ഈ പോരാട്ടം എന്റെ മകനുവേണ്ടി മാത്രമായിരുന്നില്ല, വിജയം എല്ലാ കുട്ടികളുടെയും

അറ്റൻഡൻസ് ഷോട്ടേജിന്റെ പേരിൽ കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കാൻ ബാലവകാശ കമ്മീഷൻ ഉത്തരവ്. അധ്യയന വർഷത്തിന്റെ പകുതിക്ക് വെച്ച് വിദ്യാർഥിയെ സ്കൂളിൽ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താൽപ്പര്യത്തിന് എതിരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കാൻ നിർദ്ദേശിച്ചത്. അറ്റൻഡൻസിന്റെ നൂലാമാലകളൊക്കെ ഉണ്ടെങ്കിലും അതിനൊക്കെ മുകളിലായി, കുട്ടികൾക്കു കിട്ടേണ്ട സ്വാഭാവിക നീതിക്കു വേണ്ടിയാണ് ഞങ്ങൾ വാദിച്ചതെന്നും അനുകൂല ഉത്തരവിൽ സന്തോഷമുണ്ടെന്നും കുട്ടിയുടെ പിതാവ് അനൂപ് ഗംഗാധരൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു...

അറ്റൻഡൻസ് ഷോട്ടേജിന്റെ പേരിൽ കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കാൻ ബാലവകാശ കമ്മീഷൻ ഉത്തരവ്. അധ്യയന വർഷത്തിന്റെ പകുതിക്ക് വെച്ച് വിദ്യാർഥിയെ സ്കൂളിൽ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താൽപ്പര്യത്തിന് എതിരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കാൻ നിർദ്ദേശിച്ചത്. ഈ അധ്യായന വർഷം കുട്ടിക്ക് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ തന്നെ പഠിക്കാനുള്ള അവകാശമുണ്ടെന്നും അതനുസരിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് നൽകണമെന്നും അഡ്വ. ബബിത ബാൽരാജ്, റെനി ആന്റണി എന്നിവർ ഉൾപ്പെട്ട ബാലാവകാശ കമ്മീഷൻ ഡിഡിഇയോട് നിർദ്ദേശിച്ചു. നിയമപരമായ രീതിയിലല്ല മാനേജ്‌മെന്റ് നടപടി നടന്നതെന്നും ബാലവകാശ കമ്മീഷനും ഡിഡിഇ യും അറിയിച്ചു.

മുഴുവൻ സമയ കായിക പരിശീലനത്തിനായി സ്‌കൂളിൽ നിന്ന് അവധിയെടുത്ത വിദ്യാർഥി പതിനഞ്ച് ദിവസത്തിലധികം സകൂളിൽ ഹാജരായില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടും ഗൗനിച്ചില്ല എന്നതുമാണ് സസ്‌പെൻഡ് ചെയ്യാനുള്ള കാരണമായി സ്‌കൂൾ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇതിനു പിന്നിൽ വ്യക്തമായ മാനേജ്‌മെന്റ് അജണ്ടകളുണ്ടെന്ന് വ്യക്തമാക്കി സ്‌കൂളിലെ മുൻ പി.ടി.എ. പ്രസിഡന്റ് കൂടിയായ കുട്ടിയുടെ രക്ഷിതാവു തന്നെ രംഗത്ത് വന്നിരുന്നു. സ്‌കൂൾ മാനേജ്‌മെന്റിന്റെ നിയമലംഘനങ്ങളെ താൻ ചോദ്യം ചെയ്തതിന് പ്രതികാര നടപടിയായി മകനെ സസ്‌പെൻഡ് ചെയ്‌തെന്നാണ് രക്ഷിതാവായ അനൂപ് ഗംഗാധരന്റെ പക്ഷം. കായിക പരിശീലനം നടത്തുന്ന വിദ്യാർഥികളുടെ അറ്റൻഡൻസ് നിയമങ്ങളിൽ പൊതുവിദ്യാഭ്യാസവകുപ്പും കായികവകുപ്പും യോജിച്ച് തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അനൂപ് ഗംഗാധരൻ ട്രൂകോപ്പി തിങ്കിനോട് സംസാരിച്ചിരുന്നു. കുട്ടിയുടെ ബെസ്റ്റ് ഇന്ററസ്റ്റിന് പ്രാധാന്യം നൽകി നീതി ഉറപ്പാക്കിയ ബാലവകാശ കമ്മീഷന്റെ ചരിത്രപരമായ വിധിയിൽ വളരെ സന്തോഷമുണ്ടെന്നും തന്റെ മകനെ പോലെ, വ്യത്യസ്ത കഴിവുകളുള്ള, എന്നാൽ സ്‌കൂളുകളിൽ നിന്ന് നിരന്തരം അനീതി നേരിടുന്ന വിദ്യാർഥികൾക്ക് കൂടി വേണ്ടിയാണ് ഈ പോരാട്ടമെന്നും അനൂപ് ഗംഗാധരൻ ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു.

