ഡോ. പി.കെ. തിലക്

വിദ്യാർത്ഥികളിൽ
നമുക്ക് ​​​പ്രതീക്ഷയർപ്പിക്കാം,
അവരെ തോൽപ്പിക്കാതിരിക്കാം…

‘‘വിദ്യാഭ്യാസം അനന്തവും വിദൂരവുമായ ഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. അത് ക്ഷമാപൂർവം കാത്തിരുന്നുതന്നെ കാണണം. പെട്ടെന്നു ലഭിക്കുന്ന തെളിവുകൾ പലതും കപടമായേക്കാം’’- പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹിക പക്ഷത്തെയും അതിന്റെ പ്രായോഗികതയെയും വിശകലനം ചെയ്യുന്നു, ഡോ. പി.കെ. തിലക്.

രിഷ്കാരങ്ങളുടെ വേലിയേറ്റവുമായാണ് പുതിയ അധ്യയനവർഷം ആരംഭിക്കാൻ പോകുന്നത്. അവ സൃഷ്ടിക്കാനിടയുള്ള അനുരണനങ്ങൾക്ക് കാതോർക്കുകയാണ് കേരള സമൂഹം.

സ്കൂൾ പ്രവേശനത്തിന്റെ പ്രായം അഞ്ചിൽ നിന്ന് ആറിലേക്ക് ഉയർത്തൽ, സാമ്പത്തിക സാക്ഷരത ഉൾപ്പെടെ പുതിയ വിഷയങ്ങൾ അവതരിപ്പിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യവിഷയമാക്കൽ, അധ്യയനസമയം ദീർഘിപ്പിക്കൽ, ടേം പരീക്ഷകൾ ഒഴിവാക്കി പ്രതിമാസ പരീക്ഷ നടപ്പിലാക്കൽ, കൂടുതൽ കുട്ടികളെ ഓരോ ക്ലാസിലും തോല്പിച്ച് പഠനനിലവാരം ഉയർത്തൽ എന്നിങ്ങനെ അനവധി പദ്ധതികളെയും പരിപാടികളെയും കുറച്ചുള്ള വാർത്തകൾ നിരന്തരം പ്രചരിക്കുന്നു. പത്തുവരെയുള്ള ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങൾനടപ്പിലാക്കുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് മാറ്റങ്ങൾ. ഇവയിൽ പലതും അഭിമാനപദ്ധതികളായി അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയം.

സമൂഹപുരോഗതിയിൽ മുഖ്യപങ്ക് വഹിക്കുന്നത് വിദ്യാഭ്യാസമാണ്. നിരന്തരമുള്ള പരിഷ്കരണങ്ങളിലൂടെ മാത്രമേ സമൂഹത്തിന്റെ മാറിവരുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന വിദ്യാഭ്യാസം നടപ്പിലാക്കാൻ കഴിയൂ. ഏതെങ്കിലും ഒരു മാറ്റം പൂർണ അർത്ഥത്തിൽ ഫലവത്തായിക്കൊള്ളണമെന്നില്ല. മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രക്രിയ ജയപരാജയങ്ങൾ ഇടകലർന്ന നിരന്തരമുള്ള പരീക്ഷണങ്ങളിലൂടെയാണ് മുന്നേറുന്നത്. ഒറ്റമൂലികളും മാജിക്കുമൊന്നും ഇവിടെ ഫലിക്കില്ല. അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ഛിദ്രമാനസരാണ്. ചെറിയ മാറ്റങ്ങളെപ്പോലും അസഹിഷ്ണുതയോടെ സമീപിക്കുകയും അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടുള്ള സമരങ്ങൾ നടത്തുകയും ചെയ്യുന്ന രീതി ഇവിടെ പതിവായിരുന്നു. വിദ്യാർത്ഥി- യുവജന സംഘടനകൾ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ പ്രീതിക്കായി നടത്തിയിരുന്ന ആ അനുഷ്ഠാനങ്ങൾ ഇനിയും അനുവർത്തിക്കാതിരിക്കട്ടെ. വരുന്ന അധ്യയനവർഷം കൂട്ടായ്മയുടെ വിജയമായി നമുക്ക് ചരിത്രത്തിൽ രേഖപ്പെടുത്താം.

സമൂഹപുരോഗതിയിൽ മുഖ്യപങ്ക് വഹിക്കുന്നത് വിദ്യാഭ്യാസമാണ്. നിരന്തരമുള്ള പരിഷ്കരണങ്ങളിലൂടെ മാത്രമേ സമൂഹത്തിന്റെ മാറിവരുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന വിദ്യാഭ്യാസം നടപ്പിലാക്കാൻ കഴിയൂ.
സമൂഹപുരോഗതിയിൽ മുഖ്യപങ്ക് വഹിക്കുന്നത് വിദ്യാഭ്യാസമാണ്. നിരന്തരമുള്ള പരിഷ്കരണങ്ങളിലൂടെ മാത്രമേ സമൂഹത്തിന്റെ മാറിവരുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന വിദ്യാഭ്യാസം നടപ്പിലാക്കാൻ കഴിയൂ.

ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് കേന്ദ്രീകൃതമായ വിദ്യാഭ്യാസപരിപാടി വിജയകരമാവുകയില്ല എന്ന് ഭരണഘടനാശില്പികൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അവർ വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, രാജ്യം ദുരന്തങ്ങളുടെ പെരുവെള്ളപ്പാച്ചിലിൽപ്പെട്ടുപോയ ഘട്ടത്തിൽ അത് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെടുകയും ക്രമേണ കേന്ദ്രീകൃതമായ വിദ്യാഭ്യാസ പദ്ധതികൾകൊണ്ട് നിക്ഷിപ്ത താല്പര്യക്കാർ പിടിമുറുക്കുകയും ചെയ്തു. അതിന്റെ ദുരന്തം ഏറ്റവും അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് രാഷ്ട്രീയമായ വിലപേശൽശക്തി കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അനുസരണക്കേടിനുള്ള ശിക്ഷയായി പദ്ധതിവിഹിതം തടഞ്ഞുവയ്ക്കുന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥ- ഭരണതലങ്ങളിലുള്ളവരുടെ താൻപോരിമയും പിടിപ്പുകേടും ഒരുഭാഗത്തും രാഷ്ട്രീയമായ വിയോജിപ്പിന് അധികാരം കൊണ്ട് ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന കേന്ദ്രത്തിന്റെ മാടമ്പിത്തരം മറുഭാഗത്തും പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഉച്ചഭക്ഷണത്തിനുള്ള ചെലവ് മുതൽ വിവിധ പദ്ധതികളിൽ ഉൾപ്പെട്ടവരുടെ പ്രതിഫലം വരെ കേന്ദ്രവിഹിതമായി ലഭിക്കണം. അവയിൽ സംഭവിക്കുന്ന വീഴ്ചകൾ വലിയ പ്രത്യാഘാതമുണ്ടാക്കും.

വിദ്യാഭ്യാസത്തിന്റെ ആസൂത്രണവും നിർവഹണവും സംസ്ഥാനങ്ങളുടെ ചുമതലയിൽ വരുന്നതുകൊണ്ട് നിലവാരം തകരുമൊന്നോ ക്രമക്കേടുകൾ വർധിക്കുമെന്നോ വിശ്വസിക്കുന്നവരുണ്ട്. അത് അടിസ്ഥാനരഹിതമായ ധാരണയാണ്.

വിദ്യാഭ്യാസത്തിന്റെ ആസൂത്രണവും നിർവഹണവും സംസ്ഥാനങ്ങളുടെ ചുമതലയിൽ വരുന്നതുകൊണ്ട് നിലവാരം തകരുമൊന്നോ ക്രമക്കേടുകൾ വർധിക്കുമെന്നോ വിശ്വസിക്കുന്നവരുണ്ട്. അത് അടിസ്ഥാനരഹിതമായ ധാരണയാണ്. സംസ്ഥാനങ്ങൾക്ക് ചുമതലകൾ ലഭിക്കുന്നത് ജാഗ്രത വർദ്ധിക്കാൻ ഇടയാക്കും. സൂക്ഷ്മതലത്തിലുള്ള ആസൂത്രണം കൊണ്ട് വിദ്യാഭ്യാസം കാര്യക്ഷമമായിത്തീരും. അമേരിക്കയിൽ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ ചുമതലയിലാണെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളുമായുള്ള രാഷ്ട്രീയമായ വിയോജിപ്പുകൾ രാജ്യപുരോഗതിക്ക് ആധാരമായ വിദ്യാഭ്യാസത്തെ ബാധിക്കരുത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ സ്കൂൾ പ്രവേശനപ്രായവും സ്കൂൾ ഘട്ടങ്ങളുടെ വിഭജനവും സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന നിർദ്ദേശമുണ്ടായിട്ട് രണ്ട് പതിറ്റാണ്ടെങ്കിലും ആയിരിക്കും. സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ന്യായം പറഞ്ഞാണ് അത് ഇക്കാലംവരെ നീട്ടിക്കൊണ്ടുപോയത്. എന്നാൽ ഇപ്പോൾ സ്കൂൾ പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇത്തരം ചെറുതും വലുതുമായ പ്രശ്നങ്ങളാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുള്ളത്.

