കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുറത്തിറക്കിയ കോവിഡാനന്തര ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള നയരേഖ വിവാദമായിരിക്കുകയാണല്ലോ? നിരവധി ആന്തരിക വൈരുധ്യങ്ങളും വിവാദപരാമർശങ്ങളും നിറഞ്ഞ ആത്മപ്രശംസാപത്രികയാണ് ഈ നയരേഖ എന്ന് പറഞ്ഞാൽ തെറ്റില്ല. കേരളത്തിലെ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ മേഖല ഒട്ടും നിലവാരമില്ലാത്തതാണ്(mediocre) എന്നാണ് രേഖയുടെ പ്രാഥമിക നിഗമനം. നിലവാരക്കുറവിനെ സൂചിപ്പിക്കുന്ന പരാമർശങ്ങൾ രേഖയിൽ പല ഇടങ്ങളിലും ആവർത്തിക്കുന്നു. നിലവിലെ ലക്ചർ രീതിയെ നയരേഖ അടിമുടി വിമർശന വിധേയമാക്കുന്നുണ്ട്. കഴിവില്ലായ്മയുടെ ജനാധിപത്യവൽക്കരണം (Democratization of mediocrity) എന്നാണ് കേരളത്തിലെ നിലവിലുള്ള ലക്ചർ അധിഷ്ഠിത അധ്യയന/പഠന രീതിയെ നയരേഖ വിശേഷിപ്പിക്കുന്നത്. രേഖയിൽ നിന്ന് തന്നെ ഉദ്ധരിക്കാം: “കോളജുകളിലും സർവകലാശാലകളിലും കാലങ്ങളായി തുടർന്ന് വരുന്ന ലക്ചർ രീതി കഴിവുകേടിനെ ജനാധിപത്യവൽക്കരിക്കുകയായിരുന്നു എന്നതാണ് സത്യം. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും വെർച്വൽ ക്ലാസ് മുറികളും ഉപയോഗിച്ച് "സ്മാർട്ട് ടീച്ചിങ്' സാധ്യമാക്കാമെന്നും ഏറ്റവും നവീനമായ പഠന വസ്തുക്കളും നോബൽ സമ്മാനിതർ ഉൾപ്പെടയുള്ള ഉയർന്ന നിലവാരമുള്ള അധ്യാപകരുടെ പ്രഭാഷണങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാമെന്നതും വസ്തുതയാണ്.”
എന്തിനെ ആണ് കൗൺസിൽ ഇവിടെ “മീഡിയോക്രിറ്റി” എന്ന് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൗൺസിൽ
പറയുന്നത്ര കഴിവുകെട്ട ഒന്നായിരുന്നോ? ഇനി അഥവാ അങ്ങിനെ ആണെങ്കിൽ തന്നെ ഈ നയരേഖയിൽ പറയുന്ന പോലെ സ്മാർട്ട് ക്ലാസുകൾ ആണോ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാനുള്ള മാർഗം?
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൗൺസിൽ പറയുന്നത്ര കഴിവുകെട്ട ഒന്നായിരുന്നോ? ഇനി അഥവാ അങ്ങിനെ ആണെങ്കിൽ തന്നെ ഈ നയരേഖയിൽ പറയുന്ന പോലെ സ്മാർട്ട് ക്ലാസുകൾ ആണോ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാനുള്ള മാർഗം?
ഇവിടെ ഒരു സംശയം സ്വാഭാവികമായും ജനിക്കുന്നു: അറിവുത്പാദനത്തിന്റെ "നിലവാരക്കുറവാണോ' അതോ അതിന്റെ ജനാധിപത്യവൽക്കരണമാണോ കൗൺസിലിന്റെ യഥാർത്ഥ പ്രശ്നം? അറിവുത്പാദനത്തിന്റെ ജനാധിപത്യവൽക്കരണമാണ്, അതായത് കുറച്ചുപേർക്കിടയിൽ ഒതുങ്ങി നിന്നിരുന്ന ‘മീഡിയോക്രിറ്റി’ കുറെ അധികം പേരിലേക്കെത്തിയതാണ്/ജനാധിപത്യവൽക്കരിക്കപ്പെട്ടതാണ് കൗൺസിലിന്റെ പ്രശ്നം എങ്കിൽ, ഏകലവ്യന്റെ വിരലറുത്ത് വാങ്ങിയ ഗുരുവിനെ ഓർമിപ്പിക്കുന്നു നയരേഖ എന്ന് പറയേണ്ടി വരും. ഏതാനും എലീറ്റുകൾക്കിടയിൽ ഉന്നതവിദ്യാഭ്യാസം -കൗൺസിൽ ഭാഷയിൽ മീഡിയോക്രിറ്റി- ഒതുങ്ങി നിന്നിരുന്ന കാലത്തില്ലാത്ത ആശങ്ക വിദ്യാഭ്യാസം സാർവത്രികമായ മണ്ഡലാനന്തര കാലത്ത് കൗൺസിലിന് ഉണ്ടാവുന്നതിന്റെ കാരണം അന്വേഷിച്ചു മറ്റെങ്ങും പോവേണ്ടി വരില്ല. സംവരണം വഴി വേണ്ടത്ര "യോഗ്യത' ഇല്ലാത്തവർ കടന്നു വന്നതുമൂലം വിദ്യാഭ്യാസത്തിന്റെ നിലവാരം തകർന്നടിഞ്ഞു എന്ന് പറയാതെ പറയുകയാണ് നയരേഖ. വേദവിദ്യാഭ്യാസം സാർവ്വത്രികമാകുന്നതിൽ ബ്രാഹ്മണ്യത്തിനുണ്ടായിരുന്ന ആശങ്കയുടെ സമകാലിക പതിപ്പ് മാത്രമാണ് നയരേഖ എന്ന് നിസ്സംശയം കാണാം. ആ അർത്ഥത്തിൽ ഒരു ബ്രാഹ്മണിക്കൽ ഡോക്യുമെന്റ് മാത്രമായി പരിമിതപ്പെടുന്നു രേഖ.
