Photo: Wikimedia Commons

ശൂന്യമായ സാമൂഹ്യപാഠങ്ങളുടെ ക്ലാസ്​മുറികളിൽനിന്ന്​...

ഏതു നിമിഷവും ലോകം സ്തംഭിക്കാമെന്നും നാം പെരുവഴിയിൽ അകപ്പെടാമെന്നുമുള്ള അനിശ്ചിതത്വത്തിൽ നമ്മെ വിന്യസിച്ചാണ് കോവിഡ് മുന്നോട്ടുപോവുന്നത്. പോസ്റ്റ് കോവിഡ് എന്ന അവസ്ഥയെപ്പറ്റി എനിക്ക് ഉറപ്പില്ല, പക്ഷേ ഞാൻ ലോങ് കോവിഡിൽ വിശ്വസിക്കുന്നു.

കോവിഡനന്തര കാലത്തിന്റെ സാധ്യതകൾ വളരെ പ്രശ്‌നവത്കരിക്കപ്പെട്ട ഒരു കാലത്തിലേയ്ക്ക് പുനർനവീകരിക്കപ്പെട്ട്​ ഇടപെടേണ്ടിവരുന്ന അവസ്ഥയിലാണ് നാം ഇപ്പോൾ. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ‘ലോങ് കോവിഡ്’ പ്രതിഭാസം അനുഭവവേദ്യമാവുകയാണ്. അത് ആരോഗ്യരംഗത്തെ അടിസ്ഥാനമാക്കിയുള്ള പദമാണെങ്കിൽ പോലും നാനാതുറകളിൽ വ്യാപിച്ചുകിടക്കുന്ന അർഥവ്യാപ്തിയിലാണ് ഈ വാക്ക് വിന്യസിച്ചിരിക്കുന്നത്.

കോവിഡിന്റെ തരംഗങ്ങൾക്കിടയിലൂടെ തിരനോക്കുന്ന ചില ജീവിതചിത്രങ്ങൾ എന്റെ പരിസരങ്ങളിൽ നിന്ന് പകർത്തുകയാണ് ലക്ഷ്യം. ലോക്ക് ഡൗൺ വിലക്കുകൾക്കുശേഷം തുറന്ന ലോകത്തേക്കുവന്ന വിദ്യാർഥികൾ കോവിഡ് പൂർവകാലത്തിൽ നിന്ന്​ തികച്ചും വ്യത്യസ്തരാണ്. ക്ലാസ്​ റൂമുകളുടെ നിയന്ത്രണങ്ങൾ അവരെ അസ്വസ്ഥരാക്കുന്നു. പൂർണതോതിൽ കലാലയത്തിൽ കുട്ടികൾ എത്തിത്തുടങ്ങിയത് ഒക്ടോബറോടെയാണ്. രണ്ടുരണ്ടര വർഷം വീടുകളിൽ കഴിഞ്ഞ അവർക്ക്​ ക്ലാസ്​ മുറികളിലെ ഇടപെടലുകൾ ഏതാണ്ട് അന്യമായി മാറി. കേരളത്തിൽ സമാന്തരമായി ഓൺലൈൻ ക്ലാസ്​ നടന്നതുകൊണ്ട് വിദ്യാഭ്യാസവർഷം നഷ്ടപ്പെട്ടിട്ടില്ല. കുറച്ചധികം നീണ്ടുപോയെന്നേയുള്ളൂ.
ഒരുപക്ഷെ കലാലയത്തിൽ പ്രവേശനം നേടിയശേഷം ക്ലാസ്​മേറ്റ്​സിനെ ആദ്യമായി കാണുന്നവർ പോലും ഉണ്ടായിരുന്നു. അവർ ഓൺലൈൻ ക്ലാസുകളുടെ ഒളിവുകളിൽ നിന്ന്​ നിറഞ്ഞ സൗഹൃദങ്ങളുടെ തെളിച്ചത്തിലേക്ക് വളരെ ആവേശത്തോടെയാണ് തിരിച്ചുവന്നത്. പക്ഷെ, അതേസമയം വീടിനകത്തുനിന്ന്​പുറത്തിറങ്ങാൻ കൂട്ടാക്കാത്ത മറ്റൊരു കൂട്ടരും ഉണ്ട്. ഓൺലൈൻ ക്ലാസുകളുടെ അദൃശ്യതയിൽ സുഖവും സമാധാനവും കണ്ടെത്തിയവർ സാധാരണ ക്ലാസ്​ റൂമുകളിൽ അസ്വസ്ഥമായി.

