ഇത്തവണ പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ബോർഡ് പരീക്ഷകളുടെ സമയത്തുനടന്ന മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദ്യാർത്ഥികൾക്ക് വിലപ്പെട്ട ഒരുപദേശം നൽകി: ''ഫലം എന്ത് എന്നതിനേക്കാൾ പരിശ്രമത്തിൽ ഊന്നുക. വെറുമൊരു മാർക്ക് ഷീറ്റുകൊണ്ട് നിങ്ങളുടെ മൂല്യം നിശ്ചയിക്കാനാകില്ല'.
നിഷ്ഫലമായ മാർക്ക് ഷീറ്റും കൈയിൽപ്പിടിച്ചുനിൽക്കുന്ന ഒരു കോടിയോളം വിദ്യാർത്ഥികൾ മോദിയുടെ ഉപദേശത്തിന്റെ സാരാംശം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കും.
NEET UG എഴുതിയ 22 ലക്ഷം വിദ്യാർത്ഥികൾ,
CUET- UG എഴുതിയ 16 ലക്ഷം,
CBSE Plus Two എഴുതിയ 17 ലക്ഷം,
SSC GD കോൺസ്റ്റബിൾ പരീക്ഷയെഴുതിയ 40 ലക്ഷം-
തങ്ങൾ എഴുതിയ പരീക്ഷകളിലെ മാർക്ക് വെറുമൊരു സങ്കൽപ്പമാണെന്നും, പരീക്ഷ എഴുതാൻ നടത്തിയ വർഷങ്ങളുടെ പരിശ്രമം മാത്രമാണ് തങ്ങളിൽ അവശേഷിക്കുന്നതെന്നും ഈ പരീക്ഷകളെഴുതിയവർക്ക് ഇപ്പോൾ മനസ്സിലായിക്കാണും.
എങ്കിലും മോദിയുടെ വേദാന്തം അനുസരിച്ചുതന്നെയാണ് നടപടികൾ. പരീക്ഷയ്ക്ക് പുല്ലുവില കൽപ്പിക്കുന്ന സംവിധാനത്തെ അതേപടി സംരക്ഷിച്ചുനിർത്തി, സി.ബി.എസ്.ഇ ചെയർമാനെയും സെക്രട്ടറിയെയും സ്ഥലംമാറ്റി. അന്വേഷണത്തിന് ഏകാംഗ കമീഷനെയും നിയോഗിച്ചു. ക്രമക്കേടുകളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു എന്നു പറഞ്ഞ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും സുരക്ഷിതനായി തുടരുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ പരീക്ഷാത്തട്ടിപ്പിനുശേഷവും, അതിന്റെ ഉത്തരവാദിത്തമേറ്റെടുത്തശേഷവും, ധർമേന്ദ്ര പ്രധാന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി തുടരാനാകുന്ന ഒരു സംവിധാനത്തിനഭിമുഖം നിൽക്കുകയാണ് ഇന്ന് ഇന്ത്യൻ വിദ്യാർത്ഥിസമൂഹം. ഓൺലൈനിലിരുന്നുള്ള ഒളിപ്പോരല്ല അവരുടേത്. പൊതുപ്രവേശനപരീക്ഷ എന്ന സംവിധാനത്തെ തിരുത്താനുള്ള എത്തിക്കൽ ഹാക്കിങാണ്, ‘പാക്കിസ്ഥാനി’ എന്നും ‘ഭീകരർ’ എന്നുമുള്ള സംഘ്പരിവാർ ആക്രമണങ്ങൾ നേരിട്ടും അവർ നടത്തുന്നത്.
ഇത്തവണ CBSE പ്ലസ് ടു പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥി മാത്രമല്ല, 17കാരനായ വേദാന്ത് ശ്രീവാസ്തവ. തന്റെ ഫിസിക്സ് ഉത്തരക്കടലാസിലെ ഗുരുതര ക്രമക്കേടുകൾ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ഈ വിദ്യാർത്ഥിയാണ്. ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി മൂല്യനിർണയം നടത്തുന്ന സി.ബി.എസ്.ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ വമ്പൻ ക്രമക്കേടാണ് വേദാന്ത് ശ്രീവാസ്തവ വിദ്യാർത്ഥി തുറന്നുകാട്ടിയത്.
ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനം വന്നശേഷം അർഹമായ മാർക്ക് കിട്ടുന്നില്ല എന്ന വിദ്യാർത്ഥികളുടെ വ്യാപക പരാതി ശരിവെക്കുന്നതായിരുന്നു ഈ കണ്ടെത്തൽ.
മറ്റൊരാൾ സൈബർ സുരക്ഷാഗവേഷകനായ 19 കാരൻ നിസർഗ അധികാരി. സി.ബി.എസ്.ഇയുടെ ഓൺ സ്ക്രീൻ മാർക്കിങ് പോർട്ടലിൽ ഹാർഡ് കോഡ് ചെയ്ത മാസ്റ്റർ പാസ്വേഡുണ്ടെന്നും ഇതുപയോഗിച്ച് എക്സാമിനർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് വിദ്യാർത്ഥികളുടെ മാർക്കിൽ കൃത്രിമം കാണിക്കാനാകുമെന്നും നിസർഗ അധികാരി കാണിച്ചുതന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി സാർഥക് സിദ്ധാന്ത് ആണ്, കോഎംപ്റ്റ് എന്ന കമ്പനിയ്ക്ക് ഉത്തരക്കടലാസ് മൂല്യനിർണയത്തിന്റെ കരാർ ഒപ്പിച്ചുകൊടുക്കാൻ നടത്തിയ വൻ അഴിമതി പുറത്തുകൊണ്ടുവന്നത്.
പ്ലസ് ടു പരീക്ഷാമൂല്യനിർണയത്തിന്റെ ടെണ്ടർ നടപടികൾ തുടക്കം മുതൽ ദുരൂഹമായിരുന്നു. 2025 ഫെബ്രുവരിയിൽ CBSE ഔദ്യോഗിക പോർട്ടലിൽ ആദ്യ ടെണ്ടറിന് തുടക്കമിട്ടെങ്കിലും പിന്നീട് അൺ ലിസ്റ്റ് ചെയ്തു. മൂന്നു മാസങ്ങൾക്കുശേഷം രണ്ടാമത് ടെണ്ടർ വിളിച്ചപ്പോൾ കോഎംപ്റ്റും ടി.സി.എസും അടക്കം നാലു കമ്പനികൾ ടെണ്ടർ നൽകി. സാങ്കേതിക പരിശോധനയിൽ ഇവ തള്ളി.
2025 ആഗസ്റ്റിൽ മൂന്നാമത് ടെണ്ടർ വിളിച്ചപ്പോൾ മുൻ ടെണ്ടറിൽ പരാജയപ്പെട്ട കോഎംപ്റ്റിന് ടെണ്ടർ ലഭിക്കാൻ പുതിയ വിജ്ഞാപനത്തിൽ നിരവധി ഇളവുകൾ തിരുകിക്കയറ്റി. വിവിധ സംസ്ഥാനങ്ങളിൽ ശൃംഖലയായി പ്രവർത്തിക്കുന്ന ‘സോൾവർ ഗ്യാങ്ങി’ന് 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി പന്താടാൻ പാകത്തിന് സാങ്കേതിക മാനദണ്ഡങ്ങളിലും സുരക്ഷയിലുമെല്ലാം ഇളവ് നൽകിയതിന്റെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
കോഎംപ്റ്റ് കമ്പനിയ്ക്കായി, മോശം പ്രവർത്തനപാരമ്പര്യമുള്ള കമ്പനികളെ വിലക്കുന്ന ചട്ടം നീക്കി.
കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതോ ഏതെങ്കിലും സർക്കാർ സ്ഥാപനം വിലക്കിയതോ ആയ സ്ഥാപനങ്ങളെ ഒഴിവാക്കും എന്ന മുൻ വ്യവസ്ഥ മാറ്റി 'നിലവിൽ കരിമ്പട്ടികയിലുള്ളവർ’ എന്നാക്കി.
മൂല്യനിർണയകരാർ ഏറ്റെടുക്കുന്ന കമ്പനികൾക്ക് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 50 കോടി രൂപ വാർഷിക വിറ്റുവരവ് വേണമെന്നാണ് വ്യവസ്ഥ. കൂടുതൽ തുക വിറ്റുവരവുള്ള കമ്പനികളെ ഒഴിവാക്കി. കരാർ നൽകിയ കോഎംപ്റ്റ് കമ്പനിയുടെ വിറ്റുവരവ് 50.86 കോടി രൂപ മാത്രമായിരുന്നു.
സോഫ്റ്റ്‌വെയർ ഗുണനിലവാരം അളക്കുന്ന CMMI മാനദണ്ഡം ലെവൽ അഞ്ചിൽനിന്ന് മൂന്നിലേക്ക് താഴ്ത്തിക്കൊടുത്തു.
കമ്പനിയ്ക്ക് സ്വന്തമായി ഡാറ്റാ സെന്റർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം, AWS അല്ലെങ്കിൽ Azure പോലുള്ള ക്ലൗഡ് സർവീസുകൾ ഉപയോഗിക്കാൻ അനുമതി നൽകി.
ഓട്ടോമാറ്റിക് ബുക്ക് അല്ലെങ്കിൽ റോബോട്ടിക് സ്‌കാനുകൾ വേണമെന്ന വ്യവസ്ഥ ഒഴിവാക്കി, ആവശ്യത്തിന് സ്‌കാനറുകൾ മതി എന്നാക്കി.
അഞ്ചു ലക്ഷം വിദ്യാർത്ഥികളെയെങ്കിലും ഒരേസമയം കൈകാര്യം ചെയ്യുന്ന വലിയ പ്രൊജക്റ്റുകൾ കൈകാര്യം ചെയ്തുള്ള പരിചയം വേണം എന്നായിരുന്നു മുൻ വ്യവസ്ഥ. ഇതിൽ വെള്ളം ചേർത്ത്, വിദ്യാർഥികളുടെ എണ്ണം എന്നതിനുപകരം, ആകെ സ്‌കാൻ ചെയ്ത ഉത്തരക്കടലാസുകളുടെ എണ്ണം എന്നാക്കി.
ഇങ്ങനെ പ്രധാന വ്യവസ്ഥകളിൽ വെള്ളം ചേർത്ത് സി.ബി.എസ്.ഇ ആനയിച്ചുകൊണ്ടുവന്ന കോഎംപ്റ്റിന്റെ ഭൂതകാലവും വമ്പൻ ക്രമക്കേടുകളുടേതാണ്.
2019 ഏപ്രിൽ 18ന് തെലങ്കാനയിൽ ഇന്റർമീഡിയേറ്റ് പരീക്ഷാഫലം പുറത്തുവന്നതിനുശേഷം 21 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതിയ 9.74 ലക്ഷം പേരിൽ മൂന്നര ലക്ഷം പേർ തോറ്റു, ഏതാണ്ടൊരു കൂട്ടത്തോൽവി.
ഒ.എം.ആർ ഷീറ്റിലെ ബബ്ലിംഗ് എററിനെതുടർന്ന് ശരിയായ ഉത്തരങ്ങൾക്ക് മാർക്ക് നൽകാത്ത സോഫ്റ്റ്‌വെയർ പ്രശ്‌നമാണ് കൂട്ടത്തോൽവിക്കിടയാക്കിയത് എന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി. മൂല്യനിർണയം നടത്തിയ ഗ്ലോബ് അരീന ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയായിരുന്നു പ്രതിക്കൂട്ടിൽ. അന്വേഷണം മുറ പോലെ നടന്നു, ഒന്നും സംഭവിച്ചില്ല. ഗ്ലോബ് അരീന ടെക്നോളജീസ് കോഎംപ്റ്റ് കമ്പനിയായി വേഷംമാറിയെത്തി. ഈ കമ്പനിയ്ക്കുവേണ്ടിയാണ് രാജ്യത്തെ ഒരു പ്രധാന പരീക്ഷാസംവിധാനമൊന്നാകെ അട്ടിമറിക്കപ്പെട്ടത്.
ഉന്നതവിദ്യാഭ്യാസമേഖലയിലെ പൊതുപരീക്ഷകളെ ഹൈജാക്ക് ചെയ്യുന്ന മാഫിയാസംഘങ്ങളുടെ ഒരു കണ്ണി മാത്രമാണ് കോഎംപ്റ്റ് കമ്പനി. പുറത്തറിയാത്ത നിരവധി പരീക്ഷാത്തട്ടിപ്പുകൾ സുരക്ഷിതമായി നടത്തിക്കൊണ്ടുപോകുന്ന നിരവധി കണ്ണികളിൽ ഒന്നു മാത്രം.
നീറ്റ്- യു.ജിയുടെ ചോദ്യപേപ്പർ ചോർത്തിയത് നിരവധി സംസ്ഥാനങ്ങളിൽ വേരുള്ള വൻ റാക്കറ്റാണ്. സി.ബി.ഐ അറസ്റ്റു ചെയ്ത 13 പേരിൽ ഏറെയും കോച്ചിങ് വ്യവസായവുമായി ബന്ധപ്പെട്ടവരും മെഡിക്കൽ പ്രൊഫഷനലുകളുമാണ്.
