ഡോ. രമയുടെ പ്രതികാര നടപടിയിൽ ഭാവി തകർന്ന നിരവധി വിദ്യാർഥികളുണ്ട്​...

കാസർകോട്​ ഗവ. കോളേജ്​ പ്രിൻസിപ്പൽ ഇൻ ചാർജ്​ ആയിരുന്ന ഡോ. രമ പട്ടികജാതി വിദ്യാർഥികൾക്കെതിരെ നടത്തിയ ജാതിഅധിക്ഷേപം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്​. എം. രമ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായിരുന്ന കാലത്ത്​, യൂണിവേഴ്‌സിറ്റി തലത്തിൽ സ്‌പോർട്‌സിൽ മൽസരിച്ച പട്ടികജാതി വിദ്യാർഥിക്ക് അവകാശപ്പെട്ട അറ്റൻന്റൻസ് തടഞ്ഞുവെച്ച് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്ന നടപടിയെക്കുറിച്ച്​ എഴുതുകയാണ്​ അന്നത്തെ കോളേജ് യൂണിയൻ ചെയർമാനായിരുന്ന മുഹമ്മദ് അബ്ഷീർ എ.ഇ.

പ്രിയപ്പെട്ട രമ ടീച്ചർ,

പിന്നാക്ക വിഭാഗങ്ങളോടുള്ള താങ്കളുടെ മനസ്സിലെ വിരോധം കാരണം എത്രയെത്ര വിദ്യാർഥികളുടെ ഭാവിയാണ് തുലഞ്ഞുപോയത്?

2015 ൽ താങ്കൾ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെൻറ്​ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയായിരുന്നപ്പോൾ സ്വന്തം ഡിപ്പാർട്ട്മെന്റിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥിയെ മനഃപ്പൂർവം വേട്ടയാടുകയായിരുന്നില്ലേ?

കോളേജിനെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി തലത്തിൽ സ്പോർട്സിൽ മൽസരിച്ചതിന്റെ പേരിൽ സെമസ്റ്റർ എക്സാം എഴുതാൻ വേണ്ട അറ്റൻന്റൻസിന് ഷോട്ടേജ് വന്നപ്പോൾ നിയമപരമായി അവന് അവകാശപ്പെട്ട അറ്റൻന്റൻസ് തടഞ്ഞുവെച്ച്​ അവന്റെ ഭാവി തകർക്കുകയല്ലേ നിങ്ങൾ അന്ന് ചെയ്തത്?

അവന്റെ കൂടെ കോളേജ് ടീമിൽ ഭാഗമായിരുന്ന മറ്റു ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾക്ക് അവരുടെ എച്ച്.ഒ.ഡിമാർ അറ്റൻന്റൻസ് നൽകിയപ്പോൾ, അവന് മാത്രം അറ്റൻന്റൻസ് നൽകാതിരുന്നതിന്, അവൻ റിസർവേഷൻ വഴി അഡ്മിഷൻ നേടി എന്നുള്ളതല്ലാതെ വേറെ എന്ത് കാരണമായിരുന്നു?

താങ്കളോട് അന്ന് അവൻ ഒരുപാട് തവണ കേണപേക്ഷിച്ചിട്ടും, ഡിപ്പാർട്ട്മെന്റിലെ സഹഅധ്യാപകർ പറഞ്ഞിട്ടും, ഞങ്ങൾ കോളേജ് യൂണിയൻ ഭാരവാഹികൾ അഭ്യർഥിച്ചിട്ടും, പൂർണമായും മുഖം തിരിഞ്ഞുനിന്നതല്ലേ? ഡിഗ്രി അവസാന വർഷം ഒരു കൊല്ലം കൂടി അവൻ ക്ലാസിൽ ഇരിക്കട്ടെ എന്ന താങ്കളുടെ ദുർവാശിക്ക് മുന്നിൽ തകർന്നു വീണത് അവന്റെ പി.ജി മോഹങ്ങൾ മാത്രമായിരുന്നില്ല, ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയായിരുന്നു. ഒഴിവ് ദിവസങ്ങളിൽ കാറ്ററിംഗ് ജോലിക്ക് പോയി പഠനച്ചെലവ്​ കണ്ടെത്തിയിരുന്ന അവനെ സംബന്ധിച്ച് താങ്കളുടെ ഈ നടപടി എന്തുമാത്രം പ്രയാസം സൃഷ്ടിച്ചുകാണും? ആ ഒരു വർഷം അവന്റെ കുടുംബം എത്രത്തോളം പ്രതിസന്ധികൾ അഭിമുഖീകരിച്ചു കാണും?

താങ്കളുടെ മെറിറ്റ് സങ്കൽപങ്ങൾക്ക് പുറത്തുള്ള വിദ്യാഥികളുടെ ഭാവി തകർത്തും താങ്കളോട് വിയോജിപ്പ് പ്രകടിപ്പിച്ച വിദ്യാർഥികൾക്കെതിരെ റേപ്പ്​ശ്രമത്തിന് പരാതി നൽകി അവരുടെ കുടുംബത്തെ പോലും തകർത്തും എന്ത് ആനന്ദമാണ് താങ്കൾക്ക് ഇതിൽ നിന്ന്​ ലഭിക്കുന്നത്? പ്രതികാരദാഹം മനസ്സിൽ പേറി നടക്കുന്ന താങ്കളുടെ നടപടി ഭയന്ന് മേലധികാരികളോട് ഒന്ന് പരാതിപ്പെടാൻ പോലും തയ്യാറാവാതെ എത്രയെത്ര വിദ്യാർഥികൾ ഇന്നും വേദനിക്കുന്നുണ്ടാകും?

ഒരു അധ്യാപിക എങ്ങനെ ആവരുത് എന്നതിന് താങ്കൾ ജീവിക്കുന്ന ഉദാഹരണമാണ്. ഡിപ്പാർട്ട്മെൻറ്​ മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചതുമുതൽ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന്​ നീക്കം ചെയ്യപ്പെട്ട കാലയളവ് വരെ ഇവർ സ്വീകരിച്ച നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് വിധേയമാക്കണം.

Comments