ഒരുപക്ഷെ കലാലയത്തിൽ പ്രവേശനം നേടിയശേഷം ക്ലാസ്​മേറ്റ്​സിനെ ആദ്യമായി കാണുന്നവർ പോലും ഉണ്ടായിരുന്നു. അവർ ഓൺലൈൻ ക്ലാസുകളുടെ ഒളിവുകളിൽ നിന്ന്​ നിറഞ്ഞ സൗഹൃദങ്ങളുടെ തെളിച്ചത്തിലേക്ക് വളരെ ആവേശത്തോടെയാണ് തിരിച്ചുവന്നത്. / Photo: Muhammed Fasil
ഒരുപക്ഷെ കലാലയത്തിൽ പ്രവേശനം നേടിയശേഷം ക്ലാസ്​മേറ്റ്​സിനെ ആദ്യമായി കാണുന്നവർ പോലും ഉണ്ടായിരുന്നു. അവർ ഓൺലൈൻ ക്ലാസുകളുടെ ഒളിവുകളിൽ നിന്ന്​ നിറഞ്ഞ സൗഹൃദങ്ങളുടെ തെളിച്ചത്തിലേക്ക് വളരെ ആവേശത്തോടെയാണ് തിരിച്ചുവന്നത്. / Photo: Muhammed Fasil

കലാലയങ്ങളിൽ വിദ്യാർഥികൾ നഷ്ടപ്പെട്ട രണ്ടുവർഷങ്ങൾ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ പാകത്തിൽ ആവേശഭരിതരാവുന്നു. കടുത്ത വർണങ്ങളിലാണ് കലാലയത്തിലെ ഓരോ സംഭവത്തെയും അടയാളപ്പെടുത്തുന്നത്. നാളെ ചെയ്യാമല്ലോ എന്ന പഴയ വ്യാഖ്യാനങ്ങളെ കോവിഡ് അപ്രസക്തമാക്കിക്കളഞ്ഞു. ഇന്നിനാണ് ഈ ലോങ് കോവിഡ് കാലത്ത്​ പ്രസക്തി. ഇന്ന് ആരോഗ്യമുണ്ടെങ്കിൽ യാത്രചെയ്യാം. ഇന്ന് ലോകം തുറന്നെങ്കിൽ അത് ആസ്വദിക്കാം എന്ന രീതിയിൽ ഭാവിയിലെ അനിശ്ചിതത്വത്തിനോട് നമ്മൾ പകവീട്ടുന്നു.

ക്ലാസുകളിൽ മാസ്‌കിലുള്ള മുഖം കണ്ട്​ ശീലിച്ച്,​ മാസ്‌ക് മാറ്റിയപ്പോൾ ആളെ തിരിച്ചറിഞ്ഞില്ല എന്ന് പരിഭവിച്ചു എന്റെ സഹപ്രവർത്തക. ആളെ അറിയണമെങ്കിൽ മാസ്‌ക് തിരികെവയ്ക്കണം പോലും.

ഓരോ അധ്യാപകരും പുതിയ സാധാരണത്വത്തിനോട് പല രീതിയിൽ പ്രതികരിക്കുന്നു. ഈ രണ്ടുരണ്ടര വർഷം അവരെയും പുതുക്കിപ്പണിതിട്ടുണ്ട്. കോവിഡിനുമുമ്പ് ഒരു മൊബൈൽ ഫോണിനെ മെരുക്കാൻ അറിയാതിരുന്ന പലരും ഇന്ന് ഗൂഗിൾ മീറ്റ്, സൂം ക്ലാസുകൾ വളരെ ഭംഗിയായി നടത്തുന്നു. പോഡ്കാസ്റ്റുകളും, യൂട്യൂബ് വീഡിയോകളും തയ്യാറാക്കുന്നു. അത്തരം ഒരു വലിയ ഡിജിറ്റൽ വിപ്ലവം തന്നെ സമൂഹത്തിൽ എല്ലാ മേഖലയിലും സംഭവിച്ചുകഴിഞ്ഞു. ബ്ലെൻഡഡ് രീതിയിലുള്ള വിദ്യാഭ്യാസത്തിന്​ ഈ കോവിഡ് കാലം തിരികൊളുത്തി. വിജ്ഞാന സമ്പാദനത്തിന്റെ ഡിജിറ്റൽ വഴികൾ കുട്ടികൾക്ക് അറിവുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകരുടെ അപ്രമാദിത്തം അംഗീകരിക്കാൻ മനസ്​ കുറവാണുതാനും. വീടുകളിൽ, മൊബൈൽ ലോകത്തെ തടവിലിരുന്ന്​സാമൂഹ്യ ബാലപാഠങ്ങൾ മറന്ന ഒരു തലമുറയാണ് വിദ്യാലയങ്ങളിലെ വെല്ലുവിളി.
മറ്റൊന്ന്​, മാസ്‌കുകൾ എന്ന പുതിയ ശീലത്തിൽ വികസിച്ച മാറിയ മുഖങ്ങളാണ്. ക്ലാസുകളിൽ മാസ്‌കിലുള്ള മുഖം കണ്ട്​ ശീലിച്ച്,​ മാസ്‌ക് മാറ്റിയപ്പോൾ ആളെ തിരിച്ചറിഞ്ഞില്ല എന്ന് പരിഭവിച്ചു എന്റെ സഹപ്രവർത്തക. ആളെ അറിയണമെങ്കിൽ മാസ്‌ക് തിരികെവയ്ക്കണം പോലും. അതുപോലെ, ഓൺലൈൻ ക്ലാസിലെ അധ്യാപികയെ നേരിട്ടുകണ്ട് അന്തംവിട്ടുപോയ വിദ്യാർഥിയെയും ഇതിനിടയ്ക്ക് പരിചയപ്പെട്ടു.

കണ്ണുകൾ ഒന്ന് നിയന്ത്രിച്ചാൽ ചിരിയും കരച്ചിലും ഒതുക്കാൻ മാസ്‌ക് നമ്മെ പ്രാപ്തരാക്കുന്നുണ്ട്. മനസ്സിലുള്ളത് വേണമെങ്കിൽ മുഖത്ത് കാണിക്കാതെയും ഇരിക്കാമെന്നു സാരം.
സ്ഥിരമായി മാസ്‌ക് വച്ച്​, ഇതുവരെയില്ലാത്ത അലർജികളുമായി മല്ലിടുന്ന ഒരു വിഭാഗത്തെയും ഇപ്പോൾ കാണാം. നിരന്തരമായ മാസ്‌ക് ഉപയോഗം സാധാരണ വരുന്ന ജലദോഷങ്ങളിൽ നിന്നും പൊടിയിൽ നിന്നും പൊതുവെ സംരക്ഷണം നൽകുന്നുണ്ടെങ്കിലും ചൂടും വിയർപ്പും ചേർന്ന് വല്ലാത്ത പ്രയാസങ്ങളിൽ പെടുത്തുന്നുണ്ട്. അതും ഒരു ലോങ് കോവിഡ് അവസ്ഥ തന്നെ. അതുപോലെ തന്നെയാണ് സാനിറ്റൈസറിന്റെ അമിതോപയോഗം കൊണ്ട് കൈയിന്റെ മാർദവം നഷ്ടപ്പെടുന്ന അവസ്ഥ. സാമാന്യമായ കോവിഡ് പ്രതിസന്ധികളിൽ ഇത്തരം വിഷമങ്ങൾ ആരും പെടുത്തുന്നില്ല.
കോവിഡ് നമ്മെ പെടുത്തിയിരിക്കുന്ന അനിശ്ചിതാവസ്ഥ തന്നെയാണ് എല്ലാ തലങ്ങളിലെയും അവസ്ഥ. യാതൊന്നിനെക്കുറിച്ചും ഉറപ്പില്ലാത്ത രീതിയിൽ ഏതുനിമിഷവും ഉണർന്നുവരാവുന്ന ഒരു പുതിയ രോഗാണുവിനെ നാം പ്രതീക്ഷിക്കുന്നുണ്ട്.

കോവിഡ് കാലത്ത് തുടങ്ങി ശക്തമായി മുന്നോട്ടുപോവുന്ന, ഇന്ന് ഈ സന്നിഗ്ധമായ തുറസിന്റെ കാലത്തും മാറാതെ നിൽക്കുന്ന ഒന്നാണ് ഹോം ഡെലിവറി. / Photo: Pixabay
കോവിഡ് കാലത്ത് തുടങ്ങി ശക്തമായി മുന്നോട്ടുപോവുന്ന, ഇന്ന് ഈ സന്നിഗ്ധമായ തുറസിന്റെ കാലത്തും മാറാതെ നിൽക്കുന്ന ഒന്നാണ് ഹോം ഡെലിവറി. / Photo: Pixabay

മാളിക മുകളേറിയ ഒരുപാട് മന്നന്മാരെ സാമ്പത്തികമായി മാറാപ്പിലാക്കിയ ചിത്രം കൂടി കോവിഡ് ഭീഷണിയുടെ ഈ കാലം നമ്മെ കാണിച്ചുതരുന്നുണ്ട്.
ബസ് മുതലാളിമാരും മറ്റു ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമകളും എല്ലാം നഷ്ടങ്ങളുടെ കണക്കുകൾ നിർത്തുന്നത് നാം കാണുന്നുണ്ട്. എറണാകുളത്ത്​ സ്ഥിര താമസക്കാരിയായ ഞാൻ കാൽനൂറ്റാണ്ടുകാലമായി പാസഞ്ചർ ട്രെയിനിൽ കോട്ടയത്ത് ദിവസേന പോയിവരുന്ന ആളാണ്. എന്റെ 25 കൊല്ലത്തെ യാത്രയെ നിർദാക്ഷിണ്യം തകർക്കാൻ കോവിഡിന് സാധിച്ചു. കോവിഡിന്റെ പേരിൽ നിർത്തലാക്കിയ പാസഞ്ചർ തീവണ്ടി സർവീസ് പുനരാരംഭിക്കാത്തതുകൊണ്ട്, പലർ ചേർന്നു വാഹനം പൂൾ ചെയ്താണ് പോകുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തേക്കാൾ ഞങ്ങളുടെ ടാക്‌സിക്കാരൻ കഷ്​ടപ്പെടുന്നുണ്ട്, ഇപ്പോൾ രണ്ടും മൂന്നും തരംഗങ്ങൾക്കുശേഷം. ഓരോരോ വാഹനങ്ങളായി വിറ്റും ഉടമകൾ ഡ്രൈവർമാരായും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുടെ പ്രതിനിധിയാണ് ഞങ്ങളുടെ ഡ്രൈവറും.

കോവിഡ് കാലത്ത് തുടങ്ങി ശക്തമായി മുന്നോട്ടുപോവുന്ന, ഇന്ന് ഈ സന്നിഗ്ധമായ തുറസിന്റെ കാലത്തും മാറാതെ നിൽക്കുന്ന ഒന്നാണ് ഹോം ഡെലിവറി. കേരളത്തിലെ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഹോം ഡെലിവറി സർവീസുകൾ ഇന്ന് കുഗ്രാമങ്ങളിൽ പോലും സാധാരണമാണ്. അതിനോടനുബന്ധിച്ച് നൂതനമായ, ആധുനികതയും ഉത്തരാധുനിക എത്നിക് ഭക്ഷണശാലകളും പരക്കെ ദൃശ്യമാവുന്നുണ്ട്. തനി നാടൻ എന്ന മോഡേൺ സങ്കൽപവും അതിലൊരുപടി കൂടി കടന്ന്​, പ്രാദേശിക- സാമുദായിക- ജാതീയ രുചികളുടെ സവിശേഷമായ ഒരു ആഘോഷവും നമുക്കിന്നു കാണാം. തനതിന്റെ ആഘോഷമാണ് എവിടെയും.

എന്റെ ഒരു സുഹൃത്തിന്റെ മകളോട് പഠിക്കുന്ന സ്‌കൂൾ ഏതെന്നു ചോദിച്ചപ്പോൾ അവൾ എനിക്ക് ക്ലാസ്​ ടീച്ചറുടെ പേര് പറഞ്ഞുതന്നു. സ്‌കൂളിന്റെ പേര് അവൾ മറന്നുപോയി. പണ്ടേതോ കാലത്ത് സംഭവിച്ചതുപോലെയാണ് ഓർമകളിലെ സ്‌കൂൾ.

കോവിഡിനുമുൻപ് കേരളത്തിൽ പടർന്നെങ്കിലും, കോവിഡിനൊപ്പം യുവാക്കൾക്കിടയിൽ പടർന്നതാണ് ഹല്ല്യൂ വസന്തം. കൊറിയൻ സംഗീതവും സിനിമയും വന്ന ഇടനാഴി വഴി കൊറിയൻ സംസ്‌കാരം തന്നെ കേരളത്തിലേയ്ക്ക് കടന്നുവന്നു. കൊറിയൻ സംഗീത ബാൻഡുകൾക്ക് ആരാധകരേറെ. അതിലെ ഗായകരെ അനുകരിച്ച്​ മുഖവും മുടിയും മിനുക്കിയ ധാരാളം അഭിനവ കൊറിയൻ ഉത്സാഹക്കമ്മിറ്റികൾ ഗ്രാമ- നഗര വ്യത്യാസമില്ലാതെ കാണാം. മഹാമാരിക്കാലത്തെ കലയുടെ വിപ്ലവങ്ങളിൽ ഇതും ഉൾപ്പെടും.

വളരെ പതുക്കെ സംശയിച്ചാണ് വിദ്യാലയങ്ങൾ ഓഫ്​ലൈൻ പ്രവർത്തനം തുടങ്ങിയത്. ഹെലികോപ്റ്റർ പേരൻറിങ്ങിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങൾ വിദ്യാലയത്തിൽ തിരിച്ചെത്തുമ്പോൾ രണ്ടുവർഷങ്ങളുടെ സാമൂഹ്യപാഠങ്ങൾ ശൂന്യമാണ്. അക്ഷരമാല മറന്നുപോയ കുട്ടികളുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ മകളോട് പഠിക്കുന്ന സ്‌കൂൾ ഏതെന്നു ചോദിച്ചപ്പോൾ അവൾ എനിക്ക് ക്ലാസ്​ ടീച്ചറുടെ പേര് പറഞ്ഞുതന്നു. സ്‌കൂളിന്റെ പേര് അവൾ മറന്നുപോയി. പണ്ടേതോ കാലത്ത് സംഭവിച്ചതുപോലെയാണ് ഓർമകളിലെ സ്‌കൂൾ. കോവിഡ് ഭീതി ഒരിക്കലും ഒഴിയില്ലാത്തതുകൊണ്ട് കുഞ്ഞുങ്ങളെ സ്‌കൂളുകളിൽ അയക്കാത്ത മാതാപിതാക്കളുമുണ്ട്.

മറ്റു സ്ഥാപനങ്ങൾ ഓഫ്​ലൈനായി പ്രവർത്തനം ആരംഭിക്കുകയും നഴ്‌സറി /പ്രൈമറി സ്‌കൂളുകൾ ഓൺലൈനായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പെടാപ്പാട് പെടുന്ന ഉദ്യോഗസ്ഥകളായ അമ്മമാർ ധാരാളം. സ്‌കൂളുകൾ ബസുകൾ ക്രമീകരിക്കാത്തതുകൊണ്ടും, സ്‌കൂൾസമയം മാറിയതുകൊണ്ടും ജോലിസ്ഥലവും, കുട്ടികളുടെ സ്‌കൂളും, വീടും തമ്മിലുള്ള ത്രികോണ മത്സരത്തിൽ അലഞ്ഞുതീർക്കുന്ന സുഹൃത്തുക്കൾ എന്റെ ചുറ്റുമുണ്ട്. അന്യരെ രോഗവാഹകരായി കരുതുന്നതുകൊണ്ട്, വീട്ടുജോലിക്കാരുടെ സഹായം തേടാൻ ഭയക്കുന്നവരും മഹാമാരിയുടെ ബാക്കിപത്രങ്ങൾ തന്നെ.

ഇക്കാലത്തെ വിവാഹത്തോടും മരണത്തോടും അനുബന്ധിച്ചുള്ള ചടങ്ങുകളെല്ലാം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഡിജിറ്റൽ സാധ്യതകൾ നമ്മെ ഒന്നിൽ നിന്നും മാറ്റിനിർത്തുന്നില്ല. സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങൾ കുറഞ്ഞിട്ടുപോലും ഓൺലൈൻ സാധ്യതകൾ വളരെ സാധാരണമായി കഴിഞ്ഞു. കല്യാണത്തിനോ മരണത്തിനോ നേരിട്ട് ചെന്നില്ലെങ്കിലും ‘ഞാൻ യൂട്യൂബിൽ കയറി കണ്ടു' എന്നതുതന്നെ ധാരാളം.

വീടിനുള്ളിലേക്ക്, അവരവരുടെ ഉള്ളിലേക്ക് ഒതുക്കപ്പെടലിന്റെ രാഷ്ട്രീയമാണ് കോവിഡ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തിത്വത്തെ, സ്വത്വത്തെ, മനുഷ്യശരീരത്തെ, ബന്ധങ്ങളുടെ ബന്ധനങ്ങളെയെല്ലാം പ്രശ്‌നവത്കരിക്കുന്നുണ്ട്,​ കോവിഡ്​.

ഏതു വേഷത്തിനൊപ്പവും മറക്കാതെ എടുത്തുവയ്ക്കുന്ന മാസ്‌ക് ആയും, ഏതു ആഘോഷത്തിന്റെയും അവിഭാജ്യഘടകമായ സാനിറ്റൈസർ ആയും ഇടയ്ക്കിടെ ചൈനയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു രാജ്യത്തു കണ്ടെത്തുന്ന ഒരു പുതിയ വകഭേദമായും, പോസ്റ്റ് കോവിഡ് ക്ലിനിക്കുകളായും, കോവിഡനന്തര അസുഖങ്ങളായും മഹാമാരി നമ്മോടൊപ്പമുണ്ട്. / Photo: Pixabay
ഏതു വേഷത്തിനൊപ്പവും മറക്കാതെ എടുത്തുവയ്ക്കുന്ന മാസ്‌ക് ആയും, ഏതു ആഘോഷത്തിന്റെയും അവിഭാജ്യഘടകമായ സാനിറ്റൈസർ ആയും ഇടയ്ക്കിടെ ചൈനയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു രാജ്യത്തു കണ്ടെത്തുന്ന ഒരു പുതിയ വകഭേദമായും, പോസ്റ്റ് കോവിഡ് ക്ലിനിക്കുകളായും, കോവിഡനന്തര അസുഖങ്ങളായും മഹാമാരി നമ്മോടൊപ്പമുണ്ട്. / Photo: Pixabay

രോഗം അതിന്റെ കരുത്ത് പ്രകടിപ്പിക്കുന്നത് അല്ലെങ്കിൽ തോൽവി സമ്മതിക്കുന്നത് മനുഷ്യശരീരത്തിന്റെ തലത്തിലാണ്. ശരീരത്തിലെ ഈ നിർവചനത്തിൽ മാനസികമായ തലം കൂടി ഉൾപ്പെടുന്നു. ഏത് അസുഖത്തിന്റെയും ബലാബലം നിർണയിക്കുന്നത് അത് ബാധിക്കുന്ന ശരീരത്തിന്റെ പ്രതിരോധശേഷിയെ കൂടി ആശ്രയിച്ചാണ്. അത്തരത്തിൽ ആലോചിക്കുമ്പോൾ കോവിഡ് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നു. കോവിഡിനെ ജയിച്ചവരും അതിനോട് തോറ്റുപോയവരും. രാഷ്ട്രത്തെ അല്ലെങ്കിൽ ലോകത്തെ ഗ്രസിച്ച ഒരു മഹാമാരി എന്ന നിലയിൽ കോവിഡിന്റെ വ്യാപ്തി വളരെ വലുതാണ്. അത് ദൈവത്തിന്റെ തിരഞ്ഞെടുത്ത സൃഷ്ടി എന്ന മനുഷ്യന്റെ അവകാശവാദത്തെ മാത്രമല്ല, പകരം, മനുഷ്യന്റെ ആരോഗ്യത്തെയും ആരോഗ്യരംഗത്തെയും രാജ്യത്തിന്റെ വികസനത്തെയും പറ്റിയുള്ള എല്ലാ അവകാശവാദങ്ങളെയും ദുർബലമാക്കുന്നത് നാം കാണുന്നുണ്ട്. അത്തരത്തിൽ ശരീരത്തിന്റെ മാത്രമല്ല രാഷ്ട്രശരീരത്തിന്റെ സങ്കീർണതകളും ദൗർബല്യവും കൂടി മഹാമാരി വെളിവാക്കുന്നു.

