ഭാവിയിലേക്ക്​ യന്ത്ര തലമുറകളെ സൃഷ്​ടിക്കുന്ന
​ദേശീയ വിദ്യാഭ്യാസ നയം

അശാസ്ത്രീയമായ പഠന-ബോധന സമീപനങ്ങൾ മുന്നോട്ടുവെക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പ്രതികരണമുയർന്നുവരണം. ചിന്തയും മാനുഷിക വികാരങ്ങളും ഇല്ലാത്ത കെട്ടകാലത്തിന്റെ വരവിനെ തടയാൻ ഇതാണ് ഏക പോംവഴി.

‘കൊഗ്​നിറ്റീവ്​ ആർക്കിടെക്​ചർ’ മനസിലാക്കാതെയുള്ള പഠനം അന്ധമാണ്.'
​- ജോൺ സ്വെല്ലർ, കൊഗ്നിറ്റീവ് ലോഡ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.

വിജ്ഞാനത്തെ സംബന്ധിച്ച ധാരണകൾ, മറ്റേതൊരു വിഷയത്തിലുമെന്നപോലെ നിരന്തര മാറ്റത്തിന് വിധേയമാണ്. ജ്ഞാനത്തെ സംബന്ധിച്ച ധാരണകൾ മാറുന്നതിനൊപ്പം പഠന- ബോധന പ്രക്രിയകളിലും ഉള്ളടക്കത്തിലുമൊക്കെ മാറ്റം വരുത്തേണ്ടത് അനിവാര്യമായി വരും. ഇത്തരം മാറ്റങ്ങളെ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും എത്തിക്കലാണ് വിദ്യാഭ്യാസ നയനിർമിതാക്കളുടെ ദൗത്യം. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം- 2020 (എൻ.ഇ.പി-2020) വിജ്ഞാനത്തെ സംബന്ധിച്ച ആധുനിക ധാരണകളെ അംഗീകരിക്കുന്നില്ല, അതിനാൽതന്നെ ഒട്ടുമേ ആധുനികവുമല്ല, അത്​ മുന്നോട്ടുവെക്കുന്ന പഠന-ബോധന രീതികൾ.

കുട്ടിയെ പരമാവധി പഠിപ്പിക്കാതിരിക്കുകയാണ് എൻ.ഇ.പി- 2020 മുന്നോട്ടുവെക്കുന്ന സമീപനം

സ്വാഭാവികമോ കൃത്രിമമോ ആയ പരീക്ഷണങ്ങളിലൂടെയും നിരന്തര നിരീക്ഷണങ്ങളിലൂടേയും വിവിധ തലങ്ങളിലെ പരിശോധനകളിലൂടെയുമാണ് മനുഷ്യൻ ജ്ഞാനം ആർജിക്കുന്നതെന്ന കാഴ്ചപ്പാടാണ് ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്നത്. നിലനിൽപ്പിനായി പരിണാമപരമായി കൈമാറ്റം ചെയ്യപ്പെട്ട സഹജ വാസനയ്ക്ക് തത്തുല്യമായ ചില വിവരങ്ങളുമായാണ് (അങ്ങനെ വിളിക്കാമെങ്കിൽ) ഒരു മനുഷ്യശിശു ജനിക്കുന്നത്. സമൂഹം അന്നുവരെ ആർജിച്ച മറ്റെല്ലാ ധാരണകളും കുട്ടി ചുറ്റുപാടുമായി പ്രതിപ്രവർത്തിച്ചും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായും ആർജിക്കുന്നതാണ്. എന്നാൽ, ജ്ഞാനം ഓരോ വ്യക്തിയിലും കുടികൊള്ളുന്നുണ്ടെന്നും ആ ജ്ഞാനത്തെ പൂർണതയിലെത്തിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്ന അടിസ്ഥാന കാഴ്ചപ്പാടിൽ നിന്നാണ് ദേശീയ വിദ്യാഭ്യാസ നയം പഠന-ബോധന സമീപനങ്ങൾ വികസിപ്പിച്ചിട്ടുള്ളത് (NEP മലയാളം, പേജ് 15).

ജ്ഞാനം ഓരോ വ്യക്തിയിലും അന്തർലീനമാണ് എന്നതിനാലാവാം പഠനം, അന്വേഷണാത്മകവും കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതും പരീക്ഷണാത്മകവും പഠിക്കാൻ പഠിപ്പിക്കുന്നതും ഉള്ളടക്കത്തേക്കാൾ വിമർശന ചിന്തയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശേഷി നൽകുന്നതായിരിക്കണമെന്ന ആശയം എൻ.ഇ.പി- 2020 മുന്നോട്ടുവെക്കുന്നത്​. (NEP മലയാളം, പേജ് 15)
പാഠ്യപദ്ധതിയുടെ ഉള്ളടക്കം ഓരോ വിഷയത്തിലും അതിന്റെ പ്രധാന സാരാംശങ്ങളിലേക്ക് ചുരുക്കുമെന്നും പഠിതാവിൽ കേന്ദ്രീകരിക്കുകയും ചർച്ചകളിൽ ഊന്നുകയും ചെയ്യുമെന്നും ആസ്വാദ്യകരമാക്കുമെന്നും എൻ.ഇ.പി പറയുന്നു. അതിനായി പ്രായോഗികതയിലൂന്നിയ പ്രവൃത്തി പരിചയത്തിലൂടെയുള്ള പഠനം, കഥ പറച്ചിലൂടെയുള്ള പോലുള്ള ബോധന മാർഗങ്ങൾ അവലംബിക്കുകയും ചെയ്യും. (NEP മലയാളം, പേജ് 15). കുട്ടിയെ പരമാവധി പഠിപ്പിക്കാതിരിക്കുകയാണ് എൻ.ഇ.പി- 2020 മുന്നോട്ടുവെക്കുന്ന സമീപനമെന്ന് ഇതിൽ നിന്ന്​ വ്യക്തമാണല്ലോ.

ജ്ഞാനം അഥവാ ആശയം സ്വതന്ത്രമായി നിലനിൽക്കുന്നെന്ന കാഴ്ചപ്പാട് അറുപഴഞ്ചനും അശാസ്ത്രീയവുമാണ്. ആധുനിക വിദ്യാഭ്യാസം പ്രകൃതിയുടേയും സമൂഹത്തിന്റേയും തുറസ്സിലേക്ക് പഠിതാവിനെ ആനയിക്കുമ്പോൾ വ്യക്തിയിൽ അന്തർലീനമായ ജ്ഞാനത്തെ തിരയുന്നവർ തന്നിൽതന്നെ ഒടുങ്ങുന്നു.

മേൽപ്പറഞ്ഞ കാഴ്ചപ്പാടുകളൊന്നും നമുക്ക് പുതിയതല്ല. 1996-ൽ തന്നെ യുനെസ്‌കോ Learning the treasure within എന്ന സങ്കൽപ്പം അവതരിപ്പിച്ചിരുന്നു. 1997 മുതൽ വിമർശനാത്മക ബോധനമെന്ന പേരിൽ കേരളത്തിലെ പാഠ്യപദ്ധതിയിൽ കൊണ്ടുവന്ന മാറ്റങ്ങളൊക്കെയും ഈ ആശയമനുസരിച്ചുള്ളതായിരുന്നു. ‘അറിവ് നിർമിച്ചെടുക്കുന്നതിനും സമൂഹത്തിൽ വിനിമയം ചെയ്യുന്നതിനും വിദ്യാഭ്യാസത്തിലൂടെ കഴിവ് ആർജിക്കേണ്ടതുണ്ട്' എന്ന്​ കേരള കരിക്കുലം ചട്ടക്കൂട്​ പറയുന്നു (കേരള കരിക്കുലം ചട്ടക്കൂട് KCF 2007, പേജ് 11). വിദ്യാഭ്യാസം, വിമർശനാത്മക പഠനത്തെ പരിപോഷിപ്പിക്കുന്നതായിരിക്കണമെന്നും KCF 2007 വിശദീകരിക്കുന്നു. 1993ൽ അവതരിപ്പിക്കപ്പെട്ട യശ്പാൽ കമ്മിറ്റി റിപ്പോർട്ടിന്റെ തലക്കെട്ട് തന്നെ ‘ഭാരമില്ലാത്ത പഠനം' എന്നായിരുന്നു. ടെക്​സ്​റ്റ്​ പുസ്തകങ്ങളുടെ വികേന്ദ്രീകൃതമായ രൂപവൽക്കരണം വഴി ഉള്ളടക്കത്തിന്റെ ഭാരം കുറയ്ക്കാമെന്ന നിർദേശം മുന്നോട്ടുവെക്കപ്പെട്ടു. സമാന കാഴ്ചപ്പാടുകൾ തന്നേയാണ് എൻ.ഇ.പിയും അവതരിപ്പിച്ചിട്ടുള്ളത്.

