e-grantz
ഫയലുകളെ
ബന്ധിച്ചിരിക്കുന്ന
ജാതിച്ചരടുകൾ

e-grantz മുടങ്ങുന്നതുമൂലം SC/ST വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ആ ഫയലുകൾ ഭരണകൂട സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വിവേചനങ്ങളെക്കുറിച്ചും എഴുതുന്നു, കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷകനായ പ്രജീഷ് കെ.

SC/ST വിദ്യാർത്ഥികളുടെ e-grantz മുടക്കം പതിവായിരിക്കുകയാണ്. എല്ലാ വർഷവും അതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് സമരം ചെയ്യേണ്ടിവരുന്നു എന്നത്, ഒരു മാറ്റത്തിനും ഈ സിസ്റ്റം തയ്യാറല്ലെന്ന സത്യം തുറന്നുകാണിക്കുന്നു. SC/ST വിഭാഗങ്ങളുടെ ഉന്നമനത്തിന് പദ്ധതികൾ കൊണ്ടുവരുന്ന സർക്കാർ, അവയെ 'ഉന്നതി' എന്ന് വിശേഷിപ്പിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നത് എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. കാരണം, ഈ വിദ്യാർത്ഥികൾ നിരന്തരം അവഗണനയും വിവേചനവും അപമാനവും നേരിട്ടുകൊണ്ടിരിക്കുകയാണ്.

ബജറ്റിൽ SC/ST വിഭാഗത്തിന് ഫണ്ട് വകയിരുത്തുന്നുണ്ട്. പക്ഷേ, അവ കൃത്യമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്നില്ല. ഓരോ വർഷം കഴിയുന്തോറും പല രീതിയിൽ ഫണ്ടുകൾ വെട്ടിക്കുറക്കുകയാണ്. 2025 ഫെബ്രുവരിയിൽ SC/ST വിഭാഗത്തിനുള്ള ഫണ്ടിൽ നിന്ന് 500 കോടി രൂപയോളമാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇരുപതോളം പ്രോജക്ടുകൾക്കായി 1370 കോടി രൂപ വകയിരുത്തിയതിൽ നിന്ന് 500 കോടി രൂപയോളം സർക്കാർ വെട്ടിക്കുറച്ചതിന്റെ വിശദവിവരങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫീസ് നൽകാൻ കഴിയാതെ SC/ST വിദ്യാർത്ഥികൾ അപമാനിക്കപ്പെടുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയും ഇതിനോട് ചേർത്തുവായിക്കാം.

കാൽ നൂറ്റാണ്ടിനിടയിൽ വിരലിലെണ്ണാവുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ മാത്രമാണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആരംഭിച്ചത്. ഹോസ്റ്റൽ ചെലവ് വർധിച്ചെങ്കിലും അതിനു വകയിരുത്താനുള്ള തുക നൽകാൻ ധനകാര്യ വകുപ്പ് തയ്യാറല്ല.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് SC/ST വിദ്യാർത്ഥികളെ പുറന്തുള്ളുന്ന നയം തന്നെയാണ് സർക്കാരുകളുടേത്. വിദ്യാഭ്യാസ ഗ്രാന്റുകൾ കാലോചിതമായി പരിഷ്‌കരിക്കാതെ ചെറിയ തുകകൾ വർഷങ്ങളെടുത്ത് നൽകുന്ന പ്രവണതക്ക് മാറ്റം വരേണ്ടത് അത്യാവശ്യമാണ്. ഇടതു മുന്നണിയിലെ പ്രഗത്ഭരായ രണ്ട് മന്ത്രിമാർ വകുപ്പ് കൈകാര്യം ചെയ്തിട്ടുപോലും ഈ നിരക്കുകൾ വർധിപ്പിച്ചില്ല. മാത്രമല്ല, നൽകേണ്ട തുക തടഞ്ഞു വെക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് പഠനത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നത് ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ വിദ്യാർത്ഥികളും ഗവേഷകരുമാണ്. പ്രൈവറ്റ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുന്നു. ട്യൂഷൻ ഫീസ് സ്ഥാപനങ്ങളിൽ അടക്കാൻ സാധിക്കാത്തതുകൊണ്ട് വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ദം കുറവല്ല.

ജീവിതച്ചെലവ് വർധിച്ചുവരുന്ന ഈ കാലത്ത് ഹോസ്റ്റൽ അലവൻസ് വർധിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന SC/ST വിദ്യാർത്ഥികൾക്ക് ഡിഗ്രി/ പി.ജി കോഴ്‌സുകൾക്ക് 3500 രൂപയാണ് ബോർഡിംഗ് ആൻഡ് ലോഡ്ജിംഗ് അലവൻസ്. എംബിബിഎസ്- എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കാണെങ്കിൽ 4500 രൂപയും. സ്വകാര്യ ഹോസ്റ്റലുകളിലാണ് എങ്കിൽ 1500 രൂപ മാത്രം.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് SC/ST വിദ്യാർത്ഥികളെ പുറന്തുള്ളുന്ന നയം തന്നെയാണ് സർക്കാരുകളുടേത്. വിദ്യാഭ്യാസ ഗ്രാന്റുകൾ കാലോചിതമായി പരിഷ്‌കരിക്കാതെ ചെറിയ തുകകൾ വർഷങ്ങളെടുത്ത് നൽകുന്ന പ്രവണതക്ക് മാറ്റം വരേണ്ടത് അത്യാവശ്യമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് SC/ST വിദ്യാർത്ഥികളെ പുറന്തുള്ളുന്ന നയം തന്നെയാണ് സർക്കാരുകളുടേത്. വിദ്യാഭ്യാസ ഗ്രാന്റുകൾ കാലോചിതമായി പരിഷ്‌കരിക്കാതെ ചെറിയ തുകകൾ വർഷങ്ങളെടുത്ത് നൽകുന്ന പ്രവണതക്ക് മാറ്റം വരേണ്ടത് അത്യാവശ്യമാണ്.

കാൽ നൂറ്റാണ്ടിനിടയിൽ വിരലിലെണ്ണാവുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ മാത്രമാണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആരംഭിച്ചത്. ഹോസ്റ്റൽ ചെലവ് വർധിച്ചെങ്കിലും അതിനു വകയിരുത്താനുള്ള തുക നൽകാൻ ധനകാര്യ വകുപ്പ് തയ്യാറല്ല. ഗവേഷകർക്ക് മാസാമാസം നൽകേണ്ട ഫെല്ലോഷിപ്പ് തുക തടഞ്ഞുവെക്കുന്നത് പതിവാണ്. എങ്ങനെയാണ് ഫെല്ലോഷിപ്പിന് അപേക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ധാരണ ഇന്നും കുറവാണ്. ഇൻസ്റ്റിറ്റ്യൂഷനിലെ സംശയങ്ങൾ പരിഹരിച്ച് അവ ജില്ലാ വകുപ്പിലേക്ക് എത്തിയാലും അവിടേയും ഫയലുകൾ തടഞ്ഞുവെക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഫയലുകളിൽ പ്രശ്‌നങ്ങളില്ല എങ്കിൽ പോലും ജില്ലാ ഓഫീസിൽ ഗവേഷകരുടെ അപേക്ഷകൾ അപ്രൂവ് ചെയ്യാൻ താമസം നേരിടുന്നുണ്ട്. കൃത്യമായ ഫണ്ട് വകയിരുത്താനില്ല എങ്കിൽ ഗവേഷകരുടെ ഇ-ഗ്രാന്റ്‌സ് ഫയലുകൾ ഡയറക്ടറേറ്റിലേക്ക് അപ്രൂവ് ചെയ്യരുതെന്ന നിർദ്ദേശമുള്ളതുപോലെയാണ് കാര്യങ്ങൾ. ഓരോ മാസത്തേയും അപേക്ഷകൾ ഗവേഷകർ കൃത്യമായി നൽകിയാൽ പോലും ആ തുക ലഭിക്കാൻ കാത്തിരിക്കേണ്ടിവരുന്നത് 8 മുതൽ 12 മാസം വരെയാണ്. അതിനിടയിൽ ഏതെങ്കിലും തരത്തിൽ സൈറ്റ് ഇഷ്യൂസോ മറ്റ് പ്രശ്‌നങ്ങളോ നേരിടേണ്ടി വന്നാൽ ഫെല്ലോഷിപ്പിന് ഒന്നര വർഷത്തോളം പിന്നേയും കാത്തിരിക്കേണ്ടിവരും.

സമയോചിതമായി ഫെല്ലോഷിപ്പ് നൽകുക എന്നതുപോലെ ഫെല്ലോഷിപ്പിന് അപേക്ഷിക്കുന്നതിലുള്ള ഉയർന്ന പ്രായപരിധി എടുത്തുകളയുക എന്നതും നീതിയുക്തമായ കാര്യമാണ്. ജീവിതസാഹചര്യങ്ങളോട് പൊരുതി മുഴുവൻ സമയ ഗവേഷണത്തിലേക്ക് മാറുന്ന വ്യക്തികൾക്ക് മറ്റ് സാമ്പത്തിക വരുമാനം ഇല്ലെന്നിരിക്കെ, അവരുടെ പ്രായം വിലയിരുത്തി ഫെല്ലോഷിപ്പിന് അർഹരല്ല എന്ന് വിധിക്കുന്നതിൽ അർത്ഥമില്ല. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന മന്ത്രാലയവും അതിനു കീഴിലെ ജീവനക്കാരും ഈ അനാസ്ഥക്ക് ചുക്കാൻ പിടിക്കുന്നു എന്നല്ലാതെ ഇതിനൊരു ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നുമില്ല, അത് നടപ്പിലാക്കുന്നുമില്ല.

Comments