ഏത് അസുഖത്തിന്റെയും ബലാബലം നിർണയിക്കുന്നത് അത് ബാധിക്കുന്ന ശരീരത്തിന്റെ പ്രതിരോധശേഷിയെ കൂടി ആശ്രയിച്ചാണ്. അത്തരത്തിൽ ആലോചിക്കുമ്പോൾ കോവിഡ് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നു. കോവിഡിനെ ജയിച്ചവരും അതിനോട് തോറ്റുപോയവരും.

ഏതിനും മരുന്നുണ്ട് എന്ന ശാസ്ത്രീയ അവകാശവാദങ്ങളിൽ അധിഷ്ഠിതമായ ആരോഗ്യരംഗത്തിന്റെ അഹങ്കാരത്തെയും അതിലൂടെ മനുഷ്യന്റെ അപ്രമാദിത്തത്തെയും ഒരു പരിധിവരെ വെല്ലുവിളിച്ചാണ് കോവിഡ് മുന്നേറുന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങൾ പോലെ മരുന്നില്ലാത്ത വ്യാധികളും നിഗൂഢതയിൽ നിലനിർത്താനാണ് നാം ശ്രമിക്കുന്നത്. മനുഷ്യനെ വെല്ലുവിളിച്ചു മുന്നേറുന്നതെല്ലാം നിഗൂഢമായത് എന്ന സാമാന്യവത്കരണത്തിൽ കോവിഡ് മറ്റൊരു കഥയായി, ഒരു പ്രഹേളികയായി, ഒരു മിത്തായി, ഒരു സൂചകമായി മനുഷ്യനെ മുൾമുനയിൽ നിർത്തി മുന്നേറുന്നുണ്ട്.

മാളത്തിലൊളിച്ച പാമ്പിനെപ്പോലെ കോവിഡ് പത്തി മടക്കിയിരിക്കുന്നു എന്ന ഈ അവസ്ഥയിലും അതിന്റെ സൂചകങ്ങൾ നമ്മെ വിട്ടുപോവുന്നില്ല. ഏതു വേഷത്തിനൊപ്പവും മറക്കാതെ എടുത്തുവയ്ക്കുന്ന മാസ്‌ക് ആയും, ഏതു ആഘോഷത്തിന്റെയും അവിഭാജ്യഘടകമായ സാനിറ്റൈസർ ആയും ഇടയ്ക്കിടെ ചൈനയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു രാജ്യത്തു കണ്ടെത്തുന്ന ഒരു പുതിയ വകഭേദമായും, പോസ്റ്റ് കോവിഡ് ക്ലിനിക്കുകളായും, കോവിഡനന്തര അസുഖങ്ങളായും മഹാമാരി നമ്മോടൊപ്പമുണ്ട്. നിന്നനിൽപ്പിൽ കുഴഞ്ഞുവീണു മരിച്ച സുഹൃത്തുക്കളും പരിചയക്കാരും കോവിഡെന്ന സമസ്യയുടെ ബാക്കിയാണ്. നാളെയെപ്പറ്റി പദ്ധതികൾ ആലോചിക്കാൻ എനിക്കിപ്പോൾ ധൈര്യം പോരാ. ഏതുനിമിഷവും ലോകം സ്തംഭിക്കാമെന്നും നാം പെരുവഴിയിൽ അകപ്പെടാമെന്നുമുള്ള അനിശ്ചിതത്വത്തിൽ നമ്മെ വിന്യസിച്ചാണ് കോവിഡ് മുന്നോട്ടുപോവുന്നത്. പോസ്റ്റ് കോവിഡ് എന്ന അവസ്ഥയെപ്പറ്റി എനിക്ക് ഉറപ്പില്ല,
പക്ഷേ ഞാൻ ലോങ് കോവിഡിൽ വിശ്വസിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments