പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ: ‘‘എസ് എസ് എൽ സി അടക്കമുള്ള പൊതു പരീക്ഷകളിൽ വിജയശതമാനം കൂട്ടുക എന്ന ഒരു നിലപാട് സ്വീകരിക്കുന്ന ഒരു തലം നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ കുറെ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. അതിനൊരു മാറ്റം വരുത്തണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു എന്ന് താങ്കളുടെ ചില പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എസ് എസ് എൽ സി അടക്കമുള്ള അത്തരത്തിലുള്ള പൊതുപരീക്ഷകളിൽ കുട്ടികൾക്ക് നിർബന്ധമായ ഒരു നിശ്ചിതമായ മാർക്ക് കരസ്ഥമാക്കണം എന്ന തലത്തിലേക്ക് ഒരു മാറ്റം വരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ? അതിലൂടെ കുട്ടികളുടെ പാഠ്യപ്രവർത്തനങ്ങളിൽ ഉന്നതിയുണ്ടാകും എന്ന് താങ്കൾ കരുതുന്നുണ്ടോ?".
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി: ‘
‘സർ അങ്ങ് ഇവിടെ പറഞ്ഞത് വളരെ ഗൗരവമുള്ള ഒരു വിഷയമാണ്. നമ്മൾ സഭ ഒന്നാകെ ചർച്ചചെയ്യേണ്ട വിഷയമാണ്. ഞാൻ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോടും ഒക്കെത്തന്നെ സംസാരിച്ചിരുന്ന ഒരു വിഷയമാണ്. നമ്മുടെ മുന്നിലുള്ള പ്രശ്നം എന്ന് പറഞ്ഞാൽ, ഒന്നുമുതൽ ഒമ്പതാം ക്ലാസ് വരെ ഓൾ പ്രമോഷനാണ്. കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനപ്രകാരമാണ് അങ്ങനെ ഒരു ഓൾ പ്രമോഷൻ രീതി കൊണ്ടുവന്നത്. ഇന്നിപ്പോൾ കേന്ദ്ര ഗവൺമെൻറ് ആ തീരുമാനം പിൻവലിച്ചു. പിൻവലിച്ചെങ്കിലും വിദ്യാർഥിപക്ഷത്തു നിന്നുകൊണ്ട് കേരള ഗവൺമെൻറ് ആ തീരുമാനം പിൻവലിച്ചില്ല. ഒന്നുമുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൾ പ്രമോഷൻ രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇപ്പോൾ ഉള്ള ഒരു പ്രശ്നം, അങ്ങ് സൂചിപ്പിച്ചതുപോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം, എസ് എസ് എൽ സി പരീക്ഷയ്ക്ക് നിലവിൽ ഒന്നരമണിക്കൂർ ദൈർഘ്യമുള്ളതും രണ്ടര മണിക്കൂർ ദൈർഘ്യം ഉള്ളതുമായ രണ്ടുതരം പരീക്ഷകളാണ് ഇപ്പോൾ നടക്കുന്നത്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 100 മാർക്കിന്റെ ചോദ്യമാണ്. അതിൽ 20 മാർക്കിന്റെ ചോദ്യം നിരന്തരമൂല്യനിർണയത്തിനുവേണ്ടി അധ്യാപകർക്ക് തന്നെ കൊടുക്കാവുന്നതാണ്. ഒരു മാനദണ്ഡവും ഇല്ല സർ. അപ്പോൾ ഏത് അധ്യാപകനും ഏതു കുട്ടിക്കും 20 മാർക്ക് കൊടുക്കാം. ബാക്കി അവശേഷിക്കുന്നത്, ചോദ്യത്തിന് ഉത്തരം എഴുതേണ്ടത് 80 മാർക്കിന് മാത്രമാണ്. 80 മാർക്കിന് മാത്രമാണ് ഉത്തരം എഴുതേണ്ടത്. അങ്ങിനെ 80 മാർക്കിന് ഉത്തരം എഴുതിയാൽ ആ കുട്ടിക്ക് 10 മാർക്കിന്റെ ഉത്തരം കൂടി എഴുതിയാൽ മതി സർ. 10 മാർക്കിന്റെ ശരിയുത്തരം കൂടി എഴുതിയാൽ നേരത്തെ കൊടുത്ത ഇരുപതും കൂടി ചേർത്ത് 30 മാർക്ക് ആയി. ആ കുട്ടി പാസ്. 