അടച്ചിട്ട കലാലയങ്ങളുടെ ഒന്നര വർഷമാണ് കടന്നുപോയത്.
പുതിയ കുട്ടികളുടെ ന്യൂജെൻ ഭാഷയിൽ ഈ വിമൂക കലാലയങ്ങളെ എന്തു പേരിട്ടു വിളിക്കും? "മൊത്തം ശോക'മാണെന്ന് പുതിയൊരു പ്രയോഗമുണ്ട് അവർക്ക്. "ദുരന്തം' എന്നും ഇതിനൊക്കെ കുട്ടികൾ പറയാറുണ്ട്. ഒന്നര വർഷം കൊണ്ട് കോളേജുകൾ കാടുകയറി. ചിലന്തികൾ വല നെയ്തുകൂട്ടി, ബഞ്ചുകളും ഡസ്‌കുകളും പൊടിപിടിച്ച് അനാഥമായ ഒരു "ഭാർഗ്ഗവീനിലയ'മായി വിദ്യാലയങ്ങളും കലാലയങ്ങളും മാറി. ദുരന്തമല്ലാതെ മറ്റെന്താണിത്? വല്ലപ്പോഴും വന്നു പോകുന്ന കുട്ടികൾ ഇത് ഞാൻ പഠിച്ച കോളേജുതന്നെയോ എന്ന് മനസ്സിൽ വിതുമ്പി. ഓർമകളുടെ ഒരു തിരനോട്ടമാണ് പിന്നെ. കൂടെ പഠിച്ചവർ, പഠിച്ച ക്ലാസുകൾ, നടന്ന വരാന്തകൾ, ലൈബ്രറി, ലാബുകൾ, കളിസ്ഥലങ്ങൾ, കൂട്ടുകാരുമൊത്തു സല്ലപിച്ചിരുന്ന മരത്തണലുകൾ, വിളിച്ച മുദ്രാവാക്യങ്ങൾ, ഒന്നിച്ചിരുന്ന് ചോറും ചായയും പഴം പൊരിയും കഴിച്ച കാന്റീനുകൾ, യൂണിയൻ / ഫൈനാർട്‌സ് ക്ലബ്ബ് ഇനാഗുറേഷനും ആർട്‌സ് ഡേയും കോളേജ് ഡേയുമൊക്കെ ഒരു പ്രളയത്തിൽ എന്നതുപോലെ ഒഴുകിപ്പോയി. ഇന്നിപ്പോൾ കോളേജ് എന്ന് തന്നെ ഒരു വെർച്വൽ അനുഭവം മാത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഗൂഗിളാണ് ക്ലാസ്. മൊബൈലാണ് കോളേജ്.
കോളേജും സ്‌കൂളുകളുമൊക്കെ ഇങ്ങനെയങ്ങ് പോയാൽ പോരേ എന്നു വിചാരിക്കുന്ന ശുദ്ധഗതിക്കാരും സൈദ്ധാന്തികരും സാങ്കേതിക വിദഗ്ധരുമുണ്ടാവാം. അവരുടെയെല്ലാം പ്രതീക്ഷകളെയെല്ലാം തകർത്ത് ഒക്ടോബർ ആദ്യവാരത്തോടെ കോളേജുകൾ തുറക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം. അല്ലെങ്കിൽ കൊറോണയെ പേടിച്ച് എത്ര കാലമാണ് ഇങ്ങനെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്നത് ! ഈ അടച്ചിടൽ ഒരു തലമുറയെ തന്നെ നശിപ്പിക്കുമെന്ന് വിവരമുള്ള വിദ്യാഭ്യാസ വിചക്ഷണ ന്മാർ കണ്ടെത്തിയിട്ടുമുണ്ട്.
ഓൺലൈൻ അഥവാ ഡിജിറ്റൽ വിദ്യാഭ്യാസത്തെ ആശങ്കകളോടെയോ സംശയത്തോടെയോ കണ്ടവരുടെ കൂടെയായിരുന്നതുകൊണ്ട് കുറേ ചീത്ത വിളികൾ കേട്ടു
ഓൺലെൻ വിദ്യാഭ്യാസം: പരിമിതികൾ തിരിച്ചറിയപ്പെടുന്നു
ഓൺലൈനിലെ പഠിപ്പിക്കൽ ഒരു പഠിപ്പിക്കൽ അല്ലെന്ന് പല അധ്യാപകർക്കും എളുപ്പത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അധ്യാപനത്തിന്റെ പത്തുശതമാനമേ വരികയുള്ളൂ എന്നറിയാത്ത അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഇപ്പോഴുമുണ്ട് എന്നത് മറ്റൊരു ദുരന്തം. അത്തരക്കാർക്ക് ഓൺലൈൻ വിദ്യാഭ്യാസം കഴിഞ്ഞാലുടനെ പരീക്ഷയായി. പരീക്ഷകളാകട്ടെ എല്ലാവർക്കും ഫുൾ എ പ്ലസ് കൊടുക്കുന്ന ഏർപ്പാടുമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പെരുത്തു സന്തോഷം. അധ്യാപകർക്ക് അതിലേറെ സന്തോഷം. കൊറോണയെ പ്രതിരോധിക്കാൻ പല പണികളുണ്ട്. ഉദാരമായ മാർക്കുദാനം ഇതിലൊന്നാണ്.
കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഫലം വന്നപ്പോൾ പുറത്തിറങ്ങിയ ചില ട്രോളുകളുണ്ട്. കുട്ടികൾ സ്‌കൂളിൽ വന്നു പഠിച്ചപ്പോൾ ഫുൾ എ പ്ലസ് 40,000. കുട്ടികൾ ഓൺലൈനിൽ പഠിച്ചപ്പോൾ ഫുൾ എ പ്ലസ് 1,20,000നു മുകളിൽ - അധ്യാപകർ തികഞ്ഞ തോൽവിയാണ് എന്നാണ് ഒരു അധ്യാപക വിരുദ്ധ ട്രോൾ. കഴിഞ്ഞ വർഷം മാർച്ചിൽ കൊറോണ വന്ന നാളുകളിൽ ഇവിടെയുണ്ടായ ചില നരേറ്റീവുകൾ അഥവാ അടക്കം പറച്ചിലുകളുണ്ടായിരുന്നു. ഇത് ഒരു നല്ല പരീക്ഷണത്തിന്റെ തുടക്കമാണ് എന്നാണ് ചില പണ്ഡിതർ കരുതിയത്. അധ്യാപകർ എന്താണ് പഠിപ്പിക്കുന്നതെന്ന് എല്ലാവരും അറിയട്ടെ എന്നൊക്കെയായിരുന്നു ചിലരുടെ പക്ഷം. വിദ്യാഭ്യാസം തുറന്ന പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോൾ അധ്യാപകർ കൂറേക്കൂടി കാര്യക്ഷമമായി പ്രവർത്തിക്കും എന്നുവരെ കണക്കുക്കൂട്ടിയവരുണ്ടായിരുന്നു. അവർ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ഗീർവാണങ്ങൾ പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസത്തെ എതിർക്കുന്നവർ സാങ്കേതികവിദ്യയോട് പുറം തിരിഞ്ഞു നിൽക്കുന്ന പഴഞ്ചൻമാരായി വേഗത്തിൽ മുദ്രകുത്തപ്പെടുകയും ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പഴയ പ്രചാരകമാർ ഇപ്പോൾ എവിടെയാണോ ആവോ? വിദ്യാഭ്യാസം കൊണ്ടെന്ത് എന്ന ചോദ്യത്തിന് കൃത്യമായി പരീക്ഷ നടത്തി, ഇഷ്ടം പോലെ മാർക്കു നൽകുക എന്ന ലളിതവൽക്കരണം നമ്മുടെ വിദ്യാഭ്യാസാന്തരീക്ഷത്തിൽ പൊങ്ങിനിൽക്കുന്നുണ്ട്. എല്ലാ വിദ്യയെയും മാർക്കിനു വേണ്ടി മാത്രമുള്ളതായി മാറ്റിയ ഒരു കാലമാണ് ഈ കൊറോണക്കാലം.
ഓൺലൈൻ അഥവാ ഡിജിറ്റൽ വിദ്യാഭ്യാസത്തെ ആശങ്കകളോടെയോ സംശയത്തോടെയോ കണ്ടവരുടെ കൂടെയായിരുന്നതുകൊണ്ട് കുറേ ചീത്ത വിളികൾ കേട്ടു. യഥാർഥത്തിൽ ഓൺലൈൻ മാധ്യമത്തിലൂടെയും യൂട്യൂബ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചും പല കാര്യങ്ങളും ചെയ്യാൻ ഒരു പ്രയാസവുമില്ലാതിരുന്നിട്ടും ഈ ഏർപ്പാടിനെ എതിർത്തു. റെഗുലർ വിദ്യാഭ്യാസത്തിന് പകരം നിൽക്കാൻ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിയുകയില്ല എന്ന ഉത്തമബോധ്യത്തിൽ ജീവിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മഹത്വവൽക്കരണമൊന്നും നടത്താതെ ഇതൊരു മുട്ടുശാന്തി വിദ്യാഭ്യാസമായി മാത്രം കണ്ടു. കൊറോണക്കാലത്ത് നിവൃത്തികേടുകൊണ്ടു ചെയ്യുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തെ പാടി പുകഴ്ത്താനൊന്നുമില്ല എന്ന് അന്നേ തോന്നിയിരുന്നുവെന്നു മാത്രം.
ഇന്നിപ്പോൾ ഓൺലൈൻ വിദ്യാഭ്യാസം വിദ്യാഭ്യാസ മേഖലയിൽ വലിയ പരാജയമാണെന്ന് പലരും സമ്മതിച്ചുതരും. യഥാർഥ ക്ലാസിൽ നിന്ന് ഓൺലൈൻ ക്ലാസിലേക്കു വരുമ്പോൾ വിദ്യാഭ്യാസത്തെക്കുറിച്ച് നാളിതുവരെയുണ്ടാക്കിയ എല്ലാ ആദർശങ്ങളും കൊഴിഞ്ഞു പോവുകയാണെന്ന് പലർക്കും തിരിച്ചറിവുണ്ടായിട്ടുണ്ട്. സ്‌കൂളിനോ കോളേജിനോ പകരം വയ്ക്കാൻ ഓൺലൈൻ മാധ്യമത്തിനു കഴിയുന്നില്ലെന്ന് ഇന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.
എല്ലാത്തിനോടുമുള്ള ഒരുതരം വിരക്തി ബാധിച്ച വിദ്യാർത്ഥി സമൂഹമാണ് ഓൺലൈൻ ക്ലാസുകളിൽ മൊബൈലിന് മുന്നിലിരിക്കുന്നത്. വലിയ മാനസിക സമ്മർദ്ദമാണ് പല കുട്ടികളും അനുഭവിക്കുന്നത്.
വിദ്യാർത്ഥിയെ അറിയാതെ ഒരു വിദ്യാഭ്യാസം
കുട്ടിയെ നേരിട്ടു കാണാതെയുള്ള വിദ്യാഭ്യാസം, വിദ്യാർത്ഥികളോട് സംവദിക്കാത്ത വിദ്യാഭ്യാസം ഏതുതരം വിദ്യാഭ്യാസമാണ്? കുട്ടികൾ എന്തെങ്കിലും ഗ്രഹിക്കുന്നുണ്ടോ എന്നറിയാതെ നടത്തുന്ന വിദ്യാഭ്യാസം കൊണ്ട് ആർക്കെന്ത് പ്രയോജനം? ദീർഘകാലം സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിട്ടുനിൽക്കുന്നത് കുട്ടികളുടെ പഠനനിലവാരത്തെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിവും ഇന്ന് പലർക്കുമുണ്ടായിട്ടുണ്ട്. റെഗുലർ ക്ലാസുകൾ ഇല്ലാത്തതുകൊണ്ട് പഠനത്തോട് ആഭിമുഖ്യം നഷ്ടപ്പെട്ടുപോയ നിരവധി വിദ്യാർത്ഥികളെ കണ്ടിട്ടുണ്ട്. ഒരു ഇരുൾ തുരങ്കത്തിലൂടെ കടന്നുപോകുന്ന അനുഭവമാണ് പലർക്കും. എല്ലാത്തിനോടുമുള്ള ഒരുതരം വിരക്തി ബാധിച്ച വിദ്യാർത്ഥി സമൂഹമാണ് ഓൺലൈൻ ക്ലാസുകളിൽ മൊബൈലിന് മുന്നിലിരിക്കുന്നത്. വലിയ മാനസിക സമ്മർദ്ദമാണ് പല കുട്ടികളും അനുഭവിക്കുന്നത്. സമപ്രായക്കാരെ കാണാത്തതും രക്ഷിതാക്കളുടെ അമിത ഇടപെടലുകളും ചെറുതല്ലാത്ത പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയെടുക്കുന്നത്. ഇത്ര നീണ്ട ഒരു കാലത്തെ അടച്ചിടൽ വിദ്യാർത്ഥികളാരും പ്രതീക്ഷിച്ചതല്ല. എല്ലാം കൂടി ചേർന്ന് ഒരു വിഷാദരോഗത്തിലേക്ക് പോലും പല വിദ്യാർത്ഥികളും എത്തിപ്പെടുന്നുണ്ട്. ഒരു കലാലയമെന്നത് ക്ലാസുകൾക്കുവേണ്ടി മാത്രമോ പരീക്ഷകൾക്കുവേണ്ടി മാത്രമോ അല്ല. സൗഹൃദങ്ങളും പ്രണയങ്ങളും സംഘടനാപ്രവർത്തനവും കോളേജ് യൂണിയൻ പ്രവർത്തനവും, ഡിബേറ്റുകൾ, ക്വിസുകൾ എന്നിവയിലുള്ള പരിശീലനവും കലാപ്രവർത്തനങ്ങളും മാഗസിൻ പ്രവർത്തനവും സ്‌പോർട്‌സ് & ഗെയിംസുകളും എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ നിരവധിയായ ക്ലബുകളുടെ പ്രവർത്തനവും എല്ലാം കൂടിയതാണ് കാമ്പസ്. കട്ടികൾക്ക് അതൊരു ആശ്വാസവും അഭയകേന്ദ്രവുമാണ്.
വിദ്യാർത്ഥികൾക്ക് മാനസിക വളർച്ചയുണ്ടാക്കുന്ന ഒന്നും ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഇല്ല. സാധാരണ ക്ലാസുകളാണെങ്കിലും പ്രത്യേകമായ വെബിനാറുകൾ ആണെങ്കിലും വിദ്യാർത്ഥികൾ അവരുടെ വീഡിയോ ഓണാക്കുന്ന പതിവില്ല. മറ്റേ അറ്റത്ത് ആരെങ്കിലും ഇരിക്കുന്നതായി സങ്കല്പിച്ച് നടത്തുന്ന റേഡിയോ പ്രഭാഷണങ്ങളാണ് അധ്യാപകർ പലരും ചെയ്യുന്നത്. സംശയമോ സംശയനിവാരണമോ ഒന്നും ഈ വഴിയിൽ വരുന്നില്ല. കുട്ടികൾക്ക് സംശയമൊന്നുമില്ലാത്തതുകൊണ്ട് വളരെ വേഗം പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അധ്യാപകർക്ക് കഴിയും. ആറുമാസം കൊണ്ട് പഠിപ്പിക്കേണ്ടവ വെറും രണ്ടാഴ്ചകൊണ്ട് പഠിപ്പിച്ചു തീർക്കുന്ന അധ്യാപകരെ അറിയാം. ഓൺലൈനിന്റെ അങ്ങേയറ്റത്തിരിക്കുന്ന വിദ്യാർത്ഥി ചോരയും നീരുമുള്ള, സ്വന്തമായി വ്യക്തിത്വവും സ്വതന്ത്രമായ മനസുമുള്ള ആളാണെന്നു കരുതാതെ അധ്യാപകർക്ക് ഇവിടെ പഠിപ്പിക്കാൻ കഴിയുന്നു. അധ്യാപകർ പറയുന്നത് കേട്ടും കേൾക്കാതെയും വീഡിയോ തുറക്കാതെയും ഓഡിയോ മ്യുട്ട് ചെയ്തുവച്ചും വിദ്യാർത്ഥികൾക്ക് ഒരു അലോസരവും കൂടാതെ ഓൺലൈൻ ക്ലാസിലിരിക്കാം.
അറ്റൻഡൻസ് എടുക്കുകയാണെങ്കിൽ മാത്രം ശബ്ദിക്കുന്ന ഓഡിയോ ആണ് പല കുട്ടികൾക്കുമുള്ള മൊബൈൽ ഫോണിലുള്ളത് എന്ന അവസ്ഥയാണ്. മിക്കപ്പോഴും ക്ലാസ് കഴിഞ്ഞാലും ചില കുട്ടികൾ ഓൺലൈനിൽ തുടരുന്നതും കാണാം. അത്രയ്ക്ക് തീക്ഷ്ണതയാണ് അവർക്ക് ഓൺലൈൻ ക്ലാസുകളോട്!
കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളോട് എത്ര താൽപര്യമുണ്ട്? സമൂഹമാധ്യമങ്ങളും യുട്യൂബും ഗെയിമുകളും സിനിമാധിഷ്ഠിത പരിപാടികളും മറ്റും കഴിഞ്ഞതിനുശേഷം മാത്രമാണ് പല കുട്ടികൾക്കും ക്ലാസുകളോട് താൽപര്യം. നെറ്റിചുളിച്ച് ഒരു താൽപര്യവുമില്ലാതെ ഓൺലൈൻ ക്ലാസുകളിൽ ചടഞ്ഞിരിക്കുന്ന നിരവധി വിദ്യാർത്ഥികളെ കണ്ടിട്ടുണ്ട്. ഇത് കുട്ടികളുടെ പ്രശ്‌നമെന്നതിനെക്കാൾ അവരുടെ പ്രായത്തിന്റെ പ്രശ്‌നമാണ്. ഓൺലൈനിൽ ഒരു പരീക്ഷണത്തിനും മുതിരാതെ, പഴയ റെഗുലർ ക്ലാസിന്റെ മാതൃകയിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നവരാണ് മിക്ക അധ്യാപകരും. അതിനവരെ കുറ്റപ്പെടുത്താനും കഴിയില്ല. കാരണം മുകളിൽ നിന്നുള്ള ഉത്തരവുകൾ അങ്ങനെയാണ്. എത്രയും വേഗം ക്ലാസെടുത്തുതീർക്കുക, വേഗം പരീക്ഷ നടത്തുക.
ഡിജിറ്റൽ ഡിവൈഡ് മാത്രമല്ല പ്രശ്‌നം
ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഉപകരണങ്ങളില്ലാത്തതുകൊണ്ട് പഠനം മുടങ്ങുന്നവരെക്കുറിച്ച് ഉൽക്കണ്ഠയുണ്ടെങ്കിലും ഉപകരണങ്ങളുണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാത്ത വിദ്യാർത്ഥികളോട് ആർക്കുമൊരു ആശങ്കയുമില്ല. ഡിജിറ്റൽ ഡിവൈഡ് എന്നത് വലിയൊരു വിടവു തന്നെയാണ്. ഏതാണ്ട് 50,000 വിദ്യാർത്ഥികൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കുകയാണെന്ന് സർക്കാർ തന്നെ കണക്കുകൂട്ടുന്നുണ്ട്. കൃത്യമായ കണക്ക് അതിലും അധികമായിരിക്കും. ഉപകരണ ലഭ്യത കൊണ്ടു മാത്രം പരിഹരിക്കാനാവാത്ത ചില പ്രശ്‌നങ്ങളും ഇവിടെയുണ്ട്. ഹൈ ക്വാളിറ്റിയുള്ള മൊബൈലുകൾ തങ്ങളുടെ കുട്ടികൾക്ക് വാങ്ങിക്കൊടുത്ത് സാമ്പത്തിക സ്ഥിതിയുള്ള മാതാപിതാക്കൾ സാമൂഹ്യമായ ഉച്ചനീചത്വത്തിന് കാരണഭൂതരാവുകയും ചെയ്യുന്നു. വില കുറഞ്ഞ മൊബൈൽ ഫോൺ, അതുതന്നെ മറ്റുള്ളവരുടെ ഔദാര്യത്തിൽ കിട്ടിയതെങ്കിൽ അതുപയോഗിക്കുന്ന വിദ്യാർത്ഥി ഒരുതരം അപകർഷതാബോധമാണ് അനുഭവിക്കുന്നത്. മൊബൈൽ ഫോണുകൾ വീടുകളിൽ കൊണ്ടുപോയി കൊടുത്ത് അത് സ്വീകരിക്കുന്നതിന്റെ ഫോട്ടോ ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും ഷെയർ ചെയ്താലെ ചില സാമൂഹ്യപ്രവർത്തകർക്ക് സന്തോഷമുണ്ടാകുന്നുള്ളു.
ഡിജിറ്റൽ വിദ്യാഭാസവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേന്ദ്രസ്ഥാനത്തു വരേണ്ടിയിരുന്നത് വിദ്യാർത്ഥികളായിരുന്നു. കാരണം അവരുടെ പേരുപറഞ്ഞാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ച് ഈ അഭിപ്രായ കോലാഹലമെല്ലാം. എന്നാൽ ചർച്ചകളിൽ അവരുടെ അസാന്നിധ്യമാണെപ്പോഴും
വിദ്യാഭ്യാസചർച്ചകളിൽ വിദ്യാർത്ഥികളുടെ അസാന്നിധ്യം
ഓൺലൈൻ വിദ്യാഭ്യാസം അമ്പേ പരാജമാണെന്നതിൽ സന്തോഷിക്കുവാനൊന്നുമില്ല. വിദ്യാഭ്യാസത്തിൽ ഇത് വലിയ സാധ്യതയാണെന്ന കാര്യത്തിലും സംശയമൊന്നുമില്ല. റെഗുലർ ക്ലാസ് തുടങ്ങിയാലും വിദ്യാഭാസത്തിൽ അവലംബിക്കാവുന്ന ഒരു സാധ്യത തന്നെ ഇത്. ഏതേതൊക്കെ കാര്യങ്ങൾക്ക് ഓൺലൈൻ പഠനം ആകാം എന്നു കൂടി ഇനി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികളാണ് ഇതിൽ അന്തിമമായി തീരുമാനമെടുക്കേണ്ടത്. വാസ്തവത്തിൽ, ഡിജിറ്റൽ വിദ്യാഭാസവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേന്ദ്രസ്ഥാനത്തു വരേണ്ടിയിരുന്നത് വിദ്യാർത്ഥികളായിരുന്നു. കാരണം അവരുടെ പേരുപറഞ്ഞാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ച് ഈ അഭിപ്രായ കോലാഹലമെല്ലാം. എന്നാൽ ചർച്ചകളിൽ അവരുടെ അസാന്നിധ്യമാണെപ്പോഴും. ഒരിടത്തും വിദ്യാർത്ഥികൾ കയറിവന്ന് എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയതായി കാണാനില്ല. അവർക്കുവേണ്ടി പടച്ചുവിടുന്ന ഓൺലൈൻ ക്ലാസുകളെക്കുറിച്ച് വിദ്യാർത്ഥികൾ പൊതുവെ നിശ്ശബ്ദരാണ് എന്നാണ് അതിനർത്ഥം. ഈ പുതിയ വിദ്യാഭ്യാസം എങ്ങനെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നു? ഇതാണോ ഡിജിറ്റൽ വിദ്യാഭ്യാസം കൊണ്ട് വിദ്യാർത്ഥികൾ പ്രതീക്ഷിച്ചത്? തുടങ്ങിയ ചർച്ചകളൊന്നും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരുപക്ഷേ തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഏതുതരം വിദ്യാഭ്യാസ സമ്പ്രദായവും അവർ നിശ്ശബ്ദം സഹിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്നാണോ ഇതിൽ നിന്ന് മനസിലാക്കേണ്ടത്? വിദ്യാഭ്യാസ വിചക്ഷണമാരുടെയും സാങ്കേതിക വിദഗ്ധരുടെയും അധ്യാപകരുടെയും നയരൂപീകരണം നടത്തുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികളുടെയും വിവിധ തലങ്ങളിലുള്ള രക്ഷാകർതൃത്ത്വം അനുഭവിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ ഇപ്പോഴും പഠനം തുടരുന്നത്.
ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സങ്കീർണപ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. അത് ഡിജിറ്റൽ ഡിവൈഡുമായി ബന്ധപ്പെട്ട ഒരു കാര്യം മാത്രമല്ല. ഹാർഡ്‌വെയറിന്റെയും കണക്ടിവിറ്റിയുടെയും ഡാറ്റയുടെയും പ്രശ്‌നം മാത്രമല്ല അതുയർത്തുന്നത്. അധ്യാപകരും സാങ്കേതിക വിദഗ്ധരും വിദ്യാഭ്യാസ വകുപ്പിലെയും ഐ.ടി വകുപ്പിലേയും ഉന്നതരും കൂടിയിരുന്ന് ചർച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയം മാത്രവുമല്ല ഇത്. വിദ്യാർത്ഥികൾക്ക്, അല്ലെങ്കിൽ വിദ്യാർത്ഥി സംഘടനകൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്? നിർധന വിദ്യാർത്ഥികൾക്ക് ടി.വിയും ടാബുകളും സംഘടിപ്പിച്ചുകൊടുക്കുക, ഗ്രാമപ്രദേശങ്ങളിലും മറ്റും ഓൺലൈൻ പഠനകേന്ദ്രങ്ങൾ സജ്ജീകരിക്കുക തുടങ്ങിയ ചില പ്രവർത്തനങ്ങളിൽ മാത്രമായി വിദ്യാർത്ഥിപങ്കാളിത്തം ഒതുങ്ങിപ്പോകുന്നുണ്ടോ? ഡിജിറ്റൽ മൈഗ്രൻസായിട്ടുള്ള മധ്യവയസ്‌കരായ അധ്യാപകർ പോലും സജീവമായി ഇടപെടുന്ന ഈ ചർച്ചകളിൽ ഡിജിറ്റൽ നേറ്റീവ്‌സായ വിദ്യാർത്ഥികൾ എന്തുകൊണ്ട് മൗനം ഭജിക്കുന്നു? ഡിജിറ്റൽ സാങ്കേതികവിദ്യയുമായി വളരെയടുപ്പം പുലർത്തുന്ന പുതുതലമുറ ശക്തമായി, ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് ചിലരെങ്കിലും നിലനിർത്തിപ്പോരുന്ന എതിർപ്പുകളും പ്രതിഷേധവും തട്ടിനീക്കികളയാവുന്നതല്ലേയുള്ളൂ? എന്തുകൊണ്ടാണ് ഇതു സംഭവിക്കാത്തത്? ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യില്ല എന്നു വിചാരിക്കുന്ന പരശതം അധ്യാപകരുടെ ആശങ്കകളും ഉൽകണ്ഠകളും ദൂരീകരിക്കാൻ അത്തരം ഇടപെടലുകൾക്ക് കഴിയുമായിരിക്കും!
വിദ്യാഭ്യാസത്തെ വിദ്യാർത്ഥികൾ ഗൗരവത്തോടെ സമീപിക്കാത്തതിന്റെ പ്രശ്‌നങ്ങളാണ് ഇവിടെയും നമുക്ക് വ്യക്തമാകുന്നത് എന്നു പറയേണ്ടിവരുമോ? വിദ്യാർത്ഥികൾക്ക് പുതിയ പെഡഗോജി ആവശ്യമല്ലേയെന്ന ചോദ്യം വിദ്യാർത്ഥികളോടു തന്നെയാണ് ചോദിക്കേണ്ടത്. അവരാണ് അതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ. എത്രത്തോളം സൗകര്യപ്രദമാണ് അതെന്നു പറയേണ്ടതും അവർ തന്നെ.
ഇ- ലേണിങ്ങിന് സജ്ജമാക്കപ്പെട്ടിട്ടുള്ള അറിവുകളുടെ ഗുണനിലവാരവും ശാസ്ത്രീയതയും സമകാലിക സാംഗത്യവും പരിശോധിക്കപ്പെടാതിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുക
പഠിക്കുന്നതെന്തിനെന്ന് വിദ്യാർത്ഥികളറിയണം
എന്താണ് പഠിക്കുന്നത്? എന്തിനാണ് പഠിക്കുന്നത്? എന്നീ പരമപ്രധാനമായ ചോദ്യം വിദ്യാർത്ഥികൾ ഉന്നയിക്കാത്തിടത്തോളം ഒരു വിദ്യാഭ്യാസവും ഫലപ്രാപ്തിയിലെത്തില്ല. ഇന്ത്യയിലെ ഏതെങ്കിലും വിദ്യാർത്ഥി സംഘടനകൾ ഈ ചോദ്യം ഗൗരവത്തോടെ ചർച്ചക്കെടുത്തിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. അതുണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഈ ഓൺലൈൻ ചർച്ചയുടെ കേന്ദ്രഭാഗത്ത് അവർ വന്നുനിൽക്കുമായിരുന്നു എന്നുതോന്നുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നയരൂപീകരണങ്ങളിൽ ഇടപെടാൻ അശക്തരോ വിമുഖരോ ആണ് നമ്മുടെ വിദ്യാർത്ഥികളെന്ന് കഴിഞ്ഞ കാലങ്ങളിൽ വിദ്യാർത്ഥികൾ തെളിയിച്ചിട്ടുണ്ട്. ഇട്ടു കൊടുക്കുന്നവയെല്ലാം കൊത്തിക്കൊണ്ടുപോകാൻ സജ്ജരായിരിക്കുന്ന വിദ്യാർത്ഥികളായി അവർ ചുരുങ്ങിപ്പോയിട്ടില്ലേ? കുപ്പായം മാറുന്നതുപോലെ എളുപ്പം ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറാവുന്നതാണെന്ന ധാരണ പരക്കെയുണ്ട്. സാങ്കേതികവിദ്യയിലുള്ള നൈപുണിയും സ്വയം പ്രചോദിതമായ മാനസികാവസ്ഥയും സമയക്രമീകരണത്തോടെയുള്ള അച്ചടക്കവുമൊക്കെ ആവശ്യപ്പെടുന്ന ഒരു പഠന പ്രക്രിയയാണിത്. വലിയ ഉത്തരവാദിത്തത്തോടുകൂടി മാത്രം ചെയ്യാൻ കഴിയുന്ന ഈ പഠനസമ്പ്രദായത്തിൽ പഠനപ്രക്രിയ പാളിപ്പോകാനോ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടാണോ ഉള്ള സാധ്യതയും വളരെ കൂടുതലാണ്. ഉത്തരവാദിത്വമില്ലാത്ത, പഠനം കൃതമായി കൊണ്ടുപോകാൻ കഴിയാത്ത വിദ്യാർത്ഥികൾ എളുപ്പം പരാജയപ്പെട്ടുപോകുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ അന്തർലീനമായ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതിലിടപെടേണ്ടത് വിദ്യാർത്ഥിസംഘടനകളുടെ കൂടി ഉത്തരവാദിത്വമാണ്. പരിമിത സൗകര്യങ്ങളുള്ള, നിലവിലെ വിദ്യാഭ്യാസകേന്ദ്രങ്ങൾ ക്രമേണ അടച്ച് സാമൂഹികബന്ധം കുറയുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറുന്നതിലൂടെ സാമൂഹികബന്ധങ്ങളിൽ വരാവുന്ന പ്രശ്‌നങ്ങളും അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.
ഇന്റർനെറ്റും അനുബന്ധ വിവരസാങ്കേതികവിദ്യകളും കൊണ്ടുവന്ന് ചൊരിയുന്നത് വിവരത്തിന്റെ അതിപ്രസരമാണ് എന്ന് എല്ലാവർക്കും അറിയാം. അത്തരമൊരു സാഹചര്യത്തിൽ, വ്യക്തമായ മാർഗനിർദേശങ്ങളില്ലാത്ത അന്വേഷണങ്ങളും പഠനങ്ങളും എങ്ങുമെത്താത്ത അവസ്ഥയുണ്ടാക്കും. കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയല്ലാതുള്ള പഠനം നിലയില്ലാത്ത വിവരസാഗരത്തിൽ മുങ്ങിപ്പോകാനേ ഒരു പഠിതാവിനെ സഹായിക്കൂ. ഇ- ലേണിങ്ങിന് സജ്ജമാക്കപ്പെട്ടിട്ടുള്ള അറിവുകളുടെ ഗുണനിലവാരവും ശാസ്ത്രീയതയും സമകാലിക സാംഗത്യവും പരിശോധിക്കപ്പെടാതിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുക. ചാണകത്തിൽ നിന്ന് വൈദ്യുതിയും ഗോമൂത്രത്തിൽ നിന്ന് കൊറോണയ്ക്കുള്ള മരുന്നുകളും നിർമിക്കാമെന്നും പ്രാചീനഭാരതത്തിൽ പ്ലാസ്റ്റിക് സർജറിയും ഇന്റർനെറ്റും എയ്‌റോണൊട്ടിക്‌സുമെല്ലാം ഉണ്ടായിരുന്നുവെന്നുമുള്ള ശുദ്ധ വിഡ്ഢിത്തങ്ങൾ വിജ്ഞാനങ്ങളന്നെപേരിൽ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. അറിവിന്റെ ഈ മഹാശേഖരത്തിൽ നെല്ലേത് പതിരേത് എന്ന് കണ്ടുപിടിക്കുവാൻ ഒരു പഠിതാവ് ഏറെ പണിപ്പെടേണ്ടി വരും.
പരമ്പരാഗതമാകട്ടെ ഡിജിറ്റലാകട്ടെ, വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും വിദ്യാഭ്യാസ നയരൂപികരണങ്ങളിലും നിലനിൽക്കുന്ന മനുഷ്യത്വവിരുദ്ധവും വാണിജ്യാധിഷ്ഠിതവുമായ ആശയങ്ങളെയും പ്രവർത്തനങ്ങളെയും തിരിച്ചറിഞ്ഞ് നിലപാടുകൾ സ്വീകരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ഒപ്പം തന്നെ പഠനപ്രവർത്തനങ്ങൾ വളരെയേറെ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടതാണെന്ന ബോധ്യവും വിദ്യാർത്ഥികൾ രൂപപ്പെടുത്തിയെടുക്കണം.
വിദ്യാഭ്യാസത്തിലെ പഴഞ്ചൻ രീതികൾ വലിച്ചെറിയാം
അരുന്ധതി റോയിയുടെ പ്രസിദ്ധമായ ലേഖനങ്ങളിലൊന്നാണ് "പാൻഡമിക് ഈസ് എ പോർട്ടൽ' എന്നത്. കൊറോണ കഴിഞ്ഞ് എല്ലാം സാധാരണ നിലയിലേക്ക് വരണമെന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതെന്ന് അവർ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ ഭാവിയിൽ ഒരു ഭൂതകാലം തിരിച്ചു കൊണ്ടുവരാനാണ് നാമാഗ്രഹിക്കുന്നത്. പഴയതിനെ തിരിച്ചുകൊണ്ടുവരുന്നതിനപ്പുറം മറ്റൊരു ദുരന്തവും വരാനില്ല എന്നാണ് അവർ പറയുന്നത്. നമ്മുടെ പഴഞ്ചൻ ശീലങ്ങളും ഭൂതകാലത്തിലെ മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പുതിയ മനുഷ്യരായി നമുക്ക് മാറാൻ കഴിയുമോ എന്നു ചിന്തിക്കുവാനാണ് അവർ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസത്തിലും ഇത് വളരെ പ്രസക്തമാണ്. അധ്യാപകരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും സർവജ്ഞാനികളാണെന്ന നാട്യങ്ങളും വിദ്യാർത്ഥികളോടുള്ള ക്രൂരമായ സമീപനങ്ങളും കൊറോണാശേഷമുള്ള വിദ്യാലയങ്ങളിൽ സംഭവിക്കരുത്. അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സംവാദാത്മകമായ ഒരു വിദ്യാഭ്യാസ സൃഷ്ടിയാണ് ഇനി ചെയ്യേണ്ടത്. വിദ്യാഭ്യാസത്തിലെ സകലമാന വൃത്തികേടുകളും തുടച്ചുനീക്കുന്നതിനെക്കറിച്ചാവണം ഇനി നമ്മുടെ ആലോചനകൾ. വിദ്യാഭ്യാസമെന്നത് വെറും ക്ലാസുകളും പരീക്ഷകളും മാത്രമായിരിക്കരുത് എന്നതിനെക്കുറിച്ചുള്ള ആലോചനകളും വേണം. പഴയ വിദ്യാഭ്യാസസമ്പ്രദായത്തെ പുനഃസ്ഥാപിക്കുവാനുള്ള എല്ലാ ശ്രമങ്ങളും എതിർക്കപ്പെടുകയും ചെയ്യണം. സ്‌കൂളുകളും കോളേജുകളും പൂട്ടിയിട്ട കാലങ്ങളെക്കുറിച്ച് നാം ഇടയ്ക്കിടെ ആലോചിക്കുന്നതും നല്ലതാണ്. കൊറോണ നമ്മെ പഠിപ്പിച്ച നല്ല പാഠങ്ങൾ സ്വീകരിച്ചുകൊണ്ട് പഴയകാല ജീർണതകളെ നമുക്ക് അതിജീവിക്കാം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.