ഭാവിയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കേരളത്തിന് ചിന്തിക്കേണ്ട സമയമായി

ഉന്നത വിദ്യാഭ്യാസത്തിലെ ഭാവിയിലെ ഒരു കേരള മോഡലിനെക്കുറിച്ചുള്ള വിചാരം പങ്കിടുന്നു, ഡോ.രാജൻ ഗുരുക്കൾ, പ്രൊഫ. കെ.എൻ. ഗണേഷ്, പ്രൊഫ. സാബു തോമസ് എന്നിവർ

Truecopy Webzine

ന്നത വിദ്യാഭ്യാസ രംഗത്തെ അടക്കിവാഴുന്ന നോളജ് ഇക്കണോമിയെ വിമർശനാത്മകമായി വിലയിരുത്തി, ജനകീയമായ സാമൂഹിക വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവ് നിർമാണ പ്രവർത്തനത്തിൽ പങ്കാളികളാക്കുകയും, ഏറ്റവും പ്രാന്തവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗത്തിലേക്ക് കൂടി അറിവിനെ എത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ചിന്ത മുന്നോട്ടുവെക്കുകയാണ് ട്രൂ കോപ്പി വെബ്സീനിലൂടെ വിദ്യാഭ്യാസ ചിന്തകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ലിജോ സെബാസ്റ്റ്യൻ എന്നിവർ. ഉന്നത വിദ്യാഭ്യാസത്തിലെ ഭാവിയിലെ ഒരു കേരള മോഡലിനെക്കുറിച്ചുള്ള വിചാരം കൂടി ഇതോടൊപ്പം പങ്കിടുന്നു. ഡോ. രാജൻ ഗുരുക്കൾ, പ്രൊഫ. കെ.എൻ. ഗണേഷ്, പ്രൊഫ. സാബു തോമസ് എന്നിവരും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ കഴിഞ്ഞ ഇരുപത് വർഷം ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സങ്കല്പങ്ങളിൽ അടക്കം വൻ മാറ്റങ്ങളാണുണ്ടാക്കിയത്. പാഠ്യ പ്രക്രിയയിൽ പങ്കെടുക്കുന്ന പഠിതാവിന്റെ സമ്പൂർണ വികസനം, പുതിയ പൗരന്റെ രൂപീകരണം, ജനാധിപത്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവക്കുപകരം ഉന്നത വിദ്യാഭ്യാസം എന്നത് മാനവിക വിഭവശേഷിയുടെ രൂപീകരണമോ വികസനമോ ആയി മാറിയിട്ടുണ്ട്. മികച്ച സാങ്കേതിക, മാനേജേരിയൽ വൈദഗ്ധ്യം സൃഷ്ടിക്കുക എന്നതാണ് ഈ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യംവെക്കുന്നത്. പഠനപദ്ധതിയായ കരിക്കുലം, സിലബസ് രൂപീകരണത്തിലും, പ്രധാനപ്പെട്ട അക്കാദമിക സമതികളിലേക്കും അധ്യാപക- വിദ്യാർഥി-ഗവേഷക കൂട്ടായ്മകളുടെ പ്രാതിനിധ്യം കുറയുന്നതും ഉന്നത വിദ്യാഭ്യാസ നയരൂപീകരണ സമിതികളിൽ ഉദ്യോഗസ്ഥ - വ്യാവസായിക പ്രതിനിധികളുടെ ഉയരുന്ന പ്രാതിനിധ്യവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

