വിദ്യാർത്ഥിയുടെ
‘അക്ഷര​ത്തെറ്റ്’,
മാതൃഭാഷയിലാകുന്ന
CBSE

അക്ഷരത്തെറ്റുകളോടെ ഒരു വിദ്യാർത്ഥി കലക്ടർക്ക് അയച്ച സന്ദേശം, ‘സ്ഥിരമായി മലയാളം ക്ലാസിൽ കയറാൻ’ ഉപദേശിച്ച് കലക്ടർ നൽകിയ മറുപടി, പിന്നെ; ഇന്ത്യയിലെ മുഴുവൻ CBSE സ്കൂളുകളിലും ഒന്നു മുതൽ അഞ്ചു വരെ മാതൃഭാഷാമാധ്യമത്തിൽ പഠിപ്പിക്കണമെന്ന ഉത്തരവ്… മലയാളവും ഇംഗ്ലീഷും ഇല്ലാത്തവരായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികൾക്കുവേണ്ടി ഒരു കുറിപ്പ്- പി. പ്രേമചന്ദ്രൻ എഴുതുന്നു.

ശ്രദ്ധേയമായ രണ്ടു വാർത്തകൾ കൗതുകമുണ്ടാക്കിയിരുന്നു. അതിലൊന്ന് അവധി ആവശ്യപ്പെട്ട് കലക്ടറുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് ഒരു വിദ്യാർത്ഥി അയച്ച സന്ദേശവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ്‌.

മറ്റൊന്ന് ഇന്ത്യയിലെ മുഴുവൻ CBSE സ്കൂളുകളിലും ഈ വർഷം മുതൽ ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെ മാതൃഭാഷാമാധ്യമത്തിൽ പഠിപ്പിക്കണമെന്ന ഉത്തരവാണ്. തീർച്ചയായും രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവതന്നെയാണ്.

വിദ്യാർത്ഥികളുടെ മാതൃഭാഷയിലുള്ള അറിവിനെച്ചൊല്ലിയും ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരത്തിന്റെ അവസ്ഥയെച്ചൊല്ലിയും 'അവുധി' അപേക്ഷയെ മുൻനിർത്തി പലരും വിലപിക്കുന്നതുകണ്ടു. കലക്ടർ നൽകിയ ഉചിതമായ മറുപടിയാണ് പോസ്റ്റിനെ ഇത്രയും വൈറലാക്കിയത്. അക്ഷരത്തെറ്റിനപ്പുറം വിദ്യാർത്ഥി സധൈര്യം കളക്ടറുടെ സാമൂഹിക മാധ്യമപേജിൽ കയറി അഭ്യർത്ഥന നടത്തിയതിന്റെ ധൈര്യവും ആത്മവിശ്വാസവും ആണ് അതിൽനിന്ന് കണ്ടെടുക്കേണ്ടത് എന്ന് ഒരു ചെറു ന്യൂനപക്ഷവും താർക്കികബുദ്ധിയോടെ രംഗത്തുണ്ട്.

മഴയായതിനാൽ സ്കൂളിന് അവധി ചോദിച്ച് ഒരു വിദ്യാർത്ഥി പത്തനംതിട്ട കലക്ടർക്ക് അയച്ച സന്ദേശവും അതിന് കലക്ടർ നൽകിയ മറുപടിയും.
മഴയായതിനാൽ സ്കൂളിന് അവധി ചോദിച്ച് ഒരു വിദ്യാർത്ഥി പത്തനംതിട്ട കലക്ടർക്ക് അയച്ച സന്ദേശവും അതിന് കലക്ടർ നൽകിയ മറുപടിയും.

