ആ കുഞ്ഞുങ്ങളുടെ മനുഷ്യാവകാശം നിഷേധിക്കുകയാണ് സ്‌പെഷൽ സ്‌കൂളുകൾ

ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നിലവിലുള്ള ധാരണ പൊളിച്ചെഴുതണമെന്ന വാദമുയർത്തുകയാണ് ലേഖകൻ. സന്നദ്ധ സംഘടനകളുടെ ദയാദാക്ഷിണ്യം കൊണ്ട് കൈവരിക്കേണ്ടതാണ് 'ബുദ്ധിപരിമിതരുടെ' വിദ്യാഭ്യാസം എന്ന അവസ്ഥ തുടരാൻ പാടില്ല. സ്‌പെഷ്യൽ എഡ്യൂക്കേഷൻ എന്ന പേരിൽ ഇപ്പോൾ നടന്നുവരുന്ന സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായം അപ്പടി തുടരുന്നത് ഉൾച്ചേർന്ന സമൂഹമായി പരിണമിക്കാൻ വെമ്പിനിൽക്കുന്ന കേരളീയ സമൂഹത്തിന് യോജിച്ചതല്ലെന്നും വ്യക്തമാക്കുന്നു

പ്രത്യേക പരിഗണനയർഹിക്കുന്നവരിൽ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന വിഭാഗം ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവരാണ്. ഓട്ടിസം ബാധിതരുൾപ്പെടെ വ്യത്യസ്ത തലങ്ങളിൽ വെല്ലുവിളി അതിജീവിക്കാൻ ശ്രമിക്കുന്നവരാണ് ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവർ. ഇവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും കഴിവുകളും നേരിൽ കണ്ട് ബോധ്യപ്പെട്ടുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയൻ നയിച്ച നവകേരളയാത്ര മുന്നേറിയത്. പ്രത്യേക പരിഗണന അർഹിക്കുന്നവരുടേയും കുടുംബങ്ങളുടേയും പിന്തുണകൂടി ഈ സർക്കാർ രൂപീകരണത്തിന് നിദാനമായിട്ടുണ്ട്.

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരന്താനുഭവങ്ങൾ നേരിൽക്കണ്ട് മനസ്സിലാക്കി ആരംഭിച്ച യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിനിടെ ജില്ലകളിലെ ആശ്വാസ കേന്ദ്രങ്ങളും സ്‌പെഷ്യൽ സ്‌കൂളുകളം സന്ദർശിച്ച അനുഭവ പശ്ചാത്തലമാണ് മുൻവർഷങ്ങളിലെ യാത്രകളിൽ നിന്ന് നവകേരള യാത്രയെ വ്യത്യസ്തമാക്കുന്നത്. യാത്രാനന്തരം പ്രസിദ്ധീകരിച്ച ‘നവകേരളത്തിലേക്ക്: കേരള വികസനം സംബന്ധിച്ച കുറിപ്പുകൾ' എന്ന പുസ്തകത്തിൽ പിണറായി വിജയൻ എഴുതി: ‘‘വിദ്യാഭ്യാസ കാലമാണ് ആരുടേയും ജീവിതത്തിൽ എന്ന പോലെ പ്രത്യേക പരിഗണന അർഹിക്കുന്നവരുടേയും ജീവിത്തിലെ വഴിത്തിരിവ്. വിദ്യാലയങ്ങളിൽ അർഹമായ പ്രാധാന്യവും പരിഗണനയും ലഭിക്കാത്തവർക്ക് ആവശ്യമായ സൗകര്യങ്ങളില്ലാത്തത് ഇവരുടെ ജീവിതസ്വപ്നങ്ങൾ മുളയിലേ പറിച്ചെറിയുന്നു. ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്തവർ സാധാരണ സ്‌കൂളുകളിൽ എത്തിയാൽ സാമൂഹ്യവൽക്കരണമല്ല ഒറ്റപ്പെടലാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. വിദേശ/പാശ്ചാത്യ സമൂഹങ്ങൾ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടാണ് ഉൾപ്പെടുത്തിയുള്ള വിദ്യഭ്യാസ സങ്കൽപം മുന്നോട്ടുവക്കുന്നത്. അത് പുരോഗമനപരവുമാണ്. ഇത്തരം സൗകര്യങ്ങളും പിന്തുണയുമില്ലാത്ത നമ്മുടെ വിദ്യാലയങ്ങൾ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളാകുന്നത് എത്രമാത്രം പ്രയോജനപ്രദമാകുമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കണം. ബുദ്ധിമാന്ദ്യം സംഭവിച്ചവർക്ക് അതിജീവനശേഷിയാണ് കൈവരിക്കേണ്ടത്. അതിന് സഹായകമാകുംവിധം പൊതുവിദ്യാലയങ്ങൾ എങ്ങനെ പരിവർത്തിപ്പിക്കാമെന്നും അതിനുള്ള പ്രായോഗിക സാധ്യതകൾ എന്തൊക്കെയെന്നും ചർച്ചയാകണം''.

