക്കുന്നുള്ളൂ.

സർവകലാശാലകൾ ഔദ്യോഗികമായി സമത്വവും മെറിറ്റും വാഗ്ദാനം ചെയ്യുമ്പോഴും ദലിത് വിദ്യാർഥികളോടുള്ള അക്കാദമിക് ഇടപെടലുകളിൽ അവർ ജാതീയമായ ഹൈറാർക്കി അനുഭവിക്കേണ്ടിവരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്, വിപിൻ വിജയൻ.

അതായത് സാധാരണക്കാരായ ദലിത് വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസം ചെയ്യേണ്ട എന്നാണോ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്? ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പലപ്പോഴും ഇ- ഗ്രാന്റ് ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം മൂലം വിദ്യാർത്ഥികൾക്ക് ഫീസ് അടക്കുന്നതിൽ സമയപരിധി പാലിക്കാൻ കഴിയാതെ വരികയും പലപ്പോഴും വ്യക്ത്യാധിക്ഷേപങ്ങൾക്ക് ഇരയായിത്തീരുകയും ചെയ്യുന്ന അനുഭവം സർവസാധാരണമാണ്.

സർവകലാശാലകൾ ഔദ്യോഗികമായി സമത്വവും മെറിറ്റും വാഗ്ദാനം ചെയ്യുമ്പോഴും ദലിത് വിദ്യാർഥികളോടുള്ള അക്കാദമിക് ഇടപെടലുകളിൽ അവർ ജാതീയമായ ഹൈറാർക്കി അനുഭവിക്കേണ്ടിവരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്, വിപിൻ വിജയൻ. സവർണ ജാതിബോധം പേറുന്ന അധ്യാപികയുടെ ജാതിവിവേചനം മൂലം ഗവേഷണം ഫലപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കാത്ത ദലിത് വിദ്യാർഥിക്കുമുന്നിൽ സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും വാതിലുകളാണ് സർവകലാശാല ഡീനും വൈസ് ചാൻസലറും അടക്കമുള്ളവർ കൊട്ടിയടച്ചത്. ഇതേ അനുഭവത്തിന്റെ മറ്റൊരു നേർസാക്ഷ്യമാണ് അപ്പാ റാവുവിന്റെ ജാതിപീഡനത്തിനിരയായി ഗവേഷണവും ജീവിതവും പാതിവഴിയിൽ അവസാനിപ്പിച്ച് പോയ രോഹിത് വെമുലയുടേത്. വിദ്യാർത്ഥികൾക്കിടയിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, സംവരണനയത്തോട് പല സവർണ വിദ്യാർത്ഥികൾക്കുമുള്ള ആഴത്തിലുള്ള വിദ്വേഷത്തെ പ്രതിഫലിപ്പിക്കുന്നു. സംവരണനയം വിവിധ സംവരണ ജാതി- ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള അനർഹരായ വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്രം പോലുള്ള പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശിക്കാൻ അവസരം നൽകിയതായും പ്രബല ജാതികളിൽ നിന്നുള്ള അർഹരായ ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ കവർന്നതായും അവർ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, മുംബൈയിലെ ബി.വൈ.എൽ. നായർ ആശുപത്രിയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ റസിഡന്റ് ഡോക്ടറായ ഡോ. പായൽ തദ്‌വിയുടെ ആത്മഹത്യ, വിദ്യാർത്ഥികൾക്കിടയിലെ ജാതി അടിസ്ഥാനമാക്കിയുള്ള മുൻവിധിയെ തുറന്നുകാട്ടുന്നു. സംവരണ സമുദായത്തിലെ വിദ്യാർത്ഥികൾ കുറഞ്ഞ അക്കാദമിക് വൈദഗ്ധ്യമുള്ളവരും കഴിവുള്ളവരുമാണെന്ന് വിദ്യാർത്ഥികൾ, പ്രത്യേകിച്ച് സവർണ കുടുംബങ്ങളിൽ നിന്നുള്ളവർ വിശ്വസിക്കുന്നു. ദലിത് അധ്യാപകരുടെ മെരിറ്റിനെ കുറിച്ചും സവർണ പൊതുബോധം തെറ്റായ പ്രചാരണം നടത്തുന്നുണ്ട്. ഇപ്രകാരം ജാതിസ്വത്വത്തിന്റെയും സർക്കാരിന്റെ സംവരണനയത്തിന്റെയും ഗുണഭോക്താക്കൾ എന്ന നിലയിലും ദലിതർ ഇരട്ട അവഹേളനത്തിന് വിധേയരാകുന്നു.

