Photo : Wikimedia Commons.

ആറാം വയസ്സിൽ ഒന്നാം ക്ലാസിലേക്ക്​

പരിഹരിക്കേണ്ട ചില അടിയന്തര പ്രശ്​നങ്ങൾ

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി എത്രയായിരിക്കണം? നിലവിലെ പ്രായപരിധി ഉയർത്തേണ്ടതുണ്ടോ? അങ്ങനെ ഉയർത്തുകയാണെങ്കിൽ ഉണ്ടാകാൻ പോകുന്ന പ്രായോഗിക പ്രശ്‌നങ്ങൾ എന്തൊക്കെയായിരിക്കും? കേന്ദ്രീയ വിദ്യാലയങ്ങളിൽ 2022 - 23 വർഷത്തിലെ ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസായി ഉയർത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ വിലയിരുത്തുന്നു.

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്‌കൂൾപ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നിർദേശം നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി കേന്ദ്രീയ വിദ്യാലയങ്ങളിൽ 2022 - 23 വർഷത്തിലെ ഒന്നാം ക്ലാസ് പ്രവേശനം ആറുവയസായി ഉയർത്തിയിരിക്കുകയാണ്. കേന്ദ്രനയം പിന്തുടരാൻ ബാധ്യതയുള്ള സി.ബി.എസ്.ഇ. അഫിലിയേഷനുള്ള വിദ്യാലയങ്ങളിലും വരുന്ന അക്കാദമിക വർഷം ഇത് നടപ്പിലാക്കപ്പെടുമോ എന്ന ആശങ്ക ഉയർന്നിരിക്കുന്നു. കേരളത്തിൽ സി.ബി.എസ്.ഇ. അഫിലിയേഷനോടെ പ്രവർത്തിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളാണുള്ളത്. എന്നാൽ, സി.ബി.എസ്.ഇ. അധികൃതർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അങ്ങനെയൊരു തീരുമാനം വരികയാണെങ്കിൽ കേരളത്തിലെ സി.ബി.എസ്.ഇ. വിദ്യാലയങ്ങളും അത് നടപ്പിലാക്കേണ്ടിവരും. ഒരുവർഷം ഈ വിഭാഗം വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നടക്കാതെ വന്നാൽ കുട്ടികളിൽ വലിയൊരു പങ്ക് കേരളത്തിലെ സർക്കാർ - എയ്​ഡഡ് വിദ്യാലയങ്ങളിൽ പ്രവേശനം തേടിയെന്നുവരും; സംസ്ഥാന സർക്കാർ ഇടപെടലിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങളും പഠനവും മെച്ചപ്പെട്ട സാഹചര്യത്തിൽ വിശേഷിച്ചും. പോരാത്തതിന് ഇംഗ്ലീഷ് മീഡിയം മിക്കയിടങ്ങളിലും ലഭ്യവുമാണ്.
ഇത്തരമൊരു തീരുമാനം സി.ബി.എസ്.ഇ.യും എടുക്കുകയാണെങ്കിൽ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ പിന്തുടരുന്ന തീരുമാനമേ തങ്ങൾ സ്വീകരിക്കൂ എന്ന നിലപാട് സ്‌കൂൾ മാനേജ്‌മെൻറ്​ അസോസിയേഷൻ മുൻകൂട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങൾ അത്തരമൊരു തീരുമാനത്തിലേയ്ക്ക് പോകണമെന്ന് ഇതുവരെയും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ല എന്നതുകൂടി പരിഗണിച്ചാണ് ഈ പ്രഖ്യാപനം.

കേന്ദ്രീയ വിദ്യാലയങ്ങളിലോ സി. ബി. എസ്. ഇ സ്‌കൂളുകളിലോ വരും വർഷം കുട്ടികളെ പഠിപ്പിക്കാൻ തയ്യാറെടുപ്പ്​ നടത്തി കാത്തിരിക്കുന്ന രക്ഷിതാക്കൾ അങ്കലാപ്പിലാണ്. / Photo : Kendriya Vidyalaya Pattom, Fb Page.

കേന്ദ്രീയ വിദ്യാലയങ്ങളിലോ സി.ബി.എസ്.ഇ. സ്‌കൂളുകളിലോ വരുംവർഷം കുട്ടികളെ പഠിപ്പിക്കാൻ തയ്യാറെടുപ്പ്​ നടത്തി കാത്തിരിക്കുന്ന രക്ഷിതാക്കളും അങ്കലാപ്പിലാണ്. തങ്ങളുടെ കുട്ടികളെ സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ താത്പര്യമില്ലാത്ത പലരും ഒരുവർഷം കുട്ടിയെ എന്തുചെയ്യും എന്ന ചിന്തയിലാണ്. അവരിൽ ചിലർ ‘കേന്ദ്രീയ വിദ്യാലയ സങ്കത’ന്റെ തീരുമാനം മാറ്റിക്കിട്ടാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. വാർത്തകൾ അനുസരിച്ചാണെങ്കിൽ പലരും എം.പി.മാരെയും മറ്റും സമീപിച്ചിട്ടുണ്ട്. പവൻ കുമാർ എന്ന ഒരു രക്ഷിതാവിന്റെ കുട്ടി, തീരുമാനം മാറ്റിക്കിട്ടാൻ പിതാവ് മുഖേന ഡൽഹി ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്ത വിവരവും പുറത്തുവന്നിട്ടുണ്ട്.

കേന്ദ്ര സർക്കാർ നിലപാടനുസരിച്ച് കേന്ദ്രീയ വിദ്യാലയ അധികൃതർ കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തിൽ മാറ്റം വന്നില്ലെങ്കിൽ അത് വരും നാളുകളിൽ വലിയ കോലാഹലമുണ്ടാക്കുമെന്ന് തീർച്ചയാണ്.

ഈ തീരുമാനം, ‘arbitrary, discriminatory, unjust, unreasonable, and violative of the fundamental right to education of a citizen as guaranteed to her under Articles 14, 21, and 21- A of the Constitution of India read with the provisions of the Delhi School Education Act, 1973, and the Right of Children to Free and Compulsory Education Act, 2009' ആണെന്ന് പെറ്റീഷനിൽ വാദിക്കുന്നു.
അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്​ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ഫെബ്രുവരി 28-ന് ഓൺലൈനായി ആരംഭിച്ചു. അവസാന തീയതി മാർച്ച് 21 ആണ്. കേന്ദ്ര സർക്കാർ നിലപാടനുസരിച്ച് കേന്ദ്രീയ വിദ്യാലയ അധികൃതർ കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തിൽ മാറ്റം വന്നില്ലെങ്കിൽ അത് വരും നാളുകളിൽ വലിയ കോലാഹലമുണ്ടാക്കുമെന്ന് തീർച്ചയാണ്.