50 മാർക്കിന്റെ ചോദ്യത്തിനാണെങ്കിൽ പത്തുമാർക്ക് അധ്യാപകന് സംഭാവന ചെയ്യാം. ബാക്കിയുള്ളതിൽ അഞ്ചുമാർക്ക് ഉത്തരമെഴുതിയാൽ മതി സർ ആ കുട്ടിക്ക് ജയിക്കാം. അഞ്ചു മാർക്കിന് എഴുതിയാൽ മതി. ഈ രീതി നമുക്ക് സംയുക്തമായി സഭ തീരുമാനിച്ച് ഒരു മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. എന്നു മാത്രമല്ല സർ നമുക്ക് സബ്ജക്റ്റിന് മിനിമം മാർക്ക് ഏർപ്പെടുത്തണം. സബ്ജക്റ്റിന് മിനിമം മാർക്ക് ഏർപ്പെടുത്തുമ്പോൾ അധ്യാപകരും സജീവമാകും പിടിഎയും സജീവമാകും കുട്ടികളും സജീവമാകും രക്ഷകർത്താക്കളും സജീവമാകും. എന്നുമാത്രമല്ല സാർ ഇന്നിപ്പോൾ ദേശീയ അടിസ്ഥാനത്തിൽ പത്തോളം വരുന്ന ദേശീയ മത്സര പരീക്ഷകൾ നടക്കുകയാണ്. സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പ്രവേശനം എൻട്രൻസിലൂടെയാണ്. പ്രവേശനം മത്സര പരീക്ഷകളിലൂടെയാണ്. നമ്മുടെ കുട്ടികൾ ദേശീയ അടിസ്ഥാനത്തിൽ നടക്കുന്ന മത്സര പരീക്ഷകളിൽ മുന്തിയ സ്ഥാനത്ത് എത്തണമെങ്കിൽ അതുപോലെതന്നെ സെൻട്രൽ യൂണിവേഴ്സിറ്റികളിലും നമ്മുടെ കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കണമെങ്കിലും ഞാൻ നേരത്തെ നേരത്തെ പറഞ്ഞതുപോലെ സബ്ജക്റ്റ് മിനിമം ഉണ്ടാവണം. സാർ എത്രമാത്രം പ്രയാസപ്പെട്ടിട്ടാണ് ഒരു എസ് എസ് എൽ സി പരീക്ഷ നടത്തുന്നത്. റിസൾട്ട് വരുമ്പോൾ 99 പോയിൻറ് സോ ആൻഡ് സോ ആണ് റിസൾട്ട് വരുന്നത്. സാർ ഒരു ഗവൺമെന്റും തീരുമാനിക്കുകയില്ല; ഒരു പത്ത് ശതമാനം റിസൾട്ട് കുറഞ്ഞാൽ പത്രക്കാർ എഴുതും അത് ഈ ഗവൺമെന്റിന്റെ കുഴപ്പമാണ്; വിദ്യാഭ്യാസ മന്ത്രിയുടെ കുഴപ്പമാണ് എന്നൊക്കെ പറഞ്ഞുള്ള ഒരു നിലപാട് സ്വീകരിക്കുന്ന സ്ഥിതിവരും. സാർ അതുകൊണ്ട് നമുക്ക് മിനിമം മാർക്ക് കുട്ടികൾക്ക് കിട്ടത്തക്ക രൂപത്തിലുള്ള സംവിധാനം ഉണ്ടാകണം. അതിന് അധ്യാപകരെ അതിനനുസരിച്ച് പരിശീലിപ്പിക്കണം. എല്ലാ നിലയിലും ആ നില കൊണ്ടുവരുന്നതിനുള്ള ആലോചന നടത്തണം. ഒരു വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. കരിക്കുലം കമ്മിറ്റി മെമ്പർമാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അധ്യാപകരും അധ്യാപക സംഘടന നേതാക്കളും വിദ്യാർത്ഥി സംഘടന നേതാക്കളും എല്ലാം പങ്കെടുത്തിരുന്നു. അവരെല്ലാം തത്വത്തിൽ ഇതിനോട് യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നമുക്ക് അത് കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഹയർസെക്കൻഡറിയുടെ കാര്യം പറഞ്ഞല്ലോ, 15 വർഷമായി ഹയർ സെക്കൻഡറിയുടെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചിട്ട്. 15 വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോഴും. നമ്മൾ ഇപ്പോൾ പരിഷ്കരിച്ച പാഠപുസ്തകവും പത്തുവർഷം മുമ്പ് പരിഷ്കരിച്ച പുസ്തകമാണ്. അതുകൊണ്ട് ഇത്തരം മാറ്റങ്ങൾ കൊണ്ടു വരുന്നതിന് ഉദ്ദേശിക്കുന്നു. അതിന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തിന്റെയും ഒക്കെ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു’’.