രാഷ്ട്രീയനേതൃത്വങ്ങൾക്കിടയിലുള്ള അഭിപ്രായഭിന്നതകളെക്കാളേറെ നടത്തിപ്പുകാർക്കിടയിലെ തർക്കങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. കേന്ദ്രം ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം വരുത്തുമ്പോൾ പദ്ധതികൾ ലക്ഷ്യം കൈവരിക്കാതെ പോകുന്നു. ലഭിച്ച ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകൾ യഥാസമയം സമർപ്പിക്കാതെ വരുമ്പോൾ തുടർപ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കാതെ വരുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് വിയോജിപ്പുകൾ സൃഷ്ടിക്കുമ്പോൾ സംസ്ഥാനം അനഭിമതരുടെ പട്ടികയിലേക്കാണ് മാറ്റപ്പെടുന്നത്. ആരോഗ്യകരമായ സംവാദങ്ങൾ നടക്കേണ്ട പ്ലാറ്റ്ഫോമുകളിൽ ഉത്തരവാദിത്തപ്പെട്ടവരുടെ അസാന്നിധ്യം ഉണ്ടാകുമ്പോൾ ആശയവിനിമയം തടസ്സപ്പെടുന്നു. വിശാലമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ നയങ്ങൾ കേന്ദ്രത്തിന്റെ പ്രീതിക്കായി നടപ്പിലാക്കുന്നത് അതിക്രമമാണ്. കുട്ടികളെ തോല്പിച്ചും അവരുടെ മികവുകൾ തമസ്കരിച്ചും നടത്തുന്ന നിലവാരഘോഷണം ഭൂഷണമല്ല.

കേരളത്തിൽ പല പൊതുവിദ്യാലയങ്ങളുടെയും നിലനില്പ് ഇംഗ്ലീഷ് മീഡിയത്തെ ആശ്രയിച്ചാണ്. നമ്മുടെ മാതൃഭാഷാനയം ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്.
കേരളത്തിൽ പല പൊതുവിദ്യാലയങ്ങളുടെയും നിലനില്പ് ഇംഗ്ലീഷ് മീഡിയത്തെ ആശ്രയിച്ചാണ്. നമ്മുടെ മാതൃഭാഷാനയം ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്.

സാർവദേശീയതലത്തിൽ രൂപം കൊണ്ട സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതിയാണ് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രൈയിംവർക്ക്. ഇത് കേരളത്തിൽ നടപ്പിലാക്കാൻ കാലതാമസമുണ്ടായത് രാഷ്ട്രീയമോ വിദ്യാഭ്യാസപരമോ ആയ കാരണങ്ങൾകൊണ്ടല്ല. കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നത് ജാതി- മത ശക്തികളാണ്. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ രാഷ്ട്രീയഭിന്നതകളില്ല. ജാതി- മത ശക്തികളുടെ നിയന്ത്രണത്തിലുള്ള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുടെ ഘടനയിൽ കൈവയ്ക്കാനുള്ള വിമുഖതകൊണ്ടുമാത്രം ഒരു പദ്ധതി നടപ്പിലാക്കുന്നതിൽ വരുത്തിയ കാലതാമസം വളരെ വലുതാണ്. ഇപ്പോഴും കേരളത്തിലെ പാഠ്യപദ്ധതിയുടെ അവസാനവാക്കും വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനപ്രമാണവും നിർണയിക്കുന്നത് ഇവിടത്തെ ജാതി-മത ശക്തികളാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞുപോകുന്നതും പൊതുവിദ്യാലയങ്ങൾ നഷ്ടക്കണക്കുകൾ മാത്രം പറയേണ്ടിവരുന്നതും ഈ സാഹചര്യത്തിൽ കൂടിയല്ലേ.

രാഷ്ട്രീയപരവും നയപരവുമായ എന്തൊക്കെ വിയോജിപ്പുണ്ടെങ്കിലും 2020- ലെ ദേശീയ വിദ്യാഭ്യാസനയം പൂർണമായി തള്ളിക്കളയേണ്ട ഒന്നല്ല. അടിയന്തരമായി അടിസ്ഥാനഘട്ടത്തിലെ വിദ്യാഭ്യാസം (എട്ട് വയസ്സുവരെയുള്ളത്) മാതൃഭാഷയിലോ കുട്ടിക്ക് പരിചിതമായ പ്രാദേശിക ഭാഷയിലോ നിർവഹിക്കാനുള്ള ക്രമീകരണം ഉണ്ടാക്കണമെന്നും തുടർന്ന് ഇത് എട്ടാം ക്ലാസ് വരെ ഉറപ്പുവരുത്തണമെന്നും നയം വ്യക്തമാക്കുന്നു. ഈ അധ്യയന വർഷം ഇത് പ്രാവർത്തികമാക്കുന്നതിന് സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയസംഘ് എന്നിവ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

താൻപോരിമയും പിടിപ്പുകേടും ഒരുഭാഗത്തും രാഷ്ട്രീയമായ വിയോജിപ്പിന് അധികാരം കൊണ്ട് ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന കേന്ദ്രത്തിന്റെ മാടമ്പിത്തരം മറുഭാഗത്തും പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്.

കേരളത്തിൽ പല പൊതുവിദ്യാലയങ്ങളുടെയും നിലനില്പ് ഇംഗ്ലീഷ് മീഡിയത്തെ ആശ്രയിച്ചാണ്. നമ്മുടെ മാതൃഭാഷാനയം ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. എൻ.ഇ.പി-2020 മൂന്ന് വയസ്സു മുതൽ എട്ട് വയസ്സു വരെയുള്ള വിദ്യാഭ്യാസത്തെ അടിസ്ഥാനഘട്ടമായി പരിഗണിക്കുകയും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന്റെ പരിധിയിൽ അതിനെ കൊണ്ടുവരുകയും ചെയ്തു. കേരളത്തിന്റെ സ്ഥിതി എല്ലാവർക്കും അറിവുള്ളതാണല്ലോ. പാഠപുസ്തകങ്ങൾ മത- രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിറുത്തി മാറ്റിയെഴുതുന്നതു പോലുള്ള തരംതാണ പ്രവണതകളെ എതിർക്കുകതന്നെ വേണം. കേന്ദ്രീകൃതമായി നടപ്പിലാക്കുന്ന ഹൈസ്റ്റേക്ക് പരീക്ഷകളിലൂടെയുള്ള അരിച്ചുമാറ്റൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്. ഇങ്ങനെ ത്യാജ്യഗ്രാഹ്യ ബുദ്ധിയോടെ നയത്തെ സമീപിക്കാനും ആരോഗ്യകരമായ ചർച്ചകൾക്ക് തുടക്കം കുറിക്കാനും നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങളിൽ പലതും കേന്ദ്രസർക്കാരിനോട് രാഷ്ട്രീയമായ വിധേയത്വമുള്ള സംസ്ഥാനങ്ങളെയും മറികടന്ന് നടപ്പിലാക്കാൻ നാം തിരക്കുകൂട്ടുന്നു. ഇതിനു പിന്നിലെ ലാഭം എന്താണ്?

മാതൃഭാഷയിലൂടെ പഠിക്കാനുള്ള അവകാശം ലോകം മുഴുവനുമുള്ള വിദ്യാഭ്യാസ വിദഗ്ധർ ഉയർത്തിപ്പിടിക്കുന്നു. അധീശവർഗത്തിന്റെ ഭാഷ പഠിക്കുകയും പ്രഖ്യാതമായ വിവരങ്ങൾ മനഃപ്പാഠമാക്കുകയും ചെയ്യുന്ന പഴയ വിദ്യാഭ്യാസ രീതി വ്യക്തിയുടെയോ സമൂഹത്തിന്റെയോ വളർച്ചയ്ക്ക് വഴിതെളിക്കുന്നില്ല. യുക്തിചിന്ത, ഭാവന, പ്രവർത്തനശേഷി, പ്രശ്നപരിഹരണം, സൃഷ്ടിപരത തുടങ്ങിയവ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് സുസ്ഥിരവികസന ലക്ഷ്യങ്ങളിലേക്ക് നമ്മെ അടുപ്പിക്കുകയുള്ളൂ. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ് അതിന് കുട്ടിയെ സഹായിക്കുന്നത്. കുട്ടിയുടെ ചിന്തയുമായും ഭാവനയുമായും സംവദിക്കുന്നതിന് പറ്റിയ മാധ്യമം എന്ന നിലയിലാണ് മാതൃഭാഷ സ്വീകാര്യമാകുന്നത്. ചില സന്ദർഭങ്ങളിൽ പ്രാദേശികഭാഷയുടെ സഹായത്തോടെ ഈ ധർമ്മം നിറവേറ്റാൻ കഴിയും. സൃഷ്ടിപരതയ്ക്ക് കുട്ടിയെ സഹായിക്കുന്നത് ഈ മാധ്യമമാണ്. അപരിചിതവും രക്ഷിതാവിന്റെ ദുരഭിമാനത്തെ തൃപ്തിപ്പെടുത്തുന്നതുമായ ഇതര ഭാഷാമാധ്യമങ്ങൾ കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുകയും വിധേയത്വമനോഭാവം വള‍ർത്തുകയും ചെയ്യുന്നു. ടാഗോർ വിഭാവന ചെയ്ത ഉയർത്തിപ്പിടിച്ച ശിരസ്സുമായി നിലകൊള്ളുന്ന ജനതയെ സൃഷ്ടിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനേ കഴിയൂ. ഇക്കാര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാത പിന്തുടരുന്നത് അഭിമാനാർഹമാണ്. താല്ക്കാലിക ലാഭത്തിനായി രാജ്യത്തിന്റെ ഭാവി പണയം വയ്ക്കാതിരിക്കുകയാണ് വേണ്ടത്.