പോളിസിയിലെ ഓരോ നിർദേശവും എങ്ങനെ, എപ്പോൾ നടപ്പിലാക്കണം എന്നതു സംബന്ധിച്ച് ‘സാർഥക് ' (SARTHAQ - Students' and Teachers' Holistic Advancement through Quality Education) എന്ന പേരിൽ രണ്ടു ഭാഗങ്ങളുള്ള ഒരു രേഖ തന്നെ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. / Photo : Ministry of Education, Twitter.

സംസ്ഥാനത്തെ സംബന്ധിച്ചാണെങ്കിൽ സ്‌കൂൾ കരിക്കുലം പരിഷ്‌കരിക്കപ്പെടുമ്പോഴാണ് സ്‌കൂൾ പ്രവേശനപ്രായം സാധാരണ പരിഗണനാവിഷയമാവുക. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് എങ്ങനെ വേണമെന്ന് കേരളം തീരുമാനിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ഉടൻ സ്‌കൂൾ കരിക്കുലം ഉൾപ്പെടെ നാല് പാഠ്യപദ്ധതി രൂപരേഖകൾ തയ്യാറാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഔപചാരികമായി ആരംഭിച്ചിട്ടില്ല. ആ നിലയ്ക്ക് പ്രവേശനപ്രായം സംബന്ധിച്ച പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ഇടപെടുമെന്നും പുതിയ തീരുമാനത്തിലേയ്ക്ക് ഉടൻ പോകുമെന്നും പ്രതീക്ഷിക്കാനാവില്ല.
കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും സംസ്ഥാനത്തെ പ്രവേശനനയം പിന്തുടരണമെന്ന ഉത്തരവ് 2012-ലുണ്ടായിരുന്നെന്നും തൊട്ടടുത്ത വർഷം അത് ഒന്നുകൂടി ഉറപ്പിക്കുകയുണ്ടായെന്നും പിന്നീടതിൽ മാറ്റം വന്നിട്ടില്ലെന്നും ചില സി.ബി.എസ്.ഇ. അഫിലിയേറ്റഡ് മാനേജ്‌മെന്റുകൾ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷവും പ്രവേശനപ്രായം അഞ്ച് തന്നെയാക്കി നിലനിർത്താൻ കഴിയുമെന്നാണ് മാനേജ്‌മെൻറ്​ അസോസിയേഷന്റെ കണക്കുകൂട്ടൽ.

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചതുമുതൽ അത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചടുലനീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പോളിസിയിലെ ഓരോ നിർദേശവും എങ്ങനെ, എപ്പോൾ നടപ്പിലാക്കണം എന്നതുസംബന്ധിച്ച് ‘സാർഥക്' (SARTHAQ - Students' and Teachers' Holistic Advancement through Quality Education) എന്ന പേരിൽ രണ്ടുഭാഗങ്ങളുള്ള ഒരു രേഖ തന്നെ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് നയത്തിൽ പറയുന്ന ടാസ്‌കുകൾ ഒന്നൊന്നായി 2030 ഓടെ പൂർണമായും നടപ്പിലാക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഓരോ വർഷവും നയത്തിലെ ഏതൊക്കെ ടാസ്‌കുകൾ പൂർത്തീകരിക്കണമെന്നും ഏതൊക്കെ ഏജൻസികൾക്കാണ് അതിന്റെ ചുമതലയെന്നും (കേന്ദ്രീയ വിദ്യാലയ സങ്കതനും സി.ബി.എസ്.ഇ.യുമൊക്കെ ഇതിൽ ഉൾപ്പെടുന്നു) ഈ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. പോളിസിയുടെ ആദ്യവർഷത്തെ പുരോഗതി വിലയിരുത്തുന്ന രേഖയും വന്നുകഴിഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ പല നിർദേശങ്ങളും ഇത്തരത്തിൽ കൂടിയാലോചന വേണ്ടത്രയില്ലാതെ, സംഘപരിവാറിന്റെ മനസ്സറിഞ്ഞ ആരൊക്കെയോ വിഭാവനം ചെയ്ത രീതിയിൽ അതിവേഗം നടപ്പിലാക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. / Photo : Narendra Modi, Fb Page.

ഇന്ത്യയെ ലോകകമ്പോളത്തിലെ വൻ സാമ്പത്തികശക്തിയാക്കാൻ വിദ്യാഭ്യാസരംഗത്ത് ചടുലമാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. അതിനൊപ്പം, തങ്ങൾ ഏറ്റവും പ്രധാനമെന്നു കരുതുന്ന മറ്റുചില അജണ്ടകളും അവർക്ക് നടപ്പിലാക്കേണ്ടതുണ്ട്. അധികാരം എത്രകാലം ഇന്നത്തെ നിലയിൽ കൈയാളാനാകുമെന്ന കാര്യത്തിൽ പഴയ ശുഭാപ്തിവിശ്വാസം ഇപ്പോൾ ബി.ജെ.പിക്കില്ല. ആകയാൽ വിദ്യാഭ്യാസമേഖലയിൽ ഉൾപ്പെടെ ലക്ഷ്യമാക്കുന്ന കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ ശ്രമിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇക്കാരണങ്ങളാലൊക്കെ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്രീയ വിദ്യാലയ സങ്കതൻ കൈക്കൊണ്ട തീരുമാനം തനിയെ ഉണ്ടായതാണെന്ന് കരുതുക വയ്യ. ആദ്യം കേന്ദ്രീയ വിദ്യാലയങ്ങളിൽ തുടങ്ങിവെക്കുന്ന മാറ്റങ്ങൾ തുടർന്ന് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയെടുക്കുക എന്ന തന്ത്രം തന്നെയായിരിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പൊതുവിൽ കൈക്കൊള്ളുക.

സ്‌കൂൾ പ്രവേശന കാര്യത്തിൽ പ്രായത്തെക്കാൾ അടിസ്ഥാനമാക്കേണ്ടത് സ്‌കൂളിങ്ങിനുള്ള സന്നദ്ധത തന്നെയായിരിക്കണം. പക്ഷേ ഇത് എങ്ങനെ കണക്കാക്കുമെന്നതാണ് പ്രശ്‌നം. എന്തിനുള്ള തയ്യാറെടുപ്പാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

