മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും തുടർപഠനവും ആരുടെ ഉത്തരവാദിത്തമാണ്?

വിഭിന്നശേഷി സൗഹൃദ സമൂഹമായി നമ്മൾ മാറണമെങ്കിൽ വിദ്യാഭ്യാസമേഖലയിൽ നടക്കേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് അസോസിയേഷൻ ഓഫ് വെൽഫെയർ ഫോർ ദ ഹാൻഡിക്കാപ്ഡ് (AWH) സ്ഥാപനങ്ങളുടെ കോഓർഡിനേറ്റർ കൂടിയായ ആഷിക്ക്​ കെ.പി.

ഒരു സമൂഹത്തിന്റെ സാംസ്കാരിക ഔന്നത്യം അളക്കപ്പെടുന്നത് അവിടുത്തെ ഏറ്റവും ദുർബലരായ വിഭാഗങ്ങളോട് ആ സമൂഹം എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. മാനസിക വെല്ലുവിളികൾ (Intellectual and Developmental Disabilities - IDD) നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും തുടർപഠനവും കേവലം ഒരു ക്ഷേമപ്രവർത്തനമല്ല, മറിച്ച് അവരുടെ മൗലികാവകാശമാണ്. ഐക്യരാഷ്ട്രസഭയുടെ ഭിന്നശേഷി അവകാശ പ്രഖ്യാപനത്തിലെ (UNCRPD) ആർട്ടിക്കിൾ 24, ഉന്നതവിദ്യാഭ്യാസവും ആജീവനാന്ത പഠനവും ഉൾപ്പെടെയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം (Inclusive Education) വിവേചനമില്ലാതെ ഉറപ്പാക്കണമെന്ന് നിഷ്കർഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ നിലവിലെ സാഹചര്യങ്ങളെയും ലോകരാജ്യങ്ങൾ വിജയകരമായി നടപ്പിലാക്കിയ മാതൃകകളെയും, ഒപ്പം നാം നേരിടുന്ന യാഥാർത്ഥ്യങ്ങളെയും പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിന്റെ വർത്തമാനകാല ചിത്രം: നേട്ടങ്ങളും വെല്ലുവിളികളും

ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. സമഗ്രശിക്ഷാ കേരള (SSK) മുഖേന പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഇൻക്ലൂസീവ് എജ്യുക്കേഷൻ പദ്ധതികൾ, ബി.ആർ.സി (BRC) തലത്തിലെ തെറാപ്പി സൗകര്യങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ബഡ്‌സ്' (BUDS) സ്കൂളുകൾ എന്നിവ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. എന്നിരുന്നാലും, 18 വയസ്സിന് ശേഷമുള്ള ഇവരുടെ തുടർപഠനവും ഉപരിപഠനവും (Transition & Higher Education) ഇന്നും വലിയൊരു ചോദ്യചിഹ്നമായി തുടരുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ശൂന്യത: സ്കൂൾ പഠനം പൂർത്തിയാക്കുന്ന കുട്ടികളെ ഉൾക്കൊള്ളാൻ നമ്മുടെ കോളേജുകളോ സർവ്വകലാശാലകളോ ഇനിയും സജ്ജമായിട്ടില്ല. അക്കാദമിക് മാർക്കുകളെ മാത്രം അടിസ്ഥാനമാക്കിയുള്ള പ്രവേശന രീതികൾ ഇവരെ ഉന്നതവിദ്യാഭ്യാസത്തിന്റെ പടിക്ക് പുറത്തുനിർത്തുന്നു.

തൊഴിൽ പരിശീലനത്തിലെ പരിമിതികൾ: ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകൾ (BRC) പരിമിതമായ തോതിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, മാറുന്ന തൊഴിൽ വിപണിക്കനുസരിച്ചുള്ള നൈപുണ്യ വികസനവും (Skill Development) തൊഴിൽ പുനരധിവാസവും എല്ലാവരിലേക്കും എത്തുന്നില്ല.

പാഠ്യപദ്ധതിയിലെ അയവില്ലായ്മ: ഓരോ കുട്ടിയുടെയും ബുദ്ധിപരമായ നിലവാരത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന വ്യക്തിഗത വിദ്യാഭ്യാസ പദ്ധതികൾ (Individualized Education Program - IEP) ഉന്നത തലങ്ങളിൽ കാര്യക്ഷമമല്ല.

സ്കൂൾ പഠനം പൂർത്തിയാക്കുന്ന കുട്ടികളെ ഉൾക്കൊള്ളാൻ നമ്മുടെ കോളേജുകളോ സർവ്വകലാശാലകളോ ഇനിയും സജ്ജമായിട്ടില്ല.
സ്കൂൾ പഠനം പൂർത്തിയാക്കുന്ന കുട്ടികളെ ഉൾക്കൊള്ളാൻ നമ്മുടെ കോളേജുകളോ സർവ്വകലാശാലകളോ ഇനിയും സജ്ജമായിട്ടില്ല.

മാനസിക വെല്ലുവിളികൾ നേരിടുന്നവരെ മുഖ്യധാരാ ഉന്നതവിദ്യാഭ്യാസത്തിലേക്കും തൊഴിലിടങ്ങളിലേക്കും കൈപിടിച്ചുയറ്റുന്നതിൽ പല ലോകരാജ്യങ്ങളും മാതൃകാപരമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഫിൻലൻഡിൽ മൂന്ന് തലങ്ങളിലുള്ള പിന്തുണാ സംവിധാനം ഈ രംഗത്ത് കാണാം. കുട്ടികളെ രോഗനിർണ്ണയത്തിന്റെ പേരിൽ വേർതിരിച്ചു നിർത്തുന്നതിന് പകരം 'ജനറൽ', 'ഇന്റൻസിഫൈഡ്', 'സ്പെഷ്യൽ' എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പിന്തുണയാണ് (Three-tier support) അവർ നൽകുന്നത്. സാധാരണ അധ്യാപകരും സ്പെഷ്യൽ എജ്യുക്കേറ്ററും ഒരേ ക്ലാസ്സ്മുറിയിൽ ഒരുമിച്ച് പഠിപ്പിക്കുന്ന 'കോ-ടീച്ചിംഗ്' രീതിയും ഇവിടെ നടപ്പിലുണ്ട്.

അമേരിക്കയിലെ തിങ്ക് ടാങ്ക് മാതൃകയും ഏറെ പ്രസക്തമാണ്. ഹയർ എജ്യുക്കേഷൻ ഓപ്പർച്യുണിറ്റി ആക്ട്' (HEOA) വഴി മുന്നൂറിലധികം കോളേജുകളിൽ ഇവർക്കായി പ്രത്യേക പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നു. സാധാരണ വിദ്യാർത്ഥികൾക്കൊപ്പം ക്യാമ്പസ് ജീവിതം നയിക്കാനും, ഇന്റേൺഷിപ്പുകളിലൂടെ തൊഴിൽ പരിശീലനം നേടാനും ഇതിലൂടെ സാധിക്കുന്നു. ജർമ്മനിയും ജപ്പാനും നടത്തുന്ന നവീനവൽകൃത ഭിന്നശേഷി മാതൃകകളും ഏറെ അനുകരണീയമാണ്. ജർമ്മനിയിലെ 'ഡ്യുവൽ വൊക്കേഷണൽ ട്രെയിനിങ് സമ്പ്രദായത്തിലൂടെയും, ജപ്പാനിലെ 'ടോക്കുബെറ്റ്സു ഷിയാൻ' സ്കൂളുകൾ വഴിയും ഹൈസ്കൂൾ തലത്തിൽ തന്നെ വ്യവസായശാലകളുമായി സഹകരിച്ച് തൊഴിൽ പരിശീലനവും പ്ലേസ്‌മെന്റും ഉറപ്പാക്കുന്നു.

എന്നാൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീടങ്ങോട്ട് തുടർന്നുള്ള ശൂന്യതയും രക്ഷിതാക്കളുടെ നിസ്സഹായതയുമാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ആഗോള മാതൃകകളെയും നയരൂപീകരണങ്ങളെയും കുറിച്ച് നാം വാതോരാതെ സംസാരിക്കുമ്പോഴും, കേരളത്തിലെ സാധാരണക്കാരായ മാതാപിതാക്കൾക്ക് മുന്നിലുള്ള യാഥാർത്ഥ്യം തികച്ചും പ്രതിസന്ധി നിറഞ്ഞതാണ്. 18 വയസ്സ് തികയുന്നതോടെ സ്കൂളിന്റെ പടിയിറങ്ങുന്ന ഈ കുട്ടികൾക്ക് മുന്നിൽ തുടർപഠനത്തിന്റെയോ തൊഴിലിന്റെയോ ഒരു വാതിലും തുറന്നുകിടക്കുന്നില്ല എന്നതാണ് സത്യം.

'ഞങ്ങൾക്ക് ശേഷം ആര്?' എന്ന ചോദ്യമാണ് നിസ്സഹായരായ രക്ഷിതാക്കൾ ചോദിക്കുന്നത്. സ്കൂൾ കാലഘട്ടത്തിൽ ലഭിച്ചിരുന്ന പരിമിതമായ പിന്തുണ പോലും 18 വയസ്സിന് ശേഷം നിലയ്ക്കുന്നതോടെ ഇവർ വീടുകളുടെ നാലുചുവരുകൾക്കുള്ളിലേക്ക് വീണ്ടും ഒതുക്കപ്പെടുന്നു. ഉപരിപഠനമോ തൊഴിൽ പരിശീലനമോ ഇല്ലാത്തതിനാൽ, ഇവരെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും മാതാപിതാക്കൾക്ക് കഴിയുന്നില്ല. ഇതോടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകരുന്നു. സാമൂഹിക ഇടപെടലുകൾ നിലയ്ക്കുന്നതോടെ, വർഷങ്ങളോളം തെറാപ്പികളിലൂടെയും പരിശീലനത്തിലൂടെയും കുട്ടികൾ നേടിയെടുത്ത ചെറിയ കഴിവുകൾ പോലും നഷ്ടപ്പെടുന്ന ദയനീയ അവസ്ഥയാണുള്ളത്.

ഉപരിപഠനമോ തൊഴിൽ പരിശീലനമോ ഇല്ലാത്തതിനാൽ, ഇവരെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും മാതാപിതാക്കൾക്ക് കഴിയുന്നില്ല.
ഉപരിപഠനമോ തൊഴിൽ പരിശീലനമോ ഇല്ലാത്തതിനാൽ, ഇവരെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും മാതാപിതാക്കൾക്ക് കഴിയുന്നില്ല.

കടലാസിലുറങ്ങുന്ന കമ്മീഷൻ റിപ്പോർട്ടുകളും ഇച്ഛാശക്തിയുടെ കുറവും

ഭിന്നശേഷി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാരുകൾ നിയോഗിച്ച കമ്മീഷനുകൾക്കും അവർ സമർപ്പിച്ച റിപ്പോർട്ടുകൾക്കും കേരളത്തിൽ യാതൊരു പഞ്ഞവുമില്ല. ഭിന്നശേഷി നയങ്ങളും, ഉന്നതവിദ്യാഭ്യാസ പരിഷ്കരണ ശുപാർശകളും, 'അസിസ്റ്റഡ് ലിവിംഗ്' പദ്ധതികളുമെല്ലാം വർഷങ്ങളായി ഫയലുകളിൽ ഉറങ്ങുകയാണ്. സർക്കാർ ഉത്തരവുകളായി ഇറങ്ങുന്ന പല തീരുമാനങ്ങളും താഴെത്തട്ടിൽ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും വലിയ അലംഭാവമാണുള്ളത്. മുൻകാലങ്ങളിൽ വന്ന ഒരുവിധ കമ്മീഷൻ ശുപാർശകളും അർഹമായ രീതിയിൽ പ്രാവർത്തികമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇച്ഛാശക്തി വേണ്ടിടത്ത് ദയ കൊണ്ടെന്തുകാര്യം എന്നതാണ് ചോദ്യം. വർഷത്തിലൊരിക്കൽ ഭിന്നശേഷി ദിനത്തിൽ ചൊരിയുന്ന സഹതാപവും, ഉത്സവപ്പറമ്പുകളിലെ സൗജന്യ വിതരണങ്ങളും, വാഗ്ദാനപ്പെരുമഴകളും കൊണ്ട് ഈ മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ കഴിയില്ല. ദയ എന്നത് അധികാരസ്ഥാനത്തുള്ളവരുടെ ഔദാര്യമാണ്; എന്നാൽ വിദ്യാഭ്യാസവും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും ഈ കുട്ടികളുടെ ഭരണഘടനാപരമായ അവകാശമാണ്.

കമ്മീഷൻ റിപ്പോർട്ടുകൾ പൊടിതട്ടിയെടുത്ത് താഴെ പറയുന്ന മാറ്റങ്ങൾ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്:

കോളേജുകളിൽ 'ഇൻക്ലൂസീവ്' കോഴ്സുകൾ: ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും പോളിടെക്നിക്കുകളിലും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കണം. പരീക്ഷാ കേന്ദ്രീകൃതമായ രീതിക്ക് പകരം നൈപുണ്യ വികസനത്തിനാകണം മുൻഗണന നൽകേണ്ടത്.

അടുത്ത് പുനരധിവാസ കേന്ദ്രങ്ങൾ: ഓരോ പഞ്ചായത്തിലും പ്രായപൂർത്തിയായ ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന-പുനരധിവാസ കേന്ദ്രങ്ങളും, മാതാപിതാക്കൾക്ക് ശേഷം ഇവരെ സംരക്ഷിക്കാനുള്ള സുരക്ഷിത ഭവനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർത്ഥ്യമാക്കണം.

വ്യവസായ-സംരംഭകത്വ പങ്കാളിത്തം: കുടുംബശ്രീയുടെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ ബേക്കിംഗ്, ഡാറ്റാ എൻട്രി, കൃഷി, കരകൗശല നിർമ്മാണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുകയും സ്വകാര്യ സ്ഥാപനങ്ങളിൽ ഇവർക്കായി തൊഴിൽ ക്വാട്ട ഏർപ്പെടുത്തുകയും വേണം.

വിഭിന്നശേഷി സൗഹൃദ സമൂഹം എന്നത് കേവലം റാമ്പുകളും ടോയ്‌ലറ്റുകളും നിർമ്മിക്കുന്നതിലൂടെ മാത്രം പൂർണ്ണമാകുന്ന ഒന്നല്ല; മറിച്ച് അറിന്റെയും തൊഴിലിന്റെയും വാതിലുകൾ എല്ലാവർക്കുമായി തുറന്നിടുമ്പോഴാണ് അത് യാഥാർത്ഥ്യമാകുന്നത്.

Comments