വിദ്യാഭ്യാസത്തിന് വർധിച്ച പരിഗണന നൽകുന്ന സംസ്ഥാനമാണ് കേരളം എന്നാണ് നമ്മുടെ ധാരണ. പക്ഷേ ആ പരിഗണന ആരംഭിക്കുന്നത് ഒന്നാംക്ലാസ് മുതലാണെന്ന് മാത്രം! ഇങ്ങനെ പറയാൻ കാരണം, മൂന്നുവയസ്സ് മുതൽ അഞ്ചുവയസ്സുവരെയുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളുംവിധം ഏകീകൃതമായ ഒരു വിദ്യാഭ്യാസ പദ്ധതി നമുക്ക് ഇതുവരെയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനാലാണ്. അങ്കണവാടികൾ ഒരുവഴിക്ക്, സ്‌കൂളുകളോടുചേർന്ന് സമീപകാലത്ത് വ്യാപകമായിട്ടുള്ള പ്രീ പ്രൈമറികൾ വേറൊരു വഴിക്ക്, സ്വകാര്യ അൺ എയിഡഡ് സ്ഥാപനങ്ങൾ മറ്റേതൊക്കെയോ വഴികളിൽ എന്നതാണ് നിലവിലുള്ള നില. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴും, ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തലാണ് ഇനിയത്തെ ഊന്നലെന്ന് പറയുമ്പോഴും സർക്കാർ മറന്നുപോകുന്നത് ശൈശവകാല വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയെന്ന പ്രാഥമിക ഉത്തരവാദിത്തമാണ്.
ശിശുവികാസത്തിന്റെ തുടക്കം
അമ്മയുടെ വയറ്റിൽ ഒരു ജീവകോശമായി ഉരുവംകൊള്ളുന്നതു മുതൽ ആരംഭിക്കുന്നതാണ് ഒരു ശിശുവിന്റെ വളർച്ചയും വികാസവും. ഗർഭകാലത്തെ പോഷണക്കുറവും അമ്മയുടെ ശാരീരിക മാനസിക നിലയുമൊക്കെ കുഞ്ഞിന്റെ ഭാവിവളർച്ചയെയും വികാസത്തെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ ഗർഭപാത്രത്തിന്മേലുണ്ടാകുന്ന മർദ്ദ വ്യത്യാസങ്ങളോടും പുറമേ നിന്നുള്ള തീവ്രമായ ശബ്ദതരംഗങ്ങളോടും വരെ ശിശു പ്രതികരിക്കുന്നുണ്ടത്രേ. ജനനശേഷമാകട്ടെ ആദ്യം അമ്മയുമായും പിന്നീട് തന്നെ പരിചരിക്കുന്നവരുമായും തുടർന്ന് ചുറ്റുമുള്ള ഭൗതികലോകവുമായും ബന്ധപ്പെടുന്നതിലൂടെയാണ് കുഞ്ഞിന്റെ അനുഭവലോകം വിശാലമാകുന്നത്. കണ്ടും കേട്ടും മണത്തും രുചിച്ചും സ്പർശിച്ചും കുട്ടി നിരന്തരം ലോകത്തെ അറിയാൻ ശ്രമിക്കുന്നു. അളവറ്റ ജിജ്ഞാസയോടെ കൈയിൽ കിട്ടുന്നതെന്തും കൈകാര്യം ചെയ്യുന്നു. അനുഭവങ്ങളെ താരതമ്യം ചെയ്ത് പ്രാഥമിക ധാരണകളിലേക്ക് അബോധപൂർവം എത്തിച്ചേരുന്നു. സംവേദനവും അറിയലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ശാരീരികവും ബുദ്ധിപരവും വൈകാരികവും സാമൂഹ്യവുമായ വികാസത്തിന്റെ സൂക്ഷ്മമായ പടവുകൾ പലതും കുഞ്ഞ് അതിവേഗം പിന്നിടുന്നു. അറിവായും ഭാഷയായും ശരീരവഴക്കങ്ങളായും ചിന്താശേഷിയായും പ്രതികരണശീലങ്ങളായും ആവിഷ്‌കരണ നൈപുണികളായും "വിദ്യാഭ്യാസ'ത്തിന്റെ പല അടിസ്ഥാനഘടകങ്ങളും അഞ്ചുവയസ്സിനുമുമ്പ് പിന്നിടുന്നു. മാതൃഭാഷയുടെയും ഗണിതത്തിന്റെയും പ്രാഗ്‌ശേഷികൾ മിക്കതും അനുഭവങ്ങളിലൂടെ നേടേണ്ട, നേടുന്ന പ്രായമാണിത്.
കുഞ്ഞിന്റെ വൈകാരികമായ ചില സവിശേഷതകളും അറിവുനിർമാണത്തിന്റെ ശൈലീഭേദങ്ങളും സാമൂഹികതയുടെ രുചിക്കൂട്ടുമൊക്കെ അഞ്ചുവയസ്സിനകം ഏതാണ്ട് രൂപപ്പെടുമെന്നാണ് പുതിയ അന്വേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ ഘട്ടത്തിലുള്ള വളർച്ചയുടെയും വികാസത്തിന്റെയും കൃത്യമായ നാഴികക്കല്ലുകൾ (milestones) ശിശുവിദഗ്ധരും മനഃശാസ്ത്രജ്ഞരുമൊക്കെ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. തലച്ചോറിന്റെ വലിപ്പവർധനവിന്റെ 85 ശതമാനവും ഭാഷയുടെ അടിസ്ഥാന വ്യാകരണവുമൊക്കെ രൂപപ്പെടുന്ന അതിനിർണായകവും അങ്ങേയറ്റം വിലപ്പെട്ടതുമായ വളർച്ചാഘട്ടമായ ശൈശവത്തെയാണ് നാമിവിടെ ഗൗരവമില്ലാതെ സമീപിക്കുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സർക്കാരിന്റെയും അറിവില്ലായ്മകൊണ്ട് രണ്ടു കാര്യങ്ങൾ സംഭവിക്കാം. ഒന്നുകിൽ ഈ ഘട്ടത്തിൽ ലഭിക്കേണ്ട പോഷണവും പരിചരണവും സുരക്ഷയും വൈവിധ്യപൂർണമായ അനുഭവങ്ങളും വേണ്ട അളവിൽ ലഭിക്കാതിരിക്കാം. അല്ലെങ്കിൽ മുതിർന്നവരുടെ "വർധിച്ച ശ്രദ്ധ' കാരണം പ്രായത്തിന് ഉപരിയായ പലതും നിർബന്ധപൂർവം കുഞ്ഞിൽ കുത്തിനിറയ്ക്കുന്നതിനാൽ സ്വാഭാവിക വികാസം തടസ്സപ്പെട്ടെന്നുവരാം.
മറ്റിടങ്ങളിലെ സ്ഥിതി
ആറുവയസ്സിനുമുമ്പുള്ള പരിചരണത്തിനും വിദ്യാഭ്യാസത്തിനും പല ലോകരാജ്യങ്ങളും മുന്തിയ പരിഗണനയാണ് സമീപകാലത്ത് നൽകുന്നത്. പ്രീ സ്‌കൂൾ മേഖലയിൽ ഇപ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ പലമടങ്ങായി തിരിച്ചുകിട്ടുമെന്ന സാമ്പത്തികയുക്തി ഇതിന് ഒരു കാരണമാണ്. തൊഴിലെടുക്കുന്ന അമ്മമാരുടെ എണ്ണം സമൂഹത്തിൽ വർധിക്കുന്നതിനനുസരിച്ച് കുട്ടികളുടെ സുരക്ഷയും പരിചരണവും ഉറപ്പാക്കേണ്ട പൊതുബാധ്യത വർധിക്കുന്നുവെന്നത് മറ്റൊരു കാരണമാണ്. ശിശുവികാസമെന്നത് ജനനം മുതൽ നടക്കുന്ന പ്രക്രിയയാണെന്നും ആകയാൽ നേരത്തെ തന്നെ അവരുടെ പോഷണ - ആരോഗ്യ - പരിചരണ - വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നുമുള്ള ആധുനിക കാഴ്ചപ്പാടിന്റെ വ്യാപനം മറ്റൊരു പ്രേരണയാണ്.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1989-ൽ 192 രാജ്യങ്ങൾ ഒപ്പിട്ട കുട്ടികളുടെ അവകാശ ഉടമ്പടി, 1990-ലെ "എല്ലാവർക്കും വിദ്യാഭ്യാസം' എന്ന പ്രഖ്യാപനം, 2015-ലെ "സുസ്ഥിര വികസനലക്ഷ്യങ്ങൾ' സംബന്ധിച്ച പ്രഖ്യാപനം എന്നിവ അഞ്ചുവയസ്സിനുമുമ്പുള്ള പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്തിയതാണ്. കാലത്തിന്റെയും ലോകത്തിന്റെയും ഇത്തരം ആഹ്വാനങ്ങൾ മുഖവിലയ്ക്കെടുത്ത് പല രാജ്യങ്ങളും ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ സ്‌കൂളിൽ ചേർക്കുന്നതുവരെയുള്ള കുട്ടികളുടെ വളർച്ച കുടുംബത്തിന്റെ ചുമതലയാണെന്ന പരമ്പരാഗത ധാരണ ഉറച്ചുപോയ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഇടപെടലുകൾ കാര്യമായ ഫലം തരുന്നില്ല. ഉദാഹരണമായി, 1975-ൽ ആരംഭിച്ച, ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ശിശുപരിചരണ പദ്ധതിയായ ഐ.സി.ഡി.എസ്. (Integrated Child Development Scheme) ശിശുവിദ്യാഭ്യാസ കാര്യത്തിൽ ആപേക്ഷികമായ പുരോഗതി ഇപ്പോഴും നേടിത്തന്നിട്ടില്ല.
എന്നാൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ നോക്കുക. ഉദാഹരണമായി, സ്വീഡനിൽ ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ ആദ്യത്തെ പതിമൂന്ന് മാസത്തോളം 80 ശതമാനം ശമ്പളത്തോടെയുള്ള അവധി നൽകിക്കൊണ്ട് അമ്മയോ പറ്റുമെങ്കിൽ മാതാപിതാക്കൾ ഒന്നിച്ചോ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ തന്നെ മുൻകൈയെടുക്കുന്നു. അതുകഴിഞ്ഞാൽ മുനിസിപ്പാലിറ്റിയുടെ ചുമതലയിലുള്ള പൊതുവായ കെയർ സെന്ററിൽ കുട്ടികളെ ചേർക്കുന്നു. തുടർന്ന് മൂന്നുവയസ്സാകുന്നതോടെ അവരെ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന പ്രീസ്‌കൂളിൽ പ്രവേശിപ്പിക്കുന്നു. ആറുവയസ്സ് തികയുന്നതോടെ എല്ലാവരെയും ഔപചാരിക പഠനസംവിധാനങ്ങളിലേക്ക് നയിക്കുന്നു. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഓരോന്നും ഒന്നുകിൽ സർക്കാരിന്റെ നേരിട്ടുള്ള ചുമതലയിലുള്ളതോ അതുമല്ലെങ്കിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതോ ആയിരിക്കും. എവിടെയായാലും ചെലവിന്റെ നാമമാത്രമായ ഒരു ഭാഗമേ രക്ഷിതാക്കൾ വഹിക്കേണ്ടതുള്ളൂ.
മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോലും ദരിദ്ര - ധനികവ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട ഡെ കെയർ, പ്രീ സ്‌കൂൾ അനുഭവങ്ങൾ കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ ഫെഡറൽ തലത്തിലുള്ള ഇടപെടലുകളുണ്ട്. 1965-ൽ "ദാരിദ്ര്യത്തിനെതിരായ യുദ്ധ'ത്തിന്റെ ഭാഗമായി, ആരോഗ്യ-വിദ്യാഭ്യാസ ലക്ഷ്യങ്ങൾ മുൻനിർത്തി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ 3-6 വയസ്സ് പ്രായപരിധിയിലുള്ള കുട്ടികൾക്കായി അമേരിക്കയിൽ ഹെഡ്സ്റ്റാർട്ട് പദ്ധതി (Head Start Program) ആരംഭിച്ചത് ഓർക്കാവുന്നതാണ്. 1994-ൽ 0-3 വയസ്സുകാരെക്കൂടി ചേർത്ത് അത് വിപുലീകരിക്കുകയുണ്ടായി.
ശാസ്ത്രീയമായ ശിശുപരിചരണം
ശൈശവമെന്നത് മുതിർന്നവരുടെ തോന്നലുകൾക്കും ആഗ്രഹങ്ങൾക്കുമനുസരിച്ച് എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമെന്ന ധാരണ എത്രയോ മുമ്പുതന്നെ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ കുട്ടികൾക്കായി ആദ്യത്തെ സചിത്ര പാഠപുസ്തകം തയ്യാറാക്കുകയും അമ്മമാർക്കായി "School of Infancy' എന്ന പുസ്തകമെഴുതുകയും ചെയ്ത കൊമേനിയസ് (John Amos Comenius) ഇതിന് ശക്തമായ തുടക്കമിട്ടു. ആദിശൈശവം സവിശേഷതകൾ ഏറെയുള്ള കാലമാണെന്നും ചുറ്റുമുള്ള വസ്തുക്കളുമായി ഇടപഴകുമ്പോഴാണ് കുട്ടികൾ കാര്യങ്ങൾ നന്നായി ഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറച്ചുകാലം അവഗണിക്കപ്പെട്ടിരുന്ന ഇത്തരം ആശയങ്ങൾക്ക് പുനർജന്മമുണ്ടായത് ഫ്രോബൽ (Friedrich Froebel) 1837-ൽ കിന്റർഗാർട്ടൻ ആരംഭിച്ചപ്പോഴാണ്. വ്യത്യസ്ത തരം മരക്കട്ടകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് കളികളിലൂടെ പഠിക്കാനും കുഞ്ഞുങ്ങൾക്ക് അവരുടെ ആന്തരികമായ നിയമങ്ങൾക്ക് അനുസൃതമായി വികസിക്കാനുമുള്ള സൗകര്യം അവിടെ ലഭ്യമാക്കി. ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ, ഇന്ത്യയിലുൾപ്പെടെ തന്റെ ആശയങ്ങൾ നേരിട്ട് പ്രചരിപ്പിച്ച മറിയ മോണ്ടിസോറി (Maria Montessori), വിദ്യാഭ്യാസം ജനനത്തോടെ ആരംഭിക്കുന്നുവെന്നും ജീവിതത്തിലെ ആദ്യവർഷങ്ങൾ അതിപ്രധാനമാണെന്നും ഇക്കാലത്ത് കുഞ്ഞുങ്ങൾ ചില പ്രത്യേക വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നും ഓർമിപ്പിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ഇരുപാതികളിലുമായി മനഃശ്ശാസ്ത്രരംഗത്തുണ്ടായ കണ്ടെത്തലുകൾ ശിശുവികാസത്തിൽ അനുഭവങ്ങൾക്കുള്ള പ്രാധാന്യം ഒന്നുകൂടി എടുത്തുകാട്ടി. ജ്ഞാനനിർമിതിവാദിയായ പിയാഷെയുടെ (Jean Piaget) കണ്ടെത്തലുകൾ, 0 മുതൽ 2 വയസ്സുവരെ പ്രായത്തെ ഒരു ഘട്ടമായും 2 മുതൽ 7 വയസ്സുവരെയുള്ള പ്രായത്തെ മറ്റൊരു ഘട്ടമായും കണ്ട് കുട്ടികൾ എങ്ങനെയാണ് ലോകത്തെ അറിയുന്നതെന്നും അതിൽ നവംനവങ്ങളായ അനുഭവങ്ങൾക്കുള്ള പങ്കെന്താണെന്നും വ്യക്തമാക്കുകയുണ്ടായി. വികാസത്തിന്റെയും പഠനത്തിന്റെയും പിറകിലുള്ള മാനസികപ്രക്രിയകളിലേക്ക് പിയാഷെ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. കുഞ്ഞിനെ ഒരു സജീവപഠിതാവായിക്കണ്ട അദ്ദേഹം, വികസനമെന്നത് ശിശുവളർച്ചയോടൊപ്പം നടക്കുന്നതും മൂർത്തചിന്തയിൽ നിന്നും അമൂർത്തചിന്തയിലേയ്ക്കുള്ള പരിണാമവുമാണെന്ന് ദീർഘകാല പഠനങ്ങളെ അടിസ്ഥാനമാക്കി വിശദീകരിച്ചു. അതുവഴി കുട്ടികളെ എങ്ങനെയും രൂപപ്പെടുത്താമെന്ന, പൊതുബോധത്തിൽ വളരെക്കാലമായി നിലനിന്ന, വ്യവഹാരവാദ ധാരണയെ ശക്തമായി ചോദ്യംചെയ്തു.
താഴ്ന്ന മാനസികപ്രക്രിയകളിൽ നിന്ന് ഉയർന്ന മാനസികപ്രക്രിയകളിലേയ്ക്കുള്ള കുഞ്ഞിന്റെ മാറ്റത്തിൽ സമൂഹവും സംസ്‌കാരവും ചെലുത്തുന്ന സ്വാധീനം റഷ്യൻ മനഃശാസ്ത്രജ്ഞനായ വിഗോട്‌സ്‌കി (Lev Vygotsky) ഉയർത്തിക്കാട്ടി. ചമഞ്ഞുകളി (Make believe / pretend play) പോലുള്ള പ്രീസ്‌കൂൾ കാലത്തെ പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ കുട്ടികൾ അവരുടെ നിലവിലുള്ള മാനസികനിലയിൽ നിന്നും ഒരുപടി ഉയർന്ന തലത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രീസ്‌കൂൾ കുട്ടികൾ നടത്തുന്ന ചമഞ്ഞുകളികൾ ആത്മനിയന്ത്രണം കൈവരിക്കുന്നതിലും സമൂഹനിയമങ്ങൾ ആന്തരികവത്കരിക്കുന്നതിലും നിയമങ്ങൾ പാലിക്കുന്നതിലും നിർണായകമായ പങ്കാണ് വഹിക്കുന്നത്. പ്രീസ്‌കൂൾ ഘട്ടത്തിലെ ഇത്തരം അനുഭവങ്ങൾ വഴിയും ചുറ്റുപാടുമായും സമൂഹവുമായും ഇടപെടുന്നതുവഴിയും മുതിർന്നവർ, സഹപാഠികൾ, കൂടുതൽ അറിവുള്ളവർ എന്നിവരുമായി ഇടപെടുന്നതുവഴിയും എങ്ങനെയാണ് കുട്ടികൾ ഔപചാരിക വികാസത്തിന് പാകപ്പെടുന്നതെന്ന് വിഗോട്‌സ്‌കിയും മറ്റ് സാമൂഹ്യജ്ഞാന നിർമിതിവാദികളും വിശദീകരിച്ചിട്ടുണ്ട്.
നവീനമാതൃകകളുടെ ആവിർഭാവം
മേൽപ്പറഞ്ഞതുപോലുള്ള ആശയങ്ങളിൽ നിന്നും ഊർജമുൾക്കൊണ്ടുകൊണ്ട് നിരവധി പ്രീ സ്‌കൂൾ മാതൃകകൾ ലോകമെമ്പാടും അറുപതുകളിലും എഴുപതുകളിലും ഉയർന്നുവരികയുണ്ടായി. അതിൽ ഏറെ ശ്രദ്ധേയം 75 വർഷത്തെ ചരിത്രമുള്ള റെജിയോ എമിലിയ' (Reggio Emilia) മാതൃകയാണ്. വടക്കൻ ഇറ്റലിയിലെ ഒരു നഗരപ്രാന്തത്തിൽ, രണ്ടാം ലോകയുദ്ധത്തിന്റെ കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിൽ ഒരുകൂട്ടം ദരിദ്രകർഷകർ സ്വന്തം കൈകൾകൊണ്ട് ചുട്ടെടുത്ത ഇഷ്ടികകളിൽ പണിതുയർത്തിയ ഒരു പ്രീസ്‌കൂളിലായിരുന്നു" അതിന്റെ തുടക്കം. അതൊരു സന്ദേശമായി സമീപപ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചതോടെ സ്ത്രീകളുടെ മുൻകൈയിൽ പ്രവർത്തിക്കുന്ന ഒരു ഡസനേളം സ്ഥാപനങ്ങൾ അവിടവിടെ ഉയർന്നുവന്നു. 1960 കളിൽ റെജിയോ മുനിസിപ്പാലിറ്റി അവയെ മൊത്തമായി ഏറ്റെടുത്തതോടെ ലോറിസ് മലഗുസ്സിയെന്ന (Loris Malaguzzi) വിദ്യാഭ്യാസ പ്രവർത്തകന്റെ നേതൃത്വത്തിൽ അതൊരു മഹാപ്രസ്ഥാനമായി വളർന്നു. ഒരു പ്രാദേശിക ഭരണകൂടം ശിശുവിദ്യാഭ്യാസത്തിൽ സക്രിയമായി ഇടപെടുന്നതിന്റെ ഉജ്വലമായ ലോകമാതൃകയായി റെജിയോ ഇപ്പോഴും നിലനിൽക്കുന്നു. ഡ്യൂയി (John Dewey), പിയാഷെ, വിഗോട്‌സ്‌കി തുടങ്ങിയവരുടെ ആശയങ്ങളിൽ കെട്ടിപ്പടുത്ത സമീപനമാണ് ഇവിടെയുള്ളത്.
"റെജിയോ സമീപനം' സ്വീകരിച്ച നിരവധി പ്രീസ്‌കൂളുകൾ ഇന്ന് അമേരിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ താത്പര്യങ്ങൾ തിരിച്ചറിയുന്നതിലൂടെ രൂപപ്പെടുന്ന പ്രോജക്റ്റ് പ്രവർത്തനങ്ങളാണ് ഈ രീതിയുടെ മുഖ്യസവിശേഷതയെന്നു കാണാം. കുട്ടികൾ പറയുന്നതും ചെയ്യുന്നതും വരയ്ക്കുന്നതും നിർമിക്കുന്നതുമായ പ്രവർത്തനങ്ങൾ ശബ്ദമായും ഫോട്ടോയായും വീഡിയോയായും കുറിപ്പുകളായും ഡോക്യുമെന്റ് ചെയ്യുകയും രക്ഷിതാക്കളുമായി പങ്കുവെക്കുകയും ചെയ്തുകൊണ്ട്, തുടർവിലയിരുത്തലിന്റെ ഒരു പ്രായോഗികമാതൃക കൂടി ആവിഷ്‌കരിക്കാൻ റെജിയോ പ്രീസ്‌കൂളുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം നേരിട്ടുകണ്ട് ബോധ്യപ്പെട്ടവരിൽ ആധുനിക വിദ്യാഭ്യാസചിന്തയിലെ പ്രമുഖരായ ബ്രൂണറും (Jerome S. Bruner) ഗാർഡ്‌നറും (Howard Gardner) ഉൾപ്പെടുന്നു.
1970-ൽ അമേരിക്കയിലെ മിഷിഗണിലെ പെറി പ്രീസ്‌കൂളിൽ (Perry preschool) ഡേവിഡ് വീക്കാർട്ട് (David P. Weikart) എന്ന മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹൈസ്‌കോപ്പ് (HighScope) കരിക്കുലം മാതൃകയും ഒട്ടേറെ രാജ്യങ്ങളിൽ ഇന്ന് പ്രാദേശികമാറ്റങ്ങളോടെ നടപ്പിലാക്കിവരുന്നു. കുട്ടികൾ അറിവ് നിർമിക്കുന്നുവെന്ന കാഴ്ചപ്പാട് തന്നെയാണ് ഇതിന്റെയും അടിത്തറ. ഇവിടെ പഠിച്ചുവളർന്ന കുട്ടികളെ നാൽപതുവർഷത്തോളം ഇടവിട്ട് നിരീക്ഷിച്ച ഗവേഷകർ കുട്ടികളുടെ പിൽക്കാല പഠനത്തിലും ജീവിതത്തിലും ഈ പ്രീസ്‌കൂൾ അനുഭവം മികച്ച ഗുണാത്മകസ്വാധീനം ചെലുത്തുകയുണ്ടായെന്ന് ശാസ്ത്രീയമായി ലോകത്തെ ബോധ്യപ്പെടുത്തുകയുണ്ടായി.
പ്രശസ്തമായ കിന്റർഗാർട്ടൻ രീതിയ്ക്കും മോണ്ടിസോറി സമ്പ്രദായത്തിനും പിന്നാലെ പുതിയ തിരിച്ചറിവുകളുടെ പിൻബലത്തിൽ പ്രീസ്‌കൂൾ അന്വേഷണങ്ങൾ വൈവിധ്യമാർന്ന പലവഴികളിലൂടെയും ഇന്ന് ലോകമാകെ മുന്നോട്ടുപോവുകയാണ്. ജോൺ ഡ്യൂയിയുടെ ആശയങ്ങളിൽ നിന്ന് രൂപപ്പെട്ടതും ലിലിയൻ കാറ്റ്‌സിനെ (Lilian G. Katz) പോലുള്ളവർ പിന്നീട് ഏറെ വികസിപ്പിച്ചതുമായ പ്രോജക്റ്റ് രീതി റെജിയോയിൽ ഉൾപ്പെടെ പലേടത്തും പ്രാബല്യത്തിലുണ്ട്. സ്‌കാൻഡിനേവിയൻരാജ്യങ്ങളായ ഡെന്മാർക്കിനും സ്വീഡനും ശേഷം ജർമനി, സ്‌കോട്‌ലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച വനാധിഷ്ഠിത പ്രീസ്‌കൂളുകൾ (Forest kindergarten) ശ്രദ്ധേയമായ മറ്റൊരു മാതൃകയാണ്. പ്രകൃതിനശീകരണം വർധിക്കുകയും കുട്ടികൾ കോൺക്രീറ്റ് കെട്ടിടങ്ങളിൽ, കമ്പ്യൂട്ടറുകൾക്കു മുമ്പിൽ തളച്ചിടപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് അവരെ ബാധിക്കുന്ന "പ്രകൃതിയപര്യാപ്തതാ രോഗ'ത്തിന് (Nature deficit disorder) ഇതൊരു മറുമരുന്നാണെന്ന് പലരും കരുതുന്നു.
രീതിയും പേരുമൊക്കെ എന്തായാലും, (0-1) വയസ്സ്, (1-3) വയസ്സ്, (3-5) വയസ്സ്, (5-6) വയസ്സ് എന്നീ പ്രായപരിധികളിൽ യഥാക്രമം വീട്, ഡെ കെയർ സെന്റർ, പ്രീസ്‌കൂൾ, പ്രിപ്പറേറ്ററി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രായാനുസൃതമായി കിട്ടുന്ന ശരിയായ അനുഭവങ്ങൾ പിൽക്കാലത്തെ വിദ്യാഭ്യാസത്തിലും ജീവിതത്തിലും സദ്ഫലങ്ങൾ നൽകുമെന്ന പൊതുധാരണ ഇന്ന് ലോകത്ത് ശക്തമായി വരികയാണ്. എന്നാൽ മറ്റുപല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, നമ്മൾ ഇന്നും മൂന്നു വയസ്സുവരെ കുട്ടികളെ വീട്ടിൽ തന്നെ നിർത്താൻ ശ്രമിക്കുന്നു. തുടർന്നുള്ള കാലത്താകട്ടെ സാമ്പത്തികസ്ഥിതിയനുസരിച്ച് സമീപത്ത് ലഭ്യമാകുന്ന ഏതെങ്കിലുമൊരു സ്ഥാപനത്തിൽ തത്കാലം കുട്ടികളെ കൊണ്ടാക്കുക എന്നതാണ് പൊതുനില. മഹാഭൂരിപക്ഷത്തിന്റെയും ആശ്രയം അങ്കണവാടികളാണ്. നല്ല പങ്ക് കുട്ടികൾക്ക് അങ്ങനെയൊരു സൗഭാഗ്യം പോലും ഇന്ത്യയിൽ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഗോത്രവിഭാഗങ്ങളുടെയും മറ്റും കുട്ടികൾ ഈ വിഭാഗത്തിൽ പെടുന്നു. ഇത്തരക്കാർക്ക് ഏതെങ്കിലും ഏജൻസി വഴി സമീപപ്രദേശത്ത് ബദൽവിദ്യാഭ്യാസകേന്ദ്രങ്ങൾ തുടങ്ങാനും അല്പം "ലിറ്ററസി'യും "ന്യൂമറസി'യും പരിശീലിപ്പിക്കാനുമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ (NCF-2020) ൽ പോലും ലക്ഷ്യമിട്ടിട്ടുള്ളത്.
കേരളത്തിലേയ്ക്ക് വരുമ്പോൾ
പ്രസവശുശ്രൂഷയിലൂടെ ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ മിക്ക അമ്മമാരും ജോലിക്ക് പോവുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. കുപ്പിപ്പാലും മുതിർന്ന ആരുടെയെങ്കിലും പരിചരണവുമാണ് പിന്നീട് കുഞ്ഞിന് ലഭ്യമാവുക. അത് ഏതാണ്ട് മൂന്നുവയസ്സുവരെ തുടരുന്നു. അങ്കണവാടിയിലാണോ പൊതുവിദ്യാലയത്തിലുള്ള പ്രീ പ്രൈമറിയിലാണോ അതോ വലിയ ഡൊണേഷനും ഫീസും നൽകേണ്ട സ്വകാര്യസ്ഥാപനങ്ങളിലാണോ കുട്ടിയെ ചേർക്കേണ്ടത് എന്ന തീരുമാനം അതിനകം രക്ഷിതാക്കൾ എടുത്തിരിക്കും. അവരുടെ സാമ്പത്തികാവസ്ഥയും ഭാവിസ്വപ്നങ്ങളുമൊക്കെ ഈ തീരുമാനത്തെ സ്വാധീനിക്കും. സ്വകാര്യസ്ഥാപനത്തിൽ പിന്നീട് കുട്ടിയെ ചേർക്കണം എന്ന് കരുതുന്ന ചിലർ "ഇരുത്തം പഠിക്കാൻ'എന്ന പേരിൽ അങ്കണവാടിയിലോ അയൽപക്കത്തെ സ്‌കൂളിലെ പ്രീപ്രൈമറിയിലോ തൽക്കാലം കുട്ടിയെ ചേർക്കുന്ന പരിപാടിയുമുണ്ട്. അഞ്ചുവയസ്സായാൽ ഡൊണേഷൻ കൊടുത്ത് സ്വകാര്യ വിദ്യാലയത്തിലെ ഒന്നാംക്ലാസിൽ സീറ്റ് ഉറപ്പിക്കും. കുട്ടിയുടെ വികസനാവശ്യങ്ങളോ കുട്ടിക്ക് ആ സ്ഥാപനത്തിൽ കിട്ടാൻ പോകുന്ന അനുഭവങ്ങളോ ഒന്നും തന്നെ ഈ ഘട്ടത്തിൽ മിക്ക രക്ഷിതാക്കളുടെയും പരിഗണനയിൽ വരുന്നില്ല.
കുട്ടികൾ കളിച്ചും രസിച്ചും ശാസ്ത്രീയമായ അനുഭവങ്ങളിലൂടെ കടന്നുപോയും സ്വാഭാവികവികാസം നേടണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കൾക്കാകട്ടെ, തൃപ്തികരമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എവിടെയും ലഭ്യമല്ല എന്ന യാഥാർഥ്യവും നിലനിൽക്കുന്നു. നാടൊട്ടുക്ക് അങ്കണവാടികളും എല്ലാ സ്‌കൂളുകളിലും പ്രീപ്രൈമറികളും ഉണ്ടല്ലോ എന്നതാവാം ബന്ധപ്പെട്ടവരുടെ നിലപാട്. അങ്കണവാടികൾക്ക് തീം സമീപനവും പ്രതിമാസ തീം ചാർട്ടുമൊക്കെ തത്ത്വത്തിൽ ഉണ്ട് എന്നത് ശരിയാണ്. പക്ഷേ അവ പൂർണാർഥത്തിൽ പ്രയോഗക്ഷമമാക്കാനുള്ള ഭൗതികസൗകര്യങ്ങളോ വൈദഗ്ധ്യമോ ഇച്ഛാശക്തിയോ പിന്തുണയോ അവിടെയുള്ള പ്രവർത്തകർക്ക് വേണ്ടത്രയില്ല. അവരെ സംബന്ധിച്ച് വിദ്യാഭ്യാസം നിരവധി ഉത്തരവാദിത്തങ്ങളിൽ ഒന്നുമാത്രമാണ്.
പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറിയിലാവട്ടെ, അത് സർക്കാർ അംഗീകരിച്ചതായാലും അല്ലെങ്കിലും, ഒന്നാംതരത്തിനുമുമ്പുള്ള കാര്യങ്ങൾ പ്രീപ്രൈമറി ടീച്ചറുടെ ധാരണയനുസരിച്ചോ രക്ഷാകർത്താക്കളുടെ സമ്മർദമനുസരിച്ചോ നീങ്ങുകയാണ്. സ്‌കൂളിലെ മറ്റധ്യാപകർ ഇവർക്ക് വഴികാട്ടാനോ സ്‌കൂളിന്റെ അവിഭാജ്യഘടകമായി പ്രീസ്‌കൂളിനെ കാണാനോ പൊതുവേ തയ്യാറാകുന്നില്ല. ഒന്നാംക്ലാസിലേയ്ക്കുള്ള ഒരു സ്ഥിരനിക്ഷേപം എന്ന നിലയിൽ മാത്രമാണ് പല വിദ്യാലയങ്ങളിലും പ്രീപ്രൈമറി വിഭാഗം ആരംഭിച്ചതുതന്നെ.
2012-ന് മുമ്പ് ആരംഭിച്ചതും അംഗീകൃതവുമായ സ്ഥാപനങ്ങളിൽ എസ്.സി.ഇ.ആർ.ടി.യുടെ"കളിപ്പാട്ട'വും (അധ്യാപകസഹായി) "കളിത്തോണി'യും (വർക്ക് ഷീറ്റുകൾ) ഒക്കെ ഉണ്ടെങ്കിലും സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ പഠിപ്പിക്കുക എന്നതാണ് മിക്കയിടത്തും നടക്കുന്നത്. എല്ലാ പൊതുവിദ്യാലയങ്ങളോടും ചേർന്ന് പ്രവർത്തിക്കുന്ന മുഴുവൻ പ്രീ സ്‌കൂളുകളെയും അംഗീകരിക്കുകയും അധ്യാപികമാർക്ക് വ്യാപകമായി പരിശീലനം നൽകി അവരെ പൊതുവിദ്യാഭ്യാസത്തിന്റെ ധാരയിലേയ്ക്ക് കൊണ്ടുവരികയും ചെയ്യുകയെന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും ഗൗരവത്തോടെ കാണുന്നില്ല എന്നത് ഖേദകരമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രീ സ്‌കൂൾ സംബന്ധമായി ഒരു ദേശീയ സെമിനാർ നടത്താനും പ്രീസ്‌കൂൾക്കായി ഒരു കരിക്കുലവും അധ്യാപകസഹായിയും കുട്ടികൾക്കുള്ള ആക്ടിവിറ്റി കാർഡുകളും ഉണ്ടാക്കാനും നടത്തിയ ശ്രമം വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. പാലക്കാട്ടുള്ള ഐ.ആർ.ടി.സി.യുമായി ചേർന്ന് കുറച്ചുപേർക്ക് പരിശീലനവും നൽകി. പക്ഷേ അതെല്ലാം സർക്കാർ അംഗീകാരമുള്ള, 2012-നുമുമ്പ് നിലവിൽ വന്ന 2267 പൊതുവിദ്യാലയ പ്രീപ്രൈമറികളിൽ ഒതുങ്ങുകയായിരുന്നു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടികൾക്കായും ഇത്തരം സാമഗ്രികളുടെ നിർമാണവും പരിശീലനവും നടക്കുന്നുണ്ട്. പക്ഷേ അവയുടെയും ചെറിയ അംശമേ ഫീൽഡിൽ പ്രതിഫലിക്കുന്നുള്ളൂ.
സമഗ്രമായ ഒരു പ്രീ സ്‌കൂൾ നയം ഉണ്ടാക്കാനുള്ള സർക്കാർതല ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സ്വകാര്യമേഖലയുടെ എതിർപ്പ് കാരണം അത് ഇതുവരെയും എവിടെയുമെത്തിയിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ ഒരെണ്ണം ഉണ്ടാക്കാൻ എസ്.സി.ഇ.ആർ.ടി. ശ്രമിക്കുകയും അതിന്റെ ആദ്യഭാഗം സർക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ കാതലായ നിർദേശങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഭാഗം ഇപ്പോഴും രൂപീകരണ ഘട്ടത്തിലാണ്.
സ്വകാര്യ പ്രീ സ്‌കൂളുകളുടെമേൽ ഇപ്പോഴും സംസ്ഥാന സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലാവട്ടെ ഇച്ഛാശക്തിയോടെ സർക്കാർ ഇടപെടുന്നുമില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയും സ്‌കൂൾ വിദ്യാഭ്യാസത്തിൽ അക്കാദമിക മുന്നേറ്റത്തിനായി ശ്രമിക്കുകയും ചെയ്യുമ്പോൾ തന്നെ അതിലേറെ പ്രാധാന്യത്തോടെ ഇടപെടേണ്ടമേഖലയാണ് പ്രീ പ്രൈമറി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE-2009) പ്രീസ്‌കൂളുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ തടസ്സമില്ല. പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് അങ്കണവാടികളുടെ നടത്തിപ്പ് ചുമതലയും ഉണ്ട്.
2020-ലെ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് മൂന്നുവയസ്സുമുതലുള്ള വിദ്യാഭ്യാസം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പരിധിയിൽ വരികയാണ് എന്നുപറഞ്ഞ് കാത്തിരിക്കേണ്ടതില്ല. ശിശുവികാസത്തിൽ അഞ്ചുവയസ്സിനുമുമ്പുള്ള പ്രായത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സമഗ്രമായ ഒരു നയവും ശാസ്ത്രീയമായ ഇടപെടലുകളും എത്രയും വേഗം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ഇപ്പോൾ തന്നെ മുൻകൈയെടുക്കണം. ഇതിനായി,
1. അഞ്ചുവയസ്സിനുമുമ്പുള്ള ശിശുവിദ്യാഭ്യാസവും പഠനവും സംബന്ധിച്ച ആശയരൂപീകരണ പ്രവർത്തനങ്ങൾ നടത്തണം. നവീനമായ മനഃശാസ്ത്ര കാഴ്ചപ്പാടുകൾ, നാഡീമനഃശാസ്ത്ര നിഗമനങ്ങൾ, ഈ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിരവധിയായ ദേശീയവും അന്തർദേശീയവുമായ നിയമങ്ങൾ, പ്രഖ്യാപനങ്ങൾ, മാതൃകകൾ എന്നിവയെല്ലാം വിലയിരുത്തിക്കൊണ്ടുള്ള സമഗ്രമായ കാഴ്ചപ്പാടിന് ഉടൻ അന്തിമരൂപം നൽകണം.
2. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ (0 - 5/6) വയസ്സ് വരെയുള്ള കാലത്തെ ശിശുവികസന നയം രൂപീകരിക്കുകയും സമഗ്രമായ ഒരു നിയമനിർമാണം നടത്തുകയും വേണം.
3. ആദ്യഘട്ടമെന്ന നിലയിൽ, സർക്കാർ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിനുമുമ്പുള്ള ഒരുവർഷത്തെ പ്രീസ്‌കൂൾ പ്രവർത്തനങ്ങളെങ്കിലും ഏകീകരിക്കുന്നതിനുള്ള തീരുമാനങ്ങളും നടപടികളും കൈക്കൊള്ളണം. ഭൗതികസൗകര്യമൊരുക്കൽ, പഠനപദ്ധതി വികസിപ്പിക്കൽ, അധ്യാപക നിയമനം, അവരുടെ ശാക്തീകരണം, രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉറപ്പിക്കൽ എന്നിവയിൽ സർക്കാർ ഇടപെടണം. ഇതിനുള്ള ചുമതലകളിൽ ചിലത് സംസ്ഥാന സർക്കാർ വഹിക്കുകയും മറ്റു ചിലത് പ്രാദേശിക സർക്കാരുകളെ ഏൽപ്പിക്കുകയും വേണം.
4. ഇതിനൊപ്പം, ഓരോ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷന്റെയും നേതൃത്വത്തിൽ അടുത്ത അഞ്ചുവർഷത്തിനകം ഒരു പ്രീസ്‌കൂളെങ്കിലും ഭൗതികവും അക്കാദമികവും സാമൂഹ്യവുമായ തലങ്ങളിൽ മാതൃകയാക്കുമെന്ന ലക്ഷ്യം നേടിയെടുക്കണം.
5. (3 - 4/5) പ്രായക്കാർക്കായി പ്രവർത്തിച്ചുവരുന്ന അങ്കണവാടികളുടെ സൗകര്യങ്ങൾ സമാന്തരമായി വികസിപ്പിക്കുകയും അവിടുത്തെ വിദ്യാഭ്യാസ ഉള്ളടക്കം മെച്ചപ്പെടുത്തുകയും അത് പ്രീസ്‌കൂൾ നിലവാരത്തിലേയ്ക്ക് ഉയർത്തുകയും വേണം.
6. മൂന്നുവയസ്സിനുമുമ്പുള്ള കുട്ടികൾക്ക് ചെറിയ ചെലവിൽ മികച്ച ഡെ കെയർ സെന്ററുകൾ ഒരുക്കുന്നതിനുള്ള വിവിധ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം.
7. ശാസ്ത്രീയമായ പ്രീസ്‌കൂളിങ്ങിന്റെ ആവശ്യകതയെക്കുറിച്ചും രീതികളെക്കുറിച്ചും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധവത്കരിക്കണം.
ചുരുക്കത്തിൽ വിദ്യാഭ്യാസം അഞ്ചുവയസ്സോടെ ആരംഭിക്കുന്നുവെന്ന അന്ധവിശ്വാസം നാം ഇനിയെങ്കിലും ഉപേക്ഷിക്കണം. ഇല്ലെങ്കിൽ വിലപ്പെട്ട ശൈശവത്തോട് നാം ചെയ്തുകൊണ്ടിരിക്കുന്ന പാതകം ഇതുപോലെ തുടരുകയാവും ഫലം. ഇനിയും അമാന്തം തുടർന്നാൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ഗതിവേഗവും ഗുണതയും വർധിപ്പിക്കാനുള്ള ഏറ്റവും നല്ല ഇടപെടലാവും കാഴ്ചപ്പാടിന്റെയും മുൻഗണനക്കുറവിന്റെയും അഭാവത്തിൽ നീണ്ടുപോവുക. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സാർഥകമായ ഒരു കർമപരിപാടിയായി ഇത് വികസിക്കട്ടെ
( ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 66 ൽ പ്രസിദ്ധീകരിച്ച ലേഖനം)