"" ഈ പോരാട്ടം എനിക്കോ എന്റെ മകനോ വേണ്ടി മാത്രമല്ലായിരുന്നു എന്ന ബോധ്യമുള്ളതിനാൽ ഇതിനെ വ്യക്തിപരമായിട്ടുള്ള ഒരു പോരാട്ടമായി ഞാൻ കാണുന്നില്ല. സാധാരണക്കാരനായ ഒരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം ഇത്രയും ഉന്നത പദവിയിലുള്ള സ്‌കൂളിനെതിരെ പോരാടുക എന്നത് എളുപ്പമായ കാര്യമല്ല. ഒരു വിദ്യാർഥിയെ അന്യായമായ കാരണം പറഞ്ഞ് അധ്യയന വർഷത്തിന്റെ പകുതിക്ക് വെച്ച് പുറത്താക്കുന്നതിനു മുമ്പ് ഇനി എല്ലാ സ്‌കൂൾ മാനേജ്‌മെന്റുകളും നൂറും വട്ടം അതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഈ സന്ദേശം നൽകാൻ തന്നെയാണ് ഞങ്ങൾ ഈ പോരാട്ടവുമായി മുന്നോട്ടുപോയത്. അറ്റൻഡൻസിന്റെ നൂലാമാലകളൊക്കെ ഉണ്ടെങ്കിലും അതിനൊക്കെ മുകളിലായി, കുട്ടികൾക്കു കിട്ടേണ്ട സ്വാഭാവിക നീതിക്കു വേണ്ടിയാണ് ഞങ്ങൾ വാദിച്ചത്. മൂൻകൂറായി അനുവാദം കിട്ടിയതനുസരിച്ച് കായിക പരീശിലനത്തിന് പോയ ഒരു വിദ്യാർഥിയെ പിതാവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പുറത്ത് സ്‌കൂളിൽ നിന്നു തന്നെ പുറത്താക്കുക എന്നത് വലിയൊരു അനീതിയാണ്. ബാലവകാശ കമ്മീഷൻ അത് കൃത്യമായി കാണുകയും പ്രതികരിക്കുകയും ചെയ്തു. കുട്ടികളുടെ താൽപര്യങ്ങൾക്ക് അനുകൂലമായ രീതിയിൽ സ്‌കൂൾ അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട് എന്നു തന്നെയാണ് ബാലവകാശ കമ്മീഷനും വിലയിരുത്തുന്നത്.''

എങ്കിലും കായിക വിദ്യാർഥികൾ പുറത്ത് തന്നെയാണ്

മകനെ സ്‌കൂളിലേക്ക് തിരിച്ചെടുക്കാൻ ബാലവകാശ കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും കായിക പരിശീലനങ്ങൾക്കായി സ്‌കൂളുകളിൽ നിന്ന് അവധിയെടുക്കേണ്ടി വരുന്ന വിദ്യാർഥികളുടെ പ്രശ്‌ന-പരിഹാരങ്ങളെക്കുറിച്ച് ഹിയറിങ്ങിൽ തീരുമാനമായില്ല. സ്കൂൾ അന്തരീക്ഷത്തിൽ ഉൾപ്പെടാതെ കായികപരിശീലനവുമായി വിദ്യാർഥികൾ മുന്നോട്ടു പോകുന്നതിൽ പൂർണ്ണമായി യോജിപ്പില്ലെന്നാണ് ബാലവകാശ കമ്മീഷനും ഡി.ഡി.ഇ യും പറയുന്നത്. പൊതുവിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് എല്ലാ വിദ്യാർഥികളും സ്‌കൂൾ അന്തരീക്ഷത്തിൽ ഉൾപ്പെടേണ്ടതുണ്ട്. അതല്ലാതെ സമാന്തരമായിട്ട് സ്വയം പഠിക്കുന്നതിൽ കാര്യമില്ലെന്നാണ് ഡി.ഡി.ഇ ഹിയറങ്ങിൽ അറിയിച്ചത്. എന്നാൽ ഈ വർഷം കുട്ടിക്ക് തന്റെ പഠനം തുടരാമെന്നും എന്നാൽ അടുത്ത വർഷം മറ്റൊരു ഓപ്ഷൻ കണ്ടെത്തണമെന്നുമാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്.

ഹൈക്കോടതിയെ സമീപിക്കും

നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലും നിയമവ്യവസ്ഥിതിയിലും നിന്നുകൊണ്ട് വിദ്യാർഥികൾക്ക് കായിക പരിശീലവനുമായി മുന്നോട്ടുപോകാനാവില്ല. വ്യത്യസ്ത കഴിവുകളുള്ള എല്ലാ വിദ്യാർഥികളെയും ഒരേ അച്ചിൽ വാർത്തെടുക്കാനാണ് കാലാഹരണപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ശ്രമിക്കുന്നത്. എന്നാൽ കായിക തൽപ്പരരായ വിദ്യാർഥികളെ മറ്റുള്ള വിദ്യാർഥികളുമായി താരത്മ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നാണ് അനൂപ് ഗംഗാധരൻ പറയുന്നത്.

കായിക പരിശീലനങ്ങൾക്ക് ആവശ്യമായ നിരന്തര പിന്തുണ സ്‌കൂൾ അന്തരീക്ഷങ്ങളിൽ നിന്ന് കിട്ടണമെന്നില്ല. അതിന് കായികതൽപ്പരരായ വിദ്യാർഥികളുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കുന്ന രീതിയിൽ നിയമവ്യവസ്ഥിതികളിൽ മാറ്റം വരേണ്ടതുണ്ട്. ഈ പ്രശ്‌നത്തെ ഗൗരവമായി കാണുന്നതിന് ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു. കായിക തൽപ്പരരായ വിദ്യാർഥികൾക്ക് എന്തു നിയമപരിരക്ഷയാണ് സർക്കാർ ഭാഗത്ത് നിന്ന് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. നിലവിലെ നിയമവ്യവസ്ഥിതി അനുസരിച്ച് പുറത്താകുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ മാറ്റങ്ങൾ നിയമങ്ങളിൽ കൊണ്ടുവരാൻ ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകുമെന്നും അനൂപ് ഗംഗാധരൻ വ്യക്തമാക്കി.

Comments