സി.ബി.എസ്.ഇ. പരീക്ഷ എന്തിനാണ്​ ഒബ്‌ജക്റ്റീവ് ടൈപ്പാക്കുന്നത്​?

കോവിഡാനന്തര വിദ്യാഭ്യാസം കേവലം ക്ലാസ്​ മുറിയിൽ നിന്ന്​ വീട്ടിലേക്കുള്ള പാഠഭാഗങ്ങളുടെ വിനിമയം മാത്രമല്ല, മറിച്ചു സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാറുന്ന പരിസ്ഥിതിയെ, മനസ്സിലാക്കി അതിലെ വെല്ലുവിളികളെ ഏറ്റെടുത്തു സർഗാത്മകമായ ശേഷികൾ ആർജ്ജിച്ചു ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വയം മനസ്സിലാക്കലാണ്. പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ഒരന്തരീക്ഷം നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാവട്ടെ. സി.ബി.എസ്.ഇ. പരീക്ഷ, മത്സര പരീക്ഷകളെപ്പോലെ ഒബ്‌ജെക്റ്റീവ് ടൈപ്പാകുമ്പോൾ വിദ്യാർഥികളെ അത്​ എങ്ങനെ ബാധിക്കും എന്ന അന്വേഷണം

ത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം വൺ പരീക്ഷകൾ ഒബ്ജക്റ്റീവ് ടൈപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചിരിക്കുകയാണ്. മുമ്പത്തേതിൽനിന്ന് ഭിന്നമായി ഈ അക്കാദമിക വർഷം മുതൽ ബോർഡ് പരീക്ഷകൾ രണ്ടു തവണയായി നടത്തുമെന്നും ടേം വൺ ബോർഡ് പരീക്ഷ അസസ്‌മെന്റ് പൂർണമായും ഒബ്ജക്റ്റീവ് ടൈപ്പിൽ ആയിരിക്കുമെന്നുമാണ് തീരുമാനം. 90 മിനിറ്റായിരിക്കും പരീക്ഷാസമയം. ടേം 2 പരീക്ഷ 2022 മാർച്ച്- ഏപ്രിൽ മാസത്തിലായിരിക്കും നടത്തുക. ഇത് സബ്ജക്റ്റീവ്- ഒബ്ജക്റ്റീവ് ടൈപ്പ് ആയിരിക്കും- സി.ബി.എസ്.ഇ സർക്കുലറിൽ പറയുന്നു.

പുതിയ ഒബ്ജക്റ്റീവ് ഫോർമാറ്റിൽ, വായനക്കുള്ള സമയം അഞ്ചുമിനിറ്റ് കൂട്ടിയിട്ടുണ്ട്. ചോദ്യങ്ങൾ വായിച്ചുനോക്കാനും ശരിയായ ഉത്തരം തെരഞ്ഞെടുക്കാനും ഇത് വിദ്യാർഥികളെ സഹായിക്കുമെന്ന് സി.ബി.എസ്.ഇ പറയുന്നു. സബ്ജക്റ്റീവ് രീതിയേക്കാൾ കൂടുതൽ സ്‌കോർ ചെയ്യാനും കുട്ടികളുടെ സമ്മർദവും പേടിയും കുറയ്ക്കാനും ഒബ്ജക്റ്റീവ് രീതി സഹായിക്കുമെന്നാണ് ഒരു വാദം. എന്നാൽ, ഇത് കുട്ടികളിലെ ക്രിയാത്മ ചിന്താശേഷി ഇല്ലാതാക്കുമെന്നും വൈജ്ഞാനികമായ ഗ്രാഹ്യശേഷി ദുർബലമാക്കുമെന്നുമുള്ള മറുവാദവുമുണ്ട്.

പരീക്ഷാ പരിഷ്‌കാരങ്ങൾ എങ്ങനെയാണ് കുട്ടികളെ ബാധിക്കുക എന്നത് ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണ്. ഭൂരിഭാഗം കുട്ടികളും അതുവരെ ശീലിച്ച എഴുത്തു പരീക്ഷയിൽ നിന്ന് അവരെ ശരിയോ തെറ്റോ എന്ന് വിവക്ഷിച്ചെടുക്കാനുള്ള സങ്കീർണമായ അവസ്ഥയിലേക്ക് നയിക്കുന്ന മാറ്റത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഭൂരിഭാഗവും ഗ്രഹിക്കാൻ കഴിയാത്തതും സിലബസിൽ ഒതുങ്ങാത്തതുമായിരുന്നെന്നാണ് വസ്തുത. നേടുന്ന അറിവിനെ വീണ്ടും വീണ്ടും പരീക്ഷിച്ച് തോൽപിച്ചു സായൂജ്യമടയുന്ന ഈ പരീക്ഷകളുടെ ആവശ്യവും അടിസ്ഥാനവുമെന്ത്?

