അധ്യാപകരേ; സ്വന്തം ഇഷ്ടത്തിന്, നേരത്തിന്, നിശ്ചയത്തിന് പഠിക്കുന്ന വിദ്യാർത്ഥിയുടെ കാലം വരികയാണ്

കലാലയങ്ങളെ സംബന്ധിച്ച പഴയ കാൽപനികധാരണകൾ അയവിറക്കിക്കൊണ്ടോ, പഴയ വിജ്ഞാനത്തിന്റെ മഹിമ ഉയർത്തിക്കാട്ടിയോ ഇനിയും മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ല. പഴയ സാമൂഹീകരണവും പഴയ രാഷ്ട്രീയവും പഴയ ആനന്ദങ്ങളും കലാലയങ്ങളെ വിട്ടുപോകേണ്ടിവന്നേക്കുമെന്നല്ല, വിട്ടുപോകേണ്ടതുണ്ട്. തിരിഞ്ഞുനോക്കുന്നതിൽ അവസാനിച്ചുകൂടാ നമ്മുടെ ആലോചനകൾ. പുതിയ കലാലയകാലത്തിനു കാലമായി എന്നതു തിരിച്ചറിയാനാണ് ഈ തീവ്രസന്ദർഭം ഉപയോഗപ്പെടുത്തേണ്ടത്

ഇ- സൗകര്യങ്ങൾ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരുന്ന പരിഷ്‌കാരങ്ങൾ പഴയ സമ്പ്രദായങ്ങളെയാകെ കടപുഴക്കുവാനുള്ള പ്രഹരശേഷിയോടുകൂടിയതാണ്. അത് തിരിച്ചറിയുന്നതിൽ പരാജയമായിരുന്നു നാമെന്നു പറഞ്ഞുകൂടാ. എന്നാൽ അതിനെ അതിന്റെ കരുത്തിൽ വികസിക്കാനനുവദിക്കാതെ പഴയ വട്ടത്തിൽ എങ്ങനെ തളച്ചിടാമെന്ന് ചിന്തിക്കാനേ പൊതുവെ സാധിച്ചിരുന്നുള്ളു.

വിവർത്തിത വിജ്ഞാനം പോലെ അത് വെറും അറിവോ വെറും ഉപയോഗത്തിലെ ഉപകരണസിദ്ധികളോ ആയി അൽപം അകന്നുമാറിനിന്നു. ഡിജിറ്റൽ രംഗത്ത് നൂതനതകളാവിഷ്‌കരിക്കുവാനുള്ള യത്‌നങ്ങളുമായി ചെറിയൊരു ശതമാനം ആളുകൾ നടത്തിപ്പോന്ന യത്‌നങ്ങളെ അവഗണിക്കാതെ തന്നെ, പൊതുവെ പറയാവുന്ന കാര്യമാണിത്. പുതുസാങ്കേതികവിദ്യയുടെ ഉപയോഗം നാം ഭയപ്പെട്ടുപോന്നു. ആവതും വർജ്ജിച്ചും, പറ്റിയാൽ നിത്യനിദാനാവശ്യങ്ങൾക്കുപകരിക്കുന്ന ഉപകരണമാക്കി ചെറുതാക്കിനിർത്തിയും മുന്നോട്ടുപോകാനാണ് എന്തിനെയും പ്രതിരോധിച്ചു ശീലിച്ച നാം ശ്രമിച്ചുപോന്നത്.

2020 മാർച്ചിൽ ഈ പ്രതിരോധത്തിന്റെ കൂടുതകർന്നു. കോവിഡവതരിച്ചു, സുരക്ഷിതസ്ഥാനത്തുനിന്ന് വിദ്യാഭ്യാസവൃത്തിലോകം കുലുങ്ങിക്കടപുഴകിപ്പറിഞ്ഞുവീണു. പുഴയിലേക്ക് വലിച്ചെറിയപ്പെട്ട് വെള്ളം കുടിക്കുന്ന നീന്തലറിയാക്കുട്ടിയുടെ മട്ടിലായി അത്. ഇപ്പോൾ ഭയം കുറച്ചു മാറിയിട്ടുണ്ട്. വെള്ളം കുടിച്ച്, നാം നീന്തലിന്റെ ഏതോ പ്രാഗ്‌രൂപമാവിഷ്‌കരിക്കുന്നമട്ടിൽ കൈയും കാലുമിട്ടുതല്ലി ആറ്റുവക്കത്തെ പുല്ലിലും വള്ളിയിലും പിടിച്ചു കയറിത്തുടങ്ങിയിട്ടുണ്ട്. പഴയപോലെയാകില്ല ഇനിയും കാര്യങ്ങൾ എന്ന് നാം മനസ്സിലാക്കിവരികയാണ്. മൊബൈൽഫോണുകളെ ഭയന്നും പിടികൂടിയും കഴിഞ്ഞുപോന്ന കോവിഡ് പൂർവ്വകാലത്തുനിന്ന്, അധ്യാപകലോകം എത്ര പെട്ടെന്നാണ് മാറിയത്.... സംഭാവന പിരിച്ച് കുട്ടികൾക്ക് മൊബൈൽഫോൺ വാങ്ങിക്കൊടുത്ത് മുന്നോട്ടുപോകാനാണ് ഇപ്പോൾ ഉത്സാഹം.

അധ്യാപകന്റെ അസ്തിത്വ വെല്ലുവിളി

ഈ മാറ്റങ്ങളെ പല നിലയിൽ സ്വാഗതം ചെയ്യേണ്ടതാണ് എന്നുവരാം. മനുഷ്യരുടെ അതിജീവനശക്തിയെ ഉദാഹരിക്കാമായിരിക്കും. പക്ഷേ, ഇവിടെ കോവിഡ് മഹാഗുരുനാഥനായി. അതു പഠിപ്പിച്ച പാഠം, ഇനിയും പഴയ ക്ലാസ്‌റൂമുകളിലെ ഗുരുമുഖസിദ്ധാന്തവുമായി മുന്നോട്ടുപോകുന്നത് കാലോചിതമാകില്ല എന്നതാണ്. ഗുരുമുഖത്തുനിന്നറിയുക എന്നതിനർത്ഥം ഗുരുവിനെ കണ്ണുതുറന്നു കണ്ണിലെ കൃഷ്ണമണിപോലാക്കി നോക്കിക്കണ്ടുകൊണ്ടേയിരിക്കുകയാണെന്ന ധാരണക്ക് ഇനി യാതൊരു പ്രസക്തിയുമില്ല.

ക്ലാസ് റൂം വലുതാവുകയാണ്. ഒരുതരം വികേന്ദ്രീകരണം നടക്കുകയാണ്. ചോക്കിലും ബോർഡിലും അദ്ധ്യാപകന്റെ മുഖത്തും തറപ്പിച്ചരിക്കുന്ന ക്ലാസുകൾ വിദൂരത്തേക്ക് കണ്ണുനടുന്നതും അധ്യാപകന്റെ മുഖഭാവത്തെ മുൻനിറുത്തിയല്ലാതെ, മുഖം നോക്കാതെയും നോക്കിയും സ്വയം മുഖം മറയ്ക്കപ്പെട്ടുമെല്ലാം കേൾക്കുന്നതും, സ്വന്തം ഇഷ്ടത്തിന്, നേരത്തിന്, സ്വന്തം നിശ്ചയത്തിന് അനുസൃതമായി മുൻകൈയോടെ പ്രവർത്തനങ്ങളിലേർപ്പെട്ട് പഠിക്കുന്നതുമായ പുതിയ വിദ്യാർത്ഥിയുടെ കാലം വരികയായി. ഈ മാറ്റത്തിനു തടസ്സണ്ടാക്കാതെ തങ്ങളുടെ അസ്തിത്വം ഉറപ്പിച്ചെടുക്കുവാനുള്ള വെല്ലുവിളിയാണ് അദ്ധ്യാപകസമൂഹം നേരിടുന്നത്.

