ഒരു സർക്കാർ സ്ഥാപനത്തിലിരുന്ന് ഇമ്മാതിരി വൃത്തികേട് കാണിച്ചിട്ട് ഇപ്പോളും അവർ അവിടെ തുടരുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സർക്കാർ ഇടപെടൽ ഇനിയും വൈകരുത്.
കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ്
ആർട്ട്‌സിൽ 2022 ബാച്ചിലേക്ക് നടന്ന അഡ്മിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എൽ.ബി.എസ്സെൻറർ ഫോർ സയൻസ് ആന്റ് ടെക്നോളജി ഡപ്യൂട്ടി ഡയറക്ടർ, കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന് അയച്ച കത്താണ് ഇതോടൊപ്പം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനപരീക്ഷയുടെ നടത്തിപ്പ് ചുമതല എൽ.ബി.എസിനാണ്. പരീക്ഷ നടത്തി 265 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് തയ്യാറാക്കി പട്ടിക ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് നല്കിയിരുന്നു. ആ ലിസ്റ്റിൽനിന്ന് ഇന്റർവ്യൂവിന്റെയും മറ്റും അടിസ്ഥാനത്തിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 133 പേരുടെ ലിസ്റ്റ് എപ്രകാരമാണ് സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് വ്യക്തമാക്കുന്നു ഈ കത്ത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി ആകെയുള്ളത് 60 സീറ്റാണ്. ഇതിൽ സ്റ്റേറ്റ് മെറിറ്റിൽ വരുന്നത് 50%, എന്നുവച്ചാൽ 30 സീറ്റ്. ബാക്കി 30 സീറ്റും SEBC, SC, ST, Forward EWS വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ഇതിൽ സംവരണ വിഭാഗത്തിൽ പെട്ടവരും മെറിറ്റ് ലിസ്റ്റിലുണ്ട്. ആകെ 51 സീറ്റുകളിലേക്ക് അഡ്മിഷൻ നടന്നപ്പോൾ സംവരണ പ്രകാരം സീറ്റ് കിട്ടിയത് 4 പേർക്കുമാത്രം. എന്നുവച്ചാൽ സംവരണ വിഭാഗത്തിൽ പെടുന്നവർ കൂടുതൽ എത്തുന്നത് ഒഴിവാക്കാൻ ആ വിഭാഗത്തിനർഹതപ്പെട്ട ഒമ്പതു സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കയാണ്. സംവരണക്കാർ കൂടുതലെത്തി ‘ക്വാളിറ്റി കുറയ്ക്കുന്നത്’ ഒഴിവാക്കാനാണിതെന്ന് ഡയറക്ടർ തന്നെ പരോക്ഷമായി ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റിയോട് സൂചിപ്പിക്കുകയും ചെയ്തത്രെ. അതായത് സർക്കാർ സ്ഥാപനങ്ങളിൽ അഡ്മിഷനായി നിശ്ചയിച്ചിരിക്കുന്ന എല്ലാത്തരം മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി, സംവരണത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ. ചെയർമാൻ അടൂർ ഗോപാലകൃഷ്ണനാകട്ടെ, ഇതിന് സർവ്വസമ്മതി നല്കി കൂട്ടുനില്ക്കുന്നു. ഇതിനെ കൃത്യവിലോപമായല്ല, കുറ്റകൃത്യമായാണ് പൊതുസമൂഹം പരിഗണിക്കുന്നത്.
കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തെ ജാതിവിവേചനത്തിന്റെ അരങ്ങാക്കി ഇതിലും കൂടുതൽ മലീമസപ്പെടുത്താനില്ല. ആയതിനാൽ ഇവർ രണ്ടുപേരും ആ സ്ഥാനങ്ങളിൽ നിന്ന് മാറി നിന്ന് അന്വേഷണം നേരിടാനുള്ള ധാർമികത കാണിക്കണം. കുലീന കുടുംബ പാരമ്പര്യത്തിന്റെ ആട്ടിൻ തോലിട്ട് മറച്ച് ഡയറക്ടറുടെ കുറ്റകൃത്യങ്ങൾക്ക് കുട പിടിക്കുന്ന അടൂരെന്ന സംവിധായകന്റെ യഥാർത്ഥമുഖം ജനം തിരിച്ചറിയുക കൂടി വേണം.