വേണ്ടിയിരുന്നില്ല, കാമ്പസിലെ മൊബൈൽഫോൺ വിലക്ക്​

സാങ്കേതികവിദ്യാരംഗത്തെ നേട്ടം പ്രയോജനപ്പെടുത്തുകതന്നെയാണ് വേണ്ടത്. അതേസമയം, നവലിബറൽ കാലം മുതൽ വിവിധ വിദ്യാഭ്യാസനയങ്ങളിലൂടെയും, വിദ്യാഭ്യാസ തന്ത്രങ്ങളിലൂടെയും നിർബ്ബന്ധമാക്കാൻ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത താല്പര്യങ്ങളോടുകൂടിയ ഒന്നായാണ് വിവരസാങ്കേതിക വിദ്യ വളർന്നുവന്നിരിക്കുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ

സാമ്പത്തിക- സാമൂഹിക മേഖലകളിലെന്നപോലെ വിദ്യാഭ്യാസമേഖലയിലും കോവിഡ് കനത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഓൺലൈൻ സംവിധാനങ്ങളുപയോഗപ്പെടുത്തി ബദൽ മാർഗം ആവിഷ്കരിച്ച്​ ഉണർന്നു പ്രവർത്തിക്കാൻ ഗവൺമെന്റിനും വിദ്യാഭ്യാസപ്രവർത്തകർക്കും കഴിഞ്ഞു. മുമ്പുതന്നെ വിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും പൂർണമായി ലക്ഷ്യം സാക്ഷാൽക്കരിക്കാൻ കഴിയാതെപോയതുമായ ഓൺലൈൻ സാങ്കേതികവിദ്യ അത്യന്തം തിടുക്കത്തിൽ സാർവത്രികമാക്കാൻ നിർബന്ധിതമാവുകയായിരുന്നു. അത്തരം സമ്മർദ്ദത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസത്തിന്റെ ബോധനശാസ്ത്രങ്ങളും, സാമൂഹ്യശാസ്ത്രവും ദാർശനികഭൂമികയുമൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ട്. അധ്യാപകരിലും വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും അതുണ്ടാക്കുന്ന വിവിധങ്ങളായ സമ്മർദ്ദവും ആശങ്കകളും സംബന്ധിച്ച ചില പ്രായോഗികവശങ്ങളെ സമീപിക്കുകയാണ് ഇവിടെ.

റോബോട്ടിക്ക് ജ്ഞാനികൾ

ഇക്കാലത്ത്​ പഠനസാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ ലഘൂകരിച്ച്​ അക്കാദമികദിനം നഷ്ടമാകാതെ പഠനപ്രവർത്തനം പൂർത്തീകരിക്കാൻ ലഭ്യമായ ഒരു മാർഗം ഓൺലൈൻ വിദ്യാഭ്യാസം മാത്രമാണെന്നതിൽ തർക്കമില്ല. സാങ്കേതികവിദ്യാരംഗത്തെ നേട്ടത്തെ പ്രയോജനപ്പെടുത്തുകതന്നെയാണ് വേണ്ടത്. അതേസമയം, നവലിബറൽ കാലം മുതൽ വിവിധ വിദ്യാഭ്യാസനയങ്ങളിലൂടെയും, വിദ്യാഭ്യാസ തന്ത്രങ്ങളിലൂടെയും നിർബ്ബന്ധമാക്കാൻ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത താല്പര്യങ്ങളോടുകൂടിയ ഒന്നായാണ് വിവരസാങ്കേതിക വിദ്യയും അതിൽ അധിഷ്ഠിതമായ വിദ്യാഭ്യാസരീതികളും വളർന്നുവന്നിരിക്കുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ.
ലോകത്താകമാനം അറിവിന്റെയും വിവരങ്ങളുടെയും വിസ്ഫോടനം സൃഷ്ടിക്കുകയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിലൂടെ പഠനത്തിലും പ്രശ്നപരിഹരണത്തിലും ചരിത്രപരമായ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്ന വിവരസാങ്കേതികവിദ്യ റോബോട്ടിക്ക് ആയ ജ്ഞാനികളെയാണ് ലക്ഷ്യമിടുന്നത്. കാര്യക്ഷമത ഉറപ്പുവരുത്തുക എന്നതാണ് അവിടെ പരമ ലക്ഷ്യം. മനുഷ്യനെ വെറുമൊരു റോബോട്ടായി പരിവർത്തിപ്പിക്കുന്നതിനുതകുന്ന ഈ വിദ്യാഭ്യാസദർശനം മാനവികമായ റിസോഴ്സസുകളെ അവഗണിക്കുന്നു എന്നതിലുപരി മനഷ്യകർതൃത്വത്തെത്തന്നെ പുനർനിർവചിക്കുന്നതാണെന്ന കാര്യം ഉൾക്കൊള്ളേണ്ടതുണ്ട്. എന്നാൽ ഇക്കാരണം പറഞ്ഞ് സാങ്കേതികവിദ്യാവിരോധം ഏറ്റെടുത്തു പ്രചരിപ്പിക്കുന്നതും ആപത്ക്കരമാണ്. സാങ്കേതികവിദ്യാപരമായ നേട്ടങ്ങളെ എങ്ങനെ മാനവികമായ പരിഗണനയിലൂന്നി പ്രയോജനപ്പെടുത്താമെന്നാണ് നോക്കേണ്ടത്. ആ നിലയിൽ ആലോചിച്ചാൽ വലിയ സാദ്ധ്യതകളാണ് തുറന്നുകിടക്കുന്നത്​. വിദ്യാഭ്യാസരംഗത്ത് ചിന്തിക്കാൻ ഒരു മഹാമാരി വേണ്ടിവന്നു എന്നത് നമ്മുടെ വീഴ്ചയായി വിലയിരുത്തപ്പെട്ടേക്കാം. എങ്കിലും ഈ സന്ദർഭത്തെ അഭിമുഖീകരിക്കാനും പ്രവർത്തനനിരതരാകാനും ശ്രമിക്കുന്ന നിരവധിപേരുടെ യത്നങ്ങൾ ചുരുങ്ങിയ കാലയളവിൽ ഉണ്ടായിവരുന്നുവെന്നത് ചെറിയ കാര്യമല്ല.