ഇനി കഴിവുകേടാണ് കൗൺസിലിന്റെ പ്രശ്നം എങ്കിൽ വേറെ ഒരുപാട് ചോദ്യങ്ങൾക്കു അവർ ഉത്തരം നൽകേണ്ടി വരും . ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിവുകേട് നേരത്തെതന്നെ നിലനിന്നിരുന്നു എന്നും ലക്ചർ മെത്തേഡ് അതിനെ കുറെയധികം ആളുകളിലേക്ക് എത്തിക്കുകയാണ് ചെയ്തത് എന്നും വേണം ഈ നയരേഖയിൽ നിന്ന് മനസ്സിലാക്കാൻ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ആകെമൊത്തം കഴിവുകേടിന്റെയും, അല്പജ്ഞാനത്തിന്റെയും വിളനിലമായിരുന്നു എന്നാണോ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പറയുന്നത്? ആണെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ? കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും പഠിച്ചിറങ്ങുകയും പല വിദേശ സർവകലാശാലകളിൽ ( അത് വലിയ മികവ് എന്ന അർത്ഥത്തിൽ അല്ല) ഉൾപ്പെടെ പഠിപ്പിക്കുകയും ചെയ്ത അധ്യാപകർ അല്പജ്ഞാനം ആണോ വിളമ്പിയിരുന്നത്. ആ അദ്ധ്യാപകരുടെ കൂട്ടത്തിൽ കേരളത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി മുതൽ ഇപ്പോളത്തെ പല മന്ത്രിമാരും ഉന്നതവിദ്യാഭാസ കൗൺസിലിലെ തന്നെ അംഗങ്ങളും ഉൾപ്പെടും. ഇവരൊക്കെയും മിഡിയോക്രിറ്റിയുടെ ഉത്പന്നങ്ങളും പ്രയോക്താക്കളും ആണ് എന്നാണോ ഈ നയരേഖയിൽ നിന്ന് മനസ്സിലാക്കേണ്ടത്? കേരളത്തിൽ ലക്ചർ മെത്തേഡ് അനുവർത്തിച്ചിരുന്ന അധ്യാപകർ ‘മീഡിയോക്കർ’ ആയിരുന്നു എന്ന കൗൺസിലിന്റെ നിരീക്ഷണം ശരിയാണ് എന്ന് സങ്കൽപ്പിക്കുക. എങ്കിൽ രണ്ടു പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്.
ഒന്ന്: ഇതേ കേരളത്തിലെ അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്ന കൗൺസിൽ അംഗങ്ങളും കഴിവുകെട്ടവർ/ ശരാശരിക്കാർ ആണെന്ന് സമ്മതിക്കണം.
രണ്ട് : ഇങ്ങനെ സാമ്പ്രദായിക ശരാശരിക്കാർ തയ്യാറാക്കിയ കൗൺസിൽ നയരേഖക്ക് എങ്ങിനെ ആണ് ഇവർ പറയുന്ന മാറ്റം ഉന്നത വിദ്യാഭ്യാസരംഗത്ത് കൊണ്ട് വരാനാവുക? നയരേഖ തയ്യാറാക്കാൻ ഇവർ തന്നെ പറയുന്നത് പോലെ കുറച്ചുകൂടെ ‘സ്മാർട്ട്’ ആയ വിദഗ്ദ്ധന്മാരെ ഏൽപ്പിക്കട്ടെ.
സംവരണം വഴി ഉന്നതപഠനത്തിനും അതുവഴി അധ്യാപനത്തിനും ഗവേഷണത്തിനും സാധ്യത ലഭിച്ച ആളുകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നുവന്നപ്പോളാണ് ആ മേഖല അല്പമെങ്കിലും ജനാധിപത്യവൽക്കരിക്കപ്പെട്ടത്. രാജ്യത്തെ വിവിധ സർവകലാശാലകളിലും കോളേജുകളിലും ഇതിന്റെ പ്രതിഫലനം കാണാവുന്നതാണ്. ‘കഴിവുകേടിന്റെ ജനാതിപത്യ വൽക്കരണം’ എന്ന പ്രയോഗം കേവലമായ അദ്ധ്യാപന/ അറിവുത്പാദന നിലവാരത്തെ കുറിച്ചുള്ള വേവലാതി മാത്രമായി മനസ്സിലാക്കാൻ ഒക്കില്ല. വളരെ അധികം വിധ്വംസകവും സംവരണവിരുദ്ധവും ജനാധിപത്യവിരുദ്ധവും ആയ ഒന്നാണ് ആ പ്രയോഗം.