ബോധനശാസ്ത്ര നിലപാടുകൾ

ഔപചാരിക വിദ്യാഭ്യാസം എത്രാം വയസ്സിലാണ് ആരംഭിക്കേണ്ടത് എന്നത് വിദ്യാഭ്യാസ ആസൂത്രകരും വിദഗ്ധരും മുതൽ രക്ഷിതാക്കൾ വരെ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്. ഇക്കാര്യത്തിൽ ഒരു പൊതുതീർപ്പ് ആർക്കെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്നു തോന്നുന്നുമില്ല. ഓരോരുത്തരും ഓരോ കാലത്തും പലപല യുക്തികൾ നിരത്തി തീരുമാനങ്ങൾ പറയുന്നു എന്നുമാത്രം. മലയാളത്തിന്റെ പ്രിയകവി ഇടശ്ശേരി പൂതപ്പാട്ടിൽ, ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു കണ്ണും കാതുമുറച്ചുകഴിഞ്ഞു പള്ളിക്കൂടത്തിൽപ്പോയിപ്പഠിക്കാ - നുള്ളിൽക്കൗതുകമേറിക്കഴിഞ്ഞു
എന്നുപറയുന്നുണ്ടല്ലോ. ഏഴ് വയസ്സ് തികഞ്ഞതിനാലും കണ്ണും കാതുമുറച്ചു കഴിഞ്ഞതിനാലും ഉണ്ണിയെ പള്ളിക്കൂടത്തിൽ വിടാവുന്നതാണ് എന്നാണ് കവിധാരണ. ‘കണ്ണും കാതുമുറയ്ക്കുക' എന്നതുകൊണ്ട് കുട്ടി സ്‌കൂൾ പഠനത്തിന് ശാരീരികമായും ബുദ്ധിപരമായും പാകമായിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സ്‌കൂൾ പ്രവേശന കാര്യത്തിൽ പ്രായത്തെക്കാൾ അടിസ്ഥാനമാക്കേണ്ടത് സ്‌കൂളിങ്ങിനുള്ള സന്നദ്ധത (school readiness) തന്നെയായിരിക്കണം. പക്ഷേ ഇത് എങ്ങനെ കണക്കാക്കുമെന്നതാണ് പ്രശ്‌നം. എന്തിനുള്ള തയ്യാറെടുപ്പാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

Photo : Wikimedia Commons.

ബോധനശാസ്ത്രരംഗത്തെ പ്രാമാണികർ ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന ചോദ്യം സ്വാഭാവികമാണ്. ആറുവയസ്സായ കുട്ടികളെയാണ് പൊതുവിൽ മോണ്ടിസോറി രീതിയിലുള്ള പ്രീ സ്‌കൂളിനുശേഷം എലിമെന്ററിയിൽ ചേർക്കാൻ മരിയ മോണ്ടിസോറി (Maria Montessori​) നിർദേശിക്കുന്നത്. എന്നാൽ അതിന് പരമ്പതാഗത രീതിയിലുള്ള പ്രീ പ്രൈമറി അവർ നിർദേശിച്ച രീതിയിലേയ്ക്ക് മാറേണ്ടതുണ്ട്.

പ്രീ സ്‌കൂളിനെക്കുറിച്ച് സാന്ദർഭിക പരാമർശങ്ങൾ മാത്രമാണ് ലെവ് വിഗോട്‌സ്‌കിയുടെ (Lev Vygotsky) രചനകളിലുള്ളത്. പ്രീ സ്‌കൂളുകാർ എന്ന് അദ്ദേഹം പറയുന്ന വിഭാഗത്തിൽപെട്ട കുട്ടികളുടെ പ്രായം മൂന്നുമുതൽ ഏഴുവയസ്സുവരെയാണ്. സ്‌കൂൾസന്നദ്ധത എന്നത് വിഗോട്‌സ്‌കിയുടെ കാഴ്ചപ്പാടിൽ നേരത്തെ കൃത്രിമമായി ഉണ്ടാക്കേണ്ടതല്ല. കുട്ടി സ്‌കൂളിൽ ചേർന്ന ശേഷമുള്ള ആദ്യത്തെ മാസങ്ങളിൽ ഉണ്ടാവേണ്ട ഒന്നാണ്. പ്രീ സ്‌കൂളിൽ നിന്ന്​ കുട്ടി നേടുന്ന ചില കഴിവുകൾ സ്‌കൂൾ സന്നദ്ധതയ്ക്ക് സഹായകമാണ്. ആത്മനിയന്ത്രണശേഷി, പ്രായാനുസൃതമായ പ്രശ്‌നപരിഹരണങ്ങളിൽ ഏർപ്പെടാനുള്ള കഴിവ്, വികാരങ്ങളുടെയും ചിന്തയുടെയും ഉദ്ഗ്രഥനം എന്നിവ ഇതിൽ പ്രധാനമാണ്. കളികളിലൂടെയാണ് ഈ ശേഷികൾ കുട്ടികൾ കൈവരിക്കേണ്ടത്. പ്രായത്തെക്കാൾ അദ്ദേഹം നിശ്ചിതമായ മാനസിക ഘടനയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഏറെ അനുകൂലമായ സാഹചര്യത്തിലാണ് കുട്ടി വളരുന്നതെങ്കിൽ ഏഴിനുമുമ്പുതന്നെ സ്‌കൂൾ പഠനം തുടങ്ങുന്നതിൽ തെറ്റില്ല.

ലവ് വിഗോട്‌സ്‌കി. / Photo : Wikimedia Commons.

ശിശുവികാസം നിശ്ചിത ഘട്ടങ്ങളിലൂടെയാണ് നടക്കുന്നതെന്നും ഏഴുവയസ്സോടെ കുട്ടി പുതിയ ഒരു ഘട്ടത്തിലേക്ക് (concrete operational stage) കടക്കുന്നു എന്നുമാണ് പിയാഷെയുടെ (Jean Piaget) കണ്ടെത്തൽ. conservation, reversibility, seriation തുടങ്ങിയ പല പിയാഷിയൻ ടാസ്‌കുകളും നിർവഹിക്കാൻ അതോടെ കുട്ടിയ്ക്കു കഴിയുന്നു. മൂർത്തമായ വസ്തുക്കളും അനുഭവങ്ങളും അടിസ്ഥാനമാക്കി ആശയ രൂപീകരണം നടത്താനും വസ്തുക്കളെ തരംതിരിക്കാനും അറിവിന്റെ പ്രയോഗം നടത്താനുമൊക്കെ കുട്ടി പ്രാപ്തമാകുന്നു. ഈ ഘട്ടം ഔപചാരിക വിദ്യാഭ്യാസത്തിന് അനുഗുണമാണ് എന്ന് കാണാവുന്നതാണ്. അപ്പോഴും എല്ലാ കുട്ടികളും ഒരുപോലെയല്ലെന്നും ചില കുട്ടികൾ ഈ നിലയിലേയ്ക്ക് നേരത്തെ എത്താമെന്നും സൂചനയുണ്ട്. പ്രീ സ്‌കൂളുകൾ വ്യാപകമാവുകയും കുട്ടി മുതിർന്നവരുടെയും കൂട്ടുകാരുടെയും സഹായത്തോടെ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പുതിയ സാഹചര്യത്തിൽ പിയാഷെയുടെ ഏഴുവയസ്സ് എന്നത് പുതിയ കാലത്ത് നേരത്തെയാകുന്നതിൽ തീർച്ചയായും ന്യായമുണ്ട്.
ഇവിടെ നാം കാണുന്ന ഒരു കാര്യം സ്‌കൂൾ പ്രവേശനത്തിന് നിയതമായ ഒരു പ്രായം കൽപിക്കുന്നതിലേയ്ക്ക് പല വിദഗ്ധരും പോകുന്നില്ല എന്നതാണ്. ശിശുവികാസമെന്നത് അനവധി ഘടകങ്ങളുടെ കൂട്ടായ ഫലമാണ്. അത് നിശ്ചിത പ്രായത്തിനുള്ളിൽ നേടുമെന്ന് ഉറപ്പിച്ചുപറയുക വയ്യ. ഔപചാരിക വിദ്യാഭ്യാസത്തിന്റെതായ പുതിയ ഒരനുഭവലോകത്തിലേയ്ക്ക് കടക്കാനുള്ള കഴിവുകളും പ്രാഗ്‌ശേഷികളും കുട്ടി അതിനകം നേടുന്നുണ്ടോ എന്നതാണ് അടിസ്ഥാനപരമായ കാര്യം.