എൻ.ഇ.പി-2020 മൂന്ന് വയസ്സു മുതൽ എട്ട് വയസ്സു വരെയുള്ള വിദ്യാഭ്യാസത്തെ അടിസ്ഥാനഘട്ടമായി പരിഗണിക്കുകയും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന്റെ പരിധിയിൽ അതിനെ കൊണ്ടുവരുകയും ചെയ്തു.
എൻ.ഇ.പി-2020 മൂന്ന് വയസ്സു മുതൽ എട്ട് വയസ്സു വരെയുള്ള വിദ്യാഭ്യാസത്തെ അടിസ്ഥാനഘട്ടമായി പരിഗണിക്കുകയും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന്റെ പരിധിയിൽ അതിനെ കൊണ്ടുവരുകയും ചെയ്തു.

കുട്ടിയുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ നൽകുന്ന പരിചരണം ഭാവി ശോഭനമാക്കാൻ അവരെ സഹായിക്കുന്നു. അതിനാൽ മൂന്നു വയസ്സു മുതലുള്ള വിദ്യാഭ്യാസം സ്റ്റേറ്റിന്റെ ചുമതലയാവണം. സുരക്ഷിതത്വബോധം, സമൂഹവുമായുള്ള അനുരഞ്ജനം, പോഷകാഹാരം, രോഗപ്രതിരോധം, വിവിധ ഇന്ദ്രിയങ്ങളുടെ സംവേദന വികാസം, ആശയവിനിമയം തുടങ്ങിയവ ശക്തിപ്പെടുത്താൻ ഈ വിദ്യാഭ്യാസം സഹായിക്കും. ശാസ്ത്രീയമായി വികസിപ്പിച്ച പ്രവർത്തന പദ്ധതിയാണ് ഈ സ്കൂളുകളിൽ നടപ്പിലാക്കേണ്ടത്. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെത്തന്നെ ഇതിനായി നിയോഗിക്കണം. സന്ദർഭാനുസരണം പ്രവർത്തന പദ്ധതി പരിഷ്കരിക്കാനും പുതിയവ ആസൂത്രണം ചെയ്യാനും കഴിവും ഭാവനയുമുള്ളവരാണ് ഈ രംഗത്ത് പ്രവർത്തിക്കേണ്ടത്. വിദ്യാഭ്യാസത്തിലെ മുഖ്യഘട്ടമായി ഇതിനെ പരിഗണിച്ച് ഉയർന്ന സേവന-വേതനവ്യവസ്ഥകൾ ഇവർക്ക് നൽകണം. ഉപകരണസജ്ജീകരണം, പ്രകൃതിയോട് അനുരഞ്ജിച്ച് വളരാൻ സഹായിക്കുന്ന ചുറ്റുപാടുകൾ, ശിശുരോഗ വിദഗ്ധരുടെ സേവനം, പോഷകാഹാരം എന്നിവ ഉറപ്പുവരുത്തണം. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായി അടിസ്ഥാനഘട്ട വിദ്യാഭ്യാസം രൂപപ്പെടുത്തി രാജ്യത്തിന് മാതൃകയാകാൻ കഴിയണം.

ചുറ്റുപാടും നുരച്ചുപൊന്തുന്ന സാങ്കേതികവിദ്യ കുട്ടികളെ എപ്പോഴും ആകർഷിച്ചുകൊണ്ടിരിക്കും. അവയിൽ ഗുണകരമായവയും അപകടകാരികളും ഇടകലർന്നിട്ടുണ്ടാവും. ഭീഷണികളിലൂടെ കുട്ടികളെ അതിൽ നിന്ന് അകറ്റാനാവില്ല.

മാർക്കറ്റിന്റെ പ്രലോഭനങ്ങൾക്കനുസരിച്ച് പുതിയ പഠനവിഷയങ്ങളും പാഠപുസ്തകങ്ങളും ഏർപ്പെടുത്തുന്ന രീതി അഭികാമ്യമല്ല. ഭാവിയെ നോക്കിക്കണ്ടുകൊണ്ടാണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്. ഉടൻ ജീവിതായോധനത്തിന് തയാറെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഹായകമായേക്കാം. എന്നാൽ തന്നെയും ചുറ്റുപാടുകളെയും മനസ്സിലാക്കി ജീവിതത്തിന് അടിത്തറ പാകേണ്ട കുട്ടിക്ക് മറ്റുചില അടിസ്ഥാനനൈപുണികളാണ് പരിചയപ്പെടുത്തേണ്ടത്. ഭക്ഷണസാക്ഷരത അതിൽ പ്രധാനപ്പെട്ട ഒന്നാണ്. അടിസ്ഥാനഘട്ടം മുതൽ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാവണം. രുചി അറിഞ്ഞ് ഭക്ഷിക്കൽ, ആവശ്യത്തിന് ഭക്ഷിക്കൽ, സുരക്ഷിതമായി ഭക്ഷിക്കൽ, ഭക്ഷണം പങ്കുവയ്ക്കൽ, ഭക്ഷണം പാഴാക്കാതിരിക്കൽ, ഉചിതമായ ഭക്ഷ്യസ്രേതസ്സുകൾ തരിച്ചറിയൽ, സ്രോതസ്സുകൾ സംരക്ഷിക്കൽ, പാചകം, ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന രീതികൾ തിരിച്ചറിയൽ തുടങ്ങി എത്രയോ കാര്യങ്ങൾ നമ്മുടെ കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്. പരിസ്ഥിതിസംരക്ഷണം, സാമൂഹിക ഉത്തരവാദിത്തങ്ങൾ, സാമ്പത്തികശാസ്ത്രം, രസതന്ത്രം തുടങ്ങി നിരവധി വിഷയങ്ങളിലൂടെ കടന്നുപോകുന്ന വിദ്യാഭ്യാസമാണിത്. കാലാവസ്ഥ, അതിജീവനം, രോഗപ്രതിരോധം തുടങ്ങിയവയെല്ലാം ഇതിൽ കണ്ണിചേരുന്നു. ശിശുക്കൾ മുതലുള്ളപഞ്ചസാരയുടെ ഉപഭോഗം സംബന്ധിച്ച് ലോകാരോഗ്യസംഘടന പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രോഗികളെ ഇക്കാര്യം പഠിപ്പിച്ചതുകൊണ്ട് കാര്യമായില്ല. സ്കൂൾ വിദ്യാഭ്യാസകാലത്താണ് ഇത് തിരിച്ചറിയേണ്ടത്.

സാങ്കേതികവിദ്യയുടെ മാസ്മരലോകം എന്നും വിസ്മയകരമാണ്. അതിനാൽ വിദ്യാലയങ്ങളുടെ അടക്കം കച്ചവടസാധ്യത അന്വേഷിക്കുന്നവർ ഇതിന്റെ ഉപാസകരായിത്തീരാറുണ്ട്. സാങ്കേതികവിദ്യയുടെ എല്ലാ നൂതന വികാസങ്ങളും അധ്യാപകരെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും. എന്നാൽ കുട്ടികളെ അതിൽ കെട്ടിയിടാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ചുറ്റുപാടും നുരച്ചുപൊന്തുന്ന സാങ്കേതികവിദ്യ കുട്ടികളെ എപ്പോഴും ആകർഷിച്ചുകൊണ്ടിരിക്കും. അവയിൽ ഗുണകരമായവയും അപകടകാരികളും ഇടകലർന്നിട്ടുണ്ടാവും. ഭീഷണികളിലൂടെ കുട്ടികളെ അതിൽ നിന്ന് അകറ്റാനാവില്ല. അവരെ സാക്ഷരരാക്കുകയാണ് വേണ്ടത്. അതിനായി അധ്യാപകരെ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. നിരോധനങ്ങൾ ഗൂഢമായ ഉപഭോഗത്തിന് വഴിതെളിക്കും. യാഥാർത്ഥ്യബോധത്തോടെ അവയെ സമീപിക്കാനാണ് പരിശീലിപ്പിക്കേണ്ടത്. കോഡിങ് പോലുള്ള സങ്കേതങ്ങൾ കുട്ടികളെ പഠിപ്പിക്കുമ്പോൾ അതുമൂലം സാധ്യമാകുന്ന യുക്തിചിന്തയുടെ വികാസത്തിനാണ് ഊന്നൽ നൽകേണ്ടത്. അവരെ കോഡിങ് തൊഴിലാളികളാക്കാൻ ശ്രമിക്കരുത്. കമ്പ്യൂട്ടർ സാങ്കേതികവിദ്യ സാധാരണക്കാർക്ക് പ്രാപ്യമായതോടെ അത് ഉപയോഗിച്ചുള്ള കൺകെട്ടുവിദ്യകൾ വിദ്യാഭ്യാസരംഗത്ത് ഏറെ അരങ്ങേറുകയുണ്ടായി. സ്വകാര്യവിദ്യാലയങ്ങൾ ഇതിന്റെ പേരിൽ പ്രത്യേകത ഫീസ് പിരിവ് നടത്തി. സാങ്കേതികവിദ്യ പുതിയ യജമാനന്മാരെ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് സ്കൂൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടായ ഗതിവിഗതികൾ നമ്മെ പഠിപ്പിച്ചു.

ഭക്ഷണസാക്ഷരത അതിൽ പ്രധാനപ്പെട്ട ഒന്നാണ്. അടിസ്ഥാനഘട്ടം മുതൽ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാവണം.
ഭക്ഷണസാക്ഷരത അതിൽ പ്രധാനപ്പെട്ട ഒന്നാണ്. അടിസ്ഥാനഘട്ടം മുതൽ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാവണം.

