ഇ ഗ്രാന്റ്സ് നിഷേധം
ജാതി–വംശീയ വിവേചനം

SC/ST വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് പുറന്തള്ളുന്ന നയം സർക്കാർ തുടരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇ ഗ്രാന്റ് നിഷേധം. എങ്ങനെയാണ് ഈ അട്ടിമറി നടക്കുന്നത് എന്ന് വിശദീകരിക്കുകയാണ് എം. ഗീതാനന്ദൻ, മേരി ലിഡിയ.

വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്താൻ ഭരണഘടനയുടെ 275-ാം വകുപ്പനുസരിച്ച് SCP/TSP പദ്ധതി ഉണ്ടായിട്ടും, ഓരോ വർഷവും ബഡ്‌ജറ്റിൽ വകയിരുത്തുന്ന തുക പഠനകാലയളവിൽ നൽകാതെ അഗതി പെൻഷൻ പ്രഖ്യാപനം പോലുള്ള ഒന്നാക്കി, SC/ST വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാൻ്റ് വിതരണത്തെ കേരള സർക്കാർ അട്ടിമറിച്ചിരിക്കയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ഇ-ഗ്രാൻ്റ് പരിഷ്‌കാരത്തിൻ്റെ ആദ്യ ഇരകളായി വിദ്യാർത്ഥികൾ മാറിയിരിക്കുന്നു.

SC/ST വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് പുറന്തള്ളുന്ന നയം സർക്കാർ തുടരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇ ഗ്രാന്റ് നിഷേധം. ഇതുവഴി, കടുത്ത മനുഷ്യാവകാശ ലംഘനമാണ് SC/ST വിദ്യാർത്ഥികളോട് സർക്കാർ തുടരുന്നത്. ബജറ്റിൽ വകയിരുത്തുന്ന വിദ്യാഭ്യാസ അവകാശത്തിനുള്ള തുക പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടതുണ്ട്. ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ഹോസ്റ്റൽ അലവൻസുകൾ, സ്റ്റൈപ്പന്റ് തുടങ്ങിയവ തുച്ഛമായതും വിദ്യാർത്ഥികളുടെ ജീവിതം നിർവഹിക്കാൻ കഴിയാത്തതുമാണ്. അതാകട്ടെ പഠനകാലയളവിൽ നൽകുന്നുമില്ല.

രണ്ട് ദശകത്തിനുള്ളിൽ ഇടതുമുന്നണിയിലെ പ്രഗത്ഭരായ രണ്ട് മന്ത്രിമാർ വകുപ്പ് കൈകാര്യം ചെയ്തിട്ടും തുക വർദ്ധിപ്പിച്ചില്ലെന്ന് മാത്രമല്ല, പഠനകാലയളവിൽ നൽകാറുമില്ല. ഡിഗ്രി / പി.ജി / പ്രൊഫഷണൽ വിദ്യാർത്ഥികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കാൻ നിർബന്ധിതരുമാകുന്നു. ട്യൂഷൻ ഫീസ് ഇനത്തിൽ സ്ഥാപനങ്ങൾക്ക് നൽകേണ്ട തുക സമയത്തിന് നൽകാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കടുത്ത സമ്മർദ്ദവും നേരിടുന്നുണ്ട്.

സ്വാശ്രയ കോളേജുകൾക്ക് ഉയർന്ന ഫീസ് നിർണ്ണയിച്ചു നൽകുന്ന സർക്കാർ അതേ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന SC/ST വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻ്റ് ഇനത്തിൽ മുഴുവൻ ഫീസിനങ്ങളും ഉൾപ്പെടുത്തുന്നില്ല

തുച്ഛമായ ഹോസ്റ്റൽ അലവൻസുകൾ

സർക്കാർ / എയ്‌ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന SC / ST വിദ്യാർത്ഥികൾക്ക് ഡിഗ്രി / പി.ജി. കോഴ്‌സുകൾക്ക് 3500 രൂപ മാത്രമാണ് ബോർഡിംഗ് & ലോഡ്‌ജിംഗ് അലവൻസ്. എം.ബി.ബി.എസ്. /എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് 4500 രൂപയും നൽകുന്നു. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.സി. വിഭാഗം ഡിഗ്രി / പി.ജി. / പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് 1500 രൂപ മാത്രമാണ് നൽകുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവനുസരിച്ച് ഹോസ്റ്റൽ അലവൻസ് വർദ്ധിപ്പിക്കുന്നില്ല. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന ST വിദ്യാർത്ഥികൾക്ക് 3000 രൂപയും പോക്കറ്റ് മണി 200 രൂപയുമാണ്. ഒരു ദശകത്തിനുള്ളിൽ 190 രൂപയിൽ നിന്ന് 200 രൂപയാണ് വർധിച്ചത്. രജനി എസ്. ആനന്ദിൻ്റെ ആത്മാഹുതിക്കുശേഷം ഒന്നര ദശകം കഴിഞ്ഞിട്ടും 1000- ൽ നിന്ന് 1500 രൂപയായാണ് വർധിച്ചത്.

സ്വകാര്യവൽക്കരണം ശക്തിപ്രാപിച്ചതോടെ എല്ലാ യൂണിവേഴ്സിറ്റികളും ന്യൂജനറേഷൻ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുമൂലം വിദ്യാർത്ഥികൾക്ക് വിദൂര ജില്ലകളിലേക്കും നഗരങ്ങളിലേക്കും താമസം മാറേണ്ടതുണ്ട്. അതിന് ഇപ്പോൾ നൽകുന്ന തുച്ഛമായ തുക ഒരുവിധത്തിലും ഉപകാരപ്പെടുന്നില്ല.

ഹോസ്റ്റൽ അലവൻസ് നൽകുന്നതിന് ശാസ്ത്രീയവും മാനുഷികവുമായ നയം സർക്കാരിനില്ല. തുച്ഛമായ ഈ തുക കൊണ്ട് ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നഗരത്തിൽ ജീവിക്കാൻ കഴിയില്ല എന്ന് ഏവർക്കുമറിയാം. ‘ഞങ്ങൾ ഔദാര്യമായി നൽകുന്ന തുക കൊണ്ട് പഠിച്ചാൽ മതി’ എന്ന സമീപനമാണ് ഭരണകർത്താക്കൾക്ക്. 25 വർഷത്തിനുള്ളിൽ വിരലിലെണ്ണാവുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ മാത്രമെ SC/ST വകുപ്പ് ആരംഭിച്ചിട്ടുള്ളൂ.

വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടതിനെതുടർന്ന് 2004 ജൂലൈ 22ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച രജനി എസ്. ആനന്ദ്. രജനി എസ്. ആനന്ദിൻ്റെ ആത്മാഹുതിക്കുശേഷം ഒന്നര ദശകം കഴിഞ്ഞിട്ടും SC- ST വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് 1000- ൽ നിന്ന് 1500 രൂപയായാണ് വർധിച്ചത്.
വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടതിനെതുടർന്ന് 2004 ജൂലൈ 22ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച രജനി എസ്. ആനന്ദ്. രജനി എസ്. ആനന്ദിൻ്റെ ആത്മാഹുതിക്കുശേഷം ഒന്നര ദശകം കഴിഞ്ഞിട്ടും SC- ST വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് 1000- ൽ നിന്ന് 1500 രൂപയായാണ് വർധിച്ചത്.

ഹോസ്റ്റൽ താമസത്തിന് വരുന്ന യഥാർത്ഥ തുക (Actual Boarding & Lodging Cost - ABLC) നൽകാൻ SC/ST വകുപ്പിൽനിന്ന് നിരവധി കത്തുകൾ ധനകാര്യവകുപ്പിനും, സർക്കാരിനും അയച്ചിട്ടുണ്ട്. എങ്കിലും രണ്ട് പ്രധാനപ്പെട്ട വ്യക്തികൾ ഇടതുമുന്നണിയിൽ നിന്ന് വകുപ്പുമന്ത്രിമാരായി ഉണ്ടായിരുന്ന കാലഘട്ടത്തിൽ പോലും ഇക്കാര്യം കാബിനറ്റിൽ അംഗീകരിപ്പിക്കാനായില്ല. 2020-21 വർഷങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ ഇ- ഗ്രാൻ്റ് പരിഷ്കാരം വന്നതോടെ ട്യൂഷൻ ഫീസും, മറ്റെല്ലാതരം ഗ്രാൻ്റുകളും നൽകുന്നതിൽ കാലതാമസം വരികയോ ഇല്ലാതാവുകയോ ചെയ്‌തു എന്നതും യാഥാർത്ഥ്യമാണ്.

പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ഹോസ്റ്റൽ ഫീസ് പ്രതിമാസം 4500 രൂപ മാത്രമാണ്. എല്ലാ ഹോസ്റ്റലുകളിലും ഫീസ് ഇതിൻ്റെ നേരെ ഇരട്ടിയാണ്.

പ്രൊഫഷണൽ വിദ്യാർത്ഥികൾ
സമ്മർദ്ദത്തിൽ

എം.ബി.ബി.എസ്. / എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിലെ ഫീസ് നിർണ്ണ യിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാരസമിതി നിർണ്ണയിക്കുന്ന ഫീസാണ് സ്ഥാപനങ്ങൾ വാങ്ങുന്നത്. ഭീമമായ ട്യൂഷൻ ഫീസ് കൂടാതെ, സ്പെഷ്യൽ ഫീസ്, ഹോസ്റ്റൽ ഫീസ്, കോഷൻ ഡെപ്പോസിറ്റ്, ടെക്സ്റ്റ് ബുക്ക് ഫീസ് എന്നിവയെല്ലാം ഇതിൽ പെടും. ഇത് അടയ്ക്കാതെ സ്വാശ്രയ കോളേജിൽ പ്രവേശനം നൽകില്ല. എന്നാൽ സ്വാശ്രയ കോളേജുകൾക്ക് ഉയർന്ന ഫീസ് നിർണ്ണയിച്ചു നൽകുന്ന സർക്കാർ അതേ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന SC/ST വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻ്റ് ഇനത്തിൽ മുഴുവൻ ഫീസിനങ്ങളും ഉൾപ്പെടുത്തുന്നില്ല. ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസിൻ്റെ ഒരു ഭാഗവും മാത്രമെ ഉൾപ്പെടുത്തുന്നുള്ളു. ഇത് നൽകുന്നതാകട്ടെ ഏറെ വൈകിയും.

പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ഹോസ്റ്റൽ ഫീസ് പ്രതിമാസം 4500 രൂപ മാത്രമാണ്. എല്ലാ ഹോസ്റ്റലുകളിലും ഫീസ് ഇതിൻ്റെ നേരെ ഇരട്ടിയാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന SC/ST വിദ്യാർത്ഥികളിൽ നിരവധി പേർ പ്രവേശനം നേടുന്നത് സ്വാശ്രയ കോളേജുകളിലാണ്. ട്യൂഷൻ ഫീസ്, ഭാഗികമായി ലഭിക്കുന്ന ഹോസ്റ്റൽ ഫീസ് എന്നിവയ്ക്കു പുറമെ വരുന്ന തുകയിൽ ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ പല സ്ഥാപനങ്ങളും SC/ST വിദ്യാർത്ഥികളോട് മുൻകൂർ അടക്കാൻ ആവശ്യപ്പെടുകയാണ്. ആ തുക അടച്ചാലേ പ്രവേശനം നൽകുകയുള്ളൂ. സർക്കാർ നിശ്ചയിച്ച ഫീസാണ് ആവശ്യപ്പെടുന്നതെന്നാണ് സ്ഥാപന അധികൃതരുടെ വാദം. കോഴ്സ് കാലയളവ് കഴിഞ്ഞു മാത്രമെ ഇ- ഗ്രാൻ്റ് തുക വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുള്ളു എന്നതും, അത് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത് എന്നതും മേൽപറഞ്ഞ സമ്മർദ്ദത്തിന് കാരണമാണ്.

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവനുസരിച്ച് ഹോസ്റ്റൽ അലവൻസ് വർദ്ധിപ്പിക്കുന്നില്ല. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന ST വിദ്യാർത്ഥികൾക്ക് 3000 രൂപയും പോക്കറ്റ് മണി 200 രൂപയുമാണ്.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവനുസരിച്ച് ഹോസ്റ്റൽ അലവൻസ് വർദ്ധിപ്പിക്കുന്നില്ല. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന ST വിദ്യാർത്ഥികൾക്ക് 3000 രൂപയും പോക്കറ്റ് മണി 200 രൂപയുമാണ്.

ഡിഗ്രി / പി.ജി. വിദ്യാർത്ഥികളുടെ പ്രതിസന്ധി

ഡിഗ്രി / പി.ജി. പ്രവേശന കാലഘട്ടം മുതൽ SC/ST വിദ്യാർത്ഥികൾ സമ്മർദ്ദത്തിലാണ്. വിവിധ യൂണിവേഴ്സിറ്റികളും, അഫിലിയേറ്റഡ് കോളേജുകളും സ്വയംഭരണ കോളേജുകളും യൂണിവേഴ്സിറ്റികൾ അംഗീകരിച്ച ഫീസാണ് ഈടാക്കുന്നതെങ്കിലും എല്ലാതരം ഫീസുകളും ഇ-ഗ്രാൻ്റിൽ ഉൾപ്പെടുത്തുന്നില്ല. നിരവധി ന്യൂജനറേഷൻ കോഴ്സുകൾക്ക് യൂണിവേഴ്‌സിറ്റികൾ അംഗീകാരം കൊടുക്കുന്നുണ്ടെങ്കിലും SC/ST വകുപ്പ് ഇത്തരം കോഴ്‌സുകളെ ഇ-ഗ്രാൻ്റ് പരിധിയിൽ കൊണ്ടുവരുന്നത് ഏറെ വൈകിയാണ്.

SC/ST വിദ്യാർത്ഥികളോട് മുൻകൂർ ഫീസ് വാങ്ങരുതെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും, ഫ്രീഷിപ്പ് കാർഡ് വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ടെങ്കിലും, സർക്കാർ അംഗീകരിക്കുന്ന ഫീസിൽ ട്യൂഷൻ ഫീസ് മാത്രമേ കാണൂ. മറ്റ് ഫീസുകൾ അടക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതമാകുന്നു. യൂണിവേഴ്സിറ്റികളും സ്വയംഭരണസ്ഥാപനങ്ങളും, കോളേജുകളും (പ്രത്യേകിച്ച് എയ്‌ഡഡ്) സെമസ്റ്റർ ഫീസ് മുൻകൂർ അടക്കാൻ നിർബന്ധിക്കുന്നു. കോഴ്‌സ് കാലാവധി കഴിഞ്ഞാലേ മുഴുവൻ ഫീസും ലഭിക്കൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഫീസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലാണ് വരുന്നത് എന്നതിനാൽ സെമസ്റ്റർ ഫീസ് മുൻകൂർ അടക്കാൻ സ്ഥാപനങ്ങൾ നിർബന്ധിക്കുന്നു. പരീക്ഷാഫീസ് ഇ-ഗ്രാന്റ് പരിധിയിൽ വരുമെങ്കിലും ഹാൾ ടിക്കറ്റ് കിട്ടണമെങ്കിൽ പരീക്ഷാ ഫീസ് അടക്കണം. ചില സ്ഥാപനങ്ങൾ സെമസ്റ്റർ ഫീസ് അടച്ചാൽ മാത്രമേ ഹാൾ ടിക്കറ്റ് നൽകാറുള്ളൂ. സെമസ്റ്റർ ഫീസ് അടച്ചാലേ വൈവയ്ക്ക് പങ്കെടുപ്പിക്കൂ എന്ന നിലപാടെടുത്ത സ്ഥാപനങ്ങളുണ്ട്. കോഴ്സ് കഴിഞ്ഞാലും സെമസ്റ്റർ ഫീസ് ലഭിക്കുന്നില്ല എന്നതിനാൽ ടി.സി. നൽകാത്ത സ്ഥാപനങ്ങൾ നിരവധിയാണ്. എല്ലാറ്റിനും പുറമെ കോഴ്‌സ് കഴിഞ്ഞതിനുശേഷം ട്യൂഷൻ ഫീസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത് എന്നത് മാനേജുമെൻ്റുകളെ പ്രതിസന്ധിയിലാക്കുന്നു. ചില മാനേജുമെന്റുകൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ SC/ST വിദ്യാർത്ഥികൾക്ക് ഭരണഘടനയുടെ 15 (4) ഉറപ്പുനൽകുന്ന വകുപ്പുകൾ അപ്രസക്തമാക്കുകയാണ്.

IIT / NIT കളിലെ ഉയർന്ന ഫീസ്,
ഗവേഷക വിദ്യാർത്ഥികളോടുള്ള
അവഗണന

ഗവേഷക വിദ്യാർത്ഥികളോടുള്ള സർക്കാർ അവഗണന നിരവധി രൂപങ്ങളിലാണ് പ്രകടമാകുന്നത്. ഏറെ വൈകിയാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. സാമൂഹിക പിന്നാക്കാവസ്ഥയോട് പൊരുതി ഗവേഷക മേഖലയിലെത്തുമ്പോൾ, സ്‌കോളർഷിപ്പിന് തെരുവിലിറങ്ങേണ്ടിവരുന്ന സാഹചര്യം കേരളത്തിലുണ്ട്.

IIT, NIT പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ SC/ST വിദ്യാർത്ഥികൾ ഉയർന്ന ഫീസ് മുൻകൂർ നൽകേണ്ട സ്ഥിതിയാണ്. ഗവേഷക വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കിട്ടുന്നതിന് 40 വയസ്സ് പ്രായപരിധി നിശ്ചയിച്ചതും ഒഴിവാക്കൽ നയത്തിൻ്റെ ഭാഗമാണ്. ദലിത്– ആദിവാസി വിദ്യാർത്ഥികളോട് മാത്രമാണ് ഈ വിവേചനം.

2025-26 വിദ്യാഭ്യാസ വർഷം പകുതി കഴിഞ്ഞു. ഈ വർഷത്തെ രജിസ്ട്രേഷൻ നടപടി ആരംഭിച്ചിട്ടേ ഉള്ളൂ. പ്രോസസിംഗും, പേയ്മെന്റും നടക്കണമെങ്കിൽ ഇനിയും എത്ര വർഷം കാത്തിരിക്കണം?

2.5 ലക്ഷം വരുമാനപരിധിയും
ഇ- ഗ്രാൻ്റ് വിതരണ അട്ടിമറിയും

കേന്ദ്ര സർക്കാർ 2020-21 ൽ കൊണ്ടുവന്ന PMSS (Post Matric Scholarship of SCs) ഗൈഡ് പ്രാബല്യത്തിൽ വന്നശേഷമാണ് ഇ-ഗ്രാൻ്റ് വിതരണം സങ്കീർണ്ണമായത്. ഭരണഘടനാപരമായ സംരക്ഷിത പദ്ധതി എന്നത് മാറ്റി ഔദാര്യപരിപാടിയാക്കി ഇ- ഗ്രാൻ്റിനെ കേന്ദ്ര സർക്കാർ മാറ്റിയതിനെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്‌തില്ല. 2.5 ലക്ഷം രൂപ വാർഷിക വരുമാന പരിധി നീക്കണമെന്ന് സംസ്ഥാന സർക്കാർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

ഇ- ഗ്രാൻ്റ് പോർട്ടലിലെ പേയ്മെന്റ്റിന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ടൈംലൈൻ (വർഷത്തിൽ നാലു ഘട്ടങ്ങളിലായുള്ള ഇ- ഗ്രാന്റ് പേയ്മെന്റ്: സെപ്തം. 10, ഡിസംബർ 10, ഫെബ്രുവരി 10, മാർച്ച്) SC/ST വകുപ്പു തന്നെ അട്ടിമറിച്ചു. 2021-ൽ PMSS ഗൈഡ്ലൈനിൽ ഒരു വർഷക്കാലയളവിൽ നാലു ഗഡുക്കളായി ഇ-ഗ്രാൻ്റ് തുക പോർട്ടലിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും മുൻമന്ത്രി കെ. രാധാകൃഷ്‌ണൻ്റെ കാലത്ത് SC ST വകുപ്പ് ഇറക്കിയ ഉത്തരവിൽ (GO(P)No.2/SCSTD dt./5-2-2023) ഇ- ഗ്രാൻ്റ് നൽകുന്നതിനുള്ള സമയക്രമം പറയാതെ കേന്ദ്ര ഗൈഡ്‌ലൈൻ നിർദ്ദേശം അട്ടിമറിച്ചു. പകരം ധനകാര്യ വകുപ്പിലും ബ്യൂറോക്രസിയിലുമുള്ള, ഉദ്യോഗസ്ഥർക്ക് സൗകര്യമുള്ള സമയത്തുമാത്രം നൽകിയാൽ മതി എന്ന നിലയിലേക്ക് പദ്ധതിയെ മാറ്റി. കേന്ദ്ര സർക്കാരിൻ്റെ അനാവശ്യമായ നിബന്ധനകളെ മറികടക്കാൻ SC/ST വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ ചെയ്തില്ല.

അടിസ്ഥാന വികസനത്തിന് കിഫ്ബി (KIFBI) യിൽ നിന്ന് 10,000 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന് പറയുന്നുണ്ട്. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മുടങ്ങാതെ പ്രതിവർഷം 10,000 കോടി രൂപ ശമ്പളമായി സർക്കാർ നൽകുന്നുണ്ട്. മന്ത്രിമാർക്കും സർക്കാർ ജീവനക്കാർക്കും കൃത്യമായി ശമ്പളം വർധിപ്പിക്കുന്നുണ്ട്. ബജറ്റിൽ തുക വകയിരുത്തിയിട്ടും വിദ്യാഭ്യാസ കാലഘട്ടത്തിൽ ഉപജീവനത്തിന് നൽകേണ്ട തുക കാലാനുസൃതം വർധിപ്പിക്കാത്തത് കാരണം വിദ്യാർത്ഥികൾ ഉന്നത പഠനമേഖലയിൽ നിന്നും പുറന്തള്ളപ്പെടുകയാണ്.

2021-ൽ PMSS ഗൈഡ്ലൈനിൽ ഒരു വർഷക്കാലയളവിൽ നാലു ഗഡുക്കളായി ഇ-ഗ്രാൻ്റ് തുക പോർട്ടലിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും മുൻമന്ത്രി കെ. രാധാകൃഷ്‌ണൻ്റെ കാലത്ത് SC ST വകുപ്പ് ഇറക്കിയ ഉത്തരവിൽ ഇ- ഗ്രാൻ്റ് നൽകുന്നതിനുള്ള സമയക്രമം പറയാതെ കേന്ദ്ര ഗൈഡ്‌ലൈൻ നിർദ്ദേശം അട്ടിമറിച്ചു.
2021-ൽ PMSS ഗൈഡ്ലൈനിൽ ഒരു വർഷക്കാലയളവിൽ നാലു ഗഡുക്കളായി ഇ-ഗ്രാൻ്റ് തുക പോർട്ടലിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും മുൻമന്ത്രി കെ. രാധാകൃഷ്‌ണൻ്റെ കാലത്ത് SC ST വകുപ്പ് ഇറക്കിയ ഉത്തരവിൽ ഇ- ഗ്രാൻ്റ് നൽകുന്നതിനുള്ള സമയക്രമം പറയാതെ കേന്ദ്ര ഗൈഡ്‌ലൈൻ നിർദ്ദേശം അട്ടിമറിച്ചു.

കെട്ടിക്കിടക്കുന്ന കുടിശ്ശിക

2024- ലെ കണക്കനുസരിച്ച് (2023- 2024 വിദ്യാഭ്യാസ വർഷം) പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായത് 4,08,532 വിദ്യാർത്ഥികളാണ്. ഒരു ലക്ഷത്തോളം പേരുടെ അപേക്ഷ ഇ-ഗ്രാൻ്റ് സൈറ്റിൽ വന്നിട്ടില്ല. കഴിഞ്ഞ വിദ്യാഭ്യാസവർഷം അവസാനിക്കുമ്പോൾ 1,24,188 വിദ്യാർത്ഥികളുടെ ഇ-ഗ്രാൻ്റിന് മാത്രമാണ് അനുമതി നൽകിയിരുന്നത്. 2023-24 വിദ്യാഭ്യാസ വർഷം 2,77,418 വിദ്യാർത്ഥികളുടെ പേയ്മെൻ്റ് കെട്ടിക്കിടക്കുകയായിരുന്നു. 2024-25 വിദ്യാഭ്യാസ വർഷത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഇ-ഗ്രാൻ്റിന് അപേക്ഷിച്ചിരിക്കാനിടയുണ്ട്. പേയ്മെന്റ് മുൻവർഷങ്ങളിലേതുപോലെ മാത്രമാണ് പുരോഗമിക്കുന്നത്. 2025-26 വിദ്യാഭ്യാസ വർഷം പകുതി കഴിഞ്ഞു. ഈ വർഷത്തെ രജിസ്ട്രേഷൻ നടപടി ആരംഭിച്ചിട്ടേ ഉള്ളൂ. പ്രോസസിംഗും, പേയ്മെന്റും നടക്കണമെങ്കിൽ ഇനിയും എത്ര വർഷം കാത്തിരിക്കണം?

2021-നുശേഷം കേന്ദ്ര സർക്കാർ ഇ- ഗ്രാന്റ് പരിഷ്കരണം നടത്തിയപ്പോൾ അതിന്റെ പ്രത്യാഘാതം കണക്കിലെടുത്ത് യാതൊരു മുൻകരുതലും കേരള സർക്കാർ എടുത്തില്ല. കേന്ദ്രസർക്കാർ രണ്ടര ലക്ഷം വാർഷിക വരുമാനപരിധി കൊണ്ടുവന്നു. ഭരണഘടനാപരമായി ബജറ്റിൽ വകയിരുത്തി പിന്നാക്കം നിൽക്കുന്നവർക്ക് നൽകേണ്ട വിദ്യാഭ്യാസ പദ്ധതികളെ കേന്ദ്രസർക്കാർ പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുന്ന സ്കോളർഷിപ്പുകളാക്കി. നിരവധി വിദ്യാർത്ഥികളെ കേന്ദ്രപദ്ധതിയിൽ നിന്ന് ഒഴിവാക്കി. എന്നാൽ സംസ്ഥാന സർക്കാർ അതിനെ എതിർത്തില്ല. സംസ്ഥാന സർക്കാർ നടപടികൾ ഇ- ഗ്രാന്റ് വിതരണത്തെ കൂടുതൽ സങ്കീർണമാക്കുകയായിരുന്നു.

പല ഇൻസ്റ്റിറ്റ്യൂട്ടുകളും മുൻകൂർ ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നു. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ് എന്നിവ അടച്ചില്ലെങ്കിൽ ഹാൾ ടിക്കറ്റ് നൽകാത്ത സ്ഥാപനങ്ങൾ നിരവധിയാണ്. ടി.സി നൽകാത്ത കോഴ്സുകൾ നിരവധിയാണ്.

വർഷത്തിൽ നാല് പ്രാവശ്യം വിദ്യാർത്ഥികൾക്ക് നൽകാവുന്ന തുക അക്കൗണ്ടിൽ നിക്ഷേപിക്കണം എന്നാണ് കേന്ദ്ര ഗൈഡ്ലൈൻ. എന്നാൽ അത് വർഷത്തിൽ ഒരു പ്രാവശ്യം എന്നാക്കി സംസ്ഥാന സർക്കാർ ഉത്തരവിട്ടു, കേന്ദ്ര ഗൈഡ് ലൈൻ അട്ടിമറിച്ചു. കൃത്യമായ തീയതി പാലിക്കാത്തതുകൊണ്ട് രണ്ടുവർഷത്തെ കുടിശ്ശികയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കാനുള്ളത്. ഇതിന്റെ സമ്മർദ്ദം വിദ്യാർത്ഥികൾ അനുഭവിക്കുന്നു.

സ്ഥാപനത്തിന് നൽകേണ്ട ഫീസ് ഉൾപ്പെടെ വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് കേന്ദ്ര ഗൈഡ് ലൈൻ. അത് പാലിക്കാത്തതുകൊണ്ട് പല ഇൻസ്റ്റിറ്റ്യൂട്ടുകളും മുൻകൂർ ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നു. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ് എന്നിവ അടച്ചില്ലെങ്കിൽ ഹാൾ ടിക്കറ്റ് നൽകാത്ത സ്ഥാപനങ്ങൾ നിരവധിയാണ്. ടി.സി നൽകാത്ത കോഴ്സുകൾ നിരവധിയാണ്. മുൻകൂർ ഫീസ് അടച്ചാൽ മാത്രമേ വൈവെയ്ക്ക് പങ്കെടുക്കാൻ കഴിയൂ എന്ന് പറയുന്ന സ്ഥാപനങ്ങളും ഉണ്ട്. ഇ-ഗ്രാൻഡ് വഴി നൽകുന്ന ഫീസിനങ്ങൾ യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളും അംഗീകരിച്ച ഫീസുകൾ ഉൾപ്പെടുന്നില്ലെന്നാണ് കാരണം, പ്രവേശന സമയത്തുതന്നെ മുൻകൂർ ഫീസ് അടയ്ക്കാൻ സ്ഥാപനങ്ങൾ നിർബന്ധിക്കുന്നു.

സ്കൂൾ തലങ്ങളിലെ പ്രീമെട്രിക് സ്കോളർഷിപ്പുകളും ഏറെ വൈകിയും ക്രമരഹിതമായും ആണ് നൽകിവരുന്നത്. ദലിത്–ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് ലഭിച്ചുകൊണ്ടിരുന്നത് വിദ്യാഭ്യാസ പിന്തുണ മാത്രമാണ്. അത് ഇല്ലാതാക്കുന്നത് ജാതി–വംശീയ വിവേചനമാണ്.

സ്കൂൾ തലങ്ങളിലെ പ്രീമെട്രിക് സ്കോളർഷിപ്പുകളും ഏറെ വൈകിയും ക്രമരഹിതമായും ആണ് നൽകിവരുന്നത്.
സ്കൂൾ തലങ്ങളിലെ പ്രീമെട്രിക് സ്കോളർഷിപ്പുകളും ഏറെ വൈകിയും ക്രമരഹിതമായും ആണ് നൽകിവരുന്നത്.

മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണം,
ബജറ്റ് തുക വർദ്ധിപ്പിക്കണം

SC/ST ഫണ്ട് വകയിരുത്തുന്നതിൽ വലിയൊരു ഭാഗവും ലാപ്‌സാക്കുകയാണ്. പല സ്കീമുകളും നടപ്പാക്കുന്നില്ല. എന്നാൽ വിദ്യാഭ്യാസമേഖലയ്ക്ക് ആവശ്യമായ തുക വകയിരുത്തുന്നുമില്ല. നിലവി ലുള്ള പ്രതിസന്ധി മറികടക്കാനും, SC/ST വിദ്യാർത്ഥികൾക്ക് മറ്റ് വിദ്യാർത്ഥികളെ പോലെ പഠിക്കാനും കഴിയണമെങ്കിൽ അതാത് വിദ്യാഭ്യാസ വർഷവും സെമസ്റ്ററുകളിലും ഇ-ഗ്രാൻ്റ് ലഭിക്കാനും കുടിശ്ശിക കൊടുത്തുതീർക്കാനും അധിക തുക വകയിരുത്തണം. 300 കോടി രൂപയെങ്കിലും അധികമായി വകയിരുത്തണം. കൃത്യമായ ടൈംലൈൻ അനുസരിച്ച് പേയ്മെന്റ് നടത്തണം. ഭരണഘടനാപരമായ അവകാശം ഉറപ്പുവരുത്താൻ എല്ലാ വിദ്യാർത്ഥികളും ഇ-ഗ്രാൻ്റ് പരിധിയിൽ വന്നു എന്ന് സർക്കാർ ഉറപ്പുവരുത്തണം. ഇതിന് സ്വീകരിക്കേണ്ട നടപടികൾ:

  • SC/ST വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ, ഇ-ഗ്രാൻ്റ് വിഷയം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയോ ചെയ്യുക.

  • ഹോസ്റ്റൽ അലവൻസ് കാലാനുസൃതമായി വർദ്ധിപ്പിക്കുക.

  • പ്രൊഫഷണൽ കോഴ്‌സുകൾക്ക് സർക്കാർ നിയോഗിക്കുന്ന ഉന്നതാധികാരസമിതി നിശ്ചയി ക്കുന്ന എല്ലാതരം ഫീസും ഇ-ഗ്രാൻ്റ് പരിധിയിൽ കൊണ്ടുവരിക.

  • ഡിഗ്രി / പി.ജി./ എം.എസ്.ഡബ്ല്യു തുടങ്ങിയ കോഴ്‌സുകൾക്ക് സർക്കാർ / യൂണിവേഴ്സിറ്റികൾ / സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നിശ്ചയിക്കുന്ന എല്ലാതരം ഫീസുകളും ഇ-ഗ്രാൻ്റ് പരിധിയിൽ കൊണ്ടുവരണം.

  • SC/ST വിദ്യാർത്ഥികളുടെ എല്ലാ മേഖലകളിലുമുള്ള ഇ-ഗ്രാൻ്റ് ഫീസുകൾ എല്ലാ അധ്യയനവർഷവും പുതുക്കി നിർണ്ണയിക്കാൻ സ്ഥിരമായ വിദഗ്ധ സമിതിയെ നിയോഗിക്കുക. നിലവിൽ ഉദ്യോഗസ്ഥരുടെ ഔദാര്യം പോലെ നൽകുന്ന നടപടി അവസാനിപ്പിക്കുക; എല്ലാതരം അധ്യയനവർഷവും പുതിയ കോഴ്‌സുകൾ ഇ-ഗ്രാൻ്റ് പരിധിയിൽ കൊണ്ടുവരുന്നതും മേൽപറഞ്ഞ വിദഗ്‌ധസമിതിയുടെ പരിധിയിൽ കൊണ്ടുവരിക.

  • ഹോസ്റ്റൽ അലവൻസ് പ്രതിമാസം നൽകുക, സെമസ്റ്റർ ഫീസ് നൽകാൻ കൃത്യമായ ടൈംലൈൻ പാലിക്കുക, സ്ഥാപനങ്ങൾക്ക് നൽകാനുള്ള ട്യൂഷൻ ഫീസ് സ്ഥാപനങ്ങൾക്ക് നൽകുക.

  • 2.5 ലക്ഷം വാർഷിക വരുമാനപരിധി എടുത്തുകളയുക.

  • ഗവേഷക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നീതിയുക്തമായി പരിഷ്‌കരിക്കുക, സമയോ ചിതമായി വിതരണം ചെയ്യുക, പ്രായപരിധി എടുത്തുകളയുക.

  • സംസ്ഥാന- ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 'ഗ്രീവൻസ് സെൽ' രൂപീകരിക്കുക.

  • പാലക്കാട് മെഡിക്കൽ കോളേജ് പട്ടികജാതി വികസന വകുപ്പിന് കീഴിൽ നിലനിർത്തുക.


Summary: Denying e-grants to SC/ST students is clear evidence that the government continues policies that push them out of higher education. M. Geethanandan and Mary Lydia writes.


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

മേരി ലിഡിയ

സ്റ്റേറ്റ് കോ- ഓർഡിനേറ്റർ, ആദിശക്തി സമ്മർ സ്കൂൾ.

Comments