അറിവിനെയും അതുത്പാദിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുന്ന കമ്പോളമുതലാളിത്തത്തെയും ജനവിരുദ്ധ ഫാസിസ്റ്റു ഭരണകൂടങ്ങളുടെയും അജണ്ടകൾ നടപ്പിലാക്കാനുള്ള ചട്ടുകമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത് എന്ന സംശയം ജനിപ്പിക്കുന്നതാണ് നയരേഖയുടെ ഉള്ളടക്കം
ഇവിടെ അധ്യാപനത്തിന്റെയും അറിവുത്പാദനത്തിന്റെയും നിലവാരക്കുറവാണ് കൗൺസിലിന്റെ പ്രധാന പരാതി എന്ന് തോന്നുന്നില്ല. അറിവിന്റെ ജനാതിപത്യവൽക്കരണം തന്നെ ആണ് പ്രശ്നം. അറിവിനെയും അതുത്പാദിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുന്ന കമ്പോളമുതലാളിത്തത്തെയും ജനവിരുദ്ധ ഫാസിസ്റ്റു ഭരണകൂടങ്ങളുടെയും അജണ്ടകൾ നടപ്പിലാക്കാനുള്ള ചട്ടുകമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത് എന്ന സംശയം ജനിപ്പിക്കുന്നതാണ് നയരേഖയുടെ ഉള്ളടക്കം.
നിലവിലെ അധ്യാപകരോടും അവരുടെ സമ്പ്രദായങ്ങളോടും കടുത്ത പുച്ഛമാണ് നയരേഖ പ്രദർശിപ്പിക്കുന്നത്. രേഖയിലെ ചില വിശേഷണങ്ങളിൽ നിന്നും പ്രയോഗങ്ങളിൽ നിന്നും ഇത് മനസിലാക്കാം. കഴിവുകേടിന്റെ ജനാധിപത്യ വൽക്കരണം എന്ന പ്രയോഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. കഴിവുകെട്ട അധ്യാപകർ നശിപ്പിച്ചു കുളമാക്കിയ വിദ്യാഭ്യാസത്തെ നോബൽ പ്രൊഫസർമാരെ ഇറക്കി സ്മാർട്ട് ക്ലാസ് വഴി ശരിപ്പെടുത്താം എന്നാണ് കൗൺസിൽ പ്രതീക്ഷിക്കുന്നത്. വേറെ ഒരിടത്ത് ലോകോത്തര പണ്ഡിതന്മാരെയും നമ്മുടെ ‘ലോക്കൽ’ പ്രൊഫസർമാരെയും (ordinary professors) താരതമ്യം ചെയ്യുന്നുണ്ട്. ലോകോത്തര ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു തുടങ്ങുമ്പോൾ അതനുസരിച്ചു തങ്ങളുടെ നിലവാരം വർധിപ്പിക്കാൻ ‘ലോക്കൽ’ പ്രൊഫസർമാർ നിർബന്ധിക്കപ്പെടും എന്നാണ് കൗൺസിൽ കരുതുന്നത്. അമേചർ രീതിയിൽ അധ്യാപകർ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പരാമർശം ഉണ്ട്. ഇതിലെല്ലാം അധ്യാപകസമൂഹത്തോടുള്ള പുച്ഛവും പരിഹാസവും ആണ് കാണാൻ സാധിക്കുന്നത്. കുറെ അല്പവിഭവർക്ക് സർക്കാർ ശമ്പളം വാങ്ങി ജീവിതം കഴിക്കാനുള്ള ഒരു തട്ടിക്കൂട്ട് ഏർപ്പാട് മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖല എന്നും തങ്ങൾ വിദേശത്തു നിന്ന് ലോകോത്തര പവനായിയെ ഇറക്കി എല്ലാം ഇപ്പൊ ശരിയാക്കിത്തരാം എന്നും കൗൺസിൽ കരുതുന്നുണ്ടോ? നിങ്ങൾ പറയുന്നത് പോലെ ഓൺലൈൻ സ്മാർട്ട് ക്ലാസുകൾ എടുക്കാൻ പാകത്തിൽ നാടൻ മലപ്പുറം കത്തി മുതൽ സ്കഡ് മിസൈൽ വരെ എല്ലാ ടൂൾസും നമ്മളുടെ കയ്യിലും ഉണ്ട് സാർ. പക്ഷെ ഇതൊക്കെ കൊണ്ട് ശരിപ്പെടുത്തിയെടുക്കാവുന്ന ഒന്നാണ് ഇവിടത്തെ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ എന്ന് ഞാൻ കരുതുന്നില്ല.