മഹാരാഷ്ട്രയിൽ 100 കോടിയിലേറെ ടേണോവറുള്ള കോച്ചിങ് ബ്രാൻഡാണ് ആർ.സി.സി. എന്ന കോച്ചിങ് സ്ഥാപനം. ഒരു വർഷം 40,000 വിദ്യാർത്ഥികൾ എന്റോൾ ചെയ്യുന്ന സ്ഥാപനം. ഒരു വിദ്യാർഥിയിൽനിന്ന് ഫീസായി ഈടാക്കുന്നത് 50,000 മുതൽ 65,000 രൂപ വരെ. ചോർച്ചയുടെ മുഖ്യ സൂത്രധാരനായ ആർ.സി.സി സ്ഥാപകൻ ശിവ്‌രാജ് മൊട്ടേഗോൻകറെ ‘ഗുരു’ എന്നാണ് അടുപ്പമുള്ള വിദ്യാർത്ഥികൾ വിളിക്കുക. സംസ്ഥാനത്തെ എഞ്ചിനീയറിംഗ്- മെഡിക്കൽ കോളേജുകളിൽ പ്രവേശനം തരപ്പെടുത്തിക്കൊടുക്കുന്ന വിദ്യ കൈവശമുള്ള ഗുരു.
22.79 ലക്ഷം പേർ എഴുതിയ നീറ്റ്- യു.ജി പരീക്ഷ 2024-ലും അട്ടിമറിക്കപ്പെട്ടിരുന്നു. അന്നും അറസ്റ്റുകൾ നടന്നു, കേസ് ഇപ്പോഴും ഇഴയുന്നു. ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴംഗ കമീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാർ കണ്ട ഭാവം നടിച്ചില്ല.
ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള പരീക്ഷാക്രമക്കേടുകൾ വിദ്യാഭ്യാസമേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പിന്തിരിപ്പൻ നയങ്ങളുടെ പ്രതികരണങ്ങളാണ്. കൺകറൻറ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിൽ, ഫലത്തിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾക്കാണ് മേൽക്കൈ എന്നതിനാൽ, സാമൂഹികനീതിയുടെയും ഫെഡറലിസത്തിന്റെയും ലംഘനമാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയുടെ വിപണിവൽക്കരണമാണ്, ഈ മേഖലയിൽ പലതരം മാഫിയകളെ പോറ്റിവളർത്തുന്നത്.
2018- ലാണ് പ്രധാനപ്പെട്ട 15- ഓളം പൊതുപരീക്ഷകൾ ദേശീയ ടെസ്റ്റിംഗ് ഏജൻസിക്കു കീഴിലാക്കുന്ന പ്രഖ്യാപനമുണ്ടായത്. കോർപറേറ്റ് ദേശീയതാവ്യവഹാരത്തിന്റെ തറ ബലപ്പെടുത്തുന്ന അനവധി ശിലകളിൽ ഒന്നായിരുന്നു ‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന മാനദണ്ഡം. വിദ്യാർത്ഥികളുടെ അക്കാദമികവും സാമൂഹികവും വൈജ്ഞാനികവുമായ വൈവിധ്യം കണക്കിലെടുത്ത്, ഉന്നതവിദ്യാഭ്യാസമേഖലയിലെ പരീക്ഷകളിൽ വികേന്ദ്രീകരണം വേണമെന്ന ആവശ്യം ഇതോടെ നിരസിക്കപ്പെട്ടു.
നീറ്റ് അടക്കമുള്ള എൻട്രൻസ് പരീക്ഷകളിൽ, അതുവരെ വിദ്യാർത്ഥികൾ ആർജ്ജിച്ചെടുക്കുന്ന സകല ശേഷികളും നിരസിക്കപ്പെടുകയാണ് ചെയ്യുന്നത്. 180 മിനിറ്റുള്ള ഒറ്റ പരീക്ഷയിലെ 180 ചോദ്യങ്ങളിലൂടെയാണ് ഫലം തീരുമാനിക്കപ്പെടുന്നത്. മാത്രമല്ല, ഈ പരീക്ഷകൾ എങ്ങനെയാണ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ പുറന്തള്ളിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ കൃത്യമായ വിവരങ്ങൾ നമ്മുടെ മുന്നിലുണ്ട്.
തമിഴ്‌നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.എ. രാജൻ കമ്മിറ്റി, നീറ്റ് എത്രമാത്രം വരേണ്യവും സാമൂഹികനീതിക്ക് എതിരുമാണ് എന്ന് പഠനത്തിന്റെ വെളിച്ചത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
22 ലക്ഷത്തോളം വിദ്യാർത്ഥികളാണ് 800-ഓളം മെഡിക്കൽ കോളേജുകളിലുള്ള 1.3 ലക്ഷം മെഡിക്കൽ സീറ്റുകളിലേക്ക് പ്രവേശനം തേടുന്നത്. എം.ബി.ബി.എസ് സീറ്റുകളുടെ പകുതിയിലേറെയും സമ്പന്നർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. നീറ്റിനെ നിയന്ത്രിക്കുംവിധം കോച്ചിങ് വ്യവസായം പിടിമുറുക്കിയിരിക്കുന്നു. സംസ്ഥാന ബോർഡുകളിൽനിന്നും ഗ്രാമീണമേഖലയിൽനിന്നും വരുന്ന വിദ്യാർഥികൾ പുറന്തള്ളപ്പെടുന്നു.
ഇന്ത്യയിലെ പൊതുപരീക്ഷകളെല്ലാം ദേശീയ ടെസ്റ്റിങ് ഏജൻസിയ്ക്കു കീഴിലാക്കിയ 2018 മുതൽ 2025 വരെയുള്ള ഏഴു വർഷങ്ങൾക്കിടെ നൂറോളം ചോദ്യപേപ്പർ ക്രമക്കേടുകളാണുണ്ടായത്. നീറ്റ് അടക്കം 60 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷകളുടെ നടത്തിപ്പ് ഏജൻസിയാണ് എൻ.ടി.എ. വെറും 25 സ്ഥിരം ഉദ്യോഗസ്ഥർ മാത്രമുള്ള കേന്ദ്ര സർക്കാർ ഏജൻസി. ഒരുവിധത്തിലുള്ള അക്കാദമിക് വൈദഗ്ധ്യമോ നടത്തിപ്പ് സംവിധാനമോ ഇല്ലാത്ത എൻ.ടി.എ പ്രാദേശിക ഏജൻസികളെയും കരാർ ജീവനക്കാരെയും വച്ചാണ് പരീക്ഷകൾ നടത്തുന്നത്.
ചോദ്യപേപ്പർ തയ്യാറാക്കുക, പരീക്ഷയും മൂല്യനിർണയവും നടത്തുക തുടങ്ങി പരീക്ഷാ ഇക്കോസിസ്റ്റത്തിലേക്ക് കോഎംപ്റ്റിനെപ്പോലുള്ള കറക്കുകമ്പനികൾ നുഴഞ്ഞുകയറുന്നത് തടയാനുള്ള ഒരു സംവിധാനവും ഇപ്പോഴില്ല എന്ന് വിദ്യാഭ്യാസ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി തന്നെ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. പരീക്ഷാനടത്തിപ്പിലൂടെ മാത്രം കഴിഞ്ഞ ആറു വർഷം കൊണ്ട് എൻ.ടി.എ 448 കോടി രൂപ ലാഭമുണ്ടാക്കിയിട്ടുണ്ട്. ഈ തുക കൊണ്ട് പരീക്ഷാനടത്തിപ്പ് കാര്യക്ഷമമാക്കാനുള്ള സംവിധാനമൊരുക്കണമെന്ന് നിർദേശിച്ചതും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ്.
പരീക്ഷയിലെ സ്ട്രെസ്സ് നേരിടാനുള്ള ഉപായങ്ങൾ വിശദീകരിക്കുന്ന Exam Warriors എന്നൊരു മോട്ടിവേഷനൽ പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ വിപണിയിലുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലൂടെയും 'പരീക്ഷ പേ ചർച്ച' എന്ന പ്രഹസനങ്ങളിലൂടെയും മോട്ടിവേഷൻ പോലുള്ള ഓട്ടയടയ്ക്കൽ വിദ്യയാണ് മോദി പയറ്റുന്നത്. എന്നാൽ, പരീക്ഷകളാൽ പരീക്ഷിക്കപ്പെടുന്ന തങ്ങളെ ഇനിയും മോട്ടിവേഷനൽ പുസ്തകം കൊണ്ടും പി.ആർ ചർച്ചകൾ കൊണ്ടും കബളിപ്പിക്കാനാകില്ലെന്ന പ്രഖ്യാപനമാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥിസമൂഹം നടത്തുന്നത്.
