ഇന്ത്യയെ രൂപപ്പെടുത്തിയ ബഹുസ്വരമായ രാഷ്ട്രീയചരിത്രം വിദ്യാർഥികൾക്ക് വിലക്കുന്ന എൻ.സി.ഇ.ആർ.ടിയുടെ സിലബസ് പരിഷ്‌കാരങ്ങൾ എങ്ങനെയാണ് നമ്മുടെ ഭാവി തലമുറയെ അപകടത്തിലാക്കാൻ പോകുന്നത് എന്നത് ആഴമേറിയ പരിശോധന ആവശ്യപ്പെടുന്ന ഒന്നാണ്. എൻ.സി.ഇ.ആർ.ടി യുക്തിസഹമായി പരിഷ്‌കരിച്ചു എന്നവകാശപ്പെടുന്ന ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ, കേന്ദ്ര ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രവും രൂപപ്പെടുത്തിയെടുക്കുന്ന ഒരു ദേശനിർമിതിക്കുവേണ്ട ശില പാകലാണ്.
കോവിഡാനന്തര കാലത്ത് വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാനാണ് സിലബസ് യുക്തിസഹമായി പരിഷ്‌കരിക്കുന്നത് എന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം. ആഗോളതലത്തിൽ തന്നെ അക്കാദമികവും അല്ലാത്തതുമായ വൈജ്ഞാനിക മേഖലയിൽ കോവിഡ് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പുതിയ രീതിശാസ്ത്രവും അവയ്ക്കുവേണ്ട ഡിവൈസുകളും പഠനത്തിലെ പാരമ്പര്യ ക്ലാസ് മുറികളെ അപ്രസക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യവിഭവശേഷിയുള്ള ഇന്ത്യക്ക് ഈ മാറ്റത്തിൽനിന്ന് മാറിനിൽക്കാനുമാകില്ല. എന്നാൽ, ഈയൊരു പാശ്ചാത്തലമല്ല, എൻ.സി.ഇ.ആർ.ടിയുടെ ചരിത്രനിർമിതിക്കുപുറകിലുള്ളത്. അത്, ഇന്ത്യ എന്ന രാജ്യത്തെ രൂപപ്പെടുത്തിയ, ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും സകല അടിത്തറകളെയും തകർക്കുന്ന ഒന്നാണ്. എൻ.സി.ഇ.ആർ.ടി, പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന യുക്തി, നമ്മുടെ വിദ്യാർഥികളുടെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഒരാസൂത്രിത യുക്തിയാണ് എന്നർഥം.
വിദ്യാർഥികൾക്ക് വിലക്കപ്പെട്ട പാഠഭാഗങ്ങൾ ഈ ആസൂത്രിത നീക്കം വെളിപ്പെടുത്തുന്നു.
മുഗൾ ചരിത്രം, രാജാക്കന്മാരുടെ വംശാവലീചരിത്രമായല്ല ഈ പാഠപുസ്തകങ്ങളിലുണ്ടായിരുന്നത്. മറിച്ച്, അക്കാലത്തെ സാമ്പത്തിക ചരിത്രം, കാർഷികബന്ധങ്ങൾ, ഗ്രാമീണ സ്ത്രീ ജീവിതം, സാങ്കേതികവിദ്യ, ഗോത്രജീവിതം തുടങ്ങിയ വിഷയങ്ങളാണ് മുറിച്ചുമാറ്റിയത്. സംഘ്പരിവാർ എഴുതിക്കൊണ്ടിരിക്കുന്ന പുതിയ ഇന്ത്യാ ചരിത്രത്തിലെ അധ്യായങ്ങൾ അക്ഷരതെറ്റില്ലാതെ എൻ.സി.ഇ.ആർ.ടിയുടെ പുതിയ പാഠപുസ്തകങ്ങളിൽ കാണാം. ഹിന്ദു- മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ, ഗാന്ധിവധത്തിനുപുറകിലെ ഗൂഢാലോചനയുടെ സൂചനയുള്ള ഭാഗങ്ങൾ, ആർ.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള പരാമർശം, സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരങ്ങൾ, നക്‌സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയയൊന്നും ഇല്ലാത്തതായിരിക്കും ചരിത്രപുസ്തകങ്ങൾ. സ്വയംഭരണാധികാരം നിലനിർത്തുമെന്ന ഉറപ്പിലാണ് ജമ്മു കശ്മീർ ഇന്ത്യയിൽ ലയിച്ചത് എന്ന ചരിത്രവും ഇന്ന് വിലക്കപ്പെട്ടതായി മാറുന്നു.
12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ അധികാര ദുർവിനിയോഗം, നിർബന്ധിത വന്ധ്യംകരണം, കസ്റ്റഡി മരണങ്ങൾ എന്നിവ ഒഴിവാക്കിയത് ഒരു ക്രൂരഫലിതം കൂടിയാണ്, അടിയന്തരാവസ്ഥയിലേതിനേക്കാൾ ഹിംസാത്മകമായ സേച്ഛാധിപത്യ ഭരണകൂടത്തിന്റെ കാലത്ത്.
പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്ന പുസ്തകത്തിൽനിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ ഈ പുതുചരിത്രനിർമിതിയുടെ രാഷ്ട്രീയം പുറത്തുകൊണ്ടുവരുന്നു: ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളാണ് ഒഴിവാക്കിയത്. മതവും വംശീയതയും എങ്ങനെയാണ് സാമൂഹിക വേർതിരിവുണ്ടാക്കുന്നത് എന്ന് വിശദീകരിക്കുന്ന, 11ാം ക്ലാസിലെ സോഷ്യോളജി പുസ്തകത്തിലെ അണ്ടർസ്റ്റാന്റിംഗ് സൊസൈറ്റി എന്ന ഭാഗത്തായിരുന്നു ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പരാമർശിച്ചിരുന്നത്. അത് പഠിക്കാനുമുണ്ട് വിലക്ക്.
മദ്രാസ്, കൽക്കത്ത, മുംബൈ തുടങ്ങിയ അർബൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള ചരിത്രം ഒഴിവാക്കിയത് വിഷമകരമായ പാഠഭാഗങ്ങൾ എന്ന നിലക്കാണ്. ഇന്ത്യ വിഭജനത്തെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കാൻ പറഞ്ഞ വിചിത്രന്യായം, ഇന്ന് അതിന് പ്രസക്തിയില്ല എന്ന്.
ഏറ്റവും ഒടുവിൽ, 11ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ 'ഭരണഘടന- എന്തുകൊണ്ട്, എങ്ങനെ' എന്ന ഭാഗത്തുനിന്ന് മൗലാനാ അബുൾകലാം ആസാദിന്റെ പേരാണ് ഒഴിവാക്കിയത്. കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകളിൽനിന്നാണ് ആസാദിനെ പേര് നീക്കിയത്. കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു, ഇന്ത്യയുടെ മുൻ വിദ്യാഭ്യാസ മന്ത്രിയായ ആസാദ് എന്ന് ഇനി വിദ്യാർഥികൾ ഓർത്തിരിക്കേണ്ടതില്ല.
മാത്തമാറ്റിക്‌സ്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ നടത്തിയ ആയുധപ്രയോഗം, ചരിത്രവിഷയങ്ങളെപ്പോലെ, അത്ര ശ്രദ്ധ നേടാതെ പോയിട്ടുണ്ട്. വിദ്യാർഥികളുടെ അപഗ്രഥനശേഷി ശാസ്ത്രീയമായി പരിശോധിക്കാനുതകുന്ന വിവരണാത്മക പരീക്ഷാരീതിയിൽനിന്ന് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള എൻട്രൻസുകളിലേക്ക് ബിരുദം അടക്കമുള്ള കോഴ്‌സുകളുടെ പ്രവേശനം ചിട്ടപ്പെടുത്തിയതിന് അനുസൃതമായാണ് ശാസ്ത്രവിഷയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഒരുതരം വരേണ്യതയെ പുനരാനയിക്കുന്ന ഈ പുത്തൻ രീതിക്ക് കഴിഞ്ഞവർഷം, ഡൽഹി യൂണിവേഴ്‌സിറ്റി പ്രവേശനത്തിൽ കേരള സിലബസ് വിദ്യാർഥികൾ ഇരകളായത് ഓർക്കുമല്ലോ.
കമ്പോള വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പെഡഗോഗിയാണ് ഇതിലൂടെ രൂപപ്പെടുന്നത്. ചരിത്ര, സാമൂഹികശാസ്ത്ര വിഷയങ്ങളിലേതുപോലെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും നടത്തുന്ന തിരുത്തലുകൾ, ഭാവിയിലെ മാർക്കറ്റിനുവേണ്ട ടൂളിനെ രൂപപ്പെടുത്തുകയാണ് ചെയ്യുക. ഈ ദിശയിലുള്ള ഒരു പരിപ്രേക്ഷ്യം പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവച്ചിട്ടുണ്ട്. അതിനൊത്തവിധമാണ്, ഈ പുറത്താക്കലുകൾ.
സിലബസ് രൂപീകരണവും നവീകരണവും വിപുലമായ ആലോചനകളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട കാര്യമാണ്. അതിന് അക്കാദമികമായ നീതീകരണം വേണം. സിലബസ് പഠനത്തിനുള്ള രീതിശാസ്ത്രമായതുകൊണ്ടുതന്നെ, സങ്കുചിതമായ പ്രത്യയശാസ്ത്രപ്രയോഗം അതിന്റെ ലക്ഷ്യമാകരുത്. വിദഗ്ധരുടെ തലത്തിൽ ഇതുസംബന്ധിച്ച് ഒരുതരം ആലോചനകളുമുണ്ടായിട്ടില്ല എന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 15 വർഷമായി വിദ്യാർഥികൾ പഠിച്ചുവരുന്ന ഈ ഭാഗങ്ങൾ എന്തുകൊണ്ടാണ് ഒഴിവാക്കുന്നത് എന്നതിന് എൻ.സി.ഇ.ആർ.ടിക്ക് യുക്തിസഹമായ വിശദീകരണം നൽകാനായിട്ടില്ല.
പുതിയ വിദ്യാഭ്യാസ നയം, വിമർശന രഹിതമായി നടപ്പാക്കേണ്ട നിർബന്ധിതാവസ്ഥയിലാണ് സംസ്ഥാനങ്ങൾ. എൻ.സി.ഇ.ആർ.ടിയുടെ പുതിയ പുസ്തകങ്ങളും, ബലപ്രയോഗത്തിനുസമാനമായ ഒരു ബാധ്യതയോടെ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. ഹയർസെക്കൻഡറി തലത്തിൽ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ പഠിപ്പിക്കുന്ന കേരളത്തിൽ, ഒഴിവാക്കിയ ഭാഗങ്ങൾ പഠിപ്പിക്കുമെന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടുണ്ട്. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കൈപ്പുസ്തകം തയാറാക്കി ഇതിലെ ഭാഗങ്ങൾ പഠിപ്പിക്കാൻ അധ്യാപകരോട് നിർദേശിക്കാം എന്നൊരു പോംവഴിയാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഒഴിവാക്കപ്പെട്ട ഭാഗങ്ങളുള്ള പുസ്തകങ്ങൾ മാത്രമാണ് എൻ.സി.ഇ.ആർ.ടി നിർദേശിക്കുന്നത് എങ്കിൽ അവ അച്ചടിക്കാനും പഠിപ്പിക്കാനും കേരളം നിർബന്ധിതമാകും. കേരളത്തിനുമാത്രമായി ഇളവ് ലഭിക്കാനും സാധ്യതയില്ല.
ചരിത്രത്തിൽ ഇതുവരെയുണ്ടായിരുന്ന ഒരു രാഷ്ട്രത്തെ ഇല്ലാതാക്കാനൊരുങ്ങുന്ന ഭരണകൂടത്തിന്റെ സിലബസാണ് നമ്മുടെ വിദ്യാർഥികൾക്കുമുന്നിലെത്തുന്നത്. ഭാവിയിലെ ഒരു ഇന്ത്യൻ വിദ്യാർഥിയെക്കുറിച്ച് ആശങ്കയല്ലാതെ എന്താണ് ബാക്കിയാകുന്നത്?