സമ്പന്നമായ കായിക പാരമ്പര്യമുള്ള നാടാണ് കേരളം. നിരവധി കായികപ്രതിഭകളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ ഈ മികവ് നിലനിർത്താനാകുംവിധം നിലവിലുള്ള കായിക വിദ്യാഭ്യാസ മേഖല ഫലപ്രദമായി ഇടപെടുന്നുണ്ടോ? സ്കൂളുകളിൽ കായിക വിദ്യാഭ്യാസത്തിന് വേണ്ടരീതിയിൽ പ്രോത്സാഹനം കിട്ടുന്നുണ്ടോ?
സംസ്ഥാനത്ത് 5600- ഓളം അപ്പർ പ്രൈമറി, ഹയർസെക്കൻററി വിദ്യാലയങ്ങളുണ്ട്. ഇവിടെ 1800-ൽ താഴെ കായിക അധ്യാപകരാണുള്ളത്. സംസ്ഥാനത്തെ ഫിസിക്കൽ എജ്യുക്കേഷൻ സ്ഥാപനങ്ങളിൽ നിന്ന് പ്രതിവർഷം പുറത്തിറങ്ങുന്ന ആയിരക്കണക്കിന് പേർക്ക് യാതൊരു ജോലി ഉറപ്പും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നില്ല.
യു.പി സ്കൂളിൽ 500 കുട്ടികളുണ്ടെങ്കിലേ ഒരു കായിക അധ്യാപക തസ്തിക പാടുള്ളൂവെന്നാണ് സർക്കാർ മാനദണ്ഡം. ഒരു കുട്ടി കുറഞ്ഞാൽ പോലും കായിക അധ്യാപകരുണ്ടാവില്ല. ഇത്തരത്തിലുള്ള വലിയ നീതിനിഷേധങ്ങളാണ് കായികവിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നതെന്ന് മലപ്പുറം ജില്ലയിലെ കായികാധ്യാപകനായ മുഹമ്മദ് ഹർഷാദ് വി. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:
“ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായ കാലം കാലത്തുള്ള Kerala Education Rules (KER) പ്രകാരമാണ് ഇപ്പോഴും കായിക വിദ്യാഭ്യാസം മുന്നോട്ട് പോവുന്നത്. 1986-ൽ കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുവരെ കേരളത്തിലെ സ്കൂളുകളിൽ കായിക വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. കേന്ദ്ര ഗ്രാന്റ് കിട്ടുന്നതിനാണ് വിദ്യാലയങ്ങളിൽ കായിക വിദ്യാഭ്യാസം കൊണ്ടുവന്നത്. ജനറൽ തസ്തികയ്ക്ക് പകരം സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കിയത്. ഈ ആക്ട് പ്രകാരം അപ്പർ പ്രമറിയിൽ 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്ന നിലയിലും ഹൈസ്കൂൾ ആണെങ്കില്‍ 8,9 ക്ലാസ്സുകളിൽ 5 ഡിവിഷനുണ്ടെങ്കിൽ ഒരു കായിക അധ്യാപക തസ്തിക എന്ന നിലയിലുമാണ് തസ്തികകൾ നിലനിർത്തിയിരിക്കുന്നത്. ഹൈസ്കൂളിൽ എത്ര കുട്ടികളാണെങ്കിലും ഇതേ അനുപാതം തുടരുന്നു. ലോവർ പ്രൈമറി- ഹയർ സെക്കൻററി വിഭാഗങ്ങളിൽ കായിക അധ്യാപക തസ്തിക ഇല്ല. കുട്ടികൾക്ക് കായിക ആരോഗ്യം ആവശ്യമാണെന്ന് മനസിലാക്കി സർക്കാർ ആരോഗ്യ കായിക വിദ്യാഭ്യാസം എന്ന പാഠപുസ്തകം പുറത്തിറക്കി. അഞ്ചാം ക്ലാസ് തൊട്ട് പത്തുവരെ ഈ പാഠപുസ്തകം കുട്ടികൾ പഠിക്കുന്നുമുണ്ട്. എന്നാൽ SSLC പരീക്ഷയ്ക്ക് ഈ വിഷയം ഇല്ല. മാത്രമല്ല, ഈ വിഷയം
കൈകാര്യം ചെയ്യാൻ അധ്യാപകരില്ല എന്നത് പ്രശ്നമാണ്. മറ്റ് വിഷയങ്ങൾക്ക് 35 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്നതാണ് സാഹചര്യം. എന്നാൽ ആ അധ്യാപകരെ പോലുള്ള അനുപാതം കായികവിദ്യാഭ്യാസത്തിൽ ഇല്ല. 500 കുട്ടികൾക്ക് ഒരു കായിക അധ്യാപക തസ്തിക എന്ന രീതിയിൽ തുടരുമ്പോഴും കുട്ടികൾക്ക് തിയറി പഠിപ്പിക്കണം, പ്രാക്റ്റിക്കൽ എടുക്കണം, പരീക്ഷ നടത്തി മറ്റ് വിഷയങ്ങളുടെ മാർക്ക് നൽകുന്നത് പോലെ നൽകണം.അതിനുപുറമേ സ്കൂളുകളിൽ കായികമേള നടത്തണം. അതിൽ തന്നെ 40- ഓളം ഗെയിമുകളും അത് ലറ്റിക്സും നടത്തണം. മികച്ച കുട്ടികളെ കണ്ടെത്തി പരീശീലിപ്പിച്ച് സബ്ജില്ല, ജില്ല, സംസ്ഥാന തല മത്സരങ്ങൾക്ക് പ്രാപ്തരാക്കണം. ഇത്രയും ജോലി കായികാധ്യാപകർ ചെയ്യുന്നുണ്ട്. യു.പിയിലും ഹൈസ്ക്കൂളിലും ഒരേ ശമ്പളമാണ് കായികാധ്യാപകർക്ക് ലഭിക്കുന്നതെന്ന വസ്തുത കൂടിയുണ്ട്’’.

അധ്യാപക നിയമനമില്ല എന്നതിനൊപ്പം കുട്ടികൾക്ക് കായികവിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതും മറ്റൊരു പ്രശ്നമാണ്. പ്രൈമറി ക്ലാസിൽ കായിക വിദ്യാഭ്യാസം ഒരു വിഷയമായി ഉൾപ്പെടുത്തിട്ടില്ല.
‘‘കേരളം വലിയ കായിക സംസ്കാരമുള്ള നാടാണ്. പി.ടി. ഉഷയെ പോലുള്ള ഒരുപാട് കായികതാരങ്ങൾ വളർന്നുവന്ന മണ്ണാണ്, പ്രൈമറി വിദ്യാഭ്യാസത്തിൽ നിന്നാണ് ഒരു കുട്ടിയുടെ കഴിവും അഭിരുചിയും നമ്മൾ കണ്ടെത്തേണ്ടത്. നിരവധി കുട്ടികൾക്ക് സ്പോർട്സ് ക്വോട്ടയിലൂടെ ജോലി ലഭിക്കുകയും വലിയ വിജയങ്ങൾ നേടാനും സാധിക്കുന്നത് ഇത് വഴിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും പ്രൈമറിതലത്തിൽ കായികവിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുള്ളപ്പോൾ കേരളത്തിൽ അതില്ല. ഇവിടെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്‍ററി എല്ലാം ചേർത്ത് 49 ലക്ഷത്തിന് മേലെ വിദ്യാർത്ഥികളുണ്ട്. എന്നാൽ, 1869 കായികാധ്യാപകർ മാത്രമേ ഉള്ളൂ. ഇത് പരിഹരിക്കേണ്ട വിഷയമാണ്”, ഹർഷാദ് പറഞ്ഞു.
“നിലവിലുള്ള കായികാധ്യാപകരെ നിലനിർത്താൻ മുൻ സർക്കാരുകൾ ഉത്തരവിറക്കുകയും പേരിനെങ്കിലും നടപടിയെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ 2023-ലും 2024-ലും സർക്കാർ ഈ ഉത്തരവ് പുതുക്കിയിട്ടില്ല. 13 കായികാധ്യാപകർ ജോലിയില്ലാതെ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ നിന്ന് പുറത്തിരിക്കുകയാണ്. സമരത്തിലേക്ക് പോവാനാണ് കായികാധ്യാപകർ തീരുമാനിച്ചിട്ടുള്ളത്. അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം കായിക മേളകൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. യു.പി ക്ലാസ്സുകളിൽ 300 കുട്ടികളെങ്കിലും ഉണ്ടെങ്കിൽ ഒരു കായികാധ്യാപക തസ്തിക വേണം. സാധാരണ ഹൈസ്കൂൾ അധ്യാപകരുടെ മിനിമം ശമ്പളമെങ്കിലും ഹൈസ്കൂൾ കായികാധ്യാപകർക്കും നൽകണം”, ഹർഷാദ് കൂട്ടിച്ചേർത്തു.
അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തിയറി പഠനം എത്രമാത്രം കുട്ടികളിലേക്ക് എത്തുമെന്ന് വിലയിരുത്തേണ്ടതുണ്ടെന്ന് മലപ്പുറം ജില്ലയിലെ കായികാധ്യാപിക രജനി അനീഷ് ചൂണ്ടിക്കാട്ടുന്നു:
“ലഹരിയ്ക്കും മറ്റും അടിമപ്പെടുന്ന വിദ്യാർത്ഥികളെ കായികമേഖല പോലെ ഉപകാരപ്പെടുന്ന വിഷയങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ അധ്യാപകർക്ക് സാധിക്കും. ഹയർ സെക്കൻററി മേഖലയിൽ കായികാദ്ധ്യാപകരില്ല. ഫിസിക്കൽ എഡ്യുകേഷൻ പീരീഡുകൾ പാഴാക്കിക്കളയുകയാണ്. അഞ്ചാം ക്ലാസ് മുതൽ പത്തുവരെ കായിക വിദ്യാഭ്യാസം പഠിപ്പിക്കുന്ന പുസ്തകമുണ്ട്. എന്നാൽ ഇതുവരെ പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിട്ടില്ല. മാത്രമല്ല കായികം പോലുള്ള ഒരു വിഷയത്തിൽ തിയറി മാത്രം പഠിപ്പിച്ചിട്ട് എന്താണ് കാര്യം? ഐ.ടി പോലുള്ള വിഷയമാക്കി ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ അങ്ങനെയൊരു നീക്കം സർക്കാർ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 500 കുട്ടികൾക്ക് ഒരു കായികാദ്ധ്യാപക തസ്തികയാണുള്ളത്. എന്നാൽ 2000 കുട്ടികളുള്ള സ്കൂളുകളിലും ഒരൊറ്റ അധ്യാപക തസ്തികയാണുള്ളത്. ഒരേ സമയം ഒന്നോ രണ്ടോ ക്ലാസ്സിൽ കൂടുതൽ കൈകാര്യം ചെയ്യാൻ അധ്യാപകർക്ക് ബുദ്ധിമുട്ടുണ്ട്. കുട്ടികളുടെ ലഹരി കായികമായി മാറണം’’.
കലോത്സവങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം സ്കൂൾ കായികമേളയ്ക്ക് ലഭിക്കുന്നില്ല എന്ന പ്രശ്നവും പലരും ചൂണ്ടിക്കാട്ടുന്നു. വലിയ തുക ചെലവാക്കി കലോത്സവങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ കായികമേളയെ അവഗണിക്കുകയാണ് ചെയ്യുന്നത്.
‘‘സബ്ജില്ല - ജില്ല മത്സരങ്ങളിൽ കായിക വിദ്യാഭ്യാസത്തിന് ഫണ്ട് ചെയ്യുന്ന സ്കൂളുകൾക്കൊപ്പം, കായികാധ്യാപകരില്ലാത്ത സ്കൂളിലെ മാനേജ്മെൻറ് തട്ടിക്കൂട്ടി ഒരു സംഘത്തെ ഇറക്കും. അതുകൊണ്ട് ഒരു ഗുണവും കുട്ടികൾക്കില്ല. അവർ സബ് ജില്ലയിൽ പോയി മറ്റ് സ്കൂളുകളുമായി മത്സരിച്ച് തോൽക്കും. കായികാധ്യാപകരുണ്ടെങ്കിൽ പരിശീലനം ലഭിക്കുകയും വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുകയും ചെയ്യും. കായികമേഖലയിൽ പ്രതിഭ തെളിയിക്കുന്ന കുട്ടികൾക്ക് മുന്നോട്ട് എന്തെല്ലാം അവസരമുണ്ട്? സംസ്ഥാന- ദേശീയ തലം മുതൽ ഒളിമ്പിക്സ് വരെയുള്ള അന്താരാഷ്ട്ര സാധ്യതകൾ അവർക്കായി തുറന്നുകിടക്കുകയാണ്. എന്നാൽ ഇത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ പോലും ആത്മാർത്ഥമായി ശ്രമിക്കുന്നില്ല”, രജനി അനീഷ് പറഞ്ഞു.
കായിക വിദ്യാഭ്യാസം സിലബസ്സിലുണ്ടെങ്കിലും അധ്യാപകരുടെ കുറവ് വിദ്യാർഥികളെ മോശമായി ബാധിക്കുന്നുണ്ടെന്ന് കായിക അധ്യാപിക ജ്യോതി പറയുന്നു:
“പത്താം ക്ലാസ് വരെ ഹെൽത്ത്- കായിക വിദ്യാഭ്യാസത്തിനായി പാഠപുസ്തകങ്ങളുണ്ട്. എന്നാൽ പല സ്കൂളിലും കായികാധ്യാപകരില്ല. ഫിസിക്കൽ എഡ്യുകേഷൻ പീരിഡിൽ വിദ്യാർത്ഥികളെ ഗ്രൗണ്ടിലേക്കയച്ചാൽ അവർ അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ആ സമയം വിനിയോഗിക്കും. എന്നാൽ കുട്ടികൾക്ക് കിട്ടേണ്ട കായിക വ്യായാമം കിട്ടുന്നുണ്ടാവില്ല. ചില സ്കൂളുകളിൽ ക്ലാസ്സുകൾ അധികമായിരിക്കും. അതുകൊണ്ട് പീരിഡുകളും കൂടുതലാവും. ഒരു കായികാധ്യാപക തസ്തിക മാത്രമുള്ള സ്കൂകളിൽ അവർക്ക് എല്ലാ ക്ലാസ്സിലും എത്തിച്ചേരാൻ ബുദ്ധിമുട്ടാവും. എനിക്ക് 28 പിരീഡ് ഉണ്ടെങ്കിൽ എല്ലാ ക്ലാസ്സിലും എത്തിച്ചേരുക ബുദ്ധിമുട്ടാണ്. നേരെ മറിച്ച് മറ്റേതെങ്കിലും വിഷയമാണെങ്കിൽ ഒരു സ്കൂളിൽ തന്നെ രണ്ടോ മൂന്നോ അധ്യാപകർ കാണും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകർ വേണം.മാനേജ്മെന്റിന്റെ താല്പര്യത്തിനനുസരിച്ചാവും സ്കൂളുകളിൽ കായിക വിദ്യാഭ്യാസം നടപ്പാക്കുക. ചില മാനേജ്മെൻറുകൾ നല്ല താൽപര്യം കാണിക്കും, എന്നാൽ ചിലർ അങ്ങനെയാവില്ല. കോവിഡിനുമുമ്പുതന്നെ കായികാധ്യാപകർ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. വിഷയങ്ങൾ കായികമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ല” , ജ്യോതി പറഞ്ഞു.

കായികവിദ്യാഭ്യാസം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ എത്രത്തോളം ഗുണം ചെയ്യുമെന്ന് വിശദീകരിക്കുകയാണ് മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ഇ.കെ. കിഷോർ കുമാർ:
“കായിക വിദ്യാഭ്യാസം കായിക താരങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന തിരിച്ചറിവുണ്ടാവണം. മുമ്പ് എല്ലാ വിദ്യാലയങ്ങളിലും ദിവസവും ഒരു മണിക്കൂറെങ്കിലും നിർബന്ധമായി കായിക വിദ്യാഭ്യാസത്തിന് നൽകുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. സി.ബി.എസ്.ഇ സ്കൂളുകളിൽ ആഴ്ചയിൽ ഇത്ര മണിക്കൂർ കായികത്തിന് മാറ്റിവെയ്ക്കണമെന്ന് നിർബന്ധമായും പറയുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്നില്ല. കായിക വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് നഷ്ടമാവുന്നത് ഒരുപാട് കാര്യങ്ങളാണ്. കായികമേഖലയിൽ ഇടപെടുന്ന കുട്ടികൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാവാറുണ്ട്. അതിപ്പോൾ ഉണ്ടാവുന്നില്ല. ജയിക്കുമ്പോഴും തോൽക്കുമ്പോഴും ഉണ്ടാവുന്ന സന്തോഷവും സങ്കടവും ഇപ്പോഴത്തെ കുട്ടികൾ അനുഭവിക്കുന്നില്ല. തോൽവി അറിയാത്ത ഒരു തലമുറയാണ് വളർന്നു വരുന്നത്. എല്ലായിടത്തും അവർ ജയിക്കുന്നു. കുട്ടികൾ തോൽവി അറിയണം. എന്നാലേ ജീവിതത്തിൽ മുന്നോട്ട് പോവുമ്പോൾ പ്രതിസന്ധികളിൽ നിന്ന് തിരിച്ചുവരാൻ അവർക്ക് സാധിക്കുകയുള്ളൂ. ചെറുപ്രായത്തിൽ തന്നെ ഇന്ന് നമ്മുടെ കുട്ടികൾ മൊബൈൽ ഫോണിന് മുന്നിലാണ്. അവിടെ അവർ അവരുടേതായ ലോകത്താണ്. എന്നാൽ കൂട്ടായ കളികളിലും മറ്റും ഏർപ്പെടുമ്പോൾ അവർ സമൂഹത്തിൽ എങ്ങനെ ഇടപെടണമെന്ന് കൂടിയാണ് പഠിക്കുന്നത്. ലഹരി ഒഴിവാക്കണം എന്ന് പറയുന്നവർ കുട്ടികൾക്ക് കായികം ലഹരിയാക്കാൻ പരിശ്രമിക്കുന്നില്ല. സ്കൂളുകളിൽ കുട്ടികൾക്ക് ആവശ്യത്തിന് കായികവിദ്യാഭ്യാസം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.

സ്കൂളുൾ വിദ്യാർത്ഥികൾക്ക് നിർബന്ധമായും കായിക വിദ്യാഭ്യാസം നൽകണം. സി.ബി.എസ്.ഇ ആയാലും സർക്കാർ സ്കൂളുകളായാലും ഇക്കാര്യത്തിൽ പിന്നിലാണ്. ഇതിന് മാറ്റം വരുത്താൻ ആവശ്യത്തിന് കായിക അധ്യാപകർ വേണം. 500 വിദ്യാർത്ഥികൾക്ക് ഒരു കായിക അധ്യാപക തസ്തിക എന്നത് 250 കുട്ടികൾക്ക് ഒരു ടീച്ചർ എന്ന നിലയിലേക്ക് മാറ്റണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. നമ്മുടെ കുട്ടികൾ പുതിയ കാലത്ത് ചെറുപ്പത്തിൽ തന്നെ വലിയ മാനസികസംഘർഷങ്ങളിലൂടെയും മറ്റും കടന്ന് പോവുന്നുണ്ട്. ഇത്തരം പ്രതിസന്ധികളിൽ നിന്ന് അവരെ കരകയറ്റാൻ കായിക വിദ്യാഭ്യാസത്തിലൂടെ സാധിക്കും. ഒരുമിച്ച് പ്രയത്നിച്ച് വിജയിച്ചു, അല്ലെങ്കിൽ ഒരുമിച്ച് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു എന്ന അനുഭവം ലഭിക്കുന്ന ഒരു മേഖല കായികമേഖലയാണ്. അവിടെ കൂട്ടായ്മയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അവിടെ മത-ജാതി - ഭാഷ - പ്രാദേശിക ഭേദങ്ങളൊന്നുമില്ല. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് സ്കൂളുകൾ. അവിടെ പഠനത്തിനൊപ്പം, കായികവിദ്യാഭ്യാസത്തിൽ നിന്നുള്ള അറിവുകളും അവർക്ക് ലഭിക്കേണ്ടതുണ്ട്”, കിഷോർ കുമാർ പറഞ്ഞു.