രാത്രിയേറെ വൈകിയിരുന്നു. കിടപ്പുമുറിയുടെ ജനാല തുറന്നപ്പോൾ അകത്തേക്ക് ചെറിയ തണുപ്പിനോടൊപ്പം മുല്ലപ്പൂവിന്റെ ഗന്ധവും ഒഴുകി വന്നു. പുറത്ത് അശോക മരത്തിന്റെ ചില്ലകളെ ചുറ്റി തഴച്ചുവളരുന്ന മുല്ലവള്ളിയിൽ നിറയെ പൂക്കളുണ്ട്. അവയ്ക്ക് എന്റെ ആദ്യ അധ്യാപകാനുഭവത്തിന്റെ മണം കൂടിയുണ്ട്.
ഇരുപത് വർഷം മുമ്പാണ്. കാസർഗോഡിന് വടക്ക് കുമ്പള സബ് ജില്ലയിലുള്ള ഒരുൾനാടൻ സ്‌കൂളിലാണ് അധ്യാപകനായി ആദ്യനിയമനം ലഭിക്കുന്നത്. ഒറ്റപ്പെട്ട ഒരു പാറപ്രദേശമായിരുന്നു അന്ന്. ചെറിയൊരു മരുപ്പച്ച പോലെ സ്‌കൂളിന് മുന്നിൽ ഒരു കൊച്ചു പൂന്തോട്ടമുണ്ട്. ഏഴാം ക്ലാസിലെ കുട്ടികളാണ് ഉദ്യാനപാലകർ. ചെക്കിയും ചെണ്ടുമല്ലിയും കാശിത്തുമ്പയും വാടാമല്ലിയുമൊക്കെ ഉച്ചയാകുമ്പോഴേക്കും കനത്ത വെയിൽ താങ്ങാനാകാതെ ക്ഷീണിച്ച് മുഖം താഴ്ത്തിയിരിക്കും. ഒരു മുല്ലവള്ളി മാത്രമാണ് തൊട്ടടുത്ത നാട്ടുമാവിൻ മോളിലേക്ക് ഒരു ഏഴാം ക്ലാസ് കാരന്റെ ചുറുചുറുക്കോടെ വലിഞ്ഞു കയറാൻ ശ്രമിക്കുന്നത്. വെയിലിനോട് ഒടുങ്ങാത്ത വാശിയുണ്ടതിനെന്ന് തോന്നി. നല്ല ഉദ്യാനപാലകരെന്ന് വാഴ്ത്തു കേട്ട ഏഴിലെക്കൂട്ടം അതിന് വെള്ളമൊഴിക്കുന്നതോ പരിപാലിക്കുന്നതോ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഏഴാം ക്ലാസുകാർ എന്തുകൊണ്ടാണതിനെ അവഗണിക്കുന്നതെന്നോ ഏത് അദൃശ്യമായ കൈകളാണ് മുല്ലവള്ളിക്ക് തുണയായി നിൽക്കുന്നതെന്നോ ഞാൻ കണ്ടെത്താൻ ശ്രമിച്ചിട്ടുമില്ല.
കുറ്റാന്വേഷണം, പ്രതികളെ പിടിക്കൽ, ചോദ്യംചെയ്യൽ എന്നീ കാര്യങ്ങളിൽ അധ്യാപകർ പോലീസുകാരേക്കാൾ പണ്ടുമുതലേ താല്പര്യം കാണിക്കുന്നവരാണെന്ന് പറയാറുണ്ട്. ചില സ്‌കൂളുകളിൽ ഇതിന് സ്‌പെഷലിസ്റ്റ് മാഷുമുണ്ടാകും.
ഒരു ദിവസം മൂന്നു മണി കഴിഞ്ഞിട്ടുണ്ടാകണം. വെയിലൊന്ന് ചാഞ്ഞിട്ടുണ്ട്. സ്‌കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. സാധാരണയായി യു പി സ്‌കൂളിലെ മുതിർന്ന പൗരന്മാരാർക്കുള്ള പരിഗണന കിട്ടുന്നവരാണ് ഏഴാം ക്ലാസുകാർ. അവർക്കുമാത്രമാണ് തൂമ്പാ, വെട്ടുകത്തി, കൈക്കോട്ട് തുടങ്ങിയ മാരകായുധങ്ങൾ അവശ്യ സന്ദർഭങ്ങളിൽ മാത്രം കൈകാര്യം ചെയ്യാനുള്ള ലൈസൻസ് ലഭിക്കുന്നത്. അവർ ഉത്തമ കർഷക ശ്രേഷ്ഠരെപ്പോലെ സ്‌കൂളിനു മുന്നിലെ ചെറു മുൾച്ചെടികളും കളകളും വെട്ടിയൊതുക്കുകയും മുറ്റം ചെത്തി വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ നാലാം ക്ലാസിൽ നിന്നും "പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവു പൂക്കുന്നശോകം' എന്ന കവിത ഒരു പശ്ചാത്തല സംഗീതമായി ഉയർന്നു കേൾക്കുന്നുണ്ട്. അന്ന് ക്യാമറ ഫോണും സമഗ്ര ശിക്ഷയും പിടിമുറുക്കിയിട്ടില്ലാത്തതിനാൽ ഏഴിലെ മൊഹ്‌സീന ഒരു ബക്കറ്റ് വെള്ളം തലയിൽ ചുമന്ന് കൊണ്ടുവരുന്നത് ഫോട്ടോ എടുക്കാനും വാട്‌സാപ്പിലിടാനുമൊന്നും ആരുമുണ്ടായില്ലെന്നു മാത്രം. മൊഹ്‌സീന വെള്ളവുമായി പൂന്തോട്ടത്തിലേക്കു കാലെടുത്തു വെച്ച അതേ ശുഭ മുഹൂർത്തത്തിലാണ് കാതടപ്പിക്കുന്ന ഒരു സ്‌ഫോടനവും പൂത്തിരി കത്തിത്തിതീരുന്ന പോലുള്ള ഒരു ശബ്ദവുമുണ്ടായത്. മൊഹ്‌സീനയുടെ തലയിൽ നിന്നും ബക്കറ്റ് വെള്ളം താഴെവീണുടയുകയും നാലാം ക്ലാസിലെ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി സ്വിച്ചിട്ടപോലെ നിലയ്ക്കുകയും ചെയ്തു. ശുചീകരണ തൊഴിലാളികൾ ആയുധങ്ങൾ വലിച്ചെറിഞ്ഞ് സ്‌കൂൾ വരാന്തയിലേക്ക് ചാടിക്കയറി. സർവം നിശബ്ദം, നിശ്ചലം. പടിഞ്ഞാറുള്ള പരുക്കൻ പാറക്കൂട്ടത്തിന്റെ പൊള്ളലേറ്റ് കിതച്ച് വരുന്ന കാറ്റിന്റെ പരിഭവമല്ലാതെ മറ്റൊന്നും അപ്പോൾ കേൾക്കാനുണ്ടായിരുന്നില്ല. കറന്റ് മൊത്തത്തിൽ പോയിട്ടുണ്ട്. സ്‌കൂളിന് പിറകുവശത്തെ മതിലിനരികിലൂടെ കടന്നു പോകുന്ന കറന്റ് കമ്പി പൊട്ടി താഴെ വീണതാണ്. മുറിഞ്ഞു വീണ കറണ്ട് കമ്പിക്ക് മുകളിൽ തേക്ക് മരത്തിന്റെ വലിയൊരു കൊമ്പു കിടപ്പുണ്ട്. തൊട്ടടുത്ത് ഒരു വെട്ടുകത്തിയും. ആരോ മരക്കൊമ്പ് വെട്ടി താഴെയിട്ടതാണ്. പക്ഷേ അരികിൽ ആരെയും കാണാനുണ്ടായിരുന്നില്ല.
കുറ്റാന്വേഷണം, പ്രതികളെ പിടിക്കൽ, ചോദ്യംചെയ്യൽ എന്നീ കാര്യങ്ങളിൽ അധ്യാപകർ പോലീസുകാരേക്കാൾ പണ്ടുമുതലേ താല്പര്യം കാണിക്കുന്നവരാണെന്ന് പറയാറുണ്ട്. ചില സ്‌കൂളുകളിൽ ഇതിന് സ്‌പെഷലിസ്റ്റ് മാഷുമുണ്ടാകും. ഏതായാലും അന്വേഷണം തുടങ്ങാൻ വൈകിയില്ല. വെട്ടുകത്തിയുടെ ഉടമയെയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തേണ്ടത്. അത് സ്‌കൂളിനരികിൽ താമസിക്കുന്ന ആമിനത്താത്തയാണെന്ന് മനസ്സിലായി. ആമിനത്താത്ത ആടിന് പ്ലാവില വെട്ടുന്ന കത്തിയാണത്. ഏതോ ഒരു ഉസ്‌കൂൾ ചെക്കൻ മേങ്ങിപ്പോയതാണെന്നാണ് അവർ പറയുന്നത്. കാടുവെട്ടി തെളിക്കാനായി ഏഴാം ക്ലാസിലെ ഒരു വിദ്വാൻ വാങ്ങിയതാണതെന്ന് അപ്പോൾ ഏതാണ്ട് ഉറപ്പായി.പക്ഷേ അവിടെയാണ് ട്വിസ്റ്റ് വരുന്നത്. ഏഴാം ക്ലാസിലെ ഒരാളുപോലും അവിടെ പോയിട്ടില്ല. കേസ് അന്വേഷണം ക്ലാസധ്യാപകനിൽ നിന്നും ഹെഡ്മാസ്റ്റർക്ക് കൈമാറേണ്ട സങ്കീർണാവസ്ഥയിലേക്കാണോ കാര്യങ്ങൾ എത്തിയിരിക്കുന്നത് ? അപ്പോഴാണ് നാലാം ക്ലാസിലെ ബുഷ്‌റയുടെ രൂപത്തിൽ കേസിലെ ആദ്യ സാക്ഷി അവതരിക്കുന്നത്. പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി എന്നു പാടുന്നതിനിടയിൽ ബുഷ്‌റ അറിയാതെ ക്ലാസിനു പുറത്തേക്ക് നോക്കിപ്പോയത്രേ. അപ്പോൾ തേക്ക് മരത്തിന്റെ കൊമ്പുകൾക്കിടയിലൂടെ ഒരു നീലക്കുപ്പായം മുകളിലേക്ക് കയറി പോകുന്നത് കണ്ടത്രേ. നീലക്കുപ്പായം! അതാണ് തുമ്പ് ! അപ്പോൾ ഇനി എളുപ്പായി. നീലക്കുപ്പായക്കാരനെ കണ്ടെത്തിയാൽ മാത്രം മതി. അങ്ങനെയാണ് അന്വേഷണം ആറാം ക്ലാസിലെ അർഫാത്തിലെത്തി നിൽക്കുന്നത്. ആമിനത്താത്തേന്റെ വെട്ടുകത്തിയെടുത്ത് തേക്കു മരത്തിൽ വലിഞ്ഞു കയറി കറന്റ് കമ്പി പൂത്തിരിയാക്കിയ ആ നീലക്കുപ്പായക്കാരൻ വെറും ആറാം ക്ലാസുകാരൻ മാത്രമായ സാക്ഷാൽ അർഫാത്താണ്.
വെയിലിൽ വാടിത്തളർന്ന ചെടികൾക്കിടയിൽ ആ മുല്ലവള്ളി മാത്രം ഒട്ടും തളരാതെ മുകളിലേക്കു കയറിക്കൊണ്ടിരുന്നു. അവനതിലേക്ക് നോക്കിയിട്ട് പുഞ്ചിരിയോടെ പറഞ്ഞു, ‘ഇത് എന്റേതാണ് മാഷേ. ഈ മുല്ല'.
അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങിയ അവനെ ഒടുവിലാണ് ഞാൻ സമീപിക്കുന്നത്. ഏഴാം ക്ലാസുകാർ താഴെ തൊടിയും മുള്ളും വെട്ടി വീഴ്ത്തുമ്പോൾ അർഫാത്ത് സ്‌കൂൾ മതിലിനകത്തേക്ക് ചാഞ്ഞു കിടക്കുന്ന തേക്കിൻ കൊമ്പ് തന്നെ വെട്ടി താഴെയിട്ടു. ഏഴാം ക്ലാസുകാരെ മാത്രം ഏൽപ്പിച്ച ഒരു ജോലി ആരുമറിയാതെ ആറാം ക്ലാസുകാരനായ അർഫാത്ത് ചെയ്യുന്നതെന്തിനാണെന്ന് ഞാനവനോട് ചോദിച്ചു. അവൻ കുറേ സമയം ഒന്നും മിണ്ടാതെ നിന്നു. അവനെന്റെ മുഖത്തു തന്നെ നോക്കി നിൽക്കുകയാണ്. ചുണ്ടുകൾ മെല്ലെമെല്ലെ വിതുമ്പുന്നുണ്ട്. "ഞാനും ഏഴിലെത്തേണ്ടതായിരുന്നു മാഷേ... എന്നെ മാത്രം തോൽപ്പിച്ചു' പറഞ്ഞു തീരുമ്പോഴേക്കും അവന്റെ കണ്ണുകളിൽ നിന്നും ജലം ഒഴുകി. എനിക്കു വല്ലാതായി. ഞാനവന്റെ തോളിൽ കൈയിട്ട് വരാന്തയിലൂടെ നടന്നു.
ഏഴാം ക്ലാസുകാരേക്കാൾ താൻ ഒരു കാര്യത്തിലും പിന്നിലല്ലെന്ന് അവനു തെളിയിക്കണമായിരുന്നു. താൻ അവരെക്കാൾ പിന്നിലാണെന്ന് വിശ്വസിക്കാൻ അവന്റെ മനസ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണത്രേ അവൻ ഓട്ടമത്സരത്തിൽ വാശിയോടെ പങ്കെടുത്ത് ഏഴാം ക്ലാസുകാരെയെല്ലാം തോൽപ്പിച്ച് ഒന്നാമതെത്തുന്നത്. അതുകൊണ്ടാണത്രേ വൈകുന്നേരം ഏഴാം ക്ലാസ്‌കാരോടൊപ്പം ഫുട്‌ബോൾ കളിച്ച് അവരുടെ നെറ്റിലേക്ക് ഒന്നൊന്നായി ഗോളടിച്ചു കയറ്റുന്നത്. അതുകൊണ്ടു മാത്രമാണ് ഏഴാം ക്ലാസുകാർ ചെയ്യുന്നതൊക്കെ, പഠിക്കുന്നതൊക്കെ, അവൻ ആറാം ക്ലാസ്സിലിരുന്ന് ആരുമറിയാതെ ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. അങ്ങനെ അവനെങ്കിലും സ്വയം ബോധ്യപ്പെടാമല്ലോ അവൻ തോൽക്കേണ്ടവനല്ലെന്ന് !
കൂട്ടുകാരൊക്കെ ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം കിട്ടിപ്പോകുമ്പോൾ പരാജിതരെന്ന് മുദ്രകുത്തപ്പെടുന്ന കുട്ടികൾ ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്‌കൂളിനും ജീവിതത്തിനും പുറത്തേക്ക് നടന്നകലുന്ന പതിവ് കാഴ്ചയെ അർഫാത്ത് ഒറ്റയ്ക്ക് തിരുത്തുകയാണെന്ന് തോന്നിയിരുന്നു അപ്പോൾ.
ഞങ്ങൾ നടന്ന് പൂന്തോട്ടത്തിലെത്തി. വെയിലിൽ വാടിത്തളർന്ന ചെടികൾക്കിടയിൽ ആ മുല്ലവള്ളി മാത്രം ഒട്ടും തളരാതെ മുകളിലേക്കു കയറിക്കൊണ്ടിരുന്നു. അവനതിലേക്ക് നോക്കിയിട്ട് പുഞ്ചിരിയോടെ പറഞ്ഞു, ‘ഇത് എന്റേതാണ് മാഷേ. ഈ മുല്ല'.
ഞാനതിന്റെ ശാഖകളിലേക്കു നോക്കി. അതിൽ കുറേ കുഞ്ഞു മൊട്ടുകളുണ്ട്. രാത്രിയിൽ മറ്റു ചെടികളെല്ലാമുറങ്ങുമ്പോൾ മുല്ല ഉറങ്ങാതെ മൊട്ടുകൾക്കു വെളുത്ത ചിറകുകൾ നൽകും. അവ കാറ്റിനും കുളിരിനും സുഗന്ധം വിതറി ചുറ്റും പറന്നു നടക്കും. തേക്ക് മരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറി പോകുന്ന നീലക്കുപ്പായക്കാരനെപ്പോലെ മുല്ലവള്ളി നാട്ടുമാവിന്റെ കൊമ്പുകൾക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റിനെ തൊട്ടുരുമ്മി ചുറ്റുപാടും സുഗന്ധം പരത്തി ഉയരേക്ക് ഉയരേക്ക് പടർന്നുകയറി പോകുന്നതും പൂന്തോട്ടത്തിൽ വീണു കിടന്ന അർഫാത്തിന്റെ നിഴലിന് എന്നെക്കാളും, സ്‌കൂളിനെക്കാളും വലുപ്പം വെയ്ക്കുന്നതും ഞാൻ വിസ്മയത്തോടെ നോക്കി നിന്നു .
ക്ലാസിൽ നിന്നുള്ള തോൽവി കുട്ടികളിൽ മാനസികമായി എത്രത്തോളം ആഘാതങ്ങളുണ്ടാക്കുന്നതെന്ന് അർഫാത്ത് എനിക്കു കാണിച്ചു തന്നു. അർഫാത്ത് ഇപ്പോൾ എവിടെയാണെന്നെനിക്കറിയില്ല. പക്ഷേ അവൻ ജീവിതത്തിൽ തോൽക്കില്ലെന്നെനിക്കുറപ്പുണ്ട്. ക്ലാസ് കയറ്റം കിട്ടാതെ തോറ്റവരെന്ന് മുദ്രകുത്തിയ എല്ലാ കുട്ടികളും ചിലപ്പോൾ അങ്ങനെ തന്നെയായിരിക്കും. കാരണം തോറ്റവരാണ് ഈ ലോകത്തെ നിർമിച്ചു കൊണ്ടിരിക്കുന്നത്. ▮