1993ൽ അവതരിപ്പിക്കപ്പെട്ട യശ്പാൽ കമ്മിറ്റി റിപ്പോർട്ടിന്റെ തലക്കെട്ട് തന്നെ ‘ഭാരമില്ലാത്ത പഠനം' എന്നായിരുന്നു. ടെക്​സ്​റ്റ്​ പുസ്തകങ്ങളുടെ വികേന്ദ്രീകൃതമായ രൂപവൽക്കരണം വഴി ഉള്ളടക്കത്തിന്റെ ഭാരം കുറയ്ക്കാമെന്ന നിർദേശം മുന്നോട്ടുവെക്കപ്പെട്ടു.

ജ്ഞാനം വ്യക്തിയിൽ അന്തർലീനമാണ് എന്നുപറഞ്ഞ് തുടങ്ങുന്നതുമുതൽ ആരംഭിക്കുന്നു എൻ.ഇ.പി- 2020ലെ അശാസ്ത്രീയത. കേൾക്കാൻ സുഖമുള്ള വാദമാണിത്. പക്ഷേ, ജ്ഞാനം അഥവാ ആശയം സ്വതന്ത്രമായി നിലനിൽക്കുന്നെന്ന കാഴ്ചപ്പാട് അറുപഴഞ്ചനും അശാസ്ത്രീയവുമാണ്. ആധുനിക വിദ്യാഭ്യാസം പ്രകൃതിയുടേയും സമൂഹത്തിന്റേയും തുറസ്സിലേക്ക് പഠിതാവിനെ ആനയിക്കുമ്പോൾ വ്യക്തിയിൽ അന്തർലീനമായ ജ്ഞാനത്തെ തിരയുന്നവർ തന്നിൽതന്നെ ഒടുങ്ങുന്നു. പഠിതാവിന്റെ ചിന്ത പരിപൂർണമായും വ്യക്തിയിലും അയാളുടെ മാത്രം ആനന്ദങ്ങളിലും കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു.

എൻ.ഇ.പി- 2020 മുന്നോട്ടുവെക്കുന്ന അന്വേഷണാത്മകവും കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതും പരീക്ഷണാത്മകവും പഠിക്കാൻ പഠിപ്പിക്കുന്നതും, ഉള്ളടക്കത്തേക്കാൾ വിമർശന ചിന്തയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശേഷി നൽകുന്നതുമായിരിക്കണം വിദ്യാഭ്യാസം എന്നുതുടങ്ങിയ ആശയങ്ങൾ കുറഞ്ഞ ഉള്ളടക്കത്തിലേക്കുള്ള പരിവർത്തനത്തിന്റെ (minimal guidance approach) പല പേരിലുള്ള അവതരണങ്ങൾ മാത്രമാണ്. ‘കണ്ടെത്തിയുള്ള പഠനം’ എന്ന പേരിൽ 1961- ൽ ജെറോം ബെർണറും 1973- ൽ ഡൗ എസ്. ആന്റണിയും ‘പ്രശ്‌നോന്നിത പഠനം’ എന്ന പേരിൽ എച്ച്. സ്‌കിമിഡിറ്റും 1980ൽ ഡാംബ്ലിൻ. ആർ.എമ്മും, ‘അന്വേഷണത്മക പഠനം’ എന്ന പേരിൽ 1964- ൽ എഫ്.ജെ റുഥർഫോർഡും 1980- ൽ സെയ്‌മോർ പപേർട്ടും ‘പരീക്ഷണാത്മക പഠനം’ എന്ന പേരിൽ 1975- ൽ ഡി.എ കോൽബും ആർ. ഫ്രേയും മുന്നോട്ടുവെച്ച ആശയങ്ങൾ, ‘നിർമിതി പഠനം’ (constructivist learning) എന്ന പേരിൽ ഡി.എച്ച്. ജൊനാസനും 1995-ൽ എൽ.പി.സ്റ്റെഫെയും ജെ. ഇ. ഖാലേയും മുന്നോട്ടുവെച്ച ആശയങ്ങൾ എല്ലാം ഈ ഗണത്തിൽപ്പെടുന്നു. ഇവയെല്ലാം ഒരേ ആശയമാണ് മുന്നോട്ടുവെക്കുന്നത്- അറിവ് കൈമാണ്ടേതില്ല എന്ന ആശയം. എന്തെങ്കിലും തെളിവുകളുടെ പിൻബലത്തിലേയല്ല ഈ സിദ്ധാന്തം നിലനിൽക്കുന്നത്. എങ്കിലും, 90- കൾക്കുശേഷം ലോകം മുഴുവൻ വിദ്യാഭ്യാസ മണ്ഡലത്തിൽ നടപ്പിലാക്കപ്പെട്ട പഠന- ബോധന സിദ്ധാന്തമാണ് സാമൂഹ്യ ജ്ഞാന നിർമിതിവാദം. എൻ.ഇ.പി- 2020- ഉം സാമൂഹ്യ നിർമിതിവാദം തന്നെയാണ് നടപ്പിലാക്കുന്നത്​.

ചുരുങ്ങിയ മാർഗനിർദേശങ്ങളെയും പഠിപ്പിക്കലിനേയും മാത്രം അടിസ്ഥാനപ്പെടുത്തി പഠിതാവ് ഉത്തരത്തിലേക്ക് സ്വയം എത്തിച്ചേരുന്നത് കൂടുതൽ മനസിലാക്കുന്നതിന് സഹായിക്കും എന്നാണ് ജ്ഞാനനിർമിതിവാദക്കാരുടെ പക്ഷം.

സാമൂഹ്യ ജ്ഞാനനിർമിതിവാദം

സോഷ്യോളജിയെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന സംബന്ധിയായ സിദ്ധാന്തമാണ് സാമൂഹ്യ ജ്ഞാനനിർമിതിവാദം. വിദ്യാർത്ഥികളുടെ ഗ്രൂപ്പിലെ അംഗങ്ങളുമായി ഭാഷയുടെ കൊടുക്കൽ വാങ്ങലിലൂടെയും മുൻ ധാരണകളുടേയും അടിസ്ഥാനത്തിൽ പഠിക്കുന്നതിനെയാണ് സാമൂഹ്യ ജ്ഞാനനിർമിതിവാദം കൊണ്ടുദ്ദേശിക്കുന്നത്. ഗ്രൂപ്പിലെ അംഗമായ വിദ്യാർത്ഥി ഭാഷയിലൂടെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ മറ്റ് ഗ്രൂപ്പംഗങ്ങൾ അറിവ് സൃഷ്ടിക്കുന്നു എന്ന സങ്കൽപ്പമാണ് ജ്ഞാന നിർമിതിവാദം മുന്നോട്ടുവെക്കുന്നത്. ജ്ഞാനം നിർമിക്കാൻ അദ്ധ്യാപകരുടെ ആവശ്യമില്ല, വിവരമുള്ള സമപ്രായക്കാർ പോലും മതിയാവും ഗ്രൂപ്പിലെ മറ്റംഗങ്ങളെ ജ്ഞാനികളാക്കി മാറ്റാൻ. ഇനി അദ്ധ്യാപകരുണ്ടെങ്കിൽ പ്പോലും അവർ സഹായിയോ മാർഗദർശിയോ മാത്രമാണ്, പഠിപ്പിക്കില്ല. ഇതാണ് ജ്ഞാനനിർമിതി വാദത്തിന്റെ അദ്ധ്യാപകരെ സംബന്ധിച്ച സങ്കൽപ്പം. സാമൂഹ്യ ജ്ഞാനനിർമിതിവാദത്തെ അടിസ്ഥാനപ്പെടുത്തിയ ബോധന രീതി പഠിതാവിനെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നേയില്ല. ചുരുങ്ങിയ മാർഗനിർദേശങ്ങളെയും പഠിപ്പിക്കലിനേയും മാത്രം അടിസ്ഥാനപ്പെടുത്തി പഠിതാവ് ഉത്തരത്തിലേക്ക് സ്വയം എത്തിച്ചേരുന്നത് കൂടുതൽ മനസിലാക്കുന്നതിന് സഹായിക്കും എന്നാണ് ജ്ഞാനനിർമിതിവാദക്കാരുടെ പക്ഷം. എങ്ങനെ ജ്ഞാനം സൃഷ്ടിക്കാമെന്നാണ് പഠിതാവ് പഠിക്കേണ്ടതെന്നും അതിനായി വ്യക്തമായ ബോധനരീതികൾ ഒഴിവാക്കണമെന്നും അവർ വാദിക്കുന്നു.

