കോളേജ് വിദ്യാഭ്യാസ വകുപ്പ് ജൂൺ ഒന്ന് മുതൽ എല്ലാ കോളേജുകളും തുറന്നു പ്രവർത്തിക്കണമെന്നും റഗുലർ ക്ലാസ്സുകൾ ആരംഭിക്കാൻ കഴിയുന്നത് വരെ ഓൺലൈനിൽ ക്ലാസുകൾ നടത്തണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഓൺലൈനിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി അറിയിക്കേണ്ടതാണ് എന്നും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം ഓൺലൈൻ സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പു വരുത്തുവാൻ പ്രിൻസിപ്പൽമാർക്ക് ഉത്തരവാദിത്തം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ ഗൈഡ് ലൈനുകൾ വരുമ്പോൾ കൂടുതൽ വ്യക്തത ഉണ്ടാകുമായിരിക്കും.
ഈ നിർദേശങ്ങളുടെ തുടർച്ചയിൽ എന്ത് ചെയ്യണമെന്ന് വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ട എല്ലാവരും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഒറ്റ നോട്ടത്തിൽ താൽക്കാലികമായ ഒരു സംവിധാനമെന്നു തോന്നുമെങ്കിലും ഇവ സ്പർശിക്കുന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടനകളെ തന്നെയാണ്. സാധാരണ ഗതിയിൽ ഏതെങ്കിലും കമ്മിറ്റിയുടെയോ കമ്മീഷന്റെയോ ഒക്കെ നിർദേശങ്ങളെ തുടർന്നാണ് ഇത്തരം മാറ്റങ്ങൾ വരാറുള്ളത്. ഇപ്പോൾ കോവിഡ് സൃഷ്ടിച്ച അടിയന്തര സാഹചര്യമാണ് പരിവർത്തനത്തിന് പ്രേരകം. അങ്ങനെയായതു കൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും അതേക്കുറിച്ച് അഭിപ്രായം രൂപീകരിക്കാതിരിക്കുന്നത് അലംഭാവമായിരിക്കും. ഒരു അധ്യാപകൻ എന്ന നിലയ്ക്ക് പെട്ടെന്നുള്ള എന്റെ ചില ചിന്തകകളാണ് ഇവിടെ പങ്കു വെക്കുന്നത്.
ഒരു ജനാധിപത്യ സമൂഹത്തിൽ തുല്യാവകാശം എന്നത് മറ്റൊന്നിനു വേണ്ടിയും ബലി കഴിക്കാൻ ഇട വരരുത്
സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന നിർദേശം തീർച്ചയായും സുപ്രധാനമാണ്. സമഗ്രമായ സർവേ നടത്തി ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അതുറപ്പു വരുത്തേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവർക്ക് പ്രാപ്യമായ മാധ്യമത്തിൽ ഉള്ളടക്കം ലഭിക്കുന്നു എന്നുറപ്പു വരുത്തണം. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന സുഹൃത്ത് സുനന്ദൻ ഒന്നര മാസക്കാലത്തെ ഓൺലൈൻ അധ്യയനാനുഭവങ്ങൾ മുൻ നിർത്തി പറയുന്നത് അവർ ഉപകരണ ലഭ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് പാഠങ്ങളും വിഡിയോകളും യു.എസ്.ബിയിൽ ആക്കി കൊറിയർ ചെയ്തു കൊടുക്കുന്നത് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കിയെന്നാണ്. ശ്രദ്ധയും പ്രത്യേക ശ്രമവും ഇക്കാര്യത്തിൽ തീർച്ചയായും ആവശ്യമാണ്. ഇക്കാലത്തെ ആരോഗ്യ പ്രവർത്തകരെയാണ് ഇതിൽ മാതൃകയാക്കേണ്ടത്. എന്ത് സൗകര്യങ്ങളാണോ ഉള്ളത് അത് പരമാവധി ഉപയോഗപ്പെടുത്തുകയും കൂടുതൽ സൗകര്യങ്ങൾ കിട്ടാവുന്ന എല്ലാ മാർഗ്ഗത്തിലും സംഘടിപ്പിക്കുകയും വേണം. അതിന് സൗകര്യമൊരുക്കുന്ന നയ സമീപനങ്ങൾ അധികൃതർ സ്വീകരിക്കണം. വിദ്യാർത്ഥികളുടെ സുസ്ഥിതി (well being ) ഒന്നു മാത്രമായിരിക്കണം ആത്യന്തിക പരിഗണന. ഒരു തരത്തിലും പ്രാപ്യത ഇല്ലാത്തവരെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ഹോസ്റ്റലിൽ നിൽക്കാൻ അനുവദിക്കുന്നതും അവിടെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതും ഒക്കെ ആലോചിക്കാവുന്നതാണ്. ഇത് ഓരോ കോളേജിന്റെയും സവിശേഷ സാഹചര്യമനുസരിച്ച് ഉണ്ടാകേണ്ട സ്ട്രാറ്റജിയാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ തുല്യാവകാശം എന്നത് മറ്റൊന്നിനു വേണ്ടിയും ബലി കഴിക്കാൻ ഇടവരരുത്. ഒരു ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ച് അഭിമുഖീകരിക്കുക എന്നതിന് പകരം പല പശ്ചാത്തലമുള്ളവരുമായി അവരുടെ സാഹചര്യങ്ങളനുസരിച്ച് പല മാധ്യമങ്ങളിലൂടെ ( ശബ്ദം , എഴുത്ത് , വീഡിയോ ) ഇടപെടുക എന്ന ഉത്തരവാദിത്തമാണ് ഇത് സൃഷ്ടിക്കുന്നത്. അധ്യാപകർ ഈ അധിക ജോലി സന്തോഷത്തോടെ ഏറ്റെടുക്കണം.
പിന്നെ വരുന്നത് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പൂർണാർത്ഥത്തിലുളള ഇ-ലേണിംഗ് ഈ ഘട്ടത്തിൽ ഉദ്ദേശിക്കുന്നില്ല എന്നത് വ്യക്തമാണ്. അതിൽ ഉള്ളടക്കവും അസൈൻമെന്റുകളും ഒക്കെ മൊഡ്യൂളുകൾ തിരിച്ച് മുൻകൂർ തയ്യാറാക്കുകയും വിദ്യാർത്ഥികളുടെ പഠനം ട്രാക്ക് ചെയ്യുകയും ( ഉദാഹരണത്തിന് ഒരാൾ എത്ര മണിക്കൂർ ഒരു പഠന സാമഗ്രിക്ക് മേൽ ചെലവാക്കി എന്നത് ട്രാക്ക് ചെയ്യപ്പെടും ) ഒക്കെ വേണം. വലിയ ഇൻവെസ്റ്റ്മെന്റ് ഉള്ള കാര്യമാണ്. ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം ( LMS ) ഒക്കെ വേണം. നമ്മുടെ ചില യൂണിവേഴ്‌സിറ്റികളിൽ ഈ ദിശയിലുള്ള ശ്രമങ്ങൾ പ്രാരംഭ ഘട്ടത്തിലാണ് ഉള്ളത്. അവ സജ്ജമായതനുസരിച്ച് ഇക്കാര്യത്തിലേക്ക് ഉപയോഗപ്പെടുത്തണം.
നിലവിലുള്ള ടൈം ടേബിൾ അതേ പടി പിൻ തുടരുന്നത് യന്ത്രികമായിരിക്കും. അത് അപ്രായോഗികവുമാണ്.
ഇക്കാലയളവിലേക്ക് പുതിയ ടൈം ടേബിൾ ഉണ്ടാകണം
ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് ഇ -ലേണിങ് എന്നതിനേക്കാൾ തത്സമയ ക്ലാസ് റൂമുകൾ (വിർച്വൽ ക്ലാസ് റൂം ) ആണെന്ന് തോന്നുന്നു. അതല്ലെങ്കിൽ റെക്കോർഡ് ചെയ്ത ലക്ചറുകൾ. അതിന് ഏത് പ്ലാറ്റ്ഫോമാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിലും ഉടനെ തീരുമാനങ്ങൾ വരേണ്ടതുണ്ട്. . PDF, PPT ഒക്കെ എവിടെ സ്റ്റോർ ചെയ്യും, അതിലേക്ക് പാസ്‌വേഡ് വഴി എങ്ങനെ പ്രവേശനം നൽകും തുടങ്ങിയ കാര്യങ്ങളുണ്ട്. വിർച്വൽ ക്ലാസ് റൂമിനെ സംബന്ധിച്ചേടത്തോളം സ്ക്രീൻ ഷെയറിങ്, ചാറ്റ് ബോക്സ് തുടങ്ങിയവ പ്രധാനമാണ്. ഇനി അവ ലഭ്യമായാൽ തന്നെ എത്ര പേർക്ക് നെറ്റ് കണക്ഷന് അത്രയും പണം മുടക്കാനാവും എന്നത് സംശയകരമാണ്.
ഇക്കാര്യങ്ങളിൽ തീരുമാനമാക്കുകയും ജൂൺ മാസത്തിൽ അധ്യാപർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ സിസ്റ്റം ഒന്നടങ്കം പ്രതിസന്ധിയിൽ ആവും. കൂടിയാലോചനകളും പരിശീലനവും തയ്യാറെടുപ്പുമാണ് അടിയന്തിരമായി ഉണ്ടാവേണ്ടത്.
എന്നാൽ എനിക്ക് ഈ സന്ദർഭത്തിൽ പ്രധാനമായി എടുത്തു പറയാനുള്ളത് ഉള്ളടക്കവും സിസ്റ്റവുമായി ബന്ധപ്പെട്ട വേറെ ചില കാര്യങ്ങളാണ്.
1 . നിലവിലുള്ള ടൈം ടേബിൾ അതേ പടി പിൻതുടരുന്നത് യന്ത്രികമായിരിക്കും. അത് അപ്രായോഗികവുമാണ്. ഇക്കാലയളവിലേക്ക് പുതിയ ടൈം ടേബിൾ ഉണ്ടാകണം.
2 .അങ്ങനെ ചെയ്യുമ്പോൾ ഓരോ മൊഡ്യൂളിലും എന്താണ് വിദ്യാർത്ഥികൾക്ക് സ്വയം ഗ്രഹിക്കാൻ കഴിയുന്നത്, എന്തിനൊക്കെയാണ് വിശദീകരണം ആവശ്യമുള്ളത് എന്ന് വിലയിരുത്തി വ്യത്യസ്ത സ്ട്രാറ്റജികൾ ഉണ്ടാക്കണം. അധ്യാപകർ എന്ത് പഠിപ്പിക്കും/പ്രസംഗിക്കും എന്നതിന് പകരം എന്താണ് ഒരു മോഡ്യൂളിൽ അവതരിപ്പിക്കാനുള്ളത് എന്ന് വിലയിരുത്തി വിദ്യാർത്ഥികളെ (എണ്ണമനുസരിച്ച് ) മൂന്നോ നാലോ ഗ്രൂപ്പുകളാക്കുകയും അവരോട് സ്വയം ഗ്രഹിക്കാവുന്ന പഠന സാമഗ്രികൾ വെച്ച് ആശയ ബിന്ദുക്കൾ പവർ പോയിന്റ് ആയോ വേർഡ് ഡോക്യുമെന്റ്/ പി.ഡി.