കീഴുദ്യോഗസ്ഥരെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും കാലു പിടിപ്പിക്കുന്നതുമൊക്കെ ഹരമായിരുന്ന, അതിൽ ഓർഗാസം അനുഭവിക്കുന്ന ഫ്യൂഡൽ വർഗ്ഗത്തിന്റെ, ഉദ്യോഗസ്ഥ പ്രഭുത്വത്തിന്റെ, ഭരണാധികാരത്തിന്റെ പ്രതിരൂപങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്നത് എന്നതിന് ഒരു സംശയവും വേണ്ട. കാരണം പയ്യന്നൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ മലയാളം ഹയർ സെക്കന്ററി അധ്യാപകനായ പി.പ്രേമചന്ദ്രന്, ലേഖനമെഴുതിയതിന്റെ പേരിൽ സർവ്വീസ് ചട്ടലംഘനം ആരോപിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്, പ്രേമചന്ദ്രൻ നൽകിയ മറുപടി തൃപ്തികരമല്ലത്രേ. ആയതിനാൽ പ്രേമചന്ദ്രനെതിരായ അന്വേഷണം തുടരുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആയതിന്റെ ഉത്തരവ് പകർപ്പ് മാഷ്ക്ക് കിട്ടി.
മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാൽ, അയ്യോ ലേഖനമെഴുതിയത് തെറ്റായിപ്പോയേ ഞാനിനി ലേഖനമെഴുതില്ലായേ, വിദ്യാഭ്യാസ നയങ്ങളെ വിമർശിക്കില്ലായേ, എന്നോട് ക്ഷമിക്കേണമേ, മാപ്പാക്കണമേ, ലേലു അല്ലു ലേലു അല്ലു, എന്നെ അഴിച്ചുവിട് എന്ന് അപേക്ഷിച്ചില്ല എന്ന്. മാഷ് പേടിച്ച് വിറച്ചില്ലായെന്ന്. സി.ബി.എസ്.ഇ ലോബിയ്ക്കു മുന്നിൽ മുട്ടിലിഴഞ്ഞില്ലായെന്ന്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിനും സാധാരണക്കാരായ കുട്ടികൾക്കും വേണ്ടി ഒരു സംശയവുമില്ലാതെ നിന്നു, നിൽക്കുന്നു എന്ന്. അവകാശബോധവും കുട്ടികളോട് പ്രതിബദ്ധതയുമുള്ള ഒരു അധ്യാപകന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്.
ട്രൂ കോപ്പി തിങ്കിലാണ് ഇക്കഴിഞ്ഞ ജനുവരി 15ന് പി. പ്രേമചന്ദ്രന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. " ബി ഗ്രേഡിൽ കേരളത്തിലെ കുട്ടികൾ സി. ബി. എസ്. ഇ യുടെ മുന്നിൽ മുട്ടിലിഴയട്ടെ; ഇതാ മറ്റൊരു അട്ടിമറിക്കഥ" എന്നായിരുന്നു തലക്കെട്ട്.
അതിൽ മാഷ് ഇങ്ങനെ എഴുതിയിരുന്നു:
"കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിൽ എസ്. എസ്. എൽ. സി, പ്ലസ് ടു റിസൾട്ടുകൾ, അതിലെ ഉന്നത ഗ്രേഡുകൾ അതിശയകരമാം വിധം ഇക്കുറി താഴെ പോകും. കഴിഞ്ഞ വർഷത്തിന്റെ പകുതിപോലും കുട്ടികൾക്ക് എ, എ പ്ലസ് ഗ്രേഡുകൾ ലഭിക്കില്ല. ഈ രീതിയിൽ കുട്ടികൾക്ക് മാർക്ക് ലഭിക്കാൻ പാടില്ല എന്ന കർശന നിർദ്ദേശങ്ങളോടെയാണ് ചോദ്യപേപ്പറുകൾ ഉണ്ടാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ കുട്ടികളോട് കണ്ണിൽ ചോരയിലാത്ത ഈ ക്രൂരത പരീക്ഷയ്ക്ക് തൊട്ടുമുന്നിൽ അവർ നിൽക്കുമ്പോൾ ചെയ്തതിന് മറ്റാരുമല്ലെങ്കിൽ കൂടി, കേരളത്തിലെ അധ്യാപക / വിദ്യാർത്ഥി സംഘടനകളെങ്കിലും നാളെ ഉത്തരം പറയേണ്ടിവരും എന്നത് തീർച്ചയാണ്.'
ഇത്തവണത്തെ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷ കഴിഞ്ഞപ്പോൾ പ്രേമചന്ദ്രൻ മാഷ് നൽകിയ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന് വന്നു. കഠിനമായിരുന്നു കുട്ടികൾക്ക് പരീക്ഷ. ആർക്കു വേണ്ടിയാണ് ചോദ്യപ്പേപ്പറുകൾ കഠിനമാക്കിയത്? സി.ബി. എസ്. ഇ ലോബിയ്ക്കു വേണ്ടി. ഈ മുന്നറിയിപ്പ് നൽകിയ പ്രേമചന്ദ്രൻ മാഷ്ക്കെതിരെ നടപടിയുണ്ടാവേണ്ടത് ആരുടെ ആവശ്യമാണ്? ഇതേ സി.ബി. എസ്. ഇ ലോബിയുടെ.
ചട്ടലംഘനം നടത്തി ലേഖനമെഴുതി എന്ന് സാങ്കേതികതയുടെ ബാലിശമായ നൂലിൽ പിടിച്ച് തൂങ്ങി വാദിക്കാമെങ്കിലും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളർത്തി സർക്കാരിന് എതിരാക്കുവാൻ ശ്രമിച്ചു എന്ന കുറ്റം ആരോപിക്കുന്നത് ഏത് താത്പര്യത്തിനു പുറത്താണ്? പരീക്ഷാ നടത്തിപ്പിലെ പിഴവ് ചൂണ്ടിക്കാണിക്കുമ്പോൾ സർക്കാരിനെതിരായ ഗൂഢാലോചനയാണത് എന്ന് പറയുന്നത് ഏത് ഇടത്പക്ഷ ബോധ്യമാണ്.
കാരണം കാണിക്കൽ നോട്ടീസ് നൽകിയ സമയത്ത് വ്യാപകമായ പ്രതിഷേധം പല കോണുകളിൽ നിന്ന് ഉയർന്ന് വന്നിരുന്നു. സാംസ്കാരിക രംഗത്തെയും - അക്കാദമിക് രംഗത്തെയും പ്രമുഖർ അന്ന് നടപടിയ്ക്കെതിരെ ശക്തമായി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പറഞ്ഞത്,
വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം വിഭ്യാഭ്യാസ വകുപ്പിനില്ലെന്നും, ഇതിന്റെ പേരിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കില്ലെന്നുമായിരുന്നു.
കാര്യങ്ങൾ വീണ്ടും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് എക്സാമിനേഷൻ വിഭാഗം ജോയിന്റ് ഡയറക്ടർ വിവേകാനന്ദനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുന്നു.
അപ്പോൾ ആരാണ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത്? വിദ്യാഭ്യാസ മന്ത്രിയോ സി.ബി.എസ്.ഇ പ്രണയികളായ ഉദ്യോഗസ്ഥരോ?
ഇനി അറിയാനുള്ളത് പി.പ്രേമചന്ദ്രൻ അംഗമായ ഇടതുപക്ഷ അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.എസ്.ടി.എ മൗനവ്രതത്തിലാണോ എന്നാണ്. സംഘടനയുടെ ഉദ്ദേശ്യലഷ്യങ്ങളിൽ സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനും എതിരായ മുദ്രാവാക്യങ്ങളെക്കുറിച്ച് പറയുന്നത് വായിച്ചിരുന്നു. അധ്യാപകരുടെ സാമൂഹ്യ പദവി ഉയർത്തുന്നതിനും പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റുകളുടെ നിർദ്ദയമായ പെരുമാറ്റത്തോടുള്ള പോരാട്ടങ്ങളെക്കുറിച്ചും വായിച്ചിരുന്നു. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ട്രേഡ് യൂണിയൻ എന്ന നിലയിൽ കെ.എസ്.ടി.എ. നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ചും വായിച്ചു. ആ സമരങ്ങളും മുന്നേറ്റങ്ങളും 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം ആയിരുന്നോ? കൂട്ടത്തിലൊരാൾ ഒരു ലേഖനമെഴുതിയതിന് ക്രൂശിക്കപ്പെടുമ്പോൾ ഒരു ട്രേഡ് യൂണിയൻ സംഘടനയെന്ന നിലയിൽ ഒന്നും തോന്നുന്നില്ലേ? ഒരഭിപ്രായവും ഈ വിഷയത്തിൽ സംഘടനയ്ക്കില്ലേ? പി.പ്രേമചന്ദ്രൻ മാപ്പ് പറയുകയാണ് വേണ്ടത് എന്നാണ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അധ്യാപക സംഘടനയുടെ അഭിപ്രായമെങ്കിൽ അത് തുറന്ന് പറയണം. കുട്ടികൾക്കും പൊതു വിദ്യാഭ്യാസ രംഗത്തിനും വേണ്ടിയാണ് പ്രേമചന്ദ്രൻ മാഷ് നിലകൊണ്ടത് എന്ന് ബോധ്യമുണ്ടെങ്കിൽ മാഷ്ക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാവണം. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം എന്ന കാലഹരണപ്പെട്ട നിയമം കാലത്തിനനുസരിച്ച് പുതുക്കാനും സമരം ചെയ്യാവുന്നതാണ്.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, പ്രേമചന്ദ്രൻ മാഷുടെ ലേഖനം വായിച്ചിട്ടില്ലായിരിക്കാം. സി.ബി.എസ്.ഇ സിലബസിനെക്കുറിച്ചല്ലാത്തതുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വായിക്കാൻ തോന്നിയിട്ടുമുണ്ടാവില്ല. പക്ഷേ പൊതു സമൂഹം അത് വായിച്ചിട്ടുണ്ട്. കുട്ടികൾക്കൊപ്പം നിൽക്കുന്നത് സർവ്വീസ് ചട്ടലംഘനമല്ലാ എന്ന് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അറിയുകയും ചെയ്യാം. തങ്ങൾക്ക് തൃപ്തികരമല്ലാത്ത രീതിയിൽ മറുപടി പറഞ്ഞ മാഷെക്കൊണ്ട് ഉദ്യോഗസ്ഥ - ഭരണ വർഗ്ഗ മേലാളൻമാർക്ക് തൃപ്തികരമാവുന്ന രീതിയിൽ മാപ്പ് പറയിക്കലാണ് ഉദ്ദേശ്യമെങ്കിൽ ജന്മിമാരുടെയും ഫ്യൂഡൽ പ്രഭുക്കന്മാരുടേയും കാലമൊക്കെ കഴിഞ്ഞിട്ട് നാളേറെയായി എന്ന് മാത്രം മന്ത്രി വി. ശിവൻകുട്ടിയെയും പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനേയും ഓർമിപ്പിക്കട്ടെ.