അധ്യാപനം എന്നത് ചിട്ടപ്പെടുത്തിയ പരീക്ഷാരീതിക്കും "ഔട്ട് കം ബേസ്ഡ്' പ്രകടനത്തിനും വഴിമാറിയതോടെ ഏതൊരു വ്യാപാരസ്ഥാപനവും പോലെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന മാനേജർ / സി.ഇ.ഒ. പദവിയിലേക്ക് അധ്യാപകർ മാറിയിട്ടുണ്ട്. പ്രസ്തുത "ലേണിങ് ഔട്ട് കം' ആരാണ് നിർണയിക്കുക, പഠിതാവ് ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്നത് അറിയാൻ ഏത് മാനദണ്ഡമാണ് ഉപയോഗിക്കുക എന്നിവയെല്ലാം തീരുമാനിക്കുന്നതിൽ നിന്ന് അക്കാദമിക സമൂഹം പുറത്താവുകയും മറിച്ച് മുൻപ് സൂചിപ്പിച്ച ഉദ്യോഗസ്ഥ - വ്യാവസായിക കൂട്ടായ്മ കടന്നുവരുകയും ചെയ്യുന്നുണ്ട്. ലോകബാങ്ക് നിർണയിച്ച ആഗോള മൂല്യനിർണയ മാനകം ആയ പിസ (PISA) അഥവാ "പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് അസസ്മെന്റി'ന്റെ ഭാഗമായി ഇപ്പോൾ തന്നെ ലോകത്ത് പഠിക്കുന്ന വിദ്യാർഥികളെല്ലാവരും അവരവരുടെ കോഴ്സുകളിൽ നിന്ന് ഇത്ര നൈപുണി ആർജിച്ചിരിക്കണം എന്നതിനെ സംബന്ധിച്ച് ഒരു മാനകം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

ഡോ.രാജൻ ഗുരുക്കൾ
ഡോ.രാജൻ ഗുരുക്കൾ

നൈപുണ്യത്തിന് നൽകുന്ന ഈ പ്രാധാന്യം മധ്യവർഗത്തെ വലിയതോതിൽ ആകർഷിക്കാൻ പ്രാപ്തിയുള്ള ഒന്നാണ്. പ്രത്യേകിച്ചും അന്താരാഷ്ട്ര നിലവാരം, തന്റെ കുട്ടിക്ക് ലോകനിലവരമുള്ള വിദ്യാഭ്യാസം, ലോകത്തെവിടെയും പഠനം സാധ്യമാകും തുടങ്ങിയവ വളരെ വേഗം തൊഴിലന്വേഷക മധ്യവർഗ സമൂഹത്തെ സ്വാധീനിക്കും. പക്ഷെ അടിസ്ഥാനപരമായി ജ്ഞാനനിർമിതിക്ക് പ്രസക്തിയും നഷ്ടപ്പെടുകയും സ്‌കൂളുകൾ കോച്ചിങ് കേന്ദ്രങ്ങൾ ആയി മാറുകയും ചെയ്യുന്ന ഒരു സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും.
അറിവുൽപ്പാദനത്തിൽ പ്രത്യേകിച്ചും ഉന്നതമേഖലയിലുണ്ടായ കമ്പോളാഭിമുഖ്യത്തെ "നോളജ് കാപിറ്റലിസം' എന്ന പേരിൽ തന്നെ ആഗോള സാമ്പത്തിക ഫോറങ്ങളിൽ വിശേഷിപ്പിക്കുകയുണ്ടായി. ലോകബാങ്ക്, ഐ.എം.എഫ്., ഒ.ഇ.സി.ഡി. കൂട്ടായ്മ എന്നിവർ രണ്ടാം സഹസ്രാബ്ധത്തിന്റെ ഒടുക്കം സമർപ്പിച്ച റിപ്പോർട്ടുകളിൽ നോളജ് കാപിറ്റലിസം, നോളജ് ഇകോണമി തുടങ്ങിയ വാക്കുകൾ തുടരെ പ്രയോഗിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഇപ്പോഴത്തെ ചർച്ചകളിൽ ഏറ്റവും അധികം കടന്നുവരുന്ന വാക്കാണ് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ. ലഭ്യമായ എന്തിനെയും ചരക്കുവൽക്കരിച്ച് ലാഭത്തിന് കൈമാറ്റം ചെയ്യുന്ന കമ്പോളത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ ശക്തിയെ പ്രദാനം ചെയ്യുന്ന ഒരു വിദ്യാഭ്യാസ മാതൃക ആണോ ഇതിലൂടെ ഉദ്ദേശിക്കുന്നത്? ലാഭക്കമ്പോളം ഉന്നത വിദ്യാഭ്യാസത്തെ വിഴുങ്ങുന്നതിനെ ഏതാണ്ട് അംഗീകരിക്കുന്ന ഒരു സമീപനമാണോ തുടർച്ചയായി നമ്മുടെ നയരേഖകളിൽ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന പ്രയോഗം പ്രത്യക്ഷപ്പെടുന്നതിന് പിന്നിലുള്ളത്? അടിസ്ഥാനപരമായി കമ്പോള വ്യവസ്ഥയ്ക്കനുസൃതമായ ജ്ഞാനോല്പാദന രീതിയിലേക്ക് ഇത് തരം താണുപോകാൻ സാധ്യത കാണുന്നുണ്ടോ?

അറിവിനെ വെള്ളംകേറാ കള്ളികളാക്കി പഠിക്കുന്ന ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ രീതിയിൽ നിന്ന് അധികമൊന്നും മുന്നോട്ടുപോകുവാൻ നമുക്കു സാധിച്ചിട്ടില്ല. ശാസ്ത്ര, സാമൂഹികശാസ്ത്ര, മാനവിക വിഷയങ്ങളെ സംയോജിപ്പിച്ചുള്ള ഒരു പഠനസമീപനം നമുക്ക് അവശ്യമുള്ളതല്ലേ? അതിന് വേണ്ടി ബോധനരീതിയിലും, അധ്യാപക പരിശീലനത്തിലും, കരിക്കുലം രൂപികരണത്തിലും എന്തൊക്കെ ചെയ്യുവാൻ സാധിക്കും?
നൈപുണ്യ പരിശീലനമാകണം വിദ്യാഭ്യാസ പരിപാടിയുടെ കേന്ദ്രമെന്ന തലത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കം മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരിൽ പ്രയോജനവാദപരമായ പരിപ്രേക്ഷ്യത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തെ സമീപിക്കുമ്പോൾ അത് അക്കാദമിക പ്രവർത്തനത്തിന്റെ ആകെ ജൈവികതയെയും, വൈജ്ഞാനിക വളർച്ചയെയും ബാധിക്കുവാൻ സാധ്യതയില്ലേ?

ഉന്നത വിദ്യാഭ്യാസ രംഗത്തെ അടക്കിവാഴുന്ന നോളജ് ഇക്കണോമി എന്ന ആശയത്തെക്കുറിച്ച് രാജൻ ഗുരുക്കൾ ഇങ്ങനെ പറയുന്നു: ""വിവരസാങ്കേതികവിദ്യയിലും സർഗവൈഭവം പ്രസക്തമാണെങ്കിലും വളരെ യാന്ത്രികമായ നൈപുണ്യമാണ് ഇപ്പോൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. അത് ദോഷം ചെയ്യും. യുവസമൂഹത്തെ റോബോട്ടുകളാക്കി മാറ്റുന്ന പ്രക്രിയയാണത്. അറിവിന്റെയും സാങ്കേതികവിദ്യയുടെയും വ്യാപനം ദാരിദ്ര്യവും അസമത്വങ്ങളും ലഘൂകരിക്കാൻ സഹായിക്കുമെന്ന വിശ്വാസം പലരിലും പ്രതീക്ഷകളുണർത്തുന്നുണ്ട്, അതു സമൂഹത്തെ ജനാധിപത്യപരവും തുല്യവുമാക്കുമെന്ന ഉട്ടോപ്യൻ പ്രത്യാശ വെറും സ്വപ്നമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥ നോളജിനെ ഇൻഫർമേഷനിൽ നിന്ന് വേർതിരിക്കുന്നു. നോളജിനെ അതു പേറ്റന്റ് ചെയ്യാവുന്ന ബൗദ്ധികസ്വത്തായും വലിയ വിനിമയമൂല്യമുള്ള വില്പനച്ചരക്കായുമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല മറ്റനേകം ചരക്കുകളുടെ ഉൽപാദനത്തിനുള്ള അടിസ്ഥാന വിഭവമെന്ന നിലയിലും കൂടി അതുപകരിക്കുന്നു. തന്മൂലം ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ജ്ഞാനം ഒരേസമയം ചരക്കും മൂലധനവുമാണ്. കണ്ടെത്തലിനെക്കാൾ അതിൽ നവ നിർമിതിക്കാണ് മുൻഗണന. അതു ജ്ഞാനോല്പാദനത്തെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, വിവരസാങ്കേതിക തൊഴിലാളികൾ എന്നിവരെ സംയോജിപ്പിക്കുന്ന ഒരാഗോള വ്യവസായമാക്കി മാറ്റുന്നു.''
ബ്ലൻഡഡ് ലേണിങ് രീതിയിലൂടെ വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നും വിഷയ പണ്ഡിതന്മാരുടെ വിദഗ്ധ ക്ലാസുകൾ ലഭ്യമാക്കുകയും, അതിനൊപ്പം കൃത്യമായ പഠന അവലോകന സംവിധാനവും നടപ്പിലാക്കിയാൽ സർവകലാശാലകളുടെ സ്വയംഭരണ പ്രകൃതം കളങ്കപ്പെടുത്താതെ തന്നെ അക്കാദമിക നിലവാരം ഉയർത്തുവാൻ സാധിക്കുമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അഭിപ്രായപ്പെട്ടു.