അധ്യാപികയുടെ ജാതിവിവേചനത്തിന്റെ  നേർസാക്ഷ്യമാണ് അപ്പാ റാവുവിന്റെ ജാതിപീഡനത്തിനിരയായി ഗവേഷണവും ജീവിതവും പാതിവഴിയിൽ അവസാനിപ്പിച്ച് പോയ രോഹിത് വെമുലയുടേത്.
അധ്യാപികയുടെ ജാതിവിവേചനത്തിന്റെ നേർസാക്ഷ്യമാണ് അപ്പാ റാവുവിന്റെ ജാതിപീഡനത്തിനിരയായി ഗവേഷണവും ജീവിതവും പാതിവഴിയിൽ അവസാനിപ്പിച്ച് പോയ രോഹിത് വെമുലയുടേത്.

ദലിത്- ആദിവാസി വിദ്യാർഥികളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം. മെട്രോപൊളിറ്റൻ സിറ്റികളിലെഏറ്റവും മുന്തിയ സ്കൂളുകളിൽ ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ചുവരുന്ന എലീറ്റ് വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം ഗ്രാമങ്ങളിലെ സാധാരണ വിദ്യാലങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക- സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് വരുന്ന ദലിത് വിദ്യാർഥികൾക്കുണ്ടാകില്ല. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ വരേണ്യവിദ്യാർഥികളും അധ്യാപകരും സംസാരിക്കുന്നതും അക്കാദമിക് വ്യവഹാരങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്നതുമായ ഭാഷ ഇംഗ്ലീഷ് ആയി വരുമ്പോൾ പാർശ്വവൽകൃത വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം അത്രത്തോളം ഉയർന്ന നിലവാരത്തിലുള്ളതല്ലാത്തത്, ഈ വിദ്യാർഥികളെ ക്ലാസ് മുറിക്കകത്തും പുറത്തും അന്യവൽക്കരിക്കുന്നതിനുള്ള കാരണമായിത്തീരുന്നു.

ഈ വിവേചനകളും അവഹേളനങ്ങളും താങ്ങാൻ കഴിയാതെ ഒരു വിഭാഗം വിദ്യാർഥികൾ ‘ഡ്രോപ്പ് ഔട്ട്’ ആയി മാറുമ്പോൾ മറ്റൊരു വിഭാഗം വിദ്യാർഥികൾ ജീവിതം തന്നെ അവസാനിപ്പിക്കുന്നു. വർഷങ്ങളായി, വിദ്യാർത്ഥികളുടെ ആത്മഹത്യ അടിയന്തര പ്രശ്നമായി മാറിയിരിക്കുന്നു. 2014 മുതൽ 2023 വരെ ഐ ഐ ടികളിൽ പ്രതിവർഷം കുറഞ്ഞത് നാല് ആത്മഹത്യകളെങ്കിലും നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കണക്കാക്കുന്നു: 2021 വരെ ആകെ 34 ആത്മഹത്യകൾ നടന്നു, പകുതിയിലധികം പേരും SC, OBC പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു (9).

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തെക്കുറിച്ച് പഠിക്കാൻ 2007-ൽ സർക്കാർ ആദ്യമായി നിയോഗിച്ച പാനലിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) മുൻ ചെയർമാൻ സുഖദിയോ തോറാട്ട്, ദലിത് വിദ്യാർത്ഥികൾക്കിടയിലെ ഉയർന്ന ആത്മഹത്യാനിരക്ക് തുടർച്ചയായ വിവേചനം, ഒഴിവാക്കൽ, അപമാനം എന്നിവയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു (10).