നവകേരളം ഭിന്നശേഷി സൗഹ്യദ കേരളമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കണം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ ജീവിതചക്രത്തിലെ ഓരോ ഘട്ടത്തിലും പിന്തുണ നൽകാനുള്ള സമഗ്ര പാക്കേജ് തയ്യാറാക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ സാമൂഹ്യസുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയിരുന്നു. പാക്കേജ് സംബന്ധിച്ച നിർദേശങ്ങൾ സാമൂഹ്യനീതി വകുപ്പ് സമർപ്പിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിന്റെ ഗതിയെന്തായി എന്നും ഉൾചേർന്നുള്ള വിദ്യാഭ്യാസം, അന്തസ്സുറ്റ ഭിന്നശേഷീ ജീവിതം മുതലായ കാര്യങ്ങളിൽ എത്രമാത്രം നീതിപൂർവകമായാണ് ഈ നിർദേശങ്ങൾ മെനഞ്ഞതെന്നും അവ നടപ്പിലാക്കുന്നതിൽ എത്രകണ്ട് വിജയിച്ചു എന്നും കേരളീയ സമൂഹം വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. ഈ വർഷത്തേതുൾപ്പെടെ സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളിൽ ഈ നിർദേശങ്ങളിൽ ചിലത് സ്ഥാനം പിടിച്ചിട്ടുമുണ്ട്.

ഭിന്നശേഷി സൗഹൃദ വിദ്യാലയം

കേരളം ഭിന്നശേഷി സൗഹ്യദ സംസ്ഥാനമായി പരിണമിക്കാൻ തയ്യാറെടുക്കുമ്പോൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം മുന്തിയ പരിഗണന നൽകേണ്ട വിഷയമായി ഉയർന്നുവന്നിട്ടുണ്ട്. അന്താരാഷ്ട്ര- ദേശീയ തലങ്ങളിൽ നടക്കുന്ന ചർച്ചകളും തയ്യാറാക്കപ്പെട്ട പ്രമാണങ്ങളും നിയമങ്ങളും ഉൾച്ചേർത്തുള്ള വിദ്യാഭ്യാസത്തിനാണ് പിന്തുണ നൽകുന്നത്. ഗോപാലകൃഷ്ണ ഗോഖലെ അവതരിപ്പിച്ച ഇന്ത്യൻ കൗൺസിൽ ആക്ട് 1909 ബിൽ മുതൽ നാളിതുവരെയുണ്ടായ വിദ്യാഭ്യാസ നിയമനിർമ്മാണ ചർച്ചകളിലും വിദ്യാഭ്യാസ കമീഷനുകളിലും പ്രത്യേക പരിഗണന അർഹിക്കുന്നവരെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്‌ക്യത പദ്ധതികളാണെങ്കിൽ 1974 ൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ ഓഫ് ഡിസേബിൾഡ് ചിൽഡ്രൻ (ഐ.ഇ.ഡി.സി) മുതൽ ഇൻക്‌ളൂസീവ് എഡ്യൂക്കേഷൻ ഓഫ് ദി ഡിസേബിൾഡ് അറ്റ് ദി സെക്കൻഡറി സ്റ്റേജ് (ഐ.ഇ.ഡി.എസ്.എസ്) വരെ നീണ്ടുനിൽക്കുന്നു. സമഗ്ര ശിക്ഷയുടെ ഭാഗമായി ഇത് പരിഗണിക്കുന്നു എന്നതാണ് പദ്ധതിയിൽ വന്ന പുതിയ മാറ്റം. 1986 ലെ ദേശീയ വിദ്യാഭ്യാസ നയവും 1992 ലെ പ്രോഗ്രാം ഓഫ് ആക്ഷനും ഉൾച്ചേർത്തുളള വിദ്യാഭ്യാസത്തെയാണ് പിന്തുണക്കുന്നത്. സൽമാൻക സ്റ്റേറ്റ്‌മെന്റ് ആന്റ് ഫ്രെയിംവർക്ക് ഫോർ ആക്ഷൻ 1994, ബിവാക്കോ മില്ലേനിയം ഫ്രെയിംവർക്ക് ഫോർ ആക്ഷൻ ടുവേർഡ്‌സ് എൻ ഇൻക്‌ളൂസീവ്, ബാരിയർ ഫ്രീ ആന്റ് റൈറ്റ്‌സ് ബേസ്ഡ് സൊസൈറ്റി 2002, യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓഫ് റൈറ്റ്‌സ് ആന്റ് ഡിഗ്‌നിറ്റി ഓഫ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റി (യു.എൻ.സി.ആർ.പി.ഡബ്ലിയു.ഡി) 2006, പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റി ഈക്വൽ ഓപ്പർ യൂണിറ്റീസ്, പ്രൊട്ടക്ഷൻ ആന്റ് ഫുൾ പാർട്ടിസിപ്പേഷൻ (പി.ഡബ്‌ളിയു.ഡി ആക്ട്) 2016, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (എൻ.സി..എഫ്.) 2005 മുതലായ സുപ്രധാന രേഖകളെല്ലാം ഉൾച്ചേർത്തുള്ള വിദ്യാഭ്യാസത്തിന് അവസരം ഒരുക്കണമെന്നാണ് നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

സുശക്തമായ നിയമങ്ങളാണ് പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് തയ്യാറാക്കിട്ടുള്ളത്. പക്ഷേ ഈ നിയമങ്ങളുടെ ആനുകൂല്യങ്ങൾ യഥാർത്ഥത്തിൽ ലഭ്യമാകുന്നുണ്ടോ എന്ന് വിമർശനാത്മകയായി പരിശോധിക്കണം. പുതിയ നിയമങ്ങളൊന്നും മുഖ്യധാരയിൽനിന്ന് വേർപെടുത്തിയുള്ള വിദ്യാഭ്യാസാവസരം ഒരുക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളെ സാധൂകരിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാട് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചത്. അധ്യാപക ശാക്തീകരണ പരിപാടിയിലെ പ്രധാന ഇനങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചതും അനുരൂപീകൃത ഉള്ളടക്ക ബന്ധിതമായി സ്‌പെഷ്യൽ എജ്യുക്കേറ്റർമാരുടെ ശാക്തീകരണ പരിപാടി വിഭാവനം ചെയ്തതും ഈ ദിശയിലേക്കുള്ള ചുവടുവയ്പ്പുകളാണ്. അതേസമയം ഉൾച്ചേർത്തുള്ള വിദ്യാഭ്യാസ കാര്യത്തിൽ ഉദ്ദിഷ്ട ലക്ഷ്യത്തിൽ എത്തിച്ചേരാൻ ബഹുദൂരം സഞ്ചരിക്കാനുണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ്.

‘ബുദ്ധിപരിമിതരുടെ' വിദ്യാഭ്യാസം ദയാദാക്ഷിണ്യമല്ല

ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നിലവിലുള്ള ധാരണ പൊളിച്ചെഴുതേണ്ടതുണ്ട്. ഉൾച്ചേർത്തുള്ള വിദ്യാഭ്യാസം ശരിയായ അർത്ഥത്തിൽ പ്രായോഗികമാക്കുകയും വേണം. ഏതെങ്കിലും സന്നദ്ധ സംഘടനകളുടെ ദയാദാക്ഷിണ്യം കൊണ്ട് കൈവരിക്കേണ്ടതാണ് ‘ബുദ്ധിപരിമിതരുടെ' വിദ്യാഭ്യാസം എന്ന അവസ്ഥ ഒരു കാരണവശാലും തുടരാൻ പാടില്ല. എല്ലാ കുട്ടികൾക്കും അനുയോജ്യമായ പഠനാവസരം ഒരുക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇതിൽനിന്ന് പുറകോട്ട് പോകുന്നത് പുരോഗമനപരമായ ആശയങ്ങളുൾക്കൊള്ളുന്ന സർക്കാരുകൾക്ക് ഭൂഷണമല്ല. സ്‌പെഷ്യൽ എഡ്യൂക്കേഷൻ എന്ന പേരിൽ ഇപ്പോൾ നടന്നുവരുന്ന സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായം അപ്പടി തുടരുന്നത് ഉൾച്ചേർന്ന സമൂഹമായി പരിണമിക്കാൻ വെമ്പിനിൽക്കുന്ന കേരളീയ സമൂഹത്തിന് യോജിച്ചതല്ല.
ബുദ്ധിപരമായ പരിമിതികളുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാധാരണ കുട്ടികൾക്കൊപ്പം ഇരുന്ന് പഠിക്കാവുന്നവർക്ക് അതിന് അവസരം ലഭ്യമാകണം. എല്ലാ കുട്ടികൾക്കും ഒരേ സിലബസും പാഠപുസ്തകവും മൂല്യനിർണയ രീതിയും എന്ന നിലവിലെ സ്ഥിതി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ അവഗണിക്കാൻ ഉപാധിയാകുന്നുണ്ട്. അതിനാൽ ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് സിലബസിലും പാഠപുസ്തകത്തിലും പഠനബോധന തന്ത്രങ്ങളിലും അനുരൂപീകരണം നടത്തണം. പ്രത്യേക പരിശീനം ലഭിച്ച സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം ആവശ്യമായ വിദ്യാലയങ്ങളിലെല്ലാം പഠന പിന്തുണക്ക് ഉറപ്പാക്കേണ്ടതുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി കാഴ്ച, കേൾവി, ബുദ്ധി, കായിക പരിമിതിയുള്ള അഞ്ചിൽ കൂടുതൽ കുട്ടികളുള്ള മുഴുവൻ വിദ്യാലയങ്ങളിലും സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലുൾപ്പെടുത്തി സ്‌പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ട്. പക്ഷേ മുഴുവൻ സമയം ഒരു വിദ്യാലയത്തിൽ അധ്യാപകരുടെ സേവനം ഉറപ്പാക്കാൻ ഇനിയും നിയമനം ആവശ്യമായേക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം നിങ്ങളുടെ കാര്യം എന്ന മനോഭാവത്തോടെ സ്‌പെഷ്യൽ എജ്യുക്കേറ്റർമാരുടെ തലയിൽ കെട്ടിവെച്ച് തടിയൂരുന്ന സമ്പ്രദായം പുരോഗമന കേരളത്തിന് ഭൂഷണമല്ല. ഉൾച്ചേർന്നുള്ള വിദ്യാഭ്യാസത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം മുഴുവൻ അദ്ധ്യാപകരുടേയും ഉത്തരവാദിത്തമാണ്. അതിനാൽ ഓരോ വിഷയവും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സവിശേഷതകൾക്ക് ഇണങ്ങുംവിധം വിനിമയം ചെയ്യാൻ എല്ലാ അദ്ധ്യാപകരേയും പ്രാപ്തമാക്കണം. അദ്ധ്യാപകരെല്ലാം തയ്യാറാക്കുന്ന ടീച്ചിംഗ് മാനുവലിൽ ഇത് പ്രത്യേകം പരാമർശിക്കുകയും മാനുവലിന്റെ സൂഷ്മതലാസൂത്രണത്തിൽ സ്‌പെഷ്യൽ അദ്ധ്യാപകരുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്യണം.

എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന സർവജ്ഞാനിയായ അദ്ധ്യാപികയായി സ്‌പെഷ്യൽ അദ്ധ്യാപകർ പ്രവർത്തിക്കരുത്. ക്ലാസിൽ വിനിമയം ചെയ്യപ്പെടുന്ന കാര്യങ്ങളെ ഊട്ടിയുറപ്പിക്കാനും കൂടുതൽ വ്യക്തത വരുത്താനുള്ള പിന്തുണയും മാത്രമാകണം സ്‌പെഷ്യൽ അദ്ധ്യാപകർ നൽകുന്നത്. അതിനനുസ്യതമായി ഓരോ വിഭാഗത്തിന്റേയും സവിശേഷതകളും സവിശേഷാവശ്യങ്ങളും തിരിച്ചറിയാൻ പ്രാപ്തമാക്കുംവിധം പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. ഓരോ കുട്ടിയും അനന്യമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് മനസ്സിലാക്കി വ്യക്തപരമായ ശ്രദ്ധ പ്രദാനം ചെയ്യാൻ സ്‌പെഷ്യൽ അദ്ധ്യാപകർക്ക് കഴിയണം. അതിനുള്ള സൂഷ്മതലാസൂത്രണം നടത്താൻ സ്‌പെഷ്യൽ അധ്യാപകരെ പ്രാപ്തമാക്കണം. അനുരൂപീകരണവും വ്യക്തിഗത അസൂത്രണവുമാണ് ഇതിന് അനിവാര്യമായിട്ടുള്ളത്. അധ്യാപകികയും സ്‌പെഷ്യൽ അധ്യാപികയും കൂടിയിരുന്ന് കുട്ടിയുടെ സവിശേഷതകൾ, പഠനാവസ്ഥ എന്നിവ വിലയിരുത്തിയും ബോധ്യപ്പെട്ടും നിർവഹിക്കേണ്ട ദൗത്യമാണിത്.

വിദ്യാർഥികൾ, വില പേശാനുള്ള ഉപകരണങ്ങൾ

തൊഴിൽ പരിശീലനം, നൈപുണ്യവികാസം എന്നിവ പഠനകാലത്ത് ഉറപ്പാക്കണം. പന്ത്രണ്ടാം ക്ലാസ്​ പൂർത്തിയാകുന്നതോടെ താൽപര്യമുള്ള തൊഴിലിൽ പ്രവേശിക്കാൻ പര്യാപ്തമാകും വിധം പ്രായോഗിക പരിശീലനം ഉറപ്പാക്കണം. സാമ്പ്രദായിക പരിശീലനത്തിനപ്പുറം പുതിയ കാലത്തിനും സന്ദർഭത്തിനും യോജിച്ച തൊഴിൽ മേഖല കണ്ടെത്താനും തൊഴിലെടുക്കാനും പരിശീലിപ്പിക്കണം. അതേസമയം അടിസ്ഥാന തൊഴിൽ രംഗമായ ക്യഷിയും ക്യഷിയനുബന്ധപ്രവർത്തനങ്ങളും പരിശീലിക്കാൻ അവസരം ഉണ്ടാകണം. ഹോർട്ടികൾച്ചർ തെറാപ്പിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ഒരേസമയം വിവിധ തലങ്ങളിലുള്ള വികാസം സാധ്യമാകും. പാടശേഖര സമിതികൾ, കർഷകസംഘങ്ങൾ, കാർഷികാനുബന്ധ പ്രവർത്തകരുടെ കൂട്ടായ്മകൾ എന്നിവരുമായി ചേർന്ന് തൊഴിൽ സംരംഭങ്ങൾക്ക് അവസരം ഒരുക്കാം. നാഷണൽ സ്‌കിൽ അക്വിസിഷൻ ഫ്രെയിംവർക്ക് അടിസ്ഥാനമാക്കിയുള്ള തൊഴിൽ/നൈപുണീ പരിശീലനാവസരം പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്.