ജൂൺ 19 ന് കേരള നിയമസഭയിൽ കോട്ടക്കൽ എം. എൽ. എ. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വിദ്യാഭ്യാസമന്ത്രിയോട് ചോദിച്ച ഒരു ചോദ്യവും അതിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയുമാണ് മുകളിൽ അതേപടി കൊടുത്തത്.
എഴുതി തയ്യാറാക്കിയ രേഖകൾ പൊതുസമൂഹത്തിനു മുന്നിൽ വിദ്യാഭ്യാസമന്ത്രി വായിക്കുമ്പോൾ പൊതുവിൽ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക്, പ്രത്യേകിച്ച്, ഇടതുപക്ഷ സംഘടനാ പ്രവർത്തകർക്ക് ചങ്കിടിക്കും. അടുത്തദിവസങ്ങളിൽ അദ്ദേഹം വരുത്തുന്ന തെറ്റുകൾ വെച്ചുള്ള ട്രോളുകൾക്ക് അവർമറുപടി പറയണമല്ലോ. സത്യത്തിൽ അതിലൊന്നും വലിയ കാര്യമില്ല, എഴുതിയത് അതുപോലെ വായിക്കുക എന്നതൊക്കെ ആർക്കായാലും പ്രയാസമാണ്. വിദ്യാഭ്യാസപ്രവർത്തനത്തെ സംബന്ധിച്ച നിലപാടുകൾ, നിരീക്ഷണങ്ങൾ, ആശയങ്ങൾ, സമീപനങ്ങൾ എന്നിവ ഒരാളുടെ ഉള്ളിൽ നിന്നും വരേണ്ടതാണ്.
നമുടെ പഴയ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ ഓർമയില്ലേ. അദ്ദേഹം കടലാസ് നോക്കിയാണോ ഇത്തരം കാര്യങ്ങൾ പറയാറുള്ളത്. അതുപോട്ടെ. സഭാ ടി.വിയിൽ വന്ന ഈ നിയമസഭാ ചോദ്യോത്തരം ശ്രദ്ധാപൂർവ്വം കാണുകയുണ്ടായി. വലിയ തെറ്റുകൾ ഒന്നും അദ്ദേഹത്തിനു വന്നിട്ടില്ല. ആകെ പറയാമെങ്കിൽ എസ് എസ് എൽ സി യുടെ ഒന്നര മണിക്കൂർ / രണ്ടര മണിക്കൂർ പരീക്ഷാ ചോദ്യപേപ്പറുകളിലെ മാർക്കുകൾ പറഞ്ഞത് മാറിപ്പോയിരുന്നു. ഒന്നര മണിക്കൂറിനല്ല, രണ്ടര മണിക്കൂർ പരീക്ഷയ്ക്കാണ് നൂറു മാർക്കിനുള്ള ചോദ്യമുള്ളത്. അതല്ലല്ലോ ആ മറുപടിയിലെ പ്രധാനകാര്യം.
കേരളത്തിലെ ഇടതുപക്ഷ വിദ്യാഭ്യാസവിചക്ഷണന്മാർ കേരളാ കരിക്കുലം ഫ്രെയിം വർക്ക് 2023, അത് പൂർത്തിയാവുന്നതിനു മുൻപുതന്നെ ഉണ്ടാക്കിയ പുതിയ പാഠപുസ്തകങ്ങൾഎന്നിവയെക്കുറിച്ച് വലിയ തള്ളുകൾ അനുദിനമെന്നോണം പടച്ചുവിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ, വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ സത്യസന്ധമായി പറഞ്ഞ ഈ മറുപടിക്ക് തീർച്ചയായും അക്കാദമികമായി വലിയ പ്രാധാന്യമുണ്ട് എന്നു കരുതുകയാണ്.
