ഡിഗ്രി പൊതു പ്രവേശനപരീക്ഷ; അരികുകളിലെ കുട്ടികൾ എന്തു ചെയ്യും?

മെരിറ്റോക്രസിയുടെ സാങ്കേതികവാദമുയർത്തി ഇന്ത്യയിലെ ഗ്രാമങ്ങളിലെയും, വിദൂരമേഖലകളിലെയും സാധാരണക്കാരായ വിദ്യാർത്ഥികളുടെ തുടർ പഠനാവസരം നിഷേധിക്കാനും, പ്രാദേശിക വൈവിധ്യങ്ങളുടെ സാംസ്കാരിക സമന്വയകേന്ദ്രങ്ങളെന്ന നിലയിൽ സർവകലാശാലകൾ വഹിക്കുന്ന വിദ്യാഭ്യാസ ദൗത്യത്തെ ചുരുക്കിക്കെട്ടാനുമുള്ള ശ്രമം ‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന ആശയത്തിനു പിന്നിലുണ്ടോയെന്നത്​ പരിശോധിക്കേണ്ടതുണ്ട്.

ന്ത്യൻ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിലുടനീളം ജനാധിപത്യ വിരുദ്ധതയുടേയും, സാമൂഹികനീതി നിരാകരണത്തിന്റേയും സങ്കടമുദ്രകൾ തെളിഞ്ഞുകാണാം. ജാതി, മതം, കൊളോണിയലിസം, പുരുഷാധിപത്യം, പ്രദേശം, ഭരണ സംവിധാനങ്ങൾ എന്നിവയെല്ലാം അതതു കാലങ്ങളിൽ ഒരു വിഭാഗത്തെ വിദ്യാഭ്യാസത്തിൽ നിന്ന് അടർത്തിമാറ്റുന്നതിനുള്ള ഉപാധികളായി മാറിയിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ നയസമീപനങ്ങളെ മിക്കപ്പോഴും സ്വാധീനിക്കുന്നത് മധ്യ- ഉപരി വർഗ വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക-സാംസ്കാരിക താല്പര്യങ്ങളും ലക്ഷ്യങ്ങളുമാണെന്നത് ഇന്ത്യൻ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന സൂക്ഷ്മവിശകലനത്തിൽ നിന്നു വ്യക്തമാണ്.

ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്ന ഒരു രാഷ്ട്രം, ഒരു കരിക്കുലം, ഒരു ബോർഡ് എന്നതിലേക്കുള്ള ദിശാസൂചിയെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനായി ഒരു രാജ്യം, ഒരു പരീക്ഷ എന്ന ആശയം യു.ജി.സി. അവതരിപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വ്യവസ്ഥയുടെ കേന്ദ്രീകരണവും ദേശീയതല പ്രവേശന പരീക്ഷകളും വിദ്യാഭ്യാസത്തിന്റെ വൈവിധ്യപൂർണവും ഫെഡറൽ സ്വഭാവത്തിലൂന്നിയതുമായ വിശാല സാധ്യതകളെയും ഇടങ്ങളെയും ഇല്ലാതാക്കുമെന്ന അക്കാദമിക്കുകളുടെ വാദത്തെ സാധൂകരിക്കുന്ന നിലയിലാണ് കേന്ദ്ര സർവകലാശാലകളിലെ ഡിഗ്രി പ്രവേശനത്തിനായി സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) നടപ്പിലാക്കുന്നത്.

സ്കൂളുകളിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനും, വിദ്യാർത്ഥികളുടെ പ്രകടന നിലവാരത്തിനും ഒരു പ്രാധാന്യവും നൽകാതെ പൂർണമായും പ്രവേശനപരീക്ഷയിലെ സ്കോറിനെ അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നുവെന്നതാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന സി.യു. ഇ.ടി പരീക്ഷയെ സംശയനിഴലിലാക്കുന്നത്. മെരിറ്റോക്രസിയുടെ സാങ്കേതികവാദമുയർത്തി ഇന്ത്യയിലെ ഗ്രാമങ്ങളിലെയും, വിദൂരമേഖലകളിലെയും സാധാരണക്കാരായ വിദ്യാർത്ഥികളുടെ തുടർ പഠനാവസരം നിഷേധിക്കാനും, പ്രാദേശിക വൈവിധ്യങ്ങളുടെ സാംസ്കാരിക സമന്വയകേന്ദ്രങ്ങളെന്ന നിലയിൽ സർവകലാശാലകൾ വഹിക്കുന്ന വിദ്യാഭ്യാസ ദൗത്യത്തെ ചുരുക്കിക്കെട്ടാനുമുള്ള ശ്രമം ഇതിനു പിന്നിലുണ്ടോയെന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെയും ബിഹാറിലെയും കാശ്മീരിലെയും മണിപ്പൂരിലെയും സാധാരണക്കാരായ വിദ്യാർഥികൾക്ക് ഇപ്പോഴും പ്രാപ്യമാണ് ജെ.എൻ.യുവും, ജാമിയയും, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയും, അലിഗഡുമെല്ലാം. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ സമരങ്ങളുടെ ഘട്ടത്തിൽ വിദ്യാർഥി പ്രതിരോധങ്ങളുടെ കേന്ദ്രങ്ങളായിരുന്ന കാമ്പസുകളായിരുന്നു അവ.

വിദ്യാഭ്യാസ വ്യവസ്ഥയുടെ കേന്ദ്രീകരണവും ദേശീയതല പ്രവേശനപരീക്ഷകളും വിദ്യാഭ്യാസത്തിന്റെ വൈവിധ്യപൂർണവും ഫെഡറൽ സ്വഭാവത്തിലൂന്നിയതുമായ വിശാല സാധ്യതകളെയും ഇടങ്ങളെയും ഇല്ലാതാക്കുമെന്ന അക്കാദമിക്കുകളുടെ വാദത്തെ സാധൂകരിക്കുന്ന നിലയിലാണ് സി.യു.ഇ.ടി. നടപ്പിലാക്കുന്നത്.

നിലനിൽക്കുന്ന പ്രവേശന രീതിയെ മാറ്റിമറിയ്ക്കുന്നതിലൂടെ കാമ്പസുകളുടെ ജൈവസ്വഭാവങ്ങളായ പ്രതികരണങ്ങളേയും പ്രതിരോധങ്ങളേയും ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയാവാം ജെ.എൻ.യുവിന്റെതുൾപ്പെടെയുള്ള മൗലികമായ അഡ്മിഷൻ നടപടികളെ മാറ്റിമറിയ്ക്കുന്നതിലേക്കു നയിക്കുന്നത്. ജെ.എൻ.യു അധ്യാപകരുടേയും വിദ്യാർഥികളുടേയും സംഘടനകൾ പുതിയ പ്രവേശന പരീക്ഷയ്ക്കെതിരെ പ്രതിഷേധമുയർത്തിയിട്ടുണ്ട്.

കോടിക്കണക്കിനു മുതൽമുടക്കുള്ള എഡ്യൂടെക് കമ്പനികൾക്കും കോച്ചിംഗ് സെന്ററുകൾക്കും വിദ്യാർഥികളെ വിട്ടുകൊടുക്കുകയും അതിലൂടെ പൊതു വിദ്യാഭ്യാസത്തിൽ നടത്തേണ്ട മുതൽമുടക്കിൽ നിന്നും, ഒരുക്കേണ്ട സൗകര്യങ്ങളിൽ നിന്നും, നടത്തേണ്ട നിയമനങ്ങളിൽ നിന്നും പിൻവാങ്ങാനുള്ള സൗകര്യം കൂടി സി.യു.ഇ.ടി. ഗവൺമെന്റിന് നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തെ ദുർബലമാക്കി ഡിജിറ്റൽ-ആപ്പധിഷ്ഠിത വെർച്വൽ വിപണിയുടെ വിപുലീകരണവും ഒരു രാജ്യം, ഒരു പരീക്ഷയിലൂടെ ലക്ഷ്യമിടുന്നുണ്ടാവാം.

നിലവിൽ ഇന്ത്യയിലെവിടെയുമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക്-അവരുടെ സാഹചര്യമെന്തായാലും അക്കാദമിക നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സെന്റർ ഓഫ് എക്സലൻസായ സ്ഥാപനങ്ങളിൽ എത്താനുള്ള സാധ്യതയുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ നിന്നും, ഝാർഖണ്ഡിലെയും, ബീഹാറിലെയും ബംഗാളിലെയും ആദിവാസി മേഖലകളിൽ നിന്നും നിരവധി വിദ്യാർഥികൾ ഡൽഹി സർവകലാശാല, ജെ.എൻ.യു, ജാമിയ മിലിയ, മറ്റ് കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടിയിരുന്നു. അതാത് സംസ്ഥാന ബോർഡുകളുടെ പൊതുപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും, യോഗ്യതാ പരീക്ഷയ്ക്കും പ്രവേശന പരീക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകി നടത്തുന്ന പ്രവേശന നടപടികളുടെ അടിസ്ഥാനത്തിലുമാണ് ഇതുവരെ അഡ്മിഷൻ നടന്നിരുന്നത്. എന്നാൽ സ്കൂൾ എന്ന ജൈവവ്യവസ്ഥയുടെ പ്രാധാന്യം ഇല്ലാതാക്കിയും, പൊതുപരീക്ഷയുടെ സ്കോറിനെ ഒട്ടും പരിഗണിക്കാതെയും കോച്ചിംഗ് സെന്ററുകൾക്കും, സ്വകാര്യ ആപ്പുകൾക്കും തോന്നിയ പോലെ കച്ചവടം നടത്താനുള്ള സാധ്യത നൽകിയുമാണ് സി.യു.ഇ.ടിയുടെ ഘടന തീരുമാനിച്ചിരിക്കുന്നത്.

നീറ്റ്, ജെ.ഇ.ഇ. പരീക്ഷകൾ എന്നിവ എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ യാന്ത്രികവും, അക്കാദമിക വിരുദ്ധവും, വിദ്യാർത്ഥികളിൽ അതിസമ്മർദ്ദവും, ആശങ്കകളും സൃഷ്ടിക്കുന്നതുമാക്കി മാറ്റിയതെന്ന അനുഭവപാഠം മുന്നിലുണ്ട്. ഉള്ളടക്കത്തിലും ബോധനപ്രക്രിയയിലും ലോകത്തുണ്ടായ അക്കാദമികമായ മാറ്റങ്ങളെയെല്ലാം റദ്ദാക്കുകയും മത്സരങ്ങളിലും, പരീക്ഷാ കേന്ദ്രീകൃതവ്യവസ്ഥയിലുമൂന്നിയതുമായ വിപണിയധിഷ്ഠിത സമീപനമാണ് ഇത്തരം മത്സരപരീക്ഷകൾ മുന്നോട്ടു വെയ്ക്കുന്നത്. പ്രൈമറിക്ലാസുകൾ മുതൽ നീറ്റിനും, ജെ.ഇ.ഇയ്ക്കും കോച്ചിംഗ് നൽകുന്ന സ്ഥാപനങ്ങളുടെ അടുത്ത ലക്ഷ്യം ഡിഗ്രി പ്രവേശനപരീക്ഷയായിരിക്കുമെന്നത് വ്യക്തമാണ്.

രാജസ്ഥാനിലെ കോട്ടയും, കേരളത്തിൽ തൃശൂരും പാലായുമെല്ലാം കരിയറിസത്തിന്റെ പേരിൽ കുട്ടികളിൽ സൃഷ്ടിക്കുന്ന സമ്മർദ്ദവും അസ്വസ്ഥതകളും നമ്മൾ ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല. ഒരുപക്ഷേ, വിജയഗാഥകളിൽ പരാജിതരുടെ ചിത്രവും, ചരിത്രവും വിസ്മൃതമാകുന്നതുകൊണ്ടാവാം. ജെ.ഇ.ഇയുടെ കോച്ചിംഗ് കേന്ദ്രമായി അറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിൽ ഓരോ വർഷവും സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയും, മാനസിക അസ്വാസ്ഥ്യങ്ങളിൽപ്പെട്ടുഴലുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം എത്രയോ കൂടുതലാണ്. കുട്ടികളുടെ താല്പര്യങ്ങളും അഭിരുചിയും പരിഗണിക്കാതെ കോൺസൻട്രേഷൻ സെന്ററുകൾക്കു സമാനമായ കോച്ചിംഗ് കേന്ദ്രങ്ങളിലേക്കുള്ള പരക്കംപാച്ചിലിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികൾ നമ്മുടെ വിദ്യാഭ്യാസക്രമത്തിലെ ഏതു സൂചികയെയാണ് അടയാളപ്പെടുത്തുന്നത്. ലക്ഷക്കണക്കിനു രൂപ കോച്ചിംഗ് ക്ലാസുകൾക്കായി ചെലവഴിക്കുന്ന വിദ്യാർഥികൾക്കു മാത്രമേ നീറ്റ് ഗുണം ചെയ്തിട്ടുള്ളൂവെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണവും പ്രസക്തമാണ്. എൻട്രൻസ് പരീക്ഷകളെ പൊതു വിദ്യാഭ്യാസക്രമത്തിൽ നിന്ന് വേർപെടുത്തി കോച്ചിംഗ് സെന്ററുകളാലും ആപ്പുകളാലും നിയന്ത്രിക്കപ്പെടുന്ന ഓർമപ്പരീക്ഷകളാക്കി മാറ്റിയതു കൊണ്ടു കൂടിയാണ് പാവപ്പെട്ട കുട്ടികൾക്ക് അവ അപ്രാപ്യമാവുന്നത്.

കോച്ചിംഗ് സെന്ററുകൾക്കും, സ്വകാര്യ ആപ്പുകൾക്കും തോന്നിയ പോലെ കച്ചവടം നടത്താനുള്ള സാധ്യത നൽകിയുമാണ് സി.യു.ഇ.ടിയുടെ ഘടന തീരുമാനിച്ചിരിക്കുന്നത്.

പഠനപ്രക്രിയയിൽ നിന്ന് സന്തോഷവും, സർഗാത്മകതയും, ശ്വാസം വിടാനുള്ള സമയം പോലും ഇല്ലാതാവുകയും കുട്ടികൾ "എക്സാം വാരിയേഴ്സ്' ആയി മാറുകയും ചെയ്യുന്നുവെന്നത് ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ വ്യവസ്ഥയുടെ അടയാളമല്ല. പരീക്ഷകൾ വേണ്ടെന്നോ, വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിക്കേണ്ടെന്നോ ഇതിനർത്ഥമില്ല. വർഷാന്ത്യ പരീക്ഷകളിലൂടെ മാത്രം കുട്ടിയുടെ സമഗ്രപുരോഗതിയെ അളക്കുന്ന രീതിയ്ക്കു പകരം കേരളത്തിലും, ദേശീയ വിദ്യാഭ്യാസാവകാശ നിയമത്തിലൂടെ ഇന്ത്യയിലും അവതരിപ്പിച്ച നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? കേരളത്തിലുൾപ്പെടെ നിന്നിടത്തു നിന്ന് ഒരിഞ്ചു മുന്നോട്ടു ചലിക്കാൻ നിരന്തര സമഗ്ര വിലയിരുത്തലിനായിട്ടുണ്ടോ? മാർക്ക് ദാനം കിട്ടി ജയിച്ചവരെന്ന പഴി കുട്ടികളെ കേൾപ്പിച്ചതിനപ്പുറം നമ്മുടെ പരീക്ഷാ സംവിധാനത്തെ ശാസ്ത്രീയമായും കാലോചിതമായും നവീകരിക്കാൻ ശ്രമമുണ്ടാവാത്തതെന്തുകൊണ്ടാണ്? കേവലം ഓർമശക്തി പരീക്ഷകളെന്ന് അക്കാദമിക പണ്ഡിതരും, നയരൂപകർത്താക്കളും ലഘൂകരിക്കുന്ന പ്രവേശന പരീക്ഷകളെ തൊടാൻ ഗവൺമെന്റുകൾ ഭയക്കുന്നതെന്തുകൊണ്ടാണ്? മാറിയ പാഠ്യപദ്ധതി സങ്കല്പങ്ങളും സമീപനങ്ങളും എൻട്രൻസ് പരീക്ഷകൾക്ക് ബാധകമല്ലയെന്നാണോ? ദേശീയവിദ്യാഭ്യാസനയം അവതരിപ്പിക്കുന്ന പ്രക്രിയാധിഷ്ഠിത-പ്രവർത്തനാധിഷ്ഠിത ജ്ഞാനനിർമിതി സാധ്യതകളുൾപ്പെടെയുള്ള മധുരം പുരട്ടിയ വിദ്യാഭ്യാസ ലക്ഷ്യങ്ങളെയും സമീപനങ്ങളെയും നയം തന്നെ പാടെ നിരാകരിക്കുന്ന വൈരുദ്ധ്യം നിറഞ്ഞ സാഹചര്യമാണിത്.

വിവിധ സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷകളിലെ സ്കോറിംഗിലുള്ള വ്യത്യാസം ഇല്ലാതാക്കുകയെന്നതും, വ്യത്യസ്ത യൂണിവേഴ്സിറ്റികളുടെ നിരവധി പരീക്ഷകൾ എഴുതേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയെന്നതുമാണ് ദേശീയ പ്രവേശന പരീക്ഷയ്ക്കായി പറയുന്ന കാരണങ്ങളിൽ പ്രധാനം. കേന്ദ്രത്തിലായാലും, സംസ്ഥാനങ്ങളിലായാലും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ്പരീക്ഷകളെ കുട്ടികളുടെ സമഗ്രശേഷി വിലയിരുത്തുന്നതിന് പര്യാപ്തമല്ലാത്തതും, നിശ്ചിത പഠന നിലവാരം നേടിയിട്ടുണ്ടോയെന്നത് കൃത്യമായും, വസ്തുനിഷ്ഠമായും വിശകലനം ചെയ്യാൻ സാധ്യമല്ലാത്തതും, മാർക്ക് ദാനമെന്ന അപഖ്യാതി നിലനിൽക്കുന്നതുമായ രീതിയിൽ നിരുത്തരവാദപരമായി മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. ബോർഡ് പരീക്ഷകളെ ദുർബലവും മാർക്ക്- ഗ്രേഡ് ഇൻഫ്ലേഷന് സാധ്യത നൽകുന്നതുമാക്കി മാറ്റിയിട്ട് അതിനെല്ലാമുള്ള ഒറ്റമൂലി പരിഹാരമായി ഏറെ സാമൂഹ്യ- സാംസ്കാരിക- പ്രാദേശിക വൈവിധ്യം നിലനിൽക്കുന്ന ഇന്ത്യയിൽ ഡിഗ്രി പ്രവേശനത്തിന് ഒരൊറ്റ ദേശീയ പ്രവേശന പരീക്ഷയെന്ന ചിന്ത എത്രത്തോളം യുക്തിപൂർവ്വമാണ്?

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി. സിലബസിന്റെ അടിസ്ഥാനത്തിലാവും സി.യു.ഇ.ടിയെന്ന് യു.ജി.സി. ചെയർമാൻ പ്രഖ്യാപിച്ചുവെങ്കിലും കാര്യങ്ങൾ അത്ര ലളിതമാവാനിടയില്ല. ഇതേ സിലബസിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന നീറ്റ്, ജെ.ഇ.ഇ. എൻട്രൻസ് പരീക്ഷകൾ സ്കൂളിനെ മാത്രം ആശ്രയിച്ചു പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് ഇപ്പോഴും അപ്രാപ്യമായി തുടരുന്ന സാഹചര്യത്തിൽ ഡിഗ്രി പ്രവേശന പരീക്ഷയും മാർജിനലൈസ്ഡ് വിദ്യാർത്ഥികളെ പുറന്തള്ളാവാനുള്ള ഉപാധിയായി മാറാനിടയുണ്ട്. അർഹരായ വിഭാഗങ്ങൾക്കുള്ള സംവരണം പഴയപടി തുടരുമെന്ന് പറയുന്നുണ്ടെങ്കിലും നഗര കേന്ദ്രീകൃതമായി നടക്കുന്ന ഒരു ദേശീയ പരീക്ഷയെഴുതാനുള്ള സാഹചര്യവും അവസരവും സംവരണ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് എത്രത്തോളം പ്രാപ്യമാവുമെന്നത് സംശയമാണ്. ഉന്നതപഠന മേഖലയിലെ സംവരണമെന്ന ഭരണഘടനാപരമായ സംരക്ഷണ കവചം അവർക്കു നഷ്ടമായേക്കും.

ക്ലാസ് റൂം പ്രക്രിയകൾ, സംവാദാത്മക- സർഗാത്മക അന്വേഷണങ്ങൾ, വിശകലന-വ്യാഖ്യാന സാധ്യതകൾ, അറിവിന്റെ നിർമ്മാണം, ആവിഷ്ക്കാരം എന്നിവയെയെല്ലാം ഏതാനും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാക്കി പരിവർത്തിപ്പിക്കുന്ന ഒരു ദേശീയ പ്രവേശനപരീക്ഷയിൽ നിന്നും വിരിഞ്ഞു വരുന്ന കുട്ടികൾ വരുംകാല കാമ്പസുകളെ എങ്ങനെയാവും നിർണയിക്കുന്നത്? വിദ്യാഭ്യാസ പ്രകിയയുടെ ജെവികവും, സമഗ്രവും, സമ്പൂർണ മനുഷ്യനിലേക്കുള്ള പ്രയാണത്തിനനുപേക്ഷണീയവുമായ സാധ്യതകളെയെല്ലാം അടച്ചുകളയുന്നത് ഒരു ജനാധിപത്യവിരുദ്ധ-സംവാദവിരുദ്ധ വിദ്യാഭ്യാസസമീപനത്തിന്റെ വരവിനെയാണോ സൂചിപ്പിക്കുന്നത്?


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments