ഇ-ലേണിംഗിൽ അധ്യാപകരാവണം താരം; സാങ്കേതിക വിദഗ്ധരല്ല

''ഇ-ലേണിങ് കേവലം രൂപപരമായ (format ) ഒരു മാറ്റമല്ല, വിദ്യാഭ്യാസത്തിലെ പാരഡൈം ഷിഫ്റ്റാണ്. പുതിയ ഒരു മാതൃകയാണത്. പഴയ മാതൃകയിലുള്ള അധ്യാപനം ഓൺലൈൻ ആയി ആവർത്തിക്കുമ്പോൾ ഇക്കാര്യം നഷ്ടപ്പെട്ടു പോവുന്നു. പഴയ കാര്യങ്ങൾ ഈ മാർഗ്ഗത്തിൽ ചെയ്യാൻ നോക്കുന്നത് ഇ മെയിൽ പ്രിന്റ് ഔട്ട് എടുത്ത് വായിച്ച് പോസ്റ്റ് ഓഫീസിൽ ചെന്ന് മറുപടി പോസ്റ്റ് ചെയ്യുന്നത് പോലെ ബാലിശമാണ്. ഈ മാതൃകയ്ക്കുള്ളിൽ പുതിയ ഒരു കൂട്ടം കാര്യങ്ങളാണ് ചെയ്യാനുള്ളത്. തീർച്ചയായും ഒരു സമഗ്രമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർ മുന്നോട്ടു വരേണ്ടതുണ്ട്.''

ക്കാദമിക പഠനത്തിന്റെ ഹൃദയം മാനവിക പഠനങ്ങളാണെന്നു കരുതുന്ന ഒരാളാണ് ഞാൻ. ആരാണ് നമ്മൾ, എന്താണ് നമുക്ക് വേണ്ടത്, എന്തുകൊണ്ട് നമ്മൾ ഇങ്ങനെ ജീവിക്കണം തുടങ്ങിയ മൂല്യപരമായ ചോദ്യങ്ങൾ അതിൽ നിന്നുമാണ് ഉയരാറുള്ളത്. സയൻസിൽ മിക്കപ്പോഴും അവരോട് ആവശ്യപ്പെട്ട ചോദ്യങ്ങളാണ് അന്വേഷിക്കപ്പെടുന്നത്. ഈയർത്ഥത്തിൽ നോക്കുമ്പോൾ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചർച്ചക്കായി പ്രസിദ്ധീകരിച്ച കരട് രേഖയിൽ വരച്ചു കാണിക്കുന്ന ഭാവിദിശ ഏറെക്കുറെ സത്യമാണെന്നു കരുതേണ്ടി വരും. കോർപ്പറേറ്റുകളും ഭരണകൂടവും കാര്യങ്ങൾ തീരുമാനിക്കുന്ന ദിശയിൽ തന്നെയാണ് നയങ്ങളും സമീപനങ്ങളും ഇപ്പോൾത്തന്നെ നീങ്ങുന്നത്. കാര്യമായ പ്രതിരോധങ്ങൾ ഉണ്ടാവുന്നില്ല.

ഈ ഒഴുക്കിനൊപ്പം പോവേണ്ടവരാണോ, ഒഴുക്കിനെ കരയിൽ നിന്ന് നിരീക്ഷിക്കുന്നവരാണോ നമ്മൾ എന്നതാണ് പിന്നെ ആലോചിക്കാനുള്ളത്. രേഖയിൽ ഇത് സംബന്ധിച്ചുള്ള കാഴ്ചപ്പാട് സമ്മിശ്രമാണ്. ചിലേടത്ത് നമ്മൾ വെറും നിരീക്ഷകരാണെന്ന തോന്നലുളവാകുന്നു. വേറെ ചിലേടത്ത് നിലവിലുള്ള ക്രമത്തെ നിശിതമായി പരിശോധിക്കുകയും മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. ഈ രണ്ട് കാഴ്ചകളും തമ്മിലുള്ള പിരിമുറുക്കം (tension ) നിമിത്തം ആശയക്കുഴപ്പങ്ങൾക്കും രേഖ വഴിയൊരുക്കുന്നുണ്ട്.

