രാജ്യത്ത് ടെലിഗ്രാം എന്ന ആപ്പ്ളിക്കേഷൻ നിശ്ചിത ദിവസത്തേക്ക് ചലിക്കില്ല, കാരണം NEET- UG പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ടെലിഗ്രാമിലൂടെ ചോർന്നുപോകുമത്രേ.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഒരു ദശാബ്ദത്തിനിടെ നടന്ന ഏറ്റവും വലിയ ഭരണപരമായ മാറ്റങ്ങളിൽ ഒന്നാണ് പരീക്ഷാ സംവിധാനത്തിന്റെ കേന്ദ്രീകരണം. സുതാര്യത, കാര്യക്ഷമത, സാങ്കേതിക മികവ്, മികച്ച നിലവാരം എന്നീ ലക്ഷ്യങ്ങളുമായാണ് 2017-ൽ കേന്ദ്ര സർക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) രൂപീകരിച്ചത്. 2018 മുതൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ഏറ്റവും വലിയ ദേശീയ പ്രവേശന-യോഗ്യതാ പരീക്ഷകളുടെ കേന്ദ്രമായി മാറി. NEET-UG, JEE Main, UGC-NET, CUET-UG, CUET-PG, NCET തുടങ്ങി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷകൾ ഈ കേന്ദ്ര ഏജൻസിയുടെ നിയന്ത്രണത്തിലായി.
ഇത്തരത്തിൽ ഒരു കേന്ദ്ര സംവിധാനം ആരംഭിക്കുന്നതിന്റെ വാദം ലളിതമായിരുന്നു: പരീക്ഷകൾ കൂടുതൽ പ്രൊഫഷണലാകും, അഴിമതിയും ക്രമക്കേടും കുറയും, വിദ്യാർത്ഥികൾക്ക് കൂടുതൽ വിശ്വാസ്യത ഉണ്ടാകും. പക്ഷേ ഏതൊരു സംവിധാനത്തെയും വിലയിരുത്തേണ്ടത് അതിന്റെ പ്രഖ്യാപനങ്ങളിലൂടെയല്ല, മുന്നിൽ വരുന്ന പ്രതിസന്ധികളെ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ്.
ഇന്ന്, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ചോദ്യങ്ങളുമായി അവർക്കുമുന്നിൽ നിൽക്കുകയാണ്. NTA രൂപീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ അനുഭവം എന്താണ്? അവർക്ക് ആശങ്ക മാത്രമാണ് ബാക്കി.
ജൂൺ 17ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി മത്സരപ്പരീക്ഷാപരിശീലനങ്ങളുടെ ‘ഹോട്ട് സ്പോട്ടാ’യ രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച ‘ഛാത്രോം കീ ഗുഞ്ച്’ എന്ന പരിപാടിയിൽ, നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. പരിശീലനത്തിന് രണ്ടു വർഷത്തേക്ക് മൂന്നു ലക്ഷം രൂപ ചെലവാക്കേണ്ടിവരുന്നവർ, ചോദ്യപേപ്പർ ചോർച്ചയിൽ തകർന്നുപോയവർ, ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങൾ എന്നിവയാണ് അവർ പറഞ്ഞത്. ഏറ്റവും ഒടുവിൽ നീറ്റ്- യു.ജി പുനഃപരീക്ഷയ്ക്ക് തയാറെടുത്തിരുന്ന നാല് വിദ്യാർത്ഥികൾ കൂടി സമ്മർദ്ദത്തെതുടർന്ന് ജീവനൊടുക്കിയ വാർത്ത ഇന്നലെ പുറത്തുവന്നു.

കഴിഞ്ഞ അഞ്ച് വർഷത്തെ സംഭവങ്ങൾ പരിശോധിച്ചാൽ ആശങ്കകൾ രൂക്ഷമാകുകയാണ്. നിരവധി പരീക്ഷകൾ മാറ്റിവെക്കപ്പെട്ടു, ചിലത് റദ്ദാക്കി, ചിലതിൽ കോടതികൾ ഇടപെട്ടു, ചിലതിൽ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി, മറ്റു ചിലതിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി, ചിലതിൽ പാർലമെന്ററി സമിതികൾ വരെ ഇടപെട്ടു. എന്നിട്ടോ ?
2024 എന്ന ഒരു വർഷം മാത്രം നോക്കിയാൽ മതി.
UGC-NET പരീക്ഷ ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എഴുതിയത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകം വിദ്യാഭ്യാസ മന്ത്രാലയം അത് റദ്ദാക്കി. തുടർന്ന് അന്വേഷണം, ചോദ്യങ്ങൾ, വിശദീകരണങ്ങൾ. ഒരു കാര്യത്തിന് മാത്രം മറുപടി ഉണ്ടായില്ല: പരീക്ഷ നടക്കുന്നതിന് മുമ്പ് ഈ സംവിധാനങ്ങൾ എവിടെയായിരുന്നു?
അതേവർഷം NEET-UG രാജ്യവ്യാപകമായ വിവാദമായി മാറി. ചോദ്യപേപ്പർ ചോർച്ച, ആരോപണങ്ങൾ, മാർക്ക് സംബന്ധിച്ച തർക്കങ്ങൾ, ഗ്രേസ് മാർക്ക് വിവാദം, കോടതിവിധികൾ, ഇവയെല്ലാം ചേർന്ന് ഈ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തന്നെ പ്രതിക്കൂട്ടിലായി. സുപ്രീംകോടതി മുഴുവൻ പരീക്ഷ റദ്ദാക്കിയില്ലെങ്കിലും ഒരു കാര്യം വ്യക്തമായി; ഒരു പരീക്ഷ നിയമപരമായി നിലനിൽക്കുന്നതും സാമൂഹികമായി വിശ്വസിക്കപ്പെടുന്നതും രണ്ടും രണ്ടു തരത്തിലാണ്.
NEET-PG അവസാന നിമിഷമാണ് മാറ്റിവെച്ചത്.
CSIR-NET മാറ്റിവെച്ചു. CUET പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും വലിയ വിമർശനങ്ങൾ നേരിട്ടു. ഇതെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു: ഇത് ഭരണപരമായ ഒറ്റപ്പെട്ട പാളിച്ചയല്ല, കേന്ദ്രീകൃത പരീക്ഷാഭരണത്തിന്റെ ഘടനാപരമായ ദൗർബല്യമാണ്. കാരണം, വർഷങ്ങളിലായി ഒരു പരീക്ഷയിൽ തന്നെ ഈ ക്രമക്കേടുകൾ ആവർത്തിക്കുകയാണ്.
ഇവിടെയാണ് രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ ചോദ്യം വരുന്നത്.
NTA സ്വതന്ത്ര സ്വകാര്യ സ്ഥാപനമല്ല. അത് കേന്ദ്ര സർക്കാർ രൂപീകരിച്ചതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ളതുമായ ഏജൻസിയാണ്. അതിന്റെ വിജയങ്ങളെ സർക്കാർ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നുവെങ്കിൽ അതിന്റെ പരാജയങ്ങളെ എന്തുകൊണ്ട് ഭരണപരമായ പിഴവായി അംഗീകരിക്കാൻ കഴിയുന്നില്ല?.
ഓരോ വിവാദത്തിനും ശേഷം കേൾക്കുന്നത് ഒരേ ഭാഷയാണ്: കർശന നടപടി, അന്വേഷണം, വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കും, പരീക്ഷയുടെ സുതാര്യത ഉറപ്പാക്കും. പക്ഷേ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ടത് ഇത്തരം അർഥശൂന്യമായ വിശദീകരണങ്ങളല്ല. കാരണം, ഒരു പരീക്ഷ റദ്ദാക്കപ്പെടുമ്പോൾ, മാസങ്ങളായോ വർഷങ്ങളായോ നടത്തുന്ന കഠിനപ്രയത്നം കൂടിയാണ് റദ്ദാക്കപ്പെടുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കായി ചെലവഴിച്ച ബൗദ്ധികവും സാമ്പത്തികവുമൊക്കെയായ ഊർജ്ജവും വിഭവങ്ങളും വിലപ്പെട്ട സമയവും.

ഒരു വട്ടമല്ല, തുടർച്ചയായി, ഓരോ വർഷവും ഇത് ആവർത്തിക്കുമ്പോൾ തകർക്കപ്പെടുന്നത് വിദ്യാർത്ഥിതലമുറകളുടെ ആത്മവിശ്വാസമാണ്. പേരിന് ചിലരെ അറസ്റ്റു ചെയ്തും അന്വേഷണം പ്രഖ്യാപിച്ചും നടത്തുന്ന പ്രഹസനങ്ങളിൽ ഒടുവിലത്തേതാണ്, ചോദ്യപേപ്പർ ചോർച്ച തടയാൻ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയ നടപടി. ചോദ്യപേപ്പർ ചോരുന്ന ഉറവിടം അന്വേഷിച്ച് അത് അടയ്ക്കുന്നതിനുപകരം, ചോർത്തിയ ചോദ്യപേപ്പർ വിതരണം ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമിന് വിലക്കേർപ്പെടുത്തിയിട്ട് എന്തുകാര്യം? അപ്പുറത്ത്, ചോർത്തൽ മാഫിയ ശക്തമാണെന്നിരിക്കേ, മറ്റ് എത്രയോ പ്ലാറ്റ്ഫോമുകൾ വഴി ഈ കുറ്റകൃത്യം തുടരാൻ കഴിയും.
പരീക്ഷാക്രമക്കേടുകളുടെ അടിസ്ഥാന പ്രശ്നം മറച്ചുപിടിച്ച്, നടപടിയെടുത്തു എന്ന് വരുത്തിത്തീർക്കാനുള്ള പരിഹാസ്യമായ പരിഹാരങ്ങളാണ് കേന്ദ്രം പിന്തുടരുന്നത്. പരീക്ഷാകേന്ദ്രീകരണവും അതുണ്ടാക്കുന്ന ഘടനാപരമായ പ്രതിസന്ധികളും ശാസ്ത്രീയവും അക്കാദമികവുമായി പരിശോധിക്കാൻ തയ്യാറല്ല എന്ന പ്രഖ്യാപനം, ഇത്തരം കുറ്റകൃത്യങ്ങൾ അടുത്ത വർഷങ്ങളിലും തുടരും എന്നതിന്റെ ആശങ്കാജനകമായ സൂചന കൂടിയാണ് ബാക്കിയാക്കുന്നത്.
