1966 ഒക്ടോബർ 5 ന് പാരീസിൽ വെച്ച്, അധ്യാപകരുടെ പദവി, അവകാശങ്ങൾ, പ്രവർത്തന സാഹചര്യം എന്നിവ സംബന്ധിച്ച സുപ്രധാനമായ നിർദ്ദേശങ്ങൾ യുനെസ്കോയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഒ) ശുപാർശ ഒപ്പുവെയ്ക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള അധ്യാപകരുടെ പ്രൊഫഷണൽ നിലവാരം ഉറപ്പുവരുത്തുക എന്നതായിരുന്നു ഈ ചരിത്രപരമായ ഉടമ്പടിയുടെ കാതൽ. ഈ ദിനത്തിന്റെ സ്മരണയിലാണ് അന്താരാഷ്ട്ര അധ്യാപക ദിനം ആചരിക്കുന്നത്. അധ്യാപകരുടെ പദവി ഉയർത്തിപ്പിടിക്കാനും വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുമുള്ള ആഹ്വാനമാണ് അന്താരാഷ്ട്ര അധ്യാപക ദിനത്തിന്റെ സന്ദേശം. ഈ ദിനത്തിൽ കേരളം നേരിടുന്ന സവിശേഷമായ വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഒരു വശത്ത് ദേശീയതലത്തിൽ നടന്ന പഠനനേട്ട സർവ്വേയിൽ പഞ്ചാബിന് തൊട്ടു പിന്നിലായി മികച്ച നേട്ടം കൈവരിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാൽ അതേ മികവിനെ തുരങ്കം വെക്കുന്ന രീതിയിലുള്ള സാമ്പത്തിക ഉപരോധത്തിലൂടെ കേന്ദ്ര ഭരണകൂടം പ്രവർത്തിക്കുന്നു. അതുവഴി കേരള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉന്നതിയിലെത്തിക്കുവാനുള്ള സവിശേഷ പ്രവർത്തനങ്ങളെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു. നമ്മുടെ പൊതുവിദ്യാഭ്യാസരംഗം സമീപകാലത്ത് ഈ സവിശേഷമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തിന്, വിദ്യാഭ്യാസരംഗത്തെ പ്രയാണത്തിന് ആവശ്യമായ നിയമപരമായ സാമ്പത്തിക വിഹിതം നിഷേധിക്കപ്പെടുന്നത് ഓരോ കേരളീയനും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് കേവലം ഒരു സാമ്പത്തിക തർക്കമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പരമാധികാരത്തെയും കുട്ടികളുടെ അവകാശങ്ങളെയും ദൂരവ്യാപകമായി ബാധിക്കുന്ന ഒരു നിർണായക പ്രശ്നമാണ്. ഈ സാഹചര്യത്തിന്റെ യഥാർത്ഥ കാരണങ്ങളും പ്രത്യാഘാതങ്ങളും അതുകൊണ്ടുതന്നെ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ദേശീയ പഠനനേട്ട സർവ്വേ നൽകുന്ന ചിത്രം
2024-ൽ പുറത്തുവന്ന ദേശീയ പഠനനേട്ട സർവ്വേയുടെ (NAS) ഫലങ്ങൾ കേരളത്തിന് സമ്മാനിച്ചത് അഭിമാന നിമിഷങ്ങളായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കുന്നതിനായി ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന് കീഴിൽ സ്ഥാപിച്ച ഒരു ദേശീയ മൂല്യനിർണ്ണയ കേന്ദ്രമാണ് . 'PARAKH' ((Performance Assessment, Review, and Analysis of Knowledge for Holistic Development) രാജ്യത്തെ വിദ്യാഭ്യാസ മൂല്യനിർണ്ണയ സംവിധാനം പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സുപ്രധാന സംരംഭമാണിത്.
'PARAKH' എന്ന സംവിധാനത്തിന്റെ ഭാഗമായി നടത്തിയ ഈ സമഗ്രമായ വിലയിരുത്തലിൽ, കേരളത്തിലെ വിദ്യാർത്ഥികൾ ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിലെത്തി. സർവേയുടെ ഭാഗമായി വിലയിരുത്തപ്പെട്ട 3, 6, 9 ക്ലാസുകളിലെല്ലാം കേരളം വ്യക്തമായ ആധിപത്യം പുലർത്തുകയുണ്ടായി. മൂന്നാം ക്ലാസിലെ കുട്ടികൾ ഭാഷയിൽ 11 ശതമാനവും ഗണിതത്തിൽ 10 ശതമാനവും അധിക സ്കോർ നേടിയപ്പോൾ, ആറാം ക്ലാസ്സിൽ ഭാഷയിൽ 20%, ഗണിതത്തിൽ 14%, 'പരിസര പഠനത്തിൽ 17% എന്നിങ്ങനെയായിരുന്നു ദേശീയ ശരാശരിയേക്കാൾ ഉയർന്ന സ്കോർ. ഒമ്പതാം ക്ലാസ്സിൽ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ഈ കണക്കുകൾ കേവലം അക്കങ്ങളല്ല, മറിച്ച് കേരളം പതിറ്റാണ്ടുകളായി പടുത്തുയർത്തിയ ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണമേന്മയുടെ നേർസാക്ഷ്യമാണ്.

കേരളത്തിന്റെ ഈ ഉജ്ജ്വല വിജയത്തിന് തിളക്കമേകുന്നത് അത് നേടിയെടുത്ത സാഹചര്യങ്ങളാണ്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങൾ ഈ നേട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ദേശീയതലത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സായിരിക്കെ, കേരളത്തിൽ അഞ്ച് വയസ്സിലാണ് കുട്ടികൾ സ്കൂളിൽ ചേരുന്നത്. ഇത് കാരണം, സർവേയിൽ പങ്കെടുത്ത മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളേക്കാൾ ഒരു വയസ്സ് കുറവായിരുന്നു കേരളത്തിലെ കുട്ടികൾക്ക്. ഈ പ്രായവ്യത്യാസത്തെ ഒരു പരിമിതിയായി കാണാതെ, അതിനെ അതിജീവിച്ചാണ് നമ്മുടെ വിദ്യാർത്ഥികൾ മുന്നിട്ടുനിന്നത്. കേരളത്തിലെ കുട്ടികൾ പഠിക്കുന്നത് സംസ്ഥാന സിലബസിലാണെങ്കിലും, അവർ ഈ നേട്ടം കൈവരിച്ചത് ദേശീയ സിലബസ് (NCERT) അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പരീക്ഷയിലായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. സ്വന്തം പാഠ്യപദ്ധതിക്ക് അപ്പുറത്തുള്ള ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് ഉന്നതവിജയം നേടാൻ കേരളത്തിലെ മക്കൾക്ക് സാധിച്ചത് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അടിസ്ഥാനപരമായ കരുത്തും ഗുണമേന്മയും വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഈ നേട്ടം കേവലം അക്കാദമിക മികവിൽ ഒതുങ്ങുന്നില്ല, മറിച്ച് സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച സാമൂഹിക പുരോഗതിയുടെ പ്രതിഫലനം കൂടിയാണ്. ആൺ-പെൺ വ്യത്യാസമില്ലാതെയും ഗ്രാമ-നഗര ഭേദമില്ലാതെയും വിദ്യാർത്ഥികൾ ഒരുപോലെ മികച്ച നിലവാരം പുലർത്തി എന്നത് ഈ നേട്ടത്തിന്റെ ഏറ്റവും തിളക്കമുള്ള വശങ്ങളിലൊന്നാണ്. പലപ്പോഴും ദേശീയതലത്തിൽ നിലനിൽക്കുന്ന പഠനവിടവുകൾ കേരളത്തിൽ ഇല്ലെന്ന് ഇത് തെളിയിക്കുന്നു. ഇതിലും പ്രധാനമായി, പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളും ദേശീയ ശരാശരിയേക്കാൾ ഉയർന്ന സ്കോർ നേടിയെന്നത്, സംസ്ഥാനത്തെ വിദ്യാഭ്യാസ നയങ്ങൾ എത്രത്തോളം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് വ്യക്തമാക്കുന്നു. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലേക്ക് പോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം എത്തിക്കാൻ സാധിച്ചു എന്നതാണ് കേരള മാതൃകയുടെ യഥാർത്ഥ വിജയം. ഇത് കേവലം പഠനനേട്ടമല്ല, സാമൂഹിക നീതിയുടെ വിജയമാണ്. കേരളം , കേരളത്തിന്റെ റിസൾട്ടിനോട് തന്നെ മത്സരിച്ച് ഇനിയും മുന്നേറേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതോടൊപ്പം തന്നെ ചില ജില്ലകളിൽ കാണുന്ന പഠനനേട്ട സർവ്വേയിലെ പിന്നോക്കാവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 14,500 സ്കൂളുകളെ 'മാതൃകാ സ്കൂളുകളാക്കി' മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പി.എം. ശ്രീ. സംസ്ഥാനങ്ങൾക്ക് ഇതിൽ ചേരാനോ ചേരാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്. ഈ പദ്ധതിയിൽ ചേരാത്തതിന്റെ പേരിൽ നിയമപരമായ ഒരു പദ്ധതിക്കുള്ള ഫണ്ട് തടഞ്ഞുവെക്കുന്നു എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
കേരളത്തിന്റെ കുറ്റം: മികവ് പുലർത്തിയതോ?
ഇത്രയും അഭിമാനകരമായ നേട്ടങ്ങൾക്കിടയിലും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാൻ (SSA) കേരളത്തിൽ നടപ്പിലാക്കുന്നത് സമഗ്ര ശിക്ഷാ കേരളം (SSK) വഴിയാണ്. ഈ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് നിയമപരമായി ലഭിക്കേണ്ടിയിരുന്ന കേന്ദ്ര വിഹിതം വലിയ തോതിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുവാനുള്ള പ്രവർത്തനങ്ങൾക്ക് നാം മുഖ്യമായി ആശ്രയിച്ചിരുന്നത് സമഗ്ര ശിക്ഷാ ഫണ്ടിനെയാണ്. കേന്ദ്ര ആവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷയിൽ ആകെ ചിലവഴിക്കുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളുമാണ് നൽകുന്നത്. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ₹1381.17 കോടി രൂപയുടെ കേന്ദ്ര വിഹിതത്തിൽ, ഇനിയും ₹1148.13 കോടി രൂപ ലഭിക്കാനുണ്ട്. ഇത് കേവലം ഒരു ഗഡു വൈകുന്നതല്ല, മറിച്ച് 2023-24 വർഷത്തിൽ ഭാഗികമായി തുക അനുവദിച്ച ശേഷം, തുടർന്നുള്ള വർഷങ്ങളിൽ ഫണ്ട് ഏതാണ്ട് പൂർണ്ണമായും തടഞ്ഞുവെക്കുന്ന ഒരു സാഹചര്യമാണുണ്ടായത്. ഈ കണക്കുകൾ സംസ്ഥാന സർക്കാറിന് കേന്ദ്രം അടിച്ചേൽപ്പിച്ച ഒരു സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രം മാത്രമല്ല, ഒരു നയപരമായ തീരുമാനത്തിന്റെ പ്രത്യാഘാതം കൂടിയാണ് വെളിപ്പെടുത്തുന്നത്.

ഈ ഫണ്ട് തടഞ്ഞുവെക്കലിന് പിന്നിൽ രാഷ്ട്രീയപരമായ വിവേചനമുണ്ടെന്ന ആരോപണം ശക്തമാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ഒരു രൂപ പോലും നൽകിയില്ല. എന്നാൽ ഉത്തർപ്രദേശിന് ₹4,487 കോടിയും ഗുജറാത്തിന് ₹847 കോടിയും ജാർഖണ്ഡിന് ₹1,073 കോടിയും നൽകുകയുണ്ടായി. ഈ കണക്കുകൾ കേന്ദ്ര നടപടിയിലെ അസന്തുലിതാവസ്ഥ വ്യക്തമാക്കുന്നു. ഇത് സംസ്ഥാന സർക്കാരിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഭീമമായ അധികഭാരമാണ്. കേന്ദ്ര വിഹിതം നിലച്ചതോടെ, സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ശമ്പളം നൽകാനുള്ള പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടി വന്നു. ഇത് വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ‘സാമ്പത്തിക ബലപ്രയോഗ’മായി മാറുകയാണ്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീല സമിതി പാഠപുസ്തക രചയിതാക്കൾക്ക് പണം കൊടുത്തില്ല എന്ന വാർത്ത അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടിയിരുന്നു. ഒരർത്ഥത്തിൽ കേന്ദ്രം തരാത്ത ഈ ഫണ്ടാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്. സമഗ്ര ശിക്ഷാ കേരളത്തിനുള്ള ഫണ്ട് തടഞ്ഞുവെക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ഔദ്യോഗിക കാരണം, കേരളം ‘പി.എം. ശ്രീ’ (PM Schools for Rising India) പദ്ധതി നടപ്പിലാക്കാൻ വിസമ്മതിച്ചു എന്നതാണ്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയിൽ, കേരളം പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെക്കാത്തതുകൊണ്ടാണ് ഫണ്ട് നൽകാൻ കഴിയാത്തതെന്ന് വ്യക്തമായി പറയുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 14,500 സ്കൂളുകളെ ‘മാതൃകാ സ്കൂളുകളാക്കി’ മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പി.എം. ശ്രീ. സംസ്ഥാനങ്ങൾക്ക് ഇതിൽ ചേരാനോ ചേരാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്. ഈ പദ്ധതിയിൽ ചേരാത്തതിന്റെ പേരിൽ നിയമപരമായ ഒരു പദ്ധതിക്കുള്ള ഫണ്ട് തടഞ്ഞുവെക്കുന്നു എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
കേന്ദ്രം മുന്നോട്ടുവെക്കുന്ന ഈ വാദം നിയമപരമായും വസ്തുതാപരമായും നിലനിൽക്കുന്നതല്ല. സമഗ്ര ശിക്ഷാ അഭിയാൻ (SSA), പി.എം. ശ്രീ എന്നീ രണ്ട് പദ്ധതികളും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവയാണ്. സമഗ്ര ശിക്ഷാ പദ്ധതി, പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം, 2009 (RTE Act) നടപ്പിലാക്കുന്നതിനുള്ള ഒരു നിയമപരമായ സംവിധാനമാണ്. രാജ്യത്തെ 6 മുതൽ 14 വയസ്സുവരെയുള്ള ഓരോ കുട്ടിക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. സമഗ്ര ശിക്ഷാ പദ്ധതി ഈ നിയമപരമായ കടമ നിർവഹിക്കുന്നതിനുള്ള സാമ്പത്തിക ചട്ടക്കൂടാണ്. അതിനാൽ, ഇതിലെ കേന്ദ്ര വിഹിതം ഒരു ഔദാര്യമല്ല, നിയമപരമായ ഒരു കടമയാണ്. എന്നാൽ പി.എം. ശ്രീ പൂർണ്ണമായും ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്. നിയമപരമായ ബാധ്യതയായ സമഗ്ര ശിക്ഷാ ഫണ്ടിനെ, പി.എം. ശ്രീ പദ്ധതിയോടുള്ള ഒരു സംസ്ഥാനത്തിന്റെ നിലപാടുമായി ബന്ധിപ്പിക്കുന്നത് തന്നെ നിയമവിരുദ്ധമാണ്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനം
ഈ വിഷയത്തിലെ ഏറ്റവും ഗുരുതരമായ നിയമലംഘനം നടക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമം, 2009 (RTE Act) മായി ബന്ധപ്പെട്ടാണ്. ഈ നിയമം നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യമായി പങ്കുവെക്കപ്പെട്ടതാണ് . സമഗ്ര ശിക്ഷാ അഭിയാൻ ഈ നിയമപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനുള്ള ഔദ്യോഗിക സംവിധാനവുമാണ്. അതായത്, സമഗ്ര ശിക്ഷയ്ക്കുള്ള കേന്ദ്ര വിഹിതം ഒരു വിവേചനാധികാര ഗ്രാൻ്റല്ല, മറിച്ച് RTE നിയമം നടപ്പിലാക്കുന്നതിനുള്ള ഒരു നിയമപരമായ ബാധ്യതയാണ്. ഈ ഫണ്ട് തടഞ്ഞുവെക്കുന്നതിലൂടെ, കേന്ദ്ര സർക്കാർ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെയും അതുവഴി കുട്ടികളുടെ മൗലികാവകാശത്തെയുമാണ് അട്ടിമറിക്കുന്നത്. ഭരണഘടനാപരമായ അധികാര ശ്രേണിയിൽ, പാർലമെന്റ് പാസാക്കിയ നിയമത്തിനാണ് എക്സിക്യൂട്ടീവ് നയത്തേക്കാൾ പ്രാബല്യം എന്ന അടിസ്ഥാന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു.
കേരളം പി.എം. ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്നത് കേവലം രാഷ്ട്രീയ എതിർപ്പ് കൊണ്ടല്ല, മറിച്ച് സംസ്ഥാനത്തിന് അതിലും മികച്ചതും സമഗ്രവുമായ ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. പി.എം. ശ്രീ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് സ്കൂളുകളെ ‘മാതൃകാ കേന്ദ്രങ്ങളാക്കി’ മാറ്റുക എന്നതു മാത്രമാണ്. എന്നാൽ കേരളം വർഷങ്ങളായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം പോലുള്ള പദ്ധതികളിലൂടെ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളെയും ‘മികവിന്റെ കേന്ദ്രങ്ങളാക്കി’ മാറ്റാനുള്ള ശ്രമത്തിലാണ്. കേന്ദ്ര പദ്ധതി തിരഞ്ഞെടുത്ത സ്കൂളുകളെ മാത്രം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ്. എന്നാൽ സാർവത്രികമായ ഗുണമേന്മ ഉറപ്പാക്കുകയാണ് കേരളത്തിന്റെ കാഴ്ചപ്പാട്. ഫണ്ട് തടഞ്ഞുവെക്കുന്ന നടപടിയിലൂടെ കേന്ദ്രം ദുർബലപ്പെടുത്തുന്നത് കേരളത്തിന്റെ സവിശേഷമായ ഈ ഇടപെടലിനെയാണ്. ഈ ഫണ്ട് തടഞ്ഞുവെക്കൽ നേരിട്ട് ബാധിക്കുന്നത് അധ്യാപകരെയും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരെയുമാണ്; അതുവഴി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തേയും.
ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾക്കായി ആവശ്യമായ ചാർട്ടുകൾ, മാപ്പുകൾ, മറ്റ് സാമഗ്രികൾ എന്നിവ വാങ്ങാൻ അധ്യാപകർക്ക് നൽകിയിരുന്ന 'ടീച്ചർ ഗ്രാൻ്റ്' ഇല്ലാതായതോടെ, പല അധ്യാപകരും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി പഠനോപകരണങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്നു.
അധ്യാപകരുടെ അറിവും കഴിവും നിരന്തരം നവീകരിക്കുന്നതിനായി സമഗ്ര ശിക്ഷാ പദ്ധതി വഴി നൽകിയിരുന്ന ഇൻ-സർവീസ് പരിശീലന പരിപാടികൾ ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. പുതിയ പഠനരീതികൾ, പാഠ്യപദ്ധതി പരിഷ്കരണങ്ങൾ, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ പരിശീലനം ലഭിക്കാത്തത് അധ്യാപകരുടെ മനോവീര്യം കെടുത്തുകയും ക്ലാസ് മുറികളിലെ പഠന-ബോധന നിലവാരത്തെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതിലും ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കുന്നത് സമഗ്ര ശിക്ഷാ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കരാർ ജീവനക്കാരാണ്. ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (BRC) ട്രെയ്നർമാർ, സ്പെഷ്യൽ എജ്യൂക്കേറ്റർമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങി ആയിരക്കണക്കിന് ജീവനക്കാർക്ക് മാസങ്ങളായി കേന്ദ്ര വിഹിതത്തിൽ നിന്നുള്ള ശമ്പളം ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ഇടപെട്ട് സ്വന്തം ഫണ്ടിൽ നിന്ന് ശമ്പളം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ അനിശ്ചിതാവസ്ഥ അവരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു.

ദുർബലരായ ഇരകൾ
കേന്ദ്രത്തിന്റെ ഈ നടപടി ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് നമ്മുടെ ഭിന്നശേഷിക്കാരായ കുട്ടികളെയാണ് (Children with Special Needs - CWSN). അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ, തെറാപ്പി സൗകര്യങ്ങൾ, യാത്രാബത്ത, സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ സേവനം എന്നിവ ഉറപ്പാക്കിയിരുന്നത് പൂർണ്ണമായും സമഗ്ര ശിക്ഷാ ഫണ്ടിലൂടെയാണ്. ഫണ്ട് നിലച്ചതോടെ ഈ കുട്ടികൾക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗണനയും പിന്തുണയിലും കുറവ് വന്നിരിക്കുന്നു. ഇത് കേവലം ഒരു സൗകര്യം നിഷേധിക്കലല്ല, മറിച്ച് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിനുള്ള (inclusive education) അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുർബലരായ ഒരു വിഭാഗത്തോട് കാണിക്കുന്ന ഈ അവഗണനയ്ക്ക് ഒരു ന്യായീകരണവുമില്ല. ഒരു വികസിത സമൂഹമെന്ന നിലയിൽ നാം ആർജ്ജിച്ചെടുത്ത പുരോഗമനപരമായ മൂല്യങ്ങളുടെയെല്ലാം നിഷേധമായി ഈ നടപടി മാറുന്നു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ മാത്രമല്ല, എല്ലാ വിദ്യാർത്ഥികളെയും ഈ ഫണ്ട് പ്രതിസന്ധി ബാധിച്ചിരിക്കുന്നു. സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ചെറിയ അറ്റകുറ്റപ്പണികൾക്കുമായി നൽകിയിരുന്ന സ്കൂൾ ഗ്രാന്റ്, മെയിന്റനൻസ് ഗ്രാന്റ് എന്നിവ പൂർണ്ണമായും നിലച്ചു. ഇത് സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളെയും സുരക്ഷയെയും വരെ ബാധിക്കാം. ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾക്കായി ആവശ്യമായ ചാർട്ടുകൾ, മാപ്പുകൾ, മറ്റ് സാമഗ്രികൾ എന്നിവ വാങ്ങാൻ അധ്യാപകർക്ക് നൽകിയിരുന്ന ‘ടീച്ചർ ഗ്രാൻ്റ്’ ഇല്ലാതായതോടെ, പല അധ്യാപകരും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി പഠനോപകരണങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്നു. ഇത് അവരുടെ സാമ്പത്തിക ഭാരവും തൊഴിൽ സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കുള്ള വർക്ക്ഷീറ്റുകൾ, അധ്യാപക സഹായി തുടങ്ങിയവ അച്ചടിച്ച് വിതരണം ചെയ്തിരുന്ന പ്രവർത്തനങ്ങൾ സ്തംഭിച്ചത് സ്കൂളുകളിലെ അക്കാദമിക പ്രവർത്തനങ്ങളെ നേരിട്ട് ബാധിച്ചിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസമേഖലയിൽ ഇത് ശക്തമായി അനുഭവപ്പെടാതിരിക്കുന്നതിനുള്ള കാരണം സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുകളാണ്. അതോടൊപ്പം അധ്യാപകർ മുൻകൈയെടുത്ത് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും മൂലമാണ്.
പാർലമെന്റിന്റെ ശബ്ദം കേരളത്തിന് അനുകൂലം
പാർലമെന്റിന്റെ ഒരു സുപ്രധാന സമിതിയായ വിദ്യാഭ്യാസ, വനിതാ, ശിശു, യുവജന, കായിക കാര്യങ്ങൾക്കായുള്ള സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് ഈ വിവേചനത്തിനെതിരെ അതിശക്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. രാജ്യസഭാംഗമായ ദിഗ്‌വിജയ് സിങ് ആയിരുന്നു റിപ്പോർട്ട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ. ഇതിൽ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ ഉൾപ്പെടുന്നു. ഈ സമിതിയുടെ റിപ്പോർട്ടുകൾക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും, NCERT, UGC, CBSE, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ മേധാവികളുമായും വിശദമായ ചർച്ചകൾ നടത്തിയും ചോദ്യാവലികൾ ഉപയോഗിച്ചും സമിതി വിവരങ്ങൾ ശേഖരിച്ചു. ഇത്തരത്തിൽ ആഴത്തിലുള്ള പരിശോധനകൾക്ക് ശേഷമാണ് സമിതി തങ്ങളുടെ കണ്ടെത്തലുകളും ശുപാർശകളും ക്രോഡീകരിച്ച് റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും സമർപ്പിച്ചത്.
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെക്കാത്ത ചില സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ (SSA) ഫണ്ട് നൽകാത്തതിനെ സമിതി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയത്തിൽ കുടിശ്ശികയുള്ള ഭീമമായ തുക റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ന്യായീകരണം റിപ്പോർട്ട് പരിശോധിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പദ്ധതിയാണ് SSA എന്നും, പി.എം. ശ്രീ എന്നത് NEP-ക്ക് കീഴിലുള്ള ഒരു മാതൃകാ സ്കൂൾ പദ്ധതിയാണെന്ന സർക്കാർ വാദത്തെ റിപ്പോർട്ട് തള്ളുന്നു. എന്നാൽ, ഈ വാദം "വസ്തുതാപരമോ ന്യായീകരിക്കാവുന്നതോ അല്ല" (not factual or justified) എന്നാണ് സമിതി തറപ്പിച്ചു പറയുന്നത്. ഒരു പ്രത്യേക പദ്ധതിയായ പി.എം. ശ്രീയിൽ ചേരാത്തതിന്റെ പേരിൽ SSA ഫണ്ട് തടഞ്ഞുവെക്കുന്നത് ഒരു തരത്തിലും "ന്യായീകരിക്കാനാവില്ല" എന്നും സമിതി നിരീക്ഷിക്കുന്നു.

സമഗ്ര ശിക്ഷാ അഭിയാൻ (SSA) പി.എം. ശ്രീ പദ്ധതിക്ക് മുൻപേ നിലവിലുള്ള ഒന്നാണെന്നും, അതിന്റെ പ്രധാന ലക്ഷ്യം വിദ്യാഭ്യാസ അവകാശ നിയമം (RTE Act) നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണെന്നും സമിതി വ്യക്തമാക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം (RTE) എന്നത് പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ്, അത് ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം നൽകുന്നു. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം (NEP) ഒരു എക്സിക്യൂട്ടീവ് നയ പ്രസ്താവന മാത്രമാണ്. അതിനാൽ, ഒരു മൗലികാവകാശം നടപ്പിലാക്കുന്ന SSA പദ്ധതിയെ, ഒരു എക്സിക്യൂട്ടീവ് നയം കൊണ്ട് മറികടക്കാൻ കഴിയില്ലെന്ന് സമിതി സ്ഥാപിക്കുന്നു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണെന്നും അവരുടെ മൊത്ത എൻറോൾമെന്റ് അനുപാതം (GER) ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണെന്നും സമിതി നിരീക്ഷിക്കുന്നു. എന്നാൽ ഫണ്ട് തടഞ്ഞുവെച്ചത് ഈ സംസ്ഥാനങ്ങളിലെ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപക പരിശീലനം, വിദ്യാർത്ഥികൾക്കുള്ള പിന്തുണ എന്നിവയിലെ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയെന്ന് റിപ്പോർട്ട് പറയുന്നു. കേന്ദ്ര വിഹിതം വൈകുന്നത് കാരണം അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ സംസ്ഥാനങ്ങൾക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയും റിപ്പോർട്ട് പരാമർശിക്കുന്നു. കേരളത്തിലെ അധ്യാപക സമൂഹവും വിദ്യാഭ്യാസ പ്രവർത്തകരും ആവശ്യപ്പെടുന്ന സമഗ്ര ശിക്ഷ ഫണ്ട് ഔദാര്യമല്ലെന്നും സംസ്ഥാനത്തിന്റെ അവകാശമാണെന്നും പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് അടിവരയിടുന്നു.
പരിഹാരം അനിവാര്യം
ഈ വിഷയം കേവലം ഒരു സാമ്പത്തിക കണക്കിന്റെ തർക്കമല്ല. മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും, പാർലമെന്റ് പാസാക്കിയ നിയമങ്ങളെയും, ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെയും സംബന്ധിക്കുന്ന ഒന്നാണ്. പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി തന്നെ തള്ളിക്കളഞ്ഞ ഒരു ന്യായീകരണത്തിന്റെ പേരിൽ ഫണ്ട് തടഞ്ഞുവെക്കുന്നത് തുടരുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണ്. അതിനാൽ, ഈ വിഷയത്തിൽ രണ്ട് കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. സമഗ്ര ശിക്ഷാ കേരളത്തിന് നൽകാനുള്ള കുടിശ്ശികയായ ₹1148.13 കോടി രൂപ ഒരു വ്യവസ്ഥയുമില്ലാതെ ഉടനടി വിട്ടുനൽകുക. നിയമപരമായ ബാധ്യതയായ സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള ഫണ്ടിനെ, പി.എം. ശ്രീ പോലുള്ളപദ്ധതികളുമായി ബന്ധിപ്പിക്കുന്ന നയം പൂർണ്ണമായും ഉപേക്ഷിക്കുക. ഭരണഘടനയെ മാനിച്ചും, പാർലമെന്റിന്റെ ശബ്ദത്തെ ആദരിച്ചും, കേരളത്തിലെ ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം സംരക്ഷിച്ചുകൊണ്ടും കേന്ദ്ര സർക്കാർ ഈ ആവശ്യങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.അല്ലെങ്കിൽ കേരളം ഒറ്റക്കെട്ടായി ഈ ആവശ്യം ഉന്നയിച്ച് പോരാട്ടത്തിന്റെ പാതയിൽ ഒരുമിക്കേണ്ടതുണ്ട്.
