Representative image / Photo : Muhammed Fasil

എല്ലാവരുടെയും ജീവിതത്തിന്റെ വിഷാദകാലത്ത്
​ഒരു രാധാമണി ടീച്ചർ പ്രത്യക്ഷപ്പെടട്ടെ

അടിമുടി വിഷാദം പിടിപ്പെട്ടിരുന്നൊരു കാലത്തിൽ നിന്ന് എന്നെ പൊക്കിയെടുത്തതിന് ഞാൻ രാധാമണി ടീച്ചറോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളില്ലായിരുന്നെങ്കിൽ ഞാൻ കുറച്ചുകൂടി മാരകമായി മുറിപ്പെടുമായിരുന്നു.

‘It is in fact nothing short of a miracle that the modern methods of instruction have not yet entirely strangled the holy curiosity of inquiry; for what this delicate little plant needs more than anything, besides stimulation, is freedom. It is a very grave mistake to think that the enjoyment of seeing and searching can be promoted by means of coercion and a sense of duty.'

വിദ്യാർത്ഥി ജീവിതത്തിന്റെ തുടക്കം മുതലേ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി തുടർന്നുപോരുന്ന വ്യക്തിഗത സംഘട്ടനത്തിന്റെ മൂലകാരണത്തെ ആൽബർട്ട് ഐൻസ്റ്റൈന്റെ ഈ വാചകത്തിൽ കണ്ടെടുക്കുമ്പോൾ ഞാൻ ഒന്നര പതിറ്റാണ്ടിൽ കുറയാത്ത സംഘട്ടന പരിചയമാർജിച്ചിരുന്നു. ഞാൻ ഒരു കാലത്തും ക്ലാസ് മുറികൾക്ക് പറ്റിയ കുട്ടിയായിരുന്നില്ല. ഒരു വ്യക്തിയുടെ ജൈവപ്രകൃതത്തെയും, കലാപചേതനയെയും നിർവീര്യമാക്കുകയും, പൊതുസമൂഹത്തിന്റെ ജീവിതക്രമത്തിന് അനുയോജ്യമായ രീതിയിൽ അവരെ മെരുക്കിയെടുക്കുകയും ചെയ്യുന്ന ഫാക്ടറികളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഞാൻ മനസ്സിലാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം എന്റെ വ്യക്തിപരമായ അനുഭവങ്ങൾക്കാണ്.

ഞാൻ ആദ്യമായി വിഷാദത്തിന് കീഴ്പ്പെടുന്നത് മത്സരപരീക്ഷകളുടെ സമ്മർദ്ദം താങ്ങാനാവാതെയാണ്. സമീപഭാവിയിൽ തന്നെ എന്നെ ചുറ്റിവരിയാൻ പോകുന്ന മത്സരാന്തരീക്ഷത്തിന്റെ ഭീകരത കണ്ട് ഞാൻ പരിഭ്രാന്തനായി.

നിർബന്ധിത വിദ്യാഭ്യാസമെന്ന ആശയം പതിനേഴാം നൂറ്റാണ്ടിലെ പ്രഷ്യൻ സമൂഹത്തിലാണ് ആദ്യമായി ഉയർന്നുവന്നത്. രാജ്യാതിർത്തി വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഇടക്കിടെ അരങ്ങേറിയിരുന്ന യുദ്ധങ്ങളിലേക്ക് നിർഭയരും നിർദ്ദയരുമായ പടയാളികളെ നിർമ്മിച്ചെടുക്കുകയെന്ന സങ്കുചിതലക്ഷ്യമാണ് ഇത്തരം പാഠശാലകൾക്ക് പിന്നിലുണ്ടായിരുന്നത്. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഈ ആശയത്തിന്റെ പ്രായോഗിക രൂപങ്ങൾ ഉയർന്നുവരികയും, ദേശരാഷ്ട്രങ്ങൾ രൂപമെടുത്തു തുടങ്ങിയപ്പോൾ അതിന്റെ പലവിധ ലക്ഷ്യങ്ങളിലൊന്നായി നിർബന്ധിത പൊതുവിദ്യാഭ്യാസം സ്വീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൊതുചട്ടക്കൂട് പ്രഷ്യൻ മാതൃകയെ പിൻപറ്റിയുള്ളതാണ്. അധിനിവേശ ശക്തികളിലൂടെ നടപ്പിലാക്കപ്പെട്ടത്തിനാൽ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഇന്നുമൊരു കൊളോണിയൽ ഹാങ്ങോവറുണ്ട്.

അതാത് കാലത്തെ ലോകക്രമത്തിനും അധികാര സമവാക്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തപ്പെടുന്നതാണ് നമ്മുടെ പാഠ്യപദ്ധതികൾ. ഇന്ത്യയുടെ ചരിത്രമായി നമ്മൾ ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പഠിക്കേണ്ടി വന്നതും, അടുത്തിടെ പാഠ്യപദ്ധതികളിലൂടെ ‘ഹിന്ദു' സാമ്രാജ്യങ്ങളുടെ മഹത്വവൽക്കരണം വ്യാപകമായി നടപ്പിലാക്കപ്പെടുന്നതും അധികാരവുമായി പാഠ്യപദ്ധതികൾക്കുള്ള ഇടപാടിന്റെ തന്നെ തെളിവാണ്. വിനീത വിധേയരായ ജനസാമാന്യത്തെക്കൊണ്ട് അതേ ജനുസ്സിലുള്ള അടിമമനുഷ്യരെ പുനരുൽപ്പാദിപ്പിക്കുകയെന്നത് അധികാരി വർഗത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ ലക്ഷ്യം നിറവേറ്റാൻ അവരെ സഹായിക്കുകയെന്ന കർത്തവ്യമാണ് ഓരോ പാഠ്യപദ്ധതിക്കുമുള്ളത്. പാഠ്യപദ്ധതികളിലൂടെ ഒളിച്ചുകടത്തപ്പെടുന്ന മൂല്യങ്ങളാണ് അധികാരി വർഗ്ഗത്തിന്റെ നിലനിൽപ്പിന്റെ തന്നെ ആധാരം. നോം ചോംസ്‌കിയേയും, ജോൺ ഗാട്ടോയേയും പോലുള്ള ധൈഷണികർ ഈ കൂട്ടുകെട്ടിനെ നിശിതമായി വിമർശിച്ചു പോരുന്നു.

ജോലിസമ്പാദനം വിദ്യാഭ്യാസത്തിന്റെ ഒരേയൊരു ലക്ഷ്യമായി മാറിയിരിക്കുന്ന, നേടിയ വിദ്യാഭ്യാസത്തിന്റെ മൂല്യമളക്കാൻ മാസശമ്പളത്തെ മാനദണ്ഡമായി സ്വീകരിക്കുന്ന നിയോ ലിബറൽ കാലഘട്ടത്തിലാണ് ഞാൻ വിദ്യാർത്ഥിയായി തുടരുന്നത്. എനിക്ക് മുൻപേ ഡിഗ്രിയും മറ്റും പഠിച്ചിറങ്ങിയവർ യൗവ്വനത്തിന്റെ ഏറ്റവും തിളക്കമുള്ള വർഷങ്ങൾ ജോലി നേടാനുള്ള മുൻകൂർ പ്രവർത്തനങ്ങൾക്ക് വേണ്ടി ഹോമിച്ചുതള്ളുന്നത് കണ്ടുകൊണ്ടാണ് ഞാൻ പഠിപ്പ് തുടരുന്നത്.

ഉത്തരാധുനിക ലോകക്രമത്തിലെ ഓരോ വിദ്യാർത്ഥിയും കടന്നുപോകുന്നത് ഭീകരമായ സമ്മർദ്ദത്തിലൂടെയാണ്. സമൂഹത്തെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായ ഒരു ജോലി നേടിയെടുക്കാൻ കൗമാരവും യൗവനവും ബലികൊടുക്കേണ്ടുന്ന ദുരവസ്ഥയെയാണ് ഓരോ വിദ്യാർത്ഥിക്കും അഭിമുഖീകരിക്കേണ്ടിവരുന്നത്

സാമ്പ്രദായിക വിദ്യാഭ്യാസവും പാഠ്യപദ്ധതികളും കമ്പോളത്തിന്റെ സ്വാധീനത്തിന് വിധേയമായിക്കൊണ്ടിരുന്ന, സ്വകാര്യസ്വത്തിന്റെ വികസനമെന്നത് ഒരു സ്വാഭാവിക പൗരധർമമായി സ്വീകരിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് തന്നെയാണ് ഞാൻ, എന്റെ സ്വകാര്യ സങ്കർഷങ്ങളുമായി ഹൈസ്‌കൂളിലെത്തുന്നത്. ഞാൻ ആദ്യമായി വിഷാദത്തിന് കീഴ്പ്പെടുന്നത് അവിടുത്തെ മത്സരപരീക്ഷകളുടെ സമ്മർദ്ദം താങ്ങാനാവാതെയാണ്. സമീപഭാവിയിൽ തന്നെ എന്നെ ചുറ്റിവരിയാൻ പോകുന്ന മത്സരാന്തരീക്ഷത്തിന്റെ ഭീകരത കണ്ട് ഞാൻ പരിഭ്രാന്തനായി. ഒരു ശരാശരി ഹൈസ്‌കൂൾ വിദ്യാർഥിക്കുമേൽ സമൂഹം കെട്ടിയേല്പിച്ചു കൊടുത്ത പ്രതീക്ഷകളുടെ ഭാരം എന്നെപ്പോലൊരു ലോലഹൃദയന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിനകത്ത് ശ്വാസംമുട്ടി പിടയുന്നവരെ അധികമാരും പരിഗണിച്ചതായി തോന്നുന്നില്ല.

നല്ല സ്വഭാവവും ബുദ്ധിയുമുണ്ടാവണമെങ്കിൽ നല്ല ഡി.എൻ.എയുള്ള രക്ഷിതാക്കൾക്ക് ജനിക്കണമെന്നും, അച്ഛനമ്മമാരുടെ ജോലി കുട്ടിയുടെ കഴിവുകളെ വിലയിരുത്താൻ സഹായിക്കുമെന്നും പറഞ്ഞ ബോട്ടണി അധ്യാപകന്റെ ക്ലാസിൽ രണ്ടുവർഷം വീർപ്പുമുട്ടി ഇരിക്കേണ്ടി വന്ന വിദ്യാർഥിയാണ് ഞാൻ

പഠിച്ചിറങ്ങിയ സ്ഥാപനങ്ങളോടും, അതിലൂടെ കിനിഞ്ഞിറങ്ങിയ പാഠ്യപദ്ധതികളോടും യാതൊരു മമതയും സൂക്ഷിക്കാത്ത, നേരിയൊരു വൈകാരിക ബന്ധം പോലും അവയുമായൊന്നും സ്ഥാപിക്കാൻ തുനിയാതിരുന്ന ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു ഞാൻ; ഇപ്പോഴുമാണ്. എന്റെ അദ്ധ്യാപകരിൽ സിംഹഭാഗവും, ഉയർന്ന മത്സരക്ഷമതയുള്ള വിദ്യാർഥികളെ മാത്രം പരിഗണിക്കുന്നവരായിരുന്നു. നല്ല സ്വഭാവവും ബുദ്ധിയുമുണ്ടാവണമെങ്കിൽ നല്ല ഡി.എൻ.എയുള്ള രക്ഷിതാക്കൾക്ക് ജനിക്കണമെന്നും, അച്ഛനമ്മമാരുടെ ജോലി കുട്ടിയുടെ കഴിവുകളെ വിലയിരുത്താൻ സഹായിക്കുമെന്നും പറഞ്ഞ ബോട്ടണി അധ്യാപകന്റെ ക്ലാസിൽ രണ്ടുവർഷം വീർപ്പുമുട്ടി ഇരിക്കേണ്ടി വന്ന വിദ്യാർഥിയാണ് ഞാൻ. എല്ലാ കാലത്തും ഞാൻ അദ്ധ്യാപകരിൽ നിന്ന് ഒരു നിശ്ചിത അകലം പാലിച്ചു മാത്രം നിലകൊണ്ടു. എന്നേപ്പോലൊരു ശരാശരി വിദ്യാർത്ഥിയെ മുൻവിധികളില്ലാതെ പരിഗണിക്കാൻ മിക്ക അദ്ധ്യാപകർക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ തയ്യാറാക്കുന്ന പ്രിയപ്പെട്ട അധ്യാപകരുടെ ലിസ്റ്റ് മൂന്നോ നാലോ പേരുകൾ മാത്രമുൾക്കൊള്ളുന്നതാണ്; വിദ്യാർത്ഥി ജീവിതത്തിന്റെ ഏതൊക്കെയോ ഘട്ടങ്ങളിൽ മാർക്കുകളുടെ അകമ്പടിയില്ലാതെ എന്നെ പരിഗണിച്ചവരെ മാത്രമുൾക്കൊള്ളുന്നത്.

പ്രിയപ്പെട്ട അധ്യാപകരുടെ ലിസ്റ്റിലെ പ്രഥമ പേരുകാരി ഒൻപതിലും പത്തിലും മലയാള പാഠാവലി പഠിപ്പിച്ച രാധാമണി ടീച്ചറുടേതാകുന്നത്, എന്റെ വിഷാദഭരിതമായ പഠനകാലത്തിനുമേൽ അവർ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ തണൽ വിരിച്ചതിനാലാണ്. അധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് പൊതുവെ ആവശ്യപ്പെടുന്ന വിധേയത്വം കലർന്ന അനുസരണയുടെ മുഖപടം രാധാമണി ടീച്ചറുടെ മുന്നിൽ മാത്രം ആവശ്യമില്ലായിരുന്നു. സുതാര്യവും അനായാസവുമായ ഹൃദയബന്ധം രാധാമണി ടീച്ചറുമായി, രാധാമണി ടീച്ചറുമായി മാത്രം സാധ്യമായത് അവർ സാമ്പ്രദായിക അദ്ധ്യാപന മാർഗങ്ങൾ അവലംബിക്കാത്ത ആളായതിനാലല്ല. ആ സാമ്പ്രദായികതയ്ക്കകത്ത് നിന്നുകൊണ്ട് പഠിപ്പിക്കുമ്പോഴും വിദ്യാർത്ഥികളെ ഉത്തരക്കടലാസിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ തട്ടുകളായി തിരിക്കാനോ, അവരുടെ നിന്ദ്യമായ ഭാവി ജീവിതത്തിന്റെ ദിശാസൂചികയായി കുറഞ്ഞ മാർക്കുകളെ പരിഗണിക്കാനോ തയ്യാറാവാത്തതിലൂടെയാണ് അവരെന്റെ ഹൃദയത്തിലേക്കുള്ള വാതിൽ മലർക്കെ തുറന്നത്. ഒരാൾക്കും അവരെ വെറുക്കാൻ കഴിയില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു, അവരെ വെറുത്തവരെ ഞാനും വെറുത്തിരുന്നു. നിർബന്ധിത വിദ്യാഭ്യാസം ചില മനുഷ്യരെ ആത്മാവില്ലാത്തവരായി മാറ്റിക്കൊണ്ട് കൂടിയാണ് നിലനിൽക്കുന്നത്. ഇത്തരം വിദ്യാർഥികളുടെ സാന്നിദ്യം തിരിച്ചറിയാനുള്ള ജാഗ്രത പോലും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനില്ല. എസ്.എസ്.എൽ.സി പൊതു പരീക്ഷ പോലെയൊരു മഹാമഹത്തിന്റെ സാമൂഹിക സമ്മർദ്ദം താങ്ങാനുള്ള മാനസികാരോഗ്യമില്ലാതെ എത്രയോ കുട്ടികൾ വിഷാദത്തിലേക്ക് വീണു പോകുന്നുണ്ട്. അങ്ങനെ വീണ് പോയ എന്നെ താങ്ങിനിർത്തിയതിന് രാധാമണി ടീച്ചറുടെ സ്നേഹപൂർണമായ സാന്നിധ്യത്തോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

സമൂഹത്തെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായ ഒരു ജോലി നേടിയെടുക്കാൻ കൗമാരവും യൗവനവും ബലികൊടുക്കേണ്ടുന്ന ദുരവസ്ഥയെയാണ് ഓരോ വിദ്യാർത്ഥിക്കും അഭിമുഖീകരിക്കേണ്ടിവരുന്നത്.

ഉത്തരാധുനിക ലോകക്രമത്തിലെ ഓരോ വിദ്യാർത്ഥിയും കടന്നുപോകുന്നത് ഭീകരമായ സമ്മർദ്ദത്തിലൂടെയാണ്. സമൂഹത്തെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായ ഒരു ജോലി നേടിയെടുക്കാൻ കൗമാരവും യൗവനവും ബലികൊടുക്കേണ്ടുന്ന ദുരവസ്ഥയെയാണ് ഓരോ വിദ്യാർത്ഥിക്കും അഭിമുഖീകരിക്കേണ്ടിവരുന്നത്. ഇത് ലോകക്രമത്തിന്റെയും, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും പ്രശ്നമാണ്. ഇതിന്റെ പൽച്ചക്രങ്ങൾക്കിടയിൽ പെട്ടുപോകാതെ തന്റെ വിദ്യാർഥികളെ രക്ഷിച്ചെടുക്കാൻ ഒരധ്യാപകന്/അധ്യാപികയ്ക്ക് എന്തു ചെയ്യാൻ കഴിയും? ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരം ഞാൻ സ്വരൂപിച്ചെടുത്തത് രാധാമണി ടീച്ചറുടെ പ്രവർത്തികളിൽ നിന്നാണ്. വിദ്യാർത്ഥികൾ അദ്ധ്യാപകരിൽ നിന്ന് കുറച്ചധികം പരിഗണനയും സ്നേഹവും അർഹിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന പ്രാഥമിക ധാരണയാണ് ആദ്യം വേണ്ടത്. മത്സരപ്പരീക്ഷകളിലെ പരാജയത്തിനുശേഷവും ജീവിതം യാതൊരു കോട്ടവും തട്ടാതെ അവശേഷിക്കുമെന്നും, പാഠപുസ്തകങ്ങളുടെ പരിമിത വൃത്തത്തിന് പുറത്തെ ജീവിതം മറ്റെന്തിനേക്കാളും പ്രധാനമാണെന്നും വിദ്യാർഥികളെ ബോധ്യപ്പെടുത്താൻ ഓരോ അധ്യാപകർക്കും മുൻപെന്നത്തേക്കാളും ഉത്തരവാദിത്വമുണ്ടെന്ന് ഞാൻ കരുതുന്നു.

അടിമുടി വിഷാദം പിടിപ്പെട്ടിരുന്നൊരു കാലത്തിൽ നിന്ന് എന്നെ പൊക്കിയെടുത്തിന് ഞാൻ രാധാമണി ടീച്ചറോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളില്ലായിരുന്നെങ്കിൽ ഞാൻ കുറച്ചുകൂടി മാരകമായി മുറിപ്പെടുമായിരുന്നു. എല്ലാവരുടെയും ജീവിതത്തിന്റെ വിഷാദകാലത്ത് ഒരു രാധാമണി ടീച്ചർ പ്രത്യക്ഷപ്പെടട്ടെ എന്ന് ആശംസിക്കാൻ മാത്രം സ്നേഹവും കടപ്പാടും എനിക്ക് നിങ്ങളോടുണ്ട്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments