പുറത്തായ കേരള സിലബസുകാർ: ‘മലയാളിപ്പേടി’ക്കു പിന്നിലെ രാഷ്​ട്രീയ അജണ്ടകൾ

ബിരുദപ്രവേശനത്തിന് ദേശീയതല പൊതുപരീക്ഷ മാനദണ്ഡമാക്കിയതിനെ തുടർന്ന് ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന കേരള സിലബസ് വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി. സി.ബി.എസ്.ഇ സിലബസ് പഠിച്ചവർക്കാണ് പ്രവേശനത്തിൽ മുൻതൂക്കം ലഭിച്ചത്. കേരള സിലബസ് വിദ്യാർഥികളുടെ പുറന്തള്ളലിന്റെ കാരണങ്ങൾ അന്വേഷിച്ചാൽ, അതിനുപുറകിൽ വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ അജണ്ടകളുണ്ടെന്ന് കണ്ടെത്താം. മാത്രമല്ല, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സി.ബി.എസ്.ഇ ലോബിയുടെ ഇടപെടലിലേക്കുവരെ ഈ പുറന്തള്ളലിന്റെ കാരണങ്ങൾ നീളുന്നുണ്ട്.

ഴിഞ്ഞ വർഷം വരെ 12-ാം ക്ലാസ് പരീക്ഷയിലെ കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബിരുദപ്രവേശനം നടത്തിയിരുന്ന ഡൽഹി സർവകലാശാലയിൽ ഇത്തവണ നാഷനൽ ടെസ്റ്റിങ്ങ് ഏജൻസിയുടെ പൊതുപ്രവേശന പരീക്ഷ (കോമൺ യൂണിവേഴ്‌സിറ്റീസ് എൻട്രൻസ് ടെസ്റ്റ് - സി.യു.ഇ.ടി) വഴിയായിരുന്നു പ്രവേശനം. 13 ഭാഷകളിൽ, 259 സിറ്റികളിലായി നടന്ന സി.യു.ഇ.ടി 9,68,201 പേർ എഴുതിയതായി എൻ.ടി.എ പറയുന്നു.ബിരുദ പ്രവേശനം പൂർത്തിയായി കൊണ്ടിരിക്കെ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യത്തെ പ്രവേശന ലിസ്റ്റിൽ കേരള സിലബസ്​ പഠിച്ച വിദ്യാർഥികളുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞവർഷം കേരള സിലബസ് പഠിച്ച നൂറിലധികം വിദ്യാർഥികളുണ്ടായിരുന്ന പല കോളേജുകളിലും ഇത്തവണ അഡ്മിഷൻ നേടിയത് വിരലിലെണ്ണാവുന്നവർ മാത്രമാണ്​. പ്ലസ്ടുവിന് സി.ബി.എസ്.ഇ സിലബസ്​ പഠിച്ചവരാണ് ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടിയവരിൽ 50 ശതമാനവും. ഡൽഹി, അംബേദ്​കർ, ജാമിയ മിലിയ സർവകലാശാലകളിലാണ്​ കേരള സിലബസ്​ വിദ്യാർഥികളേറെയും പ്രവേശനം നേടാറ്​. എന്നാൽ, സി.യു.ഇ.ടി മാനദണ്​ഡമായതോടെ, ഇത്തവണ സി.ബി.എസ്​.ഇ വിദ്യാർഥികൾക്കായിരുന്നു​ മുൻതൂക്കം.

പ്രവേശനം സി.യു.ഇ.ടി വഴിയാക്കിയതിനെ പ്രകീർത്തിച്ച് ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ്ങ് തന്നെ രംഗത്തുവന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് തുല്യ അവസരം നൽകുന്ന പരീക്ഷയാണിതെന്നും ഇത് വിദ്യാർഥികൾക്ക് കൂടുതൽ ഫ്ലെക്​സിബിലിറ്റി നൽകുമെന്നുമാണ് യോഗേഷ് സിങ്ങ് അഭിപ്രായപ്പെടുന്നത്. എന്നാൽ, അദ്ദേഹം സൂചിപ്പിക്കുന്നതുപോലെ നിഷ്​കളങ്കമോ സുതാര്യമോ അല്ല പൊതുപ്രവേശന പരീക്ഷ വഴിയുള്ള അഡ്​മിഷൻ എന്നാണ്​ വസ്​തുതകൾ തെളിയിക്കുന്നത്​.

മാർക്ക് ജിഹാദും പൊതുപ്രവേശനപരീക്ഷയും

കഴിഞ്ഞ വർഷം ഡൽഹി സർവകലാശാലയിൽ പല കോഴ്‌സുകളിലും ഭൂരിഭാഗം സീറ്റുകളിലും കേരള സിലബസ് പഠിച്ച വിദ്യാർഥികളാണുണ്ടായിരുന്നത്. ഉദാഹരണത്തിന് ഹിന്ദുകോളേജിൽ പൊളിറ്റിക്കൽ സയൻസിന് ആകെയുണ്ടായിരുന്ന 146 സീറ്റീൽ 120 ലും കേരള സിലബസ്​ പഠിച്ച വിദ്യാർഥികൾക്കാണ് കഴിഞ്ഞവർഷം അഡ്​മിഷൻ ലഭിച്ചത്. എന്നാൽ ഇത്തവണ കേരള സിലബസ്​ പഠിച്ച ഒരു വിദ്യാർഥി മാത്രമാണ് പൊളിറ്റിക്കൽ സയൻസ് ബാച്ചിൽ അഡ്​മിഷൻ നേടിയത്. ഡൽഹി സർവകലാശാലയിലെ പ്രവേശന കണക്കുപ്രകാരം ഇപ്രാവശ്യം പ്രവേശനം നേടിയ വിദ്യാർഥികളുടെ നിരക്കിൽ ഏഴാം സ്ഥാനത്താണ് കേരള സിലബസ് വിദ്യാർഥിനിരക്ക്. കഴിഞ്ഞ വർഷം ഇവർ രണ്ടാം സ്ഥാനത്തായിരുന്നു.

ഈ സന്ദർഭത്തിൽ, ഡൽഹി കിരോരി മാൽ കോളേജിലെ ഫിസിക്‌സ് പ്രൊഫസർ രാകേഷ് പാണ്ഡെയെയും അദ്ദേഹത്തിന്റെ ഓൺലൈൻ കാമ്പയിനായ ‘മാർക്ക് ജിഹാദി’നെയും ചേർത്തുവായിക്കാം. ഇടതുപക്ഷ- ജിഹാദി ഗൂഢാലോചനയുടെ ഭാഗമായി ഡൽഹിയിലെ യൂണിവേഴ്‌സിറ്റികളിൽ കേരള സിലബസ്​ പഠിച്ച വിദ്യാർഥികൾ നുഴഞ്ഞുകയറുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഡൽഹി യൂണിവേഴ്സിറ്റി

‘കേരളത്തിൽ നിന്നുള്ളവർ ജവഹർലാൽ നെഹ്‌റു സർവകലാശാല പിടിച്ചെടുത്തതുപോലെ ഡൽഹി സർവകലാശാലയും പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്​’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇത് പ്രാവർത്തികമാക്കാൻ കേരളത്തിലെ വിദ്യാഭ്യാസ ബോർഡുകൾ വളരെ ഉയർന്ന മാർക്ക് നൽകുന്നുണ്ടെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു. ആർ.എസ്.എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുൻ പ്രസിഡൻറ്​ കൂടിയാണ് രാജേഷ് പാണ്ഡെ. കേരളത്തിലെ വിദ്യാർഥികളുടെ ആധിക്യം തടയണമെന്നും ഡൽഹി യൂണിവേഴ്‌സിറ്റി പ്രവേശന മാനദണ്ഡം എങ്ങനെയെങ്കിലും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ദേശീയ പൊതുപരീക്ഷ പ്രവേശന മാനദണ്​ഡമാകുന്നതും കേരള സിലബസ്​ വിദ്യാർഥികൾ വൻരീതിയിൽ തഴയപ്പെട്ടതും.

മലയാളി വിദ്യാർഥി പ്രാതിനിധ്യത്തിൽ അസ്വസ്​ഥതയുള്ളവരുണ്ട്​

ഡൽഹി സർവകലാശാലയിൽ ഒരു പ്രശ്‌നമുണ്ടായാൽ അതിൽ ഇടപെടുന്നതും സമരങ്ങൾക്ക് നേതൃത്വം നൽകുന്നതും മലയാളി വിദ്യാർഥികളാണെന്നാണ് സർവകലാശാലയിലെ മലയാളി വിദ്യാർഥി സംഘടനയായ ‘മൈത്രി’ വർക്കിങ്ങ് സെക്രട്ടറി ഗോവിന്ദ് ഉണ്ണികൃഷ്ണൻ പറയുന്നത്. മലയാളി വിദ്യാർഥികളുടെ പ്രാതിനിധ്യം കൂടുന്നതിൽ അതൃപ്തിയുള്ള നിരവധി സംഘടനകൾ സർവകലാശാലയിലുണ്ടെന്നും സി.ബി.എസ്. ഇ സിലബസിന്​ അനുകൂലമായ രീതിയിലാണ് പൊതുപരീക്ഷാപാറ്റേൺ ഡിസൈൻ ചെയ്തിട്ടുള്ളതെന്നും ഗോവിന്ദ് ഉണ്ണികൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

ഗോവിന്ദ് ഉണ്ണികൃഷ്ണൻ

""എം.സി.ക്യു ചോദ്യങ്ങൾ ഉൾപ്പെടുന്ന പുതിയ എക്‌സാം പാറ്റേണാണ് ഇപ്പോൾ സി.ബി.എസ്.ഇ പരീക്ഷയിലുള്ളത്. അതുകൊണ്ടുതന്നെ സി.യു.ഇ.ടി പരീക്ഷയെ നല്ല രീതിയിൽ അഭിമുഖീകരിക്കാൻ അവർക്ക് കഴിയും. കേരള സിലബസ് പഠിച്ച വിദ്യാർഥികൾ അധികവും ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങൾ നേരിടാനാണ് പരിശീലനം നേടിയിട്ടുള്ളത്. ഇത് പെട്ടെന്നുണ്ടായ സി.യു.ഇ.ടി പരീക്ഷാ ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിലെ ചില എക്‌സാം സെന്ററുകൾ അവസാന നിമിഷം റദ്ദാക്കിയതും പ്രവേശനത്തെ സാരമായി ബാധിച്ചു. പലരും സെന്ററുകളിൽ എത്തിയപ്പോഴാണ് റദ്ദാക്കിയതറിഞ്ഞത്. ഇതേതുടർന്ന്​ നിരവധി വിദ്യാർഥികൾ ‘മൈത്രി’യെ സമീപിച്ചിരുന്നു. സി.യു.ഇ.ടി എക്‌സാമിനെയും സർവകലാശാല അഡ്മിഷനെയും സംബന്ധിച്ച് കൃത്യമായ അവബോധം ഇല്ലാത്തതും പ്രവേശനത്തെ ബാധിച്ചു. പൊതു പ്രവേശന പരീക്ഷ കൊണ്ടുവരുന്നതിലൂടെ മലയാളി വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്ന് ഒരുപക്ഷേ അവരും മുൻകൂട്ടി കരുതിയിട്ടുണ്ടാകാം. കാമ്പസിനകത്തും പുറത്തുമെല്ലാം മലയാളി വിദ്യാർഥികൾ അവഗണന നേരിടുന്നുണ്ട്. ഈയടുത്ത് രണ്ട് മലയാളി വിദ്യാർഥികളെ മുണ്ടുടുത്തതിന്റെ പേരിൽ കാമ്പസിന്റെ മുന്നിൽ വെച്ച് ബൈൽറ്റൂരി അടിക്കുകയും ആക്രമിക്കുകയും ചെയ്​തിരുന്നു.''

ഇത്തരം സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങൾക്കനുകൂലമായി വാർത്തെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നതായി ഗോവിന്ദ് ഉണ്ണികൃഷ്ണൻ പറയുന്നു.

സി.ബി.എസ്.ഇ സിലബസിലെ ഇടപെടലുകൾ

സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്കനുകൂലമായ രീതിയിലാണ് സി.യു.ഇ.ടി നടത്തിയതെന്ന വിമർശനമുണ്ട്. കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ എക്‌സാം പാറ്റേണിൽ മാറ്റം വരുത്തിയിരുന്നു. Case based Mcq, Assertion -Reasoning Type Mcq എന്നിവ ഉൾപ്പെടുത്തിയാണ് 12ാം ക്ലാസ്​ പൊതുപരീക്ഷ നടത്തിയത്. ഇത്തരം മൾട്ടിപ്പിൽ ചോയ്‌സ് ചോദ്യങ്ങളുമായുള്ള ഇടപെഴകൽ സി.യു.ഇ.ടി പരീക്ഷയെ മികച്ച രീതിയിൽ നേരിടാൻ സി.ബി.എസ്.ഇ വിദ്യാർഥികള പ്രാപ്തമാക്കിയിട്ടുണ്ട്. കൂടാതെ എൻ.സി.ആർ.ടി പാഠ്യപദ്ധതി മാനദണ്ഡമാക്കിയുള്ള സി.യു.ഇ.ടി ചോദ്യങ്ങളും സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് കൂടുതൽ സ്‌കോർ ചെയ്യാൻ അവസരം നൽകുന്നു.

സി.ബി.എസ്.ഇ സിലബസിലും കോവിഡിന്റെ സാഹചര്യത്തിൽ വലിയ പരിഷ്‌കരണം നടന്നിരുന്നു. പഠനഭാരം കുറക്കുന്നതിന്​ ഒമ്പത് മുതൽ 12ാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളിൽ നിന്ന് 30 ശതമാനത്തോളം ഭാഗങ്ങളാണ് സി.ബി.എസ്​.ഇ ഒഴിവാക്കിയത്. 11-ാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസ് സിലബസിൽനിന്ന് ജനാധിപത്യ അവകാശങ്ങൾ, ഫെഡറിലസം, പൗരത്വവും മതേതരത്വവും, ഭക്ഷ്യസുരക്ഷ തുടങ്ങിയ പാഠഭാഗങ്ങളും 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് സെക്യൂരിറ്റി ഇൻ ദ കണ്ടംപററി വേൾഡ്, എൻവയോൺമെൻറ്​ ആൻഡ് നാച്ചുറൽ റിസോഴ്സസ്, സോഷ്യൽ ആൻഡ് ന്യൂ സോഷ്യൽ മൂവ്മെൻറ്​ ഇൻ ഇന്ത്യ, ചെയ്ഞ്ചിംഗ് നാച്ചുർ ഓഫ് ഇന്ത്യാസ് എക്കണോമിക് ഡെവലപ്മെൻറ്​, പ്ലാനിംഗ് കമ്മീഷൻ ആൻഡ് ഫൈവ് ഇയർ പ്ലാൻസ് തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിരുന്നു. ഇതുകൂടാതെ ഒമ്പതാം ക്ലാസിലെ സിലബസിൽനിന്ന് ജനാധിപത്യ അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയും എക്കണോമിക് സിലബസിൽ നിന്ന് ഫുഡ് സെക്യൂരിറ്റി ഇൻ ഇന്ത്യ എന്ന ഭാഗവും ഒഴിവാക്കിയിരുന്നു. പത്താം ക്ലാസ്​ സിലബസിൽ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജാതി, മതം, ലിംഗം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുടങ്ങിയ ഭാഗങ്ങളാണ് നീക്കം ചെയ്തത്. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും വിശദീകരിക്കുന്ന പാഠഭാഗങ്ങൾ തന്നെ പഠനഭാരം കുറക്കുന്നതിന്​ ഒഴിവാക്കിയത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

അതേസമയം എൻ.സി.ഇ.ആർ.ടിയുടെ സിലബസ് ലഘൂകരണത്തിൽ ഉൾപ്പെടുന്ന മുഗൾ ഭരണചരിത്രവും ഗുജറാത്ത് കലാപവും സംസ്ഥാന സിലബസിൽ നിന്നൊഴിവാക്കില്ലെന്ന് കേരള സർക്കാർ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഒഴിവാക്കിയ പാഠഭാഗങ്ങൾ സംസ്ഥാന ഹയർസെക്കൻഡറി സ്‌കൂളിൽ പഠിപ്പിക്കുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും എസ്.സി.ഇ.ആർ.ടിക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

പൊതുപ്രവേശന പരീക്ഷയും രാഷ്ട്രീയ അജണ്ടയും

ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലേക്ക്​, സമീപ കാലത്ത്​ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വൻതോതിലുള്ള ഒഴുക്കുണ്ടായിട്ടുണ്ട്​. ഇവരിൽ നല്ലൊരു ശതമാനം കീഴാള വിഭാഗക്കാരാണ്. പ്രാതിനിധ്യത്തിന്റെയും തുല്യതയുടെയും മൂല്യങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന വലതുപക്ഷ രാഷ്ട്രീയം ഭരണകൂട സംവിധാനങ്ങളിലും അതുവഴി ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രബലമാകുകയാണ്​. ഈ മാറ്റമാണ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രകടമാകുന്നത്​. ഡൽഹി സർവകലാശാലയിലെ ചരിത്ര വിദ്യാർഥിയായ കുഞ്ഞുണ്ണി സജീവ് പറയുന്നു:

കുഞ്ഞുണ്ണി സജീവ്

"" എല്ലാ കേന്ദ്ര സർവകലാശാലകളിലേക്കും പൊതുവായി ഒരു പരീക്ഷ എന്ന ആശയം ഉന്നത വിദ്യാഭാസത്തിന്റെ കേന്ദ്രീകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രൊഫഷണൽ കോഴ്‌സുകളായ മെഡിസിനും (NEET), എഞ്ചിനീറിങ്ങും (JEE MAIN) നേരത്തെ കേന്ദ്രീകരിക്കപ്പെട്ടപ്പോൾ രാജ്യമൊട്ടാകെ പ്രൊഫഷണൽ കോഴ്‌സുകൾക്ക് നിലവാരം നിശ്ചയിക്കപ്പെടുകയും, ക്രമീകരിക്കപ്പെടുകയുമാണെന്ന് വാദിച്ചവർ കേന്ദ്ര - സംസ്ഥാന ബോർഡുകളുടെ സിലബസുകളിലുള്ള വ്യത്യാസങ്ങൾ ശ്രദ്ധിക്കാതെ പോയിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നെത്തുന്ന സി.ബി.എസ്.ഇ വിദ്യാർഥികൾക്കും കോച്ചിങ്ങ്​ ലഭിക്കുന്നവർക്കും മാത്രം വിജയിക്കുവാൻ അവസരമൊരുക്കുന്ന ഈ പൊതുപരീക്ഷക്കെതിരെ ശബ്ദമുയർത്തുന്നത് തമിഴ്‌നാട് സർക്കാർ മാത്രമാണ്. ‘നീറ്റി’നെതിരെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ്, എല്ലാ സർവ്വകലാശാലകളിലേക്കുമുള്ള ബിരുദ- ബിരുദാനന്തര കോഴ്സുകൾക്ക്​ പൊതുപരീക്ഷ ബാധകമാക്കുന്നത്. 12ാം ക്ലാസ്സിലെ മാർക്ക് മാനദണ്ഡമായെടുക്കുമ്പോൾ ചില സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് കൂടുതൽ സീറ്റ് ലഭിക്കുന്നു എന്ന പ്രശ്‌നം പരിഹരിക്കുകയാണ് ഈ പൊതുപരീക്ഷയുടെ ലക്ഷ്യം എന്ന് പ്രചരിപ്പിക്കപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിന്റെ സ്വഭാവം അടിമുടി മാറ്റുന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി മുന്നോട്ട് വെച്ചിരുന്ന പൊതു പരീക്ഷകളുടെ കേന്ദ്രീകരണം ഇതോടെ വേഗത്തിലായി. ‘മാർക്ക് ജിഹാദും കേരളവും' എന്ന പരാമർശത്തിന്റെ പുറത്ത് ഉയർന്ന രോഷം 2022- അഡ്മിഷൻ പൂർത്തിയാകുമ്പോൾ തണുക്കുന്നത് മലയാളി വിദ്യാർഥികളുടെ കുറവിലാണ്. മുൻപുള്ള കൊല്ലങ്ങളിൽ സംസ്ഥാന ബോർഡുകളുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇന്ന് പൂർണമായും സി.ബി.എസ്.ഇ വിദ്യാർഥികളുടെ കുത്തകയായി മാറിയിരിക്കുകയാണ് എല്ലാ ഡിപ്പാർട്ടുമെൻറുകളും.’’

‘‘സി.ബി.എസ്.ഇ സിലബസ്​ ആധാരമാക്കിയുള്ള പൊതുപരീക്ഷ പ്രധാനമായും ഇന്ത്യയുടെ മിഡിൽ ക്ലാസ്​, അപ്പർ മിഡിൽ ക്ലാസ്​ സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് മാത്രം സീറ്റുറപ്പാക്കുന്നതാണ്. 2022ലെ അഡ്മിഷൻ തന്നെ തെളിവ്. കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം ലഭിക്കുന്ന സംസ്ഥാന ബോർഡുകളുടെ സിലബസുകൾ പൊതുപരീക്ഷയിൽ സഹായകമാകാതെ വരുമ്പോൾ കുട്ടികൾ സ്വാഭാവികമായും പ്രൈവറ്റ് സ്‌കൂളുകളിലേക്കും, കോച്ചിങ് സ്ഥാപനങ്ങളിലേക്കും മാറും. പ്രവേശന പരീക്ഷ തന്നെ കച്ചവടമായി മാറും. കേന്ദ്ര സർവകലാശാല പ്രവേശനത്തിനായുള്ള കോച്ചിങ് സ്ഥാപനങ്ങൾ വളരും. വിവരണാത്മക പരീക്ഷകളുടെ സ്ഥാനത്ത് ഉത്തരം കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്ന രീതി വരുമ്പോൾ വിദ്യാർത്ഥികളുടെ വിഷയത്തിലുള്ള അറിവിനേക്കാൾ ഓർമയാണ് പരീക്ഷിക്കപ്പെടുക. സയൻസ് വിഷയങ്ങളിൽ അത്ര പ്രശ്‌നമല്ലാത്ത ഈ കാര്യം സാഹിത്യം, ചരിത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. സാമൂഹികമോ രാഷ്ട്രീയമോ ആയ വിഷയങ്ങളിൽ പ്രതിഷേധിക്കുന്നവരിൽ മുന്നിൽ നിൽക്കാറുള്ള ഹ്യൂമാനിറ്റീസ് വിദ്യാർഥികളുടെ രാഷ്ട്രീയബോധവും, മൂല്യവും നിർണയിക്കുന്നതിൽ പൊതു പ്രവേശന പരീക്ഷയുടെ പങ്ക് നിർണായകമാണ്. ’’

photo: We are JNU/fb page

‘‘പൊതുസമൂഹം ആശയപരമായി നിയന്ത്രിക്കപ്പെടുമ്പോഴും, വിമതസ്വരങ്ങൾ ഉയരുവാനുള്ള സാഹചര്യം കാമ്പസ്​ നിലനിർത്താറുണ്ട്. പൊതുപ്രവേശന പരീക്ഷ ഒരു പക്ഷെ ഈ വിമതസ്വരങ്ങൾ ഇല്ലാതാക്കിയേക്കാം. ജെ.എൻ.യു ആയിരുന്നു കേന്ദ്ര ഭരണകൂടത്തിന്റെ ആദ്യ ലക്ഷ്യം. വിവരണാത്മക പരീക്ഷയിൽ നിന്ന്​ ‘ഒബ്ജക്റ്റീവ് പരീക്ഷ’യിലേക്കുള്ള മാറ്റം രാഷ്ട്രീയത്തെ, ചരിത്രത്തെ അതിന്റെ സങ്കീർണതയിൽ മനസിലാക്കുവാൻ സാധിക്കാത്തവരുടെ പ്രവേശനം സാധ്യമാക്കുന്നുമുണ്ടാകാം''- പൗരത്വ ഭേദഗതി ബില്ലിനെതിരെ, കാർഷിക ബില്ലിനെതിരെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ, പല വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥി സമൂഹമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ പ്രതിഷേധിക്കുന്നവരും, സമരം ചെയ്യുന്നവരും, ചിന്തിക്കുന്നവരും സ്വാഭാവികമായും വരും ബാച്ചുകളിൽ കുറയാനാണ്​ സാധ്യത എന്ന്​ കുഞ്ഞുണ്ണി സജീവ് പറഞ്ഞു.

ലാഭം കൊയ്യുന്ന കോച്ചിങ് സെന്ററുകൾ

സി.യു.ഇ.ടി നടത്തുന്നതിലൂടെ ഏറ്റവും കൂടുതൽ ലാഭം നേടാൻ പോകുന്നത് കോച്ചിങ് സെന്ററുകളാണ്. ഇതിനകം സ്വകാര്യ സ്ഥാപനങ്ങൾ രാജ്യത്തുടനീളം കോച്ചിങ് സെന്റുകൾ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ - ഓഫ്‌ലൈൻ ക്ലാസ്​, വ്യക്തിഗത പരീശീലനം, മോക്ക് ടെസ്​റ്റ്​, സ്റ്റഡി മെറ്റീരിയൽ, ഇന്ററാക്റ്റീവ് സെക്ഷൻ തുടങ്ങിയ തീവ്ര പരിശീലന പരിപാടികളാണ് സി.യു.ഇ.ടി തയ്യാറെടുപ്പിന്​ ഇത്തരം സെന്ററുകൾ സംഘടിപ്പിക്കുന്നത്. 12,000- 30,000 രൂപയാണ് ഫീസായി ഈടാക്കുന്നത്.

സ്വകാര്യ കോച്ചിങ്ങ് സെന്ററിന്റെ ഫീസ് ഘടന

കോച്ചിങ്​ വൈകിയത്​ തിരിച്ചടി

ബോധപൂർവ രാഷ്ട്രീയഅജണ്ടയുടെ ഭാഗമായാണ്​ സി.യു.ഇ.ടിയിൽ കേരള സിലബസ് പഠിച്ച വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുപോയതെന്ന് കരുതുന്നതില്ലെന്നും കോച്ചിങ്ങ് വൈകിയത് എണ്ണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നുമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി അധ്യാപകൻ ഡോ. പി.കെ. യാസർ അറഫാത്ത് പറയുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിക്കാൻ ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോപൊളിറ്റൻ സിറ്റികളിലും മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഓൺലൈൻ- ഓഫ്‌ലൈൻ പരിശീലനം ആരംഭിച്ചിരുന്നു. വൈഡ് റൈഞ്ചായ ചോദ്യങ്ങളാണ് കൂടുതലായും സി.യു.ഇ.ടി പാറ്റേണിലുള്ളത്. അതിനാൽ ഈ കോച്ചിങ്ങ് സെന്ററുകളെല്ലാം വിഷയ കേന്ദ്രീകരണത്തിൽ നിന്ന് മാറി റീസണിങ്ങ്, ലാഗ്വേജ് കോഴ്സുകൾ തുടങ്ങിയ രീതിയിലാണ് പരിശീലനം നടത്തുന്നത്. പക്ഷേ കേരളത്തിൽ ഈ കോച്ചിങ്ങ് അത്ര വ്യാപകമല്ല. ഇത് പ്രവേശനം കിട്ടിയ മലയാളി വിദ്യാർഥികളുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്. പക്ഷേ ഈ കോച്ചിങ്ങ് സെന്ററുകളുടെ ഫീസ് ഘടന താങ്ങാൻ കഴിയാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ യൂണിവേഴ്‌സിറ്റികളിൽനിന്ന് ബഹിഷ്‌കൃതരാവാനുള്ള സാധ്യത ഏറെയാണ്.

അധ്യാപക പിന്തുണയില്ലാത്ത പൊതുപ്രവേശന പരീക്ഷ

സർവകലാശാലകളുടെ നിലനിൽപ്പിനെയും പ്രവർത്തനങ്ങളെയും അനാദരിച്ചുകൊണ്ടുള്ള ഭരണകൂട അടിച്ചേൽപ്പിക്കലുകൾ തന്നെയാണ് സി.യു.ഇ.ടിയെന്ന പൊതുപ്രവേശ പരീക്ഷയിലുടെ നടന്നിട്ടുള്ളത്. പൊതു പ്രവേശനപരീക്ഷയെ അധ്യാപകരിൽ ഭൂരിഭാഗം പേരും പിന്തുണക്കുന്നില്ലെന്നാണ് ഡൽഹി സെൻറ്​ സ്റ്റീഫൻ കോളേജിലെ ഇംഗ്ലീഷ് അധ്യാപകൻ എൻ.പി. ആഷ്‌ലി പറയുന്നത്:

എൻ.പി ആഷ്‌ലി

""45- 50 സെൻട്രൽ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ സി.യു.ഇ.ടിയുടെ ഫലം മൂന്നര മാസത്തോളം വൈകിയാണ് വന്നത്. പ്രവേശനപരീക്ഷയുടെ അനന്തരഫലങ്ങളെക്കുറിച്ച് ഇപ്പോൾ കൃത്യമായ അഭിപ്രായം പറയാൻ കഴിയില്ല. പക്ഷേ സബ്‌ജെക്റ്റുകൾ എങ്ങനെ വർക്ക് ചെയ്യുന്നുവെന്നും അതിന് എത്ര സമയദൈർഘ്യമെടുക്കുന്നു എന്നുമെല്ലാം ആലോചിക്കാതെ സ്വീകരിച്ച ഏകപക്ഷീയ നടപടിയാണിതെന്ന് നിസ്സംശയം പറയാം. പല യൂണിവേഴ്‌സിറ്റികളും പല രീതിയിലാണ് ഒരു കോഴ്‌സ് പഠിപ്പിക്കുന്നത് എന്നിരിക്കെ എങ്ങനെയാണ് പ്രവേശനത്തിന് പൊതുപരീക്ഷ നടപ്പിലാക്കുക എന്ന് മനസ്സിലാകുന്നില്ല. ഉദാഹരണത്തിന്, ഫോറിൻ ലാഗേജ് യൂണിവേഴ്‌സിറ്റിയിലും ഡൽഹി യൂണിവേഴ്‌സിറ്റിയിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് രണ്ട് രീതിയിലാണ്. ഫിസിക്‌സും ഇംഗ്ലീഷും ഹിസ്റ്ററിയുമെല്ലാം വർക്ക് ചെയ്യുന്നത് വേറെ വേറെ രീതികളിലാണ്. കേവലം ഇൻഫോർമേഷൻ ബേസ്ഡ് ആയ ചോദ്യങ്ങളിലൂടെ ഈ വിഷയങ്ങളിലെ അഭിരുചി നിർണയിക്കാൻ കഴിയില്ല. ഈ കാര്യത്തിൽ കനത്ത വീഴ്ച സംഭവിച്ചിട്ടുണ്ട്.’’ എൻ.പി ആഷ്‌ലി പറഞ്ഞു.

ജവഹർലാൽ നെഹ്രു സർവകലാശാല

യൂണിവേഴ്‌സിറ്റികൾ വലതുപക്ഷ രാഷ്ട്രീയ അധ്യാപകരുടെ കേന്ദ്രങ്ങളാകുന്നു

ഉന്നതവിദ്യാഭ്യാസ മേഖലയെ അപകടകരമായ വിധത്തിൽ സ്വാധീനിക്കുന്ന രീതിയിലാണ് സർവകലാശാല നിയമനങ്ങളും വിദ്യാഭ്യാസ മേഖലകളിലെ നിയമനങ്ങളും നടക്കുന്നത്. ജെ.എൻ.യുവിൽ വലതുപക്ഷ ആശയങ്ങളുടെ പ്രചാരകൻ എന്ന നിലയിൽ വിവാദം സൃഷ്​ടിച്ച എം. ജഗദേഷ് കുമാറിനെയാണ്​2022 ഫെബ്രുവരിയിൽ യു.ജി.സി ചെയർമാനായി നിയമിച്ചത്. 2015 -ൽ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗജേന്ദ്ര സിങ് ചൗഹാനെ വി.സിയാക്കിയതിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്​ ഹൈദരാബാദ് യൂണിവേഴ്​സിറ്റി വൈസ് ചാൻസലർ അപ്പ റാവു പൊദിലെക്കെതിരെ ഉയർന്ന വിമർശനങ്ങളും ഇത്തരം വസ്​തുതകളെ ഉറപ്പിക്കുന്നതാണ്​.

കുറച്ചു വർഷങ്ങളിലായി നടന്നിട്ടുള്ള അധ്യാപന നിയമനങ്ങൾ പരിശോധിച്ചാൽ പല സർവകലാശാലകളിലും വലതുപക്ഷ രാഷ്ട്രീയത്തോട് അടുപ്പമുളള അധ്യാപകർക്കാണ് മുൻഗണന ലഭിക്കുന്നതെന്ന് ഡൽഹി സർവകലാശാലയിലെ ചരിത്ര അധ്യാപകനായ ഡോ. പി.കെ. യാസർ അറഫാത്ത് പറയുന്നു:

യാസർ അറഫാത്ത്

""തങ്ങളുടെ രാഷ്ട്രീയപ്രകിയയെ സാധൂകരിക്കുന്ന, പിന്തുണക്കുന്ന, പ്രചരിപ്പിക്കാനുള്ള മാർഗങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിലൂടെ നടത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. സ്റ്റേറ്റുകളിലും കേന്ദ്ര ഗവൺമെൻറിനുകീഴിലുള്ള സ്ഥാപനങ്ങളിലുമെല്ലാം വലതുപക്ഷ രാഷ്ട്രീയം നടപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയുടെ തുടർച്ചയാണ്. ഭരണകൂടത്തിനെതിരെ വിമർശനാത്മകമായി ഉയർന്നുവരുന്ന ഒരു വിദ്യാർഥി സമൂഹം തീർച്ചയായും ഭരണകൂടത്തെ വലിയ രീതിയിൽ അസ്വസ്ഥതപ്പെടുത്തും. കൂടാതെ ഹിസ്റ്ററി, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിലെ വിദഗ്​ധരും ഗവേഷകരുമെല്ലാം വ്യാജ ചരിത്ര നിർമിതിക്കെതിരെ നിരന്തരം വിമർശനങ്ങൾ പ്രകടിപ്പിക്കാറുണ്ട്​. അക്കാദമിക്കായി, ബൗദ്ധികമായി ഈ വാദങ്ങളോട് പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥ വലതുപക്ഷ രാഷ്ട്രീയം അഭിമുഖീകരിക്കുന്നുണ്ട്. ബൗദ്ധികമായി കൗണ്ടർ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളൊന്നും അവരുടെ കൈയ്യിലുണ്ടായിരുന്നില്ല. അതിനാൽ ഈ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ രാഷ്ട്രീയത്തിൽ ആഴത്തിൽ വിശ്വസിക്കുന്ന പുതിയ ഒരു അദ്ധ്യാപക സമൂഹത്തെ കൊണ്ടുവരാനുള്ള ശ്രമം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ സംവിധാനങ്ങൾ കൂടുതലായി ഇടപെടുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓട്ടോമണിയെയും സ്വാതന്ത്രത്തെയും ആഴത്തിലുള്ള ഗവേഷണങ്ങളെയുമെല്ലാം പ്രതികൂലമായി ബാധിക്കുമെന്നത് സത്യമാണ്.''

പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്ന ഭരണകൂടം

കോവിഡിന്റെ ഇടവേളയിൽ തന്നെ എല്ലാ സർവകലാശാലയിലും അവയുടെ ഭരണതലങ്ങളിലും ഹിന്ദുത്വ ആധിപത്യം ഉറപ്പിക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്നാണ് ജാമിയ മിലിയ യൂണിവേഴ്‌സിറ്റി മുൻ വിദ്യാർഥിയും പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്ത ഷഹീൻ അബ്ദുല്ല പറയുന്നത്:

ഷഹീൻ അബ്ദുല്ല

"" കേന്ദ്രഗവൺമെന്റിനെ പ്രീതിപ്പെടുത്താൻ കഷ്ടപ്പെടുന്ന പ്രൊഫസർമാരെയും അഡ്മിനിസ്‌ട്രേറ്റിവ് ക്ലർക്കുകളെയൊക്കെയാണ് ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലടക്കം ഇന്ന് നമ്മൾ കാണുന്നത്. ഹിന്ദുത്വക്ക് വളരാനുതകുന്ന രീതിയിൽ യൂണിവേഴ്‌സിറ്റികളെ മാറ്റിയെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. പ്രത്യക്ഷത്തിൽ തന്നെ ഈ വിവേചനം അവർ പ്രകടമാക്കുന്നുുണ്ട്. വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പരിപാടികൾ എത്ര അക്രമോത്സുകമായാലും എത്ര നാശനഷ്ടമുണ്ടായാലും കാര്യമായ നടപടി സ്വീകരിക്കാറില്ല. അതേസമയം വിദ്യാർഥികളുടെ സ്വത്വവും അവർ പ്രതിനിധീകരിക്കുന്ന പാർട്ടിയും നോക്കി സമൂഹമാധ്യമ പോസ്റ്റിനുവരെ അച്ചടക്ക നടപടിയെടുക്കുന്ന വിഭാഗീയതയാണ് നിലനിൽക്കുന്നത്. പിന്നാക്കവിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ വരെ ഇല്ലാതാക്കി യൂണിവേഴ്‌സിറ്റികളെ എലീറ്റ് സെന്ററുകളാക്കാനുള്ള ശ്രമം നടക്കുകയാണ്. എന്റെ നിരവധി സുഹൃത്തുകൾക്ക് പൗരത്വസമരത്തിൽ പങ്കെടുത്തതിന്​ പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഡിപ്പാർട്ടുമെൻുകളിലും ടി.സി ക്യാരക്‌ററർ സർട്ടിഫിക്കറ്റിലുമെല്ലാം അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടന്നിരുന്നു. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനാണ് സഫൂറ സർഗാറിന്റെ പിഎച്ച്​.ഡി ജാമിയ മിലിയ റീവോക്ക് ചെയ്തത്. ഷർജീൽ ഉസ്മാനിക്ക് ജാമിയ മിലിയയിൽ അഡ്മിഷൻ കിട്ടിയശേഷം അത് റദ്ദാക്കാൻ ശ്രമം നടന്നു. കോടതിയിൽ പോയശേഷമാണ് അഡ്മിഷൻ ഉറപ്പായത്. പൗരത്വസമരത്തിൽ പങ്കെടുത്ത പലർക്കും യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ കിട്ടാതെ പോയിട്ടുണ്ട്. വിദ്യാർത്ഥികളെ സൂക്ഷ്​മനിരീക്ഷണം നടത്തി, തങ്ങൾക്ക് വിധേയരാക്കിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസത്തിൽ പരിഷ്‌കരണങ്ങൾ വരുന്നത്. അച്ചടക്കസ്വാഭാവത്തിലേക്ക് വിദ്യാർഥികളെ ഓറിയന്റേഷൻ നടത്തുന്ന വിധത്തിലാണ് പൊതുപ്രവേശന പരീക്ഷകൾ നടത്തുന്നത്.''

സഫൂറ സർഗാർ

കേരളത്തിലുമുണ്ട്​ സി.ബി.എസ്​.ഇ ലോബി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ള വലിയ മുന്നേറ്റം സി.ബി.എസ്.സി. ലോബിക്കുവേണ്ടി പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങൾ ഇവിടുത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ തന്നെ നടക്കുന്നുണ്ട്​ എന്ന്​ വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. സി.ബി.എസ്​.ഇ ലോബിക്കുവേണ്ടിയുള്ള ഒത്തുകളിക്ക്​ കേരളത്തിലെ ​പൊതുവിദ്യാഭ്യാസ മേഖലയിലും വേരുണ്ടെന്നർഥം. സ്​റ്റേറ്റ്​ സിലബസ്​ കുട്ടികളെ തോൽപ്പിക്കാൻ കേരളത്തിൽ സി.ബി.എസ്​.ഇ ലോബി നടത്തുന്ന ഇടപെടലുകൾ ട്രൂ കോപ്പി തന്നെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന്, എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം ഹയർ സെക്കന്ററി പരീക്ഷയിലെ ശാസ്ത്രവിഷയങ്ങളിലെ മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതി അട്ടിമറിച്ചും ഫോക്കസ്​ ഏരിയയുമായി ബന്ധപ്പെട്ട വ്യവസ്​ഥകളിൽ, പരീക്ഷക്കുതൊട്ടുമുമ്പ്​ ആശയക്കുഴപ്പം സൃഷ്​ടിച്ചുമെല്ലാം ഈ ലോബി ‘കൃത്യമായ’ ഇടപെടലുകൾ നടത്തി. കോവിഡ്​ പാശ്​ചാത്തലത്തിൽ നടത്തിയ, 2021ലെ എസ്​.എസ്​.എൽ.സി പരീക്ഷയുടെ ഫലം ‘വലിയ തമാശ’യായിരുന്നുവെന്ന്​ പരിഹസിച്ചത്​ മറ്റാരുമല്ല, അതേ പരീക്ഷയുടെ മുഖ്യ ചുമതലക്കാരൻ തന്നെയായ​ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്​. 1,25,509 കുട്ടികൾക്ക്​ എ പ്ലസ്​ ലഭിച്ചതിനെയാണ്​ മന്ത്രി തള്ളിപ്പറഞ്ഞത്​. 2022ൽ ഈ എണ്ണത്തെ 44,363ലേക്ക്​ ‘ചുരുക്കാനായത്​’ വലിയ നേട്ടമായും മന്ത്രി പ്രഖ്യാപിച്ചു. കോവിഡും ഓൺലൈൻ പഠനരീതിയും​ വിദ്യാർഥികളിൽ സൃഷ്​ടിച്ച പലതരം സമ്മർദങ്ങൾക്ക്​ പരിഹാരമായി രാജ്യത്തെ വിവിധ വിദ്യാഭ്യാസ ബോർഡുകൾ നിരവധി പരിഷ്​കാരങ്ങൾ കൊണ്ടുവന്നുവെങ്കിലും കേരളം ഒരു വിദ്യാർഥിപക്ഷ സമീപനമെടുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇത്​ ഏറെ ബാധിച്ചത്​ കേരള സിലബസ്​ വിദ്യാർഥികളെയാണ്​. ഈ ​‘തോൽവി’ ബോധപൂർവമായ ഒരജണ്ടയുടെ ഭാഗമായിരുന്നുവെന്നാണ്​ ഇപ്പോൾ തിരിച്ചറിയുന്നത്​. ഡൽഹി സർവകലാശാലയിലെ കേരള സിലബസ്​ വിദ്യാർഥികളുടെ പുറന്തള്ളലിന്​, കേരളത്തിലും കാരണങ്ങളുണ്ട്​ എന്നാണ്​ വ്യക്തമാകുന്നത്​.

പ്രതികരണശേഷിയുള്ള ഒരു ബൗദ്ധിക സമൂഹത്തിന്റെ സൃഷ്​ടിയാണ്​ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നടക്കുന്നത്​. കേന്ദ്രസർക്കാർ അടക്കമുള്ള അധികാര കേന്ദ്രങ്ങളോട് ചെറുത്തുനിൽക്കാൻ കെൽപ്പുള്ള, ദേശീയ സമരങ്ങൾക്ക് നേതൃത്വം നൽകാൻ ആർജ്ജവമുളള വിദ്യാർഥി സമൂഹമാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്നുവന്നത്. ഈ വിമത ശബ്ദങ്ങളെ കീഴ്പ്പെടുത്താനുള്ള പല ശ്രമങ്ങളും അറസ്റ്റുകളായും ആൾക്കൂട്ട ആക്രമണങ്ങളുമായുമൊക്കെ സംഭവിച്ചിട്ടുണ്ട്​. ഇത്തരം വിമതത്വങ്ങളെ നിർവീര്യമാക്കാനുള്ള പലതരം ഇടപെടലുകൾ ദേശീയ വിദ്യാഭ്യാസ നയത്തിലടക്കമുണ്ടെന്ന്​ ​വിദ്യാഭ്യാസ വിദഗ്​ധർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്​. അത്തരം ആശങ്കകൾ സ്​ഥിരീകരിക്കുന്നതാണ്​, പൊതുപ്രവേശനപരീക്ഷയിലൂടെയുള്ള മലയാളി വിദ്യാർഥികളുടെ പുറന്തള്ളൽ.

Comments