‘ലാഭേച്ഛയില്ലാതെ സമ്പൂർണമായി ജീവകാരുണ്യപ്രവർത്തനമെന്ന നിലയിൽ ആരംഭിച്ചതാണ് ഞങ്ങളുടെ വിദ്യാലയങ്ങൾ. ഈ വിദ്യാലയങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിലൂടെ ഒരു നിയോഗമെന്നോണം ദൈവികമായ കാരുണ്യ പ്രവർത്തനം ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നത്.' സ്‌പെഷ്യലിസ്റ്റ് സ്‌കൂളുകളുടെ നടത്തിപ്പുകാർ ജനസമക്ഷം ആണയിടാറുള്ള പല്ലവിയാണിത്. അതേസമയം, തങ്ങളുടെ സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകണമെന്നാവശ്യപ്പെട്ട് നിഷ്‌കളങ്കരായ കുട്ടികളെയും കൂട്ടി സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്താൻ ഇവർക്ക് മടിയുമില്ല. നിരാലംബരായ കുട്ടികളുടെ ശാരീരിക- മാനസിക പരിമിതികളെ കൃത്യമായി ചൂഷണം ചെയ്യുന്ന ഈ ഏർപ്പാട് ജീവകാരുണ്യ പ്രവർത്തനത്തിനപ്പുറം ലാഭം കൊയ്യാനുള്ള സംരംഭവും വിലപേശാനുള്ള ഉപകരണവുമാണെന്ന് സ്‌പെഷ്യൽ സ്‌കൂൾ നടത്തിപ്പുകാരിൽ ചിലരെങ്കിലും അനുചിത പ്രവൃത്തികളിലൂടെ സ്വയം വെളിപ്പെടുത്തുന്നുണ്ട്. ഇടത്, വലത് വ്യത്യാസമില്ലാതെ ഭരണമേതായാലും അധികാരത്തിന്റെ ഇടനാഴികകളിൽ കയറിയിറങ്ങി തങ്ങൾക്കനുകൂലമായി ഫയലുന്തുന്ന ഉദ്യോഗസ്ഥവൃന്ദത്തെ പാട്ടിലാക്കി തൻകാര്യം നേടിയെടുക്കുന്നതിൽ മിടുക്ക് കാട്ടിക്കൊണ്ടിരിക്കുന്ന സ്വാർഥമതികളായ ചിലരുടെ കുതന്ത്രങ്ങളാണ് നിസ്വാർത്ഥ സേവകരെപ്പോലും കളങ്കിതരുടെ പട്ടികയിലുൾപെടുത്താൻ ഇടയാക്കുന്നതെന്നും തിരിച്ചറിയണം.

സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടും പാർശ്വവൽക്കരിക്കപ്പെട്ടും കഴിയുന്ന കുട്ടികളുടെ അന്യവൽക്കരണത്തിന്റെ ആക്കം കൂട്ടാനേ നിലവിലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ സഹായിക്കൂ. ഒറ്റപ്പെട്ട തുരുത്തുകളിൽ സമാനമായ പരിമിതികളെ അതിജീവിക്കാനായി കഠിനയത്‌നത്തിൽ ഏർപ്പെട്ടവരെ മാത്രം കണ്ടും കേട്ടും കഴിയേണ്ടിവരുന്ന ദുരവസ്ഥ ഭീതിതമാണ്. ഞങ്ങൾക്ക് സ്വതന്ത്രമായ കാഴ്ചകൾ പോലും നിഷേധിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയിട്ടുള്ളത് എന്ന് അവർ നിശബ്ദരായി ചോദിക്കുന്നത് കേൾക്കാൻ സർക്കാർ സംവിധാനങ്ങൾ ഇനിയും മടി കാട്ടരുത്.

‘ബുദ്ധി പരിമിതിയുടെ' അളവ് എഴുപത് ശതമാനത്തിൽ കൂടുതലുള്ളവർക്ക് പഠനമെന്നാൽ ആശയവിനിമയശേഷി വികസിപ്പിക്കലും സാമൂഹ്യവൽക്കരണവുമാണ്. കാഴ്ചകൾ കാണാനും ചുറ്റുപാടുകൾ ആസ്വദിക്കാനും അതുവഴി തനിക്ക് ചുറ്റുമുളള സമൂഹത്തെ തിരിച്ചറിയാനും മറ്റുള്ളവരെപ്പോലെ ഇടപെടാനും പെരുമാറാനും പ്രാപ്തരാവുക എന്നതാണ് അവർ ആർജിക്കുന്ന പ്രധാന അറിവും ശേഷിയും. പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻ കഴിവുറ്റവരാക്കുന്ന, നിത്യജീവിതത്തിന് ആവശ്യമായ നൈപുണ്യം വികസിപ്പിച്ചെടുക്കുന്ന, സാമൂഹ്യവൽക്കരണത്തിന് സാഹചര്യം ഒരുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് അവർക്ക് ആവശ്യം. ഒറ്റപ്പെട്ട തുരുത്തുകളിൽ സമാന പരിമിതികളെ അഭിമുഖീകരിക്കുന്നവർ ഒരുമിക്കുമ്പോൾ പ്രതിസന്ധികളിൽ നിന്ന് കരകയറാനുള്ള അവകാശം നിഷേധിക്കുക കൂടിയാണ് ചെയ്യുന്നത് എന്നതിനാൽ സ്‌പെഷ്യൽ സ്‌കൂളുകൾ നിലവിൽ നിർവഹിച്ചുപോരുന്നത് മനുഷ്യാവകാശ നിഷേധം കൂടിയാണ്. അതിനാൽ ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായി പരിഗണിച്ച് സാമൂഹ്യജീവിതാനുഭവങ്ങൾ പരമാവധി സമ്മാനിക്കാൻ പര്യാപ്തമായ പൊതുവിദ്യാലയ സമ്പ്രദായത്തിനകത്ത് പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാവർക്കും വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമൂഹ്യവൽക്കരണത്തിന് ഊന്നൽ നൽകി അവകാശാധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കലാവണം ഉൾചേർത്തുള്ള വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം. എല്ലാവിഭാഗം കുട്ടികൾക്കും അവരുടെ കഴിവുകൾ പരമാവധി ഉയർന്ന തോതിൽ പ്രകടിപ്പിക്കാൻ അവസരം നൽകുന്നതാവണം പാർശ്വവൽക്കരിക്കപ്പെട്ടവരില്ലാത്ത ക്ലാസ്മുറികൾ എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം പ്രാവർത്തികമാക്കാനുള്ള വഴി.

സിവിയർ/പ്രൊഫൗണ്ട് വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക് പഠനത്തിന് പൊതുവിദ്യാലയങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കണം. സാധാരണ കുട്ടികൾ എത്തുന്ന സർക്കാർ വിദ്യാലയത്തിൽ തന്നെയാകണം പ്രത്യേക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കൽ. അനുയോജ്യമായ കരിക്കുലം, സിലബസ്, പഠനോപകരണങ്ങൾ, ഐ.സി.ടി അധിഷ്ഠിത പഠനത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഇവരുടെ ക്ലാസുകളിൽ ഒരുക്കണം. പ്രത്യേക വിദ്യാഭ്യാസം അർഹിക്കുന്ന കുട്ടികൾ ക്ലാസ് സമയങ്ങളിൽ മാത്രമേ ഒരുമിച്ച് ഇരിക്കാവൂ. മറ്റ് സമയങ്ങളിൽ സാധാരണ കുട്ടികൾക്കൊപ്പം ഇഴുകിച്ചേരാനും സംവദിക്കാനും അവസരം നൽകണം. അസംബ്‌ളി, പൊതുപരിപാടികൾ, ദിനാചരണങ്ങൾ, കളികൾ, കലാപ്രവർത്തനങ്ങൾ എന്നിവ സാധാരണ കുട്ടികളും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ചേർന്ന് നടപ്പിലാക്കണം. പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ കുട്ടികൾക്കും ഇക്കാര്യങ്ങളിൽ പരിഗണനയും അവസരങ്ങളും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കണം. പഠന പിന്തുണയോടൊപ്പം ആരോഗ്യ പരിപാലനവും പ്രധാനമാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനത്തിനും പരിചരണത്തിനും സ്‌കൂളിൽ അവസരം ഒരുക്കണം. ഒക്കുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, എന്നിവയ്ക്കുള്ള സൗകര്യമുണ്ടാകണം. മതിയായ ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധ പരിശീലനം കിട്ടിയവരുടെ സേവനം ഇതിനായി ഉറപ്പാക്കണം. കെട്ടിടങ്ങളുടെ ഡിസൈൻ കുട്ടികൾക്ക് സ്വതന്ത്രമായും അനായാസമായും ഉപയോഗിക്കാനാകുംവിധം സജ്ജമാക്കണം.

ആ സഹായം അവർക്കുള്ള പോക്കറ്റ് മണിയാകരുത്

ഉൾച്ചേർത്തുള്ള വിദ്യാഭ്യാസമാണ് പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ഉറപ്പാക്കേണ്ടതെന്ന് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റി ഈക്വൽ ഓപ്പർ യൂണിറ്റീസ്, പ്രൊട്ടക്ഷൻ ആന്റ് ഫുൾ പാർട്ടിസിപ്പേഷൻ (പി.ഡബ്‌ളിയു.ഡി ആക്ട്) 2016 അസന്ദിഗ്​ധമായി വ്യക്തമാക്കിയ സാഹചര്യത്തിൽ സ്‌പെഷ്യൽ സ്‌കൂളുകൾ ഇന്നത്തെ രീതിയിൽ തുടരുന്നതിന്റെ നിയമ- സാമ്പത്തിക- സാമൂഹ്യ ന്യായാന്യായങ്ങൾ കൂടി സർക്കാർ പരിഗണിക്കേണ്ടതുണ്ട്. അതേസമയം, അവസാനത്തെ കുട്ടിയും പടിയിറങ്ങുംവരെ സ്‌പെഷ്യൽ സ്‌കൂളുകൾക്ക് നൽകുന്ന സഹായ പദ്ധതികൾ തുടരുകയും വേണം. ‘ബജറ്റിൽ പ്രഖ്യാപിച്ച തുക അനുവദിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം ഇരിക്കും' എന്ന സ്‌പെഷ്യൽ സ്‌കൂൾ മാനേജുമെന്റ് അസോസിയേഷൻ ചെയർമാന്റെ ഭീഷണിയ്ക്ക് വഴങ്ങിയല്ല, മറിച്ച് കുട്ടികളുടെ വിദ്യാഭ്യാസം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ഉയർന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാവണം ഈ സഹായം.
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കൊപ്പമാണ് ഈ സർക്കാർ എന്ന് തെളിയിക്കേണ്ടത് ബജറ്റ് വിഹിതത്തിൽ ഏറിയ പങ്കും പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രത്യേക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിയാവണം, അല്ലാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വന്തം സ്ഥാപന നടത്തിപ്പിനുള്ള പോക്കറ്റ് മണിയാകരുത്. അതുവഴി എല്ലാ കുട്ടികൾക്കും ശാരീരികമോ ബുദ്ധിപരമോ ആയ വൈവിധ്യങ്ങൾ തടസ്സമാവാതെ പൊതുവിദ്യാലയത്തിൽ അനുയോജ്യ വിദ്യാഭ്യാസാവസരം ഒരുങ്ങണം. ഈ രംഗത്തെ ചൂഷണത്തിനും നീതിനിഷേധത്തിനും ശാശ്വത പരിഹാരം കാണാനുള്ള വിപ്ലവകരമായ തുടക്കമായി ഇത് മാറേണ്ടതുണ്ട്.

തദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒരു വിദ്യാലയമെങ്കിലും പൂർണാർത്ഥത്തിൽ ഭിന്നശേഷി സൗഹ്യദമാകണം. അതത് പഞ്ചായത്തുകളിലെ / നഗരസഭകളിലെ / കോർപ്പറേഷനുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അവരവരുടെ തദേശ സ്വയഭരണ സ്ഥാപന പരിധിയിൽത്തന്നെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കാനും ആരോഗ്യപരിചരണത്തിനും അവസരം ഒരുക്കണം. കുട്ടികളുടെ എണ്ണം കുറവുള്ളതും മതിയായ കെട്ടിടങ്ങൾ ഉള്ളതുമായ സ്‌കൂളുകളെ തദേശ സ്വയഭരണ സ്ഥാപനതല ഭിന്നശേഷി സൗഹൃദ സാറ്റലൈറ്റ് സ്‌കൂളുകളാക്കി മാറ്റാം. ഇത്തരം സ്‌കൂളുകളില പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികാസം, സാമൂഹികവൽക്കരണം, നൈപുണ്യ വികാസം, തൊഴിൽ പരിശീലനം എന്നിവക്ക്​ സൗകര്യം ഒരുക്കണം. ഈ വിദ്യാലയങ്ങളിൽ മതിയായ പരിശീലനം നേടിയ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം 1:5 അനുപാതത്തിൽ ഉറപ്പാക്കണം. കുട്ടികളുടെ സവിശേഷത പരിഗണിച്ച് ആവശ്യമായ ആയമാരേയും തെറാപ്പിസ്റ്റുകളേയും നിയമിക്കണം. ഈ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിച്ചാൽ ജനകീയ ഇടപെടലിലൂടെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കാം.

ഏകാന്തതയുടെ തടവിൽ നിന്ന് മോചിപ്പിച്ച് പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസാവസരം ഒരുക്കുമ്പോൾ മതിയായ യോഗ്യതയും പ്രായോഗികജ്ഞാനവും ഉള്ള അദ്ധ്യപകരുടെ സേവനം ഈ കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്താം. അതുവഴി കുട്ടികളുടെ കുറവിനാൽ ഏതെങ്കിലും സ്‌പെഷ്യൽ സ്‌കൂൾ ലാഭകരമല്ലെന്നു കണ്ട് മാനേജുമെന്റ് അടച്ചുപൂട്ടുകയാണെങ്കിൽ അവിടുത്തെ അദ്ധ്യാപകർക്ക് മാന്യമായ ജീവിതോപാധി ഉറപ്പാക്കാനാകും. ഇന്നലെകളിൽ ചെറിയ വേതനം കൈപ്പറ്റി ആത്മാർത്ഥമായി ജോലി ചെയ്ത അദ്ധ്യാപകർക്ക് ആ സേവനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയായി അത് മാറും.

ബഡ്‌സ് റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ

ബഡ്‌സ് സ്‌കൂളുകൾ 18 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടുന്ന സ്ഥാപനങ്ങളായി തുടരരുത്. അങ്ങനെ ചെയ്യുന്നത് നിലവിലുള്ള നിയമങ്ങളുടെയും പുരോഗമനാത്മക സാമൂഹിക വീക്ഷണത്തിന്റേയും അന്തഃസത്ത ചോർത്തിക്കളയുന്ന നടപടയാകും. 18 വയസ് കഴിഞ്ഞ ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവരുടെ പുനരധിവാസ കേന്ദ്രമാവണം ബഡ്‌സ് സ്‌കൂൾ. സ്‌കൂൾ ഘട്ടം പൂർത്തിയാക്കിയവരുടെ പുനരധിവാസ കേന്ദ്രമെന്ന നിലയിൽ തൊഴിലിനും നൈപുണ്യ വികാസത്തിനും ഉള്ള അവസരം നൽകണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും കെയർടേക്കർക്കും ജീവിതാന്ത്യംവരെ ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണം. തൊഴിൽ ശാലകൾ, തൊഴിൽ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച് ബഡ്‌സ് റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളെ എക്‌സ്റ്റെന്റഡ് തൊഴിൽ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കാം. കെയർടേക്കർ കൂട്ടായ്മകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കൽ, പാലിയേറ്റീവ് കെയർ മാതൃകയിൽ പരിചരണം ഉറപ്പാക്കൽ, തൊഴിലുറപ്പ് മാതൃകയിൽ തൊഴിൽസേന രൂപീകരിക്കൽ മുതലായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം.

ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും പ്രത്യേക പരിഗണന അർഹിക്കുന്നവരെ എത്തിക്കാൻ യാത്രാസൗകര്യം ഏർപ്പാടാക്കണം. ഇതിന് കെയർടേക്കർ കൂട്ടായമയ്ക്ക് പ്രത്യേക ഇളവോടെ വാഹന വായ്​പ സൗകര്യം ഏർപ്പാടാക്കാം. ഇന്നത്തെ നിലയിൽനിന്ന് മാറി തൊഴിൽ നൈപുണി ഉറപ്പിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുമുള്ള കേന്ദ്രമായി മാറുന്നതോടെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകൾ പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി സർക്കാർ നൽകുന്ന സേവനങ്ങളുടെ പുതുചരിത്രമെഴുതി നവകേരളത്തിന്റെ ഭാഗമാകും. ഭിന്നശേഷി സൗഹൃദ സാറ്റലൈറ്റ് വിദ്യാലയത്തിനോടനുബന്ധമായി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതാകും കൂടുതൽ ഉചിതം. മാനസിക- ശാരീരിക ഉല്ലാസത്തിനും വിശ്രമത്തിനും ഇവിടെ അവസരമുണ്ടാകണം. അനിവാര്യമായ ഘട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യാനും ജീവിതായോധനം നടത്താനും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ സൗകര്യമൊരുക്കണം.

ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്നവർ പലപ്പോഴും അവഗണനയുടെ പടുകുഴിയിലാണ്. ഇത്തരം ഒരു കുട്ടി പിറന്ന് വീഴുന്നതോടെ ജീവിതകാലം ആധിയിലും വ്യാധിയിലുമാകുന്നു രക്ഷിതാക്കൾ. ‘ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ കണ്ണീര് കൊണ്ടാണ് മാഷെ വിളക്ക് തെളിയിക്കുന്നത്' എന്ന് ഒരമ്മ നിറകണ്ണുകളോടെ പറഞ്ഞത് ആ അമ്മയുടെ മാത്രം നൊമ്പരത്തിന്റെ അടയാളമല്ല. ഇത്തരം കുട്ടികളുടെ അമ്മമാർക്കാർക്കും കണ്ണീർ വറ്റിയ നാളുകൾ ഉണ്ടാവാൻ ഇടയില്ല. ഞങ്ങൾ മരിക്കുംമുമ്പേ ഈ മക്കൾ മരിക്കണമെന്നാണ് അവരിൽ മിക്കവരുടേയും പ്രാർത്ഥന. തങ്ങളുടെ കാലശേഷം ആരുണ്ടിവർക്കെന്ന ചോദ്യമാണ് അവർ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ഇതിനെല്ലാമുള്ള പ്രായോഗിക പരിഹാരങ്ങളാകണം സർക്കാർ മുന്നോട്ടുവെക്കുന്ന ഭിന്നശേഷി സൗഹൃദ കേരളത്തിന്റെ മുഖമുദ്ര.

Comments