മൂർത്തമായ വസ്തുക്കളും അനുഭവങ്ങളും അടിസ്ഥാനമാക്കി ആശയ രൂപീകരണം നടത്താനും വസ്തുക്കളെ തരംതിരിക്കാനും അറിവിന്റെ പ്രയോഗം നടത്താനുമൊക്കെ കുട്ടി പ്രാപ്തമാകുന്ന ഘട്ടം ഔപചാരിക വിദ്യാഭ്യാസത്തിന് അനുഗുണമാണ് എന്ന് കാണാവുന്നതാണ്. / Photo : Wikimedia Commons.

പഠനങ്ങൾ പറയുന്നത്

കുട്ടിയെ എത്രയും നേരത്തെ സ്‌കൂളിൽ ചേർക്കാനാണ് പല രക്ഷിതാക്കളും മുൻകാലത്ത് ശ്രമിച്ചിരുന്നത്. അത്തരക്കാരെ സംബന്ധിച്ച് കുട്ടിയുടെ സ്‌കൂൾ പ്രവേശനം ഒരുവർഷം കൂടി താമസിക്കുകയെന്നുപറയുന്നത് ഉൾക്കൊള്ളാൻ പ്രയാസമാണ്. എന്നാൽ സമീപകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായും, നമ്മുടെ നാട്ടിൽ കുറഞ്ഞ തോതിലും കുട്ടികൾ വൈകി ഒന്നാം ക്ലാസിൽ ചേർന്നാൽ മതിയെന്ന് കരുതുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. കിന്റർ ഗാർട്ടനിലും (സ്‌കൂളിലും) രക്ഷിതാക്കൾ കുട്ടികളുടെ പ്രവേശനം വൈകിപ്പിക്കുന്ന പ്രവണതയെ ‘redshirting' എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും പ്രീ സ്‌കൂൾ സംവിധാനത്തിൽ ഒരുവർഷം കൂടി കുട്ടിയെ പിടിച്ചുനിർത്താൻ വലിയ തുക ചെലവിടാൻ മടിയില്ലാത്ത സമ്പന്ന വിഭാഗക്കാരാണ് പൊതുവിൽ ഒന്നാം ക്ലാസ് പ്രവേശനം വൈകിപ്പിക്കുന്നത്. പ്രായം കൂടുമ്പോൾ കുട്ടിക്ക് സ്‌കൂളിൽ മറ്റു കുട്ടികളെക്കാൾ മികച്ചുനിൽക്കാനാവും എന്ന കണക്കുകൂട്ടലുകളാണ് ഇതിനുപിന്നിൽ. ഈ മികവ് പഠനകാലം മുഴുവൻ നിലനിൽക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. എന്നാൽ പാവങ്ങളെ സംബന്ധിച്ച്​സ്‌കൂളിൽ കിട്ടുന്ന സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും മറ്റുമാണ് ആകർഷകമായ വശങ്ങൾ. അവരാണ് കൂടുതലായും കുട്ടിയെ നേരത്തെ ചേർക്കാൻ ആഗ്രഹിക്കുന്നത്. കുട്ടി സ്‌കൂളിൽ സുരക്ഷിതമാകയാൽ തങ്ങൾക്ക് ഭയാശങ്ക കൂടാതെ തൊഴിലെടുക്കാൻ പോകാമെന്ന ചിന്തയും ഇതിലേയ്ക്ക് അവരെ നയിക്കുന്നു.

പാവങ്ങളെ സംബന്ധിച്ച് ​സ്‌കൂളിൽ കിട്ടുന്ന സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും മറ്റുമാണ് ആകർഷകമായ വശങ്ങൾ. / Photo : Wikimedia Commons.

കുട്ടികളുടെ സ്‌കൂൾ പ്രവേശനം സംബന്ധിച്ച പഠനങ്ങൾ നമ്മുടെ നാട്ടിൽ കുറവാണെങ്കിലും ലോകമാകെ നോക്കിയാൽ സുലഭമാണ്. സ്‌കൂൾ പ്രവേശനം ഒന്നോ രണ്ടോ വർഷം വൈകിച്ചാൽ/ നേരത്തെയാക്കിയാൽ അത് കുട്ടിയുടെ തുടർപഠനം, ഉന്നത വിദ്യാഭ്യാസ പ്രവേശനം, തൊഴിൽ ലഭിക്കാനുള്ള സാധ്യത, വരുമാനത്തോത്, വിവിധ മേഖലകളിലുള്ള മികവ് എന്നിവയെ എത്രകണ്ട് സ്വാധീനിക്കും എന്നാണ് ഇത്തരം പഠനങ്ങൾ അന്വേഷിക്കുന്നത്. ചില പഠനങ്ങൾ ഹ്രസ്വകാല നേട്ടങ്ങളിലാണ് കേന്ദ്രീകരിക്കുന്നതെങ്കിൽ മറ്റു ചിലത് ദീർഘകാല ഫലങ്ങളും തേടുന്നു. പതിവിലും കൂടിയ പ്രായത്തിൽ കുട്ടിയെ ചേർത്താൽ സ്‌കൂൾ ടെസ്റ്റ് സ്‌കോറും ഗ്രേഡുകളും വിദ്യാഭ്യാസനേട്ടങ്ങളും തൊഴിൽ മാർക്കറ്റിലെ പ്രകടനവും മെച്ചപ്പെടുമെന്ന് സ്വീഡനിൽ നടന്ന ഒരു പഠനത്തിൽ (Peter Fredriksson & Bjorn Ockert - 2005) പറയുന്നു. കുട്ടികളെ ഏഴുവയസ്സിൽ ചേർക്കാൻ നിർബന്ധിക്കുന്ന രാജ്യമാണ് സ്വീഡൻ എന്നു കാണാവുന്നതാണ്.

ചിലിയിൽ നടന്ന മറ്റൊരു പഠനം കുട്ടികളുടെ പ്രവേശനപ്രായം വർധിച്ചാൽ വിവിധ ക്ലാസുകളിലുള്ള അവരുടെ ഗ്രേഡ് പോയിൻറ്​ ആവറേജും ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതയും വർധിക്കുന്നതായി നിരീക്ഷിക്കുന്നു (McEwan & Shapiro - 2006). ചൈനയിൽ നടന്ന ഒരു പഠനവും പ്രവേശനം വൈകുന്നത് പഠനനേട്ടം വർധിപ്പിക്കുമെന്നുതന്നെ പറയുന്നു. എന്നാൽ ഭാവിയിലെ തൊഴിൽ ലഭ്യതയെയോ വരുമാനത്തെയോ അത് സ്വാധീനിക്കുന്നതായി പ്രസ്തുത പഠനത്തിൽ കാണാനായില്ല (Ghuanyi Guo et al - 2017).

ചിലിയിലെ പ്രീ സ്ക്കൂൾ ക്ലാസ്റൂമിൽ പഠനപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ. / Photo : Wikimedia Commons.

ഇത്തരത്തിൽ ഈ മേഖലയിൽ നടന്നിട്ടുള്ള പല പഠനങ്ങളും വൈകിയുള്ള സ്‌കൂൾ പ്രവേശനം കുട്ടികളുടെ പഠിക്കാനുള്ള കഴിവിനെ സ്വാധീനിക്കുമെന്നും അത് പഠനനേട്ടത്തിൽ വർധനവ് ഉണ്ടാക്കുമെന്നുമുള്ള സാമാന്യധാരണയെ ബലപ്പെടുത്തുന്നു. എന്നാൽ, മറ്റുചില പഠനങ്ങൾ ഈ ധാരണ ശരിവെക്കുമ്പോൾ തന്നെ പ്രസ്തുതനേട്ടം ദീർഘകാലം നിലനിൽക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കുന്നുണ്ട്. ഉദാഹരണമായി, ക്രൊയേഷ്യയിൽ നടന്ന ഒരു ഗവേഷണം ആദ്യകാല മുന്നേറ്റം സ്ഥിരീകരിക്കുന്നുവെങ്കിലും എട്ടാം ക്ലാസോടെ അത് അപ്രത്യക്ഷമാകുന്നുവെന്ന് നിരീക്ഷിക്കുന്നു (Marija Sakic et al - 2012).

മേൽപറഞ്ഞ കണ്ടെത്തലുകൾക്ക് വിരുദ്ധമായ പഠനങ്ങളും ഇല്ലാതില്ല. ഉദാഹരണമായി, 2006-ൽ ബ്രസീലിൽ സ്‌കൂൾ പ്രവേശനപ്രായം 7 ൽ നിന്ന് 6 ആയി കുറയ്ക്കുകയും നിർബന്ധിത വിദ്യാഭ്യാസ കാലയളവ് 8 വർഷത്തിൽ നിന്ന് 9 വർഷമായി വർധിപ്പിക്കുകയും ചെയ്യുകയുണ്ടായി. നേരത്തെയുള്ള സ്‌കൂൾ പ്രവേശനം ഗണിതത്തിലും പോർച്ചുഗീസ് ടെസ്റ്റ് സ്‌കോറിലും അഞ്ചാം ക്ലാസിൽ നല്ല തോതിൽ ഗുണം ചെയ്‌തെന്നായിരുന്നു ഒരു വിലയിരുത്തൽ. പക്ഷേ ഒമ്പതിൽ എത്തുമ്പോഴേയ്ക്കും അതിന്റെ നേട്ടം ഇല്ലാതായെന്നും പറയുന്നു. (Hanbyul Ryo et al. - 2018).

വിദ്യാഭ്യാസ രംഗത്തെ അസാധാരണമായ ഗതിവേഗത്തിനും അനന്തര ഫലങ്ങൾ വേണ്ടത്ര വിലയിരുത്താതെയുമുള്ള നിർവഹണത്തിനും കടഞ്ഞാണിടുന്നത് നല്ലതായിരിക്കും

ചുരുക്കത്തിൽ, തീർത്തും വ്യത്യസ്ത കണ്ടെത്തലുകളാണ് വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ ഇക്കാര്യത്തിൽ മുന്നോട്ടുവെക്കുന്നത്. ഓരോ പഠനവും വ്യത്യസ്ത സാഹചര്യത്തിലും രീതിയിലുമാണ് നടന്നിട്ടുണ്ടാവുക എന്നതിനാൽ ഇത് അസ്വാഭാവികമായിക്കണ്ട് തള്ളേണ്ടതില്ല. കൂടുതൽ പഠനങ്ങളും ആദ്യകാല പഠനനേട്ടങ്ങൾ പ്രവചിക്കുന്നവയാണ് എന്നാണ് കാണുന്നത്. എന്നാൽ ആ നേട്ടം മിക്ക സന്ദർഭങ്ങളിലും ഉയർന്ന ക്ലാസുകളിലെത്തുമ്പോഴേയ്ക്കും പ്രകടമാകാതെ വരികയും ചെയ്യുന്നു.

മറ്റു രാജ്യങ്ങളിലെ സ്ഥിതി

TheGlobalEconomy.com എന്ന സൈറ്റിൽ ലോകത്തിലെ 195 രാജ്യങ്ങളിലെ 2020-ലെ സ്‌കൂൾ പ്രവേശന പ്രായം പട്ടികപ്പെടുത്തിയതിൽ 138 രാജ്യങ്ങളിലും പ്രവേശന പ്രായം 6 വയസ്സായാണ് കാണുന്നത്. 35 രാജ്യങ്ങളിൽ 7 ഉം 22 രാജ്യങ്ങളിൽ അത് 5 വയസ്സുമാണ്. 7 വയസ് സ്വീകരിച്ച രാജ്യങ്ങളിൽ റഷ്യ, ഫിൻലാൻറ്​, സ്വീഡൻ, സ്വിസ്റ്റർലാൻറ്​ തുടങ്ങിയവ ഉൾപ്പെടുന്നു. 6 വയസ് നടപ്പുള്ള രാജ്യങ്ങളാണ് അമേരിക്ക, ചൈന, ജപ്പാൻ, കാനഡ, ഹോങ്കോങ്, സിംഗപ്പൂർ, ഡെൻമാർക്ക്, നോർവെ, നെതർലാന്റ്, സൗത്ത് കൊറിയ, സ്‌പെയിൻ, സൗദി അറേബ്യ മുതലായവ. 5 വയസ് വിഭാഗത്തിലാണ് യു.കെ., ന്യൂസിലാൻറ്​, പാകിസ്ഥാൻ എന്നിവയെ ഉൾപ്പടുത്തിയിട്ടുള്ളത്. (https://www.theglobaleconomy.com/rankings/Primary_school_starting_ag/)

2013 മുതൽ 2020 വരെയുള്ള കാലയളവിലെ ഇന്ത്യയിലെ സ്‌കൂൾ പ്രവേശനത്തിൻറെ പ്രായം സൂചിപ്പിക്കുന്ന ഗ്രാഫ്. Credit : theglobaleconomy.