പ്രൊഫ. സാബു തോമസ്
പ്രൊഫ. സാബു തോമസ്

ചരിത്രപണ്ഡിതനും ബുദ്ധിജീവിയുമായ പ്രൊഫ. കെ.എൻ. ഗണേഷിന്റെ അഭിപ്രായം ഇപ്രകാരമാണ്: ഉല്പാദനാധിഷ്ഠിത സമൂഹത്തിലേക്കുള്ള പരിവർത്തനം എന്ന നിലക്കാണ് പൊതുവിൽ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെ വീക്ഷിക്കുന്നത്. യഥാർഥത്തിൽ അതൊരു പരിഷ്‌കരണവാദ പരിപാടിയല്ല, മറിച്ച് അത്യന്തം ഉദാരവൽക്കരിക്കപ്പെട്ട ആഗോള കമ്പോളത്തിന് അനുയോജ്യമായ തൊഴിൽശക്തിയെ പ്രദാനം ചെയ്യുക എന്നതാണ് അവിടെ ഉന്നം വച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് പ്രധാന വിഷയം കേരള വികസനത്തിന്റെ അടുത്ത ഘട്ടം എന്ത്, അതെങ്ങനെ ആയിരിക്കണം തുടങ്ങിയവ ആവണം. ഇത്രകാലം ആർജിച്ചെടുത്ത അറിവുകളെ സാധാരണ ജനതയുടെ വളർച്ചക്ക് ആവശ്യമായ ജ്ഞാനനിർമിതി പ്രയോഗത്തിന്റെ ഭാഗം ആക്കാനാവുമോ എന്നത് പ്രധാനമാണ്. ജ്ഞാനനിർമിതി പ്രയോഗം ആവാതെ ഇത് ഗുണകരവുമാവില്ല. കമ്പോള / കയറ്റുമതി ചരക്ക് ആക്കി മാറ്റുന്നതിനും അപ്പുറം സമൂഹത്തിന്റെ ആകെ മെച്ചപ്പെടലിന് പുതിയൊരു ജ്ഞാനമായി വിഭവങ്ങളെ ഉപയോഗിക്കുക കഴിയുമോ എന്നതാണ് പരിശോധിക്കേണ്ടത്. അവിടെ ഉണ്ടാവുന്ന പുതിയ നിർമിതികൾ (innovation) കേവലമായ മൊബൈൽ / സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സാങ്കേതികരൂപമായിട്ടാവരുത് കാണേണ്ടത്. മറിച്ച് കേരളം അഭിമുഖീകരിക്കുന്ന പരാധീനതകളെ നേരിടാനുള്ള പുതിയ വഴിത്താരകൾ കണ്ടെത്താനാവുന്നുണ്ടോ എന്നത് പ്രധാനമാണ്- പ്രൊഫ. കെ.എൻ. ഗണേഷ് അഭിപ്രായപ്പെട്ടു.

മറ്റെവിടെയെങ്കിലും ഉള്ള നവീന അറിവ് രൂപങ്ങളെ പുനരുല്പാദിപ്പിക്കുന്നതിനൊപ്പം നമുക്ക് പുതിയവ സൃഷ്ടിക്കാനും ആവണം. ഇത് സാങ്കേതികതയിൽ മാത്രം ഊന്നി ചെയ്യേണ്ട ഒന്നല്ല. ഏതാണ്ട് വ്യക്തി അധിഷ്ഠിതമായ ഒരു മത്സരമാണ് വിദ്യാഭ്യാസ കമ്പോളത്തിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. മനുഷ്യ മൂലധനം അഥവാ ഹ്യൂമൻ കാപ്പിറ്റൽ തുടങ്ങിയ വാക്കുകളൊക്കെ പ്രത്യക്ഷപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. നമുക്കുവേണ്ടത് സാങ്കേതികജ്ഞാനം മാത്രമോ അങ്കണത്തിൽ അളക്കുന്ന അറിവ് ഉൽപ്പന്നങ്ങളോ മാത്രമല്ല. മനുഷ്യപക്ഷത്തോട് ചേർന്ന് നിൽക്കുന്ന അറിവ് നിർമിക്കുക എന്നത് കൂടി അടിയന്തിരമായ പരിഗണനാവിഷയം ആവേണ്ടതാണ്.

പ്രൊഫ. കെ. എൻ. ഗണേഷ്
പ്രൊഫ. കെ. എൻ. ഗണേഷ്

ഉന്നത വിദ്യാഭ്യാസമെന്നത് ജ്ഞാനോല്പാദനത്തിന്റെയും നവീന ആശയനിർമിതിയുടെയും സ്വയംഭരണ പ്രവിശ്യകളാണ്. അക്കാദമിക സ്വാതന്ത്ര്യം എത്രത്തോളമുണ്ടോ, അത്രകണ്ട് നവീന വിജ്ഞാന നിർമിതി സാധ്യമാകുന്ന ഇടങ്ങളാണ് സർവകലാശാലകളും ഉന്നത വിദ്യാലയങ്ങളും. പ്ലാറ്റ്ഫോം കാപിറ്റലിസത്തിന്റെയും ബ്ലൻഡഡ് ലേണിങ്ങിന്റെയും ഭ്രമാത്മക ലോകത്തിൽ, ഉത്തരവാദിത്വത്തോടുകൂടിയുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം മാതൃകയാക്കി ലോകത്തിനു കാണിച്ചുകൊടുക്കേണ്ടവരാണ് കേരള സമൂഹം. അധ്യാപനത്തിലും ഗവേഷണത്തിലും അക്കാദമിക ഭരണ സംവിധാനത്തിലും ഴാക് ദെറിദ വിഭാവന ചെയ്തതുപോലെയുള്ള "നിബന്ധനകൾ ഇല്ലാത്ത സർവകലാശാലകൾ' ഉയർന്നുവരേണ്ടത് കേരളത്തിൽ നിന്ന് തന്നെയാണ്. വിഘടനവാദങ്ങൾക്കും വർഗീയ വിഷം തുപ്പലുകൾക്കും വിഭാഗീയ ചിന്തകൾക്കും വിധേയപ്പെടാത്ത സർവകലാശാലകളായിരിക്കണം ഉന്നത വിദ്യാഭ്യാസ സംസ്‌കാരത്തെ മുന്നോട്ടു കൊണ്ടു പോകേണ്ട ഈ നവീന "കേരള മോഡൽ' സ്ഥാപനങ്ങൾ.

കച്ചവട ബുദ്ധിക്കാരുടെ റോബോട്ട് ഫാക്ടറിയാകരുത് ഉന്നത വിദ്യാഭ്യാസം

ഡോ. സെബാസ്റ്റ്യൻ ജോസഫ്, ലിജോ സെബാസ്റ്റ്യ

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 48


Summary: ഉന്നത വിദ്യാഭ്യാസത്തിലെ ഭാവിയിലെ ഒരു കേരള മോഡലിനെക്കുറിച്ചുള്ള വിചാരം പങ്കിടുന്നു, ഡോ.രാജൻ ഗുരുക്കൾ, പ്രൊഫ. കെ.എൻ. ഗണേഷ്, പ്രൊഫ. സാബു തോമസ് എന്നിവർ


Comments