മനുഷ്യനെ വെറുമൊരു റോബോട്ടായി പരിവർത്തിപ്പിക്കുന്നതിനുതകുന്ന ഈ വിദ്യാഭ്യാസദർശനം മാനവികമായ റിസോഴ്സസുകളെ അവഗണിക്കുന്നു എന്നതിലുപരി മനഷ്യകർതൃത്വത്തെത്തന്നെ പുനർനിർവചിക്കുന്നതാണെന്ന കാര്യം ഉൾക്കൊള്ളേണ്ടതുണ്ട്

വിദ്യാഭ്യാസ മേഖലയിൽ ബോധന-പഠന മാധ്യമമെന്ന രീതിയിൽ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയെന്നത് അനിവാര്യമാണെന്ന് ഈ സന്ദിഗ്ദ്ധ ഘട്ടത്തിൽ ബോദ്ധ്യമാകുന്നുണ്ടെങ്കിലും അതോടൊപ്പം മുതലാളിത്ത -വിദ്യാഭ്യാസ വികസന ദർശനത്തിനേ ഇനിമേൽ സാധുതയും ആവശ്യവുമുള്ളൂവെന്ന ഒരു തോന്നൽ ഉളവാക്കാൻ ഇടയുണ്ട്. ഒരു പരിധിവരെ മുതലാളിത്ത വികസന അജണ്ടകൾക്ക് നിശബ്ദമായി സമ്മതി ഉറപ്പുവരുത്താനുള്ള ഒരവസരമായി കോവിഡ് സാഹചര്യം ഉപയോഗപ്പെടുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതു സ്വാഭാവികമായും ഉണ്ടാക്കുന്ന തൊഴിൽപരമായ ഭീതി ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രകടമാകുന്നുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം വലിയ ആപത്താണെന്നും മറ്റുമുള്ള പ്രചാരണങ്ങളുടെ ഒരു ഘടകം അതാണ്. ഇങ്ങനെ അന്തിച്ചുനിൽക്കുകയല്ല വിദ്യാഭ്യാസചിന്തകരുടെ ദൗത്യം. അതിനപ്പുറത്ത് ശാസ്ത്രീയമായിത്തന്നെ ഉന്നതമായ മാനവികമുഖമുള്ള വിദ്യാഭ്യാസദർശനത്തിൽ ഭാഷാസാങ്കേതികതയ്ക്കുള്ള സാദ്ധ്യതകളെന്താണെന്നും ഇടമെന്തായിരിക്കണമെന്നും ആലോചിക്കുവാൻ അവർക്കു കഴിയേണ്ടതുണ്ട്. അതേപോലെ, നിലവിലെ അവസ്ഥയിൽ സംഭവിച്ചേക്കാവുന്ന സാമൂഹികമായ വിടവുകളും തുല്യതാനിഷേധവും ഒഴിവാക്കുന്നതിനുള്ള കരുതലുകളും ആസൂത്രണവമൊക്കെ കൂടിയേ തീരൂ. സ്വാഭാവികമായിത്തന്നെ, നവ ലിബറൽ ആശയങ്ങൾക്കും താല്പര്യങ്ങൾക്കും മേൽക്കെ ലഭിക്കാനുള്ള സാദ്ധ്യത വളരെ വളരെ കൂടുതലാണ് എന്നതിനാൽ ഇത് രാഷ്ട്രീയമായും സാംസ്കാരികമായും വളരെ പ്രധാനപ്പെട്ട കാര്യമാണ്. വാസ്തവത്തിൽ വിദ്യാഭ്യാസരംഗത്ത് സാമൂഹികോത്തരവാദിത്തം പ്രകടമാക്കുന്നവരുടെ അടിയന്തര ദൗത്യം ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ പര്യാപ്തമായ മാതൃകകളും ആശയങ്ങളും പ്രദാനം ചെയ്യുക എന്നതാണ്.

അതിജീവിക്കേണ്ട ആശങ്കൾ

ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുമ്പോൾ, വിദ്യാഭ്യാസരംഗത്ത് ഉടലെടുക്കുന്ന ലക്ഷ്യ - ഉള്ളടക്കവ്യതിയാനങ്ങളെ മാനവീകരണം എന്ന വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യത്തെ നിർജീവമാക്കുമോ എന്നതു ഗൗരവത്തോടെ പരിഗണിക്കേണ്ട ആശങ്കളിലൊന്നാണ്. പിന്മടക്കമില്ലാത്തവിധത്തിൽ സാങ്കേതികരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന വികാസത്തെ സ്വാംശീകരിക്കാനും കൂടുതൽ മാനവികമായ വിദ്യാഭ്യാസപ്രക്രിയ ഉറപ്പുവരുത്താനായി പ്രയോജനപ്പെടുത്താനും ശ്രമിച്ചുകൊണ്ടേ ഈ