പിഎച്ച്ഡി അഭിമുഖങ്ങളിൽ സംവരണ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ശ്രേണിപരമായ ജാതിക്രമത്തിന് സമാനമായ വിവേചനരീതി പിന്തുടരുന്ന മാർക്കിംഗിന്റെ സ്ഥിരമായ ഒരു ക്രമമുണ്ടെന്നു കൂടി അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷന്റെ (ASA) റിപ്പോർട്ട് സ്ഥാപിക്കുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രസർവകലാശാലകളിലൊന്നായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി PhD പ്രവേശന പരീക്ഷയിൽ കാണിച്ച പക്ഷപാതപരമായ സമീപനത്തിന്റെ റിപ്പോർട്ട് അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ (ASA) പുറത്തുകൊണ്ടു വന്നിട്ടുണ്ട്. 2023- ൽ നടന്ന ഈ സംഭവം 2023 ഏപ്രിൽ രണ്ടിലെ ദ ന്യൂസ് മിനിറ്റ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു: ‘‘പിഎച്ച്ഡി പ്രവേശന പ്രക്രിയയിൽ, പ്രത്യേകിച്ച് കമ്പ്യൂട്ടർ സയൻസ്, ബയോകെമിസ്ട്രി, ഫിസിക്സ്, പ്ലാന്റ് സയൻസസ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, മൈക്രോബയോളജി എന്നീ ഏഴ് വകുപ്പുകൾ, സംവരണ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന ഇന്റർവ്യൂ മാർക്കിൽ 'ഗുരുതരമായ വിവേചനം' കാണിച്ചിരിക്കുന്നു. അഭിമുഖങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളേക്കാൾ സംവരണമില്ലാത്ത വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകിയതായി ആരോപിക്കപ്പെടുന്നു. വിവരാവകാശ നിയമപ്രകാരം പിഎച്ച്ഡി ഉദ്യോഗാർത്ഥികളുടെ അഭിമുഖത്തിന്റെയും പ്രവേശന പരീക്ഷയുടെയും മാർക്ക് വകുപ്പ് തിരിച്ചുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, പ്രവേശന പരീക്ഷയിൽ സമാനമായ മാർക്ക് ലഭിച്ചിട്ടും, അഭിമുഖങ്ങളിൽ എസ്‌ സി, എസ് ടി, ഒ ബി സി ഉദ്യോഗാർത്ഥികൾക്ക് സംവരണമില്ലാത്ത വിഭാഗത്തിൽ നിന്നുള്ളവരേക്കാൾ വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതായി ASA കണ്ടെത്തി (11).

“ജനറൽ കാറ്റഗറി സീറ്റുകൾ സംവരണമില്ലാത്ത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ മനഃപൂർവ്വം വിദ്യാർത്ഥികളെ അഭിമുഖങ്ങളിൽ മാർക്ക് ചെയ്തതായി ഈ കണ്ടെത്തലുകൾ കാണിക്കുന്നു. പിഎച്ച്ഡി അഭിമുഖങ്ങളിൽ സംവരണ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ശ്രേണിപരമായ ജാതിക്രമത്തിന് സമാനമായ വിവേചനരീതി പിന്തുടരുന്ന മാർക്കിംഗിന്റെ സ്ഥിരമായ ഒരു ക്രമമുണ്ടെന്നു കൂടി ഈ റിപ്പോർട്ട് സ്ഥാപിക്കുന്നു. അഭിമുഖങ്ങളിലെ വിവേചനപരമായ മാർക്കിംഗ് കാരണം ഈ ഏഴ് വകുപ്പുകളിലെയും ജനറൽ വിഭാഗത്തിലേക്കുള്ള പ്രവേശനം സംവരണമില്ലാത്ത വിദ്യാർത്ഥികൾക്ക് അനുകൂലമായി മാറിയിരിക്കുന്നു എന്ന തങ്ങളുടെ വാദത്തെ സ്ഥിരീകരിക്കുന്ന കണ്ടെത്തലുകളും ഈ റിപ്പോർട്ടിലുണ്ട് (12).

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രസർവകലാശാലകളിലൊന്നായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി PhD പ്രവേശന പരീക്ഷയിൽ കാണിച്ച പക്ഷപാതപരമായ സമീപനത്തിന്റെ റിപ്പോർട്ട് അംബേദ്‌കർ സ്റ്റുഡന്റസ്  അസോസിയേഷൻ (ASA) പുറത്തുകൊണ്ടു വന്നിട്ടുണ്ട്. 2023- ൽ നടന്ന ഈ സംഭവം 2023 ഏപ്രിൽ രണ്ടിലെ ദ ന്യൂസ് മിനിറ്റ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു (Courtesy: https://www.thenewsminute.com/telangana/hyderabad-univ-students-allege-caste-bias-phd-interviews-backed-rti-findings).
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രസർവകലാശാലകളിലൊന്നായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി PhD പ്രവേശന പരീക്ഷയിൽ കാണിച്ച പക്ഷപാതപരമായ സമീപനത്തിന്റെ റിപ്പോർട്ട് അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ (ASA) പുറത്തുകൊണ്ടു വന്നിട്ടുണ്ട്. 2023- ൽ നടന്ന ഈ സംഭവം 2023 ഏപ്രിൽ രണ്ടിലെ ദ ന്യൂസ് മിനിറ്റ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു (Courtesy: https://www.thenewsminute.com/telangana/hyderabad-univ-students-allege-caste-bias-phd-interviews-backed-rti-findings).

ദലിത് വിദ്യാർത്ഥികൾ വൈവാ-വോസി പോലുള്ള വിലയിരുത്തൽ പ്രക്രിയകളിൽ വരേണ്യ വിഭാഗത്തിൽപ്പെട്ട അധ്യാപകരിൽനിന്ന് നിന്ന് ജാതിവിവേചനം നേരിടുന്നതിന്റെ നിരവധി റിപ്പോർട്ടുകളുണ്ട് (2,5,12). ഇതിന്റെ ഏറ്റവും വ്യക്തവുമായ ഉദാഹരണമാണ് 2025 ഒക്ടോബറിൽ കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിൽ നടന്ന ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയന്റെ ഓപ്പൺ ഡിഫെൻസ്. ഒരു സവർണ കോക്കസ് ഓപ്പൺ ഡിഫെൻസ് ഹാളിൽ തന്നെ പ്രദർശിപ്പിച്ച ഏകാധിപത്യപരമായ ജാതിവെറിയുടെ മുമ്പിൽ തകർക്കപ്പെട്ടത് ഒരു ദലിത് വിദ്യാർത്ഥിയുടെ വർഷങ്ങളോളം നീണ്ട അധ്വാനവും ഗവേഷണയാത്രയുമാണ്. ഇതിനെതിരേ പ്രതികരിക്കേണ്ട ഭരണസംവിധാനമായ സർവകലാശാല, ഈ അനീതിക്കെതിരെ നടപടി സ്വീകരിക്കാതെ സംസ്കൃത വിഭാഗം ഡീൻ ഡോ. വിജയകുമാരിയുടെ ജാതിവിവേചനപരമായ പെരുമാറ്റത്തെ മൗനത്തിലൂടെ സാധൂകരിക്കുന്നതും സ്ഥാപനവൽകൃതജാതിയുടെ ഉദാഹരണമായി വായിക്കാം.

ദലിത് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ രൂപവൽക്കരണം: രോഹിത് വെമുലയ്‌ക്കുശേഷമുള്ള അക്കാദമിക് രാഷ്ട്രീയത്തിന്റെ മാറ്റങ്ങൾ

കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്തടക്കം ജാതിവ്യവസ്ഥ രൂഢമൂലമാണെങ്കിലും ഇന്ത്യൻ സർവകലാശാലകളിലെ ജാതിവെറിയുടെ പ്രതിഫലനങ്ങൾക്കെതിരെ സംഘടിതവും ശക്തവുമായ ചെറുത്തുനില്പുകൾ ഉയർന്നുവരാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ, ഹൈദരാബാദ് സർവകലാശാലയിലെ ദലിത് ഗവേഷകൻ രോഹിത് വെമുലയുടെ ആത്മഹത്യയോടെയാണ് ദേശീയതലത്തിൽ ജാതിവിവേചനങ്ങൾക്കെതിരെയുള്ള സമരങ്ങൾ ശക്തിയാർജിക്കാൻ തുടങ്ങിയത്. അന്നു വരെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുടെ ഇടനാഴികളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന, ജാതീയമായ ഒഴിവാക്കലുകൾ, ജാതിയുടെ പേരിൽ സ്ഥാപനങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പീഡനങ്ങൾ, ജാതിഅധിഷ്ഠിത അവകാശനിഷേധങ്ങൾ, അനീതി, ജ്ഞാനശാസ്ത്രപരമായ വേർതിരിവുകൾ എന്നിവയ്‌ക്കെല്ലാമെതിരെ ദലിത് വിദ്യാർത്ഥി സംഘടനകൾ—പ്രത്യേകിച്ച് Ambedkar Students’ Association (ASA), Dalit Students’ Union, OBC Forum, Adivasi Students’ Collective എന്നിവ— ജാതിവിവേചനങ്ങൾക്കെതിരെ ഏകകണ്ഠമായ പ്രതിരോധരേഖ രൂപപ്പെടുത്തി. ഈ വ്യാപകമായ വിവേചനം മറികടക്കാൻ രോഹിത് നിയമം നടപ്പിലാക്കണമെന്ന ആവശ്യവും ഉയർന്നുവന്നു (13).

IIT മുംബൈയിലും IIT ഖരഗ്പൂരിലും 700-ലധികം ഫാക്കൽറ്റി തസ്തികകളിൽ 90% ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ഇൻഡോർ IIM -ൽ 109 തസ്തികകളിൽ 106 എണ്ണവും (97.2%) ജനറൽ വിഭാഗത്തിൽപ്പെട്ട ഫാക്കൽറ്റികളാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

അദ്ധ്യാപക നിയമനങ്ങളിലെ
ജാതിവിവേചനവും സംവരണലംഘനവും

അധ്യാപക നിയമനങ്ങളിലും അക്കാദമിക് അധികാരങ്ങളിലും ജാതി ഒരു വലിയ ഘടകമായി പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങൾ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസരംഗത്തു ഏറെയാണ്.

2021- ലെ RTI അനുസരിച്ച്, രാജ്യത്തെ 23 IIT- കളിൽ 22 IIT- കളും അധ്യാപകനിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ല എന്ന് വ്യക്തമാണ്. ഐ ഐ ടികളിലും ഐ ഐ എമ്മുകളിലും ഫാക്കൽറ്റി തസ്തികകളിൽ മറ്റ് പിന്നാക്ക വിഭാഗ (OBC) അപേക്ഷകർക്ക് 27%, SC അപേക്ഷകർക്ക് 15%, ST അപേക്ഷകർക്ക് 7.5% സംവരണം കേന്ദ്രം നിർബന്ധമാക്കുമ്പോഴും 2024 സെപ്റ്റംബറിൽ ഈ സ്ഥാപനങ്ങളിൽ നിന്ന് വ്യക്തിഗതമായി ലഭിച്ച വിവരാവകാശ മറുപടികളെ അടിസ്ഥാനമാക്കി, 8 IIT കളിലും 7 IIM കളിലും 80% ത്തിലധികം ഫാക്കൽറ്റികളും ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ് എന്ന് വ്യക്തമാകുന്നു.

IIT മുംബൈയിലും IIT ഖരഗ്പൂരിലും 700-ലധികം ഫാക്കൽറ്റി തസ്തികകളിൽ 90% ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ഇൻഡോർ IIM -ൽ 109 തസ്തികകളിൽ 106 എണ്ണവും (97.2%) ജനറൽ വിഭാഗത്തിൽപ്പെട്ട ഫാക്കൽറ്റികളാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ഇൻഡോർ IIM ൽ SC അല്ലെങ്കിൽ ST സംവരണ വിഭാഗ ഫാക്കൽറ്റികളില്ല. IIM ഉദയ്പുരിൽ 90%-ത്തിലധികം ഫാക്കൽറ്റികളും ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ലഖ്‌നൗ IIM ൽ 95%-ത്തിലധികം ഫാക്കൽറ്റികളും ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ആറ് IIM കളിൽ ST വിഭാഗത്തിൽപ്പെട്ട ഒരു ഫാക്കൽറ്റിയും ഇല്ല. ഫാക്കൽറ്റി റിക്രൂട്ട്‌മെന്റിൽ സംവരണം കൃത്യമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്ന ബാംഗ്ലൂർ IIM- ൽ, ഫാക്കൽറ്റിയുടെ 85%-ത്തിലധികം പേരും ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ് (14).

The category- wise share of faculty members in select IITs which shared data (Courtesy:The Hindu Daily, December 03, 2024)
The category- wise share of faculty members in select IITs which shared data (Courtesy:The Hindu Daily, December 03, 2024)
The category-wise share of faculty in select IIMs that shared data. (Courtesy: The Hindu Daily, December 03, 2024).
The category-wise share of faculty in select IIMs that shared data. (Courtesy: The Hindu Daily, December 03, 2024).

എലീറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT- കളിൽ നടക്കുന്ന ഫാക്കൽറ്റി നിയമനങ്ങളിലെ ജാതിവിവേചനം മദ്രാസ് IIT യിലെ അസിസ്റ്റന്റ് പ്രൊഫസറും പിന്നീട് ജാതിവിവേചനത്തിന്റെ ഇരയായി ജോലി ഉപേക്ഷിക്കേണ്ടിവരികയും ചെയ്ത വിപിൻ വി. വീട്ടിൽ ന്യൂസ് മിനുറ്റിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഫാക്കൽറ്റി നിയമന പരസ്യം പ്രസിദ്ധീകരിക്കുന്നതുമുതൽ താഴ്ന്ന ജാതിക്കാരെ ഒഴിവാക്കാൻ കൊടുക്കുന്ന ശ്രദ്ധ ഏതു തരത്തിലാണ് അഭിമുഖങ്ങൾക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികകൾ തയ്യാറാക്കുന്നതിലും ഒടുവിൽ അഭിമുഖപ്രക്രിയയിലും പ്രകടമാകുന്നത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു (15).

ഇത്തരം വിവേചനങ്ങളിലൂടെ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസരംഗത്ത് ദലിത് പ്രാതിനിധ്യം കുറയ്ക്കാനുള്ള എല്ലാ മാർഗങ്ങളും ഉദ്യോഗസ്ഥവൃന്ദം കൈക്കൊള്ളുന്നുണ്ട്. ബ്യൂറോക്രാറ്റുകൾ ഒന്നടങ്കം വരേണ്യവർഗ്ഗത്തെ പ്രതിനിധാനം ചെയ്യുമ്പോഴും അവരുടെ അധികാരവും പ്രാതിനിധ്യവും ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുമ്പോഴും താഴ്ന്ന ജാതിക്കാർ സിസ്റ്റത്തിന്റെ പുറത്തേക്കു പോകുന്നു എന്നു മാത്രമല്ല, ഇന്ത്യൻ അക്കാദമിക് രംഗവും അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന അറിവും വരേണ്യവൽക്കരിക്കപ്പെടുകകൂടി ചെയ്യുന്നു

മെറിറ്റോക്രസി:
ജാതിമേൽക്കോയ്മയുടെ
രാഷ്ട്രീയ ഉപകരണം

നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ദലിത്, ആദിവാസി വിഭാഗങ്ങൾ അനുഭവിക്കുന്ന അസമത്വങ്ങളെ ന്യൂനവൽക്കരിക്കാൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം പ്രയോഗവൽക്കരിക്കാനുള്ള സംവരണശ്രമങ്ങൾക്കു നേരെ ഇന്ത്യൻ എലീറ്റ് ക്ലാസ് പ്രകടിപ്പിക്കുന്നത് കടുത്ത അസഹിഷ്ണുതയാണ്. സംവരണത്തിനെതിരെ ‘meritocracy’ എന്ന കപടവാദം നിർത്തിയുള്ള പൊതുബോധസൃഷ്ടിക്ക് ഇവർ ശ്രമിക്കുന്നു. ‘മെറിറ്റോക്രസി’ എന്ന ആശയം ഇന്ത്യൻ സർവകലാശാലകളിൽ സവർണ അധ്യാപകരും ഉദ്യോഗസ്ഥരും കഴിവിന്റെ മാനദണ്ഡമായി വ്യാപകമായി ഉപയോഗിക്കുന്നു, ദലിത് വിദ്യാർഥികളുടെ സാമൂഹ്യ- സാംസ്കാരിക സാഹചര്യങ്ങളുടെ ഫലമായി അവർക്കു നിഷേധിക്കപ്പെട്ട അവകാശങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാനുമുള്ള ഒരു ഉപകരണമായി മാറ്റിത്തീർക്കുകയും ചെയ്യുന്നു. ജാതീയമായ പ്രിവിലേജുകൾ കൊണ്ട് സവർണ വിദ്യാർഥികൾ സ്വന്തമാക്കുന്ന ഇംഗ്ലീഷ് പരിജ്ഞാനവും കോസ്മോപോളിറ്റൻ കൾച്ചറൽ ക്യാപിറ്റലും ഉന്നത നിലവാരത്തിലുള്ള സ്കൂൾ വിദ്യാഭ്യാസവും സാമ്പത്തിക- സാമൂഹ്യ മേൽക്കോയ്‌മയും ഉപയോഗിച്ച് സ്വായത്തമാക്കിയ 'കഴിവു'കളെയാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ ‘അക്കാദമിക് എക്‌സലൻസ് 'എന്ന പേരിൽ നോർമലൈസ് ചെയ്യുന്നത്. മെറിറ്റോക്രസി വാദം ഉയർത്തി സംവരണവിരുദ്ധ മനോഭാവം സൃഷ്ടിച്ചെടുക്കുന്ന ഈ പ്രക്രിയ സർവകലാശാലകളിൽ തുടരുമ്പോൾ, അത് വിദ്യാഭ്യാസത്തിലെ നിലവിലുള്ള അസമത്വങ്ങളെ വീണ്ടും ഉൽപ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന സത്യം കാണാതെ പോകരുത്.

ഇന്ത്യൻ സർവകലാശാലകളിലെ ജാതീയത എന്നത് സാമൂഹിക- അക്കാദമിക തലങ്ങളിൽ പ്രവർത്തിക്കുന്ന സവർണ പ്രത്യയശാസ്ത്രമാണ്. ഇതിനോടുള്ള പ്രതിരോധം ഒട്ടും ആയാസകരമല്ല.

1990- ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രവർത്തികമാക്കാൻ തുടങ്ങുമ്പോൾ മുതൽ സംവരണത്തിനെതിരെയുള്ള പ്രബല ഹിന്ദുത്വ ശക്തികളുടെ പോരാട്ടങ്ങൾ നാം കാണുന്നുണ്ട്. 2006-ൽ അന്നത്തെ ഇന്ത്യൻ സർക്കാർ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ OBC പശ്ചാത്തലത്തിൽ നിന്നുള്ളവർക്ക് സംവരണം നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ചരിത്രം ആവർത്തിച്ചു. AIIMS-ലെയും IIT-കളിലെയും വിദ്യാർത്ഥികളും ഫാക്കൽറ്റികളും ഈ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. 2007-ൽ AIIMS- ൽ അടക്കമുള്ള ജാതിവിവേചനത്തേതിരെ തോറോട്ട് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും അത് ഇന്നും നടപ്പിലാകുന്നില്ല. 2012- ലാണ് UGC ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കാൻ equal opportunity cell, SC /ST/OBC cell എന്നിവ രൂപീകരിക്കാൻ നിർദേശിക്കുന്നത്. ഈ സംവിധാനങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2019- ൽ വീണ്ടും UGC ജാതിവിവേചനം ചെറുക്കാനാവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പക്ഷെ ഇതൊന്നും ഉന്നത വിദ്യാഭ്യാസരംഗത്ത് ആഴത്തിൽ വേരൂന്നിയ ജാതിബോധത്തെ ഇല്ലായ്മ ചെയ്യാനോ ലഘൂകരിക്കാനോ പ്രാപ്തമല്ല എന്നതിന്റെ തെളിവാണ് 2021- ൽ NEET പരീക്ഷയിൽ OBC റിസേർവേഷൻ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഉയർന്ന പ്രതികരണങ്ങൾ.

മദ്രാസ് IIT യിലെ അസിസ്റ്റന്റ് പ്രൊഫസറും പിന്നീട് ജാതിവിവേചനത്തിന്റെ ഇരയായി ജോലി ഉപേക്ഷിക്കേണ്ടിവരികയും ചെയ്ത വിപിൻ വി. വീട്ടിൽ.
മദ്രാസ് IIT യിലെ അസിസ്റ്റന്റ് പ്രൊഫസറും പിന്നീട് ജാതിവിവേചനത്തിന്റെ ഇരയായി ജോലി ഉപേക്ഷിക്കേണ്ടിവരികയും ചെയ്ത വിപിൻ വി. വീട്ടിൽ.

ഇതുവരെ കൈക്കൊണ്ട നടപടികൾക്കൊന്നും ജാതിവിവേചനം കുറയ്ക്കാൻ സാധിച്ചിട്ടില്ല എന്ന പശ്ചാത്തലത്തിൽ ഈ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാത്തതിന് സുപ്രീംകോടതി UGC-യെ ശാസിച്ചു. ഇതിന് മറുപടിയായി, സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയുന്നതിന് UGC 2025- ലെ നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. എന്നിരുന്നാലും, 2012- ലെ നിയമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ നിയന്ത്രണങ്ങളിലും പുതുതായി ഒന്നുമില്ലെന്ന് കാണാം. 2025- ലെ നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ നാമമാത്രമാണ്. ബോധവൽക്കരണ കാമ്പയിൻ, അച്ചടക്ക നടപടി, സ്ക്വാഡുകളും അംബാസഡർമാരും ഉൾപ്പെടുന്ന പ്രചാരണം അല്ലെങ്കിൽ മുദ്രാവാക്യങ്ങൾ ഉയർത്തൽ, മുൻ നിയന്ത്രണങ്ങളുടേതിന് സമാനമായ standard operating procedures (SOP) രൂപപ്പെടുത്തൽ തുടങ്ങിയവ. മുമ്പ് പരാജയപ്പെട്ട അതേ നടപടികൾ അതേപടി ആവർത്തിക്കുമ്പോൾ ഒരു ചോദ്യം ഉയർന്നുവരുന്നു: ഇത് എങ്ങനെ വിജയിക്കുമെന്നാണ് UGC പ്രതീക്ഷിക്കുന്നത്? വിദ്യാഭ്യാസത്തിൽ സാമൂഹികനീതിയും തുല്യതയും ഉറപ്പുവരുത്താനുള്ള UGC-യുടെ സ്ഥിരമായ അലസ സമീപനത്തെക്കുറിച്ച് ഇത് ആശങ്കയുയർത്തുന്നു.