ഇനി ചില യാഥാർഥ്യങ്ങളിലേക്ക് കടക്കാം. കൗൺസിൽ പറയുന്ന ഈ മികവ് കേവലം വ്യക്തിനിഷ്ഠമായ ഒന്നല്ല. ഇവിടത്തെ അധ്യാപകർ ഓൺലൈൻ ടൂളുകളിൽ പ്രാവീണ്യം നേടിയതുകൊണ്ടോ ക്ലാസ് മുറികളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കിയത് കൊണ്ടോ നേടാവുന്ന ഒന്നല്ല മികവ്. സമൂഹത്തിന്റെ ആകെ മികവിനൊപ്പമേ ഉന്നതവിദ്യാഭ്യാസത്തിനും സഞ്ചരിക്കാനാവൂ. നൂറും നൂറ്റി അമ്പതും കുട്ടികൾ തിങ്ങി നിറഞ്ഞിരിക്കുന്ന കോളേജ് ക്ലാസ് മുറികളിൽ ഏതുതരം മികവാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? അത്തരം ക്ലാസ് മുറികളിൽ ലക്ചർ രീതിക്കു പകരം എന്താണ് നിങ്ങൾ നിർദ്ദേശിക്കുന്നത്? നിങ്ങൾ കൊട്ടി ഘോഷിക്കുന്ന ലോകോത്തര അധ്യാപകരെക്കുറിച്ചും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അവർക്കു നൽകുന്ന അവസരങ്ങളേക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നിങ്ങൾ മികച്ചത് എന്ന് പറയുന്ന സ്ഥാപനങ്ങളിൽ അധ്യാപകന് ഒരു ക്ലാസിൽ പത്തോ ഇരുപതോ കുട്ടികളുടെ കാര്യം മാത്രം നോക്കിയാൽ മതിയാവും. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയുള്ള റെസിഡൻഷ്യൽ സർവ്വകലാശാലകൾ മികവിന്റെ കേന്ദ്രം ആയില്ലെങ്കിൽ അല്ലെ അത്ഭുതം? അത്തരം സ്ഥാപനങ്ങളെയും അവിടത്തെ അധ്യാപകരെയും വെച്ച് ഇവിടത്തെ പരിമിത സൗകര്യങ്ങളിൽ വലിയ എണ്ണം കുട്ടികളെ കൈകാര്യം ചെയ്യുന്ന അധ്യാപകരെ താരതമ്യം ചെയ്യുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്?
സാമൂഹികതയിൽ ഊന്നി വലിയ തോതിൽ മുന്നേറിയ കേരളസമൂഹത്തെ മത്സരത്തിന്റെയും മിടുക്കിന്റെയും വിപണിയുക്തിയിലേക്കു തള്ളി വിടുന്നതിന്റെ ഉദ്ദേശശുദ്ധി സംശയകരമാണ്
മികവിന്റെ മാനദണ്ഡമായി നോബൽ സമ്മാനം കണക്കാക്കുന്നതിൽ തന്നെ വലിയ പിശകുകൾ ഉണ്ട്. നോബൽ സമ്മാനം കിട്ടിയവർ എന്നാൽ മിടുക്കർ എന്ന പൊതുധാരണയാണ് കൗൺസിൽ പങ്കുവെക്കുന്നത്. നോബൽ സമ്മാനം വിതരണം ചെയ്യുന്നതിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചു കൗൺസിൽ അജ്ഞരാണെന്നു കരുതുന്നില്ല. യൂറോപ്പിലെയും അമേരിക്കയിലെയും പ്രിവിലെജ്ഡ് ആയ വെള്ളക്കാരായ പുരുഷന്മാരാണ് നോബൽ സമ്മാനം നേടിയവരുടെ പട്ടികയിൽ ബഹുഭൂരിപക്ഷവും. ( ഇന്ത്യയിൽ ഭാരത് രത്ന , പത്മ അവാർഡുകളുടെ പട്ടികയിൽ ബ്രാഹ്മണപുരുഷന്മാർക്ക് വലിയ മേധാവിത്വം ഉള്ളത് ഓർക്കുക) തികഞ്ഞ മുൻവിധിയോടെയും പക്ഷപാതിത്വത്തോടെയും സ്വന്തക്കാർക്കിടയിൽ വീതം വെക്കുന്ന ഒന്നാണ് നോബൽ എന്നിരിക്കെ അത് നേടിയ ആളുകളെ മിടുക്കർ എന്ന ലേബലിൽ അവതരിപ്പിക്കുന്നത് ശരിയല്ല. അത് മാത്രമല്ല. അറിവിന്റെ മേഖലയിൽ വ്യക്തിപരമായ ഒരാളുടെ സംഭാവനകൾ പരിശോധിച്ചാണ് നോബൽ സമിതി അവാർഡ് നിർണയിക്കുന്നത് എന്നാണല്ലോ സങ്കല്പം. ആ അവാർഡ് നേടുന്നതിന് അർഹനായ വ്യക്തി