വി. ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രിയായ അന്നുമുതൽ അദ്ദേഹം ചെയ്തുവരുന്ന ഒരു പ്രധാനപ്പെട്ട കാര്യം മുൻസർക്കാറിന്റെ കാലത്തെ വിദ്യാഭ്യാസവകുപ്പിന്റെ പ്രവർത്തനങ്ങളെ കണക്കിന് പരിഹസിക്കുക എന്നതാണ്. അദ്ദേഹം അതറിഞ്ഞുകൊണ്ടോ കരുതിക്കൂട്ടിയോ ചെയ്യുന്നതൊന്നുമാവില്ല. അദ്ദേഹത്തിനു വ്യക്തിപരമായി പൊരുത്തപ്പെടാൻ കഴിയാത്ത, അറിയാത്ത അല്ലെങ്കിൽ മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പിൽ ഏറെക്കാലമായി നടക്കുന്നത്. യു ഡി എഫ് കാലത്തേതുപോകട്ടെ, വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയുമായി ഇരുന്ന കാലത്തെയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായ കാലത്തെയും നയങ്ങൾ, പരിപാടികൾ ഒന്നും വി. ശിവൻകുട്ടിയെ സംബന്ധിച്ച് അത്ര പിടികിട്ടാത്ത കാര്യങ്ങളായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന്റെ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഓഫീസ് സ്റ്റാഫും അദ്ദേഹത്തെ അങ്ങനെയാവും ധരിപ്പിച്ചിട്ടുണ്ടാവുക. എന്തായാലും അക്കാലങ്ങളിലെ നമുടെ വിദ്യാഭ്യാസ നയങ്ങളെ പരിഹസിക്കാൻ പറ്റിയ ഒരു സന്ദർഭവും അദ്ദേഹം ഒഴിവാക്കാറില്ല.
എഴുതി തയ്യാറാക്കിയ രേഖകൾ പൊതുസമൂഹത്തിനു മുന്നിൽ വിദ്യാഭ്യാസമന്ത്രി വായിക്കുമ്പോൾ പൊതുവിൽ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക്, പ്രത്യേകിച്ച്, ഇടതുപക്ഷ സംഘടനാ പ്രവർത്തകർക്ക് ചങ്കിടിക്കും.
വിദ്യാഭ്യാസമന്ത്രിയായി ആദ്യത്തെ എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കുന്ന സന്ദർഭത്തിലാണെന്ന് തോന്നുന്നു, അതിനു തൊട്ടുമുൻപ്, കോവിഡ് മഹാമാരി മൂർച്ഛിച്ചിരിക്കുന്ന കാലത്തെ ഫലത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം പത്രക്കാർക്ക് മുന്നിൽ തലയറഞ്ഞു ചിരിക്കുകയുണ്ടായി. ഒരു ലക്ഷത്തിലധികം പേർക്ക് എ പ്ലസ്. ആ പരിഹാസം ശരിക്കും സി. രവീന്ദ്രനാഥിനുള്ളതായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ആ പരീക്ഷ നടന്നത്. ഇന്ത്യയിൽ സി ബി എസ് ഇ യും ഐ സി എസ് സി യും എട്ടാം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും സ്കൂൾ പരീക്ഷകളിലെ മാർക്കുകൾ പതാംതരത്തിലെ സർട്ടിഫിക്കറ്റിൽ അച്ചടിച്ചുകൊടുത്ത കാലത്താണ്, സാമൂഹിക അകലം പാലിച്ചും മാസ്കും പി പി ഇ കിറ്റും ഫേസ് കവറും ഒക്കെ ധരിച്ച്, നാട്ടുകാരെയും അധ്യാപകരെയും ചേർത്തുപിടിച്ച് ഇവിടെ ഒരു പൊതുപരീക്ഷ നടത്തിയത് എന്നദ്ദേഹം അപ്പോൾ മറന്നുപോയി. ഉത്കണ്ഠയും അരക്ഷിതത്വവും ഭാവിയെക്കുറിച്ചുള്ള സന്ദേഹങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ വല്ലാതെ ബാധിച്ചപ്പോൾ, സിലബസിൽ ഫോക്കസ് ഏരിയ നിർണ്ണയിച്ചും ഇരട്ടി ഓപ്ഷനുകൾ നൽകിയും മറ്റുമാണ് ഒരു പൊതുപരീക്ഷ ഇവിടെ നടത്തിയിരുന്നത്. അക്കാലത്തെ കരിക്കുലം കമ്മറ്റിയും അധ്യാപക സംഘടനകളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതൊരു വിദ്യാഭ്യാസ ഉൾക്കാഴ്ചയുടെ പ്രഖ്യാപനമായിരുന്നു. ആർക്കൊപ്പമാണ് ഈ കരിക്കുലം എന്നതിന്റെ തൊട്ടുകാട്ടാവുന്ന നിദർശനമായിരുന്നു. ഇപ്പോഴത്തെപ്പോലെ വിദ്യാർത്ഥിപക്ഷം എന്ന ബഡായിയുടെ തപ്പിത്തടഞ്ഞുള്ള വെറും പുറംപൂച്ചല്ലായിരുന്നു എന്നർത്ഥം.
അടുത്ത വർഷമാകുമ്പോഴേക്കും അക്കാദമിക നിലപാടുകൾ സമിതികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പ്രബലരായ ഉദ്യോഗസ്ഥമേധാവികളിലെക്ക് മാറി. കാരണം ഉള്ളാലെ എല്ലാവർക്കും അറിയാം. ഭരണം മാറി; മന്ത്രി മാറി. ഇവിടെ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പഠനരീതിയെ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നല്ല അഭിപ്രായമൊന്നും ഉണ്ടെന്നുതോന്നുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ച് അധ്യാപകർ കൃത്യമായി പഠിപ്പിക്കണം, കുട്ടികൾ രാപ്പകലില്ലാതെ പഠിക്കണം. സർക്കാർ പരീക്ഷകൾ നടത്തി 'മികച്ച കുട്ടികളെ' പാസക്കണം. കഴിഞ്ഞു, അത്രനിസ്സാരമാണ് വിദ്യാഭ്യാസപ്രക്രിയ.
പിന്നീടൊരിക്കൽ അതദ്ദേഹം തുറന്നുപറഞ്ഞു, അധ്യാപകർ പഠിപ്പിച്ചാൽമതി. പരീക്ഷ, ചോദ്യപേപ്പർ അതൊക്കെ തീരുമാനിക്കാൻ ഇവിടെ വേറെ ആളുകളുണ്ട് എന്നാണദ്ദേഹം അതിനെ വിശദീകരിച്ചത്. എന്നാൽ അധ്യാപകർ പഠിപ്പിക്കുക മാത്രമല്ല കേരളത്തിൽ കാലമേറെയായി ചെയ്യുന്നത്. എന്താണ് പഠിപ്പിക്കേണ്ടത്, എങ്ങിനെയാണത് പഠിപ്പിക്കേണ്ടത്, മൂല്യനിർണ്ണയം എപ്രകാരമാവണം, പരീക്ഷകൾ എങ്ങിനെയാവണം, ചോദ്യപേപ്പറുകൾ തയ്യാറാക്കേണ്ടത് ഏതു രീതിയിലാണ് എന്നൊക്കെ അധ്യാപകർ, സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ അധ്യാപകർ തന്നെയാണ് ഏറെക്കാലമായി ഇവിടെ തീരുമാനിക്കുന്നത്. മറ്റെന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടാകാമെങ്കിലും, പുതിയ പാഠ്യപദ്ധതി ജാനാധിപത്യപരമാവുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് ഉദ്യോഗസ്ഥമേധാവികൾ തീരുമാനിക്കുന്ന വിദ്യാർത്ഥി വിരുദ്ധമായ കാര്യങ്ങളെ അധ്യാപകർ ചോദ്യം ചെയ്യുന്നത്. അതിനുള്ള അവകാശം അധ്യാപകർക്ക് മാത്രമാണുള്ളത്. 'അധ്യാപകർ പഠിപ്പിച്ചാൽ മതി' എന്ന ശാസന ഫാഷിസമാകുന്നത് അങ്ങനെയാണ്.
കുറെയേറെ കുട്ടികൾ തോൽക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ മികവ് എന്ൻ അദ്ദേഹം ഇപ്പോഴും വിചാരിക്കുന്നതായി ഈ നിയമസഭാ ചോദ്യത്തിനുള്ള ഉത്തരം വെളിവാക്കുന്നു. എസ് എസ് എൽ സി പരീക്ഷയെക്കുറിച്ച് അദ്ദേഹം പറയുന്നതിൽ അതുണ്ട്. പത്തോ ഇരുപതോ ശതമാനം കുട്ടികൾ തോൽക്കണം. പക്ഷേ പത്രക്കാർ വിടൂല്ല. സർക്കാരിന്റെ കഴിവുകേടായും വിദ്യാഭ്യാസമന്ത്രിയുടെ പിടിപ്പുകേടായും അത് വെണ്ടയ്ക്കയാവും. അതാണ് പ്രശ്നം. അല്ലെങ്കിൽ പകുതിപ്പേരെയെങ്കിലും തോൽപ്പിച്ച് നിലവാരം ഉയർത്താമായിരുന്നു. എത്ര കഷ്ടപ്പെട്ടാണ് എസ് എസ് എൽ സി പരീക്ഷ നടത്തുന്നത്. എന്നിട്ട് തോൽക്കുന്നത് കാലോ അരയോ ശതമാനം. ജയിക്കുന്നത് "99 പോയിൻറ് സോ ആൻഡ് സോ’’. എന്തൊരു കഷ്ടമാണ് സാർ എന്നാണതിന്റെ മലയാളം. അതിനുള്ള ഏക പരിഹാരമാണ് എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നിശ്ചയിക്കുക എന്നത്. അതോടുകൂടി ഇപ്പോൾ തകർന്നുകിടക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസം പൂർവ്വാധികം ശക്തമായി സടകുടഞ്ഞെഴുന്നേൽക്കും. "സബ്ജക്റ്റിന് മിനിമം മാർക്ക് ഏർപ്പെടുത്തുമ്പോൾ അധ്യാപകരും സജീവമാകും, പി ടി എ യും സജീവമാകും, കുട്ടികളും സജീവമാകും രക്ഷകർത്താക്കളും സജീവമാകും". അതായത് സബ്ജക്റ്റിനു മിനിമം ഇല്ലാത്തതാണ് ഇവരെല്ലാം ഉഴപ്പാൻ കാരണം. പത്താം ക്ലാസിൽ സബ്ജക്റ്റിന് മിനിമം മാർക്ക് വേണ്ടാത്ത ഒരു രീതി ഇവിടെ നടപ്പിലാക്കിയതാണ് ഇവിടുത്തെ കുട്ടികൾക്ക് ദേശീയ പരീക്ഷകളിൽ തിളങ്ങാൻ കഴിയാതെ പോയത്. സെൻട്രൽ യൂണിവേഴ്സിറ്റികളിൽ സീറ്റുകൾ കിട്ടാതെ പോയത്. എല്ലാം പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് എസ് എസ് എൽ സി ക്ക് സബ്ജക്റ്റിന് മിനിമം മാർക്ക് ഏർപ്പെടുത്തുക എന്നത്.
അതിനുവേണ്ടി അദ്ദേഹം അപഹസിക്കുന്നത് 'നിരന്തര മൂല്യനിർണ്ണയ'ത്തെയാണ്.
"ഇപ്പോൾ ഉള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം, 20 മാർക്ക് നിരന്തരമൂല്യനിർണയത്തിന് അധ്യാപകർക്ക് തന്നെ കൊടുക്കാവുന്നതാണ്. ഒരു മാനദണ്ഡവും ഇല്ല. അപ്പോൾ ഏത് അധ്യാപകനും ഏതു കുട്ടിക്കും 20 മാർക്ക് കൊടുക്കാം. ബാക്കി അവശേഷിക്കുന്ന 80 മാർക്കിന് മാത്രമാണ് കുട്ടി ഉത്തരം എഴുതേണ്ടത്. അതിൽ 10 മാർക്കിന്റെ ഉത്തരം കൂടി എഴുതിയാൽ മതി. 10 മാർക്കിന്റെ ശരിയുത്തരം കൂടി എഴുതിയാൽ നേരത്തെ കൊടുത്ത ഇരുപതും കൂടി ചേർത്ത് 30 മാർക്ക് ആയി. ആ കുട്ടി പാസ്. 50 മാർക്കിന്റെ ചോദ്യത്തിനാണെങ്കിൽ പത്തുമാർക്ക് അധ്യാപകന് സംഭാവന ചെയ്യാം. ബാക്കിയുള്ളതിൽ അഞ്ചുമാർക്ക് ഉത്തരമെഴുതിയാൽ മതി, ആ കുട്ടിക്ക് ജയിക്കാം. അഞ്ചു മാർക്കിന് എഴുതിയാൽ മതി". കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യമാണ് ഇത്. കേൾക്കുമ്പോൾ തോന്നുക ഈ പരിഹാസ്യമായ രീതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചതോ യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതോ ആണെന്നല്ലേ?
കേരളത്തിലെ യു ഡി എഫ് / എൽ ഡി എഫ് സർക്കാരുകൾ കഴിഞ്ഞ ഇരുപത്തഞ്ചിലധികം കൊല്ലമായി ഇവിടെ നടപ്പാക്കിക്കൊണ്ടിരികുന്ന പുതിയപാഠ്യപദ്ധതിയുടെ അടിസ്ഥാനസമീപനത്തെയാണ് മന്ത്രി കളിയാക്കുന്നത്. അതും ഇടതുപക്ഷ വിദ്യാഭ്യാസപ്രവർത്തകരുടെ സമ്പൂർണ്ണമായ പ്രവർത്തനഫലമായി വികസിപ്പിച്ച ഒന്ന്. ഒരു മാനദണ്ഡവും ഇല്ലാതെ ഏത് അധ്യാപകർക്കും ഏതു കുട്ടിക്കും ഇട്ടുകൊടുക്കാവുന്ന ഒന്നായും വെറും സംഭാവനയായും 'നിരന്തര മൂല്യനിർണ്ണയ'ത്തിന് പുതുഭാഷ്യം തീർക്കുകയാണ് അദ്ദേഹം. ഇത്രയും വ്യാജമായ ഒന്നുമായി ഇനി കേരളത്തിലെ വിദ്യാഭ്യാസത്തിനു മുന്നോട്ടുപോകാൻ കഴിയുമോ? മന്ത്രി നിയമസഭയിൽ എഴുതിവായിക്കുന്ന ഒരു മറുപടി അത്രമാത്രം സത്യസന്ധമായിരിക്കെണ്ടേ?
അടിസ്ഥാനപരമായി വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കും മന്ത്രിക്കും എന്തിന് പാഠ്യപദ്ധതി നടപ്പിലാക്കേണ്ടുന്ന സ്ഥാപനമേധാവികളുടെ പോലും ഉള്ളിലിരിപ്പ് സി ബി എസ് ഇ രീതിയാണ് അഭികാമ്യം എന്നാണ്.
ഇതേ വിദ്യാഭ്യാസമന്ത്രിതന്നെ പ്രകാശനം ചെയ്ത കേരളാ കരിക്കുലം ഫ്രെയിംവർക്ക് 2023- ൽ നിരന്തര മൂല്യനിർണ്ണയമാണ് ഏറ്റവും അഭികാമ്യമായ വിലയിരുത്തലെന്നും ആത്യന്തിക വിലയിരുത്തൽ (ടേമിന്റെ അവസാനവും വർഷാവസാനവും മറ്റും നടത്തുന്ന പൊതുപരീക്ഷകൾ അടക്കമുള്ള എഴുത്തുപരീക്ഷകൾ) എന്നത് പഠനരീതിയെത്തന്നെ കുഴപ്പത്തിലാക്കുന്ന ഒന്നാണെന്നും പറയുമ്പോഴാണ് ഈ കണ്ടെത്തൽ എന്നോർക്കണം. അതായത് സിദ്ധാന്തം വെടിപ്പാക്കാൻ ഏട്ടിൽ പലതും എഴുതിവെക്കും. എങ്കിലേ അതിൽ ഉഷാറ് തെളിയിക്കുന്ന ചില വിദ്യാഭ്യാസവിചക്ഷണർക്ക് ആത്മസംതൃപ്തിയുണ്ടാകൂ. എന്നാൽ, അടിസ്ഥാനപരമായി വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കും മന്ത്രിക്കും എന്തിന് പാഠ്യപദ്ധതി നടപ്പിലാക്കേണ്ടുന്ന സ്ഥാപനമേധാവികളുടെ പോലും ഉള്ളിലിരിപ്പ് ഇതൊക്കെ വെറും അബദ്ധമാണെന്നും സി ബി എസ് ഇ രീതിയാണ് അഭികാമ്യം എന്നുമാണ്. പരീക്ഷകളും അതിൽ 'മികവു'ള്ള കുറച്ചുപേർ (അത് സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായി മധ്യവർഗ്ഗത്തിലോ അതിനു മുകളിലോ ഉള്ളവരുടെ മക്കൾക്കുള്ള മറ്റൊരു പേരാണ്) വിജയിക്കുന്നതുമായ ഒരു സംവിധാനമാണ് അവരുടെ ആദർശ വിദ്യാഭ്യാസ സാമ്രാജ്യം. അതിന്റെ കൊടിയടയാളമാണ് മന്ത്രി സത്യസന്ധമായി നിയമസഭയിൽ ഉയർത്തിക്കാട്ടിയത്.
പത്തും പതിനഞ്ചും വർഷമായി പുതുക്കാത്ത പാഠപുസ്തകങ്ങളെക്കുറിച്ചും മന്ത്രി ഈ ചെറിയ പ്രസംഗത്തിൽ ഉത്കണ്ഠപ്പെടുന്നുണ്ട്. അതും നേരത്തെയുള്ള ഇടതുപക്ഷ ഭരണത്തിനും വിദ്യാഭ്യാസമന്ത്രിക്കും എതിരായുള്ള കുത്താണ്. കഴിഞ്ഞ ഭരണകാലത്ത് എന്തുകൊണ്ട് പാഠപുസ്തകങ്ങൾ പരിഷ്കരിച്ചില്ല. തുടർച്ചയായി തെരഞ്ഞെടുപ്പുകൾ വരുന്ന ഒരു കാലത്ത് പാഠപുസ്തകപരിഷ്കരണം പോലുള്ള വിവാദസംഗതികൾ വേണ്ട എന്ന രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമായി. അല്ലാതെന്ത്? നേരത്തെ പരിഷ്കരിച്ചപ്പോൾ 'മതമില്ലാത്ത ജീവൻ' പോലുള്ള പാഠഭാഗങ്ങൾ ഉണ്ടാക്കിയ മതമേലധ്യക്ഷന്മാരുടെയടക്കം നീരസം താങ്ങാൻ പറ്റാത്തതുകൊണ്ട്. തങ്ങളുടെ തന്നെ ഇന്നലെകളെ നോക്കി കൊഞ്ഞനം കുത്തിയല്ല, ഇന്നിന്റെ ഇല്ലാത്ത ഗുണങ്ങളെ പൊലിപ്പിക്കേണ്ടത് എന്നുമാത്രം. മന്ത്രിക്കറിയാൻ പാടില്ലാത്ത മറ്റൊന്ന് ഹയർ സെക്കന്ററി പാഠപുസ്തകങ്ങൾ ഇവിടുന്നല്ല പരിഷ്കരിക്കുക എന്നതാണ്. ഭാഷാവിഷയങ്ങളും കുറച്ചുമാത്രം സ്കൂളുകളിൽ ഉള്ളതുമായ ചില വിഷയങ്ങളും ഒഴിച്ചുനിർത്തിയാൽ ഹയർ സെക്കന്ററിയിലെ മുഴുവൻ ശാസ്ത്രവിഷയങ്ങളുടെയും വാണിജ്യശാസ്ത്രവിഷയങ്ങളുടെയും മാനവിക വിഷയങ്ങളുടെയും ടെക്സ്റ്റ് പുസ്തകങ്ങൾ ഉണ്ടാക്കുന്നത് കേന്ദ്രസർക്കാരാണ്. എൻ സി ഇ ആർ ടി യിൽ നിന്ന് ആയതിന്റെ സോഫ്റ്റ് കോപ്പി വാങ്ങി വള്ളിപുള്ളിതെറ്റാതെ ഇവിടെ അച്ചടിക്കുകയാണ് ചെയ്യുന്നത്. "15 വർഷമായി ഹയർ സെക്കൻഡറിയുടെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചിട്ട്. 15 വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോഴും. നമ്മൾ ഇപ്പോൾ പരിഷ്കരിച്ച പാഠപുസ്തകവും പത്തുവർഷം മുമ്പ് പരിഷ്കരിച്ച പുസ്തകമാണ്" എന്നൊക്കെ പറയുമ്പോൾ അത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമാകും.
സബ്ജക്റ്റിന് മിനിമം മാർക്ക് കരിക്കുലം കമ്മിറ്റി മെമ്പർമാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അധ്യാപക വിദ്യാർത്ഥി സംഘടനകളും അംഗീകരിച്ചതായാണ് മന്ത്രി പറഞ്ഞത്. വളരെ നന്നായി. കരിക്കുലം പരിഷ്കരണങ്ങൾക്ക് മുന്നിൽ നിന്ന അവരെക്കൊണ്ടുതന്നെ സിദ്ധാന്തങ്ങളെല്ലാം വിഴുങ്ങിക്കാൻ കഴിഞ്ഞല്ലോ. അല്ലെങ്കിലും സിദ്ധാന്തങ്ങൾ എക്കാലത്തും ഭാരമാണ്. സിദ്ധാന്തഭാരമുള്ളവർക്ക് വാക്കുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണ്ടിവരും. തങ്ങൾ പറയുന്നത് തങ്ങളുടെ കരിക്കുലം ദർശനങ്ങൾക്ക് നിരക്കുന്നതാണോ എന്നവർ ഉള്ളാലെ ലജ്ജിക്കും. കുട്ടികളെ സംബന്ധിച്ച, പഠനത്തെക്കുറിച്ചുള്ള, അധ്യാപകരെപ്പറ്റിയുള്ള, ഉള്ളടക്കത്തെ സംബന്ധിച്ച, മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള തത്വങ്ങൾക്ക് അനുസൃതമായാണോ താൻ സംസാരിക്കുന്നത് എന്നവർ ഭയപ്പെടും. ഉള്ളിൽ അതില്ലാതാവുമ്പോൾ ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത കുറിപ്പടികൾ അങ്ങ് വായിച്ചാൽ മതി. അതിലെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കേണ്ടതില്ല. സി. രവീന്ദ്രനാഥിന് കഠിനമായ വഴികൾ അതുകൊണ്ടുതന്നെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് പൂവിരിനടക്കാവുകളാണ്.