വാസ്തവത്തിൽ അത് പുത്തൻ സാദ്ധ്യതകളുടെ ലോകമാണ് തുറക്കുന്നത്. ക്ലാസ് റൂം ടീച്ചിങ്ങ് ആവശ്യമാണെങ്കിലും അത് വളരെ കൂടിയ അളവിലാണ് ഇന്നുവരെയുള്ള രീതിയിൽ ഉണ്ടായിരുന്നത്. നമ്മൾ അമിതമായി ചോറു കഴിക്കുന്നതുപോലെയാണിത്. അതവസാനിപ്പിച്ച്, പച്ചക്കറികളും മറ്റും വേണ്ടത്ര സ്വീകരിച്ച് സമീകൃതാഹാരരീതിയിലേക്കു മാറുന്നതുപോലെയൊരു മാറ്റമാണ് സംഭവിക്കേണ്ടത്. അതിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ക്ലാസ് റൂം ടീച്ചിങ്ങ് ഒരമ്പതു ശതമാനമെങ്കിലും കുറച്ചുകൊണ്ടുവരണം. കൂടുതൽ സമയം കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലൈബ്രറിയിലും, സ്വയംസംഘടിപ്പിക്കുന്ന സംവാദങ്ങളിലും, അദ്ധ്യാപകരുമായി ഒറ്റയ്‌ക്കോ കൂട്ടായോ ചർച്ചകളിലും ഒക്കെ മുഴുകാൻ സാധ്യമാകണം. പുതുക്കി നിശ്ചയിച്ചിരിക്കുന്ന സമയക്രമം പാർട്ട് ടൈമായി ജോലി ചെയ്യുന്നതിനു മാത്രമല്ല ഇത്തരത്തിൽ പ്രവർത്തനനിഷ്ഠമായ ജ്ഞാനാർജ്ജത്തിനും സഹായകമാകും.

വേണ്ടിവന്നാൽ രാപ്പകൽ ഭേദമോ അവധി ദിനപരിഗണനയോ കൂടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വിജ്ഞാനവിനിമയം സാദ്ധ്യമാക്കാൻ കഴിയുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇങ്ങനെയൊക്കെ ബോധനപരിപാടിയെ ഭാവന ചെയ്യാൻ കഴിയുന്ന ഭാവിയിലെ (കോവിഡാനന്തരമെങ്കിൽ കോവിഡാനന്തരം) വിദ്യാഭ്യാസത്തെക്കുറിച്ചു ചിന്തിക്കാനും പഠിക്കാനും ആസൂത്രണം ചെയ്യുന്നതിനാവശ്യമായ ആശയാടിത്തറ രൂപപ്പെടുത്തുവാനും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു കഴിയണം. അദ്ധ്യാപകരും അക്കാദമികമേഖലകളിൽ പ്രവർത്തിക്കുന്ന മറ്റുള്ള ആളുകളുമൊക്കെ ആ വഴിക്ക് നോക്കേണ്ടതുണ്ട്. ചിന്തിക്കേണ്ടതുണ്ട്.

അതില്ലാതെ, ഓൺലൈൻ ക്ലാസ്സുകളെന്നാൽ ക്ലാസ് മുറി സംവിധാനത്തെ കഴിവതും അതേപടി പകർത്തി ഡിജിറ്റലായി പുനഃസൃഷ്ടിക്കുക, അതായത് പാഠ്യവസ്തുക്കൾ കോപ്പിചെയ്ത് പി.ഡി.എഫ് ആക്കുകയും ലക്ചറിങ് ഷൂട്ട് ചെയ്ത് വീഡിയോയിലാക്കുകയും ചെയ്യുക എന്ന മട്ടിൽ മനസ്സിലാക്കി (സിനിമയെന്നാൽ നാടകം ഷൂട്ടു ചെയ്താൽ ലഭിക്കുന്നതാണെന്ന പഴയ പാവം ധാരണ പോലെയാണത്) ഒടുങ്ങേണ്ടതല്ല ഈ സന്ദർഭത്തിലെ ആലോചനകൾ.

തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഇത് മനസ്സിലാക്കാതെ പോയാൽ, ബൈജൂസ് ആപ്പിനെ പിന്തുടരുന്നതിലും അനുകരിക്കുന്നതിലുമൊടുങ്ങുന്നതാണ് നമ്മുടെ അദ്ധ്യാപകരുടെ അഭിലഷണീയമായ പരിവർത്തനമെന്നു തെറ്റിദ്ധരിക്കും. അപ്പോൾ വലിയ ആപ്പിലേക്കാവും അദ്ധ്യാപകസമൂഹം കൂട്ടത്തോടെ ചെന്നെത്തുക. എങ്കിൽ കുട്ടികളുടെ കാര്യവും ഒട്ടും ശോഭനകരമാകാനിടയില്ല.

വേണ്ട, കാൽപനിക കലാലയങ്ങൾ

ലഭ്യമായ ബോധനോപാധികൾ മൗലികമായി, (റാഡിക്കലായി) പ്രയോജനപ്പെടുത്തി വിസ്‌ഫോടകമായ വിജ്ഞാനവിനിമയവും പ്രചോദനവിനിമയവും സാദ്ധ്യമാക്കുന്നതിലാണ് ശ്രദ്ധ പതിയേണ്ടത്. ഡിജിറ്റൽ വിവരശേഖരത്തിന്റെ പിന്തുണ മൂലം വിപുലമായും താത്വികമായുമുള്ള ശ്രദ്ധയോടെ വിഷയങ്ങളെ അറിയുന്നതിനുള്ള അവസരമൊരുങ്ങുകയാണ്.

പാഠപുസ്തകത്തിലൊതുങ്ങുന്ന പഠനം മറികടന്ന് അതൊക്കെ പ്രയോജനപ്പെടുത്താൻ സാധിക്കാതെ വന്നാൽ കാലോചിതമായ പുതിയ ഉള്ളടക്കം വികസിപ്പിക്കാനാവില്ലതന്നെ. സൈബർ യുഗത്തിന്റെ എത്തിക്‌സും ഏയ്‌സ്‌തെറ്റിക്‌സും എന്നപോലെ പെഡഗോഗിയും വിജ്ഞാനവും കലാലയങ്ങളും പുതുതായി നിർവ്വചിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കലാലയങ്ങളെ സംബന്ധിച്ച പഴയ കാൽപനിക ധാരണകൾ അയവിറക്കിക്കൊണ്ടോ, പഴയ വിജ്ഞാനത്തിന്റെ മഹിമ ഉയർത്തിക്കാട്ടിയോ ഇനിയും മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ല.

പഴയ സാമൂഹീകരണവും പഴയ രാഷ്ട്രീയവും പഴയ ആനന്ദങ്ങളും കലാലയങ്ങളെ വിട്ടുപോകേണ്ടിവന്നേക്കുമെന്നല്ല, വിട്ടുപോകേണ്ടതുണ്ട്. തിരിഞ്ഞുനോക്കുന്നതിൽ അവസാനിച്ചുകൂടാ നമ്മുടെ ആലോചനകൾ. പുതിയ കലാലയകാലത്തിനു കാലമായി എന്നതു തിരിച്ചറിയാനാണ് ഈ തീവ്രസന്ദർഭം ഉപയോഗപ്പെടുത്തേണ്ടത്. അകലത്തിരുന്നും സാമൂഹീകരണം സാദ്ധ്യമാണ് എന്നല്ല, സാദ്ധ്യമാക്കണം എന്ന ബോധ്യമാണ് അകലങ്ങളിലിരുന്ന് വൈജ്ഞാനികീകരണം നടത്തുന്ന പുതിയ കാലം ആവശ്യപ്പെടുന്നത്.

സർഗാത്മകമായ നെറ്റ്‌വർക്ക് സമൂഹം

മുകളിൽ സൂചിപ്പിച്ചതുപോലെ ഉപകരണസംവിധാനങ്ങളുമായി പൊരുത്തപ്പെടാനും പഴയ ചിട്ടവട്ടങ്ങൾ അവയുടെ അകമ്പടിയോടെ നിലനിർത്താനുമള്ള ശ്രമങ്ങളിലേക്കാവും സാധാരണ ആളുകൾ നീങ്ങുക. അതിൽ തെറ്റുപറയാനാകില്ല. അതിനു സഹായകമായ നീക്കങ്ങൾ കോവിഡ് പൂർവ്വകാലഘട്ടത്തിൽത്തന്നെ ഉണ്ടായിരുന്നു.

ക്ലാസ് റൂമുകൾ സ്മാർട്ടാക്കിയും എഡ്യുസാറ്റ്-ഒറൈസ് പോലുള്ളതുടങ്ങിയ സജ്ജീകരണങ്ങളുണ്ടാക്കിയും സ്ഥാപനങ്ങൾ ഉപകരണസംവിധാനങ്ങളുടെ കാര്യത്തിൽ കുറേയൊക്കെ തയ്യാറെടുത്തിരുന്നു. അവയുടെ പ്രവർത്തിപ്പിക്കലിന് ആവശ്യമായ പരിശീലനങ്ങളും സംഘടിപ്പിക്കപ്പെട്ടുപോന്നു. അതിനു ചില ഗുണങ്ങളുമുണ്ടായി. എടുത്തുചാടി ഓൺലൈനാവാനൊക്കെ പരിമിതികളോടെയെങ്കിലും സാദ്ധ്യമായത് ഈ ആസൂത്രണങ്ങളുടെ സഹായം കൊണ്ടുകൂടിയാണ്.

