കോച്ചിംഗ് എന്ന
വ്യവസായവും
ഉ​ദ്യോഗാർത്ഥിയുടെ
കാത്തിരിപ്പും;
ഒരു കോച്ചിംഗ് അധ്യാപകൻ
എഴുതുന്നു

‘‘ഒരു കോച്ചിംഗ് സ്ഥാപനത്തിന്റെ പരസ്യത്തിൽ ജയിച്ചവരുടെ ഫോട്ടോ മാത്രമേയുള്ളൂ. അവരുടെ ഒപ്പം പഠിച്ച, ജോലി കിട്ടാത്ത, ഇപ്പോഴും കാത്തിരിക്കുന്ന 200 പേരെ കാണാനാകില്ല. ഒരു തസ്തികയ്ക്ക് എത്ര അപേക്ഷകരുണ്ടായിരുന്നു, ലിസ്റ്റിൽനിന്ന് എത്ര പേർക്ക് നിയമനം കിട്ടി, ലിസ്റ്റ് റദ്ദാകുമ്പോൾ എത്ര പേർ ബാക്കിയായി- ഈ മൂന്ന് സംഖ്യകൾ ഒരു ഉദ്യോഗാർത്ഥിക്ക് എളുപ്പം കാണാൻ കഴിയുന്ന രീതിയിൽ പ്രസിദ്ധീകരിക്കപ്പെട്ടാൽ, ഒരുപാട് പേർ വേറെ തീരുമാനമെടുക്കും. ചിലർ അപ്പോഴും കാത്തിരിക്കും- അത് അവരുടെ അവകാശമാണ്. പക്ഷേ അവർ അറിഞ്ഞുകൊണ്ട് കാത്തിരിക്കും. ഇപ്പോൾ അങ്ങനെയല്ല’’- ജോലിയ്ക്കു കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന കോച്ചിങ് കേരളത്തിൽ എങ്ങനെ ഒരു വ്യവസായമായി മാറിയിരിക്കുന്നു എന്നെഴുതുകയാണ്, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സതീഷ് മഠത്തിൽ.

ഒരു കോച്ചിംഗ് ക്ലാസ്സിൽ 15 വർഷം പഠിപ്പിച്ചാൽ ഒരു കാര്യം മനസ്സിലാകും. ജൂണിൽ മുൻബെഞ്ചിലിരിക്കുന്ന മുഖങ്ങളല്ല ഡിസംബറിൽ അവിടെയുള്ളത്. പക്ഷേ എണ്ണം ഒന്നുതന്നെ. ഒരാൾ പോകുമ്പോൾ ഒരാൾ വരുന്നു. ക്ലാസ്സ് ഒരിക്കലും ഒഴിയുന്നില്ല. ഇതിനെ ഞാൻ ഒരു വ്യവസായത്തിന്റെ വിജയമായി കണ്ടിരുന്നു. ഇപ്പോൾ അങ്ങനെയല്ല കാണുന്നത്.

കേരളത്തിൽ ഒരു വലിയ സമ്പദ്‌വ്യവസ്ഥ വളർന്നിട്ടുണ്ട്. കോച്ചിംഗ് സെന്ററുകൾ, ഗൈഡ് പ്രസാധകർ, ചോദ്യപേപ്പർ ശേഖരങ്ങൾ, യൂട്യൂബ് ചാനലുകൾ, ആപ്പുകൾ, ഇപ്പോൾ നിർമ്മിതബുദ്ധി ഘടിപ്പിച്ച പഠനവേദികൾ. ഓരോ പട്ടണത്തിലും ഒരു തെരുവുണ്ട്, അതിൽ നാലു സ്ഥാപനങ്ങളുണ്ട്. ലക്ഷക്കണക്കിന് രൂപ അവിടെ കൈമാറ്റപ്പെടുന്നു.

ഈ സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്നത് ജോലി കിട്ടുന്നവരല്ല എന്നതാണ് പറയാൻ ഉദ്ദേശിക്കുന്ന കാര്യം. ജോലി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണ്. ഒരാൾക്ക് നിയമനം കിട്ടിയാൽ ആ ഉപഭോക്താവ് നഷ്ടപ്പെടുന്നു. കിട്ടാതെ ആ വ്യക്തി തുടർന്നാൽ അവർ അടുത്ത വർഷവും ഫീസ് അടയ്ക്കും. വ്യവസായത്തിന്റെ താൽപ്പര്യവും ഉദ്യോഗാർത്ഥിയുടെ താൽപ്പര്യവും ഒരേ ദിശയിലാണെന്ന് നാം കരുതുന്നു. അല്ല എന്നതാണ് സത്യം.

ഇത് പറയാൻ എനിക്ക് ഒരു അവകാശമുണ്ടെന്ന് തോന്നുന്നു, കാരണം ഈ ത്രികോണത്തിന്റെ മൂന്ന് മൂലയിലും ഞാൻ നിന്നിട്ടുണ്ട്.

ഞാൻ പരീക്ഷ എഴുതിയിട്ടുണ്ട്. എസ്.എസ്.സി. സി.ജി.എൽ., ഐ.ബി.പി.എസ്. പി.ഒ., റെയിൽവേ എ.എസ്.എം. ഉൾപ്പെടെ 36-ലധികം റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ചിട്ടുണ്ട്, ജോലി നേടിയിട്ടുമുണ്ട്- 2009 മുതൽ 2022 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ, അവസാനകാലത്ത് ഡെപ്യൂട്ടി മാനേജരായി. 13 വർഷം. അതായത്, വാഗ്ദാനം പാലിക്കപ്പെട്ട ചെറിയ ന്യൂനപക്ഷത്തിൽ ഒരാളാണ് ഞാൻ. ഒപ്പം, ആ വാഗ്ദാനം വിറ്റയാളുമാണ്. റ്റി.ഐ.എം.ഇ.യിൽ, പിന്നീട് അൺഅക്കാദമിയിൽ, ഒടുവിൽ എന്റെ സ്വന്തം സ്ഥാപനത്തിൽ- 15 വർഷം ഞാൻ ഈ തയ്യാറെടുപ്പ് പഠിപ്പിച്ചു.

മൂന്ന് സ്ഥാനത്തുനിന്നും നോക്കിയാൽ കാണുന്ന ചിത്രം ഒന്നല്ല.

ഉദ്യോഗാർത്ഥിയുടെ സ്ഥാനത്തുനിന്ന് നോക്കുമ്പോൾ പരാജയം ഒരു സംഭവമാണ്. ഒരു ദിവസം ഫലം വരുന്നു, അതിൽ പേരില്ല.

അധ്യാപകന്റെ സ്ഥാനത്തുനിന്ന് നോക്കുമ്പോൾ അത് ഒരു സംഭവമല്ല, ഒരു അനുപാതമാണ്. ഒരു തസ്തികയ്ക്ക് എത്ര അപേക്ഷകരുണ്ടെന്ന് അധ്യാപകനറിയാം. അയാൾക്ക് മുന്നിലിരിക്കുന്ന നൂറ് പേരിൽ എത്ര പേർക്ക് കിട്ടുമെന്ന് കൃത്യമായി അറിയാം. പക്ഷേ അത് ക്ലാസ്സിൽ പറയുന്ന പതിവില്ല. പറഞ്ഞാൽ ക്ലാസ്സ് ഒഴിയും.

ഉദ്യോഗസ്ഥരുടെ സ്ഥാനത്തുനിന്ന് നോക്കുമ്പോൾ മൂന്നാമതൊരു കാര്യം കാണാം- അകത്തുകടന്നവർ പുറത്തുനിൽക്കുന്നവരെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. ബാങ്കിൽ 13 വർഷം ജോലി ചെയ്തിട്ടും, കൗണ്ടറിന്റെ ഇപ്പുറത്ത് ഒരാളുണ്ടാകാൻ എത്ര പേർ അപ്പുറത്ത് കാത്തിരിക്കുന്നു എന്ന് ഞങ്ങൾ ആരും സംസാരിച്ചിട്ടില്ല.

ഈ വ്യവസ്ഥയിലെ ഏറ്റവും ക്രൂരമായ ഭാഗം പരാജയമല്ല. കാത്തിരിപ്പാണ്.

ഒരാൾ പരീക്ഷ ജയിക്കുന്നു. റാങ്ക് ലിസ്റ്റിൽ പേര് വരുന്നു. അതോടെ കാര്യം കഴിഞ്ഞു എന്ന് പുറത്തുനിന്നുള്ളവർ കരുതും. കഴിഞ്ഞിട്ടില്ല. ലിസ്റ്റിൽ പേര് വരുന്നതും നിയമന ഉത്തരവ് കയ്യിൽ കിട്ടുന്നതും തമ്മിൽ വർഷങ്ങളുടെ അകലമുണ്ടാകാം. ആ വർഷങ്ങളിൽ അയാൾ ഒരു വിചിത്രമായ അവസ്ഥയിലാണ്. ജോലിക്കാരല്ല. എന്നാൽ മറ്റെന്തെങ്കിലും ആകാൻ സ്വതന്ത്രനുമല്ല. കാരണം, ഏതു നിമിഷവും ആ ഉത്തരവ് വരാം, അപ്പോൾ അയാൾ ഒഴിഞ്ഞിരിക്കണം. അങ്ങനെ അയാൾ കാത്തിരിക്കുന്നു- ഒരു ജോലിയുടെ വാഗ്ദാനത്തിനുവേണ്ടി ജീവിതം പണയപ്പെടുത്തി.

ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ പലർക്കും ഒന്നും കിട്ടിയിട്ടുണ്ടാവില്ല. അവർ പരാജയപ്പെട്ടവരല്ല. ജയിച്ചവരാണ്. ജയിച്ചിട്ടും കിട്ടാത്തവരാണ്. മലയാളത്തിൽ ആ അവസ്ഥയ്ക്ക് ഒരു വാക്കില്ല എന്നത് യാദൃച്ഛികമല്ല.

നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കേരളത്തിലെ LPST ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പുല്ലുതിന്നൽ സമരം
നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കേരളത്തിലെ LPST ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പുല്ലുതിന്നൽ സമരം

പിന്നെയുണ്ട് പ്രായപരിധി. അത് വിജ്ഞാപനം ഇറങ്ങുന്ന വർഷത്തെ ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഏതാനും ആഴ്ചകൾകൊണ്ട് ആ പരിധി കടക്കുന്ന ഒരാളെ സംബന്ധിച്ച് കാര്യം വൈകുകയല്ല ചെയ്യുന്നത്, തീരുകയാണ്. 10 വർഷം ഒരു വ്യവസ്ഥയ്ക്കുചുറ്റും ജീവിതം ക്രമീകരിച്ചയാളോട്, ഏതാനും ദിവസങ്ങളുടെ പേരിൽ, വാതിൽ അടയ്ക്കുന്നു. ഈ വർഷം എനിക്കും ഒരു വരി കടക്കേണ്ടിവന്നു, ദിവസങ്ങളുടെ വ്യത്യാസത്തിൽ ചില വാതിലുകൾ അടയുന്നത് ഞാൻ കണ്ടു. മുപ്പതാം വയസ്സിൽ എനിക്ക് ഈ ലേഖനം എഴുതാൻ കഴിയുമായിരുന്നില്ല.

കേരളം ഈ കണക്കിന് കണ്ടെത്തിയ മറ്റൊരു ഉത്തരം എന്നും ഒന്നായിരുന്നു- പോവുക. ഒരു നൂറ്റാണ്ടായി ഗൾഫ് ഈ സംസ്ഥാനത്തിന് ജോലി കൊടുക്കാൻ കഴിയാത്തവരെ ഉൾക്കൊണ്ടു. വിമാനത്താവളത്തിലെ വിടവാങ്ങൽ, കത്ത്, അവധിക്കാലം, തിരിച്ചുവരവ്- അതെല്ലാം നമ്മൾ എഴുതിക്കഴിഞ്ഞു.

എന്നാൽ പോകാതെ നിന്നവരെക്കുറിച്ച് നമ്മൾ എഴുതിയിട്ടില്ല. നാട്ടിൽ നിന്നുകൊണ്ട് കാത്തിരുന്നവരെക്കുറിച്ച്. രാവിലെ ഒൻപതിന് വായനശാലയിലേക്കും വൈകുന്നേരം ആറിന് തിരിച്ചും നടക്കുന്ന, ഒരു കൊല്ലം കൂടി, ഒരു കൊല്ലം കൂടി എന്ന് സ്വയം പറയുന്ന ആളെക്കുറിച്ച്. അയാൾ നമ്മുടെ സാഹിത്യത്തിൽ ഒരു കഥാപാത്രമല്ല. ഒരു തമാശയാണ്. "പി.എസ്.സി. എഴുതുകയാണോ ഇപ്പോഴും" എന്ന ചോദ്യത്തിന്റെ സ്വരം കേരളത്തിൽ എല്ലാവർക്കും അറിയാം.

ഈ അവസ്ഥ ആരുടെയും കുറ്റമല്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. ഒരു സംസ്ഥാനം എല്ലാവരെയും അക്ഷരം പഠിപ്പിച്ചു. അത് നല്ലതാണ്. പഠിപ്പിച്ചവർക്കെല്ലാം കൊടുക്കാൻ തസ്തികകളില്ല. അതും ഒരു യാഥാർത്ഥ്യമാണ്. രണ്ടും ചേരുമ്പോൾ കാത്തിരിപ്പ് ഒരു സംസ്കാരമായി മാറുന്നു. ആ സംസ്കാരത്തിന് ചുറ്റും ഒരു വിപണി വളരുന്നു. വിപണിക്ക് കാത്തിരിപ്പ് നീളുന്നതിലാണ് താൽപ്പര്യം.

എന്തുചെയ്യാം എന്ന ചോദ്യത്തിന് എനിക്ക് നയപരമായ ഉത്തരമില്ല. പക്ഷേ ഒരു ചെറിയ കാര്യം പറയാം.

ഒരു കോച്ചിംഗ് സ്ഥാപനത്തിന്റെ പരസ്യത്തിൽ ജയിച്ചവരുടെ ഫോട്ടോ മാത്രമേയുള്ളൂ. അവരുടെ ഒപ്പം പഠിച്ച, കിട്ടാത്ത, ഇപ്പോഴും കാത്തിരിക്കുന്ന ഇരുനൂറ് പേരുടെ എണ്ണം ഒരിടത്തും എഴുതിവെച്ചിട്ടില്ല.
ഒരു കോച്ചിംഗ് സ്ഥാപനത്തിന്റെ പരസ്യത്തിൽ ജയിച്ചവരുടെ ഫോട്ടോ മാത്രമേയുള്ളൂ. അവരുടെ ഒപ്പം പഠിച്ച, കിട്ടാത്ത, ഇപ്പോഴും കാത്തിരിക്കുന്ന ഇരുനൂറ് പേരുടെ എണ്ണം ഒരിടത്തും എഴുതിവെച്ചിട്ടില്ല.

ഈ വ്യവസ്ഥയിൽ ഏറ്റവും കുറവുള്ളത് പണമല്ല, സത്യസന്ധതയാണ്. ഒരു കോച്ചിംഗ് സ്ഥാപനത്തിന്റെ പരസ്യത്തിൽ ജയിച്ചവരുടെ ഫോട്ടോ മാത്രമേയുള്ളൂ. അവരുടെ ഒപ്പം പഠിച്ച, കിട്ടാത്ത, ഇപ്പോഴും കാത്തിരിക്കുന്ന ഇരുനൂറ് പേരുടെ എണ്ണം ഒരിടത്തും എഴുതിവെച്ചിട്ടില്ല. ഒരു തസ്തികയ്ക്ക് എത്ര അപേക്ഷകരുണ്ടായിരുന്നു, ലിസ്റ്റിൽ വന്നവരിൽ എത്ര പേർക്ക് ഒടുവിൽ നിയമനം കിട്ടി, ലിസ്റ്റ് റദ്ദാകുമ്പോൾ എത്ര പേർ ബാക്കിയായി- ഈ മൂന്ന് സംഖ്യകൾ ഒരു ഉദ്യോഗാർത്ഥിക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന രീതിയിൽ പ്രസിദ്ധീകരിക്കപ്പെട്ടാൽ, ഒരുപാട് പേർ വേറെ തീരുമാനങ്ങൾ എടുക്കും. ചിലർ അപ്പോഴും കാത്തിരിക്കും- അത് അവരുടെ അവകാശമാണ്. പക്ഷേ അവർ അറിഞ്ഞുകൊണ്ട് കാത്തിരിക്കും. ഇപ്പോൾ അങ്ങനെയല്ല.

ഞാൻ 2022-ൽ ബാങ്ക് ജോലി സ്വമേധയാ ഉപേക്ഷിച്ചു. അത് ഈ ലേഖനം എഴുതാൻ എനിക്ക് ഒരു സ്വാതന്ത്ര്യം തരുന്നുണ്ട്. ഒപ്പം ഒരു ചോദ്യവും. 15 വർഷം ഞാൻ വിറ്റത് എന്താണ്? ഒരു നൈപുണ്യമായിരുന്നോ, അതോ ഒരു പ്രതീക്ഷയായിരുന്നോ?

ഇപ്പോഴും എനിക്ക് ഉറപ്പില്ല. പക്ഷേ ചോദ്യം ചോദിക്കാതിരിക്കാൻ കഴിയുന്നില്ല. ഒരു തലമുറ മുഴുവൻ കാത്തിരിക്കുന്ന ഒരു സംസ്ഥാനത്ത്, ആ കാത്തിരിപ്പിൽനിന്ന് ജീവിക്കുന്ന ഒരു വ്യവസായമുണ്ട് എന്ന കാര്യം നമ്മൾ ഉറക്കെ പറഞ്ഞിട്ടില്ല. പറയേണ്ട സമയമായി എന്നുതോന്നുന്നു.


Summary: How coaching centres have become an Industry in Kerala? Students or job aspirants concern matters, satheesh madathil writes.


സതീഷ് മഠത്തിൽ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായിരുന്നു. Career- Education Counselling- Training മേഖലകളിൽ പ്രവർത്തിക്കുന്നു. പ്രണയസൂത്രം, പ്രണയാക്ഷരമാല്യം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments