തുടർച്ചയായ മൂന്നാംവർഷവും ഒരു കുട്ടിപോലും പ്രവേശനം നേടാത്ത, അധ്യാപകർ സ്ഥിരമായി 'വന്നുപോവുന്ന' ഒരു സർക്കാർ ഹൈസ്കൂളിന്റെ വാർത്ത വന്നത് 2025-ലാണ്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വൈരമണ്ഡലിലെ അസ്നഗുർത്തി ജില്ലാ പരിഷത്ത് ഹൈസ്കൂളിനായിരുന്നു ഈ ദുരവസ്ഥ. തെലങ്കാനയ്ക്കു പുറമെ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ 'സീറോ എൻറോൾമെൻ്റ്' സർക്കാർ വിദ്യാലയങ്ങളുണ്ട്. സർക്കാരിന് വൻ ബാധ്യതയാവുന്ന ഇത്തരം സ്കൂളുകൾ ഒരു നിശ്ചിത കാലയളവിനുശേഷം അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, അടച്ചുപൂട്ടുന്നു. ഒരിക്കൽ വിദ്യാഭ്യാസത്തിനും സ്കൂൾ പ്രവേശനത്തിനുമായി വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും ജീവത്യാഗങ്ങളും നടന്ന നാട്ടിലാണ് വിദ്യാലയങ്ങൾ എന്നേക്കുമായി അടച്ചിടുന്നു എന്നത് വിരോധാഭാസം തന്നെ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ (Gross Enrolment Ratio) കുറവുണ്ടെന്ന വാർത്തകൾ പതിവാണ്. ജനനനിരക്ക് കുറവാണെന്ന ഒറ്റക്കോളത്തിൽ നമ്മളതിനെ ഒതുക്കുന്നെങ്കിലും സ്കൂൾ പ്രവേശന നിരക്കിൽ ഗണ്യമായ കുറവുണ്ടെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
പ്രവേശന നിരക്കിലെ കുറവോ അതോ പ്രവേശന വിലക്കോ?
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് എല്ലാ വർഷവും (മിക്കവാറും അധ്യയന വർഷത്തിന്റെ രണ്ടാംപാദം അവസാനിക്കുന്നതുവരെ) പ്രവേശനം സാധ്യമാണെങ്കിലും ഒന്ന്, അഞ്ച്, എട്ട് ക്ലാസ്സുകളിലേക്കാണ് അധ്യയനവർഷാരംഭത്തിൽ പ്രധാനമായും പ്രവേശനം നടക്കുന്നത്. എന്നാൽ, ഓരോ വർഷവും ഈ ക്ലാസ്സുകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2026-27 അധ്യയനവർഷത്തിൽ കേരളത്തിലെ പൊതു-എയ്ഡഡ്-സ്വകാര്യ സ്കൂളുകളിലായി 2,50,858 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയിട്ടുണ്ട്. 2025-26 അധ്യയന വർഷത്തേക്കാൾ 31481 കുട്ടികൾ കുറഞ്ഞിരിക്കുന്നു. ഇതിൽ 1,33,092 പേർ എയ്ഡഡ് സ്കൂളുകളിലാണ് പ്രവേശിച്ചതെന്നും 2026 ജൂൺ 12 ലെ ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം പ്രകടമാവുന്ന കുറഞ്ഞ ജനനനിരക്ക് കേരളത്തിലെ സ്കൂൾ പ്രവേശനനിരക്കിലും പ്രതിഫലിക്കുന്നുണ്ടെങ്കിലും എയ്ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള മാറ്റം, ഹോം സ്കൂളിങ്ങിനോടുള്ള ആഭിമുഖ്യം, ഡിജിറ്റൽ ആസക്തി, വേർപിരിഞ്ഞു ജീവിക്കുന്ന മാതാപിതാക്കൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ കുട്ടികൾ സ്കൂളിന് പുറത്തുനിൽക്കുന്നതിനുള്ള സാമൂഹിക കാരണങ്ങൾ നിരവധിയാണ്.
സംസ്ഥാനത്തെ വർധിച്ചുവരുന്ന ഹോം സ്കൂളിങ്ങ് സമ്പ്രദായം ഫോർമൽ സ്കൂളിങ്ങിന് തടയിടുന്നുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. “ആദ്യകാലത്ത് കേരളത്തിന് പുറത്തുണ്ടായിരുന്ന ഹോം സ്കൂളിങ്ങ് സംസ്കാരത്തിന് നിലവിൽ കേരളത്തിൽ വലിയ സ്ഥാനമുണ്ട്. ഇടക്കാലത്ത് ചില അധ്യാപകരും സംഘടനകളും ഹോം സ്കൂളിങ്ങിന് പ്രാധാന്യം നൽകിയിരുന്നെങ്കിലും ഫോർമൽ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന മൂല്യങ്ങളും, വ്യക്തിഗത-സാമൂഹിക സ്വാധീനവും രക്ഷിതാക്കളെ അതിൽനിന്നും അകറ്റിയിരുന്നു. എന്നാൽ ആഗോളവൽക്കരണവും ഡിജിറ്റൽ സംസ്കാരവും ഹോം സ്കൂളിങ്ങ് സമ്പ്രദായത്തെ വീണ്ടും കേരളത്തിലെത്തിച്ചു. ജോലിയുള്ളവരും ഇല്ലാത്തവരുമായ രക്ഷിതാക്കൾ ഒരുപോലെ ഇതിനെ പിന്തുണയ്ക്കുന്നു. ഹോം സ്കൂളിങ്ങ് നിയമവിധേയമാണ് എന്നതും, ഓൺലൈൻ ട്യൂഷൻ സെന്ററുകളുടെയും മറ്റും വളർച്ചയും ഹോം സ്കൂളിങ്ങിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഇതൊരിക്കലും ഫോർമൽ സ്കൂളിങ്ങിന് തുല്യമല്ലെങ്കിലും ഏത് വിദ്യാഭ്യാസരീതി തെരഞ്ഞെടുക്കണമെന്നത് മാതാപിതാക്കളുടെയും കുട്ടിയുടെയും താല്പര്യമാണ്. അതുകൊണ്ട് അവരെ നിർബന്ധിക്കാൻ പരിമിതികളുണ്ട്.” എറണാകുളത്തെ സർക്കാർ സ്കൂൾ അധ്യാപിക നിരീക്ഷിക്കുന്നു.

“സ്കൂൾ കാലഘട്ടം മുൻപില്ലാത്തവിധം പ്രതിസന്ധികൾ നിറഞ്ഞതാണ്. തുടർച്ചയായ ക്ലാസ്സുകൾ, വിവിധ പരീക്ഷകൾ, പാഠ്യ - പാഠ്യേതര മേളകൾ, എ പ്ലസ് കോച്ചിങ് എന്നിങ്ങനെ വിദ്യാഭ്യാസം മൾട്ടിടാസ്കിങ് ആയി മാറിയിരിക്കുന്നു. നൃത്തം, സംഗീതം, ചിത്രകല, കളരി, കരാട്ടെ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഒരേസമയം കുട്ടികൾ ചെയ്യണം. കുട്ടിയുടെ മികവ് അളക്കുന്ന എത്രയെത്ര മാനദണ്ഡങ്ങളാണ്? ഇതല്ലല്ലോ അവർ ജീവിക്കുന്ന ലോകം. ഞങ്ങളുടെ കുട്ടിക്ക് അടിസ്ഥാന ജീവിതപരിചയം നൽകാനും അതിൽ വിജയം കണ്ടെത്താനുമാണ് ഞങ്ങൾ പരിശ്രമിക്കുന്നത്,” ഹോം സ്കൂളിങ്ങുകാരനായ ഒമ്പതുവയസ്സുകാരന്റെ മാതാപിതാക്കൾ പറയുന്നു.
വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തം?
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21-A പ്രകാരം വിദ്യാഭ്യാസം ഒരു മൗലികാവകാശവും അനുച്ഛേദം 51-A(k) അനുസരിച്ച് മൗലിക കർത്തവ്യവുമാണ്; അവകാശം കുട്ടികളുടേതും കർത്തവ്യം മാതാപിതാക്കളുടേതും. തങ്ങളുടേതല്ലാത്ത കാരണത്താൽ സ്വസ്ഥമായ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങൾ എന്ത് ചെയ്യും? പാലക്കാട് ജില്ലയിൽ, നിയമപരമായി വേർപിരിയാൻ തീരുമാനിച്ച ദമ്പതികളുടെ മക്കൾ ഈ അധ്യയനവർഷത്തിൽ ഇതുവരെയായി അച്ഛനമ്മമാരുടെ വീടിനടുത്തുള്ള സ്കൂളുകളിൽ മാറിമാറി പഠിച്ചുകൊണ്ടിരിക്കുകയാണ്. ലോവർ പ്രൈമറി വിദ്യാർത്ഥികളായ ആ ആൺകുട്ടിയും പെൺകുട്ടിയും അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തിന് ആരെല്ലാമാണ് ഉത്തരവാദികൾ? ആരോടാണ് അവർ മറുപടി പറയേണ്ടത്? ആരാണ് അവരോട് മറുപടി പറയേണ്ടത്?
2024-25 അധ്യയനവർഷത്തിൽ സംസ്ഥാനത്ത് കേരളീയരല്ലാത്ത 24,525 കുട്ടികൾ സ്കൂൾ പ്രവേശനം നേടിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളുടെ മക്കളാണ്. എറണാകുളം, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഈ വിദ്യാർത്ഥികൾ കൂടുതലുള്ളത്. ഓരോ ക്ലാസ്സിലും അഞ്ചോ ആറോ വിദ്യാർത്ഥികളുണ്ടാവും.
“അതിഥിത്തൊഴിലാളികളുടെ മക്കളിൽ അധ്യയനവർഷാരംഭത്തിൽ അഡ്മിഷൻ എടുക്കുന്നവർ കുറവാണ്. അതുകൊണ്ടുതന്നെ, മിക്ക കുട്ടികൾക്കും അക്കാദമികത്തുടർച്ച ഉണ്ടാവുന്നില്ല. ഇവർ നാട്ടിലേക്ക് പോവുമ്പോഴും ദീർഘനാൾ ക്ലാസ്സ് നഷ്ടപ്പെടുന്നു. തിരിച്ചുവന്നാൽ, ക്ലാസ്സിലെത്താനുള്ള വിമുഖത കാണിക്കാറുമുണ്ട്. ഇത് കുട്ടികളുടെ അച്ചടക്കത്തിലും പ്രതിഫലിക്കുന്നു.” പാലക്കാട് ജില്ലയിൽ അതിഥിത്തൊഴിലാളികളുടെ മക്കൾ കൂടുതലായി പ്രവേശനം നേടുന്ന കഞ്ചിക്കോട് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപിക പറയുന്നു. ഈ സ്കൂളിൽ ഇത്തരം കുട്ടികൾക്കായി ‘ജ്യോതി’ എന്ന പദ്ധതിയിലൂടെ രാവിലെയും വൈകീട്ടും പ്രത്യേക ക്ലാസ്സ് നടത്തുന്നു. ഇതുകൂടാതെ സംസ്ഥാനതലത്തിൽ ഇവർക്കായി അനന്യമലയാളം, അതിഥിമലയാളം, ചങ്ങാതി, രോഷ്നി (എറണാകുളം ജില്ല) പോലുള്ള പരിപാടികൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അധ്യാപക-രക്ഷാകടർതൃ സമിതിയുടെയും മറ്റും സഹായത്തോടെ ബ്രിഡ്ജ് കോഴ്സ് എന്ന രീതിയിൽ നടപ്പിലാക്കുന്നുണ്ട്.

സെൻസസ് കാഴ്ച്ചകളിലെ യാഥാർത്ഥ്യങ്ങൾ
2026-ലെ സെൻസസ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് തന്റെ സ്കൂളിലെ വിദ്യാർത്ഥികളുടെ വീട്ടിലെ യഥാർത്ഥ അവസ്ഥ മനസ്സിലായതെന്ന് മലപ്പുറം ജില്ലയിലെ ചീരാൻകടപ്പുറം ഗവ. യുപി സ്കൂളിലെ അധ്യാപിക പറഞ്ഞു. “തീരപ്രദേശത്തെ ഓലഷെഡിൽ എട്ടും പത്തും അംഗങ്ങളുമായി ജീവിക്കുന്ന കുട്ടികൾ വീട്ടിലെ പണികളും വലയിൽ ബാക്കിവരുന്ന മീൻ പെറുക്കലും മറ്റും കഴിഞ്ഞാണ് സ്കൂളിലെത്തുന്നത്. വൈകീട്ടും ഇതേ പണികൾ ചെയ്യണം. കുടിവെള്ളവും വൈദ്യുതിയും ശുചിമുറികളുമില്ലാത്ത വീടുകൾ ഉണ്ടെന്നത് ശരിക്കും ഞെട്ടിച്ചു. തങ്ങളുടെ കഷ്ടപ്പാടുകൾ മക്കൾ അനുഭവിക്കരുതെന്ന് കരുതി എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് അവർ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത്.”
ദാരിദ്ര്യം, രോഗബാധിതരായ കുടുംബാംഗങ്ങളുടെ ചുമതല, ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പഠിക്കാമെന്ന ചിന്ത, സ്വയാർജ്ജിത വിദ്യാഭ്യാസത്തോടുള്ള താൽപ്പര്യം, സാമൂഹികജീവിതത്തോടുള്ള വിരക്തി എന്നിങ്ങനെ കുട്ടികളെ സ്കൂളിനു പുറത്തുനിൽക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളുണ്ടെന്ന് ചൈൽഡ് സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. മൂന്നുവയസ്സുവരെയുള്ള പ്രായത്തിൽ കുട്ടികളെ വീട്ടിൽവെച്ച് പഠനസഹായികളായ പുസ്തകങ്ങൾ, മൊബൈൽ ഗെയിമുകൾ എന്നിവയിലൂടെ പഠിപ്പിക്കുന്നു. ഇത് കുട്ടികളെ ഏകാന്തത ഇഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ആൾക്കൂട്ടത്തോട് താൽപ്പര്യക്കുറവും ഭയവും തോന്നാൻ ഇടവരികയും ചെയ്യുന്നുവെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു. കാലാനുസൃതമായ സാമൂഹിക വ്യതിയാനങ്ങൾ വിദ്യാഭ്യാസമേഖലയിലും പ്രകടമാണ്. കുടുംബം, സമൂഹം, രാഷ്ട്രീയം, സാമ്പത്തികം, ആരോഗ്യം എന്നിവയുമായി വിദ്യാഭ്യാസരംഗം ഇഴചേർന്നിരിക്കുന്നു.
സ്കൂളുകളിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് (Dropout) വർധിക്കുന്നുവെന്നും ഇവരെ തിരികെക്കൊണ്ടുവരാനുള്ള ‘കൂടെ’ എന്ന സർക്കാർ പദ്ധതി ഫലപ്രദമല്ലെന്നും വിമർശനങ്ങളുണ്ട്. പദ്ധതികൾ ഇല്ലാത്തതല്ല, മറിച്ച് അവയുടെ നടത്തിപ്പിലും വിലയിരുത്തലിലും സംഭവിക്കുന്ന പ്രശ്നങ്ങളെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യാത്തതാണ് യഥാർത്ഥ പ്രശ്നം. പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനേക്കാൾ പ്രധാനമാണ് അത് മനസ്സിലാക്കൽ. വിദ്യാഭ്യാസം ഒരു സാമൂഹിക ഉത്തരവാദിത്തമായതിനാൽ പുറത്തുനിൽക്കുന്നവരെ അകത്തേക്ക് ഇരുത്തേണ്ടത് നിർണായകവും സാമൂഹിക ശാക്തീകരണത്തിന് അനിവാര്യവുമാണ്.