എഫ് ആയോ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും . അങ്ങനെ ഉണ്ടാക്കിയവ ഗ്രൂപ്പുകൾക്കിടയിൽ കൈമാറി പിയർ റിവ്യൂ നടത്തുകയും ഭാഷയും ആശയപരമായ പ്രമാദങ്ങളും തിരുത്തുകയും ഒക്കെ ചെയ്യാം. പഠനത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ഇങ്ങനെയായാൽ വിദ്യാർഥികൾ പഠന സാമഗ്രികൾ ഗ്രഹിക്കുന്നുണ്ടോ എത്രത്തോളം വിമർശനാത്മകമാണ് അവരുടെ മനസ്സിലാക്കൽ എന്നതൊക്കെ വിലയിരുത്താൻ കഴിയും. വെറും ഹാജരല്ല, ശ്രദ്ധ (attention ) ഉറപ്പു വരുത്താൻ കഴിയും. ഫ്‌ളിപ്പ്ഡ് ക്ലാസ് റൂം എന്ന സങ്കൽപ്പത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. ഡിഗ്രി ക്ലാസ്സുകളിൽ അമ്പതിനു മേലാണ് വിദ്യാർഥികൾ. അവരുടെ അറ്റൻഡൻസ് ഓരോ തത്സമയ ക്ലാസ്സിലും ഉണ്ടാവുക എന്നത് വലിയ പ്രശ്നമാണ്. വിദ്യാർത്ഥികളുടെ വീട്ടിലെ സാഹചര്യങ്ങൾ കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. ഒന്നിലധികം വിദ്യാർഥികളുള്ള വീടുകൾ കാണും. ഇത്തരം സൗകര്യങ്ങളും അസൗകര്യങ്ങളും ചോദിച്ചറിയണം. അവരുടെ സൗകര്യത്തിനുള്ള സമയത്ത് റെക്കോർഡ് ചെയ്ത ക്ലാസ് കേൾക്കാനോ കാണാനോ സാധിക്കുകയും അത് വിലയിരുത്തുകയും ആവും പ്രായോഗികം. വേണ്ടി വന്നാൽ പല ബാച്ചുകളായി, പല സമയങ്ങളിൽ ഒരേ ക്ലാസ് തത്സമയം ആവർത്തിക്കുകയും ചെയ്യാം.
3.അധ്യാപകരുടെ തത്സമയ ക്ലാസ്സുകൾ വിശദീകരണം അനിവാര്യമായ ഭാഗങ്ങളെ കേന്ദ്രമാക്കി മാത്രം പ്ലാൻ ചെയ്യുക. ഇവ ഒരാഴ്ചയിൽ രണ്ടെണ്ണത്തിൽ കൂടുതൽ ഒരു പേപ്പറിൽ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. വാസ്തവത്തിൽ കോവിഡിന് മുമ്പും ഇങ്ങനെ മതിയായിരുന്നു. അത്തരം ക്ലാസുകൾ നല്ല തയ്യാറെടുപ്പോടെ സമഗ്രമായി നടത്താനുള്ള സന്നദ്ധതയാണ് ഉണ്ടാക്കേണ്ടത്. അവ വിവിധ മാധ്യമ സാധ്യതകൾ ഉപയോഗപ്പെടുത്തിയാവാം.
4. അറ്റൻഡൻസ് എന്നാൽ കേവലം ശാരീരികമായ സാന്നിധ്യമാവരുത്. പഠനത്തിനുള്ള താല്പര്യവും പങ്കെടുക്കലുമാവണം. ഓരോ വിദ്യാർത്ഥിക്കും സ്വയം ചെയ്തുണ്ടാക്കിയ ഒരു സങ്കൽപ്പന ഭൂപടം മുൻകൂറായി ഉണ്ടെങ്കിൽ, അതിൽ അധ്യാപകർക്ക് അവരെ ഗൈഡ് ചെയ്യാൻ കഴിയുമെങ്കിൽ, ഒരിക്കൽ വായിച്ചതും കണ്ടതുമായ വിവരങ്ങൾ ആസ്പദമാക്കി ഒരു വിഷയം അവർക്കു വശത്താക്കാൻ സാധിക്കും.
5.ഇതൊക്കെയും ഫലപ്രദമാവണമെങ്കിൽ പരീക്ഷാ സമ്പ്രദായത്തിൽ മാറ്റങ്ങൾ കൂടിയേ തീരൂ. ഓർമ പരീക്ഷിക്കലല്ല , വിഷയഗ്രഹണവും വിമർശനാത്മകതയും വ്യാഖ്യാനത്തിനുള്ള പ്രാപ്തിയുമൊക്കെ മൂല്യ നിർണയത്തിന്റെ മുഖ്യമാനദണ്ഡങ്ങളാവണം.
ഏതെങ്കിലും ഒരു മാർഗ്ഗത്തിൽ മാത്രമായി ഒതുങ്ങാതെ എല്ലാ സാധ്യതകളും ആരായാനുള്ള വഴക്കം (flexibility ) നമ്മുടെ പഠിപ്പു രീതിയിൽ ഉണ്ടാവണം .എല്ലാ വിദ്യാർത്ഥികളെയും ശ്രദ്ധിക്കാനുള്ള പ്രത്യേക ശ്രമം ഉണ്ടാവണം. പരമ്പരാഗത ക്ലാസ് റൂമുകളുടെ പ്രധാന പരിമിതി അവിടെ ആധിപത്യമാണ് ഉള്ളത് എന്നതാണ്. ഈ വിഷയം വശത്താക്കാൻ ഇത്രയധികം ലെക്ച്ചറുകൾ കേൾക്കണമോ എന്ന സംശയം എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ട്.
മാറേണ്ടത് വെറും ഫോർമാറ്റ് അല്ലെങ്കിൽ പഠിപ്പിക്കൽ മാർഗ്ഗങ്ങൾ(mode) മാത്രമല്ല. അധ്യാപകരും വിദ്യാർത്ഥികളും അവരുടെ പാരസ്പര്യവുമാണ്. അച്ചടക്കം എന്ന വിധേയത്വത്തിൽ നിന്ന് കുതറി സ്വതന്ത്ര വിഷയികളാവാൻ എല്ലാവർക്കും സാധിക്കണം. ഇച്ഛാശക്തിയുണ്ടെങ്കിൽ ഓൺലൈൻ മാധ്യമം വലിയ അളവിൽ അതിനു സാധ്യത നൽകുന്നതാണ്. അറ്റൻഡൻസ് എന്ന പരിഗണന സർവ പ്രധാനമായി എടുക്കുന്നത് ഇതിനെ നിഷേധപരമായി ബാധിക്കും .
വ്യക്തിഗത മത്സരം ഒഴിവാക്കി പഠിപ്പിൽ സഹകരിക്കുക എന്ന സാധ്യത ഗൗരവത്തിൽ പിൻതുടരാവുന്ന ഒരു സ്ഥലം തന്നെയാണ് ക്ലാസ് റൂം, അത് ഓൺലൈൻ ആയാലും ഓൺലൈൻ ഇതരമായാലും. തങ്ങൾക്കും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് വരുമ്പോൾ ക്ലാസിൽ ഒരിക്കലും മിണ്ടാതിരിക്കുന്നവർ ഒക്കെ തകർത്തു വാരുന്നത് കാണാറുണ്ട്. വിദ്യാർഥിയുടെ ഇച്ഛാശക്തി ഉണർത്തുക എന്നതാണ് വെല്ലുവിളി. ബുദ്ധിശക്തി വളർത്തുക എന്നതല്ല. എന്നു വെച്ചാൽ അധ്യാപകരുടെ രാജ്യം എന്നതിന് പകരം ക്ലാസ് റൂമുകൾ ജനാധിപത്യ സ്ഥലങ്ങളാവണം. അവിടെ എല്ലാവർക്കും ഉത്തരവാദിത്ത ബോധം തോന്നണം. അറിയാനുള്ള ഇച്ഛ എന്നത് അതു കൊണ്ടാണ് പ്രധാനമാവുന്നത്. ക്ലാസ് റൂമുകൾ ആ ഇച്ഛ കെടുത്തുകയാണ് മിക്കപ്പോഴും. ഒരു വിഷയത്തിലുള്ള താൽപ്പര്യം ഇല്ലാതാവാൻ അത് ഔപചാരികമായി പഠിച്ചാൽ മതി എന്ന അവസ്ഥയാണ് ( അപവാദങ്ങൾ ഇല്ലെന്നല്ല ). സ്വന്തം പ്രയോഗങ്ങൾ ( അവ മിക്കവാറും കീഴ്വഴക്കങ്ങൾ ആവും ) എങ്ങനെയാണ് സാമൂഹ്യമായ ശ്രേണികളും മുൻവിധികളും പുനരുൽപ്പാദിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് റിഫ്‌ളക്‌സിവിറ്റി പുലർത്തുക സാധ്യമാണ്. ഉദാഹരണത്തിന്, അധ്യാപകർ ക്ലാസിൽ ചെല്ലുമ്പോൾ വിദ്യാർഥികൾ എണീറ്റ് നിൽക്കുന്നു. സംസ്കാര സാപേക്ഷമായ ഈ കീഴ്വഴക്കം ഒരു ജനാധിപത്യ സമൂഹത്തിൽ തുടരേണ്ടതാണോ ?
സ്വന്തം വ്യത്യാസങ്ങളുമായി ജനാധിപത്യപരമായി നീക്കുപോക്കുകൾ നടത്തിക്കൊണ്ട് അധ്യാപക സമുദായം രൂപപ്പെടണം. അധ്യാപകരാവുക എന്നാൽ മറ്റുള്ളവരോടൊപ്പം ആവുക എന്നാണ്.
ക്ലാസ് റൂമിൽ സത്യസന്ധരാവുക എന്നത് സാധിക്കുമെങ്കിൽ വിമോചകമായ പഠിപ്പ് ഒരസാധ്യതയല്ല. ഒരാൾ ഒറ്റയ്ക്ക് ചെയ്യേണ്ട കാര്യവുമല്ല ഇത്. സ്വന്തം വ്യത്യാസങ്ങളുമായി ജനാധിപത്യപരമായി നീക്കുപോക്കുകൾ നടത്തിക്കൊണ്ട് അധ്യാപക സമുദായം രൂപപ്പെടണം. അധ്യാപകരാവുക എന്നാൽ മറ്റുള്ളവരോടൊപ്പം ആവുക എന്നാണ്. ഒരു ബഹു സാംസ്‌കാരിക സമൂഹത്തിൽ ജനാധിപത്യപരമായിരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ഇതേറ്റെടുക്കാൻ പ്രാപ്തിയുള്ള ഒരു കൂട്ടം യുവ അധ്യാപകരാണ് ഇപ്പോൾ കോളേജുകളിലെ ഭൂരിപക്ഷം എന്നത് എനിക്ക് വലിയ പ്രതീക്ഷ നൽകുന്നു. അധ്യാപക സംഘടനകളുടെ സമീപനങ്ങളും പ്രതീക്ഷ നൽകുന്നതാണ്.
ചെയ്യുന്നതെല്ലാം യാന്ത്രികമായാൽ , യന്ത്രങ്ങൾ നിങ്ങളെ പകരം വെക്കും. കോവിഡ് നൽകിയ ഇടവേള ആത്മ പരിശോധനയ്ക്കും സമഗ്ര പരിഷ്കരണത്തിനുമുള്ള അവസരമാക്കാൻ വിദ്യാർത്ഥികളും അധ്യാപകരും തന്നെ മുന്നിട്ടിറങ്ങണം.