സ്കൂളിൽ പോകാനും സവിശേഷം മലയാളം ക്ലാസിൽപോകാനുമാണ് വിദ്യാർത്ഥിയെ കളക്ടർ ഉപദേശിച്ചത്. ഈ വിദ്യാർത്ഥി ഏതു വിദ്യാഭ്യാസ സംവിധാനത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഇതിൽ അഭിപ്രയഭേദമുണ്ടാകാനുള്ള കാരണം. ‘ചത്തത് കീചകനെങ്കിൽ’ എന്ന ന്യായേന, അക്ഷരത്തെറ്റുണ്ടെങ്കിൽ സംശയിക്കേണ്ട, അത് പൊതുവിദ്യാലയത്തിലെ കുട്ടി തന്നെയാണ് എന്ന തീർപ്പാണ് ആദ്യം ഉണ്ടായത്. കാരണം അക്ഷരം പഠിപ്പിക്കാത്തതും ആശയാവതരണരീതിയുമൊക്കെ നേരത്തെ അവിടെ നിരന്തരം പഴിചാരപ്പെട്ട ഒന്നാണല്ലോ. എന്നാൽ പൊതുവിദ്യാലയങ്ങൾ ഒന്നും തുറക്കാത്ത സാഹചര്യത്തിൽ ഈ വിദ്വാൻ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന ചില അൺ എയിഡഡ് സകൂളിലാവാനേ തരമുള്ളൂ എന്നാണ് മറ്റു ചില താത്പരകക്ഷികളുടെ കണ്ടെത്തൽ. ട്യൂഷൻ ക്ലാസുകൾക്ക് കൂടി പെരുമഴ കാരണം കളക്ടർ അവധി നൽകിയിരുന്നു. ട്യൂഷന് പൊതു എന്നോ സ്വകാര്യ എന്നോ ഇപ്പോൾ ഭേദമില്ല. ടൂഷൻ ആണെങ്കിൽ അവിടെ മലയാളം ക്ലാസ് ഉണ്ടാവാനും തരമില്ല. എപ്പോൾ എവിടുത്തെ ഏതു മലയാളം ക്ലാസിൽ പോകാനാണ് കളക്ടർ ആ കുസൃതിയെ ഉപദേശിച്ചുവിട്ടത്?

എന്തുകൊണ്ട് ഇംഗ്ലീഷിൽ ആ വിദ്യാർത്ഥി കളക്ടർക്ക് എഴുതിയില്ല? ഇനി കളക്ടർക്ക് ഇംഗ്ലീഷ് മനസ്സിലാവില്ല, എന്ന് വിചാരിച്ചാവുമോ? മറിച്ച് നമ്മുടെ കുട്ടികൾ ഇംഗ്ലീഷും മലയാളവും ഇല്ലാത്തവരായി മാറിയതുകൊണ്ടാണോ?

കേരളത്തിൽ പൊതു ആയാലും സ്വകാര്യ ആയാലും സ്കൂളുകൾ മിക്കവാറും ഇംഗ്ലീഷ് മീഡിയമാണ്. ഒരു ഭാഷയായി പ്രാധാന്യത്തോടെ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. കൂടാതെയാണ് മറ്റെല്ലാ വിഷയങ്ങളും ഇംഗ്ലീഷിൽ പഠിക്കുന്നത്. നിരന്തരം കേൾക്കുകയും എഴുതുകയും ചെയ്യുന്നത് ഇംഗ്ലീഷ്. എന്തുകൊണ്ട് ആ ഭാഷയിൽ കുട്ടി കളക്ടർക്ക് എഴുതിയില്ല? ഇനി കളക്ടർക്ക് ഇംഗ്ലീഷ് മനസ്സിലാവില്ല, എന്ന് വിചാരിച്ചാവുമോ? മറിച്ച് നമ്മുടെ കുട്ടികൾ ഇംഗ്ലീഷും മലയാളവും ഇല്ലാത്തവരായി മാറിയതുകൊണ്ടാണോ?

പൊതുവിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകളിൽ പ്രാധാന്യത്തോടെ പഠിപ്പിച്ചിരുന്ന മലയാളം നേർത്ത് നേർത്ത് ഇപ്പോൾ നൂലിഴ പരുവത്തിലെ ഉള്ളൂ. ഏകദേശം അതിൽ പകുതി പിരിയഡും സംസ്കൃതമായി, അതിനായി പ്രത്യേകം പിരീഡും അധ്യാപകരും ഇല്ലെങ്കിലും! അതിനൊരു കാരണമുണ്ട്. മുൻപ് ചുരുക്കം സ്കൂളുകളിൽ ഉണ്ടായിരുന്ന അറബിക് പഠനം, മതാടിസ്ഥാനത്തിൽ കൊണ്ടുപിടിച്ച പ്രചാരണം കൊണ്ടും പത്തുകുട്ടികൾ പഠിക്കാനുണ്ടെങ്കിൽ എയിഡഡ് സ്കൂളുകൾക്ക് ലക്ഷങ്ങൾ വിലയുള്ള ഒരു അധ്യാപക തസ്തിക തരാകുന്നതുകൊണ്ടും അത് വ്യാപകമായി. കുറെയേറെ കുട്ടികൾ അപ്പോൾ ആ വഴിക്ക് പോവുകയാണ്. ഹിന്ദുവിന്റെ, ദേശത്തിന്റെ ഭാഷ സംസ്കൃതം ആണെന്നായി അപ്പോൾ ഇപ്പുറത്തുള്ള പ്രചരണം. അറബി പഠിക്കാത്ത കുട്ടികളെ ആ സമയം സംസ്കൃതം പഠിപ്പിക്കാൻ സൗജന്യമായി അകത്തുനിന്നും പുറത്തുനിന്നും പലരും സഹായിക്കുകയാണ് ഇപ്പോൾ. അതിനായി സർക്കാർപാഠപുസ്തകം തന്നെ തയാറാക്കികൊടുത്തിട്ടുണ്ട്. ഇത് തങ്ങളുടെ ജോലിഭാരത്തിനു അൽപം ഇളവുനൽകുമെന്നത് കൊണ്ട് പ്രൈമറിയിലെ ക്ലാസ് ടീച്ചർക്കും സന്തോഷമായി. സ്കൂൾ മേലധികാരികൾക്കും സന്തോഷം. വൃത്തിയായി മലയാളം പഠിപ്പിക്കാനുള്ള സമയമാണ് പതുക്കെപ്പതുക്കെ ഉപ്പുവെച്ച കലം പോലെയായത്.

നഴ്സറി ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള പഠനം നിർബന്ധമായി മാതൃഭാഷയിൽ വേണം എന്ന് നിർദേശിച്ച് സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലർ.
നഴ്സറി ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള പഠനം നിർബന്ധമായി മാതൃഭാഷയിൽ വേണം എന്ന് നിർദേശിച്ച് സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലർ.

യു.പി ക്ലാസിൽ എത്തുന്നതോടുകൂടി ഈ കുഞ്ഞുങ്ങൾ മലയാളത്തോട്, അതിനകം പകർന്നുകിട്ടിയ വെറുപ്പുമായി അറബിയും സംസ്കൃതവും ഔദ്യോഗികമായി തുടർന്നു പഠിക്കും. ആഴ്ചയിൽ രണ്ടു പിരീഡ്, അതിൽ കുറേപ്പേർ മലയാളം സെക്കന്റ് എന്ന പുസ്തകം പഠിച്ചാലായി. അതും ഒഴിവാക്കാൻ വകുപ്പിൽ പഴുതുണ്ട്! ഇനി ഇവിടെയെല്ലാം മലയാളം പഠിപ്പിക്കുന്നവരുടെ മലയാളം എന്തെന്നറിഞ്ഞാൽ അതിശയം കൂടുകയേ ഉള്ളൂ. പ്രൈമറി ക്ലാസിലോ, സെക്കന്ററി ക്ലാസിലോ മലയാളം ഒരു ഭാഷയായോ മാധ്യമമായോ പഠിക്കാത്തവർ വരെ പ്രൈമറി ക്ലാസുകളിൽ മലയാളം പഠിപ്പിക്കുന്നുണ്ട്. പൊതുവിദ്യാലയത്തിലും സ്വകാര്യ വിദ്യാലയത്തിലും! അങ്ങനെയും ഈ നാട്ടിൽ നിയമമുണ്ട്. (വലിയ ചില പ്രതിഷേധങ്ങളുടെ ഭാഗമായി പൊതുവിദ്യാലയത്തിൽ ഇപ്പോൾ അത് നടക്കില്ല. പ്രൈമറി അധ്യാപകരാവണമെങ്കിൽ മലയാള മാധ്യമത്തിലോ ഒന്നാം ഭാഷയായി മലയാളത്തിലോ പഠിച്ചിരിക്കണം). ഇതൊക്കെ പരിശോധിച്ചാൽ ആ കുഞ്ഞ് അത്രയെങ്കിലും മലയാളത്തിൽ എഴുതിയത് നന്നായി എന്നേ പറഞ്ഞുകൂടൂ. ചുരുക്കത്തിൽ തെറ്റ് വരുത്തിയത് ആ കുഞ്ഞല്ല. കളക്ടർ ഉപദേശിക്കേണ്ടതും കുഞ്ഞുങ്ങളെയല്ല. രക്ഷിതാക്കളും രാഷ്ട്രീയക്കാരും ഭരണക്കാരുമായ മുതിർന്നവരെയാണ്, ഒപ്പം അധ്യാപകരെയും.

തെറ്റ് വരുത്തിയത് ആ കുഞ്ഞല്ല. കളക്ടർ ഉപദേശിക്കേണ്ടതും കുഞ്ഞുങ്ങളെയല്ല. രക്ഷിതാക്കളും രാഷ്ട്രീയക്കാരും ഭരണക്കാരുമായ മുതിർന്നവരെയാണ്, ഒപ്പം അധ്യാപകരെയും.

മാതൃഭാഷയിലേക്ക് CBSE

CBSE രാജ്യത്തെ മുപ്പതിനായിരത്തിൽ പരം സ്കൂളുകൾക്ക് അടിയന്തര പ്രാധാന്യത്തോടെ ഒരു നിർദ്ദേശം കൊടുത്തതും ഇതോടു ചേർത്തുവെച്ച് വായിക്കാവുന്നതാണ്. നഴ്സറി ക്ലാസുമുതൽ അഞ്ചാം ക്ലാസുവരെയുള്ള പഠനം നിർബന്ധമായി മാതൃഭാഷയിൽ വേണം എന്നതാണത്. നാഷണൽ കരിക്കുലം ഫ്രെയിം വർക്കിന്റെയും പുതിയ വിദ്യാഭ്യാസ നയത്തിന്റെയും ഭാഗമാണ് ഇത്. കോർപ്പറേറ്റുവത്കരണം, അധികാര കേന്ദ്രീകരണം, വർഗ്ഗീയവത്കരണം തുടങ്ങിയ വൻചതിക്കുഴികൾ നിറഞ്ഞിരിക്കുമ്പോഴും നാഷണൽ എഡുക്കേഷൻ പോളിസി മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തെ എടുത്തുപറയുന്നുണ്ട്. എന്തായാലും CBSE ഉത്തരവ് പ്രകാരം ജൂലായ് മുതൽ കേരളത്തിലെ പതിനായിരക്കണക്കിനു CBSE സ്കൂളുകൾ മലയാള മാധ്യമത്തിലായിരിക്കും പഠിപ്പിക്കേണ്ടിവരിക! ഓർക്കുമ്പോൾ തന്നെ ചിരിച്ചുവയ്യാതായി പോകുന്ന സംഭവങ്ങളാണ് ഇതേതുടർന്ന് ഭാവന ചെയ്യാൻ കഴിയുക. മലയാളത്തെ ഒഴിവാക്കാനും ഇംഗ്ലീഷ് വെള്ളം വെള്ളം പോലെ പറയാനുമാണ് പൊതുവിദ്യാലയങ്ങളെ ഒഴിവാക്കി വലിയ ഫീസ് കൊടുത്ത് സ്വകാര്യ CBSE സ്കൂളിൽ ചേർത്തതുതന്നെ. അവിടെയും ഈ 'ഡേർട്ടി' മലയാളമോ? സമുദായശ്രേണിയുടെ മുകളിലെത്താൻ കുറുക്കുവഴിയായി സ്വാകാര്യസ്കൂളുകൾ തെരെഞ്ഞെടുത്തവർ തീർച്ചയായും നെടുവീർപ്പിടും. അപ്പോൾ പിന്നെ തൊട്ടടുത്ത് സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം വിദ്യാലയവും നല്ലകെട്ടിടങ്ങളും ഉള്ളതിലേക്ക് അവർ മാറുമോ? അവിടെ പക്ഷേ, 'കോമൺ പീപ്പിൾ' പഠിക്കുന്നുണ്ടല്ലോ? നമ്മുടെ സ്വന്തം ആളുകൾ മാത്രമല്ലല്ലോ? അത് ഒരു കുഴഞ്ഞ വിഷയമാണ്. CBSE പോലും മാതൃഭാഷയിൽ ആകണം പഠനം എന്നുപറയുമ്പോൾ സർക്കാർ സ്കൂളുകളും ആ വഴി സ്വീകരിക്കില്ലേ? ഒഴിഞ്ഞു മാറാനാകുമോ? അതും കരിക്കുലം രേഖയിലെല്ലാം മാതൃഭാഷയിൽ പഠിക്കേണ്ടതിന്റെ പ്രാധാന്യം ആയിരം തവണ അടിവരയിട്ടു പറഞ്ഞവർക്ക്? എന്തായാലും പത്താം ക്ലാസുവരെ പൊതുവിദ്യാലയത്തിലേക്ക് ടി സി ഇല്ലാതെതന്നെ കുട്ടികളെ പ്രവേശിപ്പിക്കാം എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. അതാണാശ്വാസം.

ഇംഗ്ലീഷ് മീഡിയം കോട്ടകളിൽ പോലും മലയാളം വേണമെന്ന വാദം ഉയരുമ്പോൾ 'മലയാളം' , 'മാതൃഭാഷ' എന്നിങ്ങനെ രോമാഞ്ച പുളകിതരാകുന്നവർ തങ്ങളുടെ സ്കൂൾ വാതിലുകൾ മാതൃഭാഷയ്ക്കുനേരെ കൊട്ടിയടക്കുമോ?
ഇംഗ്ലീഷ് മീഡിയം കോട്ടകളിൽ പോലും മലയാളം വേണമെന്ന വാദം ഉയരുമ്പോൾ 'മലയാളം' , 'മാതൃഭാഷ' എന്നിങ്ങനെ രോമാഞ്ച പുളകിതരാകുന്നവർ തങ്ങളുടെ സ്കൂൾ വാതിലുകൾ മാതൃഭാഷയ്ക്കുനേരെ കൊട്ടിയടക്കുമോ?

CBSE ഈ ഉത്തരവ് നടപ്പാക്കുമെന്ന് ഒരു ഉറപ്പുമില്ല. അങ്ങനെ സ്കൂളുകളെ നിയന്ത്രിക്കാൻ ഇന്നുവരെ അവർ മുതിർന്നിട്ടുമില്ല. അത് ഒരു നിർദ്ദേശമായി ഏട്ടിൽ അവിടെ കിടക്കും. അത്രമാത്രം. എന്നാൽ അത്തരമൊരു ഉത്തരവ് ഇറങ്ങിയല്ലോ. നാളെ ഒരാൾക്ക് വേണമെങ്കിൽ തന്റെ മകളെ മാതൃഭാഷയിൽ പഠിപ്പിക്കുന്നില്ല എന്നുപറഞ്ഞ് ഈ ഉത്തരവുമായി കോടതിയിൽ പോകാം. സർക്കാരിൽ അപ്പീൽ പോകാം. എന്നാൽ എന്താണ് കേരള സർക്കാരിന്റെ നിലപാട്. നേരത്തെ പറഞ്ഞപോലെ, മാതൃഭാഷയിലൂടെയുള്ള പഠനത്തിന്റെ പ്രാധാന്യം ലോകത്തെ ഇന്നുവരെയുള്ള വിദ്യാഭ്യാസ തത്വശാസ്ത്രജ്ഞരെയും സൈക്കോളജിസ്റ്റുകളെയും ന്യൂറോ സയൻസുകാരെയും ആണയിട്ടും വിദ്യാഭ്യാസത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ അനുഭവം തൊട്ടുകാട്ടിയും നമ്മുടെ വിദ്യാഭ്യാസദർശനത്തിൽ പുളകിതരായും പാടിനീട്ടിയ സ്വന്തം കരിക്കുലം അവർ ഇറക്കുമോ അതോ തുപ്പുമോ? ഇംഗ്ലീഷ് മീഡിയം കോട്ടകളിൽ പോലും മലയാളം വേണമെന്ന വാദം ഉയരുമ്പോൾ 'മലയാളം' , 'മാതൃഭാഷ' എന്നിങ്ങനെ രോമാഞ്ച പുളകിതരാകുന്നവർ തങ്ങളുടെ സ്കൂൾ വാതിലുകൾ മാതൃഭാഷയ്ക്കുനേരെ കൊട്ടിയടക്കുമോ? ഈ സവിശേഷ സന്ദർഭം മുൻനിർത്തി പ്രൈമറി ക്ലാസുകളിൽ എങ്കിലും മാതൃഭാഷാമാധ്യമം നിർബന്ധമാക്കുകയും ഇംഗ്ലീഷ് മീഡിയം എന്നത് നിർത്തലാക്കുകയും ചെയ്യുമോ? അക്കാദമിക വിഷയങ്ങൾ മർമ്മപ്രധാനമായി കാണേണ്ടുന്ന കേരളത്തിലെ അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഈ വിഷയത്തിൽപ്രതികരിക്കുമോ? എല്ലാം കാത്തിരുന്നു കാണാം.

ഏതായാലും പുതിയ അധ്യയന വർഷം ആഹ്ലാദകരമായ വാർത്തകളുമായി മഴവിൽകൗതുകത്തോടെ തെളിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.

Comments