ശൂന്യതയിൽ നിന്നാണോ അറിവ് ഉണ്ടാക്കിയത്? അയാൾക്ക് മുന്നേയും അയാൾക്കൊപ്പവും ആ മേഖലയിൽ സംഭാവന ചെയ്തവരുടെയും കൂടെ ശ്രമഫലമായാണ് അയാൾ ഒരു പ്രത്യേക അറിവ് ഉത്പാദിപ്പിക്കുകയോ കണ്ടെത്തുകയോ ചെയ്യുന്നത്. ഒരാൾക്ക് നോബൽ സമ്മാനം നല്കുന്നതിലൂടെ ആ മേഖലയിൽ സംഭാവന ചെയ്ത മറ്റുള്ളവരുടെയൊക്കെ മികവ് റദ്ദ് ചെയ്യപെടുമോ? പേറ്റന്റ് വ്യവസായത്തിന്റെ ഒരു സുപ്രധാന കച്ചവട പങ്കാളിയാണ് നോബൽ സമ്മാനം എന്നതും മറന്നു കൂടാ. പേറ്റന്റുകളുടെ കുത്തകവൽക്കരണത്തെക്കുറിച്ചും അറിവിന്റെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചും ലോകം ചർച്ച ചെയ്യുന്ന ഈ കോവിഡ് കാലത്തുതന്നെ വേണം അറിവിന്റെ കുത്തകവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നൊബേൽ പോലെയുള്ള പ്രസ്ഥാനങ്ങളെ മഹത്വവൽക്കരിക്കാൻ. ടോൾസ്റ്റോയിക്കും ഗാന്ധിക്കും ലഭിക്കാത്ത നോബൽ, സാർത്ര് രാഷ്ട്രീയ കാരണങ്ങളാൽ വേണ്ടെന്നു വെച്ച നോബൽ. ആ നൊബേലിനെ കേരളം പോലെയുള്ള ഒരു സംസ്ഥാനത്തു മികവിന്റെ ഉദാത്തമാതൃകയായി അവതരിപ്പിക്കുമ്പോൾ അംഗീകരിക്കാൻ ലേശം ബുദ്ധിമുട്ടുണ്ട്. മത്സരാധിഷ്ഠിത ലോകക്രമത്തിൽ മാത്രം ചിലവാകുന്ന ഒന്നാണ് മിടുക്ക് എന്ന ആശയം. മത്സരധിഷ്ഠിത മുതലാളിത്തസാമൂഹിക വ്യവസ്ഥ എത്രമാത്രം പൊള്ളയാണെന്നും ദുർബലമാണെന്നും വെളിപ്പെട്ട കോവിഡ് പശ്ചാത്തലത്തിൽ തന്നെ കോവിഡാനന്തര ഉന്നതവിദ്യാഭ്യാസത്തിന്റെ മികച്ച മാതൃകയായി അത്തരം മിടുക്കിന്റെ ഉദാഹരണങ്ങൾ അവതരിപ്പിക്കുന്നതിന്റെ യുക്തി എന്താണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സാമൂഹികതയിൽ ഊന്നി വലിയ തോതിൽ മുന്നേറിയ കേരളസമൂഹത്തെ മത്സരത്തിന്റെയും മിടുക്കിന്റെയും വിപണിയുക്തിയിലേക്കു തള്ളി വിടുന്നതിന്റെ ഉദ്ദേശശുദ്ധി സംശയകരമാണ്. സമൂഹത്തിന്റെ ഒരുമിച്ചുള്ള പുരോഗതിക്കു നിദാനമാകുന്ന സാമൂഹികതയാണ് കേരള മാതൃക. വ്യക്തിപരമായ കരിയറിസ്റ്റ് മികവുകൊണ്ട് കേരളസമൂഹം എവിടെയും എത്തില്ല.
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഇറക്കിയും, വിദ്യാർത്ഥി-അധ്യാപക അനുപാതം കുറച്ചും അധ്യാപക തസ്തികകൾ കൂടുതൽ സൃഷ്ടിച്ചും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചും ഒക്കെയാണ് മികവുണ്ടാക്കേണ്ടത്. അന്താരാഷ്ട്ര പ്രശസ്തരായ അദ്ധ്യാപകരുടെ ക്ലാസുകൾ സ്ക്രീനിൽ കാണിച്ചതുകൊണ്ടു മാത്രം മികവ് ഉണ്ടാവില്ല. ഇവിടെ ഉള്ള അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനാണ് ശ്രമങ്ങൾ നടക്കുന്നത് എന്ന യാഥാർഥ്യം കൗൺസിൽ അറിഞ്ഞു കാണുമല്ലോ? ഇങ്ങിനെ ഇല്ലാതാവുന്ന അധ്യാപകർക്ക് പകരം ഓൺലൈൻ അധ്യയനം ആണ് പരിഹാരം ആയി കാണുന്നത് എങ്കിൽ വിദ്യാഭ്യാസരംഗത്തെ മികവിനെക്കുറിച്ചുള്ള കൗൺസിന്റെ ഉൽക്കണ്ഠയിൽ ആത്മാർഥതയില്ല എന്ന് മനസ്സിലാക്കേണ്ടി വരും.
