മത്സരപരീക്ഷകൾക്ക് വലിയ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സംവിധാനമാണ് ഇന്നത്തേത്. പഠിക്കുന്ന വിഷയത്തിൽ പ്രാവീണ്യം നേടുക എന്നതിനേക്കാൾ, അതാത് വിഷയം എങ്ങനെ ഒരു മത്സരപരീക്ഷാനേട്ടത്തിനുപയോഗിക്കാം എന്നതിനാണ് ഇന്നത്തെ വിദ്യാർഥികൾ പ്രാധാന്യം നൽകുന്നത്. പഠനമെന്നത് സമൂഹത്തിൽ വലിയ ഇടപെടൽ നടത്താനുള്ള ഉപാധിയായി കണ്ടിരുന്ന കാലമുണ്ടായിരുന്നു എന്ന് ഇന്നത്തെ തലമുറയോട് പറഞ്ഞാൽ വിശ്വസിക്കില്ല, കാരണം അത്രത്തോളം മാറ്റം വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്നു. ഉത്തരം കണ്ടെത്തുന്നതല്ല, പകരം അവസരങ്ങൾ ഉറപ്പാക്കുകയാണ് ഇന്ന് വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്.
പൊതു വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കേരളത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ മാതൃകകൾ ഉണ്ടാകേണ്ടതാണ്. എന്നാൽ, രാജ്യം ശ്രദ്ധിക്കുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ സംഭാവന ചെയ്യാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല.
പഠനരീതി മാറി. പഠിക്കേണ്ട വിഷയത്തിലുള്ള ആഴത്തിലുള്ള അറിവിനു പകരം അവയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനാണ് ഇപ്പോൾ പ്രാധാന്യം. അതിൽതന്നെ തൊഴിൽ ഉറപ്പാക്കാത്ത ഒന്നിനോടും ഇന്നത്തെ തലമുറക്ക് താല്പര്യമില്ല. കേരളം ഇതിനൊരു വലിയ ഉദാഹരണമാണ്. പൊതു വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കേരളത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ മാതൃകകൾ ഉണ്ടാകേണ്ടതാണ്. എന്നാൽ, രാജ്യം ശ്രദ്ധിക്കുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ സംഭാവന ചെയ്യാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. തിരുവന്തപുരത്തെ സി.ഡി.എസ്, പാലക്കാട്ടെ ഐ.ഐ.ടി, കേന്ദ്ര സർവകലാശാല എന്നിവയൊക്കെയുള്ളപ്പോഴും നമ്മുടെ സംസ്ഥാന സർവകലാശാലകൾ കേരളം പോലെ തികച്ചും സ്വതന്ത്രമായ സംവിധാനം നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് ഗൗരവമായി കാണേണ്ട വിഷയമാണ്. സാങ്കേതിക വിദ്യാഭ്യാസത്തിന് നൽകിയ അമിത പ്രാധാന്യം കേരളത്തിൽ സൃഷ്ടിച്ചത് പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസവും അതോടൊപ്പം പൂർത്തീകരിക്കാൻ എഞ്ചിനീയറിംഗ് വിദ്യാഭ്യാസവുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരെയാണ്. സാമൂഹികശാസ്ത്ര വിഷങ്ങൾ പഠിക്കാൻ വേണ്ടത്ര വിദ്യാർത്ഥികളില്ലാത്ത അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്.
കേരളത്തെ കുറിച്ചുള്ള നല്ല പഠനങ്ങൾ പോലും ഉണ്ടാകുന്നത് കേരളത്തിനു പുറത്തുള്ള സർവകലാശാലകളിലാണ് എന്നത് കൗതുകകരമാണ്. ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കാൻ കേരളം മുന്നിൽനിന്നു എന്നത്, ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങളുടെ സൂചനയാണ്.
‘ഒരു രാജ്യം ഒരു പരീക്ഷ’ എന്ന നയത്തോട് എല്ലാ സംസ്ഥാനങ്ങളും യോജിക്കുന്നില്ല, തമിഴ് നാട് സർക്കാർ നീറ്റിനെതിരെ ബില്ല് തന്നെ കൊണ്ടുവന്നു. അതിൽ പ്രധാനമായും ഉന്നയിച്ച കാര്യം, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പാഠ്യപദ്ധതികൾ അടിസ്ഥാനമാക്കിയ നീറ്റിൽനിന്ന് ഗ്രാമീണ മേഖലയിലെയും സംസ്ഥാന ബോർഡ് പിന്തുടരുന്നവരുമായ വിദ്യാർഥികൾ പുറന്തള്ളപ്പെടുന്നു എന്നതാണ്. ഇത് ഏറെക്കുറെ ശരിയുമാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സംസ്ഥാനങ്ങൾ, തമിഴ് നാട് സർക്കാരിന്റെ ഈ നിരീക്ഷണത്തോട് യോജിക്കുകയാണ് വേണ്ടത്. എന്നാൽ, കർണാടകം ഒഴികെ മറ്റൊരു സംസ്ഥാനവും ഈ അഭിപ്രായം പങ്കിട്ടില്ല. ബീഹാർ, യു.പി തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്നും ഉന്നത വിദ്യാഭ്യാസം അധീശവർഗ്ഗത്തിൽ മാത്രമാണ് നിലനിൽക്കുന്നത്, അവരാണ് ഭരിക്കുന്നത് എന്നതാണ് ഇതിനൊരു കാരണം.
പ്രവേശനപരീക്ഷയിൽ കിട്ടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുമ്പോൾ രാജ്യത്തെ അധ്യാപകമികവിൽ ഉയർന്നുനിൽക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഗ്രാമീണരും പിന്നാക്കക്കാരും പ്രദേശിക ഭാഷാ വിഭാഗക്കാരുമായ വിദ്യാർത്ഥികൾ പുറന്തള്ളപ്പെടും.
നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ അസമത്വമുണ്ട് എന്നത് വസ്തുതയാണ്. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ കണക്കുകൾ അടിസ്ഥാനപ്പെടുത്തി, ജന്ധ്യാല ബി.ജി തിലകും പ്രദീപ് കുമാർ ചൗധരിയും നടത്തിയ പഠനം പറയുന്നത്, സാമ്പത്തിക അസമത്വം കൂടുന്നതോടൊപ്പം ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിലെ അസമത്വം ഗണ്യമായി വർധിക്കുന്നു എന്നാണ്. (Tilak, Jandhyala B G and Pradeep Kumar Choudhury, 2021- Inequality in Access to Higher Education in India between the Poor and the Rich: Evidence from NSSO Data. Paper prepared for the 36th IARIW Virtual General Conference).
ഈ നിരീക്ഷണത്തോട് യോജിക്കുന്ന നിരവധി പഠനങ്ങളുണ്ട്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും ഈ അവസ്ഥയിൽ മാറ്റമുണ്ടായിട്ടില്ല എന്നതും ഇതിനോട് ചേർത്തുവായിക്കണം.
ഇംഗ്ലീഷ് എന്ന ബോധന ഭാഷ
ഹിന്ദിയെ സാർവത്രിക ഭാഷയാക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചിട്ടില്ല. എന്നാൽ, കേന്ദ്ര സർവകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ഇംഗ്ളീഷ് തന്നെയാണ് പഠനഭാഷ. ഭാഷയിലെ ഈ മേധാവിത്തം വേണമെങ്കിൽ ഒരു തടസ്സമാണ് എന്നൊക്കെ പറയാം. എന്നാൽ എല്ലാവർക്കും സ്വീകാര്യമായ ഒരു ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് തന്നെയാണ് നമ്മുടെ ബോധനരീതിയെയും അറിവിനെയും നിർണയിക്കുന്നത്. എന്നാൽ ഇംഗ്ലീഷ് പരിജ്ഞാനം മാത്രം മാനദണ്ഡമായി കാണേണ്ടതുമില്ല. പ്രാദേശിക ഭാഷയിൽ പഠിച്ച അനവധി പ്രഗത്ഭർ നമുക്കു ചുറ്റുമുണ്ട്. അതിനുകാരണം പ്രാദേശിക ഭാഷയിൽ നേടിയ അറിവും പ്രായോഗിക ബുദ്ധിയും, അതോടൊപ്പം വിശകലന രീതികളുമാണ്. ഭാഷാവൈവിധ്യം വികസനത്തിന് ആക്കം കൂട്ടും എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് ഹിന്ദി മാത്രം പഠനഭാഷയാക്കാൻ കഴിയില്ല. എന്നാൽ പ്രവേശന പരീക്ഷകളിലെ കേന്ദ്രീകരണം ഇത്തരം സാധ്യതകളെ പൂർണമായും ഇല്ലാതാക്കും.
ഇന്ത്യയിലെ പ്രധാന സർവകലാശാലകൾ അവരുടേതായ പ്രവേശന പരീക്ഷ നടത്തി പ്രവേശനം നിശ്ചയിച്ച കാലങ്ങളിൽ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേകം ഗ്രേസ് മാർക്ക് നൽകുന്ന രീതിയുണ്ടായിരുന്നു. കൂടാതെ, അതാത് സർവകലാശാലകൾ ഇത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും നൽകിയിരുന്നു.
ഒരിക്കൽ ബംഗാളിലെ ജൽപായി ഗുഡി ഗ്രാമത്തിലെ തേയില തോട്ടത്തിൽ തൊഴിലാളിയായ 23 വയസുള്ള ഒരു വിദ്യാർത്ഥിയെ ഈ ലേഖകൻ അടക്കമുള്ള സമിതി എം.എ പ്രവേശനത്തിന് അഭിമുഖം നടത്തിയിരുന്നു. ഓൺലൈനായി നടത്തിയ അഭിമുഖത്തിൽ ആ പെൺകുട്ടി ആദ്യം പറഞ്ഞത്, തങ്ങൾ താമസിക്കുന്ന സ്ഥലത്ത് രണ്ടു ദിവസമായി ഇലക്ടിസിറ്റി ഇല്ല, അതുകൊണ്ട് മറ്റൊരു സ്ഥലത്തുപോയി ഫോൺ ചാർജ് ചെയ്താണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത് എന്നും അതുകൊണ്ടുതന്നെ അഭിമുഖം അധികം സമയം നീട്ടരുത് എന്നുമാണ്. അര മണിക്കൂർ അവർ സംസാരിച്ചതുപോലെ കൃത്യമായും ആശയഗാംഭീര്യത്തോടെയും ആ അഭിമുഖത്തിൽ പങ്കെടുത്ത മറ്റൊരു വിദ്യാർത്ഥിയും സംസാരിച്ചില്ല. ഹിന്ദി കലർന്ന ഇംഗ്ലീലുള്ള അവരുടെ പ്രതികരണം നമ്മുടെ നാട്ടിലെ സാമൂഹിക- സാമ്പത്തിക അസമത്വം വിളിച്ചുപറയുന്ന ഒന്നായിരുന്നു. അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്കും അവർക്കായിരുന്നു. അവർക്ക് പ്രവേശനം ഉറപ്പാക്കണം എന്ന് ആ പാനലിലുണ്ടായിരുന്ന എല്ലാവരുടെയും തീരുമാനവുമായിരുന്നു. അത് സഹതാപം കൊണ്ടായിരുന്നില്ല, പകരം ആശയദൃഢതയുള്ള ഒരു വിദ്യാർത്ഥിയെ നമുക്കുവേണം എന്ന തീരുമാനം കൊണ്ടുകൂടിയാണ്.
എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം കേന്ദ്ര പ്രവേശന പരീക്ഷയുടെ ഭാഗമായതോടെ അത്തരം കുട്ടികളെ അധികം കാണുന്നില്ല. ഉണ്ടെങ്കിൽതന്നെ, അഭിമുഖത്തിന് നിശ്ചയിച്ച 25 ശതമാനം മാർക്കിന്റെ പരിധി കാരണം പ്രവേശനം ഉറപ്പാക്കാനും കഴിയില്ല. പ്രവേശന പരീക്ഷയിലെ മാർക്ക് മാനദണ്ഡമാകുന്നതോടെ പിന്നാക്കമേഖലകളിൽ നിന്നു വരുന്നവർ പുറന്തള്ളപ്പെടും.
പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിട്ടാണ് ഒരു ദേശീയ പരീക്ഷയെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ എല്ലാ കോളേജുകളിലും സർവകലാശാലകളിലും പ്രവേശനം നിശ്ചയിക്കുന്നത്. അതുകൊണ്ടുണ്ടാകുന്ന ഒരു നേട്ടം, വിദ്യാർത്ഥികൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ അപേക്ഷ നൽകാൻ കഴിയും എന്നതാണ്. എന്നാൽ പ്രവേശനപരീക്ഷയിൽ കിട്ടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുമ്പോൾ രാജ്യത്തെ അധ്യാപകമികവിൽ ഉയർന്നുനിൽക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഗ്രാമീണരും പിന്നാക്കക്കാരും പ്രദേശിക ഭാഷാ വിഭാഗക്കാരുമായ വിദ്യാർത്ഥികൾ പുറന്തള്ളപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്തെ മറ്റൊരു വരേണ്യ ആധിപത്യത്തിലേക്കാണ് ‘ഒരു രാജ്യം ഒരു പരീക്ഷ’ എന്ന നയം രാജ്യത്തെ എത്തിക്കുക.