ഒരു പക്ഷേ, ബാഹ്യസമ്മർദ്ദങ്ങളുടെ നിർബന്ധിത സാഹചര്യത്തിൽ തീരുമാനങ്ങളെടുക്കുന്നതിന്റെ സ്വാഭാവിക പ്രത്യാഘാതമായിരിക്കാം ഈ സന്ദിഗ്ധത. കോവിഡ് നിമിത്തം ഉണ്ടായ ലോക്ക്ഡൗൺ അവസ്ഥയുടെസാഹചര്യം അടിയന്തര സ്വഭാവമുള്ള തീരുമാനങ്ങളെടുക്കാൻ ആരോഗ്യരംഗത്തടക്കം എല്ലാ മേഖലയിലുള്ളവരെയും നിർബന്ധിച്ചിട്ടുണ്ട്. ആലോചനകൾക്കും വിമർശക മനോഭാവത്തിനും തൽക്കാല അവധി കൊടുക്കാൻ പ്രേരിപ്പിക്കുന്ന, തീരുമാനങ്ങൾ യന്ത്രികമായിപ്പോകാൻ സാധ്യതയുള്ള, ഒരു സന്ദർഭം കൂടിയാണിത്.

മാനവിക പഠനത്തിലുള്ളവർ എന്താണ് നമ്മുടെ സമീപനം , എന്തിനുവേണ്ടിയാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണം. വിദ്യാഭ്യാസ വ്യവസ്ഥയിൽ എന്താണ് നിലനിർത്തേണ്ടത്, എന്താണ് മാറേണ്ടത് എന്നൊക്കെ നയങ്ങൾ രൂപീകരിക്കാൻ ഈ ചോദ്യങ്ങൾ ഉയർത്തിയാലേ സാധിക്കൂ.

രേഖയിൽ ഭാവി സംബന്ധിച്ചുള്ള ഭാവന മുഴുവൻ യാന്ത്രികമായിപ്പോയി എന്ന തോന്നലാണ് എനിക്കുണ്ടായത്. പ്രതിരോധം സാധ്യമല്ല എന്ന നിരാശ അതിൽ പ്രകടമായത് പോലെ. മാനവിക സാമൂഹ്യശാസ്ത്രവിഷയങ്ങൾ ചെലവു കുറഞ്ഞ അനൗപചാരിക രീതിയിലായി ഒതുങ്ങും, ഓൺലൈൻ രീതിയിലേക്ക് ചുവട് മാറുമ്പോൾ മൂന്നിലൊന്ന് അധ്യാപകരെ ഒഴിവാക്കാനിടവരും, ഓൺലൈൻ പഠനം ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യും, സാമൂഹിക നീതി വെറും വാചകക്കസർത്താവും വിധം മികവിന്റെയും വിലയിരുത്തലിന്റെയും മാനകങ്ങൾ ഓൺലൈൻ അധിഷ്ഠിതമാവും, ഇന്ത്യയിൽ ഒരു ഏകീകൃത പാഠ്യപദ്ധതിയും കോർപ്പറേറ്റ് വിദഗ്ധർ നിർണയിക്കുന്ന പാഠ്യക്രമവും വരും, തെരഞ്ഞെടുത്ത സ്ഥാപനങ്ങൾക്ക് മാത്രം ഫണ്ട് എന്ന അവസ്ഥ വരും തുടങ്ങിയ ഭാവി ഭാവനകൾ ആദ്യ ഭാഗത്തുണ്ട്. എന്തിന് ഒതുങ്ങണം, എന്തിന് ഒഴിവാക്കണം, എന്തിന് വിട്ടു വീഴ്ച ചെയ്യണം , എന്തിന് വാചകക്കസർത്താക്കി മാറ്റണം തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നില്ല. സാങ്കേതിക വിദ്യയോ മറ്റു സന്ദർഭങ്ങളോ ഏകപക്ഷീയമായി നിർണയിക്കുന്ന കാര്യങ്ങളല്ല ഇതൊന്നും. രാഷ്ട്രീയമായ നയ തീരുമാനങ്ങളാൽ നിലവിൽ വരുന്നതാണ്. ഉദാഹരണത്തിന്, ഓൺലൈൻ പഠനം കൂടി ഉൾച്ചേർക്കുമ്പോൾ, അതിന്റെ സർഗ്ഗാത്മകമായ വശങ്ങളും ആവശ്യമായി വരുന്ന അധിക ശ്രദ്ധയും ഒക്കെ പരിഗണിച്ച് അധ്യാപകർ കൂടുതൽ വേണമെന്നും തീരുമാനിക്കാമല്ലോ.

ഇ - ലേണിംഗ് സാധ്യമാക്കാൻ മൂന്നു തലത്തിലുള്ള ആളുകൾ ആവശ്യമാണ്. ഉള്ളടക്കം നിശ്ചയിക്കാൻ വിഷയ വിദഗ്ധർ / ഇൻസ്ട്രക്ഷണൽ ഡിസൈനേഴ്‌സ്, അത് ഇ - ലേണിങ് രൂപത്തിലേക്ക് മാറ്റാൻ സഹായിക്കുന്ന മൾട്ടി മീഡിയ ടീം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം മാനേജ് ചെയ്യുന്നവർ.

ഒരുപക്ഷെ ഉദാഹരണങ്ങളിലും മറ്റും ശാസ്ത്രമണ്ഡലങ്ങളെ ഏകപക്ഷീയമായി പരിഗണിച്ചത് കൊണ്ടായിരിക്കാം ഈ നിരാശാബോധവും പ്രതിരോധ ശൂന്യതയും രേഖയിൽ പ്രബലമായത്. ഗവേഷണത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് മാനവിക പഠനങ്ങളിലെ അന്തർ വിഷയക പഠന മേഖലകൾകൂടി പ്രധാനമായി എടുത്തു പറഞ്ഞിരുന്നെങ്കിൽ സയൻസ്, മാനവിക പഠനം, സാങ്കേതിക വിദ്യ എന്ന വിഭജനത്തെ തന്നെ അപ്രസക്തമാക്കുന്ന വിമർശനാത്മക ജ്ഞാനോൽപ്പാദനത്തിന്റെ സാധ്യതകൾ പ്രകാശിച്ചേനെ. എന്റെ അഭ്യർത്ഥന പ്രതിരോധ സ്വരം മുൻ തലത്തിലേക്ക് കൊണ്ടു വരും വിധം ആദ്യ ഭാഗങ്ങൾ പരിഷ്‌കരിക്കണമെന്നാണ്. വസ്തുതകളുടെ പ്രശ്‌നമല്ല ഇത്. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിമർശനാത്മതയുടെയും ആവശ്യകതയാണ്. ഒരു പക്ഷെ ഞാൻ ഇങ്ങനെ പറയുമ്പോൾ സൗകര്യത്തിനു വേണ്ടി നില നിർത്തുന്ന ശാസ്ത്രം/ മാനവിക പഠനം എന്ന വേർതിരിവ് തന്നെ അപ്രസക്തമാവുന്ന നിലയാവാം ഗവേഷണത്തിന്റെ മുന്നേറ്റമേഖലകളിൽ (advanced studies) ഉള്ളത്. ഗവേഷണം സംബന്ധിച്ചുള്ള ഭാഗം ഒന്നുകൂടി റാഡിക്കലാക്കാവുന്നതാണ്. സാങ്കേതിക വിദ്യയിലും ബിസിനസ്സിലും മാനവിക വിഷയങ്ങൾ അനിവാര്യമാവുന്നതിനെക്കുറിച്ച് വെഞ്ചർ കാപ്പിറ്റലിസ്റ്റായ Scott Hartley എഴുതിയ The Fuzzy and the Techieഎന്ന പുസ്തകം പല ടെക് കമ്പനികളെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് സ്ഥാപിക്കുന്നത് പ്രധാന ഇന്നൊവേഷൻസ് ഹ്യൂമാനിറ്റീസ് ഇല്ലാതെ നടക്കില്ല എന്നാണ്.

അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായ പാഠഭാഗങ്ങൾ വിർച്വൽ ക്ലാസ് ആയോ നേരിട്ടുള്ള ക്ലാസ് ആയോ എടുക്കാം. അതേ സമയം വിർച്വൽ ക്ലാസ്സാണ് ഇ- ലേണിങ് എന്ന തെറ്റിദ്ധാരണ ഉപേക്ഷിക്കണം.

എനിക്ക് പ്രധാനമായും പ്രതികരിക്കാനുള്ളത് "വെല്ലുവിളികൾ ' എന്ന അവസാന ഭാഗത്തോടാണ്. സക്രിയമായി എന്ത് ചെയ്യാൻ കഴിയും എന്ന പ്രതിരോധ മനസ്ഥിതിമുന്നിട്ടു നിൽക്കുന്നഭാഗവും അതാണ്.

വെല്ലുവിളികൾ

ഈ ഭാഗത്ത് എണ്ണമിട്ടു പറഞ്ഞ കാര്യങ്ങളോട് യോജിച്ചു കൊണ്ട് പ്രായോഗികമായി അവ സാക്ഷാത്കരിക്കാൻ ഒരധ്യാപകൻ എന്ന നിലയ്ക്ക് എനിക്കുള്ള നിർദേശങ്ങൾ താഴെ കൊടുക്കുന്നു
1. നാല് മുതൽ എട്ടു വരെയുള്ള പോയന്റുകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇ -ലേണിങ് സംബന്ധിച്ച് വിദഗ്ധ പരിശീലനം അത്യാവശ്യമാണെന്ന് പറയുന്നു. ഇത് വളരെ ശരിയാണ്. എങ്ങനെയാണ് പരിശീലനം സാധിക്കുക? താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്.

2. രേഖയിലെ "വെല്ലുവിളികൾ' എന്ന ഭാഗത്തിലെ രണ്ടാം പോയന്റ് ടെലി കോൺഫെറൻസിങ് സംബന്ധിച്ചാണ്. ഇവിടെ ഇ-ലേണിംഗും ഇതും തമ്മിലുള്ള വ്യത്യാസം വളരെ കൃത്യമാക്കണം. Instructor-led Training (ILT) എന്നതും ഇ-ലേണിംഗും വ്യത്യസ്തമാണ്. ILT രണ്ടു തരത്തിലാവാം. പരമ്പരാഗത ക്ലാസ് റൂമുകളിലുള്ളതും വെർച്വൽ ആയുള്ളതും (VILT). ഇപ്പോൾ കോൺഫെറൻസിങ് വഴി നടക്കുന്ന ക്ലാസ്സുകൾ ഈ രണ്ടാമത്തെ തരത്തിലുള്ളതാണ്. ഒരു മിശ്രിത (blended ) സമീപനം കൈക്കൊണ്ടാൽ ഇവ (ഇ-ലേണിങ്, വിർച്വൽ ക്ലാസ് / വർക്ക് ഷോപ്പ് ) ഒരു പഠന തന്ത്രത്തിനുളിൽ സംയോജിപ്പിക്കാം. ഇക്കാര്യത്തിൽ രേഖ പുലർത്തുന്ന വ്യക്തത അഭിനന്ദനാർഹമാണ് .

അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായ പാഠഭാഗങ്ങൾ വിർച്വൽ ക്ലാസ് ആയോ നേരിട്ടുള്ള ക്ലാസ് ആയോ എടുക്കാം. അതേ സമയം വിർച്വൽ ക്ലാസ്സാണ് ഇ- ലേണിങ് എന്ന തെറ്റിദ്ധാരണ ഉപേക്ഷിക്കണം. കോവിഡ് കാല പരിമിതികളുടെ സന്ദർഭത്തിൽ കോൺഫറൻസ് പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് പരിശീലനം പ്രസക്തമാണ്. അത് വേറെ തന്നെ നൽകണം. ഇ-ലേണിങ് എന്ന പേരിൽ ചില സങ്കേതങ്ങളും മറ്റും പഠിപ്പിക്കുന്ന സ്ഥിതി ഒഴിവാക്കണം. ഇ-ലേണിങ്ങിൽ അധ്യാപകരുടെ അടുത്താണ് വൈഭവം. സാങ്കേതിക വിദഗ്ധരുടെ കയ്യിലല്ല .

3. രേഖയിലെ "വെല്ലുവിളികളി'ൽ മൂന്നാമത്തെ പോയന്റ് ഇ- ലേണിങ്ങിനു വലിയ മുതൽ മുടക്ക് ആവശ്യമായി വരും എന്നതാണ്. ഇവിടെ നമുക്ക് എന്തൊക്കെയാണ് ചെലവുകൾ എന്ന് കൃത്യമാക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇതും ഒരു മിത്തായി മാറും.ഇ ലേണിങ് സോഫ്ട്‌വെയറിന്റെ ചെലവ്. മൂഡിൽ എന്ന ഓപ്പൺ സോഴ്‌സ് സോഫ്റ്റെവെയർ അവലംബിച്ചാൽ ചെലവ് കാര്യമായി ഇല്ല. പക്ഷേ പ്രാരംഭഘട്ടത്തിലെ അധ്വാനമുണ്ട്.

ഇ-ലേണിങ് എന്ന പേരിൽ ചില സങ്കേതങ്ങളും മറ്റും പഠിപ്പിക്കുന്ന സ്ഥിതി ഒഴിവാക്കണം. ഇ-ലേണിങ്ങിൽ അധ്യാപകരുടെ അടുത്താണ് വൈഭവം. സാങ്കേതിക വിദഗ്ധരുടെ കയ്യിലല്ല .

അതേ സമയം "ബ്ലാക്ക്‌ബോഡ്'പോലെയുള്ളവ വാങ്ങുകയാണെങ്കിൽ ഭീമമായ ചെലവ് സോഫ്ട്‌വെയറിനു തന്നെവരും. അത് ഒരു കാരണവശാലും ചെയ്യാൻ പാടില്ല. ഓപ്പൺ സോഴ്‌സ് ആണ് നമ്മുടെ ഭാവി. രണ്ടാമതായി വരുന്നത് ഹോസ്റ്റിംഗിനുള്ള ചെലവാണ്. മൂന്നാമത്തേത് മെയ്ന്റനൻസ്. ഇത് സ്വന്തം ടീം ഉണ്ടാക്കി ചെയ്യാം, ഔട്ട്സോഴ്‌സ് ചെയ്യുകയും ആവാം. സ്വന്തമായി ചെയ്യുക എന്ന സാധ്യതയാണ് നേരത്തെ സൂചിപ്പിച്ചത്. പരീക്ഷയടക്കമുള്ള കാര്യങ്ങളും നിരന്തരമായ ജോലിയും ഉള്ളപ്പോൾ യൂണിവേഴ്‌സിറ്റികൾക്ക് സ്വന്തമായി ഒരു വിഭാഗം ഉണ്ടാവുകയാവും ഉചിതം.

ഇത്രയും പറഞ്ഞതിന്റെ ചുരുക്കം ഇ ലേണിങ് കേവലം രൂപപരമായ (format ) ഒരു മാറ്റമല്ല, വിദ്യാഭ്യാസത്തിലെ പാരഡൈം ഷിഫ്റ്റാണ് എന്നാണ്. പുതിയ ഒരു മാതൃകയാണത്. പഴയ മാതൃകയിലുള്ള അധ്യാപനം ഓൺലൈൻ ആയി ആവർത്തിക്കുമ്പോൾ ഇക്കാര്യം നഷ്ടപ്പെട്ടു പോവുന്നു. പഴയ കാര്യങ്ങൾ ഈ മാർഗ്ഗത്തിൽ ചെയ്യാൻ നോക്കുന്നത് ഇ മെയിൽ പ്രിന്റ് ഔട്ട് എടുത്ത് വായിച്ച് പോസ്റ്റ് ഓഫീസിൽ ചെന്നു മറുപടി പോസ്റ്റ് ചെയ്യുന്നത് പോലെ ബാലിശമാണ്. ഈ മാതൃകയ്ക്കുള്ളിൽ പുതിയ ഒരു കൂട്ടം കാര്യങ്ങളാണ് ചെയ്യാനുള്ളത്. തീർച്ചയായും ഒരു സമഗ്രമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർ മുന്നോട്ടു വരേണ്ടതുണ്ട്.

Comments