ആധികാരികമായ ചോദ്യങ്ങൾക്ക് ഉത്തരം തേടാനോ സങ്കീർണ ജ്ഞാനം ആർജിക്കാനോ വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ് പുതിയ പഠനരീതി ചെയ്യുന്നത്.

പുതിയ പഠനരീതി രണ്ട് പ്രധാന അനുമാനങ്ങളിലാണ് നിലകൊള്ളുന്നത്. ആധികാരികമായ ചോദ്യങ്ങൾക്ക് ഉത്തരം തേടാനോ സങ്കീർണ ജ്ഞാനം ആർജിക്കാനോ വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ് പുതിയ പഠനരീതി ചെയ്യുന്നത്. വിവരങ്ങൾക്കൊണ്ട് സമ്പന്നമായ ചുറ്റുപാടിൽ നിന്ന് പഠിതാക്കൾ സ്വന്തം പരിഹാരങ്ങളിലേക്ക് എത്തിച്ചേരുമെന്നും അത് ഏറ്റവും ഫലപ്രദമായ പഠനാനുഭവമാണെന്നും പറയുന്നു. രണ്ടാമതയി അനുഭവത്തിലൂടെ ജ്ഞാനം ആർജിക്കുന്നതാണ് നല്ലത് എന്നും പുതിയ പഠന രീതി കരുതുന്നു. (എ. ക്രിഷ്ചിനർ, 1992).

ദൗത്യങ്ങൾ നൽകി അതിൻമേൽ സ്വയം അന്വേഷിച്ചും പ്രയോഗിച്ചുമാണ് പഠിതാവ് പഠിക്കേണ്ടതെന്നും അതാണ് സ്വാഭാവികമെന്നും പുതിയ പഠനരീതിയുടെ വക്താക്കൾ പറയുന്നു. പഠിപ്പിക്കുന്നത് സ്വാഭാവിക പഠന പ്രക്രിയയ്ക്ക് തടസം നിൽക്കുന്നെന്നും അവർ വാദിക്കുന്നു. (1992- ബേർൺസ്‌റ്റൈയിൻ, പെന്നർ, ക്ലർക്ക് - സ്റ്റിവാർട്ട്, വിക്കൻസ്- 2003 എന്നിവരുടെ പഠനങ്ങളിൽ നിന്ന്) വൻതോതിലുള്ള മാർഗനിർദേശം ചിലപ്പോൾ അനുശീലന സമയങ്ങളിൽ മികച്ച പ്രകടനത്തിന് കാരണമായേക്കാമെങ്കിലും അമിതമായ മാർഗദർശിത്വം ഭാവിയിലുള്ള പ്രകടനത്തെ ബാധിക്കും. ഉദാഹരണത്തിന്, ഗണിതത്തിലെ ശരിയായ ഉത്തരം വിദ്യാർത്ഥിയെ പഠിപ്പിച്ചെടുത്താൽ പിന്നീട് കൃത്യമായ ഓർമയെ തിരിച്ചുവിളിക്കാൻ അത് തടസമാവും എന്നാണ് പുതിയ പഠനരീതിയുടെ വക്താക്കളുടെ വാദം. (വിക്കെൻസ്, പേജ് 212).

പഠിതാവ് സ്വയമേവ തേടി കണ്ടെത്തുന്ന ശാസ്ത്ര തത്ത്വങ്ങൾക്ക് വ്യക്തമായ ബോധനത്തിലൂടെ പഠിപ്പിക്കപ്പെട്ട അറിവിനേക്കാൾ മേന്മയൊന്നുമില്ലെന്ന് ശാസ്ത്ര വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനങ്ങളിലൂടെ തെളിയിച്ചു.

പഠനം വ്യക്തിപരമാണെന്നും പൊതുവായ ബോധനമാർഗങ്ങൾ പ്രായോഗികമല്ല എന്ന വാദം ശരിയാണെങ്കിലും പുതിയ പഠനരീതിയ്ക്ക് ഏറെ പിഴവുകളുണ്ട്. പഠിതാവ് തേടി കണ്ടെത്തുന്ന അറിവിന് പഠിപ്പിക്കലിലൂടെ നേടുന്ന അറിവിനേക്കാൾ ഗുണം കൂടുതലാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ല. മാത്രമല്ല, 2004ൽ ഡേവിഡ് ക്ലഹറും മെലീന നിഗവും ചേർന്ന് എത്തിച്ചേർന്ന നിഗമനങ്ങൾ തീർത്തും വിപരീതമായ ദിശയിലുള്ളതാണ്. പഠിതാവ് സ്വയമേവ തേടി കണ്ടെത്തുന്ന ശാസ്ത്ര തത്ത്വങ്ങൾക്ക് വ്യക്തമായ ബോധനത്തിലൂടെ പഠിപ്പിക്കപ്പെട്ട അറിവിനേക്കാൾ മേന്മയൊന്നുമില്ലെന്ന് ശാസ്ത്ര വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനങ്ങളിലൂടെ അവർ തെളിയിച്ചു. ഒറ്റ വ്യത്യാസം മാത്രമേയുള്ളു. ജ്ഞാനനിർമിതിവാദ പ്രകാരമുള്ള പഠന പ്രക്രിയയിൽ ഒരേ സമയം ഏർപ്പെടാനാവുക ചെറിയ ഒരു ഗ്രൂപ്പിന് മാത്രമാണ്. അവരാണെങ്കിലോ പഠിക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നെന്നും ക്ലഹറും നിഗവും ചേർന്ന് കണ്ടെത്തുകയുണ്ടായി.

ഡേവിഡ് ക്ലഹർ

1986-ൽ ഹാർഡിമാനും പൊളാറ്റ്‌സേക്കും ചേർന്ന് നടത്തിയ പഠനങ്ങളും 1994- ൽ ബ്രൗണും കമ്പൊയിനും നടത്തിയ പഠനങ്ങളും പൂർണമായും കണ്ടെത്തൽ രീതിയെ അടിസ്ഥാനമാക്കിയും മിനിമൽ ഫീഡ്ബാക്കിൽ ഊന്നിയും നടക്കുന്ന ശാസ്ത്രപഠനത്തിന്റെ പരിമിതി വിശദീകരിക്കുന്നുണ്ട്. പഠിതാക്കൾ ഉത്തരം കണ്ടെത്താൻ സാധിക്കാതെ നിരാശരാവുന്നെന്നും ആശയക്കുഴപ്പങ്ങൾ തെറ്റായ ധാരണകളിലേക്ക് നയിക്കുന്നെന്നും കണ്ടെത്തി. സങ്കീർണമായ ചോദ്യങ്ങൾ, മാർഗദർശനങ്ങൾ കൂടാതെ സ്വയം അന്വേഷിക്കാൻ പഠിതാവിൽ ചുമതലപ്പെടുത്തുന്നതും സ്വതന്ത്ര അന്വേഷണത്തിന് വിട്ടുകൊടുക്കുന്നതും താൽക്കാലിക ഓർമ്മയ്ക്ക് അമിതഭാരം നൽകുന്നെന്നും പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കൊഗ്‌നിറ്റീവ് ലോഡ് സിദ്ധാന്തം കണ്ടെത്തുന്നുണ്ട്. (മായർ 2001; പാസ്, റെൻകൽ, സ്വെല്ലർ, 2003, 2004; 1999 ; 2004; വിൻ, 2003).

ഒരു വിഷയം പഠിക്കുന്നതും അത് ജീവിതത്തിൽ പ്രയോഗിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. എന്നാൽ പുതിയ പഠനരീതി ഇവ രണ്ടും കൂട്ടിക്കുഴച്ച് പഠിക്കാതെ പ്രയോഗിക്കാൻ വിദ്യാർത്ഥിയെ നിർബന്ധിക്കുകയാണ് ചെയ്യുന്നത്.

1999ൽ ഡ്യുവിനും സ്വെല്ലറും നടത്തിയ പഠനങ്ങളും സമാന നിഗമനങ്ങളിലേക്കാണെത്തിച്ചേർന്നത്. വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന ഒരാളെ സംബന്ധിച്ച്​ നേരത്തെ ഉത്തരം കണ്ടെത്തിയ ചോദ്യങ്ങൾ ആവർത്തിച്ച് പഠിക്കുന്നതാണ് ഉത്തമമെന്നും അവർ കണ്ടെത്തി. എന്നാൽ പ്രാഗത്ഭ്യം നേടിയവരെ സംബന്ധിച്ച്​ കൃത്യമായ മാർഗനിർദേശത്തോട് കൂടിയതും അല്ലാത്തതുമായ പഠനം ഒരുപോലെ ഗുണപ്രദമാണുതാനും. എന്നാൽ, ഒരാളെ പ്രാഗത്ഭ്യത്തിലേക്ക് നയിക്കാൻ കൃത്യമായ മാർഗനിർദേശവും അനിവാര്യമാണ്. പഠിതാവ് നിലവിലെ അറിവിലും വിജ്ഞാനത്തിലും മികച്ച ധാരണ രൂപീകരിച്ചേ മതിയാവൂ. ആ പഠനം ജ്ഞാനത്തെ ദീർഘകാല ഓർമയിൽ സമാഹരിക്കാനും ആവശ്യമുള്ളപ്പോഴൊക്കെ തിരിച്ച് വിളിക്കാനും പഠിതാവിനെ സഹായിക്കുന്നു. ഇത് തീരുമാനങ്ങളെടുക്കാനുള്ള ശേഷി വർധിപ്പിക്കുന്നു. ജോൺ സ്വെല്ലറും ഗ്രഹാം കൂപ്പറും 1985-ൽ തന്നെ സമാന നിഗമനങ്ങളിലെത്തിച്ചേരുന്നുണ്ട്. മുന്നേയാർജിച്ച അറിവുകൾ ഉദാഹരണങ്ങളായി പഠിപ്പിക്കുന്നത് പഠനത്തെ സഹായിക്കുമെന്നും അവർ കണ്ടെത്തിയിരുന്നു.

ജോൺ സ്വെല്ലർ

1998-99 കാലത്ത് ക്ലാർക്കും എസ്റ്റസിനും ചേർന്ന് നടത്തിയ പഠനങ്ങൾ ഏത് പ്രായത്തിലുള്ള പഠിതാവും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കിയാൽ ജ്ഞാനോൽപ്പാദനം നടത്തുമെങ്കിലും ഭാഗികമായ വിവരങ്ങൾ ജ്ഞാനനിർമിതിയെ സഹായിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ പഠനങ്ങളൊക്കെ ചില ഉദാഹരണങ്ങൾ മാത്രമാണ്. സാമൂഹ്യജ്​ഞാന നിർമിതിവാദമെന്നും മറ്റും അറിയപ്പെടുന്ന ഡി.പി.ഇ.പി മുതൽ എൻ.ഇ.പി- 2020 വരെ പ്രയോഗിക്കുന്ന ബോധനരീതി പഠന പ്രക്രിയയിൽ വിപരീത ഫലങ്ങളുണ്ടാക്കുമെന്നാണ് ഇതിന്റെയൊക്കെ അർത്ഥം. അതിന് ധാരാളം തെളിവുകൾ ഇന്ന് ലഭ്യമാണുതാനും. ഒരു വിഷയം പഠിക്കുന്നതും അത് ജീവിതത്തിൽ പ്രയോഗിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. എന്നാൽ പുതിയ പഠനരീതി ഇവ രണ്ടും കൂട്ടിക്കുഴച്ച് പഠിക്കാതെ പ്രയോഗിക്കാൻ വിദ്യാർത്ഥിയെ നിർബന്ധിക്കുകയാണ് ചെയ്യുന്നത്.

ഒരു വാക്കിലെ ഓരോ അക്ഷരവും നന്നായി ഉച്ചരിച്ച് പഠിക്കുന്നത് വാക്കിനെയപ്പാടെ ഓർമിച്ചുവെക്കുന്നതിനേക്കാൾ മസ്തിഷ്‌ക വളർച്ചയെ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്

2015- ൽ സ്റ്റാൻഡ്‌ഫോർഡ് സർവകലാശാല മസ്തിഷ്‌ക തരംഗങ്ങളിൽ നടത്തിയ പഠനങ്ങൾ വ്യത്യസ്ത ബോധന രീതികൾ വായനയുടെ വികാസത്തെ എങ്ങനെ ബാധിക്കുന്നെന്നും സ്വാധീനിക്കുന്നെന്നും വിശദീകരിക്കുന്നു. ഒരു വാക്കിലെ ഓരോ അക്ഷരവും നന്നായി ഉച്ചരിച്ച് പഠിക്കുന്നത് വാക്കിനെയപ്പാടെ ഓർമിച്ചുവെക്കുന്നതിനേക്കാൾ മസ്തിഷ്‌ക വളർച്ചയെ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് (ബ്രൂയ്‌സ് മക്കാന്റിൽസ്, 2015). കണിശമായ പഠിപ്പിക്കലിന്റെ പ്രസക്തിയാണ് ഇവിടേയും തെളിയുന്നത്. ഈ തെളിവുകളൊന്നും പരിഗണിക്കാതെയാണ് ജ്ഞാനനിർമിതി വാദം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി തുടങ്ങിയതും ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നതും.

1996- ൽ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനുമുമ്പ് ധിഷണാപരമായ വ്യവഹാരത്തെ സംബന്ധിച്ച ബ്ലൂമിന്റെ വർഗീകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധനരീതിയായിരുന്നു നിലനിന്നിരുന്നത്. പഠനത്തിന് വിവിധ ഘട്ടങ്ങളുണ്ടെന്നും ഓരോ ഘട്ടത്തിലും അനേകം മാനസിക പ്രവർത്തനങ്ങൾ നടക്കുന്നതായും ബ്ലൂമും സംഘവും കണ്ടെത്തിയിരുന്നു. പുതിയ വിവരങ്ങൾ ശേഖരിക്കുക, ആ വിവരങ്ങളെ ചിന്തനത്തിൽ അന്തർഭവിച്ച വിവിധ മാനസിക പ്രക്രിയകളുടെ ഫലമായി ശരിക്കും ഗ്രഹിക്കുക, അങ്ങനെ ഗ്രഹണത്തിലൂടെ സ്വായത്തമാക്കിയ അറിവുകളെ പുതിയ പുതിയ അറിവുകൾ നേടുന്നതിനും പുതിയ പ്രശ്‌നങ്ങൾ നിർധാരണം ചെയ്യുന്നതിനും വേണ്ടി പ്രയോഗിക്കുക എന്നിവയാണ് ബ്ലൂമിന്റെ വർഗീകരണ പ്രകാരം വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ. ഈ ഘട്ടങ്ങൾ ഒന്നിന് പിറകെ വികസിച്ച് വരുന്നുവെന്നും മാനസിക വ്യവഹാരങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണമാവുന്നെന്നും ബ്ലൂമും സംഘവും കണ്ടെത്തി. ഈ വ്യവഹാര പരിവർത്തനത്തിന്റെ ഫലമായി വിദ്യാർത്ഥിയിൽ വിജ്ഞാനത്തിന്റെ ചക്രവാളം വികസിക്കുകയും പേശീ വ്യാപാരത്തിൽ അന്തർഭവിച്ചിട്ടുള്ള നൈപുണികൾ വികസിക്കുകയും ചെയ്യുന്നു. എഴുതുക, ചിത്രം വരക്കുക, ടൈപ്പ് ചെയ്യുക എന്നിവ ഉദാഹരണം. ഇതിനും പുറമേ അനുസ്യൂതം തുടരുന്ന പഠനത്തിലൂടെ വിദ്യാർത്ഥിയുടെ വൈകാരിക മണ്ഡലവും വികസിക്കുന്നു.

ഇങ്ങനെ പഠനം കൊണ്ട്, വിദ്യാർത്ഥിയുടെ വിജ്ഞാനത്തിന്റേയും നൈപുണിയുടേയും വൈകാരിക ഘടകങ്ങളുടേയും മേഖലകളിൽ അനുക്രമമുണ്ടാകുന്ന പ്രധാന മാറ്റങ്ങളെ ബോധന ഉദ്ദേശ്യങ്ങളായി നിർവചിക്കുകയാണ് ബ്ലൂം ചെയ്തത്. നാല് പ്രധാന ഘടകങ്ങളടങ്ങിയതാണ് ഉദ്ദേശ്യാധിഷ്ഠിത ബോധനം. ബോധന ഉദ്ദേശ്യം, പാഠ്യവസ്തു, പാഠ്യാനുഭവങ്ങൾ, മൂല്യനിർണയം എന്നിവയാണ് ആ ഘടകങ്ങൾ.

പുതിയ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോഴും പുതിയ സങ്കൽപ്പങ്ങളെ അഭിമുഖീകരിക്കുമ്പോഴും വിമർശനാത്മകമായാണ് താൽക്കാലിക ഓർമ്മ പ്രവർത്തിക്കുക.

മാനസിക വ്യാപാരങ്ങളെ മനസ്സിലാക്കുകയും അതിന് അനുയോജ്യമായ ബോധന രീതി വികസിപ്പിക്കുകയുമായിരുന്നു ബ്ലൂം ചെയ്തത്. വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളെ നിർവചിക്കുകയും മാനസിക വളർച്ചയെ ഊന്നിയുള്ള വിദ്യാഭ്യാസം നൽകണമെന്നും ബ്ലൂം സിദ്ധാന്തിച്ചു. മാനസിക വളർച്ചയോടൊപ്പം പേശീ നൈപുണികളും വൈകാരിക ക്ഷമതയും വികസിപ്പിക്കുമെന്നും അദ്ദേഹം കണ്ടെത്തി. ഇതാണ് ഉദ്ദേശാധിഷ്ഠിത ബോധനത്തിന്റെ കാതൽ. 1996ന് മുമ്പ് നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നത് ഉദ്ദേശാധിഷ്ഠിത ബോധനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനവും ബോധനമായിരുന്നു. ആ വിദ്യാഭ്യാസം കാണാതെ പഠിക്കലും പകർത്തിയെഴുത്തും മാത്രമാണെന്ന് വാദിച്ചുകൊണ്ടാണ് 1996 മുതൽ പുത്തൻ പാഠ്യപദ്ധതി നടപ്പിലാക്കി തുടങ്ങുന്നത്.

കൊഗ്‌നിറ്റീവ് ലോഡ് സിദ്ധാന്തം

പരിണാമത്തിന്റെ ഉൽപന്നമാണ് മനുഷ്യചിന്ത എന്ന മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തപ്പെട്ട ബോധന സിദ്ധാന്തമാണ് കൊഗ്‌നിറ്റീവ് ലോഡ് സിദ്ധാന്തം. ഹ്യൂമൻ കൊഗ്‌നിറ്റീവ് ആർക്കിടെക്ചറിനെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധന പദ്ധതിയാണ് കൊഗ്‌നിറ്റിവ് ലോഡ് സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്. താൽക്കാലിക ഓർമയിൽ നിന്ന് സ്ഥിരം ഓർമയിലേക്കുള്ള ഓർമ്മയുടെ പ്രയാണമാണ് പഠനം എന്ന ആശയം കൊഗ്‌നിറ്റിവ് ലോഡ് തിയറി മുന്നോട്ടുവെക്കുന്നു. മനഃശാസ്ത്രജ്ഞനായ ജോൺ സ്വെല്ലർ ആണ് 1988ൽ ഈ സിദ്ധാന്തം മുന്നോട്ടുവെച്ചത്.

സങ്കീർണമായ മിക്ക സബോധ പ്രവർത്തനങ്ങളും താൽക്കാലികവും സ്ഥിരവുമായ ഓർമകൾ ചേർന്നുള്ള പഠനത്തിന്റെ ഫലമാണ്. ഉടൻ ചെയ്തുതീർക്കേണ്ട സബോധ പ്രവർത്തനങ്ങൾ നടത്താൻ അവശ്യം ആവശ്യമായ വിവരങ്ങൾ ഉൾകൊള്ളുന്ന ഇടമാണ് താൽക്കാലിക ഓർമ (Short-term memory). പുതിയ വാക്കുകളും വസ്തുതകളും സങ്കൽപ്പങ്ങളും വർഷങ്ങൾക്ക് ശേഷം പോലും തിരിച്ചുവിളിക്കാൻ സാധിക്കും വിധം സ്ഥിര ഓർമയിൽ സൂക്ഷിക്കുന്ന പ്രക്രിയയാണ് സ്ഥിരകാല പഠനം (Long term learning) എന്നറിയപ്പെടുന്നത്. താൽക്കാലിക ഓർമ്മയിൽ നിന്ന് വിരുദ്ധമായി അനന്തമായ വിവരങ്ങൾ സൂക്ഷിക്കാം എന്നതാണ് സ്ഥിര ഓർമ്മയുടെ പ്രത്യേകത.

രണ്ട് ഓർമകളും കുട്ടിക്കാലത്തെ സബോധ വികാസത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പതുക്കെ പതുക്കെ ആർജിക്കുന്ന ദീർഘകാല വിജ്ഞാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലോകത്ത് സഞ്ചരിക്കാൻ വിദ്യാർത്ഥിയെ പ്രപ്തനാക്കുന്നത്. പുതിയ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോഴും പുതിയ സങ്കൽപ്പങ്ങളെ അഭിമുഖീകരിക്കുമ്പോഴും വിമർശനാത്മകമായാണ് താൽക്കാലിക ഓർമ്മ പ്രവർത്തിക്കുക. പദ്ധതികൾ തയ്യാറാക്കാനും ധാരണകൾ രൂപീകരിക്കാനും പ്രശ്‌ന പരിഹാരത്തിനുമൊക്കെ താൽക്കാലിക ഓർമ്മ സഹായകമാവും.

നിലനിൽപ്പിനെ മുൻനിർത്തി പരിണാമപരമായി ആർജിക്കുന്ന നൈപുണികളും ജ്ഞാനവുമാണ് പ്രാഥമിക ജ്ഞാനം. അവ കണ്ടെത്തുന്ന അറിവാണ്. പക്ഷേ, അവ എങ്ങനെ കണ്ടെത്താം എന്ന് പഠിപ്പിച്ചെടുക്കുക സാധ്യമല്ല.

2007-08 സമയത്ത് ഡേവിഡ്.സി.ഗിയറി ജൈവികമായി പ്രാഥമികവും ദ്വിതീയവുമായ വിജ്ഞാനം എന്ന നിലയിൽ വിജ്ഞാനത്തെ തരം തിരിക്കുന്നുണ്ട്. ജീവശാസ്ത്ര പരമായി പ്രാഥമികമായ ജ്ഞാനവും (Biologically Primary Knowledge) ജീവശാസ്ത്രപരമായി ദ്വിതീയമായ ജ്ഞാനവും (Biologically secondary knowledge). മുഖവും സംഭാഷണവും തിരിച്ചറിയുക, സാമാന്യമായ പ്രശ്‌ന പരിഹാര മാർഗങ്ങൾ അവലംബിക്കുക, അടിസ്ഥാന സാമൂഹ്യ ബന്ധങ്ങളിൽ ഇടപെടുക എന്നിവയൊക്കെ പ്രാഥമിക ജീവശാസ്ത്ര ജ്ഞാനത്തിന്റെ ഉദാഹരണങ്ങളാണ്. പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് വിവിധങ്ങളായ ജ്ഞാനസമ്പാദന മാർഗവും ജ്ഞാനവും മനുഷ്യൻ ആർജിച്ചത്.

മനുഷ്യരുടെ മുഖം തിരിച്ചറിഞ്ഞുതുടങ്ങിയ കാലത്തുതന്നെയല്ല കുട്ടി തന്റെ മാതൃഭാഷയിലെ സംഭാഷണം തിരിച്ചറിഞ്ഞുതുടങ്ങിയത്. മുഖം തിരിച്ചറിയാനുള്ള ശേഷി രൂപീകരിക്കപ്പെട്ടശേഷം വിദൂരമായ മറ്റൊരു കാലത്തായിരിക്കും സംഭാഷണം തിരിച്ചറിയാനുള്ള ശേഷിയാർജിച്ചത് എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ മേൽപ്പറഞ്ഞ രണ്ട് ശേഷികളും ജൈവപരിണാമത്തിന്റെ ഉൽപ്പന്നങ്ങൾ തന്നേയാണ്. ഈ ജ്ഞാനത്തേയാണ് പ്രാഥമിക ജ്ഞാനം എന്ന് ഗിയറി വിശേഷിപ്പിക്കുന്നത്. നിലനിൽപ്പിനെ മുൻനിർത്തി പരിണാമപരമായി ആർജിക്കുന്ന നൈപുണികളും ജ്ഞാനവുമാണ് പ്രാഥമിക ജ്ഞാനം. അവ കണ്ടെത്തുന്ന അറിവാണ്. പക്ഷേ, അവ എങ്ങനെ കണ്ടെത്താം എന്ന് പഠിപ്പിച്ചെടുക്കുക സാധ്യമല്ല.ജൈവ പരിണാമ ഘട്ടത്തിലൂടെ ആർജിക്കുന്ന ഒരറിവും പഠിപ്പിക്കാൻ പറ്റില്ല. അവ കുട്ടി സ്വയം പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ജൈവ പരിണാമ ഘട്ടത്തിലൂടെ ആർജിക്കുന്ന ഒരറിവും പഠിപ്പിക്കാൻ പറ്റില്ല. അവ കുട്ടി സ്വയം പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ലൈബ്രറിയോ ഇന്റർനെറ്റോ ഉപയോഗിക്കാൻ നമ്മൾ വ്യക്തമായി പഠിപ്പിക്കേണ്ടതുണ്ട്. കാരണം ആ അറിവ് പരിണാമപരമായി ആർജിച്ചതല്ല. സാമൂഹ്യ പരിണാമത്തിന്റെ ഉൽപ്പന്നങ്ങളാണ്. സാമൂഹ്യ പരിണാമത്തിന്റെ ഫലമായി ആർജിക്കുന്ന ജ്ഞാനത്തേയാണ് ഗിയറി ജീവശാസ്ത്രപരമായി ദ്വിതീയ ജ്ഞാനത്തിന്റെ ഗണത്തിൽപ്പെടുത്തുന്നത്. ഈ ജ്ഞാനം പഠിപ്പിച്ചേ മതിയാവൂ. പോയി സ്വയം പഠിച്ചോളൂ എന്ന് പറയുന്നത് പഠിതാവിന് അമിതഭാരം നൽകുകയും അവനെ/അവളെ വഴിതെറ്റിക്കുകയും ചെയ്യും. മാത്രമല്ല പഠിക്കാനുള്ള ശേഷി പ്രാഥമിക ജ്ഞാനത്തിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ പഠിക്കാൻ പഠിപ്പിക്കേണ്ടതുമില്ല എന്നും ഗിയറി കണ്ടെത്തുന്നു. അഥവാ ജ്ഞാനനിർമിതിവാദം മുന്നോട്ടുവെക്കുന്ന അടിസ്ഥാന സമീപനങ്ങളായ കുറഞ്ഞ ഉള്ളടക്കം, പഠിപ്പിക്കേണ്ടതില്ലെന്ന വാദം, പഠിക്കാൻ പഠിക്കുകയെന്ന സിദ്ധാന്തവുമെല്ലാം കൊഗനിറ്റീവ് ലോഡ് സിദ്ധാന്തത്തിന്റെ വികാസത്തോടെ അസാധുവായി തീർന്നിരിക്കുന്നു.

കമ്പ്യൂട്ടറുകൾക്ക് പ്രാഥമിക ജ്ഞാനം ഇല്ല. അതുകൊണ്ടാണ് സങ്കീർണമായ ഗണിതക്രിയകൾ നിമിഷങ്ങൾക്കകം ചെയ്ത് തീർക്കുമ്പോഴും ഒരു പൂ പറിച്ച് കൊണ്ടു വരികയെന്ന ലളിതക്രിയ പ്രവർത്തിക്കാൻ കമ്പ്യൂട്ടറുകൾക്ക് കഴിയാതെ പോവുന്നത്.

മനുഷ്യ സബോധതയും സ്ഥിര ഓർമയും

പരിണാമ ശാസ്ത്രത്തിന് ജനിതക ഘടനപോലെയാണ് സബോധതയെ (Cogntition) സംബന്ധിച്ച്​ സ്ഥിര ഓർമ്മ. ഓർമകളുടെ അതിബൃഹത്തായ ശേഖരമാണ് സ്ഥിര ഓർമ്മ (Long term memory). നമ്മുക്ക് സ്ഥിരപരിചിതമായ ദൈനംദിന പ്രവർത്തനങ്ങളെല്ലാം സ്ഥിര ഓർമ്മയുടെ ഭാഗമാണ്. സ്ഥിര ഓർമയിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ഓർമകളിൽ ഭൂരിഭാഗവും പ്രാഥമിക ജ്ഞാനമാണ്. എങ്ങനെ പഠിക്കണം എന്നതുൾപ്പടെയുള്ള സങ്കീർണജ്ഞാനം കാലങ്ങൾകൊണ്ട് സ്ഥിര ഓർമയിൽ പ്രാധമിക ജ്ഞാനത്തിന്റെ രൂപത്തിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറുകൾക്ക് ഈ പ്രാഥമിക ജ്ഞാനം ഇല്ല. അതുകൊണ്ടാണ് സങ്കീർണമായ ഗണിതക്രിയകൾ നിമിഷങ്ങൾക്കകം ചെയ്ത് തീർക്കുമ്പോഴും ഒരു പൂ പറിച്ച് കൊണ്ടു വരികയെന്ന ലളിത ക്രിയ പ്രവർത്തിക്കാൻ കമ്പ്യൂട്ടറുകൾക്ക് കഴിയാതെ പോവുന്നത്. സ്ഥിര ഓർമ്മയിലെ ദ്വിതീയ ജ്ഞാനശേഖരവും അതി ബൃഹത്താണ്. ഡിഗ്രൂട്ട് 1965ലും ചേസ് ഡബ്ല്യു.ജി, സൈമൺ എച്ച്​.എ എന്നിവർ 1973ലും ചെസ്​ സംബന്ധമായി നടത്തിയ പഠനങ്ങൾ അത് തെളിയിക്കുന്നു.

ചെസിൽ സാധാരണ ഗതിയിൽ ശക്തരായ കളിക്കാർ ദുർബലരെ തോൽപ്പിക്കുകയാണ് പതിവ്. ഇത് എന്തുകൊണ്ട് എന്ന അന്വേഷണത്തിലാണ് ഡിഗ്രൂട്ട് ആരംഭിക്കുന്നത്. ഗ്രാൻറ്​ മാസ്റ്ററുടെ ജ്ഞാനത്തിന്റെ സ്വഭാവമെന്താണ്? എന്ത് പ്രവർത്തനത്തിലൂടെയാണ് ഗ്രാൻറ്​ മാസ്റ്റർ മേൽകൈ നേടാനുള്ള തന്റെ ശേഷി കൈവരിക്കുന്നത്? എന്നീ മേഖലയിലേക്കായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ.

അതുല്യമായ ചിന്താശേഷിയല്ല, ചെസ്​ കളിയിലെ പ്രാഗൽഭ്യത്തിന്റെ ഹേതു. ആയിരക്കണക്കിന് കോൺഫിഗറേഷനുകൾ തിരിച്ചറിയാനുള്ള നിരന്തര പഠനവും അതിൽ വിജയസാധ്യതയുള്ള കരുനീക്കങ്ങളുടെ പഠനവുമാണ് പ്രാഗത്ഭ്യം നിർണയിക്കുന്ന ഘടകം. ഓർമയാണ് ഇവിടെ നിർണായക ഘടകം.

ഗ്രാൻറ്​ മാസ്റ്റർമാർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷി കൂടുതലാണെന്നും അവർക്ക് ധാരാളം കരുനീക്കങ്ങൾ മനസ്സിൽ കാണാൻ ശേഷിയുണ്ടെന്നുമൊക്കെയായിരുന്നു അതുവരെയുള്ള ധാരണ. എന്നാൽ അത്തരം ധാരണകളിൽ കഴമ്പില്ലെന്നായിരുന്നു ഡീ ഗ്രൂട്ടിന്റെ കണ്ടെത്തൽ. അദ്ദേഹം ചെസ്​ ഗ്രാൻറ്​ മാസ്​റ്ററിൽ ഒരു വ്യത്യാസം കണ്ടെത്തുക തന്നെ ചെയ്തു. അത് പക്ഷേ പ്രശ്‌ന പരിഹാര ശേഷിയെ സംബന്ധിച്ചായിരുന്നില്ല, മറിച്ച് ഓർമയെ സംബന്ധിച്ചായിരുന്നു. ഇതിനായി ഡി ഗ്രൂട്ട് ഒരു പരീക്ഷണം നടത്തി. യഥാർഥ കളികളിൽ നിന്ന് തെരഞ്ഞെടുത്ത കരുനീക്കങ്ങൾ നടത്തിയ 25 കരുക്കൾ നിരത്തിയ ബോർഡുകൾ 5 മുതൽ 10 സെക്കൻറ്​ വരെ കാണിക്കുകയും പിന്നീട് കശക്കി കളയുകയും ചെയ്യും. എന്നിട്ട് ഓർമയിൽ നിന്ന് നേരത്തെ കാണിച്ച ബോർഡ് പുനഃസൃഷ്ടിക്കാൻ ആവശ്യപ്പെടും. ഗ്രാൻഡ് മാസ്റ്റർമാർ 100 ശതമാനവും മാസ്റ്റർമാർ 90 ശതമാനം കൃത്യതയോടെയും ബോർഡുകൾ പുനഃസൃഷ്ടിച്ചു. ശേഷി കുറഞ്ഞ കളിക്കാർ അഞ്ചോ ആറോ കരുക്കളെ കൃത്യതയോടെ വെച്ചുള്ളൂ. (ഡി ഗ്രൂട്ട് & ഗോബെറ്റ്, 1996)

1973- ൽ ചെയ്‌സും സൈമണും ഡീ ഗ്രൂട്ടിന്റെ പരീക്ഷണം ആവർത്തിച്ചു. അവർ അവിടെ അവസാനിപ്പിച്ചില്ല. ഡീ ഗ്രൂട്ട് അവസാനിപ്പിച്ചിടത്ത് അവർ ആരംഭിച്ചു. യഥാർഥ കളികളിൽ നിന്നുള്ള ബോർഡും കരുനീക്കങ്ങളുമാണ് ഡീ ഗ്രൂട്ട് പുനരാവിഷ്‌കരിക്കാൻ നൽകിയിരുന്നതെങ്കിൽ ചെയ്‌സും സൈമണും ക്രമരഹിതമായ കരുനീക്കങ്ങൾ കാണിച്ച് കശക്കി ആ ബോർഡ് പുനരാവിഷ്‌കരിക്കാനാണ് ആവശ്യപ്പെട്ടത്. ഞെട്ടിക്കുന്നതായിരുന്നു ഫലം. അവിടെ ഗ്രാൻഡ് മാസ്റ്ററും മാസ്റ്ററും തുടക്കക്കാരനും തമ്മിൽ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും അഞ്ചോ ആറോ കരുക്കളെ കൃത്യമായി വെച്ചുള്ളൂ. അൾജിബ്ര, ഭൗതികശാസ്ത്രം, മെഡിസിൻ എന്നീ മേഖലയിലും സമാന പരീക്ഷണം ആവർത്തിച്ചു. ചെസിലെ പരീക്ഷണങ്ങളിൽ നിന്ന് കിട്ടിയ അതേ ഉത്തരം തന്നെയാണ് മറ്റ് മേഖലകളിലെ പരീക്ഷണങ്ങളിലും ആവർത്തിക്കപ്പെട്ടത്.

ശേഖരിക്കപ്പെട്ട ജ്ഞാനമാണ് പ്രഗത്ഭരെ നയിക്കുന്നതെങ്കിൽ അത്തരമൊരു ജ്ഞാനത്തിന്റെ അഭാവത്തിലുള്ള പ്രശ്‌ന പരിഹാര പരിശ്രമമാണ് ശരാശരിക്കാരും തുടക്കക്കാരും നടത്തുന്നത്.

ഈ ഫലങ്ങൾ ചെസിലെ പ്രാഗത്ഭ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി. അതുല്യമായ ചിന്താശേഷിയല്ല, പ്രാഗൽഭ്യത്തിന്റെ ഹേതു. ആയിരക്കണക്കിന് കോൺഫിഗറേഷനുകൾ തിരിച്ചറിയാനുള്ള നിരന്തര പഠനവും അതിൽ വിജയസാധ്യതയുള്ള കരുനീക്കങ്ങളുടെ പഠനവുമാണ് പ്രാഗത്ഭ്യം നിർണയിക്കുന്ന ഘടകം. ഓർമയാണ് ഇവിടെ നിർണായക ഘടകം. വർഷങ്ങളുടെ സ്ഥിരതയോടുള്ള നിരന്തരമായ പരിശീലനത്തിലൂടെയാണ് ഈ നൈപുണി ആർജിക്കുന്നത്. മെച്ചപ്പെടണമെന്ന വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ‘ബോധപൂർവമായ പരിശീലന' ത്തിന്റെ ഫലമാണിത് (എറിക്‌സൺ, ക്രാംപെ, ടെഷ്-റോമർ,1993). സാധാരണ നിലയിൽ പത്ത് വർഷത്തെ പരിശീലനത്തിലൂടെയാണ് ഒരു ഗ്രാൻഡ്​ മാസ്റ്റർ രൂപം കൊള്ളുന്നത്.

ഡി ഗ്രൂട്ടിന്റേയും ചേസിന്റേയും സൈമണിന്റേയും പഠനങ്ങൾക്കുമുമ്പ്, പരിശീലനത്തിലൂടെ കൊഗ്‌നിറ്റീവ് തലത്തിലുണ്ടാവുന്ന മാറ്റങ്ങൾ അജ്ഞാതമായിരുന്നു. ശേഖരിക്കപ്പെട്ട ജ്ഞാനമാണ് പ്രഗത്ഭരെ നയിക്കുന്നതെങ്കിൽ അത്തരമൊരു ജ്ഞാനത്തിന്റെ അഭാവത്തിലുള്ള പ്രശ്‌ന പരിഹാര പരിശ്രമമാണ് ശരാശരിക്കാരും തുടക്കക്കാരും നടത്തുന്നത്. തീരുമാനങ്ങൾ എടുക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉത്തരത്തിലെത്താനും തുടക്കക്കാർ ചിന്താശേഷിയെ ഉപയോഗിക്കുമ്പോൾ പ്രഗത്ഭർ ജ്ഞാനത്തെയാണ് ഉപയോഗിക്കുന്നത്. പല കളിക്കാരുമായി ഒരേ സമയം കളിക്കുമ്പോഴും ഒരു ഗ്രാൻഡ്മാസ്റ്റർ തന്റെ ദീർഘകാല ഓർമ്മയിൽ ശേഖരിച്ചിട്ടുള്ള കോൺഫിഗറേഷനുകളാണ് എടുത്ത് പ്രയോഗിക്കുന്നത്. ഈ കണ്ടെത്തലിന്റെ വ്യാപ്തി ചെസിൽ ഒതുങ്ങുന്നില്ല. ദ്വിതീയ ജ്ഞാനം പ്രയോഗിക്കപ്പെടുന്ന എവിടേയും ഈ കണ്ടെത്തൽ പ്രായോഗികമാണ്. വിദ്യാഭ്യാസത്തിലും ഇതേ പ്രക്രിയതന്നേയാണ് അനുവർത്തിക്കപ്പെടുന്നത്. ഇതാണ് കൊഗ്‌നിറ്റീവ് ലോഡ് സിദ്ധാന്തത്തിന്റെ സാരാംശം.

വാക്കുകൾ മനസിലാക്കുന്നതും ഓർത്തുവെക്കുന്നതും സംബന്ധിച്ച് 1979ൽ എൽ.എൽ.ചെയ്‌സി, സ്പിലിച്ച്.ജി.ജെ, വോസ്.ജെ.എഫ് എന്നിവർ ചേർന്ന് നടത്തിയ പഠനങ്ങൾ, ഇലക്ട്രോണിക്ക് എബിനിയറിംഗിൽ ഈഗൻ.ഡി.ഇ, സ്‌ക്വാർഡ്‌സ്.ബി.ജെ എന്നിവർ ചേർന്ന് 1979ൽ നടത്തിയ പഠനങ്ങൾ, പ്രോഗ്രാമിങ്ങിൽ ജെഫ്‌റീസ്.ആർ, ടെർനർ.എ.എ, പോൾസൺ.പി.ജി, ആറ്റ്​വുഡ് എം.ഇ എന്നിവർ 1981 പ്രസിദ്ധീകരിച്ച പഠനങ്ങൾ, അൾജിബ്രയിൽ ജെ.സ്വെല്ലറും കൂപ്പറും ചേർന്ന് 1985ൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ എല്ലാം, വിവരങ്ങൾ കുമിച്ചുകൂട്ടുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഡി ഗ്രൂട്ടിന്റെ പഠനങ്ങൾ ബോധനത്തെ മാത്രമല്ല പരിഷ്‌കരിച്ചത് മനുഷ്യ സബോധതയിലേക്ക് വെളിച്ചം വീശുകയും നമ്മളെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുകയും ചെയ്തു.

പഠനം പ്രാഥമികമായും മാനസികമാണെന്ന ബ്ലൂം മുന്നോട്ടുവെക്കുന്ന ഉദ്ദേശ്യാധിഷ്ഠിതബോധന സമീപനവും സ്ഥിര ഓർമ്മയുടെ ആഴവും പരപ്പും വർധിപ്പിക്കലാണ് വിദ്യാഭ്യാസം എന്ന കൊഗ്‌നിറ്റിവ് ലോഡ് സിദ്ധാന്തത്തിന്റെ പഠന - ബോധന സമീപനവും ജ്ഞാനനിർമിതിവാദം നിരാകരിക്കുന്നു.

ഡി ഗ്രൂട്ടിന്റെ കണ്ടെത്തൽ സ്ഥിര ഓർമ സബോധതയുടെ കേന്ദ്രമാണ് എന്ന് മാത്രമല്ല സ്ഥാപിക്കുന്നത്, സ്ഥിര ഓർമ മനുഷ്യ മനസിന്റെ ഉയർന്ന തലങ്ങളുടെ കേന്ദ്രം കൂടിയാണെന്നാണ്. എല്ലാ ഉയർന്ന കൊഗ്‌നിറ്റീവ് പ്രവർത്തനങ്ങൾക്കും സ്ഥിര ഓർമ മുന്നുപാധിയാണെന്ന തിരിച്ചറിവുണ്ടാക്കാൻ ഡി ഗ്രൂട്ടിന്റെ കണ്ടെത്തലുകൾ സഹായകമായി. ചിന്തിക്കാനും കൃത്യമായ പ്രശ്‌ന പരിഹാരത്തിനും ഉത്തരത്തിനും അതാവശ്യമാണ് വിപുലീകരിക്കപ്പെട്ട സ്ഥിര ഓർമ്മയെന്ന ധാരണ ഡി ഗ്രൂട്ടിലൂടെ വികസിതമായി.

സ്‌കീമ സിദ്ധാന്തം

എങ്ങനെ സ്ഥിര ഓർമയിൽ വിവരങ്ങൾ സൂക്ഷിക്കപ്പെടുന്നു എന്ന അന്വേഷണമായിരുന്നു അടുത്തത്. 1928-ൽ ജീൻ പിയാഷേയും 1932- ൽ ഡി.ഡൗ.ബാർട്ട്‌ലറ്റും പ്രസിദ്ധീകരിച്ച പഠനങ്ങൾ മസ്തിഷ്‌കത്തിൽ വിവരങ്ങൾ എങ്ങനെ നിലനിർത്തുന്നു എന്ന സൂചന നൽകി. സ്‌കീമ സിദ്ധാന്തം അവതരിപ്പിച്ചത് ഇവരാണ്. 1980- കളോടെ സ്‌കീമ സിദ്ധാന്തത്തിന് പ്രാധാന്യവും സ്വീകാര്യതയും വർധിക്കുകയും സ്‌കീമകൾ പ്രശ്‌ന പരിഹാര ശേഷിയിൽ വഹിക്കുന്ന പങ്കും വിശദീകരിക്കപ്പെട്ടു. വിവരങ്ങളുടെ വ്യത്യസ്ത വശങ്ങളെ അവയുടെ ഉപയോഗത്തിനനുസരിച്ച് കോർത്തിണക്കാൻ സഹായിക്കുന്ന കൊഗ്‌നിറ്റീവ് നിർമിതിയാണ് സ്‌കീമ. (ചീ.എം.ടി.എച്ച്, ഗ്ലേസർ.ആർ, റീസ്. ഇ, 1982)

ഭാഷയോ ഭാഷയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള സംസ്‌കാരമോ ജ്ഞാനമോ ആർജിക്കാൻ ഒരിക്കലും സാധിക്കാത്ത തലമുറയാണ് എൻ.ഇ.പി - 2020 ഇപ്പോൾ മുന്നോട്ടുവെക്കുന്ന പഠന-ബോധന രീതിശാസ്ത്രത്തിലൂടെ സൃഷ്ടിക്കപ്പെടുക.

പുതുതായി ആർജിച്ച സ്‌കീമകൾ സബോധതയോടെയും ചിലപ്പോൾ അൽപ്പം പരിശ്രമത്തിലൂടേയും തന്നെ ഉറപ്പിച്ചെടുക്കണം. ഉയർന്ന പരിശീലനത്തിലൂടെ സ്‌കീമകൾ സബോധതയില്ലാതെ തന്നെ പ്രവർത്തിച്ച് തുടങ്ങും. പതിയെ അതൊരു സ്വാഭാവിക പ്രക്രിയായി മാറിത്തീരുകയും ചെയ്യും. (കോട്ടോവിസ്‌കി, ഹായസ്, സൈമൺ 1985, സ്‌കിനെദർ, ഷിഫ്‌റിൻ, 1977). വായിക്കാനുള്ള ശേഷി ഇതിന് നല്ലൊരു ഉദാഹരണമാണ്. വായിച്ച് പഠിക്കുന്ന ആദ്യ ഘട്ടങ്ങളിൽ നമ്മൾ ഓരോ അക്ഷരവും ബോധത്തോടെ വായിച്ച് പഠിക്കുന്നു. പതിയെ പരിശീലനത്തിലൂടെ ഓരോ അക്ഷരത്തിന്റേയും ഓട്ടോമേറ്റഡ് സ്‌കീമ ആർജിക്കുന്നു. ഉയർന്ന പരിശീലനത്തിലൂടെ വാക്കുകകളും പരിചയമുള്ള വാക്കുകളുടെ ഗ്രൂപ്പുകളും സ്വാഭാവികമായി വായിക്കാനുള്ള ഓട്ടമേറ്റഡ് സ്‌കീമ ആർജിക്കുന്നു. നിരന്തരമായ പഠന പരിശീലനത്തിലൂടെയാണ് സങ്കീർണമായ സ്‌കീമകൾ ആർജിക്കുന്നത്.

ഉപസംഹാരം

സ്‌കീമകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആധുനിക ധാരണകൾ, പ്രാഥമികവും ദ്വിതീയവുമായ ജീവശാസ്ത്രപരമായ ജ്ഞാനത്തെ സംബന്ധിച്ച ധാരണകൾ, താൽക്കാലിക ഓർമ (Short term memory) യേയും സ്ഥിര ഓർമ (Long term memmory) സംബന്ധിച്ച പുത്തൻ കണ്ടെത്തലുകളെല്ലാം 1996 മുതൽ യുനെസ്​കോയാൽ മുന്നോട്ടുവെക്കപ്പെടുകയും 2007- ഓടെ കേരളത്തിലെ പാഠ്യപദ്ധതിയിൽ ഔദ്യോഗികമായി പ്രവേശനം നേടുകയും ഇന്ന് എൻ.ഇ.പിയിലൂടെ വീണ്ടും അവതരിപ്പിക്കപ്പെടുകയും ചെയ്ത ജ്ഞാനനിർമിതിവാദത്തിലൂന്നിയ പഠന-ബോധനശാസ്ത്രത്തെ നിരാകരിക്കാൻ പോന്നതാണ്.

പഠനം പ്രാഥമികമായും മാനസികമാണെന്ന ബ്ലൂം മുന്നോട്ടുവെക്കുന്ന ഉദ്ദേശ്യാധിഷ്ഠിതബോധന സമീപനവും സ്ഥിര ഓർമ്മയുടെ ആഴവും പരപ്പും വർധിപ്പിക്കലാണ് വിദ്യാഭ്യാസം എന്ന കൊഗ്‌നിറ്റിവ് ലോഡ് സിദ്ധാന്തത്തിന്റെ പഠന - ബോധന സമീപനവും ജ്ഞാനനിർമിതിവാദം നിരാകരിക്കുന്നു. ഭാഷയോ ഭാഷയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള സംസ്‌കാരമോ ജ്ഞാനമോ ആർജിക്കാൻ ഒരിക്കലും സാധിക്കാത്ത തലമുറയാണ് എൻ.ഇ.പി - 2020 ഇപ്പോൾ മുന്നോട്ടുവെക്കുന്ന പഠന-ബോധന രീതിശാസ്ത്രത്തിലൂടെ സൃഷ്ടിക്കപ്പെടുക. ധൈഷണിക വളർച്ചയില്ലാത്ത ഒരാൾക്ക് നൽകുന്ന തൊഴിൽ പരിശീലനം നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തെ സൃഷ്ടിക്കുന്നതിന് തുല്യമാണ്.

അശാസ്ത്രീയമായ പഠന-ബോധന സമീപനങ്ങൾ മുന്നോട്ടുവെക്കുന്ന എൻ.ഇ.പി-2020 നെതിരെ പൊതുജനം ഉറക്കെ പ്രതികരിച്ചേ തീരൂ. ചിന്തയും മാനുഷിക വികാരങ്ങളും ഇല്ലാത്ത കെട്ടകാലത്തിന്റെ വരവിനെ തടയാൻ ഇതാണ് ഏക പോംവഴി. ▮


എം.കെ. ഷഹസാദ്

വിദ്യാഭ്യാസ പ്രവർത്തകൻ, നരവംശ ശാസ്ത്ര വിദ്യാർത്ഥി.

Comments