നയപരിവർത്തനവും
പ്രതിരോധവും

ഇന്ത്യൻ സർവകലാശാലകളിലെ ജാതീയത എന്നത് സാമൂഹിക- അക്കാദമിക തലങ്ങളിൽ പ്രവർത്തിക്കുന്ന സവർണ പ്രത്യയശാസ്ത്രമാണ്. ഇതിനോടുള്ള പ്രതിരോധം ഒട്ടും ആയാസകരമല്ല. ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർഥി- അധ്യാപക പ്രതിനിധാനങ്ങൾ, അക്കാദമിക് അവസരങ്ങൾ, രാഷ്ട്രീയ- സാംസ്കാരിക ഇടപെടലുകൾ തുടങ്ങിയവയെ മുൻനിർത്തി, ജാതികേന്ദ്രിത അസമത്വങ്ങളുടെ പുനരുത്പാദനം തടയാനാവശ്യമായ രീതിയിലേക്ക് നിലവിലെ നയങ്ങളെ തിരുത്തിയെഴുതേണ്ടത് അനിവാര്യമാണ്. നയപരിവർത്തനം മാത്രമല്ല വർത്തമാനകാല സാമൂഹ്യവ്യവസ്ഥിതിയിൽ ഈ നയങ്ങൾ പ്രയോഗവൽക്കരിക്കാനാവശ്യമായ ഭരണകൂടനടപടികളും ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിലെ മാനവിക പ്രതിബദ്ധതയെ ഉണർത്തുന്ന ദീർഘകാല കർത്തവ്യമായി ജാതിവിരുദ്ധതയ്‌ക്കെരായ നിരന്തര പോരാട്ടങ്ങളെ ഏറ്റെടുത്തേ മതിയാവൂ.

References:

1. Thorat, S., & Newman, K. S. (Eds.). (2010). Blocked by caste: Economic discrimination in modern India. Oxford University Press.

2. Deshpande, S. (2013). Caste and castelessness: Towards a biography of the ‘general category’. Economic and Political Weekly.

3. Guru, G. (2009). Humiliation: Claims and context. Oxford University Press.

4. Rege, S., & John, M. (Eds.). (2018). Women and the politics of caste. Zubaan.

5. Sukumar, N. (2021). Caste discrimination and exclusion in Indian universities. Sage.

6. Nanda, M. (2003). Prophets facing backward: Postmodern critiques of science and Hindu nationalism in India. Rutgers University Press.

7. Teltumbde, A. (2020). Republic of caste. Navayana.

8. Ministry of Education. (2024). All India Survey on Higher Education (AISHE) Report. https://aishe.gov.in/aishe-final-report/

9. Newslaundry. (2023, March 28). Stress, dropouts, suicides: Unravelling IITs’ casteism problem. https://www.newslaundry.com/2023/03/28/stress-dropouts-suicides-unravelling-iits-casteism-problem

10. National Law University Report. (n.d.). Caste discrimination in AIIMS: A fact-finding study. http://www.nlhmb.in/Reports%20AIIMS.pdf

11. The News Minute. (2022). Hyderabad University students allege caste bias in PhD interviews, backed by RTI findings. https://www.thenewsminute.com/telangana/hyderabad-univ-students-allege-caste-bias-phd-interviews-backed-rti-findings

12. Thorat, S., et al. (2007). UGC report on caste discrimination in higher education. University Grants Commission.

13. EPW Engage. (2016). Rohith Vemula: Foregrounding caste oppression. https://www.epw.in/engage/article/rohith-vemula-foregrounding-caste-oppression

14. The Hindu. (2024). In 8 IITs and 7 IIMs, over 80% faculty are from general category. https://www.thehindu.com/data/in-8-iits-and-7-iims-over-80-faculty-are-from-general-category-data/article68938095.ece

15. The News Minute. (2022). Caste discrimination in faculty hiring: How elite institutions reproduce Manuvadi outcomes. https://www.thenewsminute.com/news/caste-discrimination-faculty-hiring-elite-institutions-shows-manuvadi-outcomes-161873.

Comments