വിദൂര പഠനം ഇല്ലാതാകില്ല, പിന്നെ വിവാദം എന്തിന്​?

ജൂലൈയിൽ യു.ജി.സി. സംഘം എത്തുകയും അംഗീകാരം കൊടുക്കുകയും ചെയ്താൽ ആഗസ്റ്റിൽ ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ ക്ഷണിച്ച് പ്രവേശന നടപടി തുടങ്ങാനാകും. അംഗീകാരം ലഭിക്കാതിരുന്നാൽ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കാം. ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി കിട്ടാത്തപക്ഷം മറ്റു സർവകലാശാലകൾക്ക് കോഴ്‌സുകൾ നടത്താമെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ ഉത്തരവിലും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. കേരളത്തിൽ വിദൂര പഠനം ഇല്ലാതാകില്ലെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദൂര പഠന സ്വപ്‌നങ്ങൾ ഇല്ലാതാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഇത്തരത്തിലുള്ള നിരവധി വാർത്തകളും പോസ്റ്റുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ഇത്തവണ വിദൂര പഠനം, പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള ബിരുദ, പി.ജി. പ്രവേശനമില്ലെന്ന വാർത്ത വന്നതിനു പിന്നാലെയാണ് വിദൂര വിദ്യാഭ്യാസം ഇല്ലാതാകുന്നതോടെ കേരളത്തിലെ പിന്നോക്ക മേഖലകളിലെ വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക പരക്കുന്നത്.

കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർകലാശാലകളിലെ വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദ, പി.ജി. റജിസ്‌ട്രേഷന് അപേക്ഷ ക്ഷണിക്കുന്നതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തടഞ്ഞത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യു.ജി.സി. വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിച്ചില്ലെങ്കിൽ മാത്രമെ മറ്റു സർവകലാശാലകൾക്ക് വിദൂര പഠന കോഴ്‌സുകൾ നടത്താൻ അനുമതി ലഭിക്കുകയുള്ളൂ. ബിരുദ, പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നതിനായി കേരള സർവകലാശാല റജിസ്ട്രാർ മേയ് 17-ന് കത്തയച്ചപ്പോഴാണ്, അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എല്ലാ സർവകലാശാലകൾക്കും ഉത്തരവ് അയച്ചത്. എന്നാൽ മുൻവർഷങ്ങളിൽ പ്രവേശനം ലഭിച്ചവർക്ക് കോഴ്സ് പൂർത്തിയാക്കുന്നതിൽ തടസ്സമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ സർക്കാർ/എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള നടപടികൾ സംസ്ഥാനത്തെ സർവകലാശാലകൾ ഉടനെ തുടങ്ങും. സാധാരണഗതിയിൽ റഗുലർ കോളേജുകളിലെ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിനുശേഷം ആഗസ്റ്റ് മാസത്തിലാണ് വിദൂര പഠന കോഴ്സുകളുടെ രജിസ്ട്രേഷനുള്ള നടപടികൾ നടക്കുന്നത്. പക്ഷെ ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷാഫലം വരുന്നതിന് തൊട്ടുമുമ്പ് വിദൂര പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സർവകലാശകൾക്ക് അയച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. കേരളത്തിൽ മറ്റൊരു സർവകലാശാലയും ഓൺലൈൻ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ODL) കോഴ്‌സുകൾ നടത്തില്ലെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്റ്റിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ ഒരുലക്ഷത്തോളം വിദ്യാർഥികളാണ് ഓരോ വർഷവും വിദൂരനപഠന, പ്രൈവറ്റ് റജിസ്ട്രേഷനിലൂടെ ബിരുദ, പി.ജി. കോഴ്സുകൾക്കായി ചേരുന്നത്. കാലിക്കറ്റ് സർവകലാശാലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിദൂരനപഠനത്തിലൂടെ പഠിക്കുന്നത്. കാലിക്കറ്റ് സർവകലാശാല വിദൂരനപഠന വിഭാഗത്തിന്റെ 24 കോഴ്സുകൾക്ക് 2025-26 വരെ യു.ജി.സി.യുടെ അംഗീകാരമുണ്ട്. ഒരു വർഷം ശരാശരി 50,000 വിദ്യാർഥികളാണ് കാലിക്കറ്റ് സർവകലാശാലയിൽ വിദൂര പഠനം വഴി ബിരുദ, പി.ജി. കോഴ്സുകൾക്ക് റജിസ്റ്റർ ചെയ്യുന്നത്. കേരള യൂണിവേഴ്സിറ്റിയുടെ 22 പ്രോഗ്രാമുകൾക്കാണ് 2025-26 വരെ യു.ജി.സി. അംഗീകാരമുള്ളത്.

യു.ജി.സിയുടെ പുതിയ ചട്ടപ്രകാരം നാക് (നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷേൻ കൗൺസിൽ) എ ഗ്രേഡായ 3.01-നു മുകളിൽ സ്‌കോറുള്ള സർവകലാശാലകൾക്ക് ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാം എന്ന പേരിലുള്ള വിദൂര വിദ്യാഭ്യാസ കോഴുകൾ നടത്താം. എൻ.ഐ.ആർ.എഫ്. (നാഷണൽ ഇൻസ്റ്റിറ്റിയൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക്) പട്ടികയിൽ ആദ്യ 100 റാങ്കിനുള്ളിലുള്ള സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താം. ഇതനുസരിച്ച് കേരള, എം.ജി. കുസാറ്റ്, കാലിക്കറ്റ് സർവകലാശാലകൾക്ക് വിദൂരപഠന കോഴ്സുകൾ നടത്താം. യു.ജി.സി.യുടെ പുതിയ ചട്ടം പരിഗണിക്കാതെയാണ് സംസ്ഥാന സർക്കാർ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആക്റ്റ് പാസാക്കിയത്. മറ്റു സർവകലാശാലകൾ വിദൂര പഠന കോഴ്‌സുകൾ നടത്തുകയില്ലെന്ന് നിയമത്തിൽ പറഞ്ഞിട്ടുള്ളതിനാൽ അതിൽ മാറ്റം വരുത്തണമെങ്കിൽ നിയമ ഭേദഗതി വരുത്തേണ്ടിവരും.

അംഗീകാരം പ്രതീക്ഷിച്ച് ഓപ്പൺ സർവകലാശാല

2021-ലാണ് സംസ്ഥാന സർക്കാർ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആക്റ്റ് പാസാക്കിയത്. കഴിഞ്ഞ അധ്യയന വർഷം കോഴ്‌സ് തുടങ്ങുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർവകലാശാലയ്ക്ക് സാധിച്ചിരുന്നില്ല. 12 ബിരുദ കോഴ്സുകളും അഞ്ച് പി.ജി. കോഴ്സുകളും നടത്താനുള്ള അനുമതിക്കായാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി.സി.യ്ക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജൂലൈയിൽ യു.ജി.സി. സംഘം യൂണിവേഴ്സിറ്റി സന്ദർശിക്കും. അതിനുശേഷമായിരിക്കും അംഗീകാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.

യൂണിവേഴ്സിറ്റി അടുത്തിടെയാണ് 46 അധ്യാപകരെയും അഞ്ച് വകുപ്പ് മേധാവികളെയും നിയമിച്ചത്. പഠനസാമഗ്രികൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളും നടന്നുവരികയുമാണ്. ശാസ്ത്ര വിഷയങ്ങളിലുൾപ്പെടെ യു.ജി. തലത്തിൽ കൂടുതൽ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ശ്രീനാരായണ യൂണിവേഴ്സിറ്റിയിൽ ആകെ 118 തസ്തികകളാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. 2021-ൽ തന്നെ തസ്തികകൾ പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. യൂണിവേഴ്സിറ്റിയുടെ നാല് പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടർമാരും അഞ്ച് സ്റ്റഡി സെന്ററുകളുടെ മേധാവികളും ഉൾപ്പെടെ 56 അധ്യാപക തസ്തികകളാണുള്ളത്. 46 അസിസ്റ്റന്റ് പ്രൊഫസർമാരുടെ തസ്തികകളിലും സെന്റർ ഫോർ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടറുടെയും നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. യൂണിവേഴ്സിറ്റിക്ക് അഞ്ച് ഡെപ്യൂട്ടി റജിസ്ട്രാർമാരും അസിസ്റ്റന്റ് റജിസ്ട്രാർമാരുമാണുള്ളത്. നാല് സെക്ഷൻ ഓഫീസർമാരുമുണ്ട്. കോഴ്‌സുകൾ തുടങ്ങാനുള്ള സൗകര്യങ്ങളെല്ലാം ഒരുങ്ങിയിട്ടുള്ളതിനാൽ ഈ അധ്യയന വർഷം അനുമതി ലഭിക്കുമെന്ന് തന്നെയാണ് യൂണിവേഴ്‌സിറ്റി അധികൃതർ പ്രതീക്ഷിക്കുന്നത്.

ജൂലൈയിൽ യു.ജി.സി. സംഘം എത്തുകയും അംഗീകാരം കൊടുക്കുകയും ചെയ്താൽ ആഗസ്റ്റിൽ ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ ക്ഷണിച്ച് പ്രവേശന നടപടികൾ തുടങ്ങാനാകും. അംഗീകാരം ലഭിക്കാതിരുന്നാൽ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കാം. ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി കിട്ടാത്തപക്ഷം മറ്റു സർവകലാശാലകൾക്ക് കോഴ്‌സുകൾ നടത്താമെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ ഉത്തരവിലും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞവർഷം ശ്രീനാരായണ സർവകലാശാലയ്ക്ക് കോഴ്‌സ് തുടങ്ങാനാകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മറ്റു സർവകലാശാലകൾക്ക് വിദൂര പഠന കോഴ്‌സുകൾ നടത്താൻ അനുമതി നൽകിയിരുന്നു.
കേരളത്തിൽ വിദൂര പഠനം ഇല്ലാതാകില്ലെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. അതായത് വിദൂര പഠനം ഒന്നുകിൽ പുതിയ ഓപ്പൺ സർവകലാശാലയിലൂടെ അല്ലെങ്കിൽ മറ്റു സർവകലാശാലകളിലൂടെ നടക്കും. രണ്ടും ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായാൽ മാത്രമെ സർക്കാർ/ എയ്ഡഡ് കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുകയുള്ളൂ.

വിവാദം എന്തിന്?

ഓപ്പൺ സർവകാലാശാലയ്ക്ക് അംഗീകാരം കിട്ടുമോ ഇല്ലയോ എന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ, ഇപ്പോഴത്തെ വിവാദം വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ടെന്നതിൽ സംശയമില്ല. ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനാൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴികൾ തേടുകയാണ് വിദ്യാർഥികൾ. കേരളത്തിലെ വിദൂരപഠനം അനിശ്ചിതത്വത്തിലായാൽ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിലേക്ക് പോകും. കേരളത്തിൽ വിദൂര പഠനം എവിടെയൊക്കെയുണ്ട് എന്നറിയാൻ അടുത്ത മാസമാകണമെന്നതിനാൽ വിദ്യാർഥികൾ കടുത്ത സമ്മർദത്തിലാക്കും.

Photo: Mahatma Gandhi University

ഹയർ സെക്കൻഡറി ഫലം വരുന്ന സമയത്ത് തന്നെ ഇങ്ങനെയൊരു വാർത്ത പുറത്തുവന്നത് ഈ വിവാദം അത്ര നിഷ്‌കളങ്കമല്ലെന്നതിന്റെ സൂചനയാണ്. കേരളത്തിലെ പിന്നോക്ക മേഖലയിലെ, പ്രത്യേകിച്ച് മലബാറിലെ വിദ്യാർഥികളെയാണ് വിദൂരപഠനം ഇല്ലാതാകുന്നത് ബാധിക്കുകയെന്നാണ് വാദം. മാത്രമല്ല, ഗ്രാമീണ മേഖലകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് കാരണമാകുമെന്നും പറയുന്നു. സർക്കാർ/ എയ്ഡഡ് കോളേജുകൾ കുറവായതിനാൽ തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളെയാണ് ഇത് ദോഷകരമായി ബാധിക്കുകയെന്നും സർക്കാർ വിദ്യാർഥികളോട് ചെയ്യുന്ന ക്രൂരതയാണിതെന്നുമൊക്കെയാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഈ വാദങ്ങൾ ഈ സമയത്ത് തന്നെ ഉന്നയിച്ച് വിദ്യാർഥികളെ ആശങ്കയിലാക്കുന്നവരുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്ന ആദ്യത്തെ കാര്യം, കേരളത്തിൽ വിദൂര പഠനം ഇല്ലാതാകില്ല എന്നതുതന്നെയാണ്. വിദൂര പഠനം പൂർണമായും ഒറ്റ സർവകാലാശയ്ക്ക് കീഴിലാകുമെന്ന് മാത്രം. വിദൂരപഠനം എന്ന സങ്കൽപം തന്നെ എവിടെയിരുന്നും ഏത് സർവകലാശാലയിലും പഠിക്കാമെന്നതാണ്.

കേരളത്തിലെ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം ഇല്ലാതാകുന്നത് പിന്നാക്ക മേഖലയിലെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന്​ കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ ഡോ. അമൃത് ജി. കുമാർ പറയുന്നു. ""വിദൂര വിദ്യാഭ്യാസത്തിൽ സർവകലാശാല ഏതായിരുന്നാലും വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. നഗര-ഗ്രാമ വ്യത്യാസമൊന്നും അതിലില്ല. എല്ലാവർക്കും ഒരേ പഠന സാമഗ്രികളാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ പഠന നിലവാരത്തെയോ അവസരങ്ങളെയോ അത് ഇല്ലാതാക്കുന്നില്ല. കേരളത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വരുമ്പോൾ സംസ്ഥാനത്തെ വിദൂരപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കൊക്കെ അവിടെ ചേരാനാകും. കാരണം, റഗുലർ കോളേജുകൾ പോലെയുള്ള സീറ്റ് പരിമിതികളൊന്നും ഓപ്പൺ യൂണിവേഴ്സിറ്റികളിലില്ല.'' -അമൃത് ജി. കുമാർ വ്യക്തമാക്കി.

കേരളത്തിൽ വിദൂര പഠനം എപ്പോൾ തുടങ്ങുമെന്നത് അനിശ്ചിതത്വത്തിലായാൽ വിദ്യാർഥികൾ ഉടൻ തന്നെ മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിലെ വിദൂര പഠന കോഴ്സുകൾ തെരഞ്ഞെടുക്കുമെന്നും ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അമൃത് ജി. കുമാർ പറയുന്നു. ""വിദൂരപഠനം കേരളത്തിൽ ഇല്ലാതായാലും അത് വിദ്യാർഥികളുടെ പഠനത്തെ ഒരുതരത്തിലും ബാധിക്കില്ല. മറിച്ച്, സർവകലാശാലകളുടെയും സംസ്ഥാനത്തിന്റെയും വരുമാനത്തെയാണ് ബാധിക്കുക. കാരണം, വിദൂരപഠന കോഴ്സുകളെല്ലാം തന്നെ ഫീസ് നൽകി പഠിക്കുന്നവയാണ്. ഫീസിന് പുറമെ പഠനസാമഗ്രികളും വില നൽകിയാണ് വിദ്യാർഥികൾ വാങ്ങുന്നത്. സംവരണമോ ഫീസിളവോ വിദൂര പഠന കോഴ്‌സുകൾക്കില്ല. ഇതെല്ലാം കേരളത്തിന് പുറത്തേക്ക് പോകുമ്പോൾ ഇവിടെ ചെലവഴിക്കപ്പെടേണ്ട പണം മറ്റു സംസ്ഥാനങ്ങളിലേക്ക് പോകും. അത് കേരളത്തിന് നഷ്ടമുണ്ടാക്കും.''- അമൃത് ജി. കുമാർ പറഞ്ഞു.

സമ്മർദ്ദതന്ത്രത്തിനുപുറകിൽ?

കേരളത്തിലെ വിദൂര വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാണെന്ന ധാരണ പരത്തി വിദ്യാർഥികളെ സമ്മർദത്തിലാക്കുക എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾ കൊണ്ട് സംഭവിക്കുന്നത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അംഗീകാരം കിട്ടരുതെന്ന് ആഗ്രഹിക്കുന്ന ചിലരുടെ ബുദ്ധിയും ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉറച്ച തീരുമാനവുമായാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ വിവാദങ്ങൾ കണ്ട്, പഠനാവസരം നഷ്ടമാകുന്ന ഭയം വിദ്യാർഥികൾക്ക് വേണ്ട. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല കോഴ്സുകൾ തുടങ്ങാതിരിക്കുകയും സംസ്ഥാനത്തെ മറ്റു സർവകലാശാലകൾ വിദൂര പഠനം നിർത്തുകയും ചെയ്താൽ മാത്രമെ കേരളത്തിലെ പഠിതാക്കൾക്ക് ഇത്തരം ആശങ്കകൾ ഉണ്ടാകേണ്ടതുള്ളൂ. അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നത് ഉറപ്പാണെന്നതിനാൽ എവിടെ ചേരണമെന്ന് തീരുമാനിക്കാൻ യു.ജി.സി.യുടെ തീരുമാനം വരുന്നതുവരെ കാത്തിരുന്നാൽ മാത്രം മതി.

വിദ്യാർഥികളെ ബാധിക്കുന്നതിങ്ങനെ

ശ്രീനാരായണ യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം ലഭിച്ചാൽ തന്നെ തുടക്കത്തിൽ 12 ബിരുദ കോഴ്‌സുകളും അഞ്ച് പി.ജി. കോഴ്‌സുകളും മാത്രമാണുണ്ടാവുക. ഭാവിയിൽ കോഴ്‌സുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മറ്റു സർവകലാശാലകളിൽ നിലവിലുള്ള ഒട്ടേറെ കോഴ്‌സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ഇല്ലാതാകും. കോഴ്‌സുകളുടെ വൈവിധ്യം ഇല്ലാതാകുന്നത് പല വിദ്യാർഥികളുടെയും ഉന്നത പഠനത്തെ തടസ്സപ്പെടുത്തും. ഉദാഹരണത്തിന് കാലിക്കറ്റ് സർവകലാശാലയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്യുന്ന കോഴ്‌സുകളിൽപെട്ട ബി.എ. അറബിക്, അഫ്‌സലുൽ ഉലമ ഉൾപ്പെടെയുള്ളവ ശ്രീനാരായണ ഓപ്പൺ സർവകലാശാല അംഗീകാരത്തിന് അപേക്ഷിച്ചിട്ടുള്ള കോഴ്‌സുകളുടെ പട്ടികയിലില്ല. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് വിദൂര പഠനം പൂർണമായി ഓപ്പൺ സർവകലാശാലയിൽ മാത്രമാക്കുന്നത് ചില വിഷയങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളെ വിഷമത്തിലാക്കും. അവർക്ക് ഇഷ്ടവിഷയം പഠിക്കാൻ സംസ്ഥാനത്തിന് പുറത്തെ സർവകലാശാലകളെ ആശ്രയിക്കേണ്ടിവരും.

വിദൂര പഠനം ഓപ്പൺ സർവകാലാശാലയിൽ മാത്രമാകുന്നത് വിദ്യാർഥികളുടെ പഠനാവസരത്തെയും പഠന നിലാവരത്തെയുമൊന്നും ബാധിക്കില്ലെങ്കിലും, മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും ചിലപ്പോൾ തടസ്സമായേക്കും. കാരണം, കേരളത്തിലെ മറ്റു സർവകലാശാലകളിലെ വിദൂര പഠനത്തിലൂടെ ബിരുദവും പി.ജി.യും നേടുന്നവർക്ക് റഗുലർ വിദ്യാർഥികളുടേതിന് സമാനമായ സർട്ടിഫിക്കറ്റുകൾ തന്നെയാണ് ലഭിക്കുന്നത്. അതിനാൽ റഗുലർ വിദ്യാർഥികളുടെ ബിരുദത്തിന് തുല്യമായി തന്നെ പരിഗണിക്കപ്പെടും. എന്നാൽ ഓപ്പൺ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകൾ പല സ്ഥാപനങ്ങളും റഗുലർ കോഴ്‌സുകളുടേതിന് തുല്യമായി പരിഗണിക്കാറില്ല. ഇത് ചിലപ്പോൾ വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് പോകുന്നതിനും മികച്ച സ്ഥാപനങ്ങളിൽ ജോലി കിട്ടുന്നതിനുമൊക്കെ തടസ്സമായേക്കാമെന്നതാണ് വിദൂര പഠനം ഓപ്പൺ സർവകലാശാലയിൽ മാത്രമാകുമ്പോൾ വിദ്യാർഥികൾക്കുണ്ടാകുന്ന ഒരു പ്രശ്‌നം.

അതേസമയം, ഓൺലൈൻ വിദൂര പഠനം ഓപ്പൺ സർവകലാശാലകളിലൂടെ മാത്രമാക്കാൻ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളിലും ഓപ്പൺ സർവകലാശാലകൾ സ്ഥാപിക്കുന്നതിനെ യു.ജി.സി. പ്രോത്സാഹിപ്പിക്കുകയാണ്. യു.ജി.സി. (ഫിറ്റ്നസ് ഓഫ് ഓപ്പൺ യൂണിവേഴ്സിറ്റീസ് ഫോർ ഗ്രാന്റ്സ്) റൂൾസ് 1998 പ്രകാരം വിദൂര വിദ്യാഭ്യാസ സർവകലാശാല തുടങ്ങണമെങ്കിൽ സംസ്ഥാനങ്ങൾ 40-60 ഏക്കർ ഭൂമി കണ്ടെത്തണമായിരുന്നു. കഴിഞ്ഞ മേയ് 22-ന് യു.ജി.സി. ഈ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അഞ്ച് ഏക്കർ വികസിത ഭൂമി കണ്ടെത്തിയാൽ സംസ്ഥാനങ്ങൾക്ക് ഇനി വിദൂര വിദ്യാഭ്യാസ സർവകലാശാല സ്ഥാപിക്കാമെന്നാണ് പുതിയ ചട്ടം. കൂടുതൽ വിദൂര വിദ്യാഭ്യാസ സർവകലാശാലകൾ ഉണ്ടാകുന്നതിനുവേണ്ടിയാണ് ഈ ഭേദഗതി നടത്തിയത്.

വിദൂര/ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനെ ഭൂമിയുടെ ലഭ്യതയില്ലായ്മ തടസ്സപ്പെടുത്തരുതെന്നതിനാലാണ് ചട്ടം ഭേദഗതി ചെയ്തതെന്ന് യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ പറയുന്നു. നഗരങ്ങളിലും മലയോര മേഖലകളിലും വിശാലമായ ഭൂമി കണ്ടെത്തുക പ്രയാസമാണെന്നതും പരിഗണിച്ചാണ് അഞ്ച് ഏക്കർ ഭൂമി മതിയെന്ന തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിദൂര വിദ്യാഭാസം പൂർണമായും ഓപ്പൺ സർവകലാശാലകൾ വഴി മാത്രമാക്കാനുള്ള നീക്കമാണ് യു.ജി.സി. നടത്തുന്നത്. അതിന്റെ ഭാഗമായാണ് എല്ലാ സംസ്ഥാനങ്ങളിലും ഓപ്പൺ സർവകലാശാലകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും മറ്റു സർവകലാശാലകളുടെ വിദൂരപഠന, പ്രൈവറ്റ് റജിസ്ട്രേഷൻ തടയുകയും ചെയ്യുന്നത്.

16 സംസ്ഥാനങ്ങളിലാണ് ഇതിനകം ഓപ്പൺ സർവകലാശാലകൾ സ്ഥാപിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന, കർണാടക, തമിഴ്നാട്, അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ചത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഓപ്പൺ സർവകലാശാലകളുള്ളത്. യു.ജി.സി.യുടെ ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോ വെബ്സൈറ്റ് പ്രകാരം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി മാത്രമാണ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഏക ഓപ്പൺ സർവകലാശാല. ചെന്നൈയിലെ സെയ്ദാപേട്ടിൽ സ്ഥാപിച്ച തമിഴ്നാട് ഓപ്പൺ സർവകലാശാല ഓൺലൈൻ കോഴ്സുകൾ മാത്രം നടത്തുന്നതിനുള്ള രാജ്യത്തെ ഏക ഓപ്പൺ സർവകലാശാലയാണ്.

വിദൂര കോഴ്‌സുകൾ വെട്ടി യു.ജി.സി.

കഴിഞ്ഞ മാർച്ചിലാണ് തമിഴ്നാട്ടിലെ അണ്ണാമലൈ സർവകലാശാലയുടെ വിദൂര പഠന കോഴ്സുകൾ അസാധുവാണെന്ന് യു.ജി.സി. പ്രഖ്യാപിച്ചത്. യു.ജി.സി.യുടെ അംഗീകാരമില്ലാതെയാണ് അണ്ണാമലൈ സർവകലാശാല വിദൂരപഠന കോഴ്സുകൾ നടത്തുന്നതെന്നും വിദ്യാർഥികൾ അപകടത്തിൽ ചെന്ന് ചാടരുതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് മാർച്ച് 25-നാണ് യു.ജി.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ അണ്ണാമലൈ സർവകലാശാലയിൽ വിദൂര പഠനം വഴി ചെയ്യുന്ന കോഴ്സുകളൊന്നും അംഗീകാരമില്ലാത്തവയാണെന്നും നോട്ടീസിൽ പറയുന്നു. 2014-15 വർഷം വരെ മാത്രമാണ് അണ്ണാമലൈ സർവകലാശാലയ്ക്ക് വിദൂരപഠന കോഴ്സുകൾ നടത്താൻ അനുമതിയുണ്ടായിരുന്നത്. അതിനുശേഷം ഇതുവരെ അണ്ണാമലൈ യൂണിവേഴ്സിറ്റിക്ക് യു.ജി.സി. അംഗീകാരം നൽകിയിട്ടില്ല. 2014-15-നുശേഷം പ്രവേശനം നേടിയരുടെയൊന്നും കോഴ്സുകൾക്ക് അംഗീകാരമുണ്ടാകില്ല. വിദൂര വിദ്യാഭാസത്തിനു കീഴിൽ 200 കോഴ്സുകൾ നടത്തുന്നതായാണ് അണ്ണാമലൈ സർവകലാശാലയുടെ വെബ്സൈറ്റിൽ പറയുന്നത്.

യു.ജി.സി നോട്ടീസിനെ ചോദ്യംചെയ്ത് അണ്ണാമലൈ സർവകലാശാല മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. യു.ജി.സി. നോട്ടീസിൽ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. പ്രാദേശിക അധികാരപരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങളിൽ വിദൂര വിദ്യാഭാസം വഴി നടത്തിയ എല്ലാ പ്രവേശനങ്ങളും, തീർപ്പാകാനുള്ള അപ്പീലിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നാണ് 2015-ലെ ഇടക്കാല ഉത്തരവിൽ പറയുന്നത്. എല്ലാ വർഷവും അംഗീകാരത്തിനായി അപേക്ഷിക്കുമെങ്കിലും അവ യു.ജി.സി. അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാറില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

അണ്ണാമലൈ യൂണിവേഴ്സിറ്റിക്ക് പിന്നാലെ തമിഴ്നാട്ടിലെ പെരിയാർ സർവകലാശാലയുടെ ഓൺലൈൻ വിദൂരപഠന കോഴ്സുകളും യു.ജി.സി. അസാധുവായി പ്രഖ്യാപിച്ചിരുന്നു. പെരിയാർ സർവകലാശാലയിൽ പ്രവേശനം നേടരുതെന്ന് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് മേയ് മാസത്തിലാണ് യു.ജി.സി. നോട്ടീസ് പ്രസിദ്ധീകരിച്ചത്. മുഴുവൻസമയ ഡയറക്ടറും മതിയായ അധ്യാപകരും ജീവനക്കാരും ഇല്ലാതെയാണ് പെരിയാർ സർവകലാശാല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.ജി.സി. നോട്ടീസ് ഇറക്കിയത്.

Comments