പല രാജ്യങ്ങളിലും പല കാരണങ്ങളാൽ മുമ്പുണ്ടായിരുന്ന പ്രവേശന പ്രായത്തിൽ മാറ്റം വന്നിട്ടുണ്ട്. യുനെസ്‌കോ 1999-ൽ നടത്തിയ ഒരു കണക്കെടുപ്പിൽ 217 രാജ്യങ്ങളിൽ 134 ഇടത്തായിരുന്നു പ്രവേശനം ആറുവയസ്സുകാർക്കായി നിജപ്പെടുത്തിയിരുന്നത്. 1990കളുടെ മധ്യം മുതൽ 7 വയസ്സ് നടപ്പിലുണ്ടായിരുന്ന പല രാജ്യങ്ങളിലും 6 വയസ്സിലേയ്ക്ക് മാറാനുള്ള പ്രവണത ആരംഭിച്ചതായി ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ പല കാലത്തായി രാജ്യങ്ങളുടെ കണക്കെടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളിലും ആറുവയസാണ് കാണാനാവുന്നത്. അപ്പോഴും മറ്റു ചിലയിടത്ത് അത് ഒരുവയസ്സ് കൂടുതലോ കുറവോ ആയിത്തുടരുന്നതിനുപിന്നിൽ അതത് രാജ്യത്തിന്റെതായ സവിശേഷമായ കാരണങ്ങളുണ്ടാകുമെന്ന് അനുമാനിക്കാം. ഒപ്പം തന്നെ കാണേണ്ട ഒരു കാര്യം, ഒരു രാജ്യത്തിനകത്ത് എല്ലായിടത്തും അത് ഒരേ തരത്തിൽ ആകണമെന്നില്ല എന്നതാണ്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിലോ ജില്ലകളിലോ സ്‌കൂളുകളിൽ പോലുമോ വ്യത്യസ്ത പ്രവേശനപ്രായങ്ങൾ നിലനിൽക്കുകയോ അതിനുള്ള തീരുമാനം താഴെത്തട്ടിൽ നിലനിർത്തുകയോ ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ട്​.

കേന്ദ്രം ആറ് എന്നുപറഞ്ഞെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങളിൽ അത് അഞ്ച് വയസ്സു തന്നെയായി തുടരുകയായിരുന്നു. അതാണ് ഈ വർഷം ഫെബ്രുവരിയിൽ ഇറക്കിയ ഒന്നാം ക്ലാസ് അഡ്മിഷൻ നോട്ടിഫിക്കേഷനിലൂടെ ആറ് വയസാക്കിയിരിക്കുന്നത്.

മേൽ വെബ്‌സൈറ്റിൽ ഇന്ത്യയെ ആറുവയസ്സുകാരുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെമ്പാടും അത് അങ്ങനെയല്ല എന്ന് നമുക്കറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നയപരമായി അംഗീകരിച്ചത് ആറുവയസ്സാണെങ്കിലും വർഷങ്ങളായി അഞ്ചുവയസ്സിൽ ഒന്നാം ക്ലാസ് പഠനം ആരംഭിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ കൂടുതലും. 2017 ലിറങ്ങിയ കണക്കു പ്രകാരം (Selected Information on School Education, GOI) കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എടുത്താൽ 35 ൽ 16 ഇടങ്ങളിൽ ആറ് വയസ്സും 19 ഇടങ്ങളിൽ അഞ്ചു വയസ്സുമാണ് ഉണ്ടായിരുന്നത്. എന്നാൽ 2003 ൽ 35 ൽ 23 ഇടങ്ങളിൽ അഞ്ചു വയസ്സായിരുന്നു. അതിനർഥം കൂടുതൽ പ്രദേശങ്ങൾ ആറു വയസ്സിലേക്ക് മാറുന്ന പ്രവണത നമ്മുടെ രാജ്യത്തും ഉണ്ട് എന്നാണ്. എന്നാൽ കേന്ദ്രം ആറ് എന്നുപറഞ്ഞെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങളിൽ അത് അഞ്ച് വയസ്സു തന്നെയായി തുടരുകയായിരുന്നു. അതാണ് ഈ വർഷം ഫെബ്രുവരിയിൽ ഇറക്കിയ ഒന്നാം ക്ലാസ് അഡ്മിഷൻ നോട്ടിഫിക്കേഷനിലൂടെ ആറ് വയസാക്കിയിരിക്കുന്നത്.

ഒന്നാം ക്ലാസ് പഠനം ആരംഭിക്കുന്നതിന് അനുയോജ്യമായ കുറഞ്ഞ പ്രായം ആറ് ആണ്. കുട്ടികളുടെ ശരീരവും മനസ്സും ഔപചാരിക പഠനത്തിന് പാകമാവാൻ പ്രായം കൂടുന്നതു തന്നെയാണ് ഉചിതം.

മുൻകാല ചരിത്രം

ആറു വയസ്സിലേക്കുള്ള ഈ മാറ്റം വാസ്തവത്തിൽ ഒരു പുതിയ കാര്യമല്ല. എത്രയോ വർഷങ്ങളായി ആറ് വയസ്സ് എന്നത് അക്കാദമിക് രേഖകളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ്, 1911 ൽ ബ്രിട്ടീഷ് ഇംപീരിയൽ ലജിസ്​ലേറ്റീവ് കൗൺസിലിൽ ഇന്ത്യയിൽ സൗജന്യവും സാർവത്രികവുമായ പ്രൈമറി വിദ്യാഭ്യാസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണ ഗോഖലെ ബില്ല് കൊണ്ടുവന്നപ്പോൾ ആറു മുതൽ പത്ത് വയസ്​ വരെയായിരുന്നു പ്രായം നിർദേശിച്ചിരുന്നത്. അന്നത് നടപ്പിലായില്ല. എങ്കിലും അന്നു മുതൽ ദേശീയ തലത്തിൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസ്​ എന്നത് പരിഗണനാവിഷയമായി നിൽക്കുന്നുണ്ട് എന്നു വേണം കരുതാൻ.

1950 ൽ ഭരണഘടനയിലെ നിർദേശക തത്വങ്ങളിൽ 14 വയസ്സു വരെയുള്ള നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തെ കുറിച്ച് പറയുമ്പോഴും ഈ നിലപാട് തുടരുന്നുണ്ട്. 1966 ലെ കോത്താരി കമീഷൻ റിപ്പോർട്ടിലും 1968 ലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയത്തിലും ഈ ധാരണ തന്നെയാണുള്ളത്. 1986/92 ലെ രണ്ടാമത്തെ വിദ്യാഭ്യാസ നയത്തിലും 2005 ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയിലും ഇത് തുടരുന്നു. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലും 2020 ലെ വിദ്യാഭ്യാസ നയത്തിലും 6 വയസ്സിലുള്ള ഒന്നാം ക്ലാസ് പ്രവേശനം കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു.

ഗോപാല കൃഷ്ണ ഗോഖലേ. / Wikimedia Commons.

എന്നാൽ, സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലായിരുന്നതിനാൽ കേന്ദ്രം എന്തു നിർദേശിച്ചാലും അത് സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുമായിരുന്നില്ല. 1976 ൽ വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിലായപ്പോഴും (concurrent list) സംസ്ഥാനങ്ങൾക്ക് സ്വന്തം തീരുമാനങ്ങൾക്ക് അനുസൃതമായി ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പറ്റും. ആ നില മാറ്റമില്ലാതെ തുടർന്നു വരികയുമാണ്. എന്നാൽ കേന്ദ്രീകരണത്തിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയെന്ന നിലയിൽ ബി. ജെ. പി ഈ നില എന്നെന്നും നിലനിർത്തുമെന്ന് കരുതാനാവില്ല. കൺകറൻറ്​ ലിസ്റ്റിൽ പെട്ട ഒരു വിഷയത്തിൽ സംസ്ഥാനവും കേന്ദ്രവും വ്യത്യസ്ത തീരുമാനങ്ങളെടുത്താൽ കേന്ദ്ര തീരുമാനമാണ് അംഗീകരിക്കപ്പെടുക എന്നതിനാൽ എപ്പോൾ വേണമെങ്കിലും കേന്ദ്ര സർക്കാരിന് സ്വന്തം തീരുമാനം വിദ്യാഭ്യാസ വിഷയത്തിൽ നടത്തിയെടുക്കാവുന്നതാണ്. ഇക്കാര്യത്തിൽ ബി ജെ പി ഇതര സർക്കാരുകൾ വർഷങ്ങളായി പിന്തുടർന്നു വരുന്ന അയവുള്ള സമീപനം നിലവിലുള്ള സർക്കാർ തുടരണമെന്നില്ല.

ആറു വയസ്സാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഈ വിഷയത്തിൽ നടത്തിയ നാനാവിധ അന്വേഷണങ്ങളിൽ നിന്ന്​ നാം എത്തിച്ചേരുന്ന ഒരു കാര്യം, ഒന്നാം ക്ലാസ് പഠനം ആരംഭിക്കുന്നതിന് അനുയോജ്യമായ കുറഞ്ഞ പ്രായം ആറ് ആണ് എന്നുതന്നെയാണ്. കുട്ടികളുടെ ശരീരവും മനസ്സും ഔപചാരിക പഠനത്തിന് പാകമാവാൻ പ്രായം കൂടുന്നതു തന്നെയാണ് ഉചിതം. പക്ഷേ ശരീരവും മനസ്സും തനിയെ പാകമാകും എന്നു കരുതുന്നത് യുക്തമല്ല എന്നാണ് വിദഗ്ധമതം. എല്ലാ കുഞ്ഞുങ്ങൾക്കും പ്രകൃതിയിൽ ഇടപെട്ടും കളികളിലേർപ്പെട്ടും വളരാൻ കഴിയുന്ന ഒരു ബാല്യം ലഭ്യമാക്കുക കൂടി ഇതോടൊപ്പം നടക്കണം. പുതിയ കാലത്ത് കൂട്ടുകുടുംബങ്ങളുടെ അഭാവത്തിൽ ഉചിതമായ കളിയിടങ്ങൾ കുട്ടിക്ക് കിട്ടണമെങ്കിൽ അതിനു പറ്റിയ പ്രീ സ്‌കൂൾ സ്ഥാപനങ്ങൾ രാജ്യമെങ്ങും ഉണ്ടാവണം. അതിനുള്ള സാധ്യത പുതിയ നയത്തിൽ ഉണ്ടെങ്കിലും (3 വയസ്സു മുതൽ 18 വരെയുള്ള വിദ്യാഭ്യാസമാണ് പുതിയ നയത്തിലുള്ളത്). അത് നടപ്പിലാക്കാൻ ശ്രമങ്ങൾ ആരംഭിക്കുന്നതേയുള്ളൂ. അതിനു മുമ്പുതന്നെ ആറ് വയസ്സ് എന്നത് നിർബന്ധമാക്കുകയാണെങ്കിൽ ഉദ്ദേശിച്ച ഫലം ഉണ്ടാകുമെന്നു കരുതുക വയ്യ.

ശരീരവും മനസ്സും തനിയെ പാകമാകും എന്നു കരുതുന്നത് യുക്തമല്ല എന്നാണ് വിദഗ്ധമതം. എല്ലാ കുഞ്ഞുങ്ങൾക്കും പ്രകൃതിയിൽ ഇടപെട്ടും കളികളിലേർപ്പെട്ടും വളരാൻ കഴിയുന്ന ഒരു ബാല്യം ലഭ്യമാക്കുക കൂടി ഇതോടൊപ്പം നടക്കണം. / Photo : Wikimedia Commons.

പരിഗണിക്കേണ്ട മറ്റൊരു കാര്യം പ്രവേശന പ്രായം പൊടുന്നനെ ഒരു വർഷം കൂട്ടുമ്പോൾ ( അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ) അഞ്ച് വയസ്സ് പിന്തുടരുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബോർഡുകളിലെയും കുട്ടികൾ എന്തു ചെയ്യും എന്നതാണ്. അവർ സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിന്ന്​ ഒരു വർഷം വിട്ടു നിൽക്കണോ? അതോ പ്രീസ്‌കൂളിൽ തന്നെ തുടരണമോ? ഇതിന്​ ഉത്തരം നൽകാൻ തീരുമാനമെടുക്കുന്നവർക്ക് ബാധ്യതയുണ്ട്.

ഇക്കാര്യത്തിൽ ഒരുപക്ഷേ ചെയ്യാവുന്ന ഏറ്റവും ഉചിതമായ കാര്യം നയത്തിൽ തന്നെ സൂചിപ്പിച്ചിട്ടുള്ള ഒരു വർഷത്തെ ‘പ്രിപ്പറേറ്ററി ക്ലാസ്' പ്രീ സ്‌കൂളിനും ഒന്നാം ക്ലാസിനും ഇടയിൽ (5 - 6) വയസ്സുകാർക്കായി കൊണ്ടുവരിക എന്നതാണ്. ആറു വയസ്സ് പിന്തുടരുന്ന പല രാജ്യങ്ങളിലും ഇങ്ങനെയൊരു സ്റ്റേജ് ഇപ്പോൾ തന്നെയുണ്ട് എന്നുകാണാം. കളിരീതി തന്നെയാവും പ്രിപ്പറേറ്ററി ക്ലാസിൽ തുടരുകയെങ്കിലും കുട്ടിയെ ഔപചാരിക പഠനത്തിന് പാകമാക്കുകയെന്ന ലക്ഷ്യം കൂടി ഈ ഘട്ടത്തിന് ഉണ്ടാവും.

