സർക്കുലർ പിൻവലിച്ചിട്ടെന്തു കാര്യം? സർക്കാറിന്റെ സാഹിത്യപ്പേടി അവിടത്തന്നെയുണ്ട്

വിദ്യാഭ്യാസവകുപ്പിലെ ജില്ലാ മേധാവികളുടെ വായനാശീലം വർദ്ധിപ്പിക്കാനാണോ എന്നറിയില്ല പൊതു വിദ്യാഭ്യാസ ഡയറക്ടർ ഒരു സർക്കുലർ ഇറക്കിയിരുന്നല്ലോ. ഈ മാസം ഒൻപതാം തിയതി ഇറക്കിയ സർക്കുലർ പതിനേഴാം തിയ്യതി പിൻവലിച്ചതായി അറിയുന്നു. ഒ &എം (2)/2362/2021/ ഡി. ജി. ഇ. നമ്പർ സർക്കുലറാണ് പുറത്തിറങ്ങി ഒരാഴ്ചയ്ക്കുശേഷം പിൻവലിക്കേണ്ടിവന്നത്.

പൊതുവിദ്യാഭ്യാസവകുപ്പിൽ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ചാണ് സർക്കുലർ എന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പ്രസ്തുത കാര്യത്തിന് അനുമതി വേണമെന്ന കാര്യത്തിൽ സർക്കാരിനും അതിന്റെ വിദ്യാഭ്യാസവകുപ്പിനും സംശയമൊന്നുമില്ല. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മേലാവിൽ നിന്ന് അനുമതി വാങ്ങണം എന്നാണ് കൽപ്പന. കൽപ്പന എന്ന വാക്കിന് ആജ്ഞ എന്നതിനുപുറമേ സങ്കൽപം, ഭാവന എന്നൊക്കെയും അർത്ഥം പറയാമല്ലോ. പ്രായോഗികതലത്തിൽ സർക്കാറിന്റെ കേവലം ആജ്ഞ മാത്രമായി നിലനിന്നിരുന്ന ഒരു പഴയ ഉത്തരവിനെ പ്രയോഗക്ഷമമാക്കാനുള്ള ഭാവന ഈ സർക്കുലറിലുണ്ടായിരുന്നു. പോലീസ് വകുപ്പിന്റെ തലപ്പത്ത് മാത്രമല്ല ഭാവനാശാലികൾ ഉള്ളതെന്ന വാസ്തവം സർക്കുലർ ശരിവയ്ക്കുന്നുണ്ട്. സ്വേച്ഛാധിപത്യപ്രയോഗങ്ങളിലും സാഹിത്യത്തിലെന്ന പോലെ ഭാവനയ്ക്ക് വലിയ സ്ഥാനമാണുള്ളത്. സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ തടയാൻ വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്‌കരിച്ചവരാണ് ചരിത്രത്തിൽ നാം കണ്ടിട്ടുള്ള ഫാസിസ്റ്റ് ഭരണാധികാരികൾ എല്ലാവരും എന്നത് ഓർക്കാം.

ഓരോ വിദ്യാഭ്യാസ ഉപഡയറക്ടർ ആഫീസുകളിലും സാഹിത്യ പരിശോധനയ്ക്കായി പുതിയ സെക്ഷനുകൾ ആരംഭിക്കേണ്ടി വരുമെന്നതിനാൽ സാഹിത്യവിചക്ഷണരായ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു ഉത്തരവാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സർക്കാരിന്റെ അനുമതി വാങ്ങണമെന്ന് നേരത്തെ തന്നെയുള്ള നിർദേശമായിരുന്നു. വിവാദ ഉത്തരവ് പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നൽകണം. പ്രവർത്തനമേഖല വ്യക്തമാക്കിക്കൊണ്ടുള്ള പ്രത്യേക സത്യവാങ്ങ്മൂലം സമർപ്പിക്കുന്നതിനു പുറമേ സാഹിത്യ കലാ സൃഷ്ടികളുടെ കോപ്പികളും പരിശോധനയ്ക്കായി നൽകണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ശുപാർശ ചെയ്യുന്നതോടൊപ്പം ആയതിന് അനുമതി നൽകിയാൽ മാത്രമെ അവ പ്രസിദ്ധീകരിക്കാൻ ജീവനക്കാർക്ക് സാധിക്കൂ. വിദ്യാഭ്യാസ ഉപഡയറക്ടറാണ് സൃഷ്ടികൾ പരിശോധിച്ച് പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടത് എന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർ മാർ ഇനി മുതൽ എഡിറ്ററുടെ ജോലി കൂടി ചെയ്യേണ്ടി വരുമായിരുന്നു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നൊരു തസ്തിക ഇപ്പോൾ ഉപഡയറക്ടറുടെ കീഴിൽ ഉണ്ട്. അതിന്റെ ഉപവിഭാഗമായി ഒരു സാഹിത്യ പരിശോധനാ സെക്ഷൻ ആരംഭിച്ചാൽ സാഹിത്യ ഫയൽ നീക്കം വേഗത്തിലാക്കാൻ കഴിയുമായിരുന്നു.

വിവാദമായതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ച ഉത്തരവ്

സർക്കാർ ജീവനക്കാർക്ക് സാധാരണ പൗരർക്ക് ഉള്ള ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാൻ ആവില്ല എന്ന നിലപാടാണ് ഭരണകൂടത്തിന് ഉള്ളതെന്ന് തോന്നുന്നു. ദശകങ്ങൾ മുമ്പേ പുറത്തു വന്ന ഈ ദിശയിലുള്ള ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് വാസ്തവം. ഇടതുപക്ഷ മുന്നണി പല തവണ കേരളത്തിൽ അധികാരത്തിൽ വന്നെങ്കിലും കലാ സാഹിത്യ സാംസ്‌കാരികരംഗങ്ങളിൽ പ്രവർത്തിക്കുന്നതിനു ജീവനക്കാർക്ക് അനുമതി വേണമെന്നുള്ള ഉത്തരവ് നിലനിർത്തിയതേ ഉള്ളൂ . ഇപ്പോൾ ഒരു സ്പഷ്ടീകരണമാണ് നടത്തിയിരിക്കുന്നത്. അനുമതി അപേക്ഷ കൊടുക്കുന്നതും പരിശോധിക്കുന്നതുമായ കാര്യങ്ങളെ സംബന്ധിച്ച് നടപടി ക്രമങ്ങൾ വ്യക്തമാക്കുകയാണ് ഒൻപതാം തിയതി ഇറങ്ങിയ ഉത്തരവ് ചെയ്യുന്നത്.

ഇത്തരം സ്പഷ്ടീകരണ സർക്കുലറിന്റെ ഉദ്ദേശ്യം എന്തെന്നുള്ളതുസംബന്ധിച്ച് ആലോചിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സർക്കാർ ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുദ്ദേശിച്ചുള്ള ഒരു ഉത്തരവ് കഴിഞ്ഞ പിണറായി വിജയൻ സർക്കാർ ഇറക്കിയിരുന്നു. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ നടപടികൾ വിശദമാക്കുന്ന 1960 ലെ കേരള ഗവൺമെന്റ് സർവന്റ്‌സ് കൊൺടക്ട് റൂൾസ് (Kerala Government Servants Conduct Rules 1960) ആധാരമാക്കിയാണ് പ്രസ്തുത സർക്കുലർ ഇറക്കിയത്. ഈ നിയമത്തിന്റെ ചട്ടം 60 അനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥനും (ഉദ്യോഗസ്ഥ സംഘടനകളിൽ ഒഴികെ) പൊതുജന സമക്ഷത്തിലോ യോഗങ്ങളിലോ മറ്റു സംഘടനകളിലോ പ്രസംഗം, എഴുത്ത് മുതലായ ഇടപെടലുകളിലൂടെ സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അല്ലെങ്കിൽ വിമർശനങ്ങൾ എന്നിവയിലൊന്നും പങ്കുകൊള്ളരുത് എന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം നടപടികൾ കൃത്യമായി തെളിയിക്കുന്നത് സർക്കാർ ജീവനക്കാരെ വരുതിയിൽ നിർത്താനുള്ള ആഗ്രഹം എൽ.ഡി.എഫ് സർക്കാരിനുമുണ്ടെന്നാണ്.

കേരള ഗവൺമെന്റ് സർവന്റ്‌സ് കൊൺടക്ട് റൂൾസിലെ ചട്ടം 60

അരനൂറ്റാണ്ടിനപ്പുറം നിലവിൽ വന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഉത്തരവിനെ സോഷ്യൽ മീഡിയ കാലത്തേയ്ക്കു കൂടി വ്യാപിപ്പിക്കുകയാണ് ആ ഉത്തരവിലൂടെ പിണറായി സർക്കാർ ചെയ്തത്. മാതൃഉത്തരവിന്റെ സ്പിരിറ്റിനോട് യോജിക്കുക മാത്രമല്ല, അത് ഈ പുതിയ കാലത്തും നിലനിർത്താനും സമകാലികമാക്കാനുമുള്ള അധികാരോന്മുഖ മനോഭാവം ആണ് അതിൽ തെളിഞ്ഞു കാണുന്നത്. സമൂഹത്തെ ജനാധിപത്യവത്കരിക്കുന്നതിൽ വ്യാപൃതരാവേണ്ടവർ നേർ വിപരീത ദിശയിൽ സഞ്ചരിക്കുന്നതാണ് ഇവിടെ കാണാനാവുക. തങ്ങളുടെ സംസ്ഥാന ഭരണത്തിന്റെ പരിമിതമായ അധികാരം ഉപയോഗിച്ച് ജനാധിപത്യ പ്രയോഗങ്ങൾ വികസിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് യഥാർത്ഥത്തിൽ ഒരു ഇടതുഭരണത്തിനുള്ളത്. അതിൽ നിന്നും അകന്നു നിൽക്കുകയും ഭരണപക്ഷ പ്രയോഗങ്ങളുടെ സൗകര്യങ്ങൾ ആസ്വദിക്കുകയുമാണ് സർക്കാർ ചെയ്തത്.

വിവരാവകാശം പോലുള്ള വിഷയങ്ങളിലും സർക്കാറിന്റെ നിലപാടുകളും നടപടികളും ഇതേ ദിശയിലാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇപ്പോൾ സ്പഷ്ടീകരണം എന്ന നിലയിൽ പുറത്തിറക്കിയ ഈ ഉത്തരവിന്റെ താത്പര്യവും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ തടയുക എന്നതു തന്നെ. ഈ സ്പഷ്ടീകരണത്തിൽ മാത്രമായി പ്രത്യേകിച്ച് അപകടമൊന്നുമില്ല എന്നാണ് പുരോഗമന കലാ സാഹിത്യസംഘം ജനറൽ സിക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ അശോകൻ ചരുവിൽ പറയുന്നത്. മുൻകൂട്ടി അനുമതി വാങ്ങണം എന്ന പഴയകാല ഉത്തരവ് റദ്ദുചെയ്യുകയാണ് വേണ്ടത് എന്ന് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ അദ്ദേഹം എഴുതുന്നു. പരിഹാരം റദ്ദുചെയ്യൽ തന്നെ ആണെന്നത് ശരിയായിരിക്കുമ്പോൾ തന്നെ സ്പഷ്ടീകരണത്തിന്റെ ഉദ്ദേശ്യം ഉത്തരവിന്റെ സുഗമമായ പ്രയോഗവത്കരണ മാണെന്ന കാര്യം അദ്ദേഹം മറച്ചു വെയ്ക്കുന്നു. പോലീസുകാർ ലാത്തി പ്രയോഗിക്കുമ്പോൾ എങ്ങനെ, എത്ര ശക്തിയായി, എത്ര നീളമുള്ള വടികൊണ്ട് അടിക്കണം എന്നത് വ്യക്തമാക്കുന്നതിൽ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല എന്നു പറയുന്നതുപോലെയാണിത്.

ഇപ്പോൾ ഈ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നു. ഇടതുപക്ഷത്തുള്ളവരുൾപ്പെടെ എഴുത്തുകാരിൽ നിന്നും ബഹുജനങ്ങളിൽ നിന്നും വിദ്യാഭ്യാസപ്രവർത്തകരിൽനിന്നും മറ്റും ശക്തമായ പ്രതിഷേധങ്ങൾ വന്നതോടെയാണ് സർക്കാർ തടിതപ്പിയത്. അപ്പോഴും കലാ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന പഴയ ഉത്തരവ് നിലനിൽക്കുകയാണ്. ഇതു വേണ്ടെന്ന് പറയാനുള്ള ജനാധിപത്യബോധം സർക്കാർ കാണിക്കുന്നില്ല എന്നതാണ് പ്രധാനമായിട്ടുള്ളത്. ഇതു മറ്റൊരു രൂപത്തിൽ തിരിച്ചുവരാവുന്നതേയുള്ളൂ. കൊളോണിയൽ വാഴ്ചയുടെ അവശിഷ്ടങ്ങളായി നില നിൽക്കുന്ന കരിനിയമങ്ങളും ജനവിരുദ്ധ ശാസനകളും പിഴുതെറിയുകയാണ് ഒരു ജനകീയസർക്കാർ ചെയ്യേണ്ടത്. അവയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ഉണ്ടാക്കുകയല്ല.

യു.ഡി.എഫും എൽ.ഡി.എഫും ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളായാണ് ഇതഃപര്യന്തം പെരുമാറിയിട്ടുള്ളത്. സംസ്‌കാരത്തിന്റേയും കലാസാഹിത്യത്തിന്റേയും മണ്ഡലങ്ങളിൽ സ്വതന്ത്രചിന്തയുടെ വെളിച്ചം പകരേണ്ട സർക്കാർ പരിഹാസ്യമായ വിധത്തിൽ ചിന്തകൾക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന് ലഭിക്കുന്ന ഭരണാവസരം ജനാധിപത്യത്തെ ഏറ്റവും അടിത്തട്ടിൽ എത്തിക്കുന്നതിന് ശ്രമിക്കുകയാണ് വേണ്ടത്. അതാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളും ബഹുജനങ്ങളും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയവും അതാണ്. ഭരണത്തിലെത്തുന്ന സന്ദർഭങ്ങളിൽ സ്ഥിതവ്യവസ്ഥയുടെ നല്ല നടത്തിപ്പുകാരായിത്തീർന്ന് യാഥാസ്ഥിതികത്വത്തെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് എന്നാൽ പ്രായോഗികമായി സംഭവിക്കുന്നത്. ഈ വൈരുദ്ധ്യത്തിന്റെ പശ്ചാത്തലത്തിലാണ് സ്പഷ്ടീകരണ സർക്കുലർ പിൻവലിക്കപ്പെട്ട സന്ദർഭത്തിലും വിമർശനം സംഗതമാവുന്നത്. ജനവിരുദ്ധ ഭരണവർഗ്ഗത്തെ സന്തോഷിപ്പിച്ചില്ലെങ്കിൽ ഭരണത്തിൽ തുടരാൻ വിഷമിക്കും എന്ന ഭീരുത്വം നിറഞ്ഞ നിലപാടാണ് ഇത്തരം ഉത്തരവുകളുടേയും സർക്കുലറുകളുടേയും പിറവിയ്ക്ക് കാരണം. രാഷ്ടീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയെ തിരുത്തുന്നതിനുള്ള ഒരു സാമൂഹിക ഇടതുപക്ഷം ഇവിടെ കൂടുതൽ ശക്തമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾ രാഷ്ടീയമായി, സാംസ്‌കാരികമായി സാക്ഷരരാകുന്ന അവസ്ഥയെയാണ് ഭരണവർഗ്ഗം എപ്പോഴും ഭയക്കുന്നത്.

സ്വതന്ത്രമായ ആവിഷ്‌കാരങ്ങൾക്ക് തടയിടാൻ സർക്കാർ മുതിരുന്നത് ഈ ഭരണവർഗ്ഗബോധമാണ് അതിനെ നയിക്കുന്നത് എന്നതുകൊണ്ടാണ്. യാർത്ഥത്തിൽ ഇടതുപക്ഷമുന്നണി നേതത്വത്തിലുള്ള ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാർ ഭരണമുന്നണിയായല്ല, സമരമുന്നണിയായാണ് പ്രവർത്തനക്ഷമമാകേണ്ടത്. നേരെത്തെ നില നിൽക്കുന്ന ഉത്തരവുകൾ പൊടിതട്ടിയെടുത്ത് മുഖം മിനുക്കി ഇപ്പോൾ ഉപയോഗിക്കാൻ പാകത്തിലാക്കലല്ല ഒരു ഇടതു സർക്കാറിന്റെ ജോലി. കാലഹരണപ്പെട്ടത് പിഴുതെറിയലാണ്. അധിനിവേശഭരണത്തിന്റെ ശേഷിപ്പുകളെ ഉപേക്ഷിക്കലാണ്. അധികാരം നുണയുന്നതിന്റെ സുഖം ഉപേക്ഷിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണ് ഉദ്യോഗസ്ഥമേധാവികൾക്കെന്നപോലെ ജനപ്രതിനിധികൾക്കുമുള്ളത് എന്നു വരുന്നത് നല്ല ലക്ഷണമല്ല. യു എ പി എ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ പ്രയോഗിക്കുന്ന കാര്യത്തിൽ ആഭ്യന്തര വകുപ്പ് പ്രകടിപ്പിക്കുന്ന ജനാധിപത്യവിരുദ്ധതയുടെ തുടർച്ച തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവിലും കാണാനാവുക. ജനമർദ്ദനത്തിനുള്ള ഉള്ള ഒരു ഉപകരണമായിത്തന്നെ ഭരണ സംവിധാനത്തെ എക്കാലത്തും നിലനിർത്താനാഗ്രഹിക്കുന്നവരാണ് കരിനിയമങ്ങളെ ഇക്കാലത്തിന് പാകമാക്കാനായി നവീകരണവും സ്പഷ്ടീകരണവുമായൊക്കെ വരുന്നത്.

Comments