ക്യാമ്പസുകളെ അരാഷ്ട്രീയവൽക്കരിച്ചുകൊണ്ടും കച്ചവടവൽക്കരിച്ചുകൊണ്ടും ഇല്ലാതാക്കുന്നത് വഴി മുതലെടുപ്പ് നടത്തുന്നത് വിദ്യാഭ്യാസക്കച്ചവടക്കാരും ഫാസിസ്റ്റുകളും ആയിരിക്കും എന്ന വസ്തുത കാണാൻ വലിയ "കഴിവൊന്നും' വേണ്ട
ഓൺലൈൻ അധ്യയനം സാർവത്രികമായാൽ അധ്യാപകരുടെ തൊഴിൽ നഷ്ടപ്പെടുമല്ലോ എന്ന ആശങ്കയേക്കാളുപരി കേരളത്തിന്റെ സവിശേഷമായ സാമൂഹികാവബോധ നിർമിതിയിൽ വളരെ നിർണായകമായ പങ്കു വഹിക്കുന്ന കാമ്പസുകളുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ ആണ് എനിക്ക് ഇവിടെ പങ്കുവെക്കാനുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയെക്കുറിച്ചു ചർച്ചാവിഷയമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ആശങ്ക. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ട് വരുന്ന ചില മാറ്റങ്ങളുടെ സൂചനകൾ ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു. കോളേജുകളിലെ അധ്യാപക തസ്തികകൾ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാൻ ഉള്ള നീക്കം ആണ് ഒന്നാമത്തേത്. ബിരുദാനന്തര ബിരുദ ക്ലാസുകളിൽ ഒരു മണിക്കൂർ അധ്യയനം നടത്തിയാൽ ഒന്നര മണിക്കൂർ ആയാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ സർക്കാർ ഉത്തരവുകൾ പ്രകാരം അത് ഒരു മണിക്കൂർ ആയി തന്നെ നിജപ്പെടുത്തി. ഒട്ടനവധി അധ്യാപക തസ്തികകൾ ഇല്ലാതാവാൻ ഇത് ഇടവരുത്തും. ഇതിനു സമാന്തരമായാണ് ഓൺലൈൻ ക്ലാസുകൾക്കും, മൂക് (Massive Open Online Courses) കോഴ്സുകൾക്കും നൽകുന്ന വ്യാപക പ്രചാരണം. ക്രമേണ അധ്യാപകരുടെ എണ്ണം വെട്ടിക്കുറക്കാനും നേരത്തെ റെക്കോർഡ് ചെയ്തു വെച്ച ക്ലാസുകൾ ഉപയോഗിച്ച് യാന്ത്രികമായി കോഴ്സുകൾ നടത്താനും സാധിക്കും. ഉദാഹരണത്തിന് ആഴ്ചയിൽ ഇരുപത്തി അഞ്ചു മണിക്കൂർ നേരിട്ട് അധ്യാപകരുടെ ക്ലാസുകൾ കേട്ട് പഠനം നടത്തുന്ന വിദ്യാർത്ഥിക്ക് ഏതാനും പേപ്പറുകൾ ഏതെങ്കിലും മൂക് കോഴ്സിൽ ചേർന്ന് എഴുതി എടുക്കാം. അപ്പോൾ ആ വിദ്യാർത്ഥി അത്രയും മണിക്കൂറുകൾ റെഗുലർ ക്ലാസിൽ ഇരിക്കേണ്ടി വരുന്നില്ല. സ്വാഭാവികമായും അത്രയും മണിക്കൂറുകൾ പഠിപ്പിച്ചിരുന്ന അധ്യാപകൻ അപ്രസക്തൻ ആയി മാറുന്നു.
ക്ലാസ് സമയം വെട്ടിച്ചുരുക്കാനുള്ള നീക്കമാണ് ക്യാമ്പസുകളുടെ ജൈവികത ഇല്ലാതാക്കാൻ ഇടവരുത്തുന്ന മറ്റൊരു നിർദേശം. രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നരമണി വരെ ആയി കോളേജ് സമയം നിജപ്പെടുത്താൻ ആണ് നീക്കം. ബാക്കി സമയം വിദ്യാർത്ഥികൾക്ക് മറ്റു ഓൺലൈൻ കോഴ്സുകൾ പഠിക്കാം, പാർട്ട് ടൈം ജോലികൾക്കു പോവാം എന്നൊക്കെ ആണ് ഇതിനുള്ള ന്യായീകരണം ആയി പറയുന്നത്. ഉച്ചക്ക് ശേഷമുള്ള അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഉറക്കച്ചടവ് മൂലം ക്ലാസുകളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നു എന്നൊരു വിചിത്ര ന്യായീകരണവും ഉന്നത വിദ്യാഭ്യാസമന്ത്രിയുടേതായി കേട്ടു.( നിയമസഭാ സമ്മേളനങ്ങളിൽ രാവിലെ മുതലേ ഇരുന്നുറങ്ങുന്ന സാമാജികർ ഉറക്കത്തിൽ കൈ പൊക്കിയാണോ നിയമം ഉണ്ടാക്കുന്നത് എന്ന ചോദ്യം ഇവിടെ ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കുന്നില്ല).
വിദ്യാർത്ഥി-അദ്ധ്യാപക സമൂഹത്തെ ക്യാമ്പസുകളിൽ നിന്ന് നേരത്തെ വീട്ടിൽ പറഞ്ഞയച്ച് എന്താണ് ക്യാമ്പസുകളിൽ സർക്കാർ ചെയ്യാൻ പോകുന്നത്? ഉച്ചമുതൽ അടഞ്ഞു കിടക്കുന്ന ക്ലാസ് മുറികളും ലാബുകളും ഒക്കെ ഉപയോഗിച്ച് " ഏതായാലും അടഞ്ഞു കിടക്കുകയല്ലേ, എന്നാൽ വേറെ ഒരു കോഴ്സ് നടത്തിയാൽ കുറെ പാവം കുട്ടികൾക്ക് ഉപകാരപ്പെടുമല്ലോ ?" എന്ന് ആർക്കെങ്കിലും തോന്നിക്കൂടായ്ക ഇല്ല. അങ്ങിനെ കൊണ്ട് വരുന്ന കോഴ്സുകൾ സ്വാഭാവികമായും സ്വാശ്രയ കോഴ്സുകൾ ആയാലും നമ്മൾ ഞെട്ടേണ്ടതില്ല.
വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല ഇത്. രാവിലെ എട്ടരമുതൽ ഉച്ചക്ക് ഒന്നര വരെ (കേവലം പതിനഞ്ചു മിനിറ്റിന്റെ മാത്രം ഇടവേള ) തകൃതിയായി നടക്കുന്ന ക്ലാസ് കഴിഞ്ഞാൽ പിന്നെ ക്യാമ്പസ്സിൽ എന്ത്? ഉച്ചക്കുള്ള ഇടവേളകളിലെ സാംസ്കാരിക പരിപാടികളും നൈസർഗിക ഇടപെടലിനുള്ള ഇടങ്ങളും ഇല്ലാതാകുമോ? കാമ്പസുകളുടെ രാഷ്ട്രീയ സ്പന്ദനങ്ങൾ നിലയ്ക്കുമോ?
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തെ സംബന്ധിച്ചു ഏറ്റവും അധികം പറഞ്ഞുകേട്ട കാര്യമാണ് കേരളമോഡൽ. ആരോഗ്യ രംഗത്തും സാമൂഹിക സുരക്ഷാ രംഗത്തും കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ആ മോഡൽ. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരെക്കൂടി ചേർത്ത് പിടിച്ചു കൊണ്ട് പോകുന്ന ഒന്നാണത്. കേരളത്തിലെ പൊതു വിദ്യാഭ്യാസവും, ഓരോ അണുവിലും രാഷ്ട്രീയം സ്പന്ദിക്കുന്ന ക്യാമ്പസുകളും കൂടി ചേർന്നതാണ് ആ മോഡൽ. ആ ക്യാമ്പസുകളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത "കഴിവുകുറഞ്ഞ' (mediocre) ആളുകൾ എല്ലു വെള്ളമാക്കി പണിയെടുത്തതിന്റെ കൂടി ഉല്പന്നമാണ് കേരള മോഡൽ. ഇവിടെ പ്രധാനപ്പെട്ട മറ്റൊരു കാര്യം മറന്നു പോകുന്നു. ഇന്ത്യയിൽ ഫാസിസം പടർന്നു പിടിച്ചപ്പോളും കേരളം ചെറുത്ത് നിന്നു. ആ ചെറുത്ത് നിൽപ്പിൽ ഇവിടത്തെ ക്യാമ്പസുകളും അധ്യാപകരും വിദ്യാർത്ഥികളും വഹിച്ച പങ്കു വളരെ വലുതാണ്. ക്യാമ്പസുകളുടെ ചെറുതുരുത്തുകളിൽ അണയാതെ നിന്ന പ്രതിഷേധാഗ്നി കാണാതെ പോയാൽ കേരളം നൽകേണ്ടി വരിക വലിയ വിലയാണ്. ആ ക്യാമ്പസുകളെ ആണ് പരിഷ്കാരങ്ങളുടെ പേരിൽ അക്ഷരാർത്ഥത്തിൽ തന്നെ നിശ്ശബ്ദമാക്കാൻ ശ്രമങ്ങൾ നടക്കുന്നത്. പരമ്പരാഗത ക്ലാസ് മുറികളിൽ സാമ്പ്രദായിക ലക്ചർ നടത്തുന്ന അദ്ധ്യാപകർ നിരന്തരം സംവദിച്ചത് കൊണ്ട് കൂടിയാണ് കേരളത്തിലെ ക്യാമ്പസുകൾ മുതലാളിത്ത-വിരുദ്ധ ഫാസിസ്റ്റു-വിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങൾ ആയി നിലകൊള്ളുന്നത്. ആ അദ്ധ്യാപകരെയും അവരുടെ സംവാദാത്മക ലക്ചർ ക്ലാസുകളെയും ഇല്ലാതാക്കിയാൽ നിശ്ശബ്ദമാവുക കേരളത്തിലെ കാമ്പസുകളിലുള്ള സജീവ സാമൂഹികാവബോധവും ഫാസിസ്റ്റു വിരുദ്ധ-മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ ഇടപെടലുകളുമാണ്. ക്യാമ്പസുകളെ അരാഷ്ട്രീയവൽക്കരിച്ചുകൊണ്ടും കച്ചവടവൽക്കരിച്ചുകൊണ്ടും ഇല്ലാതാക്കുന്നത് വഴി മുതലെടുപ്പ് നടത്തുന്നത് വിദ്യാഭ്യാസക്കച്ചവടക്കാരും ഫാസിസ്റ്റുകളും ആയിരിക്കും എന്ന വസ്തുത കാണാൻ വലിയ "കഴിവൊന്നും' വേണ്ട.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സായിപ്പ് നിശ്ചയിക്കുന്ന അളവുകോൽ അല്ല വേണ്ടത് എന്നെങ്കിലും പടിഞ്ഞാറുനോക്കി അക്കാഡമിക്കുകൾ മനസ്സിലാക്കിയാൽ നന്ന്. നിങ്ങളുടെ കൊളോണിയൽ-എലീറ്റിസ്റ്റ് കണ്ണടകൊണ്ടു നോക്കിയാൽ കേരളത്തിൽ പ്രശ്നങ്ങൾ മാത്രമേ കാണൂ. കോവിഡിന്റെ മുന്നിൽ "ലോകോത്തര നിലവാരമുള്ള" സമൂഹങ്ങൾ പതറിയപ്പോൾ അത്ര "നിലവാരമില്ലാത്ത' കേരളം പിടിച്ചു നിന്നത് ഇവിടത്തെ സാമൂഹികതാ ബോധത്തിന്റെയും ജനപക്ഷ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പിൻബലത്തിൽ ആണ്. അല്ലാതെ നിങ്ങൾ മാതൃകയാക്കുന്ന സായിപ്പുമാർ നിശ്ചയിച്ച മികവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല നമ്മുടെ വിജയം. കേരളാ മോഡലിന്റെ ആണിക്കല്ലായ സാമൂഹികതാ ബോധത്തിന്റെ നിർമിതിയിൽ വലിയ പങ്കു വഹിക്കുന്ന ക്യാമ്പസുകൾ നില നിൽക്കേണ്ടത് കേരളത്തിന്റെ അനിവാര്യതയാണ്. പരമ്പരാഗത ക്ലാസുകൾ നിലവാരം കുറഞ്ഞവയാണെന്നും ഓൺലൈൻ ക്ലാസ്സുകൾ മികച്ചവയാണെന്നും വ്യാപകമായ രീതിയിൽ കാമ്പയിൻ നടത്തുക വഴി പരമ്പരാഗത കാമ്പസുകളും അതുവഴി കേരളവികസന മോഡലും തകർക്കാനുള്ള കൊട്ടേഷൻ ആണ് ഉന്നത വിദ്യാഭ്യാസ കൗൺസിലും അധികാരികളും ഏറ്റെടുത്തിട്ടുള്ളതെന്നു സംശയിച്ചാൽ തെറ്റ് പറയാനാവില്ല.
കേരളം പിടിച്ചു നിന്നത് ഇവിടത്തെ സാമൂഹികതാ ബോധത്തിന്റെയും ജനപക്ഷ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പിൻബലത്തിൽ ആണ്. അല്ലാതെ നിങ്ങൾ മാതൃകയാക്കുന്ന സായിപ്പുമാർ നിശ്ചയിച്ച മികവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല നമ്മുടെ വിജയം
കോർപറേറ്റുകൾക്ക് ആവശ്യമായ മിഡ്-ലെവൽ ജോലിക്കാരെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമായി മാത്രം ആണ് കൗൺസിൽ കോളേജുകളെയും സർവകലാശാലകളെയും കാണുന്നത്. അതിനനുസരിച്ചാണ് അവരുടെ നയ സമീപനം. പക്ഷെ കരിയറിസം വേണ്ടതിലധികം പ്രോത്സാഹിപ്പിക്കുമ്പോൾ ക്യാമ്പസുകളിൽ നഷ്ടമാവുന്ന രാഷ്ട്രീയ ഇടത്തെക്കുറിച്ചു കൗൺസിൽ അജ്ഞത നടിക്കുന്നു. അങ്ങിനെ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന ഇടങ്ങളിലേക്ക് വലതുപക്ഷ ഫാസിസം എളുപ്പത്തിൽ കടന്നുകയറും എന്ന വസ്തുതയും കൗൺസിൽ കാണാതെ പോകുന്നു. കേരളത്തെ ആകെ ഫാസിസത്തിന് വിഴുങ്ങാൻ പാകത്തിൽ ഒരുക്കിക്കൊടുക്കുന്ന കോർപ്പറേറ്റ് അജണ്ടയുടെ മാനിഫെസ്റ്റോ ആയിട്ടാണ് കോവിഡാനന്തര ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിൽ നയരേഖ പ്രവർത്തിക്കുന്നത്. ഇത് അംഗീകരിച്ചു കൂടാ.