ഏറെ ആലോചിച്ചെടുക്കേണ്ട ഒരു തീരുമാനം സ്‌കൂൾ പ്രവേശനം തുടങ്ങാൻ നാലു ദിവസം മാത്രമുള്ളപ്പോൾ എടുത്തതിനെ കൂടിയാണ് ഡൽഹി ഹൈക്കോടതിയിൽ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുന്നത്.

ഇതിനർഥം, ഇതിനകം ആറു വയസ്സ് തികഞ്ഞ (രക്ഷിതാക്കൾ സ്വന്തം നിലയിൽ പ്രവേശനം വൈകിപ്പിച്ച!) കുട്ടികൾക്കായി ഒന്നാം ക്ലാസുകൾ ചുരുക്കുകയും അടുത്ത വർഷം അഞ്ച് വയസ്സാകുന്നവർക്കായി ഈ വർഷം തന്നെ പുതിയ ഒരു ക്ലാസ് തുടങ്ങുകയും ചെയ്യുക എന്നതാണ്. ഈ ക്ലാസിൽ പഠിപ്പിക്കാൻ പ്രീ സ്‌കൂൾ പരിശീലനം ലഭിച്ച അധ്യാപകരെ വെക്കുന്നതാണ് ബോധനശാസ്ത്രപരമായി നോക്കുമ്പോൾ ഉചിതം. എന്നു വെച്ചാൽ ധാരാളം പ്രീ സ്‌കൂൾ അധ്യാപകരെ പുതുതായി നിയമിക്കേണ്ടി വരും. സംസ്ഥാനങ്ങൾക്ക് ഇതുണ്ടാക്കുന്ന അധികച്ചെലവ് കേന്ദ്രം വഹിക്കുമോ എന്നതാണ് അടുത്ത ചോദ്യം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സായി ഉയർത്തുന്നത് കേന്ദ്ര സർക്കാർ ആകയാൽ അതിനുള്ള ഉത്തരവാദിത്തത്തിൽ നിന്നും അവർക്ക് ധാർമികമായി ഒഴിഞ്ഞുനിൽക്കാനാവില്ല. ഇത്തരത്തിൽ ഏറെ ആലോചിച്ചെടുക്കേണ്ട ഒരു തീരുമാനം സ്‌കൂൾ പ്രവേശനം തുടങ്ങാൻ നാലു ദിവസം മാത്രമുള്ളപ്പോൾ എടുത്തതിനെ കൂടിയാണ് ഡൽഹി ഹൈക്കോടതിയിൽ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുന്നത്. ഇത് കോടതിയുടെ മുമ്പാകെ വരുമ്പോൾ ഈ വർഷം കേന്ദ്രീയ വിദ്യാലയങ്ങളിൽ നടക്കേണ്ട ഒന്നാം ക്ലാസ് പ്രവേശനം ഒരുപക്ഷേ സ്റ്റേ ചെയ്യപ്പെട്ടേക്കാം.

ധാരാളം പ്രീ സ്‌കൂൾ അധ്യാപകരെ പുതുതായി നിയമിക്കേണ്ടി വരും. സംസ്ഥാനങ്ങൾക്ക് ഇതുണ്ടാക്കുന്ന അധികച്ചെലവ് കേന്ദ്രം വഹിക്കുമോ എന്നതാണ് അടുത്ത ചോദ്യം./Photo : Wikimedia Commons.

അതെന്തായാലും, ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് ആയി ഉയർത്തേണ്ടത് ബോധനശാസ്ത്രപരമായും മറ്റും അനിവാര്യമാണെന്നതിൽ സംശയമില്ല. 1964 ൽ കോത്താരി കമീഷൻ പറഞ്ഞത്, ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് ഉദ്ദേശിക്കുന്ന പ്രായം ആറ് ആണെങ്കിലും നിലവിലുള്ള ഒന്നാം ക്ലാസുകാരിൽ 31.7% പേർ മാത്രമാണ് ആ പ്രായപരിധിയിലുള്ളത് എന്നാണ്. ഇത് 95 - 97 % ആയി വൈകാതെ ഉയർത്തണമെന്നാണ് (ഭാഗം - 7.16) കമീഷൻ അന്ന് നിർദേശിച്ചത്. ആ ലക്ഷ്യം ഇപ്പോഴും സാധ്യമാകാത്തതിനു പ്രധാന കാരണം സംസ്ഥാനങ്ങളിലും മറ്റും നിലനിൽക്കുന്ന അന്തരമാണ്. ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ, വിവിധ സംസ്ഥാനങ്ങളുമായും സ്‌കൂൾ ബോർഡുകളുമായും കൂടിയാലോചിച്ച് വേണം അതിലേക്ക് പോകാൻ. അത് വേണ്ടത്ര നടന്നിരുന്നെങ്കിൽ തയ്യാറെടുപ്പുകൾ നേരത്തെ നടത്താനാവുമായിരുന്നു; ഇപ്പോഴുണ്ടായിരിക്കുന്ന അങ്കലാപ്പ് ഇപ്പറഞ്ഞ തോതിൽ ഉണ്ടാകുകയും ചെയ്യുമായിരുന്നില്ല.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ പല നിർദേശങ്ങളും ഇത്തരത്തിൽ കൂടിയാലോചന വേണ്ടത്രയില്ലാതെ, സംഘപരിവാറിന്റെ മനസ്സറിഞ്ഞ ആരൊക്കെയോ വിഭാവനം ചെയ്ത രീതിയിൽ അതിവേഗം നടപ്പിലാക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. വിദ്യാഭ്യാസ രംഗത്തെ അസാധാരണമായ ഗതിവേഗത്തിനും അനന്തര ഫലങ്ങൾ വേണ്ടത്ര വിലയിരുത്താതെയുമുള്ള നിർവഹണത്തിനും കടഞ്ഞാണിടുന്നത് നല്ലതായിരിക്കും എന്നേ പറയാനുള്ളൂ. കാരണം, ഇന്ത്യ അത്തരത്തിലുള്ള വൈവിധ്യങ്ങളും ബഹുസ്വരതയും അതനുസരിച്ചുള്ള വഴക്കവും എല്ലാ രംഗത്തും ആവശ്യപ്പെടുന്ന ഒരു രാജ്യം തന്നെയാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. പി.വി. പുരുഷോത്തമൻ

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments