ഹരിപ്രിയ എം.പി

പ്ലസ്​ വൺ മുതൽ എഞ്ചിനീയറിങ്‌ കോ​ളേജ്​ വരെ പിന്തുടർന്ന ജാതിപീഡനം

‘‘കോളേജ് സൗഹൃദങ്ങള്‍ പോലും എനിക്ക് നിഷേധിച്ച അധ്യാപിക. ഫസ്റ്റിയറില്‍ തന്നെ അവര്‍ എന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി ഡിപ്പാര്‍ട്ടുമെന്റില്‍ മാസത്തിലൊരിക്കല്‍ പോകേണ്ട ഒരാളായി മാറ്റി, മരുന്നു വാങ്ങി കഴിക്കേണ്ട അവസ്ഥയിലുമെത്തിച്ചു.’’- വിദ്യാർഥി ജീവിതത്തിൽ അധ്യാപിക മൂലമുണ്ടായ ​കടുത്ത മാനസികാഘാതത്തെക്കുറിച്ച്​ എഴുതുകയാണ്​ ഹരിപ്രിയ എം.പി.

'മാതാ പിതാ ഗുരു ദൈവം' എന്ന ചിന്തയില്‍ 15 വയസ്സുവരെ എല്ലാ അധ്യാപകരെയും ബഹുമാനിച്ച് ജീവിച്ചിരുന്നവളായിരുന്നു ഞാന്‍. പക്ഷെ, പ്ലസ് വണ്‍അഡ്മിഷന്‍ എടുത്ത സമയത്ത് ഒരു അധ്യാപകന്‍ ആ ചിന്ത എന്റെ മനസ്സില്‍നിന്നെടുത്തുകളയാന്‍ കാരണക്കാരനായി.

ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പ്ലസ് വണ്ണിന് അഡ്മിഷന്‍ എടുത്തിട്ടും അയാളെന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു. കാരണം, എന്റെ എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റിലെ വലതുവശത്തേക്ക്​ (മാര്‍ക്കിന്റെ കോളം) അദ്ദേഹത്തിന്റെ കണ്ണുകള്‍ പോയതേയില്ല. ഇടതുസൈഡിലെ പേഴ്‌സണല്‍ ഡീറ്റെയില്‍സിലെ എന്റെ ജാതിയില്‍ അയാളുടെ കണ്ണ് ഉടക്കിനിന്നു. അതേതുടർന്ന്​, തുടര്‍ച്ചയായി അദ്ദേഹത്തില്‍നിന്ന് നിരന്തര പീഡനമേറ്റുവാങ്ങേണ്ടിവന്നു. ക്ലാസില്‍ പരസ്യമായി കളിയാക്കുക, സ്‌കൂള്‍ ലാബിലേക്കു വിളിച്ച് കാര്യമില്ലാതെ ശകാരിക്കുക തുടങ്ങിയ ഉപദ്രവങ്ങള്‍.

ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്ന ഞാന്‍ ആകെ തകര്‍ന്നു, ആത്മഹത്യാശ്രമം വരെയെത്തി. ഒടുവില്‍ അവിടുത്തെ പഠനം ഉപേക്ഷിച്ചു. എനിക്ക് ഒരു വര്‍ഷം നഷ്ടമായി. ആ സ്‌കൂളിന്റെ പടിയിറങ്ങിയിട്ടും അദ്ദേഹത്തിന്റെ പരിഹാസങ്ങള്‍ക്ക് അന്ത്യമുണ്ടായില്ല. വഴിയിലോ ബസിലോ വച്ച്​ കാണുമ്പോഴൊക്കെ കഴിവുകെട്ടവൾ എന്നു വിളിച്ച് അയാള്‍ എന്നെ പരിഹസിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ക്ലാസിൽ, എന്നെ വച്ച് താരതമ്യപ്പെടുത്തി കുട്ടികളോട് സംസാരിക്കുമായിരുന്നുവെന്ന്​ ആ ക്ലാസിലെ കുട്ടികള്‍ വഴി ഞാനറിഞ്ഞു. അടുത്തവര്‍ഷം ഞാന്‍ മറ്റൊരു സ്‌കൂളില്‍ പ്ലസ് വണ്‍ അഡ്മിഷനെടുത്തു. പ്ലസ് ടു ടൂറിന്റെ സമയത്ത് ഈ അധ്യാപകനെ മൈസൂരുവില്‍ വച്ച് വീണ്ടും കണ്ടു. അവിടെവച്ചും അദ്ദേഹം എന്നെ പരിഹസിച്ചു. മാനസികമായി തളര്‍ത്തി. ഒരു അധ്യാപകന് ഇത്തരത്തില്‍ എങ്ങനെ തരംതാഴാന്‍ കഴിയുന്നുവെന്ന് ഇന്നും എനിക്കറിയില്ല.

പിന്നീട് എഞ്ചിനീയറിംഗിന് അഡ്മിഷന്‍ ലഭിച്ചത് കേരളത്തിലെ ഒരു ഗവ. എഞ്ചിനീയറിങ് കോളേജിലായിരുന്നു. ആ കോളേജിനെയോ അവിടുത്തെ മറ്റ് അധ്യാപകരെയോ കുറിച്ച് എനിക്ക് യാതൊരു പരാതിയുമില്ല. പക്ഷെ, അവിടുത്തെ എന്റെ സ്റ്റാഫ് അഡ്വൈസർ കൂടിയായിരുന്ന അധ്യാപികയുണ്ടായിരുന്നു. അവരെക്കുറിച്ച് എഴുതാതിരിക്കാനാകില്ല. കോളേജ് സൗഹൃദങ്ങള്‍ പോലും എനിക്ക് നിഷേധിച്ച അധ്യാപിക. ഫസ്റ്റിയറില്‍ തന്നെ അവര്‍ എന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി ഡിപ്പാര്‍ട്ടുമെന്റില്‍ മാസത്തിലൊരിക്കല്‍ പോകേണ്ട ഒരാളായി മാറ്റി, മരുന്നു വാങ്ങി കഴിക്കേണ്ട അവസ്ഥയിലുമെത്തിച്ചു.

‘ടെസ്റ്റ് എഴുതുന്നതുപോലെ അഭിനയിച്ചാല്‍ ജോലി കിട്ടുന്നവള്‍’, ‘തരം താഴ്ന്ന ജാതി’ എന്നിവയൊക്കെയായിരുന്നു എനിക്കുള്ള വിശേഷണങ്ങള്‍. അവരുമായുള്ള ബന്ധം ഒന്നൂട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സൗഹൃദസംഭാഷണത്തിന് ചെന്ന എന്നെ പലതവണ സ്റ്റാഫ് റൂമില്‍നിന്ന് ആട്ടിയിറക്കിയിട്ടുണ്ട്. പരിസഹിച്ചും കുത്തുവാക്കു പറഞ്ഞും എന്നെ തളര്‍ത്തി. എപ്പോഴോ ഇതിനെതിരെ പോരാടാന്‍ മനസ്സില്‍തോന്നിയശേഷം മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുമന്ത്രി എന്നിവര്‍ക്കെല്ലാം ഞാന്‍ പരാതി നല്‍കി. പക്ഷെ, പ്രയോജനമൊന്നുമുണ്ടായില്ല. എന്റെ പരാതികളുടെയെല്ലാം അവസാനം ഞാന്‍ ഒരു വാചകം കൂടി ചേര്‍ത്തിരുന്നു. അധ്യാപക- വിദ്യാര്‍ഥി ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോകുകയും വിദ്യാര്‍ഥികളോട് മാന്യമായി ഇടപെടുകയും ചെയ്യുന്നില്ല എങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുപാട് മാനസികരോഗികളെ സൃഷ്ടിക്കും, ഹോസ്റ്റല്‍ മുറികളില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥകളാകും.

പക്ഷെ, ആ പരാതികള്‍ക്കൊന്നും ഫലമുണ്ടായില്ല.

Comments