എങ്കിലും, ഒന്നോർക്കുന്നതു നന്ന്. ഒരിക്കലും ഉപയോഗിക്കാ(നാവാ)തെ എത്രമാത്രം ഇ- വേയ്സ്റ്റുണ്ടാക്കിയിട്ടുണ്ടെന്നോ നമ്മുടെ കലാശാലകളിൽ? ലാംഗ്വേജ് ലാബുകളായും കമ്പ്യൂട്ടർ കേന്ദ്രങ്ങളായും ഉണ്ടായ സജ്ജീകരണങ്ങൾ വെറുതെയായതിന്റെ തെളിവുകൾ എത്രവേണമെങ്കിലും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളിൽ സ്മാർട്ടാകാത്ത ക്ലാസുകളാണ് മിക്കവാറും നടന്നുപോന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നതിന്റെ ഒരു പരിശോധനയൊന്നും നടന്നില്ലെങ്കിലും ചെറിയൊരു ആലോചനയെങ്കിലും ഗുണം ചെയ്യും. ഉപകരണങ്ങൾ ആഡംബരങ്ങളായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

വാസ്തവത്തിൽ സകലതും അങ്ങനെ ആഡംബരമാകുന്ന ഒരു അവസ്ഥാവിശേഷത്തെ തകർക്കുന്ന കാലാവസ്ഥാവ്യതിയാനമാണ് കോവിഡ് കാലത്തോടെ സംജാതമായിരിക്കുന്നത്. ഈ ശരീരാകലകാലം പഴയ സാമൂഹികതയെയും പഴയ മട്ടിലുള്ള കൂട്ടായ പ്രവർത്തനത്തെയും പഴയ കൂട്ടുകൂടലിനെയും പഴയ രാഷ്ട്രീയത്തെയും പഴയ വിജ്ഞാനരീതികളെയും പഴയ വിജ്ഞാനത്തെത്തന്നെയും ഒരു പരിധിവരെയെങ്കിലും നിരാധാരമാക്കുന്നുണ്ട്.

ആഡംബരങ്ങളുടെയും നിരാവശ്യമായ ഇടപഴകലുകളുടെയും നേരം-പോക്കിന്റെയും കാട്ടിക്കൂട്ടലുകളുടെയും അളവു കുറച്ച്, ഒട്ടിപ്പിടിക്കാതെ ജീവിക്കാനും പ്രവർത്തിക്കാനും അൽപം വിട്ടുനിന്ന്, യാഥാർത്ഥ്യബോധത്തോടെ, മാനവികമായ പരിഗണനകളോടെ ചിന്തിക്കാനുമൊക്കെ കഴിയും, കഴിയണം എന്ന് വ്യക്തമായി പഠിപ്പിക്കുകയല്ലേ ‘കോവിഡുഭഗവാൻ' ചെയ്യുന്നത്?

തിക്കിയും തിരക്കിയും മാത്രം നീങ്ങാനറിയുന്ന നാഗരികതയുടെ നേരെയുള്ള വെല്ലുവിളിയാണ് അതുയർത്തിയത് (നാമതൊക്കെ വേഗം മറക്കുമെങ്കിലും). കേന്ദ്രീകൃതമായ വലിയ സ്ഥാപനങ്ങൾ അനിവാര്യമല്ല എന്നുതന്നെയല്ലേ ഡിജിറ്റൽയുഗം നമ്മോടു പറയുന്നത്. വർക്ക് ഫ്രം ഹോം എന്ന്. അങ്ങനെത്തന്നെ പുതിയ കാലത്തിന്റെ സാമൂഹികജീവിതം സാദ്ധ്യമാണ്. ഒരു പക്ഷേ കൂടിയ വിവേകത്തോടെയുള്ള, മാനവികമായ സാമൂഹികവത്കരണം ഈ അകൽച്ചയോടെ, വികേന്ദ്രീകരിച്ച, പിൻവലിഞ്ഞ സാമൂഹീകരണത്തിലല്ലേ സംഭവിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഓരോ ശരീരവും കെട്ടുകാഴ്ചയാവുകയും യാന്ത്രികമായി പെരുമാറുകയും ചെയ്യുന്ന നമ്മുടെ ഓഫീസ് വലയങ്ങളെക്കാൾ, ലക്ഷം ലക്ഷം അണിനിരക്കുന്ന തെരുവുകളേക്കാൾ ചിന്താപരമായി എത്ര സർഗ്ഗാത്മകമാണ് നെറ്റ്‌വർക്ക് സമൂഹത്തിലെ മാധ്യ-മാനവിക-വൈജ്ഞാനിക തുറസ്സുകളും അതിലെ സാമൂഹികപ്രകാശനങ്ങളും? ഇങ്ങനെ പുതിയ തരം വൈജ്ഞാനിക-സാമൂഹികബന്ധങ്ങളിലൂടെ സാമൂഹികത തന്നെയും രൂപാന്തരപ്പെടുകയാണ്, അഥവാ രൂപാന്തരപ്പെടേണ്ടതാണ്.

പുതിയ കോഴ്‌സ് ഡിസൈനിങ് എങ്ങനെ?

ഈ (അ)സുവർണ്ണാവസരം നാം പുതിയ വിദ്യാഭ്യാസത്തെ നിർവ്വചിക്കാനും പുതിയ സമൂഹത്തെ നിർവ്വചിക്കാനുമായി ഉപയോഗപ്പെടുത്തുമോ എന്നതാണ് ചോദ്യം. ഉപയോഗപ്പെടുത്തിയാൽ നാളിതുവരെ ഉപയോഗപ്പെടുത്തിവന്നതിനേക്കാൾ സമ്പുഷ്ടമായ ഒരു വിജ്ഞാനവിനിമയവല പ്രയോജനപ്പെടാൻ അതു സഹായകമാകും. ക്ലാസ്സ്‌റൂം കേന്ദ്രിത സംവിധാനങ്ങളെ പരിമിതപ്പെടുത്തി, ക്ലാസ്‌റൂം ടീച്ചിങ്ങാനന്തരമായ പൂരണകർമങ്ങളിലൂടെ സജീവവും വിജ്ഞാനവത്തും, ആ നിലയിൽ കൂടുതൽ ഫലവത്തുമായ ഒരു അക്കാദമികത രൂപ്പെടുത്താനുള്ള അവസരമാണ് വന്നുചേർന്നിരിക്കുന്നത്. വൈവിധ്യപൂർണ്ണവും വികേന്ദ്രീകൃതവും സമീകൃതവുമായ ഒരു പ്രക്രിയയിലൂടെ പുതിയ ടെക്‌നോളജിയെ സഫലമായ രീതിയിൽ പരുവപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ ഉപകരണങ്ങളുടെ മേൽ വൈജ്ഞാനികവും സർഗ്ഗാത്മകവുമായ ധർമങ്ങൾ ചേർത്തുനിർത്താൻ സാധിക്കുന്നതാണ്.

അതിന് ഈ സാഹചര്യത്തെ, അഥവാ അവസരത്തെ പോസിറ്റീവായെടുത്തുള്ള അഭിമുഖീകരണവും ആസൂത്രണവും അനിവാര്യമാണ്. അപ്പോൾ വിദ്യാഭ്യാസക്രമീകരണത്തിലും വലിയ മാറ്റങ്ങൾ ആവശ്യമാണെന്നു വരും. പഠനപദ്ധതിയിലും പരിശീലനപദ്ധതിയിലും ബോധന- വിനിമയക്രമങ്ങളിലുമൊക്കെ വ്യത്യസ്തമായ, നവീനമായ ഒരു ലോകം, മുകളിൽ പറഞ്ഞ വിജ്ഞാനവിനിമയവല ഉപയോഗപ്പെടുത്തുന്ന ബോധനസംവിധാനം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിനുള്ള സർഗ്ഗാത്മകമായ ചില ചുവടുവെപ്പുകൾ പരിമിതികളോടെയെങ്കിലും നടക്കുന്നുണ്ട്.

ചില പരിശീലനപരിപാടികളെങ്കിലും സ്വയംസന്നദ്ധരായി നടത്താൻ ഈ രംഗങ്ങളിലുള്ളവർ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. തികച്ചും അഭിനന്ദനാർഹമായിരിക്കുമ്പോഴും അതിന്റെ പ്രചോദനം പൂർണമായി പുതിയൊരു ലോകത്തിനായാണോ അതോ കേവലം നിലനിൽപിനായുള്ള വാഞ്ഛയിൽനിന്നുള്ളതോ എന്ന കാര്യം ഗൗരവത്തോടെ ആലോചിക്കേണ്ടതുമുണ്ട്. അങ്ങനെ ചിന്തിച്ചാൽ കൂടുതൽ മുന്നോട്ടേക്കു നോക്കുന്ന അന്വേഷണങ്ങളും മൂർത്തവും സാർത്ഥകവുമായ ശ്രമങ്ങളും ഉണ്ടാകാനിടയായേക്കും.

ഇത്തരം ചിന്തകളെ ഉത്തേജിപ്പിക്കാനുള്ള ഒരു കൈപ്പുസ്തകം (ഇ- ലേണിങ്) ഇവിടെ എന്റെ മുന്നിലിരിക്കുന്നു. അതിലെ ആലോചനകൾ ആവിഷ്‌കരിക്കപ്പെടുന്ന ദശയിൽത്തന്നെ കണ്ടുപോരുന്നുണ്ടായിരുന്നു എന്നതാണ് സത്യം. കോവിഡുപൂർവ്വകാലത്തുതന്നെ ഡിജിറ്റൽ ലോകപരിവർത്തനത്തിൽ ശ്രദ്ധയോടെ ഇടപെട്ടു പ്രവർത്തിക്കുന്നവരും, മാറ്റങ്ങളെ ജാഗ്രതയോടെ വീക്ഷിക്കുന്നവരുമായ കുറേയാളുകളുടെ ചിന്താപരമായ ഇടപെടലുകളാണ് അതിന്റെ ഉള്ളടക്കം. അവയിലൂടെ കടന്നുപോകുന്നത്, മാറ്റങ്ങളെ അഭിമുഖീകരിക്കാനും ഗ്രഹിക്കാനും താല്പര്യപ്പെടുന്നവർക്ക് വളരെ സഹായകമാകും.

വെർച്വലും ലെക്ചറും സമ്മേളിപ്പിച്ച് , മറ്റു വിനിമയ പ്രയോജനപ്പെടുത്തി പുതിയ കോഴ്‌സ് ഡിസൈനിങ് നടത്താൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചും, അതുവഴി പഠനപ്രക്രിയയിൽ സൃഷ്ടിക്കാവുന്ന അത്ഭുതങ്ങളെക്കുറിച്ചുമൊക്കെ അറിവും പ്രചോദനവും പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പുസ്തകമാണിത്.

ഇത് വിദ്യാഭ്യാസപ്രവർത്തകരെ പ്രചോദിപ്പിക്കുമെങ്കിൽ നല്ലത്. അക്കാദമികരംഗം അക്കാദമിക മികവിന്റെ കേന്ദ്രങ്ങളാകണം, സ്‌കോളർമാരെ സൃഷ്ടിക്കുന്ന ഇടങ്ങളാകണം എന്നുകരുതി പ്രവർത്തിക്കുന്നവർക്ക് ഇവിടെയും നിൽക്കാൻ കഴിയില്ല. പഠനശാഖകളുടെ പരമ്പരാഗത വകതിരിവുകളെ കൈവിട്ട് പുതിയ കരിക്കുലവും പുതിയ കോംബിനേഷനുകളും പുതിയ സിലബസ്സും പുതിയ കാലത്തിന് അനുസൃതമായ പുതിയ ലക്ഷ്യങ്ങളും രൂപപ്പെടുത്താൻ അവർക്ക് കഴിയണം. ഉന്നതവിദ്യാഭ്യാസവകുപ്പ് ഷോർട്ട് ലിസ്റ്റ് ചെയ്ത പുതിയ കോഴ്‌സുകളുമായി പ്രഖ്യാപിച്ചിരിക്കുന്നത് അതിനുള്ള ചലഞ്ച് ആണ്. അത് നിശിതമായ പഠനത്തിനും പര്യാലോചനയ്ക്കും വിധേയമാക്കേണ്ടതുണ്ട് എന്നു മാത്രമേ ഇവിടെ സൂചിപ്പിക്കാനാവുന്നുള്ളു.

Comments