അന്തിച്ചുനിൽക്കുകയല്ല വിദ്യാഭ്യാസചിന്തകരുടെ ദൗത്യം. ശാസ്ത്രീയമായിത്തന്നെ ഉന്നതമായ മാനവികമുഖമുള്ള വിദ്യാഭ്യാസദർശനത്തിൽ ഭാഷാസാങ്കേതികതയ്ക്കുള്ള സാദ്ധ്യതകളെന്താണെന്നും ഇടമെന്തായിരിക്കണമെന്നും ആലോചിക്കുവാൻ കഴിയേണ്ടതുണ്ട്

ആശങ്കകളെ അതിജീവിക്കാൻ കഴിയൂ. ഏതായാലും, സാങ്കേതികവിദ്യ വിദ്യാഭ്യാസ വ്യവഹാരത്തിന്റെ അവിഭാജ്യ ഘടകമായി മാറി എന്നതിൽ സംശയമില്ല. ഈ വേളയിൽ വിദ്യാഭ്യാസ രംഗത്ത് ഒരു വൻ സ്തംഭനത്തിനു സാദ്ധ്യതയുണ്ടായിരുന്നു. വിവരസാങ്കേതികവിദ്യയുടെ രംഗത്തുണ്ടായ പുരോഗതിയെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞത് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ ലഘുകരിച്ചിട്ടുണ്ട്. ശാസ്ത്രലോകത്തിന് നന്ദി.

വിദ്യാഭ്യാസ പ്രവർത്തങ്ങൾ, അദ്ധ്യാപനവും പഠനവും സംബന്ധിച്ച ചർച്ച തുടങ്ങിയവ സജീവമായിതന്നെ നടന്നുവരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസ വ്യവഹാരത്തിന് അടിയന്തരമായ ബദൽ സംവിധാനം വിവര സാങ്കേതികവിദ്യയിലൂടെ ഒരുക്കുന്നതിൽ കേരളം വലിയ നേട്ടമാണ് കൈവരിച്ചത്. എന്നാൽ അതിന്റെ തിടുക്കവും ഒരുക്കക്കുറവുമൊക്കെ ചില കോണുകളിൽനിന്ന് വിമർശനം വിളിച്ചുവരുത്തി. അടിയന്തിരസാഹചര്യത്തെ എടുത്തുകാട്ടി ഈ സമീപനത്തെ തള്ളിക്കളയാവുന്നതാണെങ്കിലും സാങ്കേതികരംഗത്തെ വികാസത്തെ അതത് സന്ദർഭത്തിൽത്തന്നെ സ്വാംശീകരിക്കുന്നതിലുണ്ടായ പരാജയത്തെ സംബന്ധിച്ച ഒരു വിമർശനമായി സ്വീകരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

അധ്യാപകരെ തിരുത്തിയ വൈറസ്​

വർഷങ്ങളായി വിദ്യാഭ്യാസരംഗത്ത്​, പൊതുവിദ്യാഭ്യാസമായാലും ഉന്നത വിദ്യാഭ്യാസമായാലും, വിവരസാങ്കേതികവിദ്യയുടെ ഉപയോഗം പരിപോഷിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ പല രീതിയിൽ നടന്നുവന്നിരുന്നു. അതിന്റെ ഭാഗമായി വൻ തുക ചെലവഴിച്ച് അധ്യാപക പരിശീലങ്ങളും, ശില്പശാലകളും നൽകിയിട്ടും ക്ലാസുകൾ കൈകാര്യം ചെയ്യാൻ ഏറ്റവും അടിസ്ഥാനപരമായ വിദ്യാഭ്യാസസാങ്കേതികവിദ്യ നൈപുണികൾ പോലും പ്രായോഗിക തലത്തിൽ സ്വായത്തമാക്കാത്ത അദ്ധ്യാപകർ അവശേഷിച്ചു. ഇതാണ് വൈറസ് തിരുത്തിക്കുറിച്ചത്. ഇന്ന് വലിയ വിഭാഗം അദ്ധ്യാപകരും ഒരു പരിധിവരെയെങ്കിലും വിവരസാങ്കേതികമാധ്യമത്തിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണി സ്വായത്തമാക്കിക്കഴിഞ്ഞിരിക്കുന്നുവെന്നത് വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടം തന്നെയാണ്. ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ സെമസ്റ്റർ സമ്പ്രദായത്തിലെ സമയക്കുറവിനിടയിൽ ക്ലാസ്സ് റൂം ടീച്ചിങ്ങിനുണ്ടായ അപര്യാപ്തതകളെ വലിയൊരു പരിധിവരെ മറികടക്കാനും വിജ്ഞാനരംഗത്തുണ്ടായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുമൊക്കെ മുമ്പുതന്നെ സാധിക്കുമായിരുന്നു.

ഓൺലൈൻ വിദ്യാഭ്യാസവും സാമൂഹ്യവത്കരണവും
വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് സാമൂഹ്യവൽക്കരണം. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാകുന്നതോടെ മുഖാമുഖ ബോധന വ്യവഹാരങ്ങൾ നഷ്ടമാകുമെന്നും അതുവഴി അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധങ്ങൾ ചുരുങ്ങിപ്പോകുമെന്നും അദ്ധ്യാപകരിൽനിന്നും സഹവിദ്യാർത്ഥികളിൽനിന്നും കാമ്പസുകളിൽനിന്നും ലഭിക്കേണ്ട പല അനുഭവപാഠങ്ങളും വിദ്യാർത്ഥികൾക്ക് അന്യമാവുമെന്നുള്ളതാണ് ഒരു ആശങ്ക. എന്നാൽ വിവരസാങ്കേതികയുഗം സാമൂഹ്യവൽക്കരണം കൂടുതൽ സജീവമാകുന്നതിനും സാർത്ഥകമാകുന്നതിനും അവസരമേകുന്നു എന്നതാണ് യാഥാർത്ഥ്യം. സൗകര്യങ്ങളുടെ സദുപയോഗത്തിനാവശ്യമായ അവസരവും പരിശീലനവും ലഭിക്കാതെ പോകുന്നതിനാലാണ് പലപ്പോഴും വിവരസാങ്കേതികവിദ്യ അനാരോഗ്യകരമായ പ്രവണതകൾക്ക് ഇടയാക്കുന്നത്. സാധാരണഗതിയിൽ സാമൂഹ്യവൽക്കരണപ്രശ്ന​ങ്ങൾ നേരിടുന്നത് സാമൂഹ്യ- സാമ്പത്തിക പിന്നോക്കാവസ്ഥയുടെയും അന്തർമുഖത്വത്തിന്റെയും ഫലമായിട്ടാണ്. വർത്തമാനകാലത്ത് സോഷ്യൽ മീഡിയ പ്രബലമാകുന്നതോടുകൂടിയും ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും ഒരു മൊബൈൽഫോണെങ്കിലും പ്രാപ്യമാകുന്നതിലൂടെയും സാമൂഹ്യമായ ചിന്തകൾക്കും ഇടപെടലുകൾക്കും കൂടുതൽ ഇടമുണ്ടാകുകയാണ് ചെയ്യുന്നത്. സ്കൂൾ, കലാലയ കാലഘട്ടങ്ങളിൽ ഇത്തരത്തിലുള്ള സാമൂഹ്യബന്ധങ്ങളിൽ നിന്ന്​ മാറി ഒറ്റത്തുരുത്തുകളായി നിന്നിരുന്ന, സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥകൾ അനുഭവിച്ചിരുന്ന അന്തർമുഖരായിരുന്ന സഹപാഠികളെ ഓർക്കേണ്ടിവരുന്നു. വർത്തമാനകാലത്ത് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം ഉറപ്പാകുന്നതോടെ അവരുടെ

സൗകര്യങ്ങളുടെ സദുപയോഗത്തിനാവശ്യമായ അവസരവും പരിശീലനവും ലഭിക്കാതെ പോകുന്നതിനാലാണ് പലപ്പോഴും വിവരസാങ്കേതികവിദ്യ അനാരോഗ്യകരമായ പ്രവണതകൾക്ക് ഇടയാക്കുന്നത്

സാമൂഹീകരണപ്രക്രിയ വിപുലവും സജീവവും ആകുന്നതായാണ് കാണുന്നത്. ഇത് വലിയ സാമൂഹ്യമാറ്റത്തെ സൂചിപ്പിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവൽക്കരണ ആശങ്കകളെ ഇത്തരം മാറ്റങ്ങൾ നിഷ്പ്രഭമാക്കുന്നുമുണ്ട് എന്നത് ആശ്വാസകരമാണ്. ആധുനിക ലോകം വിവരസാങ്കേതികവിദ്യയുടെ സംസ്കാരത്തിലേക്കും വ്യവഹാരങ്ങളിലേക്കും അടുത്തുകൊണ്ടിരിക്കുന്നുവെന്നുതന്നെയാണ് വർത്തമാനകാല സാഹചര്യം നമ്മെ പഠിപ്പിക്കുന്നത്. ഇതിനർത്ഥം എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്ന മട്ടിലുള്ള പ്രാപ്യത ഓൺലൈൻ രംഗത്ത് കൈവന്നു എന്നല്ല. അങ്ങനെ കൈവരുന്നത് സാമൂഹികമായിത്തന്നെ ഗുണകരമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഗ്രാമവാസികളും സാമ്പത്തികദുരിതം പേറുന്നവരും പുറത്താക്കപ്പെടുന്ന അവസ്ഥയെ തരണം ചെയ്തുകൊണ്ടേ മുന്നോട്ടുപോകാനാവൂ. അത് ആസൂത്രിതമായി ചെയ്തു വിജയിപ്പിക്കേണ്ടത് സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. അതു നിർവ്വഹിക്കപ്പെടേണ്ടതുതന്നെ. പക്ഷേ, അതെല്ലാം ഉറപ്പുവരുത്തിയിട്ട് മാത്രമേ ഇതുപോലുള്ള അടിയന്തിരസാഹചര്യത്തിൽ മുന്നോട്ടുപോകാനാവൂ എന്നു പറയുന്നത് അപ്രായോഗികതയിൽ അഭിരമിക്കുന്നതിനു തുല്യമാകും.
അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, ഇത്തരം സാദ്ധ്യതകളെ ഗുണകരമായി ഉപയോഗപ്പെടുത്താനുള്ള പരിശീലനം. തങ്ങളുടെ കൈവശമുള്ള ഉപകരണം നേരംപോക്കിനും ഉല്ലാസത്തിനും ഒരു പക്ഷേ ദുരുപയോഗത്തിനുമായി ലഭിച്ച ഒരു ഉപാധിയായി മനസ്സിലാക്കാനാണ് പരിശീലനത്തിന്റെ അഭാവത്തിൽ കുട്ടികൾക്കു സാധിക്കുക. സമീപകാലം വരെ വിലക്കപ്പെട്ട ഒരു ഉപകരണമായിട്ടാണ് മൊബൈൽഫോണിനെ കാമ്പസുകളിൽ കണക്കാക്കിയിരുന്നതെന്ന് ഓർക്കുക. അതുകൊണ്ടുതന്നെ അതിനെ ഗുണപ്രദമായി ഉപയോഗിക്കാനുള്ള ചിന്തകൾ നുള്ളിക്കളയപ്പെടുകയായിരുന്നുവെന്ന് നാം ചിന്തിച്ചില്ല.
ടിക് ടോക്കിനും സിനിമകാണാനും മിമിക്രി കാണാനും ട്രോളാനുമല്ലാതെ ക്ലാസ്സ് മുറിയിൽ നടക്കുന്ന സംവാദങ്ങളുമായി കണ്ണിചേർക്കാവുന്ന ഒരു വൈജ്ഞാനികോപാധിയായി അതിനെ മനസ്സിലാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. എന്തായാലും ആ വിലക്കാണ് കോവിഡുകാലത്ത് നാം ഊരിയെറിഞ്ഞുകളഞ്ഞത്. ഇന്ന് കുട്ടികളുടെ കൈവശമുള്ള മൊബൈൽഫോൺ നേരംപോക്കിനെന്നതിനേക്കാൾ പഠനത്തിനുള്ള ഉപാധിയായിക്കഴിഞ്ഞിരിക്കുന്നു. സാമൂഹികവിരുദ്ധതയുടെ ഉപകരണമെന്ന അതിന്റെ ഇമേജും മാറിവരികയാണ്. സാമൂഹീകരണത്തെ നിഷേധാത്മകമായി ബാധിക്കുന്ന വസ്തു എന്ന നിലയിൽനിന്നും അത് വിമോചിപ്പിക്കപ്പെടുകയാണ്. വിവരസാങ്കേതികവിദ്യയുടെ വിമോചകമൂല്യം ഇനിയുമിനിയും തെളിഞ്ഞുവരാനിരിക്കുന്നതേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. സാമൂഹികമായ പിന്നോക്കാവസ്ഥയും ഡിജിറ്റൽ പ്രാപ്യതാപ്രശ്നവും പിളർപ്പുകളും സംവാദങ്ങളിലൂടെ വെളിച്ചത്തുവന്നതുപോലും അവ പരിഹരിക്കാനുള്ള സാമൂഹികമായ ഇടപെടലുകളെ ക്ഷണിച്ചുകൊണ്ട് ഗുണപ്രദമായി എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികവും സാമൂഹികവുമായ പുറംതള്ളലിൽനിന്നുതന്നെ പുറത്തുകടക്കാനുള്ള, അല്ലെങ്കിൽ കൊണ്ടുവരാനുള്ള അവസരമായി ഇതിനെയൊക്കെ കാണുകയാവും ശരിയായ സമീപനം.

സമകാലത്തെ സംബന്ധിച്ച്​, ഏതൊരു രാഷ്ട്രത്തിന്റെയും വളർച്ചക്കും വികസനത്തിനും പൊതുവെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സാങ്കേതിക വിദ്യ. മുമ്പ് വിദ്യ എങ്ങനെയായിരുന്നുവോ അതേപോലെയാണ് ഇന്ന് വിവരസാങ്കേതിക വിദ്യ എന്നു തന്നെ പറയാം. സാങ്കേതികവിദ്യ ഗൗരവമായ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ നാനാതുറകളിലും ഇതിൽ കാർഷികമേഖലയും വ്യാവസായികരംഗവും സേവനമേഖലയും ഒരുപോലെ സാങ്കേതിക വിദ്യയുടെ ഗുണംപറ്റുന്നതായി നമുക്ക് മനസിലാക്കാം. ഇതിൽ സേവനമേഖലയിൽപ്പെടുന്ന ഒരു പ്രധാന ഉപമേഖലയാണ് വിദ്യാഭ്യാസം. വിവരസാങ്കേതികവിദ്യ വിദ്യാഭാസമേഖലയിലും സാർവത്രികമാകുന്ന കാലം വിദൂരമല്ല എന്ന സൂചനകളാണ് വർത്തമാനകാലത്തെ യാഥാർഥ്യങ്ങൾ നമ്മളോട് പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ വരുംതലമുറ വിവരസാങ്കേതികവിദ്യയുടെ അപ്ലിക്കേഷൻ സ്വായത്തമാക്കാതെ നിർവ്വാഹമില്ലെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സാങ്കേതികതയും സാദ്ധ്യതകളും പഠിച്ചും വശപ്പെടുത്തിയും കൈകാര്യം ചെയ്തുകൊണ്ട് കേരളത്തിലെ അദ്ധ്യാപകസമൂഹം മുന്നോട്ടുപോവുക തന്നെയാണ് ചെയ്യുന്നത്

അതിലേക്കുള്ള ഒരു ഉണർച്ചകൂടിയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിന് ഉചിതമായ മാർഗ്ഗദർശനം നൽകാൻ ഉതകുന്ന ക്രമീകരണങ്ങളിലൂടെ വിദ്യാഭ്യാസപ്രക്രിയയോടും കാമ്പസ്സിനോടും ചേർത്തെടുക്കുന്നതിലാണ് ആസൂത്രണരംഗത്തു പ്രവർത്തിക്കുന്നവരും അദ്ധ്യാപകരെപ്പോലെ ചുമതല വഹിക്കുന്നവരും വിജയിക്കേണ്ടത്. അവർക്ക് അതിനു സാധിക്കുമെന്നതിന്റെ നിരവധിയായ തെളിവുകൾ ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു.
ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സാങ്കേതികതയും സാദ്ധ്യതകളും പഠിച്ചും വശപ്പെടുത്തിയും കൈകാര്യം ചെയ്തുകൊണ്ട് കേരളത്തിലെ അദ്ധ്യാപകസമൂഹം മുന്നോട്ടുപോവുകതന്നെയാണ് ചെയ്യുന്നത്. ഭാരിച്ച പാഠ്യഭാഗങ്ങളിൽ കുരുങ്ങിക്കിടന്ന് ഞെരുങ്ങുന്ന സാഹചര്യത്തിൽ ഒരു ഫെസിലിറ്റേറ്റർ എന്ന നിലയിലോ മെന്റർ എന്ന നിലയിലോ സേവനമനുഷ്ഠിച്ച് വിദ്യാർത്ഥികളെ വിജ്ഞാനലോകത്തേക്ക് കൈപിടിച്ചാനയിക്കാൻ കഴിയാത്ത ഒരു സാഹചര്യം നിലവിലുണ്ടായിരുന്നു. വാസ്തവത്തിൽ, വിവരസാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന വൈവിധ്യവൽക്കരണസാദ്ധ്യതകളെ കൂടുതലായി പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ ഉചിതമായ മട്ടിൽ ഈ ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് കഴിയുമെന്നാണ് തോന്നുന്നത്.

അതേസമയം, മറ്റൊരു പ്രധാന വസ്തുത കൂടിയുണ്ട്. ഓൺലൈൻ ക്ലാസ്സുകളെ പാഠഭാഗത്തെ വിശദമാക്കുന്നതിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന തരത്തിലുള്ള, മുൻകൂറായ അറിവുപകരൽ എന്ന മട്ടിലുള്ള പുസ്തകകേന്ദ്രിതമായ അവതരണങ്ങളാണ് പലപ്പോഴും ഓൺലൈൻ ക്ലാസ്സുകളായി കണ്ടുവരുന്നത്. അതിനെ ഭേദിക്കുന്ന മട്ടിലുള്ള അന്വേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കൂടുതൽ വികസിതമായ കാഴ്ചപ്പാടും അതിനനുസൃതമായ അദ്ധ്യാപക-വിദ്യാർത്ഥിബന്ധവും രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ നേരത്തേ സൂചിപ്പിച്ചതുപോലെ ഉന്നതനിലവാരത്തിലുള്ള വൈജ്ഞാനികവികാസത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന മട്ടിൽ വിദ്യാവിനിമയപ്രക്രിയ ഉയരുകയുള്ളു. അതിന്റെ അഭാവത്തിൽ ഉപകരണസംവിധാനങ്ങളുടെ അകമ്പടിയോടെ ട്യൂഷനെടുക്കുന്ന നിലയിൽ കുടുങ്ങിപ്പോവുകയും അതുവഴി വിദ്യാഭ്യാസത്തിന്റെ സാമൂഹികവും വൈജ്ഞാനികവുമായ വികാസത്തെ സാക്ഷാത്കരിക്കാതെ പരിമിതപ്പെടുകയുമായിരിക്കും സംഭവിക്കുക. കൂടുതൽ സംവിധാനങ്ങളൊരുങ്ങുമ്പോളും പഴയ പരീക്ഷാലക്ഷ്യങ്ങളിൽ വിദ്യാഭ്യാസം ഒതുങ്ങിക്കൂടാ എന്നാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ വിഷയത്തിന്റെ പാഠപുസ്തകങ്ങളിലൊതുങ്ങുന്ന തരത്തിൽ അങ്ങനെ ഒതുങ്ങിപ്പോകുന്നതിലൊതുങ്ങുന്നതല്ല പുതിയ കാലത്തെ വിദ്യാഭ്യാസം. ഒരു മേഖലയിൽ സ്പെഷലൈസ് ചെയ്യുമ്പോൾത്തന്നെ വിവിധങ്ങളായ വിഷയങ്ങളുമായി സംവാദസന്നദ്ധമാകുന്ന തലമുറയ്ക്ക് വഴിമാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അന്തർവിഷയകമായ സമീപനങ്ങളിലും മറ്റും ചെറിയ തോതിൽ പ്രകാശിതമായിട്ടുള്ള ഈ സമീപനവ്യതിയാനത്തെ സ്വാംശീകരിക്കാനും വിപുലീകരിക്കാനുമുള്ള സാഹചര്യം കൂടിയാണ് വിവരസാങ്കേതികതയുടെ യുഗം നമുക്കു മുന്നിൽ വാതിൽ തുറന്നു കാണിച്ചുതരുന്നത്. അതിലേക്കുള്ള പ്രയാണത്തിൽ നിലവിലുള്ല പ്രതിബന്ധങ്ങളെ മറികടക്കാനും ലക്ഷ്യബോധം വ്യക്തമായി നിർവ്വചിക്കാനും കഴിയണം.

സാമൂഹ്യനീതിപ്രശ്നം

ഓൺലൈൻ പഠനോപകരണങ്ങൾ ബോധനത്തിലും പഠനത്തിലും അവശ്യ മധ്യമമായി വരുമ്പോൾ വിദ്യാർത്ഥിസമൂഹം അഭിമുഖീകരിക്കുന്ന സാമൂഹ്യനീതിപ്രശ്നം വിദ്യാഭ്യാസരംഗത്ത് എക്കാലത്തേക്കാളും സങ്കീർണ്ണമാകുമെന്നുള്ള കാര്യം ചർച്ചകളിൽ വന്നു കഴിഞ്ഞിട്ടുള്ളതാണ്. വർത്തമാന കേരളസമൂഹത്തിൽ പോലും വിദ്യാഭ്യാസ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ വിവിധ സാമൂഹ്യവിഭാഗങ്ങളിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത്തരം വിഭാഗങ്ങളുടെ പ്രത്യേകിച്ചും, ആദിവാസി വിഭാഗത്തിൽപ്പെടുന്ന വിദ്യാലയങ്ങളിൽ എൻറോൾ ചെയ്യേണ്ട കുട്ടികൾ വിട്ടുനിൽക്കുന്നതും കൊഴിഞ്ഞുപോക്ക് തുടരുന്നതും

ഓൺലൈൻ പഠനോപകരണങ്ങൾ അനിവാര്യമായ ബോധന പഠന മാധ്യമമായിവരുമ്പോൾ ദുർബ്ബലരും, നിർധനരുമായ കുട്ടികൾക്ക് വിദ്യാഭ്യാസാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനുള്ള സാധ്യത കൂടുകയാണ്

പൊതുവിദ്യാഭ്യാസത്തിന്റെ പൊതുവെയുള്ള മുന്നേറ്റത്തെ കുറച്ചുകാണിക്കാൻ ഇടയാക്കുന്നുണ്ട്. ആദിവാസിജനവിഭാഗത്തിന്റെ പൊതുവിലുള്ള പിന്നോക്കാവസ്ഥയും ചരിത്രപരമായ ക്ഷീണവുമൊക്കെ കാരണമായി, മുഖ്യധാരാ ജനവിഭാഗത്തിലെ കുട്ടികൾ അനുഭവിക്കുന്ന വിദ്യാഭ്യാസ അവകാശങ്ങൾ ഈ വിഭാഗങ്ങൾക്ക് പ്രാപ്യമാകാത്ത സന്ദർഭങ്ങളും കുറവല്ല. ഇതുപോലെ പൊതുവിഭാഗങ്ങളിലും കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികളെയും ഇപ്പോഴും നമുക്കു കാണാൻ കഴിയും. ഓൺലൈൻ പഠനോപകരണങ്ങൾ അനിവാര്യമായ ബോധന പഠന മാധ്യമമായിവരുമ്പോൾ ദുർബ്ബലരും, നിർധനരുമായ കുട്ടികൾക്ക് വിദ്യാഭ്യാസാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനുള്ള സാധ്യത കൂടുകയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സർക്കാരിന്റെയും സന്നദ്ധരായ വ്യക്തികളുടെയുമൊക്കെ കൂട്ടായ പ്രയത്നത്തിൽ ഇത്തരത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധികളെ മറികടക്കാൻ ആകുന്നതും ശ്രമിച്ചുവരുന്നുവെന്നത് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ബോധന-പഠന മാധ്യമങ്ങളുടെ പ്രാപ്യത അവർക്ക് ഉറപ്പുവരുത്തുകയെന്നത്, മുമ്പു സൂചിപ്പിച്ചതുപോലെ ഭരണകൂടവും ജനങ്ങളും ചേർന്നു പരിഹരിക്കേണ്ടതുതന്നെയാണ്. വിദ്യാഭ്യാസരംഗത്ത് സ്ഥാനമുറപ്പിക്കുമ്പോൾ ദുർബ്ബലരായ ജനവിഭാഗങ്ങളെ പിന്നോക്കാവസ്ഥയിൽനിന്നും പിന്നോക്കാവസ്ഥയിലേക്ക് തള്ളാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളും നമ്മുടെ വിദ്യാഭ്യാസരംഗം ഏറ്റെടുത്തു നിർവ്വഹിക്കുന്നുണ്ടെന്നതു സത്യം. കേരളം എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കുന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾ മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. നിർദ്ധനരും ദുർബലരുമായ വിദ്യാർത്ഥികൾക്ക് സർക്കാർ തന്നെയാണ് എന്നും ആശ്രയം. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും ഗൗരവത്തോടെയുള്ള ഇടപെടലുകളിലൂടെയും ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായേക്കാവുന്ന വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കാം.

അദ്ധ്യാപക വിദ്യാർത്ഥി ബന്ധം
ഓൺലൈൻ വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ വിദ്യാർഥികളിലും അധ്യാപകരിലും അതിലേറെ രക്ഷാകർത്താക്കളിലുമുണ്ടാക്കിയ വലിയ ആശങ്ക അദ്ധ്യാപകരുടെ മുഖാമുഖ വിനിമയമില്ലാതെ വിദ്യാഭ്യാസം എങ്ങനെ സുഖകരമായി മുന്നോട്ടുപോകുമെന്നതാണ്. അദ്ധ്യാപകന്റെ വാക്കാലുള്ള സ്പഷ്‌ടീകരണവും, ക്ലാസ് റൂം ചർച്ച, ചോദ്യവും ഉത്തരവും, പഠിതാവിന്റെ പങ്കാളിത്തം, നിരീക്ഷണം, കൗൺസലിങ്, പല തരത്തിലുള്ള വൈജ്ഞാനിക ഇടപെടലുകളും വിനിമയങ്ങളും ഒക്കെ ഞങ്ങൾക്ക് നഷ്ടമാകുന്നതിനാൽ ഞങ്ങളുടെ പഠനത്തെ ബാധിക്കുമെന്ന് കുട്ടികളും ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും കിട്ടില്ലാത്തതിനാൽ പഠനം മോശമാകുമെന്നു രക്ഷകർത്താക്കളും പ്രകടിപ്പിക്കുന്ന ആശങ്കാനിർഭരമായ പരിദേവനങ്ങളും, കുട്ടികളെ നേരിൽ കണ്ട് ക്ലാസുകൾ കൈകാര്യം ചെയ്താലെ ഫലപ്രദമാകുകയുള്ളുവെന്ന അദ്ധ്യാപകന്റെ ആശങ്കയുമൊക്കെ ഉത്തരം തേടാനിരിക്കുകയാണ്. അതു മനസ്സിലാക്കിക്കൊണ്ടുള്ള സൃഷ്ടിപരമായ ഇടപെടലുകൾ ഇപ്പറഞ്ഞ വിഭാഗങ്ങളിൽനിന്നൊക്കെ ഉണ്ടായാലേ അതിനെല്ലാം പരിഹാരമാവുകയുള്ളു.
വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിലും, ഹാജർ രേഖപ്പെടുത്തുന്നതിലും ഇന്റേണൽ മാർക്കിലും അവന്റെ സംഘടനാ പ്രവർത്തനത്തിലും അനാവശ്യ നിയന്ത്രണങ്ങൾ ചെലുത്താൻ തല്പരരായ അദ്ധ്യാപകരുണ്ടെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസം അവർക്കൊരു വിഷമവൃത്തമാവുമെന്നതിൽ സംശയമില്ല. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസംമൂലം പഠനം മുടങ്ങുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി അദ്ധ്യാപകരും അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥിസംഘടനകളുമൊക്കെ മുന്നിൽ വന്നപ്പോൾ അദ്ധ്യാപകനും വിദ്യാർത്ഥികളുമായുള്ള മാനസിക വ്യാപാരം എപ്പോഴത്തെക്കാളും വർധിച്ചിരിക്കുന്നു എന്നാണ് വ്യക്തിപരമായ അനുഭവങ്ങളിൽനിന്നും മനസ്സിലാകുന്നത്. കേരളത്തിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകർ ഇത്തരത്തിൽ കൈത്താങ്ങായത് സന്നിഗ്ദ്ധ ഘട്ടങ്ങളിൽ അദ്ധ്യാപകർ കൂടെയുണ്ടാകും എന്നതിനുള്ള തെളിവായുണ്ട്.
വിവരസാങ്കേതികവിദ്യ വിദ്യാഭ്യാസ രംഗത്ത് പ്രയോഗത്തിൽ വരുത്തുമ്പോൾ വിദ്യാർത്ഥികളിൽ അനുഭവപ്പെടുന്ന പുതുമയും താല്പര്യവും വിദ്യാഭ്യാസ പ്രക്രിയയെ ഒരു രസകരമായ പ്രക്രിയയാക്കിമാറ്റുമെന്നത് നല്ലതു തന്നെ. എന്നാൽ വിവര സാങ്കേതിക വിദ്യയിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും രസകരവും പുതുമയുള്ളതുമായ പഠനാനുഭവങ്ങൾ ഉണ്ടാവാൻ വിദ്യാലയവും അതിലെ അധ്യാപകന്റെ കൈത്താങ്ങും വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ ദർശിനകവും മനഃശാസ്ത്രപരവും സാമൂഹികവുമായ തലങ്ങളെ നിലനിർത്തുന്നതിനും പുതിയ കാലത്തിനനുസൃതമായി വികസിപ്പിക്കുന്നതിനും അദ്ധ്യാപകന്റെ സാന്നിദ്ധ്യം എക്കാലത്തും പ്രാധാന്യത്തോടെ നിലനില്ക്കുകതന്നെ ചെയ്യും. പക്ഷേ, മുമ്പു സൂചിപ്പിച്ചതുപോലെ പഴയ മട്ടിലല്ല, പുതിയ കാലത്തിന് അനുസൃതമായി പുതിയ ദൗത്യബോധത്തോടെയാവും പ്രസക്തമാവുക എന്ന് ഓർമ്മിക്കേണ്ടതുണ്ട്. മാറുകയാണ് ലോകം. മാറുകയാണ് നമ്മുടെ റോളുകളും ഉത്തരവാദിത്തങ്ങളും. ഇതാണ് അദ്ധ്യാപകസമൂഹം മനസ്സിലാക്കേണ്ട കോവിഡ്കാലത്തെ പാഠം.


Summary: സാങ്കേതികവിദ്യാരംഗത്തെ നേട്ടം പ്രയോജനപ്പെടുത്തുകതന്നെയാണ് വേണ്ടത്. അതേസമയം, നവലിബറൽ കാലം മുതൽ വിവിധ വിദ്യാഭ്യാസനയങ്ങളിലൂടെയും, വിദ്യാഭ്യാസ തന്ത്രങ്ങളിലൂടെയും നിർബ്ബന്ധമാക്കാൻ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത താല്പര്യങ്ങളോടുകൂടിയ ഒന്നായാണ് വിവരസാങ്കേതിക വിദ്യ വളർന്നുവന്നിരിക്കുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ


Comments