കലാവിദ്യാഭ്യാസവും കായികവിദ്യാഭ്യാസവും കോസ്റ്റ് ഇഫക്ടീവ് അല്ലെന്ന് നമ്മുടെ ഭരണവിദഗ്ധർ എന്നേ കണ്ടെത്തിയിരിക്കുന്നു. അതിനാൽ ഈ വിഭാഗത്തിലെ അധ്യാപകർക്ക് ഏറെക്കുറെ വംശനാശം സംഭവിച്ചുകഴിഞ്ഞു. കായബലം കൊണ്ട് കായികാധ്യാപകർ കുറച്ചൊക്കെ അതിജീവിക്കുന്നുണ്ട്. കായികമത്സരവും ഒരുതരം പരീക്ഷയാണല്ലോ. പരീക്ഷാസാധ്യത വളരെ കുറഞ്ഞ കലാധ്യാപകർ ഒരു പാഠപുസ്തകമെങ്കിലും ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ അഭയം തേടി. കലാമാമാങ്കങ്ങളിൽ അവർക്ക് വലിയ പങ്കില്ല എന്നതും പ്രശ്നമായി. കിട്ടുന്ന ഒഴിവുകളിൽ ഇംഗ്ലീഷ് വിദഗ്ധരെ നിയമിക്കുന്നതാണ് പുണ്യം എന്ന് ഭരണാധികാരികൾ കണ്ടെത്തി. സമഗ്രഗുണമേന്മാപദ്ധതിക്ക് അത് ഗുണം ചെയ്തേക്കും.

മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിപ്പിക്കുക, ഇംഗ്ലീഷും ഹിന്ദിയും പച്ചവെള്ളം പോലെ പറയാൻ ശീലിപ്പിക്കുക, ശരിയുത്തരം കിട്ടുന്ന വിധത്തിൽ കണക്ക് ചെയ്യാനും സയൻസ്, സാമൂഹ്യപാഠവിഷയങ്ങളിലെ നോട്ട് കാണാതെ എഴുതി പാസ് മാർക്ക് നേടുക ഇത്രയുമായാൽ സമഗ്രഗുണമേന്മയായി

സമഗ്രഗുണമേന്മ വെറും ചപ്പടാച്ചിയാണെന്ന് വിദ്യാഭ്യാസരംഗത്തുള്ളവർ തിരിച്ചറിഞ്ഞിട്ട് കാലം ഏറെയായി. മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിപ്പിക്കുക, ഇംഗ്ലീഷും ഹിന്ദിയും പച്ചവെള്ളം പോലെ പറയാൻ ശീലിപ്പിക്കുക, ശരിയുത്തരം കിട്ടുന്ന വിധത്തിൽ കണക്ക് ചെയ്യാനും സയൻസ്, സാമൂഹ്യപാഠവിഷയങ്ങളിലെ നോട്ട് കാണാതെ എഴുതി പാസ് മാർക്ക് നേടുക ഇത്രയുമായാൽ സമഗ്രഗുണമേന്മയായി. പരീക്ഷ, പരിഹാരബോധനം, വീണ്ടും പരീക്ഷ ഇതാണ് അതിന്റെ നടപടിക്രമം. ശാരീരികവും മാനസികവും വൈകാരികവുമായ വികാസം എന്നത് വെറും തോന്നൽ മാത്രം. ഈ തോന്നലിൽ വിശ്വസിക്കുന്നവർ കലാകായിക പഠനത്തിന്റെ പ്രാധാന്യം തിരിച്ചറിയുകതന്നെ ചെയ്യും. സ്വന്തം ശരീരത്തിനുമേലുള്ള നിയന്ത്രണം ശീലിക്കുകയും പ്രകൃതിയുടെ ഭാവപ്പകർച്ചകൾ തിരിച്ചറിയുകയും ചുറ്റുപാടുകളിൽ തന്റെ ഇടം അന്വേഷിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസമാണ് സമഗ്രഗുണമേന്മാ വിദ്യാഭ്യാസം. അത് കേവലം പരീക്ഷാവിജയത്തിനുള്ളതല്ല; ജീവിതം അർത്ഥവത്താക്കാനുള്ള ഉപായം ശീലിക്കലാണ്.

അർത്ഥവത്തായ പ്രയോഗസന്ദർഭങ്ങളിലൂടെയാണ് ഭാഷാവൈദഗ്ധ്യം കൈവരിക്കേണ്ടത്. ആവശ്യബോധം ഭാഷയുടെ സാധ്യതകൾ തേടാൻ പ്രേരിപ്പിക്കുന്നു. ഉന്നതഭാഷയും നീചഭാഷയുമില്ല. എല്ലാം സമം. ഉപയോഗം മാത്രമാണ് ആധാരം. സർഗാത്മകമായി, ബുദ്ധിപൂർവമായി, ശക്തമായി, സൗമ്യമായി പ്രയോഗിക്കാൻ കഴിയുമ്പോഴാണ് ഭാഷ നമുക്ക് സ്വന്തമാകുന്നത്. ക്ലാസ് റൂം ജനാധിപത്യം തുടങ്ങിയ ആശയങ്ങൾ ഉരുത്തിരിഞ്ഞത് ഇത്തരം ചിന്തകളിൽ നിന്നാണ്. യുക്തി, വിമർശനാത്മകത, നവീകരണം, അനുരഞ്ജനം, വ്യാഖ്യാനം, ഭാവന എന്നിവയാണ് എല്ലാ വിജ്ഞാനങ്ങളുടെയും അന്തർധാര. സംഗീതം, ചിത്രകല, അഭിനയം, ശില്പകല തുടങ്ങിയ കലകൾ മനുഷ്യന്റെ വ്യത്യസ്ത പ്രകൃത്യനുഭവങ്ങളുടെ ബാഹ്യപ്രകടനമാണ്. വിജ്ഞാനങ്ങളുടെ സ്ഥാനവും മറ്റൊന്നല്ല.ചില ആരോഗ്യപാനീയങ്ങൾ ഒരുമാസക്കാലം സേവിച്ചാൽ ശരീരമാസകലം മസിൽ രൂപപ്പെടുമെന്ന പരസ്യം ഏതോ പഴയ വാരികയിൽ കണ്ടതായി ഓർക്കുന്നു. വിദ്യാഭ്യാസം അത്തരത്തിലുള്ള ഒന്നല്ല എന്ന് ഓർത്താൽ നന്ന്. ഇന്ന് നൽകുന്ന പഠനരസായനത്തിന്റെ ഫലം എല്ലാവരിലും ഒരേ അളവിൽ അടുത്ത പ്രഭാതത്തിൽ വിടർന്ന് പരിലസിക്കണമെന്ന് ആഗ്രഹിക്കരുത്.

മാർക്കറ്റിന്റെ പ്രലോഭനങ്ങൾക്കനുസരിച്ച് പുതിയ പഠനവിഷയങ്ങളും പാഠപുസ്തകങ്ങളും ഏർപ്പെടുത്തുന്ന രീതി അഭികാമ്യമല്ല. ഭാവിയെ നോക്കിക്കണ്ടുകൊണ്ടാണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്.
മാർക്കറ്റിന്റെ പ്രലോഭനങ്ങൾക്കനുസരിച്ച് പുതിയ പഠനവിഷയങ്ങളും പാഠപുസ്തകങ്ങളും ഏർപ്പെടുത്തുന്ന രീതി അഭികാമ്യമല്ല. ഭാവിയെ നോക്കിക്കണ്ടുകൊണ്ടാണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്.

വിദ്യാഭ്യാസം അനന്തവും വിദൂരവുമായ ഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. അത് ക്ഷമാപൂർവം കാത്തിരുന്നുതന്നെ കാണണം. പെട്ടെന്നു ലഭിക്കുന്ന തെളിവുകൾ പലതും കപടമായേക്കാം. ഇത് അടിസ്ഥാനപ്രമാണമായി കാണുകയും വിദ്യർത്ഥികളിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്യുക. കുട്ടികളെ തോല്പിക്കാൻ ആർക്കും അവകാശമില്ല. പരീക്ഷകളിലൂടെ അവർക്ക് ലഭിച്ച അനുഭവങ്ങളുടെ നിലവാരവും അതിന്റെ പ്രതിഫലനവും പഠിക്കാം. അതിന്റെ വെളിച്ചത്തിൽ പുതിയ സാധ്യതകൾ തേടാം. വിദ്യാഭ്യാസപദ്ധതി അങ്ങനെയാണ് ആസൂത്രണം ചെയ്യേണ്ടത്. വിദ്യാഭ്യാസത്തെ സത്യസന്ധമായി സമീപിക്കാൻ അതിന്റെ കൈകാര്യകർത്താക്കൾക്ക് കഴിയട്ടെ എന്നുമാത്രം ആശംസിക്കുന്നു.


Summary: Dr PK Thilak Analyzing the social side of public education and its practicality. he also talks about New education policy and other education plans.


ഡോ. പി.കെ. തിലക്​

എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറായിരുന്നു. കഥാ പഠനങ്ങൾ, കവിതാ പഠനങ്ങൾ, കലാപഠനങ്ങൾ എന്നീ മൂന്ന്​ ഭാഗങ്ങളുള്ള പുസ്​തകസെറ്റും തട്ടകപ്പോരിമ എന്ന പുസ്​തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments