ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ മൂത്രപ്പുരയും ശുചിമുറിയും വേണമെന്ന് തോന്നാതിരുന്നവരാണ് നമ്മുടെ നാട്ടിലെ പഴയകാല വിദ്യാഭ്യാസ വിചക്ഷണന്മാർ. ഞാൻ പഠിച്ച പ്രൈമറി സ്കൂളുകളിൽ കക്കൂസ് എന്നൊരു മുറി ഉണ്ടായിരുന്നില്ല. ആൺകുട്ടികൾ മൂത്രമൊഴിച്ച് വളർത്തിയവയാണ് ആ സ്കൂളിലെ മരങ്ങളെല്ലാം. പെൺകുട്ടികൾക്കുള്ള ഓലകൊണ്ടു മറച്ച ഷെഡ്ഡ് അന്ന് വലിയ കൗതുകമാണ് ഉണ്ടാക്കിയത്. ജൂൺ ഒന്നിന് മഴ നനഞ്ഞ് സ്കൂളിലേക്ക് പോയതിന്റെ നനുത്ത ഓർമ്മകൾ അയവിറക്കുന്ന ‘ഒരുവട്ടം കൂടി ടീമ്’സിന്റെ കുറിപ്പുകൾ വായിച്ച് പുളകം കൊള്ളുമ്പോഴൊക്കെയും ഞാൻ ഓർക്കാറുള്ളത് പ്രൈമറി സ്കൂൾ കാലത്ത് വയറു ഞെക്കിപ്പിടിച്ച് വീട്ടിലേക്ക് ഓടിയതിന്റെയും നിക്കറിൽ സാധിച്ചതിന്റെയുമൊക്കെ സുഗന്ധവാഹിയായ ഓർമ്മകളാണ്. അന്നു ഞാൻ പ്രൈമറി ക്ലാസുകളിൽ പഠിച്ച ‘വിദ്യാഭ്യാസ ദർശന’ങ്ങളെക്കാൾ വലിയതായിരുന്നു എന്റെ കുഞ്ഞുവയറൊഴിയൽ പ്രശ്‍നം.
ഒട്ടേറെ കാപട്യങ്ങളും കപടനാട്യങ്ങളും കപട വർത്തമാനങ്ങളും പ്രഹസനങ്ങളും അസംബന്ധങ്ങളും നിറഞ്ഞതാണ് നമ്മുടെ വിദ്യാഭ്യാസലോകം. വിദ്യാഭ്യാസത്തെക്കുറിച്ച് വലിയ തത്വചിന്തകളും സിദ്ധാന്തങ്ങളും നാം എപ്പോഴും പറയും. എന്നാൽ അതിനൊക്കെ കടകവിരുദ്ധമായ പല കാര്യങ്ങളും ആവർത്തിച്ചു ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യും. അതാണ് നമ്മുടെ പതിവ്.

അടിസ്ഥാനപരമായിത്തന്നെ വിദ്യാഭ്യാസത്തിൽ പൊള്ളത്തരത്തിന്റെയും കാപട്യത്തിന്റെയും ഒരു എലമെന്റ് നിലനിൽക്കുന്നുണ്ട്. കാരണം വിദ്യാഭ്യാസം എന്ന ഏർപ്പാട് ആരംഭിക്കുന്നതുതന്നെ വിദ്യാർത്ഥികളെ ‘ഒരു’ പാഠം പഠിപ്പിച്ചുകളയാമെന്നു വച്ചാണ്, നിലയ്ക്ക് നിർത്താനാണ്. വിദ്യാർത്ഥികളെ അടക്കിയിരുത്തി സ്വാതന്ത്ര്യത്തെക്കുറിച്ച് നാം പ്രഘോഷിക്കും.
നല്ല മനുഷ്യരാക്കാനാണ് വിദ്യാഭ്യാസം എന്നു പറഞ്ഞ് തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിപ്പിക്കും.
വിദ്യാർത്ഥികേന്ദ്രിതമെന്നു പറഞ്ഞ് അധ്യാപകകേന്ദ്രിതവും പാഠപുസ്തക കേന്ദ്രിതവുമായി അധ്യാപനം തുടരും.
അധ്യാപകരുടെ വടി-അടി- ശകാരങ്ങൾ നിർത്തണമെന്നു പറയുകയും കുട്ടികൾ വഴിതെറ്റിപ്പോകുന്നതുകണ്ട് അധ്യാപകർക്ക് വടി തിരിച്ചു കൊടുക്കണമെന്ന് പറയുകയും ചെയ്യും.
വിദ്യാർത്ഥികൾക്ക് സാമൂഹ്യബോധമുണ്ടാക്കണമെന്ന് പറയും, അതേസമയം പാഠപുസ്തകവും ഗൈഡും പഠിച്ച് മാർക്ക് വാങ്ങിക്കൂട്ടണമെന്നും പറയും.
പരീക്ഷാ സമ്പ്രദായത്തെയും മാർക്കിടലിനെയും കുറ്റം പറയുകയും മാർക്ക്, ഗ്രേഡ്, ഫുൾ എ പ്ലസ് എന്നിവയ്ക്ക് ഫ്ലക്സ് വയ്ക്കുകയും ഇൻസ്റ്റയിലോ എഫ്ബിയിലോ പോസ്റ്റിടുകയും ചെയ്യും.
ഇന്റേണൽ മാർക്കുകൾ വിദ്യാർത്ഥികളുടെ പഠനവികസനത്തിന്റെ വിലയിരുത്തലാണെന്നു പറയുകയും വാരിക്കോരി മാർക്കിട്ടു കൊടുത്ത് ചില കുട്ടികളെ സ്നേഹിക്കുകയും പൂജ്യം കൊടുത്ത് ചിലരെ ദ്രോഹിക്കുകയും ചെയ്യും.
ഒരേസമയത്ത് ഫോർമേറ്റിവ് ഇവാലുവേഷനേയും സമേറ്റിവ് ഇവാലുവേഷനെയും എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യും. അധ്യാപകപരിശീലനത്തിൽ സിദ്ധാന്തങ്ങൾ പലത് പഠിക്കുകയും സംവാദം നടത്തുകയും ചെയ്യുമെങ്കിലും ക്ലാസ് മുറിയിലെത്തുമ്പോൾ പട്ടിയുടെ വാല് വളഞ്ഞുതന്നെയായിരിക്കും.
മാതൃഭാഷയിലാണ് വിദ്യാഭ്യാസം ചെയ്യേണ്ടതെന്ന് വാദിക്കുകയും മാതൃഭാഷ പറഞ്ഞാൽ ഫൈനിടുകയും തലമൊട്ടയടിക്കുകയും ചെയ്യുന്ന സ്‌കൂളുകളിൽത്തന്നെ മക്കളെ പറഞ്ഞുവിടുകയും ചെയ്യും.
വിദ്യാർത്ഥികൾ ഉത്തരകടലാസിലെഴുതിയ മണ്ടത്തരങ്ങൾ വാലുവേഷൻ ക്യാമ്പിലിരുന്ന് ഉറക്കെ വായിക്കുകയും ഇതാണ് നമ്മുടെ പുതിയ വിദ്യാർത്ഥികളുടെ വിവരമെന്ന് ഓഞ്ഞ ചിരി ചിരിക്കുകയും ചെയ്യും.
അധ്യാപകരെല്ലാം ശിക്ഷകരും ദുഷ്ടരുമാണെന്ന് ഉറപ്പാക്കിയശേഷം അധ്യാപകർ പഠിപ്പിച്ചതിനെയോർത്ത് വികാരം കൊള്ളുകയും ചെയ്യും. സിലബസുകൾ അമിതഭാരമാണെന്ന് പറഞ്ഞ് എടുത്താൽ പൊങ്ങാത്ത സിലബസിൽ മക്കളെ വിട്ടുപഠിപ്പിക്കും.
ഏകീകൃത വിദ്യാഭ്യാസമാണ് നല്ലതെന്നുപറയുകയും പലതരം സിലബസുകളുള്ള സ്കൂളുകൾക്ക് അനുമതി കൊടുക്കുകയും ചെയ്യും. മാതൃഭാഷയിലാണ് വിദ്യാഭ്യാസം ചെയ്യേണ്ടതെന്ന് വാദിക്കുകയും മാതൃഭാഷ പറഞ്ഞാൽ ഫൈനിടുകയും തലമൊട്ടയടിക്കുകയും ചെയ്യുന്ന സ്‌കൂളുകളിൽത്തന്നെ മക്കളെ പറഞ്ഞുവിടുകയും ചെയ്യും.
ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത കാപട്യങ്ങളാണ് നമ്മുടെ വിദ്യാഭ്യാസം എന്ന പൊയ്ക്കുതിര വലിച്ചുകൊണ്ടുപോകുന്നത്. ദോഷൈകദൃക്കിന്റെ കണ്ണിലൂടെ കാണുന്നതുകൊണ്ടാവാം, ഇങ്ങനെയൊക്കെ തോന്നുന്നത്. ഇതൊക്കെയാണെങ്കിലും നമുക്ക് വിദ്യാഭ്യാസത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നുതന്നെ സമ്മതിക്കുന്നു.

സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പൊതുസമൂഹത്തിൽ പറഞ്ഞു കേൾക്കുന്ന ചില സ്ഥിരം പല്ലവികളുണ്ട്: “കുട്ടികൾക്ക് അക്ഷരജ്ഞാനം നഷ്ടപ്പെട്ടു. വായിക്കാനും എഴുതാനുമറിയില്ല, സംഖ്യാപരിജ്ഞാനമില്ല, ശാസ്ത്രബോധമില്ല.”
പഴയകാലത്ത് എല്ലാവരും അക്ഷരജ്ഞാനം ഉള്ളവരായിരുന്നു, കണക്കുകൂട്ടാൻ അറിവുള്ളവരായിരുന്നു എന്നൊക്കെയാണ് അതിനോടനുബന്ധിച്ചുള്ള മറ്റു വാചോടാപങ്ങൾ. ഓൾ പാസിന്റെയും ഫുൾ പാസിന്റെയും കാലത്ത് കുട്ടികൾക്ക് അക്ഷരം അറിയില്ല എന്നതാണ് പലരും എടുത്തുപറയുന്ന കാര്യം. തറവാട്ടുമഹിമ പറയുന്നതുപോലെ പഴയകാല വിദ്യാഭ്യാസമഹിമ പറയുന്നതു കേൾക്കുമ്പോൾ ‘വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ’ എന്നു പറയാണ് തോന്നുക.
ഇന്റേണൽ മാർക്കുകൾ വിദ്യാർത്ഥികളുടെ പഠനവികസനത്തിന്റെ വിലയിരുത്തലാണെന്നു പറയുകയും വാരിക്കോരി മാർക്കിട്ടു കൊടുത്ത് ചില കുട്ടികളെ സ്നേഹിക്കുകയും പൂജ്യം കൊടുത്ത് ചിലരെ ദ്രോഹിക്കുകയും ചെയ്യും.
അടുത്തകാലത്ത് നമ്മുടെ നാട്ടിൽ വളരെ ഗൗരവത്തോടെ നടന്ന ഒരു സംവാദം, സ്കൂൾ പാഠപുസ്തകത്തിൽ അക്ഷരമാല ചേർത്തിട്ടില്ല എന്ന് വിഷയമായിരുന്നു. അക്ഷരമാല തൊട്ടു പഠിപ്പിച്ചില്ലല്ലോ എന്നതായിരുന്നു നമ്മളുടെ വിലാപം. കാര്യപ്പെട്ട എല്ലാ വിദ്യാഭ്യാസ വിചക്ഷണമാരും പണ്ഡിതന്മാരും ആ ചർച്ചയിൽ പങ്കെടുത്ത് സ്വാഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസലോകത്തെ ഏറ്റവും വലിയ ആഗോളപ്രശ്നം അക്ഷരമാലയാണ് എന്ന രീതിയിലാണ് അത് ചർച്ച ചെയ്യപ്പെട്ടത്. ഭാഷ പഠിപ്പിക്കുന്ന ഒരു അധ്യാപകനോ അധ്യാപികയോ തന്റെ ക്ലാസ് മുറിയിൽ അനായാസമായി പരിചയപ്പെടുത്താവുന്ന ഒരു കാര്യം മാത്രമാണ് അക്ഷരമാല എന്നത്. അത് പാഠപുസ്തകത്തിൽ ഉണ്ടെങ്കിൽ മാത്രമേ പഠിപ്പിക്കുകയുള്ളൂ എന്ന് കരുതുന്നത്ര വിവരമില്ലാത്തവരാണോ അധ്യാപകർ? എല്ലാ പ്രൈമറി ക്ളാസുമുറികളിലും ചാർട്ടായി പ്രദർശിപ്പിക്കാവുന്ന കാര്യമാണ് അക്ഷരമാലയെന്നത്. ശരിയാണ്, പാഠപുസ്തകങ്ങളിൽ അക്ഷരമാല അച്ചടിച്ചുവച്ചിരുന്നില്ല എന്നത് സമ്മതിക്കണം. അതു വേണ്ടതായിരുന്നു. എന്നാൽ ഭാഷ പഠിപ്പിക്കുന്ന ഒരാൾ അക്ഷരമല്ലെങ്കിൽ പിന്നെന്താണ് പഠിപ്പിക്കുക. ആശാൻ അക്ഷരം ഒന്നു പിഴച്ചാൽ എന്ന ചൊല്ല് അറിയാത്തവർ ആരുമുണ്ടാകില്ല. അക്ഷരമാല അക്ഷരമാലാക്രമത്തിലല്ല പഠിപ്പിക്കേണ്ടത് എന്നെങ്കിലും വിദ്യാഭ്യാസ വിചക്ഷണന്മാർക്ക് അറിയാത്തത് എന്തുകൊണ്ടാവും? ‘അ’ എന്ന ചുറ്റിവളച്ചുള്ള അക്ഷരം പഠിപ്പിക്കാൻ പോയാൽ ഏതു പിഞ്ചുകുട്ടിയും വട്ടം കറങ്ങി പോകും. അതുകൊണ്ടാണ് വിവരമുള്ളവർ പണ്ട് ‘റ’യിൽ തുടങ്ങിയിരുന്നത്.
അധ്യാപകരെ ഒരു വർഗ്ഗമായി കാണുകയും അവരെല്ലാം ഏകസ്വഭാവികൾ ആണെന്നും ഒരുപോലെ ചിന്തിക്കുന്നവരാണെന്നുമാണ് നമ്മുടെ പൊതുസമൂഹത്തിന്റെ വിചാരം. എല്ലാ അധ്യാപകരും അങ്ങനെയാണ്, ഇങ്ങനെയാണ്, വടിയെടുത്ത് അച്ചടക്കം പഠിപ്പിക്കാൻ നിൽക്കുന്നവരാണ് എന്നൊക്കെയാണ് നമ്മുടെ വിചാരഗതികൾ. മനുഷർ ഭിന്നസ്വഭാവക്കാരാണ് എന്നതുപോലെ അധ്യാപകരും ഭിന്നസ്വഭാവക്കാരാണ്. മനുഷ്യർക്ക് ശ്രേഷ്ഠഗുണങ്ങളും ചീത്ത സ്വഭാവങ്ങളും ഉള്ളതുപോലെ അധ്യാപകർക്കും അതൊക്കെയുണ്ട്. എല്ലാ അധ്യാപകരും ദുഷ്ടരാണെന്ന് സാമാന്യവൽക്കരിക്കുന്നതൊന്നും ശരിയല്ല.

ജാതീയതയുടെയും പ്രാകൃത മനോഭാവത്തിന്റെയും അയിത്താചരണത്തിന്റെയും കാലത്ത് അധ്യാപകർ പല തിന്മകളും കാട്ടിക്കൂട്ടിയിട്ടുണ്ടാവാം. അത്തരം ദുഷ്ചെയ്തികളിൽ നിന്ന് ഇന്നത്തെ അധ്യാപകർ മാറുകയും ചെയ്തിട്ടുണ്ട്. പല മേഖലകളിലും എന്നതുപോലെ അധ്യാപകലോകത്തും ഇപ്പോൾ ജനാധിപത്യവൽക്കരണം സംഭവിച്ചിട്ടുമുണ്ട്. പെൺകുട്ടികൾക്കും കീഴാളർക്കും സമൂഹത്തിന്റെ അരികുകളിലായി പോയവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയോ സ്കൂളുകളിൽ അവമതിക്കപ്പെടുകയോ ചെയ്തിരുന്ന ആ പഴയ കാലം കുറെയൊക്കെ ചാടിക്കടക്കാൻ നമുക്കിന്ന് കഴിഞ്ഞിട്ടുണ്ട്. ഒരു ജാതിചിന്തയുമില്ലാതെ ക്ലാസുകളിലിരുന്നു പഠിക്കുന്നവരാണ് ഇന്നത്തെ വിദ്യാർത്ഥികൾ. കർക്കശക്കാരായ അധ്യാപകരെ നേർവഴിക്ക് നടത്താനും അവരിന്ന് പ്രാപ്തരാണ്. നമ്മളൊക്കെ പഠിച്ചിരുന്ന കാലത്തേതിനേക്കാൾ വിവേകശാലികളാണ് ഇന്നത്തെ വിദ്യാർത്ഥികൾ. പഴയ മട്ടിൽ നമ്മളൊക്കെ അറിയാതെ ഉരുവിട്ടു പോകുന്ന രാഷ്ട്രീയമായി ശരിയല്ലാത്ത കാര്യങ്ങളെ തിരുത്താനും അവർക്കിന്നു കഴിയുന്നുണ്ട്. പഴയ മൂല്യങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള അവരുടെ നില്പിനെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല.
ഇതുവരെയും നമുക്ക് തീരുമാനമെടുക്കാൻ കഴിയാത്ത ചില വിദ്യാഭ്യാസ നയങ്ങളുണ്ട്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് അധ്യയന മാധ്യമത്തെക്കുറിച്ചുള്ളതാണ്. എന്തൊക്കെ ചർച്ചകളും സംവാദങ്ങളും നയരൂപീകരണങ്ങളും ഇവിടെ നടന്നു. വഞ്ചി പിന്നെയും തിരുനക്കര തന്നെ
ഇതുവരെയും നമുക്ക് തീരുമാനമെടുക്കാൻ കഴിയാത്ത ചില വിദ്യാഭ്യാസ നയങ്ങളുണ്ട്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് അധ്യയന മാധ്യമത്തെക്കുറിച്ചുള്ളതാണ്. എന്തൊക്കെ ചർച്ചകളും സംവാദങ്ങളും നയരൂപീകരണങ്ങളും ഇവിടെ നടന്നു. വഞ്ചി പിന്നെയും തിരുനക്കര തന്നെ. CBSE സ്കൂളുകളിൽ നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിൽ ആയിരിക്കും എന്ന് ഒരു വാർത്തയാണ് അടുത്തകാലത്തായി കേട്ടത്. CBSE ഏറ്റവും ഒടുവിൽ പുറത്തുവിട്ട ഒരു ഉത്തരവിൽ അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ വിദ്യാഭ്യാസം എന്ന നയം അവതരിപ്പിക്കുന്നുണ്ട്. നമ്മുടെ പ്രൈവറ്റ് സ്കൂളുകൾ ഒട്ടുമുക്കാലും CBSE സിലബസ് പിന്തുടരുന്നവയാണ്. അതെല്ലാം തന്നെ മിക്കവാറും ഇംഗ്ലീഷ് മീഡിയവുമാണ്. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുന്നതിനു വേണ്ടിയാണ് നമ്മുടെ മാതാപിതാക്കൾ മിക്കവരും CBSE സ്കൂളുകളിലേക്ക് അയയ്ക്കുന്നതുതന്നെ. പ്രൈമറിതലത്തിൽ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം എന്നത് വളരെ ആദർശാത്മകവും പുരോഗമനപരവുമായ ചിന്തയാണ്.
മദ്ധ്യവേനൽക്കാല അവധിക്കാലം അവസാനിക്കുമ്പോഴേക്കും വിദ്യാർത്ഥികളുടെ മാതൃഭാഷകൾ മാപ്പ് ചെയ്യാനും അവയ്ക്ക് ചുറ്റും ആദ്യകാല ഗ്രേഡ് നിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്യാനുമാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. 2020- ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും ഉൾപ്പെടുത്തിയിട്ടുള്ള കാര്യമാണിത്. ഇനി നമ്മുടെ CBSE സ്കൂളുകളിൽ എല്ലാം മലയാളമായിരിക്കുമോ? എത്ര സുന്ദരമായ(നടക്കാത്ത) സ്വപ്നം! ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നതുപോലെ ‘കളിപ്പിക്കാനാണെങ്കിലും അങ്ങനെയൊന്നും പറയരുതേ’ എന്നു മാത്രമേ CBSE- ക്കാരോട് പറയാനുള്ളു. മറ്റൊരു കാപട്യംകൂടി സഹിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് ഇതുപറയുന്നത്.

ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകൾ വളരെ ആഴത്തിലുള്ളതും പരസ്പരം ബന്ധപ്പെട്ടതുമാണ്. ഒട്ടേറെ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസരംഗത്ത് ഇനിയും വന്നുചേരേണ്ടതുണ്ട്. കാപട്യങ്ങളും പൊള്ളത്തരങ്ങളും ഒഴിവാക്കിക്കൊണ്ട് സമഗ്രവും സുസ്ഥിരവുമായ പരിഷ്കരണമാണ് ഈ മേഖലയിൽ വരുത്തേണ്ടത്. ഒട്ടേറെ മാറ്റങ്ങൾ ഇപ്പോൾ ഈ മേഖലയിൽ വന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഒട്ടേറെ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത എന്നിവ വളർത്തിയെടുക്കുന്നതും 21-ാം നൂറ്റാണ്ടിലെ സങ്കീർണ്ണതകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ അനിവാര്യമായിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മകൾ പരിഹരിക്കുക, സമഗ്രമായ അധ്യാപക പരിശീലനത്തിലും പ്രൊഫഷണൽ വികസനത്തിനും പ്രാധാന്യം കൊടുക്കുക്കുക, സമഗ്രമായ പഠനത്തിനായി പാഠ്യപദ്ധതി പരിഷ്കരിക്കുക, വിദ്യാഭ്യാസ അസമത്വങ്ങൾ കുറയ്ക്കുക, ഡിജിറ്റൽ വിടവ് നികത്തുക എന്നിവയൊക്കെയും നിർണായകമാണ്.
നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ ഓരോ കുട്ടിക്കും തങ്ങളുടെ പൂർണ്ണശേഷി വികസിപ്പിക്കാൻ പ്രാപ്തമാക്കുന്ന ഊർജ്ജസ്വലവും ഉൾക്കൊള്ളുന്നതുമായ ഒരു ആവാസവ്യവസ്ഥയാക്കി വിദ്യാഭ്യാസമേഖലയെ മാറ്റാൻ കഴിയണം. അതിനുള്ള പരിശ്രമമാണ് നമ്മൾ നടത്തേണ്ടത്. ഭാവിജീവിതത്തിനു വേണ്ട കഴിവുകളും ശേഷികളും നേടിയെടുക്കാൻ എങ്ങനെ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കേണ്ടതെന്നും പഠനലക്ഷ്യങ്ങളും വിമർശനാത്മക ചിന്താശേഷിയും മെച്ചപ്പെടുത്തുന്നതെങ്ങനെയെന്നും ആധുനിക കാലത്തിനു ചേരുന്ന മട്ടിൽ ക്ലാസ് മുറികളിൽ കൃത്രിമബുദ്ധി (AI) അടക്കമുള്ള നവീന സാങ്കേതികവിദ്യകൾ സംയോജിപ്പിക്കാൻ സാധിക്കുന്നതെങ്ങനെയെന്നും അക്കാദമിക് പഠനത്തിനും തൊഴിൽക്ഷമതയ്ക്കും ഇടയിലുള്ള വിടവ് എങ്ങനെ നികത്തുമെന്നുമൊക്കെയുള്ള ആലോചനകളാണ് സ്‌കൂൾ വിദ്യാഭ്യാസവുമായി സ്‌കൂളുകളിലും പൊതുസമൂഹത്തിലും ഉയർന്നുവരേണ്ടത്.