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യബുദ്ധിയെ നിർമിത ബുദ്ധി കീഴടക്കിക്കൊണ്ടിരിക്കുന്നു. വിവരങ്ങളൊക്കെ ഒരു വിരൽത്തുമ്പിൽ ഒതുങ്ങി നിൽക്കുന്നു. ലോകം പുതിയ വിദ്യാഭ്യാസ രീതികളിലേക്കു അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ വിദ്യാഭ്യാസ പ്രക്രിയ എന്നത് പരീക്ഷ എന്ന ഒറ്റ അജണ്ടയിൽ തടഞ്ഞു നിൽക്കുന്നു.

അതും ഒന്നും രണ്ടും വർഷം പഠിപ്പിക്കുന്നത് മുഴുവൻ ഓർമിച്ചുവച്ച്​ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട്​ കടലാസിൽ എഴുതുന്ന എന്നോ ഉപേക്ഷിക്കേണ്ട ഒന്ന്. അഡ്മിഷൻ മുതൽ പഠന പ്രക്രിയയിൽ തുടങ്ങി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പോലും കേവലം അറിവ്, ജ്ഞാനം എന്നിവ അളക്കാൻ എഴുത്തിനെയും ഓർമശക്തിയെയും അടിസ്ഥാനപ്പെടുത്തുന്നു. അതിനുശേഷം വീണ്ടും ഒന്നോ രണ്ടോ വർഷം. പഴയതൊക്കെ മറന്നു വീണ്ടും കുറെ പഠിക്കുന്നു. വീണ്ടും പരീക്ഷ. ഓർമയുള്ളവർ ബുദ്ധിമാന്മാർ. വിജയി. കേമൻ.
വിദ്യാഭ്യാസമെന്നത് കേവലം അറിവ് നിർമിക്കുന്ന ശാസ്ത്രമെന്ന രീതിയിൽ മാറുമ്പോൾ അതിന്റെ സാമൂഹ്യവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ തലം അന്യമാകുന്ന കാഴ്ച ലോകത്തെങ്ങും കാണുന്നു. അതിന്റെ ഫലം അഥവാ പ്രത്യാഘാതം സ്വർത്ഥതയായും, ഗർവായും അഴിമതിയായും, ഞാനെന്ന ഒരേയൊരു ചിന്തയായും പരിണമിച്ചു ചുറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒന്നിലേക്കു എത്തിക്കുമ്പോഴും നാം എന്തുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ പ്രക്രിയകളെ ജ്ഞാനവും ചിന്തയും പ്രശ്‌ന പരിഹാരവുമെന്ന ത്രിമാന പ്രക്രിയയിൽ വികസിപ്പിക്കാതെ പഠനം, പരീക്ഷ, ബുദ്ധിമാൻ- മണ്ടൻ എന്നിങ്ങനെ നിർവചിക്കുന്നു.

ലോകം പുതിയ വിദ്യാഭ്യാസ രീതികളിലേക്കു അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ വിദ്യാഭ്യാസ പ്രക്രിയ എന്നത് പരീക്ഷ എന്ന ഒറ്റ അജണ്ടയിൽ തടഞ്ഞു നിൽക്കുന്നു.

സ്വയം തിരിച്ചറിയുകയും ചുറ്റുപാടിനെ വിജയിക്കുകയും ചെയ്യുമ്പോഴാണ് അറിവ് തിരിച്ചറിവാകുന്നത്. ചുറ്റുപാടുകളിലേക്കു ഇറങ്ങി ചെല്ലുമ്പോഴാണ് നൈതികത മനസ്സുകളിലുൾച്ചേർന്നു നിൽക്കുക. നീതിബോധമാണ് അന്യനെ പരിഗണിക്കുക, ചുറ്റുപാടിനെ കരുതലോടെ കൈകാര്യം ചെയ്യുക എന്നതിലേക്ക് നമ്മെ എത്തിക്കുന്നത്. ഇതില്ലെങ്കിൽ നാം ആരാണ്. കേവലം യന്ത്രങ്ങൾ മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫാക്ടറികളും അധ്യാപകൻ തൊഴിലാളിയും വിദ്യാർഥികൾ ചരക്കുകളും. അവരുടെ സങ്കല്പങ്ങൾ, സ്വപ്നങ്ങൾ, സർഗാത്മകത വികസിക്കേണ്ടതുണ്ട്. അതിന് നിർഭയമായി, സ്വസ്ഥമായി, അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. അതു സാധിക്കണമെങ്കിൽ നമ്മുടെ വിദ്യാർഥികളെ ഓർമ ശക്തിയിൽ എഴുത്തിൽ വരയിൽ പരീക്ഷിക്കരുത്. അത് യന്ത്രങ്ങൾ ചെയ്യട്ടെ. അതിനപ്പുറം ഈ ലോകത്തെ, ലോകത്തിനു വേണ്ടതൊക്കെ സൃഷ്ടിച്ചെടുക്കേണ്ടതിനെക്കുറിച്ചു അവർ അന്വേഷിക്കട്ടെ, അതിനുതകുന്നതായിരിക്കണം കലാലയങ്ങൾ.

അനുഭവങ്ങളാണ് വിദ്യാഭ്യാസം. കൃത്രിമമായ ചിന്താധാരകളെക്കൊണ്ട് നിർബന്ധിച്ചു ഏൽപ്പിക്കുന്നതല്ല വിദ്യാഭ്യാസം. കൃത്രിമമായ അറിവിന്റെ നിർമ്മാണവും വിനിമയവും മനുഷ്യനെ സ്വാർത്ഥനും ഭീരുവും അസ്വസ്ഥനുമാക്കുവാൻ മാത്രമേ പ്രേരിപ്പിക്കൂ. അവർക്ക് തങ്ങളെക്കുറിച്ചുമാത്രമേ അപ്പോൾ ചിന്തിക്കാനാവൂ, തന്റെ സമ്പത്തിനെക്കുറിച്ചും. സമ്പത്ത് കൊണ്ടു മാത്രം ആത്യന്തികമായി ജീവിതത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയില്ലെന്ന് എത്രയോ സംഭവങ്ങൾ അല്ലെങ്കിൽ എത്രയോ ദൃഷ്ടാന്തങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇത്തരം പ്രതിസന്ധികളിലും നേരിട്ടല്ലെങ്കിൽ ഓൺലൈൻ വഴി എങ്കിലും അറിവ് വാങ്ങാം എന്ന സങ്കുചിത ചിന്ത മാത്രമാണ് ഇപ്പോഴും മേന്മകളായി നാം ഈ പ്രതിസന്ധി കാലത്തെ വിദ്യാഭ്യാസപ്രക്രിയകളെ ക്കുറിച്ച് ചിന്തിക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.

ഒരു കോവിഡ് അനന്തര വിദ്യാഭ്യാസ ചിന്തയിൽ ഒരു പക്ഷെ ഏറ്റവും പ്രധാനം നമ്മുടെ കുട്ടികളെ സാമൂഹികവും ധാർമികവും മാനസികമായി വളർത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുക എന്നതാണ്. അങ്ങിനെ കുട്ടികളെ വളർത്തിയെടുക്കുമ്പോൾ മാത്രമേ നമുക്ക് അവരെ നല്ല സാമൂഹ്യ ജീവികളും രാജ്യസ്‌നേഹികളും സ്വസ്ഥവും സന്തോഷ പ്രദവുമായ കുടുംബജീവിതം നയിക്കുന്നവരുമായി രൂപാന്തരപ്പെടുത്താൻ കഴിയൂ. ഇത്തരം ചിന്ത രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാഭ്യാസ പ്രവർത്തകരിലും ഉണ്ടാവേണ്ടതുണ്ട്.

പഴകി ദ്രവിച്ച ആശയങ്ങൾ അർത്ഥമറിയാതെ ഉരുവിടുവിക്കുന്ന, തന്റെ കൊച്ചുകുട്ടിയുടെ ആംഗലേയഭാഷ പാടവം മറ്റുള്ളവരെ കാണിച്ച് നിർവൃതി അടയുന്ന, ഇഷ്ടമില്ലാത്തത് പഠിച്ചു സ്വാർത്ഥതയും അഴിമതിക്കാരും, ഭീരുവുമായി മാറുന്ന ജീർണിച്ച വിദ്യാഭ്യാസചിന്തകൾ നാം ഇപ്പോഴെങ്കിലും മാറ്റേണ്ടതുണ്ട്. വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും നേരിടാനുള്ള ഊർജം അവർക്ക് ലഭിക്കേണ്ടതുണ്ട്. സർഗ്ഗ ശേഷികൾ ചെറുപ്പത്തിലെ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോന്നും അനുഭവിച്ചും കണ്ടും കേട്ടും സ്വയം മനസ്സിലാക്കി മുന്നേറുവാൻ കുട്ടികൾക്ക് കഴിയണം. അവരുടെ സഹജമായ പ്രേരണകളെ കടിഞ്ഞാണിട്ട് അതിരാവിലെ അവരെ പട്ടാളക്കാരനെപ്പോലെ പറഞ്ഞയച്ചു അവസാനം സ്വാർത്ഥനും ഭീരുവുമാക്കി മാറ്റുന്ന രീതി അവസാനിപ്പിക്കണം. വൈവിധ്യമായ പ്രകൃതി, ചുറ്റുപാടുമുള്ള ബന്ധു ജനങ്ങൾ, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മരങ്ങൾ, പൂമ്പാറ്റ, മറ്റു പ്രകൃതിയിലെ ജീവീയ അജീവീയ ഘടകങ്ങൾ അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്ന രീതിയിൽ, വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തേണ്ടതില്ലേ എന്ന ചിന്ത എന്തുകൊണ്ടോ ഇപ്പോഴും നമുക്ക് പരിഗണനാർഹമാവാത്തതെന്തുകൊണ്ടാണ്?

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വളർത്തി ആത്മസംയമനവും സ്വഭാവ സംസ്‌കരണവും സാമൂഹ്യബോധവും കൈവരുത്തി, ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ള ബാധ്യതകൾ നിറവേറ്റാനുള്ള പ്രേരണയും പരിശീലനവും നമ്മുടെ കുട്ടികൾക്ക് നൽകുമ്പോൾ മാത്രമേ വിദ്യാഭ്യാസം അതിന്റെ പ്രായോഗിക ലക്ഷ്യ പ്രാപ്തി കൈവരിക്കുകയുള്ളൂ.
കേവലം പരീക്ഷ കേന്ദ്രീകൃത രീതിയിൽ നിന്നും നമ്മുടെ യുവ തലമുറയെ മോചിപ്പിച്ച്​ അവരുടെ തനതു നൈപുണികളെ ശാസ്ത്ര സാങ്കേതിക വാ ണിജ്യ മേഖലകളിൽ പുതിയ ആശയ രൂപീകരണത്തിനും ഒപ്പം സംരംഭകത്വ വികസനത്തിനും ഉപയുക്തമാക്കാൻ കഴിയണം.

കോവിഡാനന്തര വിദ്യാഭ്യാസം കേവലം ക്ലാസ്​ മുറിയിൽ നിന്ന്​ വീട്ടിലേക്കുള്ള പാഠഭാഗങ്ങളുടെ വിനിമയം മാത്രമല്ല, മറിച്ചു സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാറുന്ന പരിസ്ഥിതിയെ, മനസ്സിലാക്കി അതിലെ വെല്ലുവിളികളെ ഏറ്റെടുത്തു സർഗാത്മകമായ ശേഷികൾ ആർജ്ജിച്ചു ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വയം മനസ്സിലാക്കലാണ്.
പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ഒരന്തരീക്ഷം നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാവട്ടെ. അവരെ ഓർമ ശക്തിയെന്ന ഒരേയൊരു അളവുകോലിൽ കേമനെന്നും പാഴെന്നും തരം തിരിക്കുന്ന പഴകി ദ്രവിച്ച ആശയങ്ങൾ നമുക്ക് മറക്കാം. ഈ ലോകത്തിന്റെ അതിരുകളോളം അവരുടെ ചിന്തകൾ, സ്വപ്നങ്ങൾ വളരട്ടെ.

Comments