തുടരെത്തുടരെയുള്ള ഈ പരീക്ഷകൾ മനുഷ്യവകാശലംഘനം കൂടിയാണ്​; കാലിക്കറ്റ്​ വി.സിക്ക്​ കോ​​​ളേജ്​ അധ്യാപികയുടെ തുറന്ന കത്ത്​

കോവിഡ് കാലഘട്ടം വിദ്യാർത്ഥികളെയും അധ്യാപകരെയും ശാരീരികമായും മാനസികമായും പരിക്ഷീണിതരാക്കിയ സാഹചര്യത്തിൽ തുടരെ തുടരെ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളെയും അധ്യാപകരെയും കടുത്ത സമ്മർദ്ദത്തിലും നിരാശയിലും ആക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടത്ര അധ്യയന ദിനങ്ങൾ ലഭിച്ചില്ല എന്നതുമാത്രമല്ല, തുടരെയുള്ള പരീക്ഷകൾ പലപ്പോഴും മനുഷ്യാവകാശ ലംഘനത്തിന് കാരണമാവുകയും ചെയ്യുന്നു- പാലക്കാട്​ ഗവ. കോ​ളേജിലെ അസോസിയേറ്റ്​ പ്രൊഫസർ ഡോ. ഷീബ കെ. കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി വി.സിക്ക്​ അയക്കുന്ന തുറന്ന കത്ത്​.

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി വൈസ്​ ചാൻസലർക്ക്​,

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളിലെ ആറാം സെമസ്റ്റർ UG/ നാലാം സെമസ്റ്റർ PG വിദ്യാർത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട്​ഗൗരവകരമായ ഒരു വിഷയം താങ്കളുടെ ശ്രദ്ധയിൽ പെടുത്താനാണ്​ ഈ തുറന്ന കത്ത്.

കോവിഡ് കാലഘട്ടം വിദ്യാർത്ഥികളെയും അധ്യാപകരെയും ശാരീരികമായും മാനസികമായും പരിക്ഷീണിതരാക്കിയ സാഹചര്യത്തിൽ തുടരെ തുടരെ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളെയും അധ്യാപകരെയും കടുത്ത സമ്മർദ്ദത്തിലും നിരാശയിലും ആക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടത്ര അധ്യയന ദിനങ്ങൾ ലഭിച്ചില്ല എന്നതുമാത്രമല്ല, തുടരെയുള്ള പരീക്ഷകൾ പലപ്പോഴും മനുഷ്യാവകാശ ലംഘനത്തിന് കാരണമാവുകയും ചെയ്യുന്നു. പാഠഭാഗങ്ങൾ നേരാംവണ്ണം പഠിപ്പിക്കുവാണോ തീർക്കാനോ കഴിയാത്തത്​അധ്യാപകരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. കൂടാതെ കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്​ അധ്യയനം പൂർത്തിയാക്കാൻ കോളേജുകൾ തുറന്നപ്പോൾ അതിന്റെ ഉദ്ദേശ്യലക്ഷ്യം പരിഗണിക്കാതെ പരീക്ഷകൾ മാത്രം നടത്തുന്നതിലുള്ള ശക്തമായ പ്രതിഷേധവും ഇതിനോടൊപ്പം രേഖപ്പെടുത്തുന്നു.

90 അധ്യയന ദിനങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ ക്രമീകരിച്ച സിലബസ് അതിന്റെ പകുതി പോലും അധ്യയന ദിനം ലഭ്യമല്ലാത്ത സാഹചര്യം 2021-22 അധ്യയനവർഷത്തിലെ പരീക്ഷാ ടൈം ടേബിൾ പരിശോധിക്കുമ്പോൾ മനസിലാക്കാം. ഇതിനുപുറമെ പരീക്ഷാ ഡ്യൂട്ടികളും കോളേജുകൾ അടച്ചിട്ടുള്ള മൂല്യനിർണയ ക്യാമ്പുകളും ഇതേ അധ്യാപകർ തന്നെ ചെയ്യേണ്ടതുള്ളതുകൊണ്ട് യൂണിവേഴ്‌സിറ്റി കണക്കാക്കുന്ന അധ്യയന ദിനങ്ങൾ കോളേജ് തലത്തിൽ ലഭിക്കുന്നില്ല എന്നതു എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ഇതിനെല്ലാം പുറമെ SDE വിദ്യാർത്ഥികളുടെ എണ്ണം മൂന്നു മടങ്ങു കൂടുതലായതുകൊണ്ട് അവരുടെ പരീക്ഷാ നടത്തിപ്പിന്​കോളേജുകളിലെ ക്ലാസ്​ റൂമുകൾ അധ്യയനം ഒഴിവാക്കി ഉപയോഗിക്കേണ്ടതായി വരുന്നു എന്നതും ശ്രദ്ധയിൽപ്പെടുത്തുന്നു.

2021-22 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിളും മൂല്യനിർണയ ക്യാമ്പുകളുടെ വിശദ വിവരവും:
2021-22 Exam Timetable of UG Degree:
3rd sem. - 27/10/2021 മുതൽ 11/11/2021 വരെ
4th sem. - 29/11/2021 മുതൽ 07/12/2021 വരെ
5th sem. - 04/02/2022 മുതൽ 22/02/2022 വരെ
2021-22 Exam Timetable of PG:
1st sem. - 12/11/2021 മുതൽ 24/11/2021 വരെ
2nd sem. - 05/01/2022 മുതൽ 12/01/2022 വരെ
3rd sem. - 11/03/2022 മുതൽ 23/03/2022 വരെ

2021-22 valuation camps (excluding 4th sem. PG and 5th/6th UG camps conducted in July and September 2021):
2th sem UG - 28/10/2021 - 01/11/2021
3rd sem UG - 17/01/2022 - 19/01/2022
4th sem UG - 23/02/2022 - 25/ 02/2022
1st sem PG - 22/01/2022 - 27/01/2022

ഇതിനിടയിൽ പല സെമസ്റ്ററുകളുടെയായി നടത്തിയ ലാബ് എക്‌സാമുകളും വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്റർ പരീക്ഷയുടെയും മുൻപായി അനുവദിക്കുന്ന പഠനാവധിയും കൂടി പരിഗണിച്ചാൽ ഒരു സെമസ്റ്ററിന്​പകുതിയിലും വളരെ താഴെയുള്ള അധ്യയന ദിനങ്ങളാണ് ലഭിച്ചത് എന്ന് ബോധ്യപ്പെടും. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാനടത്തിപ്പിൽ വന്നുചേർന്ന അശാസ്ത്രീയതയാണ് എന്നു പറയാതെ വയ്യ. വിദ്യാർത്ഥികളുടെ ഉപരിപഠനാവസരങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനാണ് പ്രഥമ പരിഗണന എന്നു മനസിലാക്കി, മറ്റു അക്കാദമിക താൽപര്യങ്ങളൊന്നും പരിഗണിക്കാതെ പരീക്ഷകൾ മാത്രം നടത്താനുള്ള ഒരു ഏജൻസിയായി യൂണിവേഴ്‌സിറ്റി മാറുന്നു എന്നു സംശയിച്ചാൽ നിഷേധിക്കാൻ കഴിയില്ല. അവസാന വർഷ യു.ജി പരീക്ഷകൾ തിരക്കുകൂട്ടി മാർച്ച് അവസാനം നടത്തുന്നതിനുപകരം മെയ് തുടക്കത്തിൽ നടത്തുന്നതു കൊണ്ട് വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതയില്ലാതാവുന്നില്ല എന്ന് ഓർമിപ്പിക്കട്ടെ.

കോവിഡ് സാഹചര്യവും വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും മനസ്സിലാക്കി ഇത്തരം വിദ്യാർത്ഥി- അധ്യാപക വിരുദ്ധ തീരുമാനങ്ങളിൽ നിന്ന്​ യൂണിവേഴ്‌സിറ്റി പിന്തിരിയണമെന്നും അവസാന വർഷ ബിരുദ- ബിരുദാനന്തര പരീക്ഷകൾ മെയിലേക്ക് പുനഃക്രമീകരണം ചെയ്യണമെന്നും അഭ്യർഥിക്കുന്നു.


Summary: കോവിഡ് കാലഘട്ടം വിദ്യാർത്ഥികളെയും അധ്യാപകരെയും ശാരീരികമായും മാനസികമായും പരിക്ഷീണിതരാക്കിയ സാഹചര്യത്തിൽ തുടരെ തുടരെ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളെയും അധ്യാപകരെയും കടുത്ത സമ്മർദ്ദത്തിലും നിരാശയിലും ആക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടത്ര അധ്യയന ദിനങ്ങൾ ലഭിച്ചില്ല എന്നതുമാത്രമല്ല, തുടരെയുള്ള പരീക്ഷകൾ പലപ്പോഴും മനുഷ്യാവകാശ ലംഘനത്തിന് കാരണമാവുകയും ചെയ്യുന്നു- പാലക്കാട്​ ഗവ. കോ​ളേജിലെ അസോസിയേറ്റ്​ പ്രൊഫസർ ഡോ. ഷീബ കെ. കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി വി.സിക്ക്​ അയക്കുന